Prasanth Narayanan

Action Crime Thriller

3.3  

Prasanth Narayanan

Action Crime Thriller

മർഡർ @ കോവിഡ് 19 (ഭാഗം 3)

മർഡർ @ കോവിഡ് 19 (ഭാഗം 3)

11 mins
248


അഞ്ജലി എറണാങ്കുളം ടൗൺ പോലീസ് സ്റ്റേഷൻ ഗെയ്റ്റിന് മുന്നിൽ ഒരു പ്രാവശ്യം കൂടി സംശയിച്ച് നിന്നു. കഴിഞ്ഞ രണ്ട് ദിവസമായി പലവട്ടം ആലോചിച്ച് എടുത്ത തീരുമാനം ആണ്. വരുന്നിടത്ത് വെച്ച് കാണാം, അവൾ പോലീസ് സ്റ്റേഷൻ്റെ ഗെയ്റ്റ് കടന്ന് ഉള്ളിലേക്ക് നടന്നു. 


രവി മേനോൻ സാറെ തനിക്ക് ഈ മാർച്ച് മാസം മുതൽ മാത്രമേ പരിചയം ഉള്ളൂ എങ്കിലും ഈ കുറഞ്ഞ കാലയളവിൽ അദ്ദേഹത്തിൻ്റെ നല്ല മനസ്സ് മനസ്സിലാക്കാൻ അഞ്ജലിക്ക് പലവട്ടം സാധിച്ചിട്ടുണ്ട്. സ്വന്തം അനുഭവവും മറിച്ചായിരുന്നില്ല. 2020 മാർച്ച് 20ന് ചെന്നൈ നിന്ന് വണ്ടി കയറുമ്പോൾ ഇങ്ങനെ ഒക്കെ ആയി തീരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 


ചെന്നൈയിലെ സ്വകാര്യ സോഫ്റ്റ് വെയർ കമ്പനിയിൽ ഉയർന്ന ശമ്പളത്തിലാണ് അജ്ഞലി ജോലി ചെയ്തിരുന്നത്. ആദ്യം ജോലി ലഭിച്ചത് മുംബെയിൽ ആയിരുന്നു അവിടെ രണ്ട് വർഷം പിന്നെ അതേ കമ്പനിയുടെ പ്രമോഷൻ പോസ്റ്റിൽ ചെന്നൈക്ക്. ഏക മകളെ ദൂരത്ത് ജോലിക്കയക്കാൻ രക്ഷിതാക്കൾക്ക് മടിയുണ്ടായിരുന്നിട്ടും തൻ്റെ നിർബന്ധത്തിന് വഴങ്ങി അവർ സമ്മതിക്കുകയായിരുന്നു. അച്ഛന് സുഖമില്ലെന്ന് അമ്മ വിളിച്ചപ്പോൾ പിന്നെ കൂടുതൽ താമസിച്ചില്ല അപ്പോൾ തന്നെ നാട്ടിലേക്ക് പുറപ്പെട്ടു. ഹൃദയസ്തംഭനം അപ്പോഴേക്കും അച്ഛൻ്റെ ഇടതു ഭാഗം തളർത്തിയിരുന്നു. നാട്ടിൽ സ്ഥിതിഗതികൾ പെട്ടെന്ന് മാറി മാർച്ച 24, 2020 ഇന്ത്യയിൽ നിലവിൽ വന്ന ലോക്ക് ഡൗൺ സത്യത്തിൽ അഞ്ജലിയെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. കൊച്ചിയിലെ വീട് വിട്ട് ചെന്നൈയിലേക്ക് വരാൻ രക്ഷിതാക്കൾ ഒരിക്കലും തയ്യാറാവില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് നാട്ടിൽ ഒരു ജോലിക്കായി അവൾ ശ്രമം ആരംഭിച്ചു. 


രവി മേനോൻ ഇൻഫോടെക്കിൽ റിസപ്ഷനിസ്റ്റിൻ്റെ ഒഴിവ് കണ്ടപ്പോൾ വെറുതെ അപേക്ഷിച്ചു. തൻ്റെ ജോലി ഇതല്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെ. മാർച്ചിൽ തന്നെ ആയിരുന്നു ഇൻ്റർവ്യൂ... അടുത്തുള്ള സ്ഥാപനത്തിലേക്ക് നടന്ന് തന്നെയാണ് പോയത്. കോവിഡ് പ്രശ്നം ഉള്ളത് കാരണം താനല്ലാതെ മാറ്റാരും ഇൻറർവ്യൂവിന് വന്നതായി കണ്ടില്ല. അഭിമുഖത്തിന് ഇരിക്കുമ്പോൾ രവിമേനോൻ സർ ശാരീരിക പരിമിതികൾ ഉള്ള ആളാണെന്ന് അറിയില്ലായിരുന്നു. 


" ഇത്രയൊക്കെ ക്വാളിഫിക്കേഷനും എക്സ്പീരിയൻസും ഉണ്ടായിട്ടും ... എന്ത് പറ്റി ഒരു റിസപ്ഷനിസ്റ്റിൻ്റെ ജോലിക്ക് അപേക്ഷിക്കാൻ?" ലളിതമായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. 


"സർ അച്ഛന് സുഖമില്ല... ഞാൻ ഏക മകൾ ആണ്." 


"എന്ത് പറ്റി അച്ഛന്?" നിലവിലെ സാഹചര്യം ചെറുതായൊന്ന് വിശദീകരിക്കേണ്ടി വന്നു. ഒരു ജോലിക്ക് വേണ്ടി ഒരു പാട് ഇൻ്റെർവ്യൂവിൽ പങ്കെടുത്തിട്ടുള്ള അഞ്ജലിയെ രവി മേനോൻ അന്ന് ശരിക്കും അത്ഭുതപ്പെടുത്തി. ഓഫീസ് മുറിയിലേക്ക് കയറി വന്ന സോഫിയ മാഡത്തിനെ അന്നാണ് അഞ്ജലി ആദ്യമായി കണ്ടത്.


" സോഫിയ ദിസ് ഈ അഞ്ജലി ... നമ്മുടെ പുതിയ റിസപ്ഷനിസ്റ്റും അടുത്ത പ്രോജക്റ്റിൻ്റെ ടീം ലീഡറും ആണ്... മെയ്ക്ക് എൻ അപ്പോയൻ്റെ ഓർഡർ." ഒരു ടീം ലീഡർ ആയ റിസപ്ഷനിസ്റ്റ് ആരുടേയും തലയിൽ ഉദിക്കാത്ത ആശയമാണ്, പ്രത്യേകിച്ച് പ്രൊഫഷണൽ ജലസി നിലനിൽക്കുന്ന സോഫ്റ്റ് വെയർ മേഖലയിൽ.


 " തൻ്റെ സാലറി ഞാൻ പിന്നീട് ഫിക്സ് ചെയ്യാം... പ്രത്യേകിച്ച് ബുദ്ധിമുട്ടില്ലെങ്കിൽ ഇന്ന് തന്നെ ജോലി തുടങ്ങാം" .അന്ന് തുടങ്ങിയതാണ് രവിമേനോൻ ഇൻഫോടെക്കുമായി അഞ്ജലിയുടെ ബന്ധം. തൻ്റെ രക്ഷിതാക്കളെ മതിയായ രീതിയിൽ സംരക്ഷിക്കാൻ കഴിയാത്ത സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള ഒരു ഭൂതകാലം രവി മേനോന് ഉണ്ടായിരുന്നതായി ജോസഫ് പറഞ്ഞ് പിന്നീട് അഞ്ജലി അറിഞ്ഞു. 


ജോസഫ് ഡിവൈഎസ്പി റെജിയുടെ അടുത്ത് പോയിട്ടുണ്ട് കാര്യങ്ങൾ പറയാൻ എന്ന് അഞ്ജലിക്ക് അറിയാം. താൻ പലവട്ടം തടഞ്ഞതാണ് പക്ഷേ അവൻ കേട്ടില്ല. രവി മേനോൻ ഇൻഫോടെക്കിൽ ഈ ഒരു മാസം ആയി സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ജോസഫിന് സംശയം ഇല്ല എന്ന് തോന്നുന്നു. താൻ അറിഞ്ഞത് മുഴുവനും ജോസഫിൻ്റെ അടുത്ത് പറഞ്ഞിട്ടുമില്ല. ഇതിനിടയിൽ ആണ് ആ ടെലിഫോൺ കാൾ... മൂന്ന് പ്രാവശ്യം.


"സോഫിയ ഹെൽപ്പ്... സോഫിയ ഹെൽപ്പ്," അത് രവി മേനോൻ്റെ ശബ്ദം തന്നെയാണ്... റിസ് പ്ഷനിലെ ടെലിഫോൺ കോളർ ഐസിയിൽ കണ്ടത് ഒരു ലാൻ ലൈൻ നമ്പർ ആയിരുന്നു... 01901 ൽ നിന്ന് തുടങ്ങുന്നത്. ഗൂഗിൾ ചെയ്ത് നോക്കിയതിൽ അത് മണാലിയുടെ എസ് ടി ഡി നമ്പർ ആണ്. പിന്നീട് തിരിച്ച് വിളിച്ചപ്പോൾ ഔട്ട് ഓഫ് ഓർഡർ എന്നായിരുന്നു മറുപടി. രവിമേനോൻ സർ മരണപ്പെട്ട് ഇന്നേക്ക് അമ്പത് ദിവസം കഴിഞ്ഞിട്ടുണ്ട്... അദ്ദേഹം ജീവനോടെ ഉണ്ട് എന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ താൻ ചെല്ലുന്നത് ശരിയല്ല എന്ന് അജ്ഞലിക്ക് അറിയാം... അതും വെറും ഒരു ഫോൺ കോളിൻ്റെ പുറത്ത് ... ആദ്യം സോഫിയ മേഡത്തിനെ അറിയിക്കേണ്ടതാണ്... അവർ അത് എങ്ങനെ എടുക്കും എന്ന് അറിയില്ല. 


ഒരു സംശയം മനസ്സിൽ തോന്നാൻ അഞ്ജലിക്ക് പല കാരണങ്ങളും ഉണ്ടായിരുന്നു. നൂറ് കോടിയോളം രൂപ സോഫിയ മാഡം കുറച്ച് ദിവസം കമ്പനിയിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. മണാലിയിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ കെട്ടാൻ പ്ലാൻ ഉണ്ടെന്ന് പറയുന്നു. ഓൺലൈൻ ട്രാൻസ്ആക്ഷൻ ആണ് നടത്തിയിരിക്കുന്നത്. ഓഫീസിൽ ഇത് പതിവില്ലാത്തതാണ്. അകൗണ്ട്സ് കൈകാര്യം ചെയ്യുന്ന ജോസഫ് ഇത് വന്ന് പറഞ്ഞപ്പോൾ അസ്വാഭാവികത തോന്നി... മുൻകൂട്ടി അനുമതി വാങ്ങി വൗച്ചർ എഴുതിയാണ് പണം ട്രാൻസ്ഫർ ചെയ്യാറ്. ഓൺലൈൻ ട്രാൻസ്ആക്ഷൻ ആണെങ്കിലും കമ്പനി കാഷ് ബുക്കിൽ രേഖപ്പെടുത്തണം. സ്ഥാപന ഉടമ നേരിട്ട് നടത്തിയ ഇടപാട് പിന്നീട് അകൗണ്ടൻ്റിനെ അറിയിച്ചാലും മതി. എന്നാലും ഒരു താല്പര്യത്തിൻ്റെ പുറത്ത് ബാങ്ക് മാനേജറെ വിളിച്ച് റിസപ്ഷനിലെ സ്പീക്കർ ഫോൺ ഓൺ ചെയ്തത് അഞ്ജലി തന്നെ ആയിരുന്നു. 


" രണ്ട് അകൗണ്ടുകളാലേക്കാണ് ട്രാർസ്ആക്ഷൻ നടന്നിരിക്കുന്നത്... മാഡം." അത് അഞ്ജലിക്കും ജോസഫിനും ഒരു പുതിയ അറിവായിരുന്നു. 


" ഒന്ന് രവിമേനോൻ മെമ്മോറിയൽ ഫൗണ്ടേഷൻ, മണാലി എന്ന സ്ഥാപനത്തിലേക്ക്." അതിൽ അപാകത അവർക്ക് തോന്നിയില്ല ഈ സ്ഥാപനത്തിനെ കുറിച്ച് അവർക്ക് അറിവില്ലെങ്കിലും അദ്ദേഹത്തിൻ്റെ പേരിൽ തന്നെയാണ് ഹോട്ടൽ വരേണ്ടത്. 


" മറ്റേത് ഒരു പേഴ്സണൽ അകൗണ്ടിലേക്ക് ആണ്... ഒരു റെജി അമ്പ്രഹാം."


 " എത്ര രൂപ സർ?" റെജി അങ്കിളിന് ഇരുപത്തി അഞ്ച് ലക്ഷം രൂപ കൊടുക്കാൻ രവി മേനോൻ സർ ഉള്ള സമയത്ത് തന്നെ വൗച്ചർ തന്നതാണ് എന്ന് ജോസഫിന് അറിയാം. "ഇരുപത്തി അഞ്ച് കോടി". മനേജറുടെ സംസാരം സ്പീക്കറിൽ കേട്ട് കൊണ്ടിരുന്ന ജോസഫിൻ്റെ തല കറങ്ങി. അഞ്ജലിയുടെ മുഖഭാവം ജോസഫിന് കാണാം... 


" മെബി സോഫിയ മാഡത്തിന് ഒരു ക്ലെറിക്കൽ എറർ സംഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നു ... ഇരുപത്തി അഞ്ച് ലക്ഷത്തിന് പകരം ഇരുപത്തി അഞ്ച് കോടിയാണ് നൽകിയിരിക്കുന്നത്." ജോസഫ് സ്വയം സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു. പിന്നെ വേഗം ഫോണെടുത്ത് സോഫിയ മേഡത്തിനെ വിളിച്ച് പുറത്തേക്ക് പോയി. തിരിച്ച് വന്ന ജോസഫ് വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. 


"എന്ത് പറ്റി ജോസഫ് "?


 "ക്ലറിക്കൽ എറർ അല്ല ... ഇരുപത്തി അഞ്ച് കോടി തന്നെയാണ് ... രവി സാറിൻ്റെ വൗച്ചർ ക്യാൻസൽ ചെയ്ത് പുതിയൊരു വൗച്ചർ ഉണ്ടാക്കാൻ മാഡം പറഞ്ഞു." 


"വാട്ട് ...? ആർ യു ജോക്കിങ്ങ്?" എല്ലാ മാസവും രവി മേനോൻ്റെ ഓഫീസിൽ വെറും സൗഹൃദ സന്ദർശനം നടത്തുന്ന ഡിവൈഎസ്പി റെജി അമ്പ്രഹാമിന് സോഫിയ മാഡം ഇത്ര വലിയ തുക ... അതും അദ്ദേഹം മരിച്ച് കുറച്ച് ദിവസത്തിനുള്ളിൽ നൽകിയതിൻ്റെ അസ്വാഭാവിക സംശയമായി അഞ്ജലിയുടെ മനസ്സിൽ നിന്നു... അതിൻ്റെ ഇടയിലേക്കാണ് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി കൊണ്ട് ടെലിഫോൺ കാളും വന്നത്... അഞ്ജലി പോലീസ് സ്റ്റേഷൻ ഗെയിറ്റിന് മുന്നിൽ വീണ്ടും സംശയിച്ച് നിന്നു... ഒരു പോലീസുകാരൻ ഗെയ്റ്റിന് നേരെ നടന്ന് വരുന്നുണ്ട്. 

............... ........................................................................ .............................. 


ഇൻസ്പെക്ടർ അജയൻ വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഇന്ന് തിരുവോണമാണ് സമയം രണ്ട് മണി ആയിരിക്കുന്നു, മക്കളൊക്കെ ഭക്ഷണം കഴിച്ചിരിക്കും... ഭാര്യ കാത്തിരുന്നാൽ ഒരുമിച്ച് ഭക്ഷണം കഴിക്കാം. കോവിഡ് വന്നതിന് ശേഷം സ്റ്റേഷനതിർത്തിയിൽ കേസ്സുകൾ കുറവാണ്... സ്റ്റേഷനിലെ മിക്ക പോലീസുകാരും ട്രാഫിക്ക് ഡ്യൂട്ടിയിലും ആണ്. ഇതേ വരെ ഒരു പെറ്റികേസ്സ് പോലും ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. മേലധികാരികളുടെ റിവ്യൂ മീറ്റിങ്ങിൽ ഈയ്യിടെയായി സ്ഥിരം ചീത്ത കേൾക്കൽ പതിവാണ്. എറണാകുളം പോലെയുള്ള സിറ്റിയിൽ ഒരു ദിവസം നൂറ് കേസ്സെങ്കിലും പോലീസിന് സ്വയം റിപ്പോർട്ട് ചെയ്യാൻ കഴിയും എന്നതാണ് അവരുടെ ഭാഷ്യം... സത്യവുമാണത്. പോലീസുകാർ കോവിഡ് ഡ്യൂട്ടിയിൽ ആയതു മുതൽ ആണ് കേസ്സുകൾ കുറവാവാൻ തുടങ്ങിയത്... സ്റ്റേഷനിലെ ദൈന്യം ദിന കാര്യങ്ങൾ തന്നെ നടത്താൻ ബുദ്ധിമുട്ടായി തുടങ്ങിയിട്ടുണ്ട്... ചില കേസ്സുകൾ ഒത്തുതീർപ്പാക്കുമ്പോൾ തടയുന്ന കാശ് കൊണ്ട് വേണം കാര്യങ്ങൾ നടത്താൻ. ഇപ്പോൾ തന്നെ മൂന്ന് പേർ ലോക്കപ്പിൽ ഉണ്ട്. ഇവർക്ക് മൂന്ന് നേരം ഭക്ഷണം കൊടുക്കണമെങ്കിൽ തന്നെ ദിവസവും അറനൂറ് രൂപ വേണം. സർക്കാർ ആണെങ്കിൽ കോവിഡിൻ്റെ കാരണം പറഞ്ഞ് ശമ്പളവും പിടിക്കാൻ തുടങ്ങി. മൊത്തത്തിൽ ഈ ഓണക്കാലം പതിവ് പോലത്തെ സമൃദ്ധിയുടെ കാലം അല്ല എന്ന് അയാൾക്ക് തോന്നി. 


അജയൻ ഇരിക്കുന്നിടത്ത് നിന്ന് സ്റ്റേഷൻ്റെ ഗെയ്റ്റ് കാണാം. വീട്ടിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഗെയ്റ്റിൽ ഒരു പെൺകുട്ടിയെ കണ്ടത്. ആദ്യം വെറുതെ ആരെയെങ്കിലും കാത്ത് നിൽക്കുക ആണെന്നാണ് അജയൻ കരുതിയത്... പക്ഷേ ഗെയ്റ്റ് കടന്ന് രണ്ടടി വെച്ച ശേഷം ആ പെൺകുട്ടി വീണ്ടും നിന്നു. ഒരു കേസ്സ് ഉണ്ടായി എന്ന് മേലധികാരികൾ റിപ്പോർട്ട് ചെയ്യാൻ കിട്ടുന്ന അവസരം കളയണ്ട എന്ന് കരുതി അയാൾ കോൺസ്റ്റബിൾ നാരയണനെ വിളിച്ച് ഒന്ന് ഗെയ്റ്റിൽ പോയി അന്വേഷിച്ച് വരുവാൻ പറഞ്ഞു. പ്രത്യേകിച്ച് ഒന്നുമില്ലെങ്കിൽ വീട്ടിൽ പോകുകയും ചെയ്യാം...  തൻ്റെ മുന്നിൽ വന്നിരുന്ന പെൺകുട്ടി അല്പം ധൈര്യം ഉള്ള കൂട്ടത്തിലാണെന്ന നിഗമനം അജയന് പെട്ടെന്ന് ഉണ്ടായി. എറണാകുളം പോലെയുള്ള ടൗണിൽ ഒരു മൊബൈൽ ശല്യക്കാരനും, വഴിയിൽ പിന്തുടരുന്നവനും ഒരു പാർട്ടിയിൽ അപമര്യാദയായി പെരുമാറുന്നവനും പെൺകുട്ടികളുടെ കാര്യത്തിൽ പതിവാണ്... മൂന്നായാലും എന്തെങ്കിലും തടയും എന്ന് അജയൻ ഉറപ്പാക്കി. 


"സർ, എൻ്റെ പേര് അഞ്ജലി... രവിമേനോൻ ഇൻഫോടെക്കിലെ സ്റ്റാഫ് ആണ്." നിരവധി സോഫ്റ്റ് വെയർ സ്ഥാപനങ്ങൾ ഉള്ള കൊച്ചിയിൽ ഇങ്ങനെ ഒന്നിനെ കുറിച്ച് അജയൻ കേട്ടിരുന്നില്ല. 


"പറയൂ അഞ്ജലി," ഒരു ഓഫീസ് പീഠന കഥയാണ് അജയൻ പ്രതീക്ഷിച്ചത്. 

"സർ, ഒരു പരാതി എഴുതിത്തെരണോ അതോ പറഞ്ഞാൽ മതിയോ" ? 


" പറഞ്ഞോളൂ ആവശ്യമെങ്കിൽ പരാതി എഴുതി വാങ്ങാം," പെൺകുട്ടിയെ തുടരുന്നതിന് വേണ്ടി അജയൻ പറഞ്ഞു. അഞ്ജലി പറഞ്ഞ കഥ സത്യത്തിൽ മുഴുവനായി ഉൾക്കൊള്ളാൻ ഇൻസ്പെക്ടർ അജയന് കഴിഞ്ഞില്ല... താൻ പ്രതീക്ഷിച്ച തരത്തിലെ ഒരു കേസ്സ് ആയിരുന്നില്ല ഇത്. ആകെ അയാൾക്ക് മനസ്സിലായത് തൻ്റെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഡിവൈഎസ്പി ആയ റെജി അബ്രഹാം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ്. താൻ കേസ്സൊഴുവാക്കാൻ കാശ് വാങ്ങുന്നു എന്ന് പറഞ്ഞ് പല തവണ വാണിങ്ങ് തന്നിട്ടുള്ള ആളാണ് റെജി സർ. അയാളും സഹോദരനും തമ്മിലുള്ള ബിസിനസ്സിൽ ആദായ നികുതി കേസിൽ കുടുക്കിയ ആളാണ് റെജി സർ. എങ്കിലും അയാൾ കൂടി ഉൾപ്പെട്ട ഒരു കേസിൽ ഒരു തെളിവും ഇല്ലാതെ എങ്ങനെ പരാതി എഴുതി വാങ്ങും എന്ന സംശയത്തിലായി അജയൻ.


 "താങ്കൾ പറഞ്ഞതനുസരിച്ച് നോക്കിയാൽ രവിമേനോൻ സോഫിയ അടുത്തുള്ളപ്പോഴാണ് മരണപ്പെട്ടിരിക്കുന്നത്, അതും കോവിഡ് ബാധിച്ച് ഒരു ഗവർമെൻ്റെ ഹോസ്പിറ്റലിൽ വെച്ച്.., വ്യക്തമായ രേഖകൾ ഉണ്ടാകും.... അതു കൊണ്ട് മരണം സംശയിക്കേണ്ട കാര്യം ഇല്ല." പ്രത്യേകിച്ച് ഒന്നും തടയാത്ത കേസ്സും... തൻ്റെ മേൽ ഉദ്യോഗസ്ഥൻ അതിൽ ഉൾപ്പെട്ടതുകൊണ്ടും അജയൻ അത് ഒഴിവാക്കാനുള്ള ശ്രമം തുടങ്ങി...


 "പിന്നെ താങ്കൾ പറഞ്ഞ ഫോൺ കാൾ... കമ്പനി വിൽക്കാൻ പോകുന്നു എന്നല്ലേ പറഞ്ഞത്...? അതു കൊണ്ട് അതിൽ ചെറിയ ഒരു പ്രശ്നം ഉണ്ടാക്കൽ... വലിയ കമ്പനികൾ വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ വാങ്ങാൻ താല്പര്യമുള്ളവർ തന്നെ അതിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കും." തൻ്റെ വാക്കുകൾ പെൺകുട്ടി മുഖവിലക്കെടുത്തു എന്ന് അജയന് തോന്നി. 


" സർ... പറഞ്ഞത് ശരിയാണ് അങ്ങനെ ആകാനേ വഴിയുള്ളൂ," ആശയ കുഴപ്പത്തിനിടയിലും പെൺകുട്ടി പറഞ്ഞു.


 " അപ്പൊ ശരി... ഇനി വേണമെങ്കിൽ ഒരു പരാതി കൊടുക്കാം ... താങ്കളുടെ ഇഷ്ടം." ആ കേസ്സ് ഒഴിവാക്കിയ സന്തോഷത്തിൽ അജയൻ എണീറ്റു.


"സർ, ഞാൻ പരാതി നൽകാൻ തയ്യാറാണ്... എനിക്കതിന് ഒരു കൈപ്പറ്റ് രസീതും സർ തരണം." ഒരു ദൃഡനിശ്ചയം പെൺകുട്ടിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു... "എന്നാൽ ആയിക്കോട്ടെ ... ഒരു പരാതി എഴുതി അവിടെ കൊടുത്തോളൂ... " കോൺസ്റ്റബിൾ നാരയണന് വേണ്ട നിർദ്ദേശങ്ങൾ നൽകി ഇൻസ്പെക്ടർ അജയൻ വീട്ടിലേക്ക് തിരിച്ചു.  


 ഭാര്യയുമൊത്ത് ഭക്ഷണം കഴിക്കുമ്പോൾ ഈ തിരുവോണ ദിവസം എസ്പി ഓഫീസിൽ നിന്ന് ഒരു ഫോൺ അജയൻ പ്രതീക്ഷിച്ചില്ല. ഓഫീസിൽ എസ്പി യുടെ മുന്നിൽ അറ്റൻഷനിൽ നിൽക്കുമ്പോൾ പതിവ് പോലെ തന്നെ കുറിച്ചുള്ള കാശ് വാങ്ങുന്ന പരാതികൾക്ക് വാണിങ്ങും ചീത്തയുമാണ് പ്രതീക്ഷിച്ചത്. 


" താനിരിക്ക്," എസ്പി സർ സൗമ്യമായി പറഞ്ഞു. 


" ഇന്ന് തൻ്റെ സ്റ്റേഷനിൽ പുതിയ പരാതി വല്ലതും ഉണ്ടായിരുന്നോ?"


 "ഉവ്വ് സർ." പറയണോ വേണ്ടയോ എന്ന സംശയത്തിലാണ് അജയൻ മറുപടി പറഞ്ഞത്. 


" രവിമേനോൻ ഇൻഫോടെക്ക് എന്ന സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റ് ആയ അഞ്ജലി എന്ന യുവതി ഒരു പരാതിയുമായി വന്നിരുന്നു സർ." പരാതിയുടെ ചെറിയ വിശദീകരണം അജയൻ എസ് പി ക്ക് നൽകി... 


" താൻ കുറച്ച് നേരം അവിടെ ഇരിക്ക്, റെജി വരുന്നുണ്ട്... അയാൾക്കെന്തോ പറയാനുണ്ട് അതിന് ശേഷം നമുക്ക് തീരുമാനിക്കാം" എസ് പി പറഞ്ഞവസാനിപ്പിച്ചപ്പോൾ ഒരു വലിയ കേസ്സന്വേഷണം തൻ്റെ നേരെ വരും എന്ന് ഇൻസ്പെക്ടർ അജയൻ കരുതിയിരുന്നില്ല...


ഇൻസ്പെക്ടർ അജയൻ രവിമേനോൻ്റെ വീടിന് മുന്നിൽ പോലീസ് ജീപ്പ് നിർത്തി. ഡ്രൈവർ ഗെയ്റ്റ് തുറക്കാൻ വേണ്ടി രണ്ട് തവണ ഹോൺ അടിച്ച് ഉള്ളിൽ നിന്നുള്ള പ്രതികരണത്തിനായി കാത്ത് നിന്നു. ഇതാദ്യമായാണ് അജയൻ ഈ തരത്തിൽ ഉള്ള ഒരു കേസ്സ് അന്വേഷിക്കുന്നത്. മരിച്ച ഒരു വ്യക്തിയെ മരിച്ചു എന്ന് ഉറപ്പ് വരുത്തുന്ന ഒരു അന്വേഷണം . മറ്റ് രവി മേനോൻ ഇൻഫോടെക്കുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകൾ പോലീസിനെ ബാധിക്കുന്ന കാര്യം അല്ല എന്ന് അയാൾക്ക് അറിയാം...


 കേസിൻ്റെ തുടക്കം മുതൽ ഉള്ള കാര്യങ്ങൾ അയാൾ മനസ്സിൽ ഒന്നു കൂടി വിശകലനം ചെയ്തു. അന്ന് എസ്പി ഓഫീസിൽ സംഭവിച്ച കാര്യങ്ങൾ അയാൾ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല. ഡിവൈഎസ്പി റെജി സർ തൻ്റെ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ തികച്ചും അസ്വസ്ഥനായിരുന്നു. തൻ്റെ ഓഫീസിൽ വന്ന പരാതി ഇത്ര പെട്ടെന്ന് ഇവർ അറിഞ്ഞതും അതിൽ പെട്ടെന്നൊരു ചർച്ചയും സത്യത്തിൽ അജയനെ അത്ഭുതപ്പെടുത്തി.


" രവിയുമായി എനിക്ക് കോളേജ് സമയത്തെ ബന്ധമാണ്. ഇടക്ക് ചില സാമ്പത്തിക ഇടപാടുകളും ഞങ്ങൾ തമ്മിൽ ഉണ്ടാവാറുണ്ട്. എൻ്റെ സഹോദരന്മാർ നോക്കി നടത്തുന്ന കുടുംബ ബിസിനസ്സിനും അത്യാവശ്യം റിയൽ എസ്റ്റേറ്റ് പരിപാടികൾക്കും ഞാൻ രവിയെ ആശ്രയിക്കാറുണ്ടായിരുന്നു. പരമാവധി ഇരുപത്തി അഞ്ച് ലക്ഷം, അത്രയേ വാങ്ങാറുള്ളൂ അത് കൃത്യസമയത്ത് തിരിച്ച് നൽകുകയും ചെയ്യും." അഞ്ജലി റെജി സാറെ കുറിച്ച് പറഞ്ഞ കാര്യങ്ങളുമായി സാമ്യം ഉള്ളതായിരുന്നു സാറിൻ്റെ പ്രതികരണം എന്ന് അജയന് തോന്നി.


"രവി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള യാത്രക്ക് മുമ്പ് ഞാൻ കുറച്ച് പണം ചോദിച്ചിരുന്നു. അതിനു അവൻ്റെ സ്ഥാപനത്തിൽ നിന്ന് തരുന്ന പോലെ വൗച്ചുറും തയ്യാറാക്കിയിരുന്നു... അത് കഴിഞ്ഞാൽ കൂടിയാൽ പത്ത് ദിവസം പണം അകൗണ്ടിലേക്ക് വരും, അതാണ് പതിവ്... പക്ഷേ ഇപ്രാവശ്യം അതുണ്ടായില്ല, അതിനിടയിൽ അവൻ പോയി." റജിസർ രവി മേനോൻ്റെ മരണത്തിൽ ശരിക്കും വേദനിക്കുന്നുണ്ടായിരുന്നു.


" ഇത്ര ദിവസം കഴിഞ്ഞ് പണം അകൗണ്ടിലേക്ക് സോഫിയ ഇടുമെന്ന് ഞാൻ കരുതിയില്ല... അങ്ങനെ ഒരു സാമ്പത്തിക ഇടപാട് നടത്താൻ തക്ക ബന്ധം ഞങ്ങൾക്കിടയിൽ ഇല്ല. ഒരു പക്ഷേ രവിയുടെ മുൻ തീരുമാനം നടപ്പിലാക്കിയതാവും എന്ന് ഞാൻ കരുതി. പക്ഷേ അകൗണ്ടിൽ വന്ന തുക ഞാൻ ചോദിച്ചത് പോലെ ആയിരുന്നില്ല." റെജസാർ എന്തിലോ അകപ്പെട്ട പോലെയാണ് സംസാരിക്കുന്നതെന്ന് അജയന് തോന്നി.


"ഞാനിക്കാര്യം ജോസഫിനോട് പറഞ്ഞു... പക്ഷേ അവൻ പറഞ്ഞത് മറ്റൊരു കാര്യം ആണ്."


ജോസഫും റെജിസാറും തമ്മിലുള്ള ബന്ധം അഞ്ജലി പറഞ്ഞറിയുന്നത് കൊണ്ട് എസ്പി സാർ റെജിസർ പറയുന്നത് ശ്രദ്ധിച്ചിരുന്നു.


" നൗ വാട്ടീസ് യുവർ പ്രോബ്ളം? അത് പറയൂ റെജി." 


"സർ അഞ്ജലി പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി പോയിട്ടുണ്ട് എന്ന് ജോസഫ് പറഞ്ഞപ്പോൾ അനാവശ്യമായി ഒരു കേസ്സിൽ കുടുങ്ങേണ്ട കാര്യം ഇല്ലെന്ന് എനിക്ക് തോന്നി... അതാണ് ഞാൻ സാറിനെ വിളിച്ചത്... പിന്നെ അവർ റെക്കോഡ് ചെയ്ത ശബ്ദം അത് രവിയുടേത് തന്നെയാണ്...." റെജി സർ കിതക്കുന്നുണ്ടായിരുന്നു.


"വാട്ട്...?!" എസ്പി സർ അല്പം ഗൗരവത്തിൽ ആയി.


" ഇത്രയും കാശ് അറിഞ്ഞ് കൊണ്ട് എൻ്റെ അക്കൗണ്ടിൽ ഇട്ടത് അഥവാ പോലീസ് അന്വേഷണം ഉണ്ടായാൽ എന്നെ കൂടി ഇതിൽ സംശയത്തിലാക്കാനുള്ള ഒരു ശ്രമം ആണെന്ന് മനസ്സ് പറയുന്നു," റെജി സാറുടെ ഉദ്ദേശം വ്യക്തമായിരുന്നു.


"അപ്പൊ സാർ സോഫിയയെ സംശയിക്കുന്നു... കൂട്ടത്തിൽ രവിമേനോൻ മരിച്ചിട്ടില്ലെന്നും സംശയിക്കുന്നു, അങ്ങനെ ആണോ?" അജയൻ കൃത്യമായി ചോദിച്ചു.


"വെറുമൊരു ശബ്ദത്തിൽ എനിക്ക് സംശയം തോന്നിക്കുമായിരുന്നില്ല... പക്ഷേ പണം അത് സംശയത്തിനിടയാക്കുന്നു," റെജി സർ ആത്മാർത്ഥതയോടെ പറഞ്ഞു.


" ഒക്കെ അങ്ങനെയാണെങ്കിൽ കാത്തിരിക്കേണ്ട കാര്യം ഇല്ല ...നമ്മുടെ മുന്നിൽ അഞ്ജലിയുടെ പരാതിയും ഉണ്ട്... അന്വേഷിച്ച് നോക്കാം," എസ് പി സാർ തന്നെ നോക്കി പറഞ്ഞതോടെ ഈ കോവിഡ് കാലത്ത് ഒരു വയ്യാവേലി തൻ്റെ തലയിൽ ആയെന്ന് അജയന് ഉറപ്പായി.


 ഡ്രൈവർ ഒരു പ്രാവശ്യം കൂടി ഹോൺ അടിച്ചു. വീട്ടിൽ നിന്ന് വാതിൽ തുറന്ന് ജോലിക്കാരി എന്ന് തോന്നിക്കുന്ന ഒരു സത്രീ ഗെയിറ്റിന് നേരെ വരുന്നുണ്ട് . ഒരു അന്വേഷണം എങ്ങനെ ആരംഭിക്കണം എന്നത് അജയന് അറിയാമായിരുന്നു. ഗെയ്റ്റ് തുറന്ന സ്ത്രീയെ കടന്ന് കൊണ്ട് പോലീസ് ജീപ്പ് ഉള്ളിലേക്ക് കയറി. ഇൻസ്പെക്ടർ അജയൻ പ്രതീക്ഷിച്ചതിലും സൗന്ദര്യം സോഫിയക്ക് ഉണ്ടായിരുന്നു. നല്ല സൗകര്യത്തിൽ ചെലവ് ചെയ്ത് ജീവിക്കുന്ന ഒരാളുടെ എല്ലാ ലക്ഷണങ്ങളും ഉള്ള ഒരാളാണ് കേസിലെ കക്ഷി എന്ന് മനസ്സിലായതോടെ ഇത് എന്തെങ്കിലും തടയുന്ന കേസ്സാണ് എന്ന പ്രതീക്ഷ അജയൻ്റെ മനസ്സിൽ ഉണ്ടാക്കി...


" മാഡം... കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മണാലിക്ക് ഒരു കാരവാനിൽ യാത്ര പോയിരുന്നോ"?


" ഉവ്വ്, എൻ്റെ ഭർത്താവും ഒന്നിച്ച്... എന്തെങ്കിലും പ്രശ്നം സർ?" സോഫിയയുടെ മലയാളത്തിന് ഒരു ഇംഗ്ലീഷ് ചുവ അജയന് തോന്നി.


" ഒരു ഇൻഷ്വറൻസ് ക്ലയിം പരാതി ഉണ്ടായിട്ടുണ്ട്... മണാലിയിൽ നിന്നുള്ള പരാതി ആയത് കൊണ്ട് എൻ്റെ സ്റ്റേഷനിലേക്കാണത് വന്നത്," താൻ അന്വേഷിക്കുന്ന കേസ്സ് എന്താണെന്ന് സോഫിയയെ അറിയിക്കാൻ അജയന് ഉദ്ദേശം ഉണ്ടായിരുന്നില്ല. അതു കൊണ്ട് ഇല്ലാത്ത ഒരു കഥ അയാൾ നേരത്തെ തയ്യാറാക്കിയിരുന്നു. 


"താങ്കളുടെ ഡ്രൈവറും ... കാരവാനും എവിടെ?"


പുറത്തേക്ക് നോക്കി അജയൻ ചോദിച്ചു...


"ഡൈവർ ഔട്ട് ഹൗസിൽ ഉണ്ട് വിളിക്കാം... പക്ഷേ കാരവാൻ അത് ഞങ്ങളുടേതല്ല... അത് യാത്രക്ക് വേണ്ടി ഒരു കാബ്സർവ്വീസ് ആയിരുന്നു. ഒരു രോഷൻസ് ക്യാമ്പ് സർവ്വീസ്, അവരുടെ പേരിലാണ് ബിൽ നൽകിയത്... സഞ്ജയ് ഇദർ ആവോ," സോഫിയ സംസാരിച്ച് കൊണ്ട് വീടിൻ്റെ മുൻ വാതിലിൽ നിന്ന് ഔട്ട് ഹൗസിൽ താമസിക്കുന്ന ഡ്രൈവറെ ഉറക്കെ വിളിച്ചു.


" ഒരു പ്രശ്നവും ഞങ്ങളുടെ യാത്രക്കിടയിൽ ഉണ്ടായിട്ടില്ല... സർ. പിന്നെ കാരവാൻ കൊച്ചിയിൽ തന്നെ ഉള്ള ഒരു കാബ് സർവ്വീസിൽ നിന്ന് വാടകക്ക് എടുക്കുക ആയിരുന്നു... സത്യത്തിൽ അത് എൻ്റെ ഭർത്താവിന് അറേഞ്ച് ചെയ്ത് കൊടുത്തത് സുഹൃത്തായ ഡിവൈഎസ്പി റെജി അബ്രഹാം ആയിരുന്നു." അത് റെജിസാർ പറയാത്ത ഒരു അറിവായിരുന്നു അജയന്.


" ഓ അപ്പൊ ടാക്സി ആണല്ലേ...? പിന്നെ എങ്ങനെ രവി മേനോൻ്റെ പേരിൽ പരാതി വന്നു?" ഒരു അന്വേഷണം വണ്ടിയിൽ നിന്ന് തന്നെയാണ് ആരംഭിക്കേണ്ടതെന്ന് അജയനറിയാം. ഉള്ളിലേക്ക് കയറി വന്ന ഡ്രൈവർ സഞ്ജയ് സുമുഖനായിരുന്നു. മലയാളം അറിയാത്തത് കാരണം സോഫിയ തന്നെയാണ് കാര്യങ്ങൾ അയാളോട് ചോദിച്ചത്.


" പ്രത്യേകിച്ച് ഒന്നും ഉണ്ടായിട്ടില്ല എന്നാണവൻ പറഞ്ഞത്... സത്യത്തിൽ കാരവാൻ ഓടുന്ന സമയത്തെല്ലാം ഞാൻ അതിൽ ഉണ്ടായിരുന്നു. ആകെ സർവ്വീസിന് കൊടുത്ത സമയം മാത്രമാണ് സഞ്ജയ് തനിയെ ഉണ്ടായിരുന്നത്, ആ സമയത്ത് ഒരു അപകടവും ഉണ്ടായിട്ടില്ല എന്നാണ് അവൻ പറഞ്ഞത്." സോഫിയ നൽകിയ വിശദീകരണം അജയന് ആവശ്യമില്ലാത്തതാണെങ്കിലും അയാൾ അത് ശ്രദ്ധിക്കുന്നതായി ഭാവിച്ചു.


"താങ്കൾ കാരവാനുമായി എത്ര ദിവസം മണാലിയാൽ ഉണ്ടായിരുന്നു, മാഡം?"


"ഇവിടെ നിന്ന് ജൂലൈ ആറിന് പുറപ്പെട്ടു, ഒമ്പതിന് അവിടെ എത്തി... 

പത്തിന് ഞങ്ങൾ രവിയുമായി ഹാമിർപൂരിലെ ഹോസ്പിറ്റലിൽ പോയി... " അവിടെ സോഫിയ സംസാരം നിർത്തി.


''അയാം സോറി. എൻ്റെ ഭർത്താവ് അവിടെ വെച്ച് കോവിഡ് മൂലം മരണപ്പെട്ടത് താങ്കൾക്ക് അറിയാം എന്ന് വിചാരിക്കുന്നു സർ," സോഫിയ സംശയത്തോടെ അജയനെ നോക്കി.


" ഇത് ഒരു പതിവാണ് മാഡം... നല്ല പണമുള്ള ആളുകളെ നോക്കി ചിലർ നടത്തുന്ന വ്യാപാരം അത്രയേ ഉണ്ടാവൂ... അന്യസംസ്ഥാനത്ത് നിന്ന് വരുന്ന വണ്ടികളെ ആക്രമിക്കുക... വണ്ടി നമ്പർ നോക്കി തന്നെ അപകടപ്പെടുത്തി എന്ന് പറഞ്ഞ് കേസ്സ് കൊടുക്കുക ഇതൊക്കെ ഒരു പതിവാണ് മാഡം. ഇപ്പോൾ,... ജീവിച്ചിരിക്കുന്ന ആളുകളെ നിർത്തി മരിച്ചു എന്ന് പറഞ്ഞ് തെളിവുണ്ടാക്കുന്ന കാലമാണ് ... ചെക്ക് പോസ്റ്റിൽ ഉള്ളവരും ഇതിന് കൂട്ട് നിൽക്കും." അജയൻ സോഫിയയുടെ മുഖം വിളറുന്നത് നോക്കി ഇരുന്നു... പിന്നെ എണീറ്റു, " മാഡം നാളെ സ്റ്റേഷനിൽ വന്ന് ഒരു സ്റ്റേറ്റ്മെൻ്റ് തന്നാൽ ഞാനത് റിപ്പോർട്ട് ചെയ്യാം."


കൂടുതൽ ചോദിക്കുന്നത് പോലീസ് സ്റ്റേഷൻ്റെ ഉള്ളിൽ മതി എന്ന തീരുമാനം അയാൾ പെട്ടെന്ന് എടുത്തു.


രണ്ട് ദിവസം കഴിഞ്ഞ് എസ്പി സർ തൻ്റെ സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ വീണ്ടും തന്നെ കുറിച്ച് വല്ല പരാതിയും ഉണ്ടായോ എന്ന് ഇൻസ്പ്പെക്ടർ അജയൻ സംശയിച്ചു. സ്റ്റേഷനിലെ ചെലവ് നടത്താൻ രണ്ട് ദിവസം ആയി കിട്ടിയ പെറ്റി കേസ്റ്റുകൾ എല്ലാം നല്ലൊരു തുക വാങ്ങി അയാൾ ഒഴിവാക്കിയിരുന്നു.


"അജയൻ ... രവി മേനോൻ്റെ കേസ്സ് എന്തായി?"


"സർ... ഇതു വരെ ഉള്ള അന്വേഷണത്തിൽ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല. അവർ പറഞ്ഞ മണാലിയിലെ മെഡിക്കൽ കോളേജിലേക്കും ഞാൻ വിളിച്ചിരുന്നു ... അവർ മരണം സ്ഥിതീകരിച്ചു." വേറെ എന്തെങ്കിലും ഒരു മറുപടി എസ്പി യുടെ പക്കൽ നിന്ന് ഉണ്ടാവാൻ വേണ്ടി അജയൻ കാത്തിരുന്നു.


" റെജിക്കും രവി ഇൻഫോടെക്കിൽ വന്ന പോലെ ഉള്ള ഫോൺ കോൾ വന്നിരിക്കുന്നു... ഹി ഈസ് വെരി അപ് സെറ്റ്." കേസ്സിൽ ഇങ്ങനെ ഒരിക്കൽ കൂടി സംഭവിക്കും എന്ന് അജയൻ കരുതിയിരുന്നില്ല.


" റജി... ഹെൽപ്പ് മി" എന്നാണ് സന്ദേശം... രവി മേനോൻ ജീവനോടെ ഉണ്ട് എന്ന വിശ്വാസത്തിൽ ആണ് അയാൾ ഇപ്പോൾ ആൻഡ് ഹി സസ്പെക്റ്റ് സോഫിയ." 


ഹോസ്പിറ്റലുകാർ രവി മേനോൻ മരണപ്പെട്ടു എന്ന് പറഞ്ഞത് കൊണ്ട് എസ്പിയുടെ വാക്കുകൾ അജയൻ അത്ര മുഖവിലക്കെടുത്തില്ല...


" റെജി സർ ഇപ്പോൾ അവിടെ ഉണ്ടോ സർ?"  


"ഇല്ല... അയാൾ കുറച്ച് ദിവസം ലീവിന് അപേക്ഷിച്ചിട്ടുണ്ട്... ബ്രദറിൻ്റെ ബിസിനസ്സ് ആവശ്യത്തിനായും രണ്ടാമത്തെ മകളുടെ വിവാഹ ആവശ്യത്തിനായും ലീവ് വേണം എന്ന് പറഞ്ഞ്... എന്തായാലും ഒരന്വേഷണം നടത്തി രണ്ട് ദിവസത്തിനുള്ളിൽ ഒരു റിപ്പോർട്ട് എനിക്ക് വേണം," ഫോൺ കട്ടായപ്പോൾ അജയൻ ചിന്തയിൽ ആയി. 


 നിലവിൽ എറണാകുളത്ത് നിന്നും ഈ കേസ്സ് അന്വേഷിക്കാൻ പറ്റില്ലെന്ന് അയാൾക്ക് അറിയാം. എന്തെങ്കിലും അന്വേഷണം നേരിട്ട് വേണമെങ്കിൽ അത് മണാലി പോലീസ് ആണ് നടത്തേണ്ടത്... ആജയൻ കേസ്സ് ഫയൽ എടുത്ത് സോഫിയയെ വിളിച്ചു. ഇന്നലെ പോലീസ് സ്റ്റേഷനിൽ എത്തി സ്റ്റേറ്റ്മെൻ്റ് തരാൻ നിർദ്ദേശിച്ചതാണ് ഇത് വരെ എത്തിയിട്ടില്ല . സ്റ്റേറ്റ്മെൻ്റ് എഴുതി കിട്ടിയാൽ ഫയൽ പൂർത്തിയാക്കി നാളെ തന്നെ എസ്പി ഓഫീസിൽ എത്തിക്കാൻ അജയൻ തീരുമാനിച്ചു. 


സോഫിയയുടെ ഫോൺ അടിക്കുന്നുണ്ടെങ്കിലും അവർ എടുത്തില്ല. അത് കൊണ്ട് അജയൻ രവി ഇൻഫോടെക്കിൻ്റെ നമ്പറിൽ വിളിച്ചു. റിസപ്ഷനിൽ അഞ്ജലിയെ പ്രതീക്ഷിച്ചെങ്കിലും ഫോൺ എടുത്തത് ഒരു പുരുഷൻ ആയിരുന്നു.


"ഹലോ ഞാൻ ടൗൺ പോലീസ് സ്റ്റേഷൻ എസ് ഐ അജയൻ ആണ്... സോഫിയ മാഡത്തിനെ ഒന്ന് കണക്റ്റ് ചെയ്യാമോ"?


" അവർ ഇല്ല, സർ. പുറത്ത് പോയിരിക്കുകയാണ്, കുറച്ച് ദിവസം കഴിഞ്ഞേ വരൂ."


" എവിടെക്കാണ് പോയത്?"


" അവരുടെ രക്ഷിതാക്കളുടെ അടുത്തേക്കാണെന്ന് തോന്നുന്നു, സർ."


" അഞ്ജലി ഉണ്ടോ അവിടെ"?


" അവർ ഇപ്പോൾ ജോലിയിൽ ഇല്ല ... സോഫിയ മാഡം അവരെ ഒഴിവാക്കി എന്ന് തോന്നുന്നു."


"നിങ്ങൾ ആരാണ് സംസാരിക്കുന്നത്?" 


"ജോസഫ്." അത് റെജിസാറുടെ റിലേറ്റീവ് ആണെന്ന് അജയനറിയാം.


" ജോസഫ് എത്ര കാലമായി അവിടെ ജോലി ചെയ്യുന്നു" ?


" അഞ്ച് കൊല്ലം സർ." 


"ഒക്കെ .ജോസഫ് അവർ എത്തിയാൽ എന്നെ വിളിക്കാൻ പറയൂ," ഫോൺ വെച്ച ശേഷം ഉടൻ തന്നെ അജയൻ റെജി അബ്രഹാമിനെ വിളിച്ചു.


ഒരു സ്വിച്ച് ഓഫ് സന്ദേശം അയാൾ മനസ്സിൽ പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു. ഇനി ഒരു സ്ഥലത്ത് കൂടി മാത്രമേ അജയന് വിളിക്കാൻ ഉണ്ടായിരുന്നുള്ളൂ...


"രോഷൻസ് ക്യാമ്പ് സർവ്വീസ് ആണോ?" ഫോണെടുത്ത വ്യക്തി പ്രത്യേകിച്ച് മറുപടി പറയാതിരുന്നപ്പോൾ അജയൻ ചോദ്യം ആവർത്തിച്ചു. 


"രോഷനാണ്, ഇതാരാണ്?"


" ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നാണ് ... നിങ്ങളുടെ കാരവാൻ ഒരു ഓട്ടത്തിന് വേണമായിരുന്നു." അപ്പുറത്ത് നിന്നുള്ള മറുപടി പെട്ടന്ന് ആയിരുന്നു. 


"സർ വാൻ ഓട്ടത്തിലാണ്..."


" ആണോ... ആരാ ബുക്ക് ചെയ്തത് " ?


"അതൊരു സ്ഥിരം കസ്റ്റമറാ സാറേ ... അവരുടെ സ്ഥലം മണാലിയിൽ ആണ്."


"ഓ അവർക്കാണോ? നമ്മുടെ ഡിവൈഎസ്പി റജിസർ ബുക്ക് ചെയ്തതാണല്ലേ...? അവർക്ക് തന്നെയാണ് ഞാനും ചോദിച്ചത്, അപ്പോ കുഴപ്പമില്ല."


" അതെ സർ, അവർക്ക് തന്നെ. സർ കുറച്ച് മുമ്പെ വന്ന് വണ്ടി എടുത്ത് പോയി" 


ഇനി അധികം അന്വേഷിക്കാൻ അജയന് ഉണ്ടായിരുന്നില്ല. അയാൾ ഫയൽ പൂർത്തിയാക്കാനൊരുങ്ങി.


തുടരും... 


Rate this content
Log in

Similar malayalam story from Action