ചിരി
ചിരി
ആദ്യമായി ചിരിച്ചത് അമ്മയുടെ മുഖത്ത് നോക്കി ആയിരിക്കണം.ഒരിക്കൽ ആ മുഖത്തിന് നേർക്കുള്ള ചിരി ഞാൻ മായ്ച്ചു. അച്ഛനെ പോലെ.
"നിന്റെ ചിരി കാണാൻ എന്തൊരു രസമാണെന്നോ ".
സുഹൃത്തുക്കൾ പറയുമായിരുന്നു. എല്ലാവരുടെയും മുന്നിൽ ഞാൻ ചിരിച്ചു.
പക്ഷെ !. എന്നാണ് നിറഞ്ഞ മനസ്സോടെ അമ്മയുടെ മുഖത്ത് നോക്കി അവസാനമായി ചിരിച്ചിട്ടുണ്ടാവുക?
ഒരു പക്ഷെ അച്ഛന്റെ സൗഹൃദവലയങ്ങൾ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത് മുതലായിരിക്കാം.സമൂഹത്തിൽ വളരെ ഉയർന്നവർ.അച്ഛന് കിട്ടുന്ന ബഹുമാനം സ്നേഹം ഇതിലെല്ലാം ഞാനും ഭ്രമിച്ചു പോയിരുന്നു.
"ഹോ !പണ്ടെങ്ങോ വീട്ടുകാർ തമ്മിൽ പറഞ്ഞു വച്ചതു കൊണ്ട് മാത്രം എന്റെ തലയിൽ ആയി പോയി ".
പല സന്ദർഭങ്ങളിൽ അച്ഛൻ പറയാറുണ്ട്.അതു കേട്ടു കണ്ണുനീർ തുടക്കുന്ന അമ്മയെക്കാളും, അതു നോക്കി മുഖം വച്ചു പ്രത്യേക കോപ്രായം കാണിക്കുന്ന അച്ഛനെ ആയിരുന്നു ഞാൻ ആസ്വദിച്ചത്.അച്ഛന്റെ സോഷ്യൽ സ്റ്റാറ്റസിന് ചേർന്ന ആളല്ലായിരുന്നു അമ്മ. പഠിപ്പു നന്നേ കുറവ്, സംസാരിക്കാൻ അറിയില്ല.പിന്നീടെപ്പോഴോ എനിക്കും അതു തോന്നി തുടങ്ങി. വീടിനോടു ചേർന്നുള്ള ചെറിയ ലൈബ്രറിയിൽ ആവും മിക്കവാറും ഞാൻ ഇരിക്കാറുള്ളത്.അച്ഛൻ മുഴുവൻ സമയവും അവിടെ തന്നെ കാണും. ചെറുപ്പം മുതൽക്കേ അച്ഛൻ പുസ്തകങ്ങളെ പരിചയപെടുത്തിയിരുന്നു അച്ഛനോട് ഏറെ നേരം സംസാരിക്കും. അമ്മയോട് അവിടെ വരരുത് എന്ന് അച്ഛൻ ചട്ടം കെട്ടിയിട്ടുണ്ട്.
അച്ഛന്റെ സുഹൃത്തുക്കൾ വരുന്ന സ്ഥലം, എന്റെയും. അച്ഛന്റെ സുഹൃത്തുക്കളുടെ മക്കൾ തന്നെ ആയിരുന്നു മിക്കവരും.എന്റെ അമ്മ അവർക്കൊരു കളിയാക്കാനുള്ള കഥാപാത്രം ആയിരുന്നു. എനിക്ക് അവരോടു ദേഷ്യം തോന്നിട്ടില്ല.പക്ഷേ മനസ്സിൽ അമ്മയോടുള്ള അകലം കൂടികൊണ്ടിരുന്നു.
"അച്ഛൻ പറഞ്ഞത് ശരിയാണ് അച്ഛന്റെ ഭാര്യവാൻ ഒരു യോഗ്യതയും അമ്മക്കില്ല ".
ഒരിക്കൽ എനിക്കും പറയേണ്ടി വന്നു. അന്നാണ് അവസാനമായി ഞാൻ അമ്മയുടെ ചിരി കണ്ടത്.എന്നും ചിരിച്ചു കൊണ്ടു നിൽക്കാറുള്ള സ്റ്റെയർ കേസിന്റെ അടുത്ത്.എന്നത്തെയും പോലെ അന്നും ഞാൻ അതു ശ്രദ്ധിക്കാതെ പോയി.
"മോനെ ?".
ഒരു നിമിഷം നിന്നു. തിരിഞ്ഞു നോക്കാറില്ല സാധാരണ, പക്ഷേ മോനെ എന്ന വിളി !.അമ്മ കുറെ നാളായി സംസാരിക്കാറില്ല, ആരും കേൾക്കാൻ നിൽക്കാറില്ല എന്ന് പറയുന്നതാവും ശരി.
"അമ്മക്ക് ഒരു കാര്യം പറയാനുണ്ട് "
"മ്മം"
"മോന്റെ ചിരി അമ്മ കണ്ടിട്ടു എത്ര നാളായി? ഒരു തവണ.... ഒരു തവണ എന്നെ നോക്കി ഒന്ന് ചിരിച്ചൂടെ? "
മുഖത്ത് നോക്കി നിറഞ്ഞ പുഞ്ചിരി,കൃഷ്ണമണികൾ വിടർന്നിരുന്നു ഒരു പ്രത്യേക തിളക്കത്തോടെ അതു എന്റെ ഒരു ചിരി തേടുകയായിരുന്നു .
പക്ഷേ ! .
തിരിഞ്ഞൊരു നടത്താമായിരുന്നു. അവസാനമായി ഞാൻ കണ്ടും അന്നായിരുന്നു. ഉള്ളു നീറിയപ്പോളും എന്നോടൊന്നു സംസാരിച്ചൂടെ എന്നല്ല ആവശ്യപെട്ടത്.
ഒരു ചിരി !.
പക്ഷേ പകരം നല്കിലയില്ല.
"നെഞ്ച് പിടഞ്ഞിട്ടുണ്ടാവില്ലേ ? ".
എല്ലാം പെയ്തു തോർന്നപ്പോൾ
കുറ്റബോധം !
"നഷ്ടപ്പെടുത്തി കളഞ്ഞു കഴിഞ്ഞിട്ടുള്ള മനസിന്റെ ഏറ്റുപറച്ചിൽ".
പക്ഷെ അതിനുമപ്പുറത്തെറിക്കു , ഒരു നിശബ്ദത എന്റെ ചുറ്റും നിറഞ്ഞിരുന്നു.എല്ലാവരിൽ നിന്നും ഓടിപ്പോകാൻ ആഗ്രഹിച്ചു.
"നിനക്കെന്താ പറ്റിയെ? "
ചോദ്യങ്ങൾ ശരവേഗത്തിൽ തറച്ചു കൊണ്ടേ ഇരുന്നു.ഒറ്റക്കിരിക്കാൻ കൂടുതൽ ആഗ്രഹിച്ചു.
"എനിക്കെന്താണ് സംഭവിച്ചത് ? "
എന്നിലെ എന്തോ നഷ്ടമായിപോയിരിക്കുന്നു.
ഓരോ തവണയും സ്റ്റെയർകേസ് ഇറങ്ങിവരുമ്പോൾ,ആ നഷ്ടപ്പെടൽ മനസിന്റെ ഉള്ളിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങി കൊണ്ടേ ഇരുനിന്നിരുന്നു.
"സ്റ്റെയർ കേസിനു താഴെ എനിക്ക് ലഭിച്ചിരുന്ന ആ ചിരി !.അതു എന്നന്നേക്കുമായി എന്നെ തനിച്ചാക്കി പോയിരിക്കുന്നു".
ഞാൻ ഒത്തിരി തിരഞ്ഞു ആ ചിരിയുള്ള ഒരു ചിത്രത്തിന് വേണ്ടി, പക്ഷേ അമ്മയുടെ ചിരി നിറഞ്ഞ ഒന്ന് എനിക്ക് ലഭിച്ചില്ല.ചുവരിൽ പഴയ വിവാഹ ഫോട്ടോയിൽ നിന്നും ലഭിച്ചു ഒന്ന്. പക്ഷെ ചിരിച്ചട്ടുള്ളതു അല്ലായിരുന്നു അത്. എന്റെയോ അച്ഛന്റെയൊ ഫോണിൽ എടുത്ത ചിത്രങ്ങളിൽ ഒന്നിൽ പോലും അറിയാതെ വന്നു പെട്ട ഒരു ഫ്രെയിം പോലും ഇല്ലായിരുന്നു.
"എനിക്ക് ഇവിടുന്നു മാറി നിൽക്കണം....
"മ്മം എന്തെ പെട്ടെന്ന് ? ".
"എനിക്ക് ബാംഗ്ലൂരിലേക്ക് ഒരു ട്രാൻസ്ഫർ ഓഫർ വന്നിട്ടുണ്ട് "
അച്ഛന്റെ അടുത്തേക്കു ചെന്നു കാര്യം പറഞ്ഞു
"എന്താ എവിടെ മടുത്തോ, നിനക്ക് എന്താണ് പറ്റിയത് ?, ആരോടും സംസാരമില്ല,ഒന്ന് ചിരിക്കാറുപോലും ഇല്ല.എല്ലാവരും നിന്നെ കാണാൻ വേണ്ടി ഇരിക്കുന്നുണ്ട്. ".
മുഖത്ത് നോക്കിയില്ല പുസ്തകത്തിൽ ആയിരുന്നു കണ്ണു മുഴുവൻ.
"എന്നെ ആരും കാണണ്ട.എനിക്കാരോടും ഒന്നും പറയാനില്ല, പിന്നെ എന്റെ ചിരി !.അതു അകത്തെ സ്റ്റെയർകേസിനു താഴെ ലഭിച്ചിരുന്നതിന്റെ പ്രതിഫലനമാണെന്നു ഇപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്.അതു മാഞ്ഞു. ഇതും.! "
എന്റെ നേർക്കുയർന്ന ആ മുഖത്ത് തെളിഞ്ഞതു അമ്മയെ നോക്കി കാണിക്കാറുള്ള അതെ കോപ്രായമായിരുന്നു.
"വേണ്ട ഇത് കണ്ടു ആസ്വദിച്ചിരുന്നു ഒരിക്കൽ,
ഇനി മതിയാക്കാം ".
അതിനും ഉത്തരം ഒരു പുച്ഛമായിരുന്നു.അച്ഛന്റെ വാക്കുകളെ ബഹുമാനിക്കാത്തവരെ എന്നും അച്ഛന് പുച്ഛമാണ്.
പിറ്റേന്ന് അച്ഛനോട് ഇറങ്ങുന്നു എന്നൊരു വാക്കിൽ ഒതുക്കി .പതിവുപോലെ ലൈബ്രറിയിൽ ആയിരുന്നു അച്ഛൻ കൂടെ അച്ഛന്റെ അപഥാന ഗായകർ കുറച്ചുപേർ ഉണ്ടായിരുന്നത് കൊണ്ട് മറുപടി ഒരു മൂളലിൽ മാത്രം ഒതുക്കി.
ഇവിടെ ബാംഗ്ലൂരിൽ ജോയിൻ ചെയ്യുമ്പോൾ മൂകത എന്നെ വല്ലാതെ കീഴ്പെടുത്തിയിരുന്നു.രാ
രാവിലെ ഇവിടെ വരും ജോലി ചെയ്യും തിരിച്ചു പോകും.പലരും എന്നോട് മിണ്ടാൻ ശ്രമിച്ചു,എന്നെ കാണുമ്പോൾ പുഞ്ചിരിച്ചു ഒന്നും ഞാൻ കണ്ടില്ലെന്നു നടിച്ചു. ഒരിക്കൽ നാട്ടിൽ പോകേണ്ടായി വന്നു.
അച്ഛന് heart attack !.
ഞാൻ പോയതിൽ അച്ഛന് ദുഖമുണ്ടായില്ല എന്ന് പറയാതിരിക്കാൻ സാധിക്കില്ല, പക്ഷേ അതു അച്ഛനെ ആശുപത്രിയിലേക്ക് എത്തിക്കാൻ മാത്രമുണ്ടായിരുന്നു എന്ന് എനിക്ക് തോന്നിട്ടില്ല.അച്ഛന്റെ കൂടെ എന്നും ആളുകൾ ഉണ്ടായിരുന്നു.ദിവസവുമുള്ള വിളി പോലും അച്ഛൻ പ്രോൽസാഹിപ്പിച്ചിരുന്നില്ല.
"എല്ലാ ദിവസവും എന്ത് വിശേഷം പറയാനാ? , നീ ആഴച്ചയിൽ ഒന്ന് രണ്ടോ തവണ വിളിച്ചാൽമതി.ഇവിടെ വിശേഷം എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം,ഇനി നിന്റെ അത്യാവിശ കാര്യം ഏതെങ്കിലും ആണെങ്കിൽ അങ്ങനെ ".
ക്രിട്ടിക്കൽ സ്റ്റേജിൽ തന്നെ ആണെന്ന് വേണ്ടപ്പെട്ടവരെ അറിയിച്ചോളാൻ ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന്.അച്ഛന്റെ സുഹൃത്തുക്കൾ ആശുപത്രിയിൽ വച്ചു എന്നോട് പറഞ്ഞു.സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് ഡോക്ടർ വന്നു പറഞ്ഞു.
"മകനാണ് അകത്തു കേറി ഒന്നും കാണണം ".
എന്നേം കൂട്ടി ഡോക്ടർ കാർഡിയാക് കെയർ യൂണിറ്റിന്റെ അകത്തേക്ക് നടന്നു.ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന അച്ഛനെ ഞാൻ കണ്ടു.
"തിരിച്ചു വരാൻ സാധ്യത കുറവാണു,തലച്ചോറിൽ രക്തശ്രാവം ഉണ്ടായിട്ടുണ്ട്.ഞങ്ങൾക്ക് ചെയ്യാവുന്നതിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട് "
"സർജറി ചെയ്താൽ ?".
"അതിനൊരു സാധ്യത ഇല്ല, ചെയ്താലും സ്ഥിതിയിൽ മാറ്റം ഒന്നും വരാനില്ല
പിന്നെ ventelatoril എത്ര ദിവസ്സം വേണമെങ്കിലും വക്കാം.ഒരു അത്ഭുതം,
അതിനു വേണ്ടി കാത്തിരിക്കാം എന്നെ
പറയാൻ സാധിക്കുകയുള്ളു"
"വേണ്ട ഡോക്ടർ ".
തിരിച്ചു പുറത്തിറക്കിറങ്ങുമ്പോൾ അച്ഛന്റെ സുഹൃത്തുക്കൾ അടുത്തേക്ക് വന്നു.കാര്യങ്ങൾ അവരോടു വിശദീകരിച്ചു തൊട്ടടുത്തുള്ള കസേരയിൽ ഇരുന്നു.അവിടെയും ഇവിടെയും കുറെ പിറുപിറുക്കലുകൾ മാത്രം കേട്ടു.
"ഭാര്യ മരിച്ചതിന്റെ ദുഃഖം അവനു ഇപ്പോഴായിരിക്കും തോന്നി തുടങ്ങിയത്, മകനും വീട്ടിൽ ഇല്ലല്ലോ."
അമ്മ മരിച്ചതിന്റെ ദുഃഖം അച്ഛനെ വേദനിപ്പിച്ചിരുന്നില്ല എന്ന് പറയാൻ സാധിക്കില്ല കൂടെ ഉള്ളവർ നഷ്ടപ്പെടുമ്പോൾ ഉണ്ടാവുന്ന ശൂന്യത!.അതു അച്ഛനെയും ബാധിച്ചിട്ടുണ്ടാവും. പക്ഷേ അതു അച്ഛനെ തളർത്തി കളഞ്ഞു ഒരു രോഗി ആക്കാനും മാത്രം പോന്നതായിരുന്നു എന്ന് ഞാൻ വിശ്വച്ചിരുന്നില്ല.അച്ഛന്റെ ലോകം അതു വിശാലമായിരുന്നു.ഇനി ഒരു പക്ഷേ സുഹൃത്തുക്കൾ പറഞ്ഞത് പോലെ ആയിരിക്കുമോ, അറിയില്ല.മനസിന്റെ താളം തെറ്റാൻ എത്ര സമയം വേണം.
"ചടങ്ങുകൾ ഒന്നും വേഗം തീർത്തു പോയാമതിയായിരുന്നു "
മനസ്സ് പറഞ്ഞുകൊണ്ടേ ഇരുന്നു.ചുറ്റുമുള്ളവരുടെ കരുതലുകൾ, സമാധാനിപ്പിക്കലുകൾ.ചെവി പൊത്തി പിടിച്ചു ഓടണം എന്ന് വരെ തോന്നി പോയി.ചടങ്ങുകൾ എല്ലാം തീർന്നു, ഇനി എത്രേം പെട്ടെന്ന് ഇവിടുന്നു പോണം. ഈ വീട്ടിൽ നിൽക്കുന്ന ഓരോ നിമിഷവും സ്വയം മുറിവേൽപ്പിക്കുന്നതിനു തുല്യമായിരുന്നു.ഒരിക്കൽ കൂടി അച്ഛന്റെയും അമ്മയുടെയും മുറിയിൽ കേറി കുറച്ചു നേരം അച്ഛന്റെ കട്ടിലിൽ ഇരുന്നു.അമ്മ മറ്റൊരു മുറിയിൽ ആണ് കിടന്നിരുന്നത് താഴെ പായ വിരിച്ചു കിടക്കാറായിരുന്നു പതിവ്.അവിടെ ചെന്നു അതു വിരിച്ചു അതിൽ കുറച്ചു നേരം കിടന്നു.അന്ന് ആദ്യമായി അമ്മയുടെ തലയണ മുഖത്തോടു ചേർത്തു.
ചെമ്പരത്തി എണ്ണയുടെ മണം.തലയിണയിൽ
ഒന്നുരണ്ടു മുടികൾ പറ്റി പിടിച്ചിരുന്നിരുന്നു.
മേശപ്പുറത്തു ഫ്രെയിം ചെയ്തു വച്ച എന്റെയും അച്ഛന്റെയും ഫോട്ടോ.
ഞാൻ ചെന്ന് അതെടുത്തു.അന്ന് ഈ ഫോട്ടോയിൽ നിർത്താതെ അച്ഛൻ അമ്മയെ ഒഴുവാക്കിയ രംഗം.അന്നെനിക്ക് അതു ഒരു തമാശയായിരുന്നു.ഇന്ന് അത മനസ്സിൽ ഒരു നെരിപ്പോട് പോലെ നീറി നീറി പുകയുന്നു.
പാവം !.
അറിയാൻ ശ്രമിച്ചില്ല ഒരിക്കൽ പോലും.
ഫ്രെമിന്റെ പുറകിൽ ആയി ചെറിയ ഒരു cylinder
അകത്തു എന്തോ ചുരുട്ടി വച്ചിരിക്കുന്നു.മെല്ലെ
ഞാനതു പുറത്തേക്കെടുത്തു.ഫോട്ടോ ആണ് നന്നായി ചുരുണ്ടു പോയിട്ടുണ്ട്.നിവർത്തി നോക്കി.
ദൈവമേ !.
ഒരു പക്ഷേ അമ്മ മരിച്ചതിനു ശേഷം ഞാൻ ആദ്യമായിട്ട് ചിരിച്ചത്.അമ്മയുടെ ചിരിയുള്ള ഫോട്ടോ,അമ്മയുടെ ഒക്കത്തു ഞാനും കൂടെ അച്ഛനും.
"ഇത്രേം മനോഹരമായ ചിരിയാണോ ഞാൻ കാണാതിരുന്നത് !."
"ഇത്രേം മനോഹരമായ ചിരിക്കണോ ഞാൻ ഒരു മറുപടി നൽകാതിരുന്നത് !".
ചുരുണ്ടു പോയെങ്കിലും അമ്മയുടെ ചിരി അതിൽ നിറഞ്ഞു നിന്നിരുന്നു.നിവർത്തി ഒരു പുസ്തകത്തിനിടയിൽ വച്ചു എടുത്തു ബാഗിൽ വച്ചു മുറി അടച്ചു.സ്റ്റെയർ കേസിനു അടുത്ത് വന്നു കുറച്ചു നേരം നിന്നു.
"ഞാൻ പോലുമറിയാതെ എന്നിൽ പ്രകാശമായി നിറഞ്ഞിരുന്ന ചിരി.തിരികെ കിട്ടാതിരുന്നപ്പോഴും അവഗണിച്ചപ്പോഴും ഈ സ്റ്റെയർകേസിന്റെ താഴെ അതു ലഭിക്കാതിരുന്നിട്ടില്ല."
കണ്ണുനീർ വന്നു മൂടിയെങ്കിലും കണ്ണു ഞാൻ തുടച്ചില്ല.അമ്മയുടെ പാദങ്ങളിലേക്കുള്ള പൂക്കളാവട്ടെ എന്റെ ഈ കണ്ണുനീർ തുള്ളികൾ.
ഞാൻ ഇറങ്ങി.
"മോനെ !".
പുറകിൽ അമ്മയുടെ വിളി.നിന്നനില്പിൽ ഒരു തിരിയലായിരുന്നു ബാലൻസ് തെറ്റി സ്റ്റെയർ കേസിന്റെ പടിയിലേക്കിരുന്നു.
"അയ്യോ പതുക്കെ !."
അമ്മ പെട്ടെന്ന് അടുത്ത് വന്നു എന്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.മുഖത്തെ ആശങ്ക പ്രകടമായിരുന്നു.
"വല്ലതും പറ്റിയോ മോനെ, കൈ കാണിച്ചേ നോക്കട്ടെ അമ്മ. "
ഞാൻ അമ്മയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതിരുന്നപ്പോൾ വീണ്ടും വന്നു ചോദ്യം
"നീ എന്താ ഒന്നും മിണ്ടാതെ എന്തെങ്കിലും കുഴപ്പമുണ്ടോ? ".
ഇല്ല എന്ന് തലയാട്ടി.അമ്മ എന്നെ പിടിച്ചു കസേരയിൽ ഇരുത്തി.എന്റെ സൂക്ഷ്മതയോടു കൂടിയുള്ള നോട്ടം കണ്ടു അമ്മ വീണ്ടും ചോദിച്ചു.
"നിനക്കെന്താ പറ്റിയെ? നീ എന്താ ഒന്നും മിണ്ടാത്തെ? "
അമ്മയുടെ കൈകളിൽ ഞാൻ അമർത്തി പിടിച്ചു.
"അമ്മ നന്നായി അണക്കുന്നുണ്ടല്ലോ? ".
"നീ കൊച്ചു കുഞ്ഞാന്ന നിന്റെ വിചാരം, മുതുക്കാനായി."
ഞാൻ അമ്മയുടെ അരയിൽ വട്ടം ചുറ്റി പിടിച്ചു.
"എനിക്ക് അമ്മയുടെ കൊച്ചു കുഞ്ഞായിട്ടിരുന്നാൽ മതി.ഇനി ഒരിക്കലും അമ്മേ ഞാൻ വിഷമിപ്പിക്കില്ല.ഇനി എന്നും ഞാൻ അമ്മേ നോക്കി ചിരിക്കും."
"ഹഹഹഹാ. "
അങ്ങനെയൊരു പൊട്ടിച്ചിരി ഞാൻ പ്രതീക്ഷിച്ചതേ ഇല്ല എന്റെ കയ്യുകൾ അരയിൽ നിന്നും വിടീച്ചു.
"ഞാൻ പറഞ്ഞത് തമാശയായി തോന്നിയോ അമ്മക്ക് ?. "
അമ്മ താഴെ ഇരുന്നു.അമ്മയുടെ ആ പെരുമാറ്റത്തിൽ പകച്ചു നിന്ന എന്നോട് മടിയിൽ വന്നു കിടക്കാൻ ആംഗ്യം കാണിച്ചു.മടിയിൽ അമ്മയുടെ വയറിനോട് ഒട്ടിച്ചേർന്നു കിടക്കുമ്പോൾ എന്റെ മുടിയിഴകളിൽ ആ വിരലുകൾ ഓടിക്കൊണ്ടേ ഇരുന്നു.എന്റെ കണ്ണുകൾ മെല്ലെ അടയുന്നുണ്ടായിരുന്നു.
"മോനെ ".
ചെറുമയക്കത്തിലേക്കു പോയെങ്കിലും പെട്ടെന്ന് ഞാനുണർന്നു.
"എന്താ അമ്മേ?. "
"മോന് ഇപ്പോൾ വിഷമം ഉണ്ടോ. "
"ഇപ്പോൾ ഇല്ല അമ്മ ഉണ്ടല്ലോ കൂടെ."
നെറ്റിയിൽ പതിയെ തടവി ഒരു ഉമ്മ വച്ചു.
"മോനെ !മനസ്സ് തുറന്നു അമ്മ ഇതുവരെ ഉള്ളിൽ ചിരിച്ചിട്ടില്ല. പക്ഷേ അപ്പോളും എന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഒരു ചെറിയ പുഞ്ചിരി എന്നും കാത്തുവച്ചു നൽകുമായിരുന്നു അമ്മ, എല്ലാവരും അവഗണിച്ചിട്ടേ ഒള്ളു, ഒരു പരിഭവവും ഇല്ല .ഇതുപോലെ എത്രെയോ ജന്മങ്ങൾ.നിന്നെ നോക്കി ഒരാൾ ചിരിക്കുമ്പോൾ അവർക്കതു അതു തിരിച്ചു നൽകുക കാരണം അവരതു ആഗ്രഹിക്കുന്നുണ്ട്."
അമ്മയുടെ കണ്ണുനിറഞ്ഞൊഴുകിയ തുള്ളികൾ എന്റെ കണ്ണിലാണ് പതിച്ചത് ഞാൻ കണ്ണുകൾ മുറുക്കി അടച്ചു.
"മോനെ, മോനെ !. എന്ത് പറ്റി? . "
"മോനെ കണ്ണുതുറക്ക് എന്തുപറ്റി?."
കണ്ണുനീർ വന്നു കാഴച്ച മറച്ചിരുന്നു.
"അമ്മേ കരയരുത്. എന്നോട് ക്ഷമിക്കണം ഞാൻ പൊന്നു പോലെ നോക്കിക്കോളാം."
ഞാൻ അമ്മയെ മുറുകെ കെട്ടിപിടിച്ചിരുന്നു.
"മോനെ എന്ത് പറ്റി?. "
കണ്ണുകൾ തുടച്ചു നോക്കുമ്പോൾ അമ്മ അല്ല.
പ്രഭാമ്മ !.ഞാൻ കെട്ടിപ്പിടിച്ച കയ്യുകൾ പെട്ടെന്ന് വിട്ടു ഒരു നിമിഷം പുറകിലേക്ക് മാറി.വളരെ ആശ്ചര്യമായിരിക്കുന്നു.അമ്മ എവിടെ പോയി.ഞാൻ എല്ലായിടത്തും തിരഞ്ഞു.
"പ്രഭാമ്മേ, എന്റെ അമ്മ എവിടെ പോയി.? "
"മോൻ സ്വപ്നം കണ്ടതാണെന്നു തോന്നുന്നു താഴെ വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ വന്നത്. "
അപ്പോഴാണ് ഞാനും ആ കാര്യം ശ്രദ്ധിച്ചത്.
"ഇന്ന് അമ്മ മരിച്ചിട്ടു 2 വർഷം ആകുന്ന ദിവസം അല്ലെ.ഇന്നലെ രാത്രി മോൻ നന്നായി മദ്യപിച്ചിരുന്നു.മനസിലെ ആ വിങ്ങലുകൾ സ്വപ്നമായി കണ്ടതായിരിക്കും. "
ഞാൻ തറയിൽ കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു പ്രഭാമ്മ എന്നെ പതുക്കെ താങ്ങി പിടിച്ചു കട്ടിലിൽ ഇരുത്തി.
"മോൻ പോയി കുളിച്ചിട്ടു വരു നമ്മുക്ക് ഇറങ്ങേണ്ട വൈകിക്കേണ്ട."
പ്രഭാമ്മ തിരിഞ്ഞു നടന്നു.ഇവിടെ അടുത്തൊരു വൃദ്ധസദനം ഇന്നത്തെ ദിവസം അവിടെ ആക്കാം എന്ന് പ്രഭാമ്മ ആണ് പറഞ്ഞത് ഇന്നത്തെ അവർക്കുള്ള ഭക്ഷണം എന്നോട് കൊടുക്കാൻ പ്രഭാമ്മ പറഞ്ഞിരുന്നു അതനുസരിച്ചു പണം ഒക്കെ കൊടുത്തിട്ടാണ് കഴിഞ്ഞ ദിവസം വന്നത്.കട്ടിൽ നിന്നും എഴുന്നേൽക്കുമ്പോൾ കുറെ മുന്നിലായി വാതിൽ പടിയിൽ കൈവച്ചു ചാരിനിൽക്കുന്ന പ്രഭാമ്മേ കണ്ടു.
"എന്ത് പറ്റി പ്രഭാമ്മേ ?"
എന്റെ നേർക്കു തിരിഞ്ഞു കൈ എടുത്തു അരയിൽ താങ്ങി ചെറുതായിട്ട് അണക്കുന്നുണ്ടായിരുന്നു.
"ഓഹ് മോനെ എടുത്തു പൊക്കിയില്ലേ അതിന്റെ അണപ്പ്, ചെറിയ കുട്ടി അല്ലല്ലോ".
ഒന്ന് ചിരിച്ചു.
"നീ കൊച്ചു കുഞ്ഞാന്ന നിന്റെ വിചാരം, മുതുക്കാനായി."
എന്റെ അമ്മ സ്വപ്നത്തിൽ പറഞ്ഞതുപോലെ.
അവർ തിരിച്ചു നടന്നു.ഞാൻ പുറകെ ഓടിച്ചെന്നു.
"പ്രഭാമ്മേ.... ".
അവർ എന്റെ വിളി തിരിഞ്ഞു.ഞാൻ അവരുടെ അടുത്ത് ചെന്ന് കയ്യുകൾ എന്റെ നെഞ്ചിനോട് ചേർത്തു പിടിച്ചു .
"കുഴപ്പൊന്നും ഇല്ലല്ലോ, ഡോക്ടറെ കാണണോ? എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം".
അവരുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.അതു നിറഞ്ഞിരുന്നു.വേണ്ടെന്നു അവർ തലയാട്ടി.ഞാൻ കയ്യുകൾ അയച്ചപ്പോൾ അവർ പതിയെ നടന്നു.ഞാൻ അതു കുറച്ചു നേരം നോക്കി നിന്നു.
പ്രഭാമ്മ,
എനിക്ക് വഴിയിൽ ഉപേക്ഷിച്ച നിലയിൽ കിട്ടിയതാണ് പ്രഭാമ്മയെ.കൂട്ടികൊണ്ടു പൊന്നു നാല് മാസം കഴിഞ്ഞു.എനിക്ക് ഭക്ഷണം ഉണ്ടാക്കും വീടും നോക്കും.ഞാൻ സംസാരം നന്നേ കുറവായതു കൊണ്ട് എന്നോടും അധികം സംസാരിക്കാറില്ല.എന്നാൽ ഇല്ലാതെയും ഇല്ല,.അവരുണ്ടാക്കുന്ന ചില കറികൾക്ക് വല്ലാത്ത രുചിയാണ്.അതു ഞാൻ അവരോടു പറയും. അവർ ചിരിക്കും,അത്രതന്നെ.ഇടയ്ക്കു വല്ലതും മേടിക്കാനുണ്ടെങ്കിൽ ഒരു കുറിപ്പ് ഡൈനിങ്ങ് ടേബിളിൽ വക്കും,ആവിശ്യങ്ങൾ പറയാതിതിരിക്കരുത് എന്ന് ഞാൻ പറഞ്ഞു വച്ചിട്ടുണ്ട്.ഇതിപ്പോൾ എന്നിൽ നിന്നും ഇങ്ങനെ ഒരു സമീപനം, അവരുടെ കണ്ണുകളിൽ തിളങ്ങിയത് അത്ഭുതം അല്ല മറിച്ചു വാത്സല്യം തന്നെയാണ്, ഒരു മകനോടുള്ള വാത്സല്യം.എന്റെ അമ്മയെ പോലെ അവഗണിക്കപ്പെട്ടു പോയ ഒരുവൾ.ഇവരെ വഴിയിൽ ഉപേക്ഷിച്ചു, അമ്മയെ വീട്ടിലും.
കുളിച്ചു വസ്ത്രം മാറി ഹാളിലേക്ക് ചെല്ലുമ്പോൾ
അവിടെ ചിരിച്ചു കൊണ്ട് പ്രഭാമ്മ നിൽപ്പുണ്ടായിരുന്നു.എന്നിൽ പ്രതിഫലിച്ച ആ ചിരിയിൽ ഞാൻ അവരെ എന്റെ നെഞ്ചോടു ചേർത്തു വിളിച്ചു.
"അമ്മേ......... "
