ജ്വലിക്കുന്ന കണ്ണുകൾ
ജ്വലിക്കുന്ന കണ്ണുകൾ
ആ രാവിലെ അവൻ തന്റെ സ്കൂൾ ബാഗ് പുസ്തകങ്ങളോ നോട്ട്ബുക്കുകളോ കൊണ്ടല്ല, മറിച്ചു ലോഹത്തെക്കാൾ ഭാരമുള്ള - വിദ്വേഷം, നിശബ്ദത, അദൃശ്യമായ മുറിവുകൾ -എന്നിവ കൊണ്ടാണ് അവൻ പാക്ക് ചെയ്തത്. ന്യായമായി പറഞ്ഞാൽ, അവന്റെ കൈവശം ഒരു ആയുധം ഉണ്ടായിരുന്നില്ല. ഇതുവരെ ഇല്ല. പക്ഷേ അവന്റെ മനസ്സിൽ, മറ്റാർക്കും കാണാൻ കഴിയാത്ത ഒരു യുദ്ധത്തിന്റെ പടയാളിയായി അവൻ ഇതിനകം മാറിയിരുന്നു.
ഒരു വർഷം മുമ്പ്, ഒരു സഹപാഠി അവനെ ഒരു കസേരയുടെ കാലുകൊണ്ട് അടിച്ചു -ആകസ്മികമായി, ക്രൂരമായി. ടീച്ചർ അത് ശ്രദ്ധിച്ചില്ല. വീട്ടിൽ, അവൻ സംസാരിക്കാൻ ശ്രമിച്ചപ്പോൾ, അവന്റെ മാതാപിതാക്കൾ അത് അവഗണിച്ചു :
"നീ എപ്പോഴും ചെറിയ പ്രശ്നങ്ങൾ വലുതാക്കി കാണിക്കുന്നു .
അതുകൊണ്ടായിരിക്കാം മറ്റുള്ളവർ നിന്നെ ഒഴിവാക്കുന്നത്."
അന്നു മുതൽ അവനു സ്കൂൾ ഒരു കെട്ടിടമായിട്ടല്ല മറിച്ചു , അദൃശ്യമായ ഒരു യുദ്ധക്കളമായി അത് അനുഭവപെട്ടു .
പരിഹാസങ്ങളും, നിശബ്ദതകളും, ഏകാന്തമായ ആഹാരസമയങ്ങളും ഒന്നൊന്നായി അവന്റെ ഉള്ളിൽ ആഴ്ന്നിറങ്ങി - കാറ്റിൽ തീജ്വാലയാകാൻ കാത്തിരിക്കുന്ന ഉണങ്ങിയ ഇലകൾ പോലെ.
ഓൺലൈനിൽ, സ്കൂൾ വെടിവയ്പ്പുകളുടെ വീഡിയോകൾ അവനു കാണാൻ കഴിഞ്ഞു. ആദ്യം ആവന് അതിൽ ഞെട്ടലും ഭയവും തോന്നി. എന്നാൽ പതുക്കെ, ഒരു വിചിത്രമായ ശാന്തത കൈവന്നു. തകർന്ന ചില്ലുകളും ഉച്ചത്തിലുള്ള നിലവിളികളിലും, പരിചിതമായ എന്തോ ഒന്ന് അവൻ അതിൽ കണ്ടു.
"അവരെപ്പോലെയാകുക എന്നതല്ല. എന്റെ സാന്നിധ്യം മറക്കാൻ കഴിയാത്തവിധം അവരെ ഓർമ്മിപ്പിക്കുക എന്നതാണ്, അത് ആളിക്കത്തിക്കുന്ന ഭയം കൊണ്ടാണെങ്കിൽ പോലും."
ആരും ഒരിക്കലും നോക്കാത്ത ഒരു നോട്ട്ബുക്കിലാണ് അവൻ ഇത് എഴുതിയത്. സ്കൂളിൽ ഒരു ആന്റി-ബുള്ളിയിംഗ് പോസ്റ്റർ ഉണ്ടായിരുന്നു, പക്ഷേ അത് ചുവരുകളിലെ വെറും വാക്കുകൾ മാത്രമായിരുന്നു, ആരും അതൊന്നും ഗൗരവമായി എടുത്തില്ല.
അവൻ ഒരു ഭീകരനായി ജനിച്ചിട്ടില്ല. അവനെ അവഗണിച്ച ഒരു വ്യവസ്ഥിതി, അവനെ വിഴുങ്ങിയ നിശബ്ദത, അവനെ കേൾക്കാൻ മടിച്ച ഒരു ലോകം — ഇവയാണ് അവനെ സൃഷ്ടിച്ചത്.
"അവർക്ക് എന്നെ ഒരിക്കലും വേണ്ട. പക്ഷേ എന്നെ മറന്നുപോയതിൽ അവർ ഖേദിക്കേണ്ടി വരും",അവൻ ഒരിക്കൽ കൂടി എഴുതി - ഇത്തവണ ആത്യന്തികമായ പകയോട് കൂടി .
അവൻ വെറുമൊരു ഭീഷണി മാത്രമായിരുന്നില്ല. അവൻ ഒരു കണ്ണാടിയായിരുന്നു - ക്ലാസ് മുറിയുടെ പിന്നണിയിൽ മറന്നുപോയ,ആക്രമിക്കപ്പെട്ട,നിശബ്ദമാക്കപ്പെട്ട ഓരോ ആത്മാവിനെയും പ്രതിഫലിപ്പിക്കുന്ന ഒന്ന് .
അവന്റെ മനസ്സിൽ ഇതിനോടകം തന്നെ പദ്ധതി രൂപപ്പെട്ടിരുന്നു ,ചെയ്യണ്ട ഓരോ പ്രവർത്തിയും അവൻ മസസ്സിൽ സൂക്ഷ്മതയോടെ കുറച്ചു.ഓരോ മുഖങ്ങളും വ്യക്തതയോടെ മസസ്സിൽ വരച്ചിട്ടു.അവന്റെ ചിന്തകൾ നിഴലുകൾ പോലെ മനസ്സിന്റെ ഓരോ കോണിലേക്കും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു, അവയെല്ലാം തന്നെ തിരുത്താനാവാത്ത ഒരു പാതയിലേക്കാണ് നയിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ ഉള്ളിലെ നിശബ്ദതയ്ക്കു ഭാരമേറുന്നന്തായി അവനു അനുഭവപെട്ടു.
ഒരു കൊടുങ്കാറ്റു അവന്റെ മനസ്സിൽ രൂപപെടുകയായിരുന്നു.
അവന്റെ ഉള്ളിൽ ഒരു ചോദ്യം പുകഞ്ഞു:
"എല്ലാം നഷ്ടപ്പെടുന്നതിന് മുമ്പ് ആരെങ്കിലും എന്നെ കേൾക്കുമോ?"
Roopesh
