akshaya balakrishnan aalipazham

Drama Romance

4.4  

akshaya balakrishnan aalipazham

Drama Romance

നാതല്യ

നാതല്യ

10 mins
637


Warning : കഥയും കഥപാത്രങ്ങളും സങ്കല്പികം മാത്രം 

സദാചാരബോധങ്ങളെ മാറ്റി വച്ചു വായിക്കുക


അത് ഒരു ശിശിരകാലയാത്രയായിരുന്നു. ഡിസംബറിന്റെ തണുപ്പ് പേറിയുള്ള യാത്ര. ഡൽഹിയിൽ നിന്നും ഡെറാഡൂണിലേക്ക് ഉള്ള തീവണ്ടി യാത്ര. ഡൽഹി ഹസറത് നിസാമുദ്ദിൻ സ്റ്റേഷൻ പ്ലേറ്റ്ഫോം ഒന്നിൽ നിന്നും പുറപ്പെട്ട ഉജ്ജയിനി എക്സ്പ്രസ്സ്‌ 14309 ട്രെയിനിൽ ആയിരുന്നു യാത്ര. സമയം 7 കഴിഞ്ഞിരുന്നു. ഏഴിനു അവിടെ എത്തണ്ടതാണ് . ശൈത്യമായതിനാൽ ആവാം ഒരുപാട് സമയമെടുത്താണ് പോവുന്നത്. ആ തീവണ്ടി ഡെറാഡൂണിലേക്ക് എത്താൻ ഇനിയും സമയമുണ്ട് . ഞാൻ എന്റെ ലഗേജ് എല്ലാം അടുത്തു ഇല്ലേ എന്ന് ഒന്നും കൂടെ ഉറപ്പുവരുത്തി . ധരിച്ചിരുന്ന വൂളൻ ഷാൾ ഒന്നും കൂടെ നന്നായി പുതച്ചു. ശേഷം കൈകൾ പരസ്പരം കൂട്ടി തിരുമ്മി ചൂട് പകർന്നു കൊണ്ട് ഇരുന്നു. അപ്പോഴും എതിർവശത്തു ഇരിക്കുന്ന ചെറുപ്പക്കാരനെ ഒളികണ്ണിട്ടു നോക്കാൻ മറന്നില്ല. വഴിമദ്ധ്യേ ഏത് സ്റ്റേഷനിൽ നിന്നാണ് അവൻ കയറിയത് എന്ന് അറിയില്ല. ഒരു ഉറക്കം ഉറങ്ങി എഴുന്നേൽക്കുമ്പോൾ മിഴി മുൻപിൽ അവനുണ്ട്. അവന്റെ മുഖത്തെ തണുപ്പിൽ ചെറിപ്പഴം പോലെ ചുവന്ന മൂക്കിന് തുമ്പ് എന്നിൽ കൗതുകമുണർത്തി. കണ്ണുകൾ അവനിൽ നിന്നും പിൻവാങ്ങാൻ വാശി കാണിക്കുകയാണ്. എനിക്ക് ആ ചെറിപഴത്തിൽ ചുണ്ടുകൾ ചേർക്കാൻ തോന്നി. കേൾക്കുമ്പോൾ തന്നെ വിചിത്രമായിരിക്കുന്നു അല്ലെ ആദ്യമായി കാണുന്ന ഒരാളെ ചുംബിക്കാൻ തോന്നുന്നു എന്ന് പറയുന്നത്. സത്യമതാണ്. ഇനി കാണുമോ എന്ന് പോലും ഉറപ്പില്ലാത്ത മുൻപിൽ ഇരിക്കുന്ന ചെറുപ്പക്കാരനുമൊത്ത് ഞാൻ ഇപ്പോൾ തന്നെ എന്തെല്ലാം സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയെന്നോ. അല്ലങ്കിലേ ഞാൻ ഒരു സ്വപ്നജീവിയാണ് എന്നാണ് അമ്മ പറയാറ്. അത് ഏറെ കുറെ ശരിയാണ്. നെറ്റിയിലേക്ക് വീണു കിടക്കുന്ന അവന്റെ മുടിയിഴകളെ തലോടുവാനും ആ താടിത്തുമ്പ് പിടിച്ചു കൊഞ്ചിക്കുവാനും ഉള്ളം കൊതിക്കുന്നത് പോലെ. ഞാൻ എന്റെ കണ്ണുകൾ അവനിൽ നിന്നും മാറ്റി മറ്റുയാത്രക്കാരെ നോക്കി. അടുത്ത് ഇരിക്കുന്ന പാജി ഏതോ പുസ്തകവായനയിൽ ആണ്‌ ഇപ്പോളും ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ. വീണ്ടും എന്റെ കണ്ണുകൾ അനുസരണക്കേട് കാണിച്ചു അവന്റെ മുഖത്തേക്ക് നോട്ടം പാറി വീണു . അവനോട് ഒത്ത് ടോയ് ട്രെയിൻ യാത്ര ഞാൻ സ്വപ്നം കണ്ടു. അവന്റെ കൈപിടിച്ചു ഡെറാഡൂൺ പട്ടണം ചുറ്റിക്കറങ്ങുന്നതും ഡെറാഡൂൺ സ്പെഷ്യൽ ബൺ ട്ടിക്കിയും ആലൂ കെ ഗുട്കെയും ഗാഹാറ്റ് കി ദാലും മോമോസും എല്ലാം അവനോട് ഒപ്പം രുചിച്ചു നോക്കുന്നത് രാത്രിയുടെ തണുപ്പിനെ ശമിപ്പിക്കാൻ ഒരു പുതപ്പിനടിയിൽ പുണർന്നു കിടക്കുന്നത് എല്ലാം ഞാൻ സ്വപ്നം കണ്ടു കൂട്ടുന്നു. ഈ തണുപ്പിൽ അവന്റെ അധരങ്ങളുടെ ചൂട് എന്നിൽ പതിഞ്ഞെങ്കിൽ... ഞാൻ ഒന്ന് തലക്കുടഞ്ഞു വിട്ടു. എന്തൊക്കെയാണ് ഈ മനസ്സ് ചിന്തിച്ചു കൂട്ടുന്നത്. അല്ലങ്കിൽ തന്നെ ഞാൻ ഒരു ഫെയറിവേൾഡിൽ ജീവിക്കുന്ന ആളാ. എനിക്ക് എന്റെ ചിന്തകളെ കുറിച്ചോർത്തു ലജ്ജ തോന്നി.

ഞാൻ എന്റെ കൈയിൽ ഉള്ള ഫോണിലേക്ക് മുഖം പൂഴ്ത്തി. വാട്സ്ആപ്പ് തുറന്നപ്പോൾ കണ്ടു അനുവിന്റെ ഒത്തിരി മെസ്സേജസ്. തനിച്ചുള്ള എന്റെ യാത്രകളെ അവൾക്ക് ഭയമായിരുന്നു. ഇന്നത്തെ സമൂഹം അങ്ങനെ ആണലോ. ഒരു സ്ത്രീക്ക് പകൽ പോലും സുരക്ഷിതായി സ്വന്തം നാട്ടിൽ പോലും ഇറങ്ങി നടക്കാൻ പറ്റില്ല അപ്പോൾ ആണ്‌ ഒരു അന്യനാട്ടിൽ തനിയെ യാത്ര ചെയുന്നത്. അവൾക്ക് മറുപടി കൊടുത്തു ഞാൻ അടുത്ത മെസ്സേജസ് നോക്കി പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും വന്നു കിടക്കുന്ന ഒരു മെസ്സേജ് എന്റെ കണ്ണിൽ പെട്ടു. കൗതുകത്തോടെ ആണ്‌ ഞാൻ അത് തുറന്നു നോക്കിയത്. അമ്മയും അനുവും ഗ്രൂപ്പുകളിലേ വരുന്ന മെസ്സേജുകളും അല്ലാതെ എനിക്ക് ആരെങ്കിലും മെസ്സേജ് അയക്കണം എങ്കിൽ വല്ല ഓണമോ ന്യൂ ഇയർ ഒകെ വരണം. "യാത്രകളെ പ്രണയിക്കുന്നവളെ , ഈ ഡെറാഡൂൺ പട്ടണത്തിൽ ടോയ് ട്രെയിനിൽ നിന്നോട് ഒപ്പം ചുറ്റുന്നതും രുചിമുകുളങ്ങളെ തൊട്ടുണർത്തുന്ന രുചികളെ ഒന്നിച്ചു നുണയുന്നതും കാത്തിരിക്കുകയാണ് ഞാൻ. ഈ യാത്ര നിനക്ക് എന്നും സന്തോഷിക്കാൻ ഓർമയിൽ സൂക്ഷിക്കാൻ ഉള്ളത് ആവട്ടെ എന്നിലേക്ക് വന്നുചേരുന്നത് ആവട്ടെ " ഇങ്ങനെ ഒരു സന്ദേശം എനിക്ക് അയച്ചത് ആരായിരിക്കും എന്ന് ഞാൻ ഓർത്തു. എന്റെ ഈ യാത്രപോലും അനുവിന് അല്ലാതെ മറ്റാർക്കും അറിയില്ല. ഓഫീസിൽ രണ്ടാഴ്ച നാട്ടിൽ പോവുന്നു എന്ന പറഞ്ഞിരിക്കുന്നത് തന്നെ,പിന്നെ എങ്ങനെ. ഞാൻ വേഗം അനുവിനെ വിളിച്ചു നോക്കി. റേഞ്ചിൻറെ പ്രേശ്നവും ട്രെയിന്റെ വലിച്ചിലും കാരണം അവൾ പറയുന്നത് ഒന്നും എനിക്ക് നേരെ കേൾക്കാൻ പറ്റിയില്ല . എനിക്ക് എന്തോ ദേഷ്യം തോന്നി. എന്നാലും ആരായിരിക്കും അത്. എന്റെ ചിന്തകൾ ആ സന്ദേശത്തിന് പുറകെ പോയി. സ്വസ്ഥത കളയാൻ അത് മതിയായിരുന്നാലോ. അല്ലങ്കിലേ ചിന്തിച്ചുകൂട്ടുന്നതിൽ ഞാൻ അഗ്രകണ്യയാണ്. അങ്ങനെ ഉള്ള എന്റെ അടുത്ത് ഇതുപോലെ ഒരു മെസ്സേജ് വന്നാൽ ഉണ്ടാവുന്ന സംഭവങ്ങൾ പറയണ്ടാലോ. ഇനിയും ചിന്തകളുടെ മേച്ചിൽ പുറങ്ങളിൽ അലഞ്ഞാൽ എനിക്ക് വട്ടുപിടിക്കും എന്ന് തോന്നി. ഞാൻ എന്റെ ചിന്തകളെ മായ്ച്ചു കളയാൻ ശ്രമിച്ചു. അവിടെ എത്തട്ടെ. എന്താണ് എന്ന് അറിയാലോ.അതിനപ്പുറം ഞാൻ എന്തിനാ ചിന്തിച്ചു കൂട്ടുന്നത്. ഞാൻ വീണ്ടും എന്റെ അപ്പുറത്തു ഇരിക്കുന്ന ചെറുപ്പക്കാരനെ നോക്കി. അവൻ ഫോണിൽ എന്തോ നോക്കി ചിരിക്കുകയാണ്. ചിരിച്ചു കൊണ്ടു ടൈപ്പ് ചെയ്യുന്നുമുണ്ട്. ഒരു പക്ഷെ അവന്റെ കാമുകിയോട് ആവാം. എനിക്ക് എന്തോ ഇച്ഛഭംഗം തോന്നി. അല്ലങ്കിൽ ഈ ആണുങ്ങൾ എല്ലാം ഇങ്ങനെ ആണ്‌ ഞാൻ മനസ്സിൽ പറഞ്ഞു. ഇന്നോളം ഉണ്ടായ പ്രണയങ്ങൾ എല്ലാം അതിനു ഉദാഹരണങ്ങൾ അല്ലെ. ചിലർ എന്നോട് വന്നു പറഞ്ഞു ചിലരെ ഞാൻ പ്രണയിച്ചു ചിലരെ വേദനിപ്പിച്ചു ചില ഹൃദയങ്ങൾ അറിഞ്ഞു കൊണ്ട് തകർത്തു ചിലർ എന്റെയും. ജീവിതത്തിൽ ഒരാളെ മാത്രമേ സ്നേഹിക്കാവു എന്ന് എവിടെ എങ്കിലും എഴുതി വെച്ചിട്ടുണ്ടോ. പ്രണയം ആർക്ക് ആരോടും വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തോന്നാവുന്നത് അല്ലെ. സൈക്കോളജി പ്രകാരം ഒരാൾക്ക് ജീവിതത്തിൽ ആത്മാർത്ഥമായി മൂന്നുതവണ പ്രണയം തോന്നാം എന്നാണ്. അങ്ങനെ ഒരു ആത്മാർത്ഥ പ്രണയം ഉണ്ടായിട്ടുണ്ടോ ഞാൻ എന്റെ ഓർമകളിൽ പരതി. ആത്മാർത്ഥ ഒരാൾക്ക് മാത്രം ഉണ്ടാവണ്ടത് അല്ലാലോ പരസ്പരം അല്ലെ അങ്ങനെ ഒരു പ്രണയം ഞാൻ ഇന്ന് വരെ അനുഭവിച്ചിട്ടില്ല. എനിക്ക് എന്നിൽ വന്ന ഓരോ പ്രണയങ്ങളും ഓരോ അനുഭവങ്ങൾ ആയിരുന്നു. ഓരോ പ്രണയത്തിനും വ്യത്യസ്ത രുചിയായിരുന്നു. എന്നിട്ടും ഞാൻ വീണ്ടും പ്രണയത്തിൽ വീഴുന്നു. ആത്മാർത്ഥമായ പ്രണയം ആഗ്രഹിക്കുന്ന ഒരു ഹൃദയമുണ്ട് എനിക്ക്. എനിക്ക് മാത്രമായി ഒരാൾ. എന്നെ സ്നേഹിക്കാൻ പരിഗണിക്കാൻ എന്റെ വട്ടുകളിൽ എന്നോട് ഒപ്പം നിൽക്കാൻ എനിക്ക് വേണ്ടി മാറ്റിവെക്കാൻ സമയമുള്ളരാൾ. കൂട്ടക്ഷരം പോലെ എന്റെ ആത്മാവിൽ ഒട്ടിച്ചേർന്നു നിൽക്കുന്നവൻ. അങ്ങനെ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ഇനി കാണുമോ എന്നും അറിയില്ല. സമയം കടന്നു പോയിരിക്കുന്നു ട്രെയിൻ ഡെറാഡൂൺ സ്റ്റേഷനിൽ എത്താൻ ആയിരിക്കുന്നു. ഞാനും മറ്റു യാത്രക്കാരെ പോലെ എന്റെ ലഗ്ഗേജ് എടുത്തു ഇറങ്ങാൻ തയാർ ആയി. ഒരു ചൂളം വിളിയോടെ മേല്ലെ റെയിൽ പാളങ്ങളിൽ ഉലഞ്ഞു ട്രെയിൻ സ്റ്റേഷനിൽ എത്തി. ട്രെയിൻ ഇറങ്ങി പതിയെ നടന്നു. രാത്രിയാണെങ്കിലും സ്റ്റേഷനിൽ ഇപ്പോളും നല്ല തിരക്ക് ഉണ്ട്. പുറത്ത് നല്ല തണുപ്പാണ് . ഞാൻ ഇട്ടിരുന്ന കോട്ട് ദേഹത്തേക്ക് ഒന്നും കൂടെ പിടിച്ചിട്ടു. ആ പ്ലേറ്റ്ഫോമിലൂടെ പുറത്തേക്ക് നടന്നു. 


" നതാല്യ " 

ആരോ ഉറച്ച ശബ്‌ദത്തിൽ ഉറക്കെ എന്റെ പേര് വിളിച്ചത് കേട്ടാണ് എന്റെ കാലുകൾ പിടിച്ചു കെട്ടിയ പോൽ നിന്നത്.


ഞാൻ തിരിഞ്ഞു നോക്കി.


ട്രെയിനിൽ വച്ച് ഞാൻ വായിനോക്കിയ ചെറുപ്പക്കാരൻ . ഒരു ഇളം ചിരിയോടെ എന്റെ അടുത്തേക്ക് ബാഗുമായി വരുന്നു. ഇവന് എന്റെ പേരറിയോ ഞാൻ ചിന്തിക്കാതെ ഇരുന്നില്ല. എന്നെ അറിയുന്ന പരിചയം ഒന്നും അവൻ ട്രെയിനിൽ വെച്ച് കാണിച്ചിരുന്നില്ലലോ.


"Hai, I'm deepak " അവൻ എനിക്ക് നേരെ ഷേക്ക്‌ ഹാൻഡിനായി കൈനീട്ടി.

അവന് തിരികെ കൈ കൊടുക്കുമ്പോളും എന്റെ ഉള്ളിൽ നിറഞ്ഞു നിന്നത് ഇവന് എന്നെ എങ്ങനെ അറിയാം എന്നാ ചോദ്യമായിരുന്നു.


" എന്താണ് ഭാഭി ഇങ്ങനെ മിഴിച്ചു നോക്കുന്നെ " അവന്റെ ചോദ്യത്തിൽ നിറഞ്ഞ കുസൃതി എനിക്ക് മനസ്സിൽ ആയിരുന്നു. ഭാഭി അവൻ എന്താ എന്നെ അങ്ങനെ വിളിച്ചേ. നിന്റെ ഏത് ഏട്ടനെ ആടാ ഞാൻ കെട്ടിയത് എന്ന് ചോദിക്കാൻ തോന്നി. ഒരുപക്ഷെ എന്റെ മുഖത്ത് മിന്നി മായുന്ന ഭാവങ്ങൾ അവന് മനസ്സിൽ ആയിട്ടുണ്ടാവാം.

" അശോക് ബാട്ക് എന്റെ ഭയ്യാ ആണ്‌ " അവൻ മൊഴിഞ്ഞു.

ആ പേര് എന്നിൽ ഒരു നിഷ്കളങ്കമായ ചിരി ഓർമിപ്പിച്ചു. എന്റെ ഓഫീസിലെ വെള്ളാരം കണ്ണുക്കാരനെ. അശോകിനെ ഒരിക്കൽ പോലും ചിരിച്ച മുഖത്തോടെ അല്ലാതെ കണ്ടിട്ടില്ല. എന്റെ അടുത്ത് വന്നു പറഞ്ഞിട്ടില്ലെങ്കിലും എനിക്ക് അറിയാം അശോകിനു എന്നോട് ഉള്ള ഇഷ്ടം. അവന്റെ നോട്ടം കാണുന്ന ആർക്കും അത് മനസ്സിൽ ആവും. എന്നും എനിക്ക് ആയി ഒരു ചിരിയോടെ നിൽക്കുന്നവൻ. 

 അവന്റെ നോട്ടം കാണുമ്പോൾ കാര്യം എന്താണ് എന്ന് അറിഞ്ഞാലും ഞാൻ അറിയാത്ത പോലെ പുരികം പൊക്കി കണ്ണുകൾ കൊണ്ട് എന്താണ് എന്ന് ചോദിക്കും. അന്നേരം അവനിൽ കാണുന്ന വിറയൽ വെപ്രാളം എന്നിൽ ചിരിയുണർത്താറുണ്ട്. പേടിത്തൊണ്ടൻ എന്ന് ഞാൻ മനസ്സിൽ എത്ര തവണ വിളിച്ചിട്ടുണ്ട് എന്നോ. പ്രേമിക്കുന്നെങ്കിൽ ഇത്തിരി ധൈര്യം വേണം. അത് ഇപ്പോൾ ആണിന് ആയാലും പെണ്ണിന് ആയാലും.


" ഭാഭി "

ദീപക്കിന്റെ വിളിയാണ് എന്നെ അശോക്കിന്റെ ചിന്തകളിൽ നിന്നും ഉണർത്തിയത്. എനിക്ക് ആ നിമിഷം അശോകിനോട് വല്ലാത്ത ദേഷ്യം തോന്നി.


"ഭാഭി വാ നമ്മുക്ക് ഒരു ടാക്സി വിളിക്കാം"


"അതിന്റെ ആവശ്യമെന്താ ഞാൻ തനിയെ പൊയ്ക്കോളാം " ഞാൻ കുറച്ച് കെർവിച്ചു പറഞ്ഞു. എനിക്ക് എന്തോ അവന്റെ ഭാഭി വിളികൾ അസ്വസ്ഥത വരുത്തി. 


" ആദ്യമായി അല്ലെ ഇവിടെ അതാ ഞാൻ.." അവൻ വാക്കുകൾക്ക് വേണ്ടി പരതുന്ന പോലെ എനിക്ക് തോന്നി. ഞാൻ എന്റെ പെട്ടിയുമായി വേഗം നടന്നു. ആദ്യം കണ്ട ടാക്സി തന്നെ വിളിച്ചു നേരത്തെ ബുക്ക്‌ ചെയ്ത ഹോട്ടലിലേക്ക് വിട്ടു. പുറകിൽ നിന്ന് അവൻ വിളിക്കുന്നത് കേൾക്കാഞ്ഞിട്ട് അല്ല പക്ഷെ എനിക്ക് എന്തോ തിരിഞ്ഞു നോക്കാൻ തോന്നിയില്ല. ഞാൻ എന്താ ഇങ്ങനെ. അവൻ എത്ര സ്നേഹത്തോടെ ആണ്‌ എന്നോട് സംസാരിച്ചത്. എന്നിട്ട് ഞാൻ എന്താ തിരിച്ചു കൊടുത്തേ. ഇങ്ങനെ വാശി ദേഷ്യം അഹങ്കാരം ഒന്നും പാടില്ല എന്ന് അമ്മ പറയും പക്ഷെ ഞാൻ ഇങ്ങനെയാ എനിക്ക് ഇങ്ങനെയേ പറ്റു. ആകെ ഒരു ജീവിതമേ ഉള്ളു അത് എനിക്ക് എന്നെ തന്നെ തൃപ്തിപെടുത്തി ജീവിക്കണം. മറ്റുള്ളവരെ ഞാൻ അവിടെ ഓർക്കാറില്ല. എനിക്ക് ശെരിയെന്ന് തോന്നുന്നത് മാത്രം ചെയ്താണ് ശീലം. മനസിന്‌ ഒരു സന്തോഷം നൽക്കാൻ ആണ്‌ ഇടക്ക് ഇതുപോലെ യാത്ര പോവുന്നത് തന്നെ. അവിടെ ആണ്‌ ഇതുപോലെ ഓരോന്നും. സത്യത്തിൽ എനിക്ക് എന്താ പറ്റിയത്. ദീപക്ക് അശോക്കിന്റെ അനിയൻ ആയത് ആണോ എന്റെ പ്രശ്നം അതോ അവന്റെ ഭാഭി വിളിയോ. അറിയില്ല. അധികം ആലോചനയിൽ ആണ്ടുപോവുന്നതിനു മുൻപേ ബുക്ക്‌ ചെയ്ത ഹോട്ടലിൽ എത്തി. ടാക്സിക്കാരാന് പണം നൽകി . ബാഗുമായി ഞാൻ അകത്തേക്ക് കയറി. മനോഹരമായ ഒരു ഹോട്ടൽ ആയിരുന്നു അത്. ഞാൻ കർട്ടൻ മാറ്റിപുറത്തേക്ക് നോക്കി. രാത്രിയൂടെ വർണങ്ങളിൽ കുളിച്ചു നിൽക്കുകയാണ് ഡെറാഡൂൺ അവൾ എന്തൊരു സുന്ദരിയാണ്. മായക്കാഴ്ചകളാൽ മനം നിറക്കുന്നു.

ഒന്ന് ഫ്രഷ് ആയി ഞാൻ കിടന്നു. പിന്നീടുള്ള ദിവസങ്ങൾ ഡെറാഡൂണിന്റെ ഉൾ അകങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടുള്ളത് ആയിരുന്നു. റോബ്ബേർസ് കേവും മൈൻഡ്റോളിങ് മോണാസ്റ്ററിയും റീജിയണൽ സയൻസ് സെന്ററും തപോവൻ ക്ഷേത്രവും മൽസി ഡീർ പാർക്കും രാജാജി പാർക്കും തുടങ്ങി അവിടത്തെ കാഴ്ചകൾ ഒപ്പിയെടുക്കുകയായിരുന്നു എന്റെ കണ്ണുകളും ക്യാമറയും. ഓരോ ഗലികളിൽ നിന്നും രുചിയുടെ പഴമയും വൈവിധ്യങ്ങളും തേടാൻ ഞാൻ മറന്നില്ല. സത്യത്തിൽ ഈ ദിവസങ്ങൾ എല്ലാം ഞാൻ ആഘോഷിക്കുകയായിരുന്നു. ഏറെ കാലമായി ഉള്ള ആഗ്രഹം ആണ്‌ നടക്കുന്നത്. ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന അനുവിനോട് ഓരോ കാര്യങ്ങളും ഫോണിൽ സംസാരിക്കുമ്പോൾ ആണ്‌ ആ അപരിചിതന്റെ നമ്പറിൽ നിന്നും വീണ്ടും മെസ്സേജ് വന്നത്.


' നാളെ സഹസ്രധാരയിൽ ഞാൻ ഉണ്ടാവും നമ്മളുടെ കണ്ടു മുട്ടലിന് സമയമായിരിക്കുന്നു.'

 ഇവിടെ വന്നപ്പോൾ ഞാൻ അയാളെ മറന്നുപോയിരുന്നു. നാളെ ഞാൻ സഹസ്രധാര കാണാൻ പോവുന്നുണ്ട് എന്ന് അയാൾ എങ്ങനെ അറിഞ്ഞു. എന്നിൽ എന്തോ ഭയം നിറഞ്ഞു. അന്നത്തെ എന്റെ ഉറക്കവും അതോടെ പോയി.


 പിറ്റേ ദിവസം സഹസ്രധാര കാണാൻ പോകുന്നു എന്നതിനേക്കാൾ എന്നിൽ മുന്നിട്ടു നിന്നത് എനിക്ക് മെസ്സേജ് അയക്കുന്ന ആ വ്യക്തിയായിരുന്നു. ആയിരം അരുവികൾ ഒന്നിച്ചു ചേരുന്നത് ആയിരുന്നു സഹസ്രധാര. പുണ്യജലമായി ആണ്‌ അവിടെ ഉള്ളവർ ആ ജലത്തെ കാണുന്നു


"പിക്ക പിക്ക പികാച്ചു

പിക്ക പിക്ക പികാച്ചു "

 ബാഗിൽ കിടന്നു ഫോൺ റിംഗ് ചെയ്തപ്പോൾ തന്നെ ഞാൻ വേഗം ബാഗ് തുറന്നു ഫോൺ എടുത്തു ചിലർ ഒകെ ഒരു വിചിത്രജീവിയെ പോലെ നോക്കുന്നുണ്ട് എന്നെ. ഫോൺ എടുത്തു ഞാൻ കാതോട് ചേർത്തു.


" എന്താണ് എന്നെയാണോ ഇങ്ങനെ ആ കണ്ണുകൾ തിരയുന്നത് ഹ്മ്.. "


ഞാൻ ഒരു ഹലോ പോലും പറയുന്നതിന് മുൻപേ അവിടെ നിന്ന് വന്നത് അതാണ്.

ഞാൻ എന്റെ കണ്ണുകളാൽ ചുറ്റും പരതി.


" ഹേ വലുത് വശത്തേക്ക് ഒരു അഞ്ച് അടി നടക്ക് അപ്പോൾ എന്നെ കാണാം.. "

ഞാൻ മറുപടി ഒന്നും പറയാതെ നടന്നു. എന്നെ കാത്തിരിക്കുന്നത് ഒരു ഏണി ആണോ എന്നൊന്നും അറിയില്ല. മനസ്സ് പറഞ്ഞു അത് അനുസരിച്ചു. 

അങ്ങോട്ട്‌ നടക്കുമ്പോളും ആരാണ് ആ ആജ്ഞതൻ എന്ന് ഞാൻ നോക്കി കൊണ്ട് ഇരുന്നു.


" നിങ്ങൾ എവിടെയാണ്. ആളെ കളിയാക്കുക ആണോ " പറഞ്ഞത് പോലെ ചെയ്തിട്ടും ആളെ കാണാഞ്ഞപ്പോൾ ഞാൻ സംസാരിച്ചു തുടങ്ങി. മറുഭാഗത്തു ഫോണിൽ നിന്ന് ചിരി കേൾക്കാം.. അല്ലങ്കിലേ എന്നെ ആരോ പറ്റിച്ചത് ആണ്‌ മനസ്സ് പറഞ്ഞോണ്ട് ഇരിക്കുകയാണ്. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. ഞാൻ ഫോൺ കട്ട്‌ ചെയ്തു തിരിച്ചു നടക്കാൻ തുനിഞ്ഞു. പെട്ടന്ന് ആണ്‌ ആരോ എന്റെ മുൻപിൽ മുട്ട് കുത്തി ഇരുന്നത്. ഒരു നിമിഷത്തെ പേടിയിൽ ഞാൻ പുറകോട്ടു ആഞ്ഞു. അയാളെ രണ്ടു പറയാൻ നോക്കിയപ്പോൾ കണ്ട കാഴ്ചയിൽ ഞാൻ ഒരു നിമിഷം തരിത്ത് നിന്നു.


"ഹേ ഋതുതെറ്റിപൂത്ത വസന്തമേ

എൻ ഹൃദയത്തിൽ വിരിഞ്ഞ ഡാഫോഡിൽ പൂവേ

നിന്റെ പ്രണയമാകുന്ന മധുച്ചശകം എനിക്ക് നൽകു... 

നിന്റെ ഹൃദയത്തിൽ എനിക്ക് ആയി ഒരിടം നൽകു..

നിന്റെ പ്രണയം ഒരു നദിയായി എന്നിലേക്ക് ഒഴുക്കൂ..."


കണ്ണുകളിൽ പ്രണയം നിറച്ചു ചുണ്ടുകളിൽ ഇളം ചിരിയുമായി എന്റെ മുൻപിൽ മുട്ടുകുത്തിയിരുന്നു ലൈലക് പൂവുകൾ എനിക്ക് നേരെ നീട്ടിയിരിക്കുന്നവനോട് എനിക്ക് ആ സമയം തോന്നിയത് എന്തായിരുന്നു. അറിയില്ല.


പേടി തൊണ്ടൻ എന്ന് ഞാൻ ഒരുപാട് തവണ പറഞ്ഞവൻ ഇന്ന് ഇതാ എന്റെ മുൻപിൽ അവന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നു. അശോക് ബാദക്ക്..

" അശോക് നീ ആയിരുന്നോ അപ്പോൾ ഇതിന്റെ പുറകിൽ.. നന്നായിരിക്കുന്നു.. നിനക്ക് ഇത്ര എല്ലാം ധൈര്യം ഉണ്ടായിരുന്നോ.. നീ എന്താ എന്നെ കുറിച്ച് കരുതിയെ.. നിന്റെ ഒരു പൂവും കൊണ്ടുവന്നാൽ ഞാൻ അതിൽ വീഴുമെന്നോ? മനുഷ്യനെ മെനകെടുത്താൻ ഓരോന്നും വന്നോളും.. "



അവന്റെ മങ്ങുന്ന മുഖത്തിൽ നിന്ന് തന്നെ എന്റെ വാക്കുകൾ അവനിൽ നിറച്ച നോവ് അറിയാഞ്ഞിട്ടല്ല.. അവന്റെ കണ്ണുകൾ എന്നോട് മൗനമായി സംവദിക്കുന്നത് മനസിലാകഞ്ഞിട്ടും അല്ല . എന്തോ എനിക്ക് അങ്ങനെ പറയാൻ ആണ്‌ തോന്നിയെ..

അവിടെ നിന്നും അവന്റെ പ്രതീക്ഷകളെ അസ്തമിപ്പിച്ചു ഞാൻ നടന്നു.

ഞാൻ എന്ത് ദുഷ്ടയാണ് അല്ലെ. ഞാൻ എന്താ ഇങ്ങനെ ആയി പോയത്.. എന്നിലേക്ക് വരുന്ന സ്നേഹം എല്ലാം തട്ടി തെറിപ്പിച്ചു വേണ്ടാത്തവർക്ക് എനിക്ക് ഒരു പരിഗണനയും തരാത്തവർക്ക് മാത്രമായി ഞാൻ എന്റെ സ്നേഹം നൽകുന്നു. എന്തോ അശോക്കിന്റെ കണ്ണുകൾ എന്റെ ഓർമയിൽ നിറയുന്ന നേരം അത് എന്റെ ഉള്ളം വേദനിപ്പിച്ചു കൊണ്ടിരുന്നു. എനിക്ക് എത്രയും പെട്ടന്ന് മടങ്ങി പോവാൻ തോന്നി. തിരിച്ചു ഡൽഹിയിലേക്ക് ഉള്ള ട്രെയിൻ യാത്രയിൽ പോലും അശോകിന്റെ മുഖമായിരുന്നു ഉള്ളിൽ.. അവനെ പോലെ അത്രമേൽ പ്രണയത്തോടെ എന്നെ ആരും ഇതുവരെ നോക്കിയിട്ടില്ല എന്ന് ഞാൻ വ്യസനത്തോടെ ഓർത്തു. അവനെ പോലെ ഇത്രമേൽ പ്രണയപൂർവം ആരും എന്നോട് പ്രണയം പറഞ്ഞിട്ടും ഇല്ല. എന്തിന് എന്ന് അറിയാതെ എന്റെ കണ്ണിൽ നിന്നും രണ്ടുത്തുള്ളി അടർന്ന് വീണു. ഹൃദയം അവനോട് ഒരു ചായ്‌വ് കാണിച്ചപ്പോൾ മനസ്സ് അതിനെ ശക്തമായി എതിർക്കുക തന്നെ ചെയ്തു. ഹൃദയവും മനസ്സും തമ്മിൽ ഉള്ള പിടിവലിക്ക് ഇടയിൽ ഹൃദയത്തെ തോൽപ്പിച്ചു ഈ തവണ മനസ്സ് തന്നെ ജയിച്ചു.


പിന്നീടുള്ള ദിനങ്ങൾ എല്ലാം ഓഫീസിൽ വെച്ച് അശോക്കിനെ കാണാറുണ്ടായിരുന്നു. അവൻ എന്നെ കാണുമ്പോൾ തന്നെ നോട്ടം മറ്റും. ഒരു തരം അവഗണന പോലെ. അവന്റെ കണ്ണുകൾക്ക് ആ തിളക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ഉറക്കമില്ലായ്മ അവന്റെ കണ്ണ്തടങ്ങളിലെ കറുപ്പ് എടുത്തു കാണിക്കുന്നുണ്ട്. അവൻ അവഗണിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തില്ലലോ പിന്നെ എന്താ.. അല്ലെങ്കിലും ഈ ആണുങ്ങൾ എല്ലാം ഇങ്ങനെ ആണ്‌. പെണ്ണിനെ കൊണ്ട് പ്രണയം പറയിക്കാൻ ഓരോന്നും ചെയ്യും. അതിൽ അവർ വീഴുന്നില്ല കണ്ടാൽ അവഗണിക്കും. അവരുടെ അവഗണന കാണുമ്പോൾ അവരുടെ അടുത്തേക്ക് ചെല്ലും എന്നാ ഇവരുടെ ഒകെ വിചാരം. അതൊക്കെ വേറെ പെൺകുട്ടികൾ . ഞാൻ എന്തായാലും അങ്ങനെ അല്ല. ഒരു പെൺകുട്ടി പ്രണയം നിരസിച്ചാൽ അത് അംഗീകരിച്ചു മുൻപോട്ടു പോവണം അല്ലാതെ ഇങ്ങനെ ദേവദാസിനെ പോലെ നടക്കുക അല്ല വേണ്ടത്. ഈ ഓഫീസ് ഇന്നെനിക്ക് ശ്വാസം മൂട്ടുന്നുണ്ട്. എല്ലാവരും അവന്റെ ഭാഗത്താണ്. ആരെങ്കിലും എന്നോട് എന്തെങ്കിലും സംസാരിക്കുന്നുണ്ട് എങ്കിൽ അവന് വേണ്ടി മാത്രം ആണ്‌ അവനെ കുറിച്ച് പറയാൻ മാത്രം. എന്ത് കഷ്ടമാണ് ഇത്. ഇഷ്ടമില്ലാത്ത ഒരാളെ ഇങ്ങനെ നിർബന്ധിച്ചു ഇഷ്ടപ്പെടിച്ചാൽ അത് പ്രണയമാവുമോ? ഹൃദയത്തിന് അകത്തുനിന്ന് വരുന്നത് അല്ലെ പ്രണയം. മറ്റുള്ളവരുടെ വാക്ക് കേട്ട് ഞാൻ അവനോടു യെസ് പറഞ്ഞാൽ അത് ഒരു ചതിയാവില്ലേ എന്നോടും അവനോടും. ഉള്ളിൽ നിന്ന് ഉണ്ടാവാതെ മാറ്റാരുടൊക്കെയോ വാക്കുകളിൽ നിന്നും ഉണ്ടായ ഇഷ്ടമാണെങ്കിൽ ഒരു സമയം കഴിയുമ്പോൾ അത് മടുക്കും. ഇന്ന് അവന് വേണ്ടി അവനെ പ്രണയിക്ക് എന്ന് പറഞ്ഞു വരുന്നവർ നാളെ ഞങ്ങൾക്ക് ഇടയിൽ ഒരു പ്രശ്നം വന്നാൽ കൂടെ ഉണ്ടാവുമോ. ഇല്ല ആരും കൂടെ ഉണ്ടാവില്ല. നീ സ്വയം വരുത്തിവെച്ചത് അല്ലെ അനുഭവിച്ചോ എന്ന് പറയും. നമ്മുടെ സമൂഹം അങ്ങനെ ആണ്‌ . ഞാൻ എന്തെയാലും അശോകിനോട് ഒന്ന് സംസാരിക്കാൻ തീരുമാനിച്ചു. എന്തിന് വേണ്ടി അറിയില്ല. എനിക്ക് സംസാരിക്കണം അത്ര തന്നെ.


 ഉച്ചക്ക് ക്യാന്റീനിൽ ഇരുന്നു ഊണ് കഴിക്കുന്ന അശോകിനു അരികിലേക്ക് ഞാൻ ചെന്നു. ഞാൻ എന്തിന് ഉള്ള പുറപ്പാട് ആണെന്ന മട്ടിൽ എല്ലാണ്ണവും നോക്കുന്നുണ്ട്. ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല. അശോകിന്റെ മുഖത്ത് ഒരു ആശ്ചര്യം ഉണ്ട്. ഇങ്ങനെ ഒന്ന് അവൻ പ്രദീക്ഷിച്ചില്ല തോന്നുന്നു.


" അശോക് എനിക്ക് നിന്നോട് സംസാരിക്കണം. ഇവിടെ വച്ച് വേണ്ട. വൈകുന്നേരം പുറത്ത് എവിടെ എങ്കിലും വച്ച് " ഒരു മുഖവുരക്ക് നിൽക്കാതെ ഞാൻ കാര്യം പറഞ്ഞു.


അവൻ ഒന്ന് തലകുലുക്കി. ഒരുപക്ഷെ എന്ത് പറയണം എന്ന് പെട്ടന്ന് ഒരു ഊഹമില്ലാഞ്ഞിട്ട് ആവാം.


പിന്നെ വൈകുന്നേരം ആവാൻ ഉള്ള കാത്തിരിപ്പിൽ ആയിരുന്നു. അശോക് അവന്റെ കാറുമായി എനിക്ക് വേണ്ടി കാത്തുനിൽക്കുന്നത് പാർക്കിങ്ങിലേക്ക് വരുമ്പോൾ തന്നെ കണ്ടു. ഇത്ര ദിവസം ഉണ്ടായ മ്ലാനത ഇപ്പോൾ അവന്റെ മുഖത്തില്ല. സന്തോഷമാണ് പ്രതിഫലിക്കുന്നത്. അവന്റെ കൂടെ കാറിൽ കയറുമ്പോൾ ഞാൻ എന്റെ മനസുമായി ഒരു പിടിവലിയിൽ ആയിരുന്നു എന്നത് ആയിരുന്നു സത്യം. അവൻ അടുത്ത് തന്നെ ഉള്ള ബീച്ചിലേക്ക് ആയിരുന്നു ഡ്രൈവ് ചെയ്തത്. അവന്റെ കൂടെ ആ മണ്ണൽപരപ്പിലൂടെ നടക്കുമ്പോൾ ഞാൻ ഒന്നും കൂടെ എനിക്ക് പറയാൻ ഉള്ളത് മനസ്സിൽ ഇട്ടു കുഴച്ചു ഉറപ്പുവരുത്തി.


" അശോക്, ഒരു മുഖവുരക്ക് ഒന്നും എനിക്ക് താല്പര്യം ഇല്ല. ഞാൻ കാര്യത്തിലേക്ക് കടക്കാം. എനിക്ക് നിങ്ങളോട് ഇന്നോളം ഒരു ഇഷ്ടം തോന്നിയിട്ടില്ല അശോക്. ഏതൊരു സ്ത്രീയെ പോലെയും പ്രണയിക്കാനും പ്രണയിക്കപെടാനും ഞാനും ആഗ്രഹിക്കുന്നുണ്ട്. അത് സത്യമാണ്. പക്ഷെ ഒരാൾക്ക് മാത്രം തോന്നുന്നത് അല്ലാലോ പ്രണയം. എനിക്കും കൂടെ അശോകിനു എന്നോട് ഉള്ള പോലെ ഒരു ഫീലിംഗ്സ് തോന്നണ്ടേ? ഇത് ഞാൻ എന്തോ തെറ്റ് ചെയ്ത പോലെ ആണ്‌ ആളുകൾ എല്ലാം എന്നോട് പെരുമാറുന്നത്. എപ്പോൾ എങ്കിലും എന്റെ ഭാഗത്ത്‌ നിന്ന് ഒരു ഇഷ്ടം അശോകിനോട് ഉള്ളത് പോലെ തോന്നിയിട്ടുണ്ടോ? " എന്തോ ആ ചോദ്യം ചോദിക്കാതെ ഇരിക്കാൻ എനിക്ക് ആയില്ല.


" സോറി നിത, ഇങ്ങനെ ഒന്നും ഞാൻ കരുതിയില്ല. ആദ്യം എനിക്ക് ഒരു കൗതുകം ആയിരുന്നു നാതല്യ എന്ന പേരിനോട്. പിന്നെ എപ്പോൾ ഒക്കെയോ നിതയെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി. ഒരു ഇഷ്ടം തോന്നി. ഇവൾ എന്റെ കൂടെ ഉണ്ടെങ്കിൽ എന്റെ ജീവിതം എത്ര മനോഹരം ആവും ചിന്തിച്ചു. വീട്ടിൽ ആണ്‌ ആദ്യം പറഞ്ഞെ. അവർക്ക് ഓക്കേ ആയിരുന്നു. ഇയാളോട് പറയാൻ ഒരു പേടി. ഒരു റീജെക്ഷൻ ആണെങ്കിലോ എന്ന് ഓർത്തു. ചോട്ടു ആണ്‌ പറഞ്ഞത് ഇനിയും പറയാതെ ഇരുന്നാൽ വേറെ ആരെങ്കിലും ഇയാളെ അടിച്ചോണ്ട് പോവും എന്ന്. അതാണ് അന്നത്തെ യാത്രയിൽ കൂടെ വന്നതും ഇഷ്ടം പറഞ്ഞതും. പെട്ടന്ന് ഒരു റീജെക്ഷൻ വന്നപ്പോൾ എനിക്ക് അതുമായി പൊരുത്തപ്പെടാൻ പറ്റിയില്ല. അതാണ് ഓഫീസിൽ നിന്ന് ഇയാളെ മൈൻഡ് ചെയ്യാതെ നിന്നത്. ഞാൻ ആയി ഒരു ശല്യവും നിതക്ക് ഉണ്ടാക്കരുത് എന്ന് കരുതി. പക്ഷെ ബാക്കിയുള്ളവരുടെ പേരുമാറ്റം ഇയാൾക്ക് ഇത്ര ബുദ്ധിമുട്ട് ആവും എന്ന് കരുതിയില്ല. സോറിടോ "


അശോക് പറഞ്ഞു നിർത്തി.


" അശോക് നിന്റെ ഇഷ്ടം എനിക്ക് മനസ്സിൽ ആവും. എന്നെങ്കിലും ഞാൻ നിന്നെ സ്നേഹിക്കുമോ എന്ന് എനിക്ക് അറിയില്ല. നമ്മുക്ക് നല്ല സുഹൃത്തുക്കൾ ആവാം അശോക് അത് അല്ലെ നല്ലത്. " ഞാൻ അവന് നേരെ എന്റെ കൈ നീട്ടി. ഒട്ടും മടിക്കാതെ അവൻ എന്റെ കൈയിൽ കൈ ചേർത്തു വച്ചു. ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു . ഒരു പുതിയ സൗഹൃദത്തിന്റെ തുടക്കാമായിരുന്നു അത്. ആ കൈ വിടാതെ തന്നെ ഞങ്ങൾ സൂര്യസ്തമയം നോക്കി നിന്നു. എന്നെങ്കിലും ഒരിക്കൽ ഈ സൗഹൃദത്തിന് അപ്പുറം എനിക്ക് നിന്നെ കാണാൻ കഴിഞ്ഞാൽ അന്നും നിനക്ക് ഈ ഇഷ്ടം എന്നോട് ഉണ്ടെങ്കിൽ മറ്റാർക്കും വിട്ടുകൊടുക്കാതെ നിന്നെ ഞാൻ സ്നേഹിക്കും അശോക്.. ഞാൻ എന്റെ മനസ്സിൽ പറഞ്ഞു. അവന്റെ കൈയിൽ ഒന്നും കൂടെ മുറുകെ പിടിച്ചു. 





Rate this content
Log in

Similar malayalam story from Drama