വൈഗയുടെ 30 ദിവസങ്ങൾ - "വെള്ളം "
വൈഗയുടെ 30 ദിവസങ്ങൾ - "വെള്ളം "


ദിനം 23: 2 ഫെബ്രുവരി 2021
പതിനൊന്നു മണി ചായയുടെ പേരിൽ മിനി വൈഗയേ വിളിച്ചെങ്കിലും തിരക്കുമൂലം രണ്ടു പേർക്കും ഒരുമിച്ചിറങ്ങാൻ പറ്റിയില്ല. 12:00 കഴിഞ്ഞപ്പോഴാണ് വൈഗ ചായ കുടിക്കാനായി ഇറങ്ങിയത്. അവൾ കഫ്റ്റീരിയയിലേക്ക് നടന്നു. കാഷ്വാലിറ്റിയിൽ എന്തോ നല്ല ബഹളം നടക്കുന്നുണ്ട്. എമർജൻസി കേസുകൾ വന്നിട്ടുണ്ടെന്ന് തോന്നുന്നു. വൈഗ ഒന്നെത്തി നോക്കി. മൂന്നാല് ആംബുലൻസിൽ നിന്നും അഞ്ചാറു പേരെ ഒരുമിച്ച് ഇറക്കുന്നുണ്ട്, തുണി മൂടി ഇട്ടിരിക്കുകയാണ്.
അവിടെനിന്ന് വീക്ഷിക്കുന്ന ഒരാളോട് അവൾ കാര്യം തിരക്കി.
"ഏതോ ഒരു ഓഫീസിന് തീ പിടിച്ചതാണ്. അവിടെയുണ്ടായവർക്കൊക്കെ സാരമായി പൊള്ളലേറ്റിട്ടുണ്ട്."
"അയ്യോ... എങ്ങനെയാ തീപിടിച്ചത്?"
"അറിയത്തില്ല, എന്തായാലും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്."
"ഓ..."
വൈഗ ഒരു മിനിറ്റ് കൂടി നിന്നതിനു ശേഷം കഫ്റ്റീരിയയിലേക്ക് പോയി.
"എന്ത് കഷ്ടമാണ്... പാവങ്ങൾ!"
കഫ്റ്റീരിയയിൽ നല്ല തിരക്കുണ്ടായിരുന്നു, അവൾ ക്യൂവിൽ നിന്നു. തൊട്ടു മുമ്പിൽ ഒരു അപ്പൂപ്പൻ നിൽക്കുന്നുണ്ട്. കൗണ്ടറിൽ ഇരിക്കുന്ന ആൾക്ക് ഡോക്ടറേക്കാൾ ജാഡയാണ്. വൈഗക്കയാളെ ഇഷ്ടമല്ല, ഇടയ്ക്കു ഒരു കുത്ത് വെച്ചു കൊടുക്കാൻ വരെ അവൾക്ക് തോന്നാറുണ്ട്.
"എന്താ വേണ്ടത്?"
കൗണ്ടറിലെ ഗൗരവക്കാരൻ ഒരു അലിവുമില്ലാതെ അപ്പൂപ്പനോട് ചോദിച്ചു.
"ചായ, കഴിക്കാൻ എന്താ ഉള്ളത്?"
അപ്പൂപ്പൻ ഫ്രണ്ട് ഗ്ലാസിലൂടെ തല അകത്തേക്കിട്ടു. പുള്ളിക്കാരൻ മാസ്ക് താഴ്ത്തി വെച്ചത് കൊണ്ടാകാം കൗണ്ടറിലെ
ആൾ മാസ്ക് ഒന്നു കൂടി കയറ്റിയിട്ടു.
"മാസ്ക് കയറ്റിയിട്ടേ."
"ഓ..."
"മാസ്ക് കയറ്റിയിടാൻ!"
"എന്തോ മോനെ?"
തല ഒന്നുകൂടി അകത്തേക്ക് കയറ്റി കൊണ്ട് വൃദ്ധൻ ചോദിച്ചു.
"മാസ്ക് കേറ്റിയിടാൻ!" അയാൾ ചൂടായി.
"ആ..."
അദ്ദേഹം മാസ്ക്ക് കയറ്റിയിട്ടു.
"കഴിക്കാൻ എന്താ ഉള്ളത്?"
"അവിടെ പോയി നോക്കിയിട്ട് വന്നു പറ."
ഒരു പ്രായമായ ആളാണെന്ന യാതൊരു അലിവും ദയയും കാണിക്കുന്നില്ല.
"എന്തോ?"
അദ്ദേഹം ചെവി ചില്ലിനോട് ചേർത്തു. അപ്പോഴാണ് വൈഗ ശ്രദ്ധിച്ചത്, അപ്പൂപ്പന് ചെവി കേൾക്കാൻ സാധിക്കില്ല. ശ്രാവണ സഹായി ഘടിപിടിച്ചിരിക്കുകയാണ് ചെവിയിൽ. അവൾക്ക് വിഷമം തോന്നി.
"കഴിക്കാൻ പഴംപൊരി, അട, ഉഴുന്നുവട, ബോണ്ട, പരിപ്പുവട ഉണ്ട്."
അവളല്പം ഒച്ചയിൽ പറഞ്ഞു.
"ബോണ്ട പറയട്ടെ അപ്പൂപ്പാ?"
"ആ..."
അയാൾ കമ്പ്യൂട്ടറിൽ അടിച്ചു ബിൽ എടുത്ത് അപ്പൂപ്പന് നീട്ടി. അവൾ ചായ പറഞ്ഞിട്ട് കാശ് കൊടുത്തു.
രണ്ടെണ്ണം പറയാൻ നാവ് തുടിക്കുന്നുണ്ട്. പക്ഷേ വേണ്ട, ഇയാളോട് എന്ത് പറയാൻ? പട്ടിയുടെ വാൽ കുഴലിലിട്ടാലു
ം വളഞ്ഞു തന്നെ. ആ ഗണത്തിൽ പെട്ട ശുംഭനാണിയാൾ. അവൾ ദേഷ്യം മനസ്സിൽ കടിച്ചു പിടിച്ചു. ഇവനൊക്കെ വയസ്സാകുമ്പോൾ ഇങ്ങനെ തട്ടണം, എല്ലാവരും ഓടിക്കണം ...അപ്പൊ പഠിക്കും. മനുഷ്യ പറ്റില്ലാത്ത ജന്തു.
"ഇത് പിടിച്ചിട്ട് മാറി നിൽക്ക്."
അയാൾ ബില്ല് നീട്ടി അവളോട് ചൂടായി. സ്ഥലകാല ബോധത്തോടെ അവൾ സ്ഥലം കാലിയാക്കി. ബില്ല് കൗണ്ടറിലെ സപ്ലയർ ചേച്ചിക്ക് നൽകി, അപ്പൂപ്പൻ ബില്ല് കൊടുത്തിരിക്കുകയാണ്. ചില്ലലമാരയിൽ ഇരിക്കുന്ന കടികൾ നോക്കുന്നുണ്ട് അപ്പൂപ്പൻ.
"ഒരു പരിപ്പുവട കൂടി തരോ?"
"ബില്ല് അടച്ചിട്ട് വാ," അവർ ഒഴുക്കൻമട്ടിൽ പറഞ്ഞു .
"ഒരു ഗ്ലാസ് വെള്ളം കിട്ടോ?"
"വെള്ളം ഒന്നും ഇവിടെ ഇല്ല, ഇത് ഹോട്ടലല്ല."
കൗണ്ടറിൽ ഇരിക്കുന്ന ആൾക്ക് പറ്റിയ കൂട്ടാണ് ഇവിടെ നിൽക്കുന്നത്, രണ്ടു കാളയെയും ഒരു വണ്ടിയിൽ പൂട്ടാം.
അദ്ദേഹം ചായയും മേടിച്ച് കസേരയിൽ വന്നിരുന്നു കുടിച്ചു തുടങ്ങി. അവൾക്ക് വിഷമം തോന്നി. പൊതുവെ വെള്ളം കൊടുക്കാറില്ലെങ്കിലും ഒരു മാനുഷിക പരിഗണനയോ, പ്രായത്തെയോ മാനിച്ചൂടെ? അവൾ ചായയുമായി സ്റ്റാഫ് റൂമിലേക്ക് പോയി. ചായ കുടിക്കുമ്പോഴും വൈഗയുടെ മനസ്സിലാ രംഗങ്ങളായിരുന്നു.
"ഇതു പോലെ പ്രായമുള്ളവരെ തനിച്ച് വിടുന്ന മക്കളെ സമ്മതിക്കണം, ചെവി പോലും മര്യാദക്ക് കേൾക്കാൻ പറ്റില്ല. നന്ദിയില്ലാത്ത മക്കളെ വളർത്തി വലുതാക്കുമ്പോൾ അവരറിയുന്നില്ലല്ലോ."
സെക്യൂരിറ്റി ചേട്ടൻ വാട്ടർ പ്യൂരിഫയറിൽ നിന്നും കുപ്പിയുമായി വെള്ളം എടുക്കാൻ വന്നു. അപ്പോഴാണവൾ ചിന്തിച്ചത് ചായയോടൊപ്പം ഒരു ഗ്ലാസ് കൂടി മേടിച്ചിട്ട് ഇവിടെന്നു എടുത്തു കൊടുക്കാമായിരുന്നു. അല്ലെങ്കിലും കുറേ കഴിയുമ്പോഴാണ് തനിക്ക് ബോധം വരുന്നത്. അവൾക്ക് ഒന്നുകൂടി സങ്കടം ഇരട്ടിച്ചു. അവൾ ചായകുടിച്ച് തീർത്തതിനു ശേഷം കൗണ്ടറിലേക്ക് പോയി. അപ്പൂപ്പൻ അവിടെത്തന്നെ നിൽപ്പുണ്ട്.
"ചേച്ചി ഒരു ഗ്ലാസ് തരുമോ?"
കോട്ടുള്ളതു കൊണ്ടാകാം വേഗം അവർ എടുത്തു കൊടുത്തു. വൈഗ സ്റ്റാഫ് റൂമിൽ നിന്നും വെള്ളമെടുത്തിട്ട് ടിഷ്യൂപേപ്പർ വെച്ച് മൂടി കൗണ്ടറിലേക്ക് ചെന്നു. ആളെ കാണാനില്ല. അപ്പൂപ്പനെ ചുറ്റും തിരഞ്ഞെങ്കിലും അവിടെങ്ങുമില്ല.
"പുറത്തേക്ക് പോയോ?" അവൾ സംശയിച്ചു.
വൈഗക്ക് യാതൊരു വികാരവും ഇപ്പോൾ തോന്നിയില്ല. കാരണം ബോധം ഉണ്ടായില്ലെന്ന പേരിൽ ചെയ്യേണ്ട സമയത്ത് ചെയ്യാതെ പിന്നീട് ചെയ്തിട്ട് കാര്യമില്ലല്ലോ.
"അല്ലെങ്കിലും വൈകി ചെയ്യുന്ന കാര്യങ്ങൾ സ്വീകരിക്കാൻ നമ്മെ കാത്ത് അവസരങ്ങൾ നിൽക്കാറില്ലല്ലോ?"
അവൾ വെള്ളം നിറച്ച ഗ്ലാസ് കൗണ്ടറിൽ തന്നെ വെച്ചിട്ട് തിരികെ നടന്നു.
"അതെ, ഇതാരാ വെച്ചത്?"
കൗണ്ടറിലെ സ്ത്രീ വിളിച്ചു ചോദിക്കുന്നതവൾ കേട്ടെങ്കിലും കേൾക്കാത്ത ഭാവത്തോടെ മുന്നോട്ടു നടന്നു.