Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

Sabitha Riyas

Romance Crime Thriller


4  

Sabitha Riyas

Romance Crime Thriller


ഇന്നേക്ക് ഏഴാം നാൾ - 12

ഇന്നേക്ക് ഏഴാം നാൾ - 12

10 mins 165 10 mins 165

അലോഷിയോട് യാത്ര പറഞ്ഞു തിരികെ ഓഫീസിലേക്ക് പോകുന്ന വഴിയിലുടനീളം കബീർ അസ്വസ്ഥനായിരുന്നു. അയാളുടെ മനസ്സിനെ എന്തോ ഒന്ന് അലട്ടിക്കൊണ്ടിരുന്നു. ചന്ദ്രജിത്ത് പറഞ്ഞത് ഒന്നും കബീറിന്റെ ചെവിയിൽ വീഴുന്നില്ലായിരുന്നു. 


കബീർ മറ്റൊരു ലോകത്തായിരുന്നു... ചോദ്യങ്ങളും ഉത്തരങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നൊരു ലോകത്ത്... ആ ലോകത്തിന്റെ അതിർത്തിയിൽ നാല്‌ പേർ അയാൾക്ക് എതിരെ നിരന്നു നിൽക്കുന്നുണ്ടായിരുന്നു. റബേക്ക, ഗോവർധൻ, ക്രിസ്റ്റഫർ, തരകൻ ജോർജ്ജ്. അവിചാരിതമായാണ് എന്റെ നോട്ടം ആ ഹാൻഡ് ബുക്കിൽ പതിഞ്ഞത്. പൊടിപിടിച്ചു കിടന്ന ആ ടേബിളിൽ പൊടിയേൽക്കാതെ കിടന്ന ഒരേയൊരു പുറംചട്ട ആ ബുക്കിന്റേത് മാത്രം ആയിരുന്നു. ആരെയോ കാത്തു കിടന്നപോലെ. ആ ബുക്ക്‌ ഒന്നു തുറന്നു നോക്കാൻ കുറെ സമയമായി എന്റെ ഹൃദയം തുടിക്കുകയാണ്. 


"സാർ... സാർ...? "

ഞാൻ ചിന്തയിൽ നിന്നുണർന്നു. കാർ ഓഫീസിനു മുൻപിൽ നിന്നിരുന്നു. പുറത്ത് നല്ല മഴയും.

"ഏദൻ തോട്ടത്തിൽ എന്താണ് സാർ? എനിക്കൊന്നും മനസിലാകുന്നില്ല. തരകന്റെ കൊലപാതകവുമായി ബന്ധമുള്ള ഒന്നും എനിക്ക് ആ വീട്ടിൽ നിന്നും കൂട്ടിയോജിപ്പിക്കാൻ കഴിയുന്നില്ല."


"ചന്ദ്രജിത്തിന്‌ അലോഷിയെ എത്ര നാളായി അറിയാം? "

കബീർ അയാൾക്ക് നേരെ ഉത്തരമല്ല ചോദ്യമായിരുന്നു തൊടുത്തത്. അയാളൊന്നു അമ്പരന്നു. പിന്നെ അലസമായി പറഞ്ഞു.

"ഗോവർധൻ സാറിനെ പരിചയപ്പെട്ട നാൾ മുതൽക്കേ അറിയാം, അടുത്ത പരിചയം ഒന്നുമില്ല. എന്താ സാർ എന്തെങ്കിലും ഇഷ്യൂ ഉണ്ടോ?" 

"No... nothing... ആൾ എങ്ങനെ എന്നറിയാനായി ചോദിച്ചു എന്ന് മാത്രം. നമ്മുടെ സസ്പെക്റ്റ്സ് ലിസ്റ്റിൽ നിന്ന് ഡോക്ടർ അലോഷി വർഗീസിന്റെ പേര് തൽക്കാലം വെട്ടി മാറ്റിയേക്കാം. ഈ ക്രിസ്റ്റഫർ ആൾ എങ്ങനെയായിരുന്നു? "


ചന്ദ്രജിത്ത് കാറിന്റെ ഡാഷ് ബോർഡിൽ ഇടതുകൈയ്യാൽ താളം കൂട്ടിക്കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു. കുറച്ചു നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല.


"സാർ കേരളത്തിലും പുറത്തും വ്യാപാരസ്ഥാപനങ്ങളും ഫൈനാൻസ് കമ്പിനികളും ഉണ്ടായിരുന്ന ഈ നാട്ടിലെ എണ്ണപ്പെട്ട പണക്കാരിൽ ഒരാളായിരുന്നു തര്യത്തെ മാത്തൻ തര്യൻ, അദേഹത്തിന്റെ മൂത്ത മകനായിരുന്നു ക്രിസ്റ്റഫർ... മാത്തൻ സാറിന് മൈസൂർ ഉണ്ടായിരുന്ന ഏക്കർക്കണക്കിന് ഓറഞ്ച്, കാപ്പി തോട്ടങ്ങളുടെ മാനേജർ ആയിരുന്നു എന്റെ അച്ഛൻ ... 


പറഞ്ഞു വന്നാൽ വർധൻ സാറിനേക്കാൾ എനിക്ക് പരിചയം വേണ്ടത് ക്രിസ്റ്റഫറേ ആയിരുന്നു. അറിയപ്പെടുന്ന ഒരു നെഫ്രോളജിസ്റ്റ് ആയിരുന്നെങ്കിലും പേർസണൽ ലൈഫിൽ ഈ ക്രിസ്റ്റഫർ ആളൊരു വല്ലാത്ത ടൈപ്പ് ആയിരുന്നു... എന്ന് പറഞ്ഞാൽ പ്രശ്നക്കാരൻ എന്ന അർത്ഥമല്ല... അദേഹത്തിന്റെ ക്യാരക്റ്റർ അത്ര പെട്ടന്നൊന്നും ആർക്കും പിടി കിട്ടില്ല... ഇഷ്ടപെടില്ല... 


ഈ ഡോക്ടർക്ക് ഒരു പതിനാലു പതിനഞ്ചു വയസ്സ് പ്രായമുള്ള സമയത്താണ് മാത്തൻ തര്യൻ ഒരപകടത്തിൽ പെട്ടു മരിക്കുന്നത്. പിന്നീട് തെരേസാമ്മ ജീവിച്ചത് ഡോക്ടർക്കും ആ അനിയൻ ചെക്കനും വേണ്ടിയായിരുന്നു. ജോർദാൻ അതായിരുന്നു അവന്റെ പേര്. ഹോ ഇതുപോലെ വെറിപിടിച്ച തലതെറിച്ച ഒരു ജന്മം... സാരി ചുറ്റിയ കോലത്തെ പോലും വെറുതെ വിടാത്ത ഒരു നെറികെട്ട മോൻ... അവസാനം സ്വന്തം സഹോദരൻ വരെയും അവനെ കൈ വച്ചു ... ഈ റബേക്കയോട് അവന്റെ സമീപനം അത്ര നന്ന് അല്ലായിരുന്നു അതായിരുന്നു കാരണം ... വർധൻ സാറും റബേക്കയുടെ പേര് പറഞ്ഞു അവനെ എടുത്തു ഒന്നു ചാർത്തിയിട്ടുണ്ട്..." 


ചന്ദ്രജിത്ത് അമർഷം പൂണ്ടു. കബീർ ഒന്നു പിടഞ്ഞുണർന്നു... 


"എന്നിട്ട്? " കബീർ അക്ഷമനായി ആരാഞ്ഞു...


"അതൊരു വലിയ കഥയാണ് സാർ... നമ്മുടെ കേസുമായി ബന്ധം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നും പറയാം ഇല്ലെന്നും പറയാം... ഈ റബേക്കയുടെ ജീവിതം തന്നെ ഒരു വലിയ ചുഴിയായിരുന്നു ... പുള്ളിക്കാരിയുടെ ആറാമത്തെ വയസ്സിൽ ആണെന്ന് തോന്നുന്നു അവരുടെ അമ്മ ആത്മഹത്യ ചെയ്തു. കാരണം ഇന്നും ആർക്കും അറിയില്ല... കുറച്ചു വർഷങ്ങൾക്ക് ശേഷം ഈ കണ്ടോത്തെ തലതെറിച്ച മാപ്പിള തര്യത്തുകാരുടെ ഒരകന്ന ബന്ധുവായിരുന്ന സൂസന്നാമ്മയെ കല്യാണം കഴിച്ചു... അതായത് നമ്മുടെ ആ ഇസബെല്ല ഡോക്റുടെ അമ്മയെ. ഈ തരകൻ നാട്ടിലെ അറിയപ്പെടുന്നൊരു പൂവൻ കോഴിയായിരുന്നു... അതുകൊണ്ട് ഈ കല്യാണം ആരും അത്ര ഗൗനിച്ചില്ല. പക്ഷേ ആ തള്ള വന്നതോടെ റബേക്ക പുറത്തായി...


ക്രിസ്റ്റഫർ ഡോക്ടറുടെയും ഈ ഇസബെല്ലായുടെയും കല്യാണമായിരുന്നു ആദ്യം ഉറപ്പിച്ചത്. കല്യാണം അടുത്ത് വന്ന സമയത്താണ് തെരേസാമ്മയ്ക്ക് സുഖമില്ലാതായത്, എന്താണ് കാര്യം എന്നറിയില്ല ഇസബെല്ല കല്യാണത്തിന് വിസമ്മതം പറഞ്ഞു അവൾക്ക് പകരം റബേക്കയെ ക്രിസ്റ്റഫർ കല്യാണം കഴിച്ചു. എല്ലാവർക്കും അത്ഭുതം ആയിരുന്നു. ആ പൊട്ടിപെണ്ണിനെ ഈ ഡോക്ടർ എന്ത്‌ കണ്ടു കെട്ടുവാ എന്ന് നാട്ടുകാർ ഒന്നടങ്കം അടക്കം പറഞ്ഞിരുന്നു... 


പിന്നീട് അല്ലേ കാര്യങ്ങളുടെ കിടപ്പ് മനസിലായത്... തെരേസാമ്മയ്ക്ക് ഒരു കിഡ്നി ആവശ്യം ഉണ്ടായിരുന്നു... പൈസ കൊടുക്കാതെ, മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതെ, ഫ്രീ ആയി ഒരു താലി ചരടിൽ ക്രിസ്റ്റഫർ ഡോക്ടർ കാര്യം റെഡിയാക്കി എന്നായിരുന്നു ഹോസ്പിറ്റലിൽ നിന്നറിയാൻ കഴിഞ്ഞത്. എന്റെ അനിയത്തി തര്യത്ത് ഹോസ്പിറ്റലിൽ ഫാർമ്മസിസ്റ്റ് ആണ് ... 


കാര്യം കഴിഞ്ഞതും അയാൾ ആ പെണ്ണിനെ ഉപേക്ഷിച്ചു അവളുടെ അനിയത്തി ഇസബെല്ലയുമായി തന്റെ കല്യാണം വീണ്ടും ഉറപ്പിച്ചു. സ്വന്തം വീട്ടുകാർക്ക് പോലും വേണ്ടാത്ത ആ പാവം പെണ്ണിനെ ക്രിസ്റ്റഫർ ഉപേക്ഷിച്ചതിൽ ആർക്കും പരാതിയും പരിഭവവും ഒന്നും ഇല്ലായിരുന്നു. പക്ഷേ അന്നും ഇന്നും എന്നെ കുഴക്കിയിരുന്നൊരു ചോദ്യമുണ്ട്, ഒരു കിഡ്നിക്ക് വേണ്ടിമാത്രമായിരുന്നോ റബേക്കയെ ക്രിസ്റ്റഫർ കല്യാണം കഴിച്ചത് എന്നു... സത്യം അതൊന്നുമല്ല... കാരണം ക്രിസ്റ്റഫറിന് നേരെ നീളുന്ന റബേക്കയുടെ ഓരോ നോട്ടത്തിലും ആ പുരുഷനോടുള്ള അവരുടെ അടങ്ങാത്ത പ്രണയം ഞാൻ പലപ്പോഴും ദർശിച്ചിരുന്നു..."


ചന്ദ്രജിത്ത് ഒന്നു ചിരിച്ചു... കബീർ മിഴിഞ്ഞ കണ്ണുകളോടെ അയാളെ നോക്കിയിരുന്നു... 


"പിന്നെ???" 


"പിന്നെയാണ് സാറേ കാര്യങ്ങൾ മാറി മറിഞ്ഞത്... നിന്നോട് എനിക്ക് വെറുപ്പാണ്... എന്ന് പരസ്യമായി റബേക്കയോട് പറയാറുള്ള ക്രിസ്റ്റഫറിന് പൊടുന്നനെ ഒരു ദിവസം ആ റബേക്കയോട് തീർത്താൽ തീരാത്ത പ്രണയം പൂവിട്ടു... ആ പ്രണയം അയാളെ ഒരു ഭ്രാന്തനും കൊലപാതകിയും വരെയാക്കി തീർത്തു.. "


"What...? "


"അതേ സാർ... ബാംഗ്ലൂർ ഉള്ള ഇവരുടെ തന്നെ ഒരു ഹോസ്പിറ്റലിൽ സുഖമില്ലാതെ കിടന്ന തെരേസാമ്മയെ കാണാൻ വന്ന റബേക്കയെ ഈ ജോർദാൻ ഉപദ്രവിക്കാൻ ശ്രമിച്ചു. ആ കാഴ്ച കണ്ടു വന്ന ക്രിസ്റ്റഫർ സർജിക്കൽ നൈഫ് ഉപയോഗിച്ച് അവനെ കുത്തികീറി എന്നാണ് സാക്ഷി മൊഴി... സാക്ഷി മറ്റാരുമല്ല നമ്മുടെ കണ്ടോത്തെ തരകൻ മാപ്പിളയാണ്..." 


കബീർ ഉദ്വേഗം അടക്കാൻ പാടുപെട്ടു... 


"ക്രിസ്റ്റഫറിനെ മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് എന്ന് ഞാൻ പറഞ്ഞത് അതാണ് സാർ... പുള്ളിക്കാരൻ ഒന്നും എതിർക്കാൻ പോയില്ല... കുറ്റമേറ്റ് നേരെ ജയിലിലേക്ക് പോയി... എന്നാലും പുള്ളിയുടെ കണ്ണുകൾ അപ്പോഴും റബേക്കയ്ക്ക് ചുറ്റുമായിരുന്നു..." 


"ഈ ജോർദാൻ മരിച്ചത് ക്രിസ്റ്റഫറിന്റെ കുത്തേറ്റു ആണോ?" കബീർ വെഗ്രതയോടെ ചോദിച്ചു. 


"ഹേയ് അല്ല... അവൻ കുറെ കാലം കോമയിലാണ് എന്ന നാടകം ഒക്കെ കളിച്ചു സൈലന്റ് ആയിട്ട് ഇരുന്നു. കാരണം ക്രിസ്റ്റഫറും തെരേസാമ്മയും സ്വത്തുക്കൾ എല്ലാം റബേക്കയുടെ പേരിൽ എഴുതികൊടുത്തിരുന്നു. എന്നിട്ട് എന്ത്‌ കാര്യം, ഈ ക്രിസ്റ്റഫർ ജയിലിൽ കിടന്ന സമയത്തെല്ലാം തര്യത്തെ സ്വത്തുക്കൾ അടക്കി ഭരിച്ചത് ഇസബെല്ലയും ജോർദാനും കൂടെയായിരുന്നു. എല്ലാത്തിനും കുടപിടിച്ചു കൊടുത്തത് തരകൻ ജോർജ്ജും. ആ പെണ്ണിനെ ഉപദ്രവിക്കാവുന്നതിന്റെ മാക്സിമം അവർ ദ്രോഹിച്ചിട്ടുണ്ട്. 


ഈ സമയത്ത് റബേക്കയെ തേടിയെത്തിയൊരു തണലായിരുന്നു ഗോവർധൻ സാർ. പുള്ളിക്കാരനെ തരകൻ എന്നു വേണ്ട ജോർദാനു പോലും ഭയമായിരുന്നു. റബേക്കയെ വർദ്ധൻ സാർ കല്യാണം കഴിച്ചതിന്റെ ഒരാഴ്ച കഴിഞ്ഞു ക്രിസ്റ്റഫർ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു... പുള്ളിക്കാരൻ തിരികെ വരുന്നത് അറിഞ്ഞു വെപ്രാളത്തിൽ ജോർദാൻ എങ്ങോട്ടോ നാട് വിട്ടു എന്നാണ് ഒരു കഥ. പക്ഷേ ജയിലിൽ നിന്ന് ഇറങ്ങിയതിന്റെ പിറ്റേന്ന് ക്രിസ്റ്റഫർ ഒരു വാഹന അപകടത്തിൽ കൊല്ലപ്പെട്ടു... ആ കാറിൽ ഗോവർധൻ സാറും ക്രിസ്റ്റഫറും മാത്രമായിരുന്നു ഉണ്ടായിരുന്നത്.


കബീർ ചന്ദ്രജിത്ത് പറയുന്ന ഓരോ വാക്കുകളും സൂക്ഷ്മതയോടെ കേട്ടിരുന്നു... 


"ആ ആക്സിഡന്റിൽ ഗോവർധൻ സാറിനു ഗുരുതരമായി പരിക്കേറ്റിരുന്നു. മരിച്ച ക്രിസ്റ്റഫറിന്റെ ഹൃദയമാണ് ഗോവർധൻ സാറിന്റെ ശരീരത്തിൽ പിന്നീട് തുടിച്ചത്... കഥകൾ പലതും പലരും പറയുന്നുണ്ട്... തിരക്കി അറിഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റിയതായി ലഭിച്ച തെളിവുകളാണ് ഞാൻ ഈ പറഞ്ഞത് എല്ലാം..."


ചന്ദ്രജിത്ത് നെടുവീർപ്പിട്ടു... 


" അപ്പോൾ റബേക്ക..." കബീർ ചോദിക്കാൻ വന്നത് മിഴുങ്ങി.. 


"ഗോവർധൻ സാർ ഹോസ്പിറ്റലിൽ നിന്ന് തിരികെ വീട്ടിലെത്തിയത് റബേക്കയെയും കൂട്ടിയായിരുന്നു... ഈ തര്യത്തെ സ്വത്തുക്കൾ എല്ലാം പുള്ളിക്കാരിയുടെ പേരിലായിരുന്നു. ആ ഒരു മുറുമുറുപ്പ് പലർക്കും എന്നും അവരോട് ഉണ്ടായിരുന്നു. ക്രിസ്റ്റഫറും, തെരേസാമ്മയും വിൽപത്രത്തിൽ എഴുതിയിരുന്നത് അനുസരിച്ചായിരുന്നു റബേക്ക ഓരോ കാര്യങ്ങളും ചെയ്തിരുന്നത്. വർധൻ സാർ എന്നും അവർക്കൊപ്പം തന്നെ നിലകൊണ്ടു ... 


ചില വൈകുന്നേരങ്ങളിൽ ഒക്കെ നാഷണൽ ക്ലബിൽ വച്ചു ഞാൻ സാറിനെ കാണാറുണ്ടായിരുന്നു... മിക്കവാറും ആ സമയമെല്ലാം ഫോണിൽ റബേക്കയോട് ചിരിച്ചു സംസാരിച്ചു ഒരു സിഗരറ്റും പുകച്ചു പുള്ളി ഇരിക്കുന്നത് കാണാം. അവർ തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു. ഏഴ് ദിവസം ആ മനുഷ്യൻ എങ്ങനെയോ സഹിച്ചു നിന്നതാണ് തന്റെ പ്രിയപെട്ടവളുടെ വിയോഗം. സാറിനറിയുമോ? ആ രണ്ടു മരണം അറിഞ്ഞ നാള് തൊട്ട് ഇപ്പോൾ വരെയും ഉറക്കത്തിൽ എന്റെ കരങ്ങൾ സുമിയെ തേടാറുണ്ട്... എന്റെ ഭാര്യയെ... ഒരു ആശ്വാസം... അടുത്തുണ്ട് എന്നറിയുമ്പോൾ... എന്നാലും ആരായിരിക്കും സാർ റബേക്കയെ കൊന്നത്? വർധൻ സാർ ആത്മഹത്യ ചെയ്തത് ആണോ ?"


കബീർ അനങ്ങിയില്ല. അയാൾ അലിവോടെ ചന്ദ്രജിത്തിനെ നോക്കി... 


"ഇമോഷണൽ ആകാതെ... നമ്മുക്ക് ശ്രമിക്കാം ആ കൊലയാളിയുടെ അടുത്തെത്താൻ... അവനോട് ചോദിക്കാം എന്തിനായിരുന്നു? എന്ത് നേടാനായിരുന്നുവെന്ന് !!!"


സ്വരത്തിൽ കഴിയുന്നത്ര നിസ്സംഗത വരുത്തി കബീർ പറഞ്ഞു. പുറത്ത് 

മഴ നിർത്താതെ പെയ്‌തു കൊണ്ടേയിരുന്നു... കബീർ മഴയുടെ ആക്രോശം ആരോട് എന്നോർത്തു സീറ്റിലേക്ക് ചാരിയിരുന്നു മിഴികൾ അടച്ചു പിടിച്ചു. ആ മിഴികൾക്ക് ഉള്ളിൽ ഖദീജയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു... 


ഈ സമയം ഏദൻ തോട്ടത്തിലേ പൂന്തോട്ടം നിറയെ വിരിഞ്ഞു നിന്നിരുന്ന വാടാമല്ലി പൂക്കൾ മഴത്തുള്ളികളുടെ തലോടൽ ഏറ്റ് ക്ഷീണിച്ചു തല താഴ്ത്തി നിൽക്കുന്നത് റബേക്കയുടെ മുറിയിലെ തുറന്ന ജാലകത്തിനു അരികിൽ നിന്നൊരാൾ നോക്കുന്നുണ്ടായിരുന്നു. അയാളുടെ മിഴികൾ നിറഞ്ഞിരുന്നു. മഴയുടെ തെളിനീരിനെക്കാൾ തെളിഞ്ഞതായിരുന്നു അവന്റെ മിഴിനീർ തുള്ളികൾ... അവൾ തന്റെ അരികിലിരുന്നു വിതുമ്പിക്കരയുകയായിരുന്നു, അവളുടെ വിതുമ്പൽ തന്റെ കാതുകളെ വേദനിപ്പിക്കുന്നതായി അയാൾ അറിഞ്ഞു. 


"ബീ ..."


ഞാൻ വലതു കൈത്തലത്താൽ അവളുടെ ചുമലിൽ തഴുകിതട്ടി വിളിച്ചു, അവൾ മുഖം മെല്ലെ എന്റെ മുഖത്തിനു നേരെ ഉയർത്തിപ്പിടിച്ചു പറഞ്ഞു:


"എന്റെ കഴുത്തിൽ മിന്നു കെട്ടിയ നാൾ മുതൽ എന്നെ ക്രിസ്റ്ററ്റിക്ക് വെറുപ്പായിരുന്നു, എന്നാൽ എന്റെ മനസ്സ് ഡോക്ടർ ക്രിസ്റ്റഫറിനെ എന്നും അഗാധമായി പ്രണയിച്ചിരുന്നു. ഇന്നും നിങ്ങളോട് എന്റെ ഹൃദയത്തിൽ നിറഞ്ഞു തുളുമ്പുന്ന വികാരത്തിന് എന്ത് പേരിട്ടു വിളിക്കണം എന്നെനിക്കറിയില്ല. വർധനെ... വർധനെ... എനിക്ക് ഒരുപാട് ഇഷ്ടമാണ്, സ്നേഹമാണ്, ജീവനാണ്... എന്റെ ഇനിയുള്ള ജീവിതം വർധനൊപ്പം, വർധനു വേണ്ടി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ക്രിസ്റ്റഫറിനെ മറക്കാൻ എനിക്ക് ഈ ജന്മം കഴിയില്ല, സത്യം... കള്ളം പറഞ്ഞു എനിക്ക് ഒന്നും നേടേണ്ട."


അവൾ വലതു കൈപ്പടം എന്റെ തലയിൽ നിവർത്തി വച്ചു പറഞ്ഞു, തന്റെ ഈ പ്രസ്താവനയുടെ മറുപടിയായി ഞാൻ അവളോട് ദേക്ഷ്യപ്പെടുമെന്നും വെറുപ്പ് കാട്ടുമെന്നും ഉപദ്രവിക്കുമെന്നും കരുതി ഭയന്ന് എന്റെ ദേഹത്തു നിന്നും വേർപെട്ടു മാറാൻ ശ്രമിച്ച റബേക്കയെ ഞാൻ ബലമായി എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു അവളുടെ കാതോരം പതിയെ പറഞ്ഞു,


"ഞാൻ സ്നേഹിക്കുന്ന പോലെ നീ എന്നെ തിരിച്ചു സ്നേഹിക്കണം എന്നാഗ്രഹിക്കാൻ മാത്രമേ എനിക്ക് കഴിയൂ ബീ... ക്രിസ്റ്റിയെ വെറുക്കുന്നുവെന്നു നീ പറഞ്ഞു, എന്നാൽ ക്രിസ്റ്റഫറിനെ നിനക്ക് പ്രിയമാണെന്നും. സ്വന്തം ജീവനെപ്പോലെ പ്രണയിച്ചൊരാളെ മരണം വരെയും മറക്കാൻ സത്യസന്ധരായ ഒരാണിനോ പെണ്ണിനോ കഴിയില്ല. ഇനി മറന്നു എന്ന് പറഞ്ഞാൽ തന്നെ അത് ഒരു കള്ളമാണ്, ഒരു തരം അഭിനയമാണ്, ജീവിക്കാനായി. എന്നാൽ നീ എനിക്ക് മുന്നിൽ അഭിനയിച്ചില്ല, കള്ളം പറഞ്ഞതുമില്ല. നിന്നെ എന്റെ ജീവനായി പ്രണയിക്കാൻ, സ്നേഹിക്കാൻ ഇനി വേറെന്തെങ്കിലും ഒരു കാരണം എനിക്ക് വേണോ?"


റബേക്ക അവളുടെ നിറഞ്ഞ മിഴികൾ ഒന്നു ചിമ്മിയടച്ചു, വർഷങ്ങൾക്ക് മുൻപൊരു തണുത്ത ക്രിസ്മസ്സ് രാവിൽ ആകാശത്തിൽ തിളങ്ങുന്ന നക്ഷത്രങ്ങളെ തന്റെ കൈകൾക്കുള്ളിലാക്കി എന്ന പോലെ തന്റെ മുഷ്ടി ചുരുട്ടിപ്പിടിച്ചു എനിക്ക് നേരെ നീട്ടി ഡോക്ടർ ക്രിസ്റ്റഫർ തന്റെ മുൻപിൽ ചിരിച്ചുകൊണ്ടു നിൽക്കുന്നതായി റബേക്കയ്ക്ക് തോന്നി.


"ബീ ..."


എന്റെ സ്വരം അവളെ ഓർമ്മകളിൽ നിന്നുണർത്തി,അവളുടെ നനഞ്ഞ കൺപോളകൾക്ക് മീതെ എന്റെ അധരങ്ങൾ ചേർത്തുമ്മ വച്ചുകൊണ്ട് ഞാൻ പറഞ്ഞു:


"നീ വർധനെ ക്രിസ്റ്റഫറായി കരുതി സ്നേഹിക്കുക... പോകെ പോകെ നിനക്ക് മനസിലാകും നിന്റെ മനസ്സ് നിറയെ വർദ്ധൻ മാത്രമാണ് നിറഞ്ഞു നിൽക്കുന്നതെന്ന്."


അവന്റെ വാക്കുകൾ അവളുടെ ചെവികൾക്ക് ഉള്ളിൽ ഹുങ്കാരം മുഴക്കി, തന്റെ അരികിൽ തന്നോട് ചേർന്നു കിടക്കുന്ന പുരുഷൻ ഡോക്ടർ ക്രിസ്റ്റഫർ ആണെന്ന് അവൾക്ക് ആ നിമിഷം മനസ്സിലായി. റബേക്ക തന്റെ മിഴികൾ ഇറുകെ ചേർത്തടച്ചു, അവളുടെ മിഴികൾക്ക് ഉള്ളിൽ ഒരു രംഗം തെളിഞ്ഞു വന്നു. തന്റെ അരികിൽ നിന്നിരുന്ന ക്രിസ്റ്റിയുടെ നേരെ ഇരുകൈകളും നീട്ടി അവൾ കൈത്തലം ചുരുട്ടി പിടിച്ചു.


"എന്റെ മനസ്സിൽ രണ്ടു ആശകളുണ്ട്, അതിൽ ഒന്നെങ്കിലും ഇന്നത്തെ ഈ രാത്രിയിൽ എനിക്ക് തരാമോ ഇച്ചായാ...?"


റബേക്ക ചുരുട്ടിപ്പിടിച്ച ആ കൈത്തലങ്ങൾ കവർന്നെടുത്ത് മൃദുവായി ക്രിസ്റ്റി ചുംബിച്ചു. പിന്നീട് തന്റെ ഇരുകൈകളും ആകാശത്തിലേക്ക് ഉയർത്തി ചുഴറ്റി ചുരുട്ടിയെടുത്തു റബേക്കയുടെ മുഖത്തിന്‌ നേരെ ചേർത്തു പിടിച്ചു ക്രിസ്റ്റി കരുണ നിറഞ്ഞ മിഴികളൊടെ അവളെ നോക്കി പറഞ്ഞു,


"ബീ... ആ ആകാശത്തിൽ തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങളെയും, നമ്മുക്ക് മേൽ തന്റെ പൂനിലാവ് തൂകി നിന്നെ നോക്കി പുഞ്ചിരിക്കുന്ന ഈ പനിമതിയെയും എന്റെ ഈ രണ്ടു കൈപ്പിടിക്കുള്ളിലാക്കി ഞാൻ നിനക്ക് ഈ രാത്രിയിൽ സമ്മാനിക്കുകയാണ്, പക്ഷെ നീ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഈ ക്രിസ്റ്റഫർ അടുത്ത ജന്മം എന്നൊന്ന് നമ്മുക്ക് ഉണ്ടെങ്കിൽ നിന്റെമാത്രം സ്വന്തമായി മാറിക്കൊണ്ട് ഇതുപോലെയൊരു ക്രിസ്മസ്സ് രാത്രിയിൽ നിന്നോട് പറയുന്നതാണ്... ഇപ്പോൾ എന്റെ കൈകൾക്കുള്ളിൽ നിനക്കായി ഞാൻ കൂട്ടിവച്ചിരിക്കുന്ന ഈ രണ്ടു സ്വപ്നങ്ങളിൽ ഏതെങ്കിലും ഒരെണ്ണം നിനക്ക് എന്നോട് ആവശ്യപ്പെടാം."


റബേക്ക അയാളെ നോക്കി ദീനമായി ചിരിച്ചു. അവൾ തന്റെ ഇരുകൈകളും ഉയർത്തി ക്രിസ്റ്റിയുടെ ഇരു കൈത്തലങ്ങളും കവർന്നു പറഞ്ഞു,


"എന്തൊരു ചതിയാണ് അല്ലേ, ജീവൻ വേണോ ജീവിതം വേണോ എന്ന് ചോദിക്കുന്നു, ജീവൻ ഉണ്ടെങ്കിൽ മാത്രമേ ജീവിതമുള്ളു, എന്റെ ജീവനും ജീവിതവും നിങ്ങളാണ്. എനിക്ക് മനസിലാക്കാൻ കഴിയുന്നില്ല ഒരു പുരുഷന്റെ മനസ്സ്. എന്റെ അമ്മ അപ്പയെ ഒരുപാട് സ്നേഹിച്ചു, അപ്പ ആഗ്രഹിച്ച പോലെ അല്ലെങ്കിൽ അതിലിരട്ടിയായി, പക്ഷേ ഒരിക്കൽ എങ്കിലും അമ്മയിലെ പെണ്ണ് ആഗ്രഹിച്ച പോലെയൊരു സ്നേഹം, കരുതൽ തിരികെ നൽകാൻ തരകൻ ജോർജ്ജ് എന്ന പുരുഷന് കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്,ക്രിസ്റ്റി ... ആയിരം വർണ്ണങ്ങൾ നിറഞ്ഞ എന്റെ സ്വപ്നങ്ങൾ എല്ലാം നിങ്ങളാണ്, നിങ്ങളെ ചുറ്റിപ്പറ്റിയാണ്... നിശ്ശബ്ദമായ എന്റെ ലോകത്ത് ഞാൻ ആദ്യമായി തിരിച്ചറിഞ്ഞ സ്നേഹസ്പന്ദനം നിങ്ങളുടെ ഈ ഹൃദയത്തിന്റെ താളമാണ്... ഈ റബേക്ക ആഗ്രഹിക്കുന്നത് നിങ്ങളുടെ സ്വന്തമായി ജീവിച്ചു മരിക്കാനാണ്..."


ക്രിസ്റ്റഫറിന്റെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു, അയാൾ പരിസരം മറന്നു... താൻ ഇസബേലിന് ഒപ്പിട്ട് നൽകിയ കരാറിലെ ഓരോ വാക്കുകളെയും വിസമരിച്ചു... തന്നെ സ്വന്തമാക്കാൻ കൊതിക്കുന്ന ആ പാവം പെണ്ണിന്റെ അരികിലേക്ക് ചെന്നു അവളെ തന്റെ മാറോടു ചേർത്തു പിടിച്ചു റബേക്കയുടെ മൂർദ്ധാവിൽ പ്രണയാർദ്രമായി ചുംബിച്ചു, അവളുടെ ഉടലിന്റെ പിടച്ചിൽ അവന്റെ ഉടൽ സ്വീകരിച്ചു. 


തന്റെ മുഖം റബേക്കയുടെ നെറ്റിയിലേക്ക് ചേർത്തു വച്ചു ക്രിസ്റ്റഫർ വികാരാധീനനായി പറഞ്ഞു, 

"ഒരു പെണ്ണിന്റെ മനസ്സ് അത് മറ്റൊരു പെണ്ണിന് പോലും പൂർണ്ണമായും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല... ഈ നിമിഷം വരെയും. പിന്നെങ്ങനെയാണ് അവൾ ഒരു ആണിൽ നിന്ന് ആഗ്രഹിക്കുന്ന സ്നേഹത്തിന്റെ ആഴം അവൻ മനസിലാക്കുന്നത്, ബീ... ഒരു പെണ്ണ് ജനിക്കുമ്പോൾ തന്നെ അവൾക്കൊപ്പം ഒരമ്മയും ജനിക്കുന്നു, താൻ നൽകുന്ന സ്നേഹത്തിന് കണക്ക് സൂക്ഷിക്കാൻ അവൾക്ക് കഴിയില്ല കാരണം സ്ത്രീ ഒരമ്മയാണ്, അമ്മയുടെ സ്നേഹത്തിന് ആരെങ്കിലും വിലയിടുമോ? നിന്റെ അപ്പനെ പോലെ അല്ല ഞാൻ പക്ഷേ ചില സാഹചര്യങ്ങൾ മൂലം എനിക്കും നീ ആഗ്രഹിക്കുന്ന പോലെയൊരു സ്നേഹം നിന്നിലേക്ക് പകർന്നു തരാൻ കഴിയുന്നില്ല... പക്ഷേ ഈ ജന്മം ഞാൻ നീയല്ലാതെ മറ്റൊരു പെണ്ണിന്റെ സ്വന്തമാകില്ല... എന്നും എന്റെ മരണം വരെയും നിന്നെ മാത്രമേ ഞാൻ പ്രണയിക്കുകയുള്ളു..."


റബേക്ക ഹൃദയവേദന താങ്ങാൻ കഴിയാതെ അയാളെ ശക്തിയായി വരിഞ്ഞുമുറുക്കിക്കൊണ്ട് പുലമ്പി,

"ഞാനൊരു സ്വാർത്ഥയാണ് ഇച്ചായാ, ഞാനെന്നല്ല എല്ലാ അമ്മമാരും അവരുടെ മക്കളുടെ കാര്യത്തിൽ സ്വാർത്ഥരാണ്. എന്റേത് മാത്രം, മറ്റൊരാവകാശികളുമില്ലാതെ, എന്നിൽ ഉദിച്ചു എന്നിൽത്തന്നെ എരിഞ്ഞു തീരുന്നൊരു പ്രണയം, ഞാൻ നിങ്ങളോട് വേറെയൊന്നും ചോദിച്ചില്ലല്ലോ?"


ക്രിസ്റ്റഫർ ആകെ അസ്വസ്ഥനായി, അയാൾ റബേക്കയെ ബലമായി തന്റെ ദേഹത്തു നിന്ന് വിടർത്തി മാറ്റിയ ശേഷം മിഴിനീരാൽ നനഞ്ഞു കുതിർന്ന അവളുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ടു പറഞ്ഞു,

"ഈ ജന്മം നിനക്കായി എനിക്ക് തരാൻ കഴിയുന്നതേ എന്നോട് നീ ചോദിക്കാൻ പാടുള്ളു, ചിലപ്പോൾ നീ ആഗ്രഹിച്ച ആ സ്നേഹം ഈ ജന്മം നിന്നിലേക്ക് പകർന്നു തരുന്നത് ഞാനല്ല മറ്റാരെങ്കിലും ആകും ബീ... ഹാപ്പി ക്രിസ്സ്മസ്സ്..."


അവളുടെ ചെവിയിലിരുന്ന ഹിയറിങ് എയ്ഡിന്റെ ബഡ്‌സ് ഓഫ്‌ ചെയ്തു ഊരിമാറ്റിയിട്ട് ക്രിസ്റ്റഫർ ആ മുറിയുടെ വാതിലിന് നേരെ തിരിഞ്ഞു നടന്നു, റബേക്ക അയാളുടെ ഉത്തരത്തിനുള്ള മറുചോദ്യം ചോദിക്കുന്നതിനു മുൻപേ... നിറഞ്ഞു തുളുമ്പുന്ന തന്റെ മിഴികളുടെ നീരൊഴുക്കിനെ അവഗണിച്ചു കൊണ്ടു ക്രിസ്റ്റഫർ വേഗത്തിൽ മുന്നോട്ട് നടന്നു, പിന്നിൽ നിന്ന് അവൾ തന്നെ പേരെടുത്തു ഉറക്കെ വിളിക്കുന്നത് കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ അയാൾ തന്റെ കാലുകളുടെ വേഗത കൂട്ടി.


"വർധൻ ... വർധൻ..!!" അവൾ പതിയെ പിറുപിറുക്കാൻ തുടങ്ങി.

"ക്രിസ്റ്റി... എന്റെ പേര് വർധൻ എന്നല്ല ബീ..., ഈ രാത്രിയിൽ ഇനി വർധനെ കാണാനായി ആലത്തൂർ പോകാൻ കഴിയില്ല... നേരം വെളുക്കട്ടെ നമ്മുക്ക് പോകാം നിന്റെ വർദ്ധന്റ അരികിലേക്ക് , ഇപ്പോൾ നീ ഉറങ്ങിക്കോ."


റബേക്ക ഗാഢമായ ഉറക്കത്തിലായിരുന്നു വർധന്റെ പേര് ഉരുവിട്ടത് എന്ന് ക്രിസ്റ്റഫർ അറിഞ്ഞിരുന്നില്ല, തന്നെ വലയം ചെയ്തിരുന്ന അവളുടെ കൈകൾ ഈ നിമിഷം തേടുന്നത് വർധൻ അവൾക്ക് നൽകിയിരുന്ന സ്വാന്തനത്തിനു വേണ്ടിയാണ് എന്നയാൾക്ക് മനസ്സിലായി. അവളുടെ മനസ്സിൽ നിന്ന് വർധനെ പൂർണ്ണമായും മായ്ച്ചു കളയാൻ തനിക്കു ഈ ജന്മം കഴിയില്ല എന്ന് അയാൾ ഓർത്തെടുത്തു, തന്റെ മാറോട് ചേർന്നുറങ്ങുന്ന ആ പാവം പെണ്ണിനോട് ക്രിസ്റ്റിക്ക് വെറുപ്പ് തോന്നിയില്ല, അകൽച്ച തോന്നിയില്ല, പകരം അവളോട് അനുതാപവും സഹതാപവും ബഹുമാനവും തോന്നി, തന്റെ സത്യം ഒട്ടും മടിയില്ലാതെ തുറന്നു പറഞ്ഞതിന്... കള്ളം പറഞ്ഞു വർധന്റെ സ്വന്തമാകാൻ ശ്രമിക്കാത്തതിന്...


"വർധൻ..."

അയാൾ അവളുടെ പിറുപിറുക്കൽ കേട്ടു മന്ദഹാസം തൂകി,

"വർധൻ അല്ല ക്രിസ്റ്റഫർ...!"


റബേക്കയുടെ മുഖത്തു ഉദിച്ചിരുന്ന നിലാവ് മങ്ങിയത് ആ മുറിയിലെ മങ്ങിയ വെളിച്ചത്തിന്റെ നിഴലിൽ അയാൾ കണ്ടു, അയാൾ അവളെ ബെഡിലേക്ക് നീക്കികിടത്തി തലയിണ എടുത്തുവച്ചു റബേക്കയുടെ ശിരസ്സിനടിയിലേക്ക് ചേർത്തു വച്ച ശേഷം അവൾക്ക് അരികിലായി കിടക്കയിൽ കയ്യൂന്നി തലഉയർത്തി വച്ചു ക്രിസ്റ്റഫർ റബേക്കയുടെ ഉറക്കം നോക്കിയിരുന്നു, പിന്നെ പതിയെ അയാളും ഉറക്കത്തിലേക്ക് ആഴ്ന്നു പോയി.


അവൾ തന്നിൽ നിന്ന് ഒരുപാട് ദൂരത്തേക്ക് അകന്നു പോയതായി ആ നിമിഷം തന്റെ മനസ്സ് തന്നോട് മന്ത്രിക്കുന്നത് ക്രിസ്റ്റഫർ അറിഞ്ഞു, തന്റെ ഒരാളുടെ തെറ്റു കൊണ്ടു നഷ്ടമായ അവളുടെ സന്തോഷം, ജീവിതം, സ്നേഹം, എല്ലാം തിരികെ നേടിക്കൊടുത്തു, നേടിയെടുത്തു അവളെ വീണ്ടുമൊരിക്കൽ കൂടി തന്റെ മണവാട്ടിയാക്കി മാറ്റുമെന്നു ക്രിസ്റ്റഫറിന്റെ മനസ്സ് അവനോട് ആ നിമിഷം പ്രതിജ്ഞ ചെയ്തു... മഴയുടെ ഹുങ്കാരം അയാളുടെ ഓർമ്മകളെ വീണ്ടും പെയ്തുണർത്തി... വാടാമല്ലിപൂവിനേക്കാൾ സുന്ദരിയായ ആ പെണ്ണിനെ അവസാനമായി ഒന്നൂടെ കാണാൻ അയാളുടെ മനസ്സ് തുടി കൊട്ടി. ഡോർ തുറക്കുന്ന ശബ്ദം കേട്ടു അയാൾ തിരിഞ്ഞു നോക്കി... 


------------------------------------------------------------


കബീർ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ മണി ഏഴു കഴിഞ്ഞിരുന്നു. നാളെ രാവിലെ തരകൻ ജോർജിന്റെ ഭാര്യയെയും മകളെയും, അയാളുമായി ശത്രുതയിൽ നിന്നിരുന്ന മൂന്നാലു ബിൽഡേഴ്സിനെയും രാഷ്ട്രീയ നേതാക്കളെയും ഒപ്പം ഒന്നു രണ്ടു വട്ടപലിശക്കാരെയും കൂടെ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് രാവിലെ വിളിച്ചു വരുത്തണമെന്ന് ചന്ദ്രജിത്തിനോട് പറഞ്ഞിട്ട് ആണ് ഞാൻ ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചത്. ഖദുവിന്റെ മിസ്സ്‌ കോളുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചപ്പോൾ രണ്ടു ദിവസത്തിനുള്ളിൽ കേസിന്റെ കാര്യത്തിൽ എന്തെങ്കിലും നീക്കുപോക്ക് ഉണ്ടാക്കേണ്ടതിനാൽ കുറച്ചു തിരക്കാണ് എന്നു പറഞ്ഞു ഖദീജയെ ഞാൻ അനുനയിപ്പിച്ചിരുന്നു. ഏറ്റോ എന്തോ? അവൾക്ക് ഇപ്പോൾ വന്നു വന്നു കൊച്ചു കുട്ടികളുടെ സ്വഭാവമാണ്. കഴിഞ്ഞു പോയ ഏതോ ഒരു രാത്രിയിൽ കൊഞ്ചിക്കാൻ ഒരു കുട്ടിയില്ലാത്ത കൊണ്ടാണ് നീ ഇത്ര വഷളായത് എന്ന് പറഞ്ഞു അവളുടെ കഴുത്തിൽ ഞാൻ മൃദുവായി ചുംബിച്ചു. പകരം കിട്ടിയത് ചുംബനമല്ലായിരുന്നു, ജലത്തുള്ളികളുടെ പ്രവാഹമായിരുന്നു... അങ്ങനെ പറയേണ്ടായിരുന്നു എന്ന് തോന്നി...ആ രാത്രിയിൽ ഞാൻ ഉറപ്പിച്ചു ഖദു തന്നെയാണ് എനിക്ക് മകൾ, ഞാൻ അവളുടെ മകനും ... 


കുളിച്ചു ഡ്രസ്സ്‌ മാറി കബീർ ഡ്രസിങ് റൂമിൽ അഴിച്ചിട്ടിരുന്ന യൂണിഫോമിന്റെ പോക്കറ്റിൽ നിന്ന് ക്രിസ്റ്റഫറിന്റെ മുറിയിൽ നിന്നും എടുത്തു കൊണ്ടു വന്ന ആ ഹാൻഡ് ബുക്ക്‌ പുറത്തേക്ക് എടുക്കുന്നു. പുതുമണം നഷ്ടമാകാത്ത ബുക്ക്‌. അയാളുടെ തലച്ചോറിൽ മിന്നലുകൾ പാഞ്ഞു. കബീർ ആ ഹാൻഡ് ബുക്കും മൊബൈലുമായി ബെഡിലേക്ക് ചെന്നിരുന്നു. നൂറു പേജിൽ താഴെയുള്ള ഒരു ചെറിയ ബുക്ക്‌. കബീർ ആ ബുക്ക്‌ തുറന്നു നോക്കി. ആദ്യ പേജ് തന്നേ അയാളെ അത്ഭുതപ്പെടുത്തി. തരകൻ ജോർജിന്റെ അരികിൽ നിന്നും ലഭിച്ച ആ ചെറിയ ബൈബിളിലെ പോലെ ആദ്യത്തെ പേജ് കുറച്ചു ഭാഗം താഴേക്ക് കീറി ചുരുട്ടി വച്ചിരിക്കുന്നു. ഓരോ പേജിനും ഓരോ നിറം. മഴവില്ല് പോലെ. പേജുകൾ മറിച്ചു നോക്കുന്നതിനിടയിൽ എന്റെ വലതു കയ്യുടെ വിരലുകൾക്ക് ഇടയിലേക്ക് ആ ബുക്കിന്റെ പുറം ചട്ടയിൽ കൊരുത്തുന്നൊരു കട്ടികൂടിയ ചരട് കുരുങ്ങി, പേജുകൾ മറിച്ചു നോക്കുന്ന വെപ്രാളത്തിൽ ഞാൻ ആ ചരട് വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചു... ആ ബുക്ക്‌ രണ്ടായി പിളർന്നു കബീറിന്റെ മടിയിൽ നിന്നും നിലത്തേക്ക് വീണു...


തുടരും...


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance