Hibon Chacko

Drama Crime Thriller

2.1  

Hibon Chacko

Drama Crime Thriller

അമർ (Part 11)

അമർ (Part 11)

4 mins
396



“നമ്മുടെ മോനെ കാണാതായതിന്റെ പേരില്...

ഒരുകൂസലും കാണിക്കാത്ത ഒരാളേയുള്ളൂ, ഒരാളെയേ ഞാൻ കണ്ടുള്ളൂ...”

   വർദ്ധിച്ചുവന്ന വിഷമം തൊണ്ടയിലമർത്തിക്കളഞ്ഞാണ് പഴയപടിതന്നെ റീന ഇങ്ങനെകൂടി തുടർന്നുപറഞ്ഞത്. റോയ്സ് മെല്ലെ എഴുന്നേറ്റു.

“ഇവിടുത്തെ സി. ഐ.... ആ ഇൻസ്‌പെക്ടറ്...”

   ഇങ്ങനെകൂടി കൂട്ടിച്ചേർത്തപാടെ അവൾ മെല്ലെ വിതുമ്പിതുടങ്ങി, പഴയപടി നിൽക്കവേ കണ്ണുകളിറുക്കി തലയല്പം കുനിച്ച് വിൻഡോയിലെ അഴികളിലേക്ക് ചേർത്തുകൊണ്ട്. റോയ്സ് ഒരുനിമിഷം ആലോചിച്ചശേഷം വേഗം അവളുടെ പിന്നിലെത്തി വട്ടംപിടിച്ചവളെ തന്നോടുചേർത്തുപിടിച്ചു. ശേഷം മെല്ലെ പറഞ്ഞു;

“എടീ... അത്... മറിച്ചും ആയിക്കൂടെ,,”

ഒന്നുനിർത്തി അവൻ തുടർന്നു;

“ഇന്നുംകൂടി നോക്കാം നമുക്ക്... ഒന്നുമായില്ലേൽ...

ഒന്നുമായില്ലേൽ എല്ലാവരുംകൂടി തിരയട്ടെ നമ്മുടെ മോനെ!”

   ഒന്നുകൂടിയവന് നിർത്തേണ്ടിവന്നു. ശേഷം അവൻ തുടർന്നുപറഞ്ഞു പഴയപടിനിൽക്കവേ;

“നീ വിഷമിക്കാതെ... ഞാനില്ലേടീ നിന്റെ കൂടെ...”

   ഇതോടെ അവളുടെ വിതുമ്പലിനൊപ്പം അവന്റെ കണ്ണുകൾകൂടി നിറഞ്ഞു. കുറച്ചുനിമിഷങ്ങൾ അങ്ങനെ കടന്നുപോയി. ഒരുവേള തന്റെ മിഴികൾ മെല്ലെ തുടച്ച് അവൾ അവനുനേർക്ക് തിരിഞ്ഞു;

“... ഒന്നുമല്ല... അവനറിയാം... അവനറിയാം നമ്മുടെ മോൻ എവിടെയുണ്ടെന്ന്... എനിക്കുറപ്പാ...”

   വല്ലാത്തൊരു ദൃഢത പെട്ടെന്ന് പ്രകടമാക്കി അവളിങ്ങനെ തന്റെ ഭർത്താവിനുനേർക്ക് തറച്ചു. മറുപടിയെന്നവിധം അവൻ സംശയത്തിന്റെ കുടുക്കിലകപ്പെട്ടപോലെയായിപ്പോയി നിന്നു.

“എന്റെ മോനാ പോയത്... ഞാൻ... മണ്ടിയൊന്നുമല്ല...

നിങ്ങൾക്കൊക്കെ ഒരുപാട് കാര്യങ്ങൾ ചിന്തിക്കാൻ കാണും...”

   ഏങ്ങിക്കൊണ്ട് അവളിങ്ങനെ തുടങ്ങിവെച്ചുനിർത്തി, തല്കാലത്തേക്കെന്നപോലെ. അവൻ പഴയപടിതന്നെ എന്നാൽ തലയല്പം താഴ്ത്തിനിന്നതേയുള്ളൂ.

“നമ്മളെ തോൽപ്പിക്കാൻ, അവന് കിട്ടാവുന്നതിൽവെച്ച് ഏറ്റവും നല്ല വഴിയല്ലേ ഇത് റോയി...”

അവളിങ്ങനെ തുടർന്നപ്പോൾ പക്ഷെ അവൻ ചിന്താമഗ്നനായിരുന്നു.

“മോനെ... എന്തെങ്കിലും... മോനെന്തെങ്കിലും പറ്റിക്കാണുമോ... അവൻ വല്ലതും കഴിച്ചിട്ടുണ്ടാവുമോ...”

   അർത്ഥമില്ലാത്തവിധം അവളിങ്ങനെ കൂട്ടിച്ചേർത്തുനിർത്തി എങ്ങിക്കൊണ്ടുതന്നെ. പിന്നെ തുടർന്നു;

“ഞാനിവിടെ എത്രമാത്രം വിഷമിച്ചു...

മോൻ എന്തുമാത്രം കരഞ്ഞിട്ടുണ്ടാകും റോയി നമ്മളെ കാണാതെ...”

   അല്പംകൂടി ശബ്ദത്തിലായിരുന്നു തന്റെ ഭർത്താവിന്റെ കോളറിൽ ഇരുകൈകളുംപിടിച്ചുകൊണ്ട് അവളിങ്ങനെ പറഞ്ഞുവെച്ചത്. അവൻ അങ്ങനെ നിന്നുകൊടുക്കെത്തന്നെ പഴയപടി ചിന്താമഗ്നനായിരുന്നു. അങ്ങനെകൂടി കുറച്ചുനിമിഷങ്ങൾ കടന്നുപോയി. അവൻ ഒരുവേള അവളെ ചേർത്തുപിടിച്ച് ചുംബിച്ചശേഷം സ്വയം ആശ്വസിച്ചുകൊണ്ടെന്നപോലെ പറഞ്ഞു;

“നീ വിഷമിക്കേണ്ട. ഇങ്ങനെ ഞാൻ ചിന്തിക്കേണ്ടിയിരുന്നു...

സാരമില്ല, നീ പേടിക്കേണ്ട... മോന് ഒന്നും സംഭവിക്കില്ല...”

   ഇത്രയും പതിഞ്ഞസ്വരത്തിൽ പറഞ്ഞൊപ്പിച്ചശേഷം അവൻ ‘വാ’ എന്ന ഭാവത്തോടെ അവളെ ബെഡ്ഡിലേക്ക് മെല്ലെ ഇരുത്തി. അവൾ വിതുമ്പൽവിടാതെ അവനെ നോക്കിക്കൊണ്ടിരിക്കെത്തന്നെ, അവൻ തന്റെ മൊബൈൽ എടുത്ത് അതിലൊരു നമ്പർ ഡയൽ ചെയ്തു. കോൾ എടുത്തപാടെ തന്റെ ഭാര്യയെ ഒന്നുനോക്കി അവൻ പറഞ്ഞു;

“സർ ഇത് റോയ്സ് ആണ്. പറ്റുവാണേൽ ഇപ്പോൾ ഇവിടെവരെയൊന്ന് വരാമോ?

എനിക്ക് കുറച്ചു കാര്യങ്ങള് പറയുവാനുണ്ടായിരുന്നു...”

   വളരെ പതിഞ്ഞ സ്വരത്തിലാണ് അവനിങ്ങനെ പറഞ്ഞത്. റീന വീക്ഷിച്ചുകൊണ്ടിരുന്നു. വന്ന മറുപടിയ്ക്ക് പകരമായി അവനിങ്ങനെ പറഞ്ഞു;

“എനിക്കാ ഇൻസ്‌പെക്ടറെ സംശയമുണ്ട്. ആലോചിക്കുമ്പോൾ ഇപ്പോൾ എന്റെ സംശയം വെറുതെയാവില്ല...”

   ഇതിനിടയിൽ റീനയുടെയും റോയ്സിന്റെയും മിഴികൾ തമ്മിൽ, അവർ പഴയപടി തുടരവേതന്നെ ഒരുനിമിഷത്തേക്ക് കൂട്ടിമുട്ടിയിരുന്നു.

“ഞങ്ങളാകെ അപ്സെറ്റാ സർ. ഇവിടെവരെയൊന്ന് വരുവായിരുന്നേൽ...

 ബാക്കി നേരിട്ടൊന്ന് സംസാരിക്കാമായിരുന്നു...”

   അവനിങ്ങനെ പഴയപടിതന്നെ തുടർന്നുപറഞ്ഞു. സമ്മതഭാവത്തിൽ കോൾ കട്ടായതിന്റെ ഭാവംപേറി അവൻ റീനയ്ക്കുനേരെ തിരിഞ്ഞു. പിന്നെ മൊബൈൽ മാറ്റിവെച്ചശേഷം പറഞ്ഞു;

“സാറിപ്പോ വരും... നമുക്കെല്ലാം സംസാരിക്കാം...”

   എന്തോ തുടർന്നുണ്ടെന്ന് ഭാവിച്ചതല്ലാതെ അതിന് വിരുദ്ധമായി അവന് ഇങ്ങനെ പാതിവഴി വാചകം നിർത്തേണ്ടിവന്നു. പ്രതീക്ഷപോലെ എന്തോ ഒന്ന്‌ അവളുടെ മുഖത്ത് പ്രതിഫലിച്ചതായി അവനു തോന്നിപ്പോയി. അടുത്ത കുറച്ചു നിമിഷങ്ങൾക്കകം അവൻ ഒന്ന്‌ ശ്വാസം എടുത്തുവലിച്ചു. അവൾ പക്ഷെ പഴയപടി അവനെത്തന്നെ നോക്കിയെന്നപോലെ ഇരിക്കുകയായിരുന്നു.

“അവന്... അവന് അമ്മയൊന്നും കാണില്ല...

ഇനിയിപ്പോ... അവന്റെയടുത്ത് നമ്മുടെ മോൻ ഉണ്ടെങ്കിൽത്തന്നെ...”

   ഒരുവേള ഇങ്ങനെ വിതുമ്പിക്കൊണ്ട് തുടങ്ങി നിർത്തിപ്പോയി റീന. അവളെ ഉൾക്കൊണ്ടെന്നവിധം റോയ്സ്, അവളെ നോക്കിനിന്നുപോയതേയുള്ളൂ.

“... നമുക്ക് നമ്മുടെ മോനെ മാത്രം മതി...

മോനെ നമുക്ക് കിട്ടിയാൽ മാത്രം മതി...”

   ഇത്രയും പറഞ്ഞുകൊണ്ട് താനിരുന്നിടത്തിരുന്ന് കരച്ചിലടക്കാനാവാതെ അവൾ എഴുന്നേറ്റുചെന്ന് റോയ്‌സിനെ കെട്ടിപ്പിടിച്ചിറുക്കി കരച്ചിൽ തുടർന്നു. അവനും തിരികെ തന്റെ കണ്ണുകൾക്കുള്ളിലെ നീരിനെ നിയന്ത്രിക്കാൻ പ്രയാസപ്പെട്ട് അവളെ കൂടുതൽചേർത്ത് തടവി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ഒരുവേള അവൻ ആരോടെന്നില്ലാതെ, എന്നാൽ തന്റെ ഭാര്യയോടെന്നവിധം പറഞ്ഞു;

“ഞാൻ സംസാരിക്കാം... അവനോട്, ഞാൻ സംസാരിക്കാം...

ഞാൻ തന്നെ അവന്റെയടുത്തുനിന്ന് മോനെ കൊണ്ടുവരാം...”

   വളരെ അടക്കംപറയുന്ന വിധമുള്ള ഈ വാചകങ്ങൾ അവർക്കിടയിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. റൂമിലെ വെളിച്ചം കത്തിനിൽക്കുകയായിരുന്നു, പകലിനെ അവഗണിക്കുംവിധം. തീർത്തും നിശബ്ദമായ പരിസരവും അന്തരീക്ഷവും പക്ഷെ അവരിരുവരുടെയും പൂർണ്ണനിശബ്ദതയിൽ അലിഞ്ഞുചേർന്നിരുന്നു.

******

   അന്നേദിവസം സായാഹ്നം കഴിഞ്ഞ് ഇരുട്ടുവ്യാപിച്ചുതുടങ്ങിയസമയം സാവധാനം തന്റെ വാഹനത്തിൽ അമർ പാതിയൂണിഫോമിൽ സ്റ്റേഷനിലേക്കെത്തി. ബൊലേറോയിൽ നിന്നിറങ്ങി അവൻ സാവധാനം തന്നെയാണ് സ്റ്റേഷനിലേക്ക് കയറിയത്. സ്റ്റേഷൻ പതിവുപോലെ തിരക്കിന്റെ പിടിയിലായിരുന്നു. എന്നിരിക്കലും എന്തോ ഒരു മ്ലാനത അവിടിവിടായി തങ്ങിനിൽക്കുംപോലെ അവന് അനുഭവപ്പെട്ടു. അമർ തന്റെ ടേബിൾ ലക്ഷ്യമാക്കി നടക്കുംവഴി ഒരു പോലീസുകാരി എതിരെ കടന്നുപോയി, പക്ഷെ അവർ അവനെ പതിവിലും വളരെ വീര്യംകുറച്ചാണ് ഔദ്യോഗികമായി മാനിച്ചത്. സ്റ്റേഷനിലെ ഈ അകൽച്ച ഇപ്പോഴാണോ താൻ ശ്രദ്ധിക്കുന്നത് എന്നുതന്നെ അവന് ഓർത്തപ്പോൾ സംശയമായിപ്പോയി. ചിന്തകൾ ഇങ്ങനെ തുടർന്നുപേറി അവൻ തന്റെ ചെയറിൽ മെല്ലെ ഇരുന്നു -പതിവിലും ഒരു ശൂന്യതപോലെ! ഇവിടെ ചാർജ്ജെടുത്തദിവസം മുതൽ ഇത്തരം സമയങ്ങളിൽ തന്റെയൊപ്പം എന്തെങ്കിലുമൊക്കെ ഔദ്യോഗികമോ -അനൗദ്യോഗികമോ അയ കാര്യങ്ങൾക്ക് കോൺസ്റ്റബിൾ പ്രവീൺ ഫുൾ യൂണിഫോമിൽത്തന്നെ ഉണ്ടാകാറുള്ളതാണ്. ആദ്യമായെന്നവിധം അവനെയും അടുത്ത് കാണാനില്ല.

   അമർ 180° സ്റ്റേഷനാകെയൊന്ന് നോക്കി, തന്റെ ചെയറിൽ അല്പം മലർക്കെയിരുന്നുകൊണ്ട്. അല്പസമയം കടന്നുപോയതോടെ കാത്തിരുന്നെന്ന സമയംപോലെ അമറിന്റെ അടുത്തേക്ക് പ്രവീൺ എത്തി -ഫുൾ യൂണിഫോമിൽ. പക്ഷെ കൈകളിൽ പതിവിനു വിപരീതമായി ഫയലുകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അമറും പ്രത്യേകം കാരണമൊന്നുമങ്ങു കൂടാതെ ചലനമറ്റ്‌ ഇരിക്കുകയായിരുന്നു ഇത്രയും സമയം.

“സർ, ആ കൊച്ചിന്റെ കാര്യം...”

   പതിഞ്ഞ സ്വരത്തിൽ പ്രവീൺ ഇങ്ങനെ തുടങ്ങിയതിനിടയിൽ അമർ അലക്ഷ്യമായി അവനെയൊന്ന് നോക്കി.

“അന്വേഷണം നടക്കുന്നുണ്ടല്ലോ... പ്രവീൺ കാണുന്നില്ലേ,,”

   ഒന്നുരണ്ടുനിമിഷത്തെ നിശബ്ദതയ്ക്കുശേഷം അമറിങ്ങനെ മറുപടിയെന്നവിധം പറഞ്ഞുവെച്ചു.

“അന്വേഷണമൊക്കെ ഞാൻ കാണുന്നുണ്ട് സർ...”

അടുത്ത വാചകമായി പ്രവീൺ ഇങ്ങനെ തുടങ്ങിവെച്ച് നിർത്തിപ്പോയി, പഴയപടി.

“അതുശരി... എന്നാൽ പറ, എന്തെങ്കിലും പ്രത്യേക വിവരങ്ങള് കിട്ടിയോ...?”

   തന്റെ ചെയറിൽ ഒന്നുകൂടി മലർന്നുചാരിമെല്ലെ ഒതുങ്ങിയിരുന്ന ശേഷമായിരുന്നു ഇത്തവണ അമറിന്റെ ഈ വാചകങ്ങൾ. കുറച്ചുനിമിഷത്തേക്ക് പ്രവീൺ എന്തോ പറയുവാൻ തുനിയുന്നഭാവം മറച്ചുവെച്ച് ചലനമില്ലാതെനിന്നു, ചലനം നിലപ്പിച്ചെന്നവിധം അമറും.

“സർ, ഒഴിഞ്ഞുകിടക്കുന്ന വീടുകളൊക്കെയൊന്ന് പരിശോധിക്കാം...

അത്തരം സ്ഥലങ്ങളിലൊക്കെ കുട്ടിയെ ഒളിപ്പിക്കാവുന്നതാണ്,,”

   ഒരുവിധമെന്നവിധം പ്രവീൺ ഇങ്ങനെ ഒറ്റയടിക്ക് പറഞ്ഞുനിർത്തി. അടുത്തനിമിഷം ചൂടാറുംമുൻപേയെന്നതുപോലെ തുടർന്നുപറഞ്ഞു;

“സർ ബുദ്ധിമുട്ട് തോന്നില്ലെങ്കിൽ... ഒരു കാര്യം പറയാം സർ...

ജീനയും അമ്മയും ദൂരേക്കെവിടെയോ മാറിത്താമസിക്കുവാ എന്ന് കേട്ടു...”

   പ്രവീണിങ്ങനെ നിർത്തിയപ്പോഴേക്കും അവനെ ശ്രദ്ധിച്ചുനോക്കി പഴയപടിയിരുന്ന അമർ നെറ്റിയല്പം അർത്ഥമില്ലാത്തവിധം ചുളുപ്പിച്ച് ചോദിച്ചു;

“അതിന്...?”

   ഒന്നുരണ്ടുനിമിഷത്തേക്ക് ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി പരിസരം മറന്നങ്ങനെ നിന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. അടുത്തൊരു നിമിഷം പ്രവീൺ തുടർന്നു;

“അതിന്... അതിനൊന്നുമുണ്ടായിട്ടല്ല സർ... ആ കുട്ടിയുടെ കാര്യത്തിൽ ഇവിടെ എല്ലാവർക്കും ഒരു വിഷമമുണ്ട്...!”

   പ്രവീണിങ്ങനെ നിർത്തിയപ്പോഴേക്കും മന്ദഹാസത്തോടെ എന്തോ പറയുവാൻ തുനിഞ്ഞുപോയി അമർ. എന്നാൽ പ്രവീൺ വീണ്ടും തുടർന്നുപറഞ്ഞു;

“സാറിപ്പോൾ ഒറ്റയ്ക്കാണല്ലോ പോക്കും വരവും അങ്ങനെഎല്ലാം...

പഴയപോലെ ഇവിടവുമായിട്ടൊരു കണക്ഷനില്ലാത്തപോലെ,,...”

   അമർ നെറ്റിമെല്ലെ പഴയപടി ചുളിച്ച് നോക്കിയിരിക്കുകയാണ്, പ്രവീൺ ഇങ്ങനൊന്ന് നിർത്തി. പിന്നെ കൂട്ടിച്ചേർക്കുംവിധം പറഞ്ഞു;

“... വേറൊന്നുമില്ല സർ..., പറഞ്ഞെന്നേയുള്ളൂ...!”

   അമർ അങ്ങനെയുള്ള ഇരിപ്പ് അല്പം നേരെയാക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. മറുപടി പ്രതീക്ഷിക്കാത്തവിധം രണ്ടുനിമിഷം കഴിഞ്ഞതോടെ പ്രവീൺ തന്റെ കർത്തവ്യങ്ങളിലേക്ക് മുഴുകുവാൻ മടങ്ങി. അമർ പഴയപടിതന്നെ തന്റെ ചെയറിൽ ഇരിപ്പ് തുടങ്ങി. സ്റ്റേഷനിലെ ആർക്കുമോ അമറിനോ പരസ്പരം ഒന്നും സംസാരിക്കേണ്ടതായി വന്നില്ല പിന്നീടുള്ള സമയങ്ങളിൽ.

(തുടരും......)



Rate this content
Log in

Similar malayalam story from Drama