ഓർമയുടെ ഓളങ്ങൾ
ഓർമയുടെ ഓളങ്ങൾ
ഓർമകളുടെ മഞ്ചാടിചെപ്പുതുറക്കാൻ ഒരു മോഹം. മനസ് ഇന്നലെകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം വെക്കുമ്പോൾ വീണ്ടും ഒരു നാലുവയസുകാരി കുഞ്ഞാവുന്നത് പോലെ. എന്റെ ബാല്യത്തിൽ ഒരു 5-6 വയസ്സ് വരെ ഞാൻ എന്റെ അമ്മമ്മയുടെ കൂടെ ആയിരുന്നു കഴിഞ്ഞത്. ജോലിക്കാർ ആയ അച്ഛനും അമ്മയും രാവിലെ പോയി രാത്രിയെ എത്തുക ഉള്ളു. അച്ഛന്റെ വീട്ടിൽ അച്ഛന്റെ സഹോദരിമാർ കല്യാണം കഴിച്ചു പോവുകയും അച്ഛന്റെ ജ്യേഷ്ഠൻ വിവാഹശേഷം മാറി താമസിക്കുകയും ഒരുപാട് പശുക്കളും ആടുകളും കൃഷിയും എല്ലാം ആയി അച്ഛന്റെ അനിയൻ തിരക്കിൽ ആയിരുന്നു. അച്ഛമ്മക്ക് പറമ്പിൽ പണിക്ക് വരുന്നവരുടെ കാര്യങ്ങളും അച്ഛച്ചന്റെ കാര്യങ്ങളും തന്നെ നോക്കാൻ സമയം ഇല്ലായിരുന്നു അതിനു ഇടയിൽ കുരുത്തകേടിന്റെ ആശാട്ടിയായി ഞാനും. അങ്ങനെ എന്നെ അമ്മവീട്ടിലേക്ക് തട്ടി. അവിടെ നോക്കാൻ അമ്മമ്മയും അമ്മയുടെ അനിയത്തിമാരും മാമനും പിന്നെ ഇടക്ക് വരുന്ന ഉമ്മുട്ടിയമ്മയും എല്ലാം ഉണ്ട്. എന്നും രാവിലെയും രാത്രിയും മുടങ്ങാതെ എന്റെ അടുത്ത് ഹാജർ വെക്കുന്ന എന്റെ അച്ഛനോട് അമ്മയേക്കാൾ ഒരുപൊടിക്ക് ഇഷ്ടം കൂടുതൽ ഉണ്ട്. അമ്മമ്മയുടെ മണമാണ് എന്റെ ബാല്യത്തിന്.. അമ്മമ്മടെ നെഞ്ചോട് ചേർന്നേ ഉറങ്ങുമായിരുന്നുള്ളു അന്നൊക്കെ. ചെമ്പരത്തിയും കറ്റാർവാഴയും കഞ്ഞുണ്ണിയും മയിലാഞ്ചിലും നീലമരിയും എല്ലാം ഇട്ടു ഉണ്ടാക്കുന്ന നല്ല കാച്ചെണ്ണയുടെ ഗന്ധമാണ് അമ്മമ്മയുടെ മുടിക്ക്. കോട്ടൺ സാരി അലസമായി ഉടുത്തായിരിക്കും അമ്മമ്മ വീട്ടിൽ നിൽക്കുന്നത്. അധികാസമയവും അടുക്കളയിൽ ആയിരിക്കും ആൾ. എപ്പോളും എന്തെങ്കിലും പണി എടുത്തുകൊണ്ട് ഇരിക്കണം. ഒരു മിനിറ്റ് അടങ്ങി ഇരിക്കാൻ ഇഷ്ടം അല്ലാത്ത പ്രകൃതം. അമ്മടെ ഏറ്റവും ഇളയ അനിയത്തി അന്ന് സിവിൽ എഞ്ചിനീയറിംഗ് ചെയ്യുകയായിരുന്നു. അണിഞ്ഞു ഒരുങ്ങാൻ ഇഷ്ടം ഉള്ള മേമ എന്നെയും പിടിച്ചു ഒരുക്കുമായിരുന്നു. രണ്ടുഭാഗം കൊമ്പ് കെട്ടിയിട്ടോ അല്ലങ്കിൽ തലക്ക് നടുക്കായി തെങ്ങു ഒക്കെ മുടി കെട്ടിത്തരുമായിരുന്നു. കണ്ണെഴുതിക്കലും പൊട്ടുതൊടീക്കലും എല്ലാം മേമ ആയിരുന്നു. Eyetex ന്റെ eyeliner കൊണ്ട് തന്റെ കഴിവുകൾ എല്ലാം പുറത്തെടുത്തു ഓരോ ദിവസവും ഓരോ പോലെ ആയിരുന്നു ആൾ പൊട്ടുതൊടീക്കാറ്.
ചുറ്റുമുള്ള വീടുകളും അവിടത്തെ ആളുകളുമായി അമ്മവീട്ടിൽ ഉള്ളവർക്ക് നല്ല ബന്ധം ആയിരുന്നു. നാലുവീടും എനിക്ക് എപ്പോളും കയറി ചെല്ലാവുന്ന ഇടങ്ങളാണ് . വലതുഭാഗത്തു ബാബു അങ്കിളും വിമല ആന്റിയും ആണ് താമസം. ബാബു അങ്കിൾ എന്ന് വിളിക്കാതെ ബാമാമൻ എന്നായിരുന്നു അന്നൊക്കെ ഞാൻ വിളിച്ചിരുന്നത് അന്ന് മാത്രം അല്ല ഇപ്പോളും.വിമല ആന്റി സിവിലിൽ ജോലി ചെയ്യുന്നു. ബാമാമൻ അസിസ്റ്റന്റ് കളക്ടർ ആയിരുന്നു. അവിടെ രണ്ട് ഏട്ടന്മാർ ഉണ്ട്. അരുൺ ഏട്ടനും അഖിൽ ഏട്ടനും. അരുൺ ഏട്ടൻ ഒത്തിരി വല്യ ഏട്ടൻ ആയിരുന്നു. അഖിൽ ഏട്ടനോട് ആയിരുന്നു എനിക്ക് കൂടുതൽ അടുപ്പം. എനിക്ക് അഖിലേട്ടനെ ഒത്തിരി ഇഷ്ടം ആയിരുന്നു അന്നൊക്കെ. എന്നെ ഇടക്ക് സൈക്കിൾ ഇരുത്തി ഓടിക്കുമായിരുന്നു ആൾ. അതുപോലെ ഒത്തിരി മീനിനെ വളർത്തിയിരുന്നു അഖിലേട്ടൻ. ഗപ്പിയും ഗോൾഡ് ഫിഷും അങ്ങനെ തുടങ്ങി ഒട്ടേറെ അലങ്കാര മത്സ്യങ്ങളും. ഈ ഗപ്പികളെ അഖിയേട്ടൻ ബക്കറ്റിൽ ആയിരുന്നു വളർത്തിരുന്നത്. ഒരുപാട് ബക്കറ്റുകൾ നിരനിരയായി വീടിനു ചുറ്റും വെച്ചിട്ടുണ്ടാവും. എന്റെ പ്രധാന ജോലി എന്ന് പറയുന്നതേ ആരുടെയെങ്കിലും കണ്ണുതെറ്റിയാൽ ഈ മീനിനെ പിടിക്കുക ഞെക്കുക കൊല്ലുക അതായിരുന്നു. അഖിയേട്ടന് ദേഷ്യം വരും അത് കാണുമ്പോൾ എന്നോട് ദേഷ്യപ്പെടാൻ ബാമാമൻ സമ്മതിക്കില്ല. അവിടെത്തെ മറ്റൊരു ആകർഷണം വിമല ആന്റിയുടെ പൂന്തോട്ടം തന്നെ ആയിരുന്നു. നാടനും അല്ലാത്തതുമായി ഒരുപാട് പൂവുകൾ ഉണ്ടായിരുന്നു അവിടെ. അമ്മവീടിനു ഇടതുഭാഗത്തു ഗീതേച്ചിയും മകനും വാമാമനും ആയിരുന്നു താമസം. വാവ എന്നാണ് ആ മാമനെ വീട്ടിൽ വിളിക്കുക. എനിക്ക് അത് വാമാമൻ ആയി. അവിടത്തെ മനുവേട്ടന്റെ അച്ഛൻ ഗൾഫിൽ ആയിരുന്നു വല്ലപ്പോഴുമേ വരൂ. ആദ്യം അവിടെ താമസിച്ചത് ബെന്നി അങ്കിളും ബീന ആന്റിയും ലിയോ ചേട്ടനും ലിപ്സചേച്ചിയും ആയിരുന്നു. പിന്നീട് അവർ താമസം മാറി. അവിടെ അതിരിനോട് ചേർന്ന് ഞാവൽ മരം ഉണ്ടായിരുന്നു. എല്ലാവർഷവും അത് കായ്കാറുണ്ട്. നല്ല വയലറ്റ് കളർ പഴങ്ങൾ. അത് മാത്രമല്ല മൾബെറിയും നല്ല ചുവച്ചുവന്ന ചാമ്പക്കയും എല്ലാം ഉണ്ടാകും അവിടെ. അതിനു പുറകിൽ ഹരിദാസേട്ടന്റെ വീടാണ്. സത്യത്തിൽ എല്ലാവരെയും വിളിക്കുന്ന പോലെ അങ്കിൾ എന്ന് വിളിക്കേണ്ടത് ആണ് പക്ഷെ എല്ലാവരും വിളിക്കുന്നത് കേട്ട് ശീലിച്ചു പോയി. ഹരിദാസേട്ടനും അനിതേച്ചിയും അവരുടെ മക്കൾ സോനുവേട്ടനും അപ്പുസേട്ടനും. അവിടെയും ഒരുപാട് മീനുകൾ ഉണ്ട്. മീൻ വളർത്താൻ വേണ്ടി മാത്രം ഒരു കുഞ്ഞ് ഔട്ട്ഹൗസ് പോലെ ഉണ്ടാക്കിയിട്ടുണ്ട്. അവിടത്തെ കിണറിലും നിറയെ മീൻ ആയിരുന്നു. അധികം പൊക്കമില്ലാത്ത കിണറും നിറയെ വെള്ളവും. ആ കിണർ ഒരിക്കലും വറ്റാറുണ്ടായിരുന്നില്ല. ഞാൻ അവിടെ പോവുമ്പോൾ എല്ലാം ആ കിണറ്റിലേക്ക് പാർത്തു നോക്കുമായിരുന്നു. എന്നെ അതുകൊണ്ട് തന്നെ ഏട്ടന്മാർ ആരെങ്കിലും കൈപിടിച്ചിട്ടുണ്ടാവും.
ഹരിദാസേട്ടന് പെണ്മക്കൾ ഇല്ലാത്തത് കൊണ്ട് ആണോ അറിയില്ല എന്നോട് വല്യ സ്നേഹമായിരുന്നു.എപ്പോളും പാട്ടൊക്കെ പാടിക്കും. " ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി " " പാഠം പൂത്തകാലം പാടാൻ വന്നു നീയും " ആ സമയത്തെ എന്റെ മാസ്റ്റർ പീസ് പാട്ടുകൾ ആയിരുന്നു ഇത് രണ്ടും. തുടങ്ങുന്നത് ഈ വരികളിൽ ആണെങ്കിലും അവസാനിക്കുന്നത് ഞാൻ സ്വന്തമായി ഉണ്ടാക്കിയ വരികളിൽ ആയിരിക്കും. അന്നൊക്കെ ചാടി തുള്ളി നടക്കുന്നത് കൊണ്ട് ഹരിദാസേട്ടൻ എന്നെ റബ്ബർ പന്ത് എന്നായിരുന്നു വിളിച്ചിരുന്നത്. അമ്മവീടിനു പുറകിൽ മതിൽ ചാടിയാൽ എത്തുന്നത് പപ്പേട്ടന്റെ വീട്ടിൽ ആണ്. മെയിൻ ഗേറ്റിലൂടെ എത്തണം എങ്കിൽ ചുറ്റി വളഞ്ഞു നടക്കണം.അതിനാൽ തന്നെ മതിൽ ചാട്ടം ആണ് പതിവ്. മതിൽ ചാടുക അല്ല എന്നെ ഇവിടെ നിന്ന് മേമമാരിൽ ആരെങ്കിലും മതിലിൽ ഇരുത്തും അപുറത്തു നിന്ന് പപ്പേട്ടനോ ശ്യാമളആന്റിയോ പിടിക്കും. അവിടെ അവർക്ക് ഒരു മോൾ ആണ് സോനചേച്ചി. ചേച്ചി അന്നൊക്കെ തൃശ്ശൂർ പിസി തോമസ് സാറിന്റെ അടുത്ത് എൻട്രൻസിനു പഠിക്കായിരുന്നു. അതിനു കുറച്ചു മാറി വിശാല ആന്റിയും കുടുംബവും വാടകക്ക് താമസിച്ച വീടാണ്. അവിടെയും ഉണ്ട് മൂന്ന് ഏട്ടന്മാർ.വിക്രാന്ത്,വിജേഷ്, വിശാൽ എന്ന കുട്ടേട്ടനും . ചുരുക്കി പറഞ്ഞാൽ ഈ വീട്ടിൽ ഒന്നും പെൺകുട്ടികൾ ഇല്ലാത്തതിനാലും ചെറിയകുട്ടി ഞാൻ ആയിരുന്നതിനാലും പരിഗണന കൂടുതൽ ആയിരുന്നു. ഒരു ചെറിയ രാജകുമാരിയെ പോലെ.എല്ലാ വീടും എനിക്ക് സ്വന്തം തന്നെ ആയിരുന്നു. ഇവിടെ നിന്ന് അച്ഛന്റെ വീട്ടിലേക്ക് പോവുന്നതെ അന്നൊന്നും എനിക്ക് ഇഷ്ടം അല്ലായിരുന്നു.ശനിയും ഞായറും എങ്ങനെ ഒക്കെയോ ആയിരിക്കും അവിടെ നിൽക്കുക.അതിനു മറ്റൊരു കാരണം കൂടെ ഉണ്ട്. അമ്മവീടിനു മുൻപിൽ വല്യ ഒരു വയൽ ആണ്. കൃഷി ഒന്നും ഉള്ളത് അല്ല. അവിടെ ആണ് ഏട്ടന്മാർ എല്ലാവരും ക്രിക്കറ്റ് കളിക്കുക .ഞാനും പോവും ഇടക്ക് കളികാണാൻ. പന്ത് എങ്ങാനും എന്റെ അടുത്തേക്ക് വന്നാൽ അതും കൊണ്ട് ഒരു ഓട്ടം ആണ് വീട്ടിലേക്ക്. പിന്നെ എല്ലാവരും പുറകെ വന്നു കാലുപിടിക്കണം പന്ത് തിരിച്ചു കൊടുക്കാൻ. മഴക്കാലത്ത് ആണ് അവിടെ ഏറ്റവും രസം. വയലിൽ വെള്ളം കയറും. ഏട്ടന്മാർ എല്ലാം ചൂണ്ടയിൽ നഞ്ചിനെ കൊളുത്തി ഞണ്ടിനെ പിടിക്കും. അന്നൊക്കെ എന്ത് രസമായിരുന്നു. രാത്രിയിൽ വിരിയുന്ന ഗന്ധരാജൻ പൂക്കളുടെ ഗന്ധം ശ്വസിച്ചുകൊണ്ട് അമ്മമ്മയുടെ നെഞ്ചോട് ഒട്ടികിടക്കുമ്പോൾ അമ്മമ്മ എന്റെ തലയിലൂടെ കൈവിരൽ ഓടിക്കുമായിരുന്നു. വല്ലാത്ത ഇഷ്ടം ആയിരുന്നു എനിക്ക് അത്. എന്ത് സുഖമാണ് എന്നോ അങ്ങനെ കിടക്കാൻ.
ആ സമയത്ത് ആണ് അമ്മമ്മ തന്റെ കഥകളുടെ കെട്ട് അഴിക്കാറ്. എന്നെ സംബന്ധിച്ച് അത് എല്ലാം കഥകൾ ആയിരിക്കാം. അമ്മമ്മയെ സംബന്ധിച്ച് അത് എല്ലാം അവരുടെ ജീവിതം ആയിരുന്നു. അമ്മമ്മ മലപ്പുറം കാരി ആണ്. അമ്മമ്മ അധികവും അമ്മമ്മയുടെ ബാല്യവും നാടും സുഹൃത്തുക്കളെ കുറിച്ചും സഹോദരങ്ങളെ കുറിച്ചും അമ്മച്ചനെ കുറിച്ചും അമ്മച്ചന്റെ വീട്ടുകാരെ കുറിച്ചും അവരുടെ തറവാടിനെ കുറിച്ചും അമ്മയുടെയും സഹോദരിമാരുടെയും കുഞ്ഞിലേ ഉള്ള കുറുമ്പുകളെ കുറിച്ചും യക്ഷികളെയും കുട്ടിച്ചാത്തന്റെയും ഉപദ്രവങ്ങളെ കുറിച്ചും എല്ലാം ആയിരിക്കും പറയുന്നത്. അതിനു ഇടയിൽ കയറി ഞാൻ ചോദിക്കുന്ന പൊട്ടത്തരത്തിനും ഉത്തരം നൽക്കാറുണ്ട് അമ്മമ്മ.കഥപറച്ചിലിനു ശേഷം അമ്മമ്മയുടെ താരാട്ടുപാട്ടാണ്. ചെറിയ ശബ്ദത്തിൽ ഒരു കൈ എന്റെ മുടിയിലൂടെ ഓടിച്ചു മറ്റേ കൈകൊണ്ട് എന്നെ പതിയെ തട്ടി ആയിരിക്കും ആൾ പാടുന്നത്. " ഉണ്ണിവാവാവോ പൊന്നുണ്ണി വാവാവോ " ആ പാട്ടുപാടി കഴിയുമ്പോൾക്ക് അമ്മമ്മയുടെ ഗന്ധം ശ്വസിച്ചു ആ നെഞ്ചോട് ഒട്ടി ഞാൻ ഉറങ്ങിയിട്ടുണ്ടാവും. ഇന്ന് കാലത്തിന്റെ കുത്തൊഴുക്കിൽ വിശാലആന്റിയും കുടുംബവും സ്വന്തമായി വീട് വെച്ച് താമസം തുടങ്ങി.. പപ്പേട്ടൻ ഒരു യാത്ര മൊഴിപോലും പറയാതെ ഇഹലോകത്തു നിന്ന് യാത്രയായി. മനുവേട്ടന് ഒരു അനിയത്തി ജനിച്ചു.മേമമാരും ഏട്ടന്മാരും എല്ലാം കല്യാണം കഴിച്ചു കുടുംബവും കുട്ടികളുമായി ഇന്ത്യക്ക് അകത്തും പുറത്തുമായി താമസിക്കുന്നു. വർഷത്തിൽ ഒരിക്കൽ എങ്കിലും എന്തെങ്കിലും പരിപാടിയിൽ വെച്ച് കാണും ഒത്തുചേരും. കാലചക്രം ഒരിക്കൽ എങ്കിലും പുറകോട്ടു പോയിരുന്നെങ്കിൽ വീണ്ടും ആ നാലുവയസുകാരി കുഞ്ഞിപ്പെണ്ണ് ആവാൻ ഒരു മോഹം. ഏട്ടന്മാരുടെ കൈയിൽ തൂങ്ങി ഗന്ധരാജൻ പൂവിന്റെ ഗന്ധം ശ്വസിച്ചു അമ്മമ്മയോട് ചേർന്ന് ഉറങ്ങാൻ കൊതിതോന്നുന്നു .