Prasanth Narayanan

Action Crime Thriller

2.5  

Prasanth Narayanan

Action Crime Thriller

മർഡർ @ കോവിഡ് 19 (ഭാഗം 5)

മർഡർ @ കോവിഡ് 19 (ഭാഗം 5)

8 mins
171


ഇൻസ്പെക്ടർ അജയൻ തൻ്റെ മുന്നിൽ ഇരിക്കുന്ന വില കൂടിയ വിസ്കിയിലേക്ക് സന്തോഷത്തോടെ നോക്കി. സോഫിയയുടെ വീട്ടിൽ ഇങ്ങനെ ഒരു സൽക്കാരം അയാൾ പ്രതീഷിച്ചിരുന്നില്ല. തൻ്റെ കൂടെ ഉള്ള മണാലി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാംലാൽ ആപ്ടെ കൈകൾ കൂട്ടി തിരുമ്പി ഒരെണ്ണം ഒഴിക്കുന്നതിന് തയ്യാറെടുത്തു.


" രോഷൻ എവിടെ?" സോഫിയ ഒരു സൗഹൃദ സംഭാഷണത്തിന് തുടക്കം കുറിച്ചു.


" പുറത്ത് കാറിൽ ഉണ്ട്." തൻ്റെ മാസ്ക്ക് മാറ്റി ആദ്യത്തെ പെഗ്ഗ് ഒറ്റയടിക്ക് കഴിച്ച് അജയൻ ഒന്ന് അമർന്നിരുന്നു.


" ഇതിനിടയിൽ അവനെ വിളിക്കുന്നില്ല... വൈകിട്ട് ഒരു പാർട്ടി കൊടുക്കാമെന്ന് ഞാൻ ഏറ്റിട്ടുണ്ട്." ഒരു പോലീസന്വേഷണത്തിനിടയിൽ ഒരു ടാക്സി ഡൈവറെ വിളിക്കുന്നതിനുള്ള അപാകത മനസ്സിലാക്കി സോഫിയ പറഞ്ഞു.


"നാട്ടിൽ പരിചയമുള്ള ഒരാൾ ഇവിടെ വന്നാൽ നമുക്ക് ചിലതെങ്കിലും ചെയ്ത് കൊടുക്കേണ്ടേ?"


സോഫിയയുടെ ഉള്ള് തുറന്ന ചിരിയിൽ ആകൃഷ്ടനായി അജയൻ രണ്ടാമത്തെ പെഗ്ഗും അകത്താക്കി. സോഫിയയുടെ പ്രതികരണത്തിൽ അജയൻ ചിന്തിച്ചത് മറ്റൊന്നാണ്. തൻ്റെ മണാലിയിലെ രോഷൻ്റെ കൂടെയുള്ള ടാക്സിയാത്രയെപ്പറ്റി ഒന്ന് ചിന്തിക്കണം. താൻ എവിടെ ഒക്കെ പോകുന്നു എന്ന കാര്യം സോഫിയക്ക് രോഷനിലൂടെ അറിയാൻ കഴിയും.


"കഴിഞ്ഞ പ്രാവശ്യം മുഴുവനും ചോദിക്കാൻ കഴിഞ്ഞില്ല... ദാ ഇപ്പൊ താങ്കളുടെ ഭർത്താവിനെ സംബന്ധിക്കുന്ന കാര്യത്തിൽ ഒരു പരാതി വേറെ," അജയൻ താൻ ചോദ്യം ചെയ്യുകയാണ് എന്ന അറിയാത്ത രീതിയിൽ ഉള്ള ഒരു സമീപനത്തിന് തുടക്കം കുറിച്ചു.


"മേഡം കഴിഞ്ഞ ജൂലൈ ആറ് മുതൽ പതിനൊന്ന് വരെയുള്ള കാര്യങ്ങൾ ഒന്ന് വിശദമായി പറഞ്ഞാൽ കൊള്ളാം... ഇംഗ്ലീഷിൽ തന്നെ വേണം... ലഭിച്ച പരാതി കേരളാ പോലീസ് ഹിമാചൽ പോലീസിന് കൈമാറിയിട്ടുണ്ട്. താങ്കളുടെ സ്റ്റേറ്റ്മെൻ്റിന് വേണ്ടിയാണ് ഇൻസ്പെക്ടർ ആപ്ടെ വന്നിരിക്കുന്നത് സമയമെടുത്ത് ഓർത്ത് പറഞ്ഞാൽ മതി," അജയൻ ചിരിച്ച് കൊണ്ട് മൂന്നാമത്തെ പെഗ്ഗ് ഗ്ലാസിലേക്ക് ഒഴിച്ചു.


" അഞ്ജലി... അവളെ ഞാൻ ഓഫസിൽ നിന്ന് പുറത്താക്കി. എൻ്റെ മുന്നിൽ വെച്ചാണ് രവി മരണപ്പെട്ടത്, അതും ഗവർമെൻ്റെ ഹോസ്പിറ്റലിൽ വെച്ച്. രവി ഇൻഫോടെക്ക് ഞാൻ വിൽക്കാൻ പോകുന്നു എന്ന് ഉറപ്പായപ്പോൾ ... അവിടെ പ്രശ്നമുണ്ടാക്കാൻ വേണ്ടിയുള്ള ഒരു കള്ളക്കളി മാത്രമാണിത്. അവൾക്ക് ചെന്നൈയിലെ സോഫ്റ്റ് വെയർ കമ്പനികളുമായി നല്ല ബന്ധമുണ്ട്," സോഫിയയുടെ മുഖഭാവം മാറിയത് അജയൻ ശ്രദ്ധിച്ചു. പിന്നീട് ഒരു പതിനഞ്ച് മിനിറ്റ് സമയം എടുത്തു സോഫിയ കാര്യങ്ങൾ പറഞ്ഞ് തീർക്കാൻ ഇൻസ്പെക്ടർ ആപ്ടെ ശ്രദ്ധാപൂർവ്വം തൻ്റെ നോട്ടിൽ വേണ്ടത് കുറിച്ചെടുത്തു.


" മേഡം... അന്ന് വീട്ടിൽ താമസിക്കാതെ ഹോട്ടലിൽ താമസിക്കാൻ എന്തായിരുന്നു കാരണം?" അജയനിൽ നിന്ന് അങ്ങനെ ഒരു ചോദ്യം സോഫിയ പ്രതീക്ഷിച്ചില്ല.


"ഈ വീട്ടിൽ സൗകര്യമുള്ള മുറി മുകളിൽ ആണ്... രവിക്ക് പടികൾ കയറി ഇറങ്ങാൻ ബുദ്ധിമുട്ടാണ്." സോഫിയയുടെ മറുപടി കൃത്യം ആയിരുന്നു.


"നിങ്ങളുടെ സ്വന്തം ഹോട്ടലിലും മുറി എടുത്തില്ല?" അജയൻ വീണ്ടും സംശയം ചോദിച്ചു.


" പപ്പയുടേത് ചെറിയ ഹോട്ടൽ ആണ്... ടൂർ വരുന്നവർക്ക് വേണ്ടി ഉള്ളത്. രവി നല്ല സൗകര്യത്തിൻ ജീവിച്ചിരുന്ന ആൾ ആണ്. അതുകൊണ്ട് നല്ല ഹോട്ടലിലേക്ക് മാറി."


"മാഡത്തിൻ്റെ ഡ്രൈവർ സഞ്ജയ് എവിടെയാണ് താമസിച്ചത്"?


"സഞ്ജയ് കാരവാനിൽ തന്നെ ആയിരുന്നു... കാരവാൻ ഇവിടെയാണ് നിർത്തിയത്, പുറത്തുള്ള ബാത്ത് റൂം അവൻ ഉപയോഗിച്ചു."


" സഞ്ജയ് എവിടെ "?


" അവൻ പപ്പയേയും മമ്മിയേയും കൂട്ടി പുറത്ത് പോയിരിക്കുകയാണ്."


" മാഡം ഇവിടെ നിന്ന് ഒരു ടാക്സി വാടകക്ക് എടുത്തിരുന്നല്ലോ ...? അവരുടെ പേര്, നമ്പർ എന്തെങ്കിലും?" അജയൻ ചോദ്യത്തിനിടയിൽ മുന്നിൽ ഇരുന്ന ഗ്ലാസ്സ് കൈയ്യിൽ എടുത്തു.


"ഓർമ്മയില്ല സർ... കുറെ ദിവസം ആയില്ലേ?" ഒരു ആവശ്യമില്ലാത്ത ചോദ്യത്തിന് മറുപടി സോഫിയ പെട്ടെന്ന് പറഞ്ഞു.


" മാഡം, അന്ന് എന്തെങ്കിലും മറന്നിരുന്നോ...? ഹോസ്പ്പിറ്റൽ?" അജയൻ ചിരിച്ച് കൊണ്ട് പറഞ്ഞത് സോഫിയക്ക് വ്യക്തമായില്ല.


"താങ്കൾ മറന്നു, രവിമേനോൻ്റെ വാക്കിങ്ങ് സ്റ്റിക്ക്." സോഫിയയുടെ ആശ്ചര്യപ്പെടുന്ന മുഖം കണ്ട് രസിച്ച് അജയൻ ഇരുന്നു.


"ആ സ്റ്റിക്ക് താങ്കളുടെ കൈയ്യിൽ ഉണ്ടെങ്കിൽ എനിക്കത് വേണം... എൻ്റെ ഭർത്താവിൻ്റ ആണത്!!"


"കേസ്സന്വേഷണം പൂർത്തിയായാൽ തരാം മാഡം." ഒരു തെളിവ് തൻ്റെ പക്കൽ ഉള്ളത് ഇവരെ പോലെയുള്ള പണക്കാരെ പേടിപ്പിക്കാൻ പോന്നതാണെന്ന് അജയന് അറിയാം... പ്രത്യേകിച്ച് കേസ്സിലെങ്കിൽ ഇത്തിരി പണം സംഘടിപ്പിക്കാൻ ഉള്ള മാർഗ്ഗമാണ്.


" ആ സ്റ്റിക്ക് എനിക്ക് തരൂ സർ... ഞാൻ എന്ത് വേണമെങ്കിലും തരാം." ഒരു സർ വിളി ആസ്വദിച്ച് അയാൾ മണാലിയിലെ തണുപ്പത്ത് അടുത്ത പെഗ്ഗ് ഒഴിച്ചു... സോഫിയക്ക് രവിയുമായി നല്ല മാനസിക ബന്ധം ഉണ്ടെന്ന് അയാൾക്ക് തോന്നി.


"നിങ്ങൾക്ക് വന്ന ഫോൺ കോൾ നമ്പർ വെച്ച് ആ സ്ഥലം ഞങ്ങൾ ഒന്ന് പരിശോധിച്ചു," ആ വിഷയത്തെ മറികടന്ന് അജയൻ നീങ്ങി. മലയാളത്തിലെ സംസാരം മനസ്സിലായില്ലെങ്കിലും മുന്നിലുള്ള മാഡത്തെ മുൾമുനയIൽ നിർത്തിയിരിക്കുകയാണെന്ന ഭാവം ഇൻസ്പെക്ടർ അജയൻ്റെ മുഖത്ത് ഉള്ളത് കൊണ്ട് രാംലാൽ അജയൻ്റെ ഭാവത്തിനൊപ്പം തലയാട്ടി. 


അജയൻ്റ ചോദ്യത്തിൽ സോഫിയ അസ്വസ്ഥയായി, താനും തൻ്റെ ആളുകളും നേരിട്ട് അന്വേഷിച്ചതാണ് അവിടെ... രവി മേനോന്റെ ശബ്ദം അനുകരിച്ച ഒരാൾ... ഒരു മലയാളി അവിടെ ഉണ്ടായിരുന്നിരിക്കണം. റോട്ടാങ്ങ് പാസ്സിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ അകലെ കോത്തി വില്ലേജിൽ ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു വീടിലെ നമ്പർ ആയിരുന്നു അത്. പക്ഷേ തനിക്ക് ഫോൺ ചെയ്ത വ്യക്തി സ്ഥിരമായി അവിടെ താമസിക്കണം എന്നില്ലല്ലോ...


"ഈ ടെക്നോളജി കാലത്ത് ഒരു മലയാളി താങ്കളുടെ സ്ഥാപനത്തിന് എതിരെ നീങ്ങാൻ ഇവിടെ വന്ന് ശബ്ദം അനുകരിച്ച് ഫോൺ ചെയ്യേണ്ട കാര്യം ഒന്നുമില്ല മാഡം... തനിക്ക് വേണ്ടപ്പെട്ടവർക്ക് ശബ്ദം അനുകരിച്ച് വോയ്സ് ക്ലിപ്പ് ആയി മെസേജ് ചെയ്ത് കൊടുത്താലും മതി... ലാൻ ലൈനിലൂടെ നിങ്ങളെ കേൾപ്പിക്കാൻ..." അജയൻ സോഫിയയുടെ മനസ്സിനൊപ്പം സഞ്ചരിച്ചത് പോലെ പറഞ്ഞു.


"എനിക്കറയില്ല സർ. ആരോ ഇതിൻ്റെ പിന്നിൽ ഉണ്ട്... പണം തന്നെയാണ് അയാളുടെ ലക്ഷ്യം... ഒരു കാൾ കൂടി ഞാൻ അയാളുടെ പ്രതീക്ഷിക്കുന്നുണ്ട്," സോഫിയ ഉറപ്പിച്ച് പറഞ്ഞു.


"മാഡത്തിനപ്പോൾ നേരിട്ട് ഇത് വരെ ഫോൺ വന്നിട്ടില്ലേ?" അജയൻ ഒന്നുകൂടി തൻ്റെ ഗ്ലാസ്സ് കെയ്യിൽ എടുത്തു... ഇപ്രാവശ്യം വളരെ കുറച്ച് മാത്രമേ അയാൾ കഴിച്ചുള്ളൂ...


" ഇല്ല... ഓഫീസിൽ വന്ന ഫോൺ അഞ്ജലി റേക്കോഡ് ചെയ്തത്, അത് മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ... ആ നമ്പർ വന്ന സ്ഥലത്ത് ചെന്ന് പരിശോധിക്കുകയും ചെയ്തു."


" കോത്തി വില്ലേജിലെ ആ വീട്ടിൽ നിന്ന് ഫോൺ ചെയ്ത സമയത്ത് നാല് പേർ താമസിച്ചിട്ടുണ്ട്... അവരിൽ ഒരാൾ ഉടമസ്ഥന് നൽകിയ അഡ്രസ്സ് ഞങ്ങൾ പരിശോധിച്ചു... അത് ചെന്നൈയിലുള്ള ഒരു തമിഴൻ്റെതാണ്." അജയൻ താൻ മനസ്സിലാക്കിയത് വെളിപ്പെടുത്തി.


"എക്സാറ്റിലി സർ... ഞാനും അത് കണ്ടു. അതുകൊണ്ടാണ് ഞാൻ നേരത്തെ പറഞ്ഞത് ഇത് അഞ്ജലിയുമായി ബന്ധമുള്ള ആരോ ഒരാൾ ചെന്നൈയിൽ നിന്ന് ചെയ്തതാണെന്ന്." സോഫിയയുടെ കണ്ണുകൾ തിളങ്ങി.


" ഒരു പക്ഷേ ആയിരിക്കാം... ഞാനും ഇതിൽ തെറ്റൊന്നും കാണുന്നില്ല." അടുത്തതായി താൻ പറയുന്നത് സോഫിയ ഉൾക്കൊള്ളില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു.


" രവിമേനോൻ നല്ല ദൈവഭക്തി ഉള്ള കൂട്ടത്തിൽ ആണല്ലേ"?


" ആയിരുന്നു സർ... താങ്കൾക്ക് എങ്ങനെ അറിയാം...? ചില അമ്പലങ്ങളിൽ രവി സ്ഥിരമായി പോകുമായിരുന്നു." സോഫിയയുടെ മുഖം മാറി.


"കോത്തി വില്ലേജിൽ ആ വീട്ടിൽ താമസിച്ചിരുന്ന നാല് പേരിൽ ഒരാൾ ദിവസവും അടുത്തുള്ള മാതാ ചണ്ഡിക ടെമ്പിളിൽ പോകുമായിരുന്നു." ഇൻസ്പെകർ അജയൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകാതെ സോഫിയ കുഴങ്ങി.


"ഒരാളുടെ അമ്പലത്തിൻ പോക്കും ഈ കേസ്സുമായി എന്ത് ബന്ധം സർ?"


" അയാൾ വലതുകാലിൽ ചെറിയ മുടന്തുള്ള ആൾ ആയിരുന്നു... ആൻഡ് ഹി ഈസ് യുസിങ്ങ് എ വാക്കിങ്ങ് സ്റ്റിക്ക്."


" ബുൾ ഷിറ്റ് ഓഫീസർ.... രവി ഡൈഡ് ഇൻഫ്രെണ്ട് ഓഫ് മി... പുതിയ കഥകൾ ഉണ്ടാക്കി എന്തെങ്കിലും വാങ്ങാനുള്ള ഉദ്ദേശമെങ്കിൽ ഞാനതിന് നിന്നു തരില്ല." സോഫിയ കോപത്തോടെ എണീറ്റു.


" ഇത് ഞാൻ പറഞ്ഞതല്ല ... അമ്പലത്തിൻ സ്ഥിരമായി വരുന്നവരും ആ വീട്ടുടമസ്ഥനമാണ് ഇത് സ്ഥിതീകരിച്ചത്." സോഫിയ വീണ്ടും പ്രതികരിക്കുന്നതിന് മുമ്പ് അജയൻ കടുത്ത ശബ്ദത്തിൽ തുടർന്നു.


"താങ്കളുടെ ഓഫീസിൽ ഫോൺ വന്നതിന് ശേഷം ... വീണ്ടും ഫോണുകൾ വന്നിട്ടുണ്ട്." 


" ആർക്ക്...? ഞാനല്ലാതെ ആർക്ക്?" സോഫിയ തൻ്റെ ചെയറിൽ ക്ഷീണിച്ചിരുന്നു.


"ഡിവൈഎസ്പി റെജി അബ്രഹാമിന് ... വേറെ ലാൻ ലൈനിൽ നിന്ന്... ഓൾഡ് മണാലിയിലെ മനു ടെമ്പിളിന് അടുത്തുള്ള ഒരു വീട്ടിൽ കുറച്ച് ദിവസം മുമ്പ്." അജയൻ സോഫിയയുടെ മുഖഭാവം ശ്രദ്ധിച്ച് കൊണ്ട് തുടർന്നു... " അവിടെയും ഉണ്ടായിരുന്നു ആ നാല് പേർ... ഒരാൾ വലത് കാലിൽ സ്വാധീനമില്ലാത്തതിനാൽ വാക്കിങ്ങ് സ്റ്റിക്ക് ഉപയോഗിച്ചിരുന്നു. താമസിച്ചത് ഒരു തമിഴൻ്റെ അഡ്രസ്സ് നൽകി."


"താങ്കൾ രവി ജീവനോട് ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രൂവ് ഇറ്റ് ... എൻ്റെ മുന്നിൽ കൊണ്ട് വരൂ... ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്ന സ്ത്രീ ഞാനായിരിക്കും." സോഫിയയുടെ കണ്ണുകൾ ചുവന്നു.


" റജിസർ മാഡത്തിനെ വിളിച്ചിരുന്നില്ലേ ...? രവിയുടെ ഫോൺ സാറിന് വന്നതിന് ശേഷം?" അജയൻ തൻ്റെ ശബ്ദം മൃദുവാക്കി.


" ഇല്ല... രവിയുടെ കൂട്ടുകാരൻ എന്ന നിലയിൽ അല്ലാതെ ഞങ്ങൾ തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ല..." കൈകൾ കൊണ്ട് കണ്ണുകൾ തുടച്ച് സോഫിയ മറുപടി പറഞ്ഞു.


" അപ്പൊ വലിയ ബന്ധം ഒന്നും ഇല്ലാത്ത ആളുടെ അക്കൗണ്ടിലേക്കാണോ മാഡം ഇരുപത്തി അഞ്ച് കോടി ട്രാൻസ്ഫർ ചെയ്തത്?" ഈയ്യൊരു ചോദ്യം സോഫിയ പ്രതീക്ഷിച്ച പോലെ തോന്നി.


'' രവി പറഞ്ഞ് വെച്ചത് കൊണ്ട് മാത്രം."


" മാഡത്തിനോട് നേരിട്ട് പറഞ്ഞിരുന്നോ"?


" ഇല്ല... അത് രവിയുടെ വിൽപത്ര പ്രകാരം ഉള്ളതാണ് ... രവിയുടെ അഡ്വക്കേറ്റ് പറഞ്ഞ പ്രകാരം ഞാൻ പ്രവർത്തിച്ചെന്ന് മാത്രം."


" രവി മേനോൻ തൻ്റെ വിൽപ്രതത്തിൽ റജിസാർക്ക് ഇത്ര വലിയ തുക മാറ്റിവെക്കണം എന്ന് പറഞ്ഞെന്നോ!!" അത്ഭുതത്തോടെയാണ് അജയൻ അത് കേട്ടത്.


"മാഡം, ആരാണ് നിങ്ങളുടെ അഡ്വക്കേറ്റ്?"


"കൃഷ്ണകുമാർ ആൻഡ് കൊ." സിവൽ വിഷയങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന വക്കീലുകളുടെ ഗ്രൂപ്പാണ് അത്. കൊച്ചിയിൽ പ്രശസ്തവും ആണെന്ന് അജയന് അറിയാം. പക്ഷേ അജയന് അറിയേണ്ടത് അതായിരുന്നില്ല...


" അത് രവി മേനോൻ്റെ അഡ്വക്കേറ്റ് അല്ലേ...? ഞാൻ ചോദിച്ചത് മാഡത്തിൻ്റെ അഡ്വക്കേറ്റ് ആരാണ് എന്നാണ്?" ചോദ്യത്തിൻ്റെ പൊരുൾ അറിയാവുന്നത് കൊണ്ടാവും ഒരു ചെറിയ ചിരി സോഫിയയുടെ മുഖത്ത് ഉണ്ടായത് അജയൻ ശ്രദ്ധിച്ചു.

.........................................................................................................


തണുപ്പിൽ ഉറങ്ങാൻ കഴിയാതെ ഇൻസ്പെക്ടർ അജയൻ ഇരുന്നു. ചെലവ് ചുരുക്കാനായി അയാൾ ഇൻസ്പക്ടർ ആപ്ടെയുടെ കൂടെ പോലീസ് ക്വോർട്ടേഴ്സിൽ ആണ് താമസിച്ചത്. ക്വോർട്ടേഴ്സിലെ ഹീറ്ററിൻ്റെ പ്രവർത്തനം മന്ദഗതിയിൽ ആയത് കൊണ്ട് തണുപ്പ് മുറിയിൽ ഉണ്ട്. അന്വേഷിക്കുന്ന കേസ്സിനെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് അജയനും ആപ്ടെയും ഇത്ര സമയം ഇരുന്നത്. ഹീറ്ററിന് പകരം നാടുവിലത്തെ റൂമിലെ ഫർണ്ണസ് നാളെ കത്തിക്കണം എന്ന് പറഞ്ഞാണ് ആപ്ടെ കിടന്നത്. സോഫിയയുടെ അടുത്ത് പോയ രോഷൻ ഇന്ന് വരില്ല എന്ന് അറിയിച്ചിട്ടുണ്ട്. 


അവൾക്ക് നന്നായി സൽക്കരിക്കാൻ അറിയും എന്ന് ഇന്ന് കഴിച്ച വിസ്കിയിൽ നിന്ന് അജയന് അറിയാം...


വൈകിട്ട് എസ്പിയെ അന്വേഷണത്തെ കുറിച്ച് അറിയാൻ വിളിച്ചപ്പോൾ വലിയ താല്പര്യത്തിലല്ല സർ സംസാരിച്ചത്.


"താൻ രവി മേനോൻ ജീവനോടെ ഉണ്ടോ എന്ന് മാത്രം അന്വേഷിച്ചാൽ മതി... അയാളുടെ വിൽപത്രം നമുക്ക് ആവശ്യമില്ല."


"ഇത്ര വലിയ തുക സോഫിയ റജിസാർക്ക് നൽകാൻ മറ്റ് കാരണങ്ങൾ ഉണ്ടായിക്കൂടെ സർ?"


"എന്ത് കാരണങ്ങൾ...? അത് എന്തായാലും നമ്മുടെ വിഷയമല്ല. രവി മേനോൻ ജീവനോടെ അവിടെ ഉണ്ടെങ്കിൽ കണ്ട് പിടിക്കുക മൂന്ന് ദിവസത്തിനുള്ളിൽ... പ്രത്യേകിച്ച് ഒന്നും ഇല്ലെങ്കിൻ കേസ്സ് മണാലി പോലീസിനെ ഏൽപ്പിച്ച് മടങ്ങുക... ദാറ്റ്സ് അൾ." വ്യക്തമായ നിർദ്ദേശം തന്നതിന് ശേഷമാണ് എസ്പി സർ ഫോൺ വെച്ചത്. അജയൻ കിടന്ന് കൊണ്ട് താനും ആപ്ടെയും സംസാരിച്ച കാര്യങ്ങൾ ഒന്നുകൂടി വിശകലനം ചെയ്തു.


രവിമേനോൻ ജീവനോടെ ഉണ്ടാകാം എന്നതിന് തങ്ങളുടെ പക്കൽ ആകെ ഉള്ള സൂചന ആ ഫോൺ കോളുകൾ വന്ന സ്ഥലത്ത് കൃത്യമായി വലത് കാലിൽ സ്വാധീനമില്ലാത്ത ഒരാൾ അവിടെ ഉണ്ടായിരുന്നു എന്നത് മാത്രമാണ്. തൻ്റെ പക്കൽ ഉള്ള റജിസർ അയച്ച് തന്ന രവിമേേനോൻ്റെ ഫോട്ടോ അന്വേഷിക്കുന്ന സ്ഥലത്തെല്ലാം താൻ കാണിച്ചതും ആണ്. തമിഴൻ്റെ മുഖം മാത്രമേ അവർ കണ്ടിരുന്നുള്ളൂ, മറ്റുള്ളവർ മുഴുവൻ സമയവും മാസ്ക്ക് ധരിച്ചിരുന്നതിനാൽ അവരെ വ്യക്തമായി തിരിച്ചറിയുവാൻ ആർക്കും സാധിച്ചില്ല. കുറെ ചോദ്യങ്ങക്ക് ഉത്തരം കണ്ടെത്താനാവാതെ അജയൻ കുഴങ്ങി. രവി മേനോൻ ജീവനോടെ ഉണ്ടെങ്കിൽ അയാൾ എന്തിന് ഒളിച്ച് താമസിക്കണം...? താൻ ജീവനോടെ ഉണ്ട് എന്ന് അറിയിക്കാൻ എന്തിന് ഫോൺ ചെയ്യണം? തങ്ങൾ ഉദ്ദേശിക്കുന്ന ആൾ ആണ് രവി മേനോൻ എങ്കിൽ ആരായിരിക്കും അയാളുടെ കൂടെ ഉള്ള മൂന്ന് പേർ. എന്തിനാണ് ഇത്ര തിരക്കിട്ട് സോഫിയയും റജിസാറും മണാലിക്ക് വന്നത്? റെജിസർ രവി മേനോൻ സഞ്ചരിച്ച അതേ കാരവാനിൽ ആണ് വന്നിരിക്കുന്നത്... അത് സുഹൃത്തിനെ സുരക്ഷിതമായി മടക്കി കൊണ്ട് പോകാൻ ആണെങ്കിൽ റജിസർ രവി മേനോൻ ജീവനോടെ ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടാവാം.


മണാലി പോലീസിൻ്റെ നിരീക്ഷണത്തിൽ തന്നെ റെജി സാർ ഉണ്ട്. കാരവാൻ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ പാർക്ക് ചെയ്തിട്ടുണ്ട്. റൂമിൽ നിന്ന് പുറത്ത് വരുന്നത് കുറവാണ് എന്നാണ് പോലീസ് പറയുന്നത്.


സോഫിയ രവി മേനോൻ്റെ മരണം നേരിട്ട് കണ്ടിട്ടുണ്ട്. ഹോസ്പിറ്റൽ രേഖകൾ അത്ര സുതാര്യമായിരുന്നില്ല എന്ന ഒരു പ്രശ്നം മാത്രമേ കാഷ്യാലിറ്റിയിൽ പരിശോധിച്ചപ്പോൾ തനിക്ക് തോന്നിയത്. ഗവർമെൻ്റെ ഹോസ്പിറ്റലിൽ മുൻ പരിചയം ഇല്ലാത്ത നിറയെ താൽക്കാലിക ജീവനക്കാർ ഉണ്ടെന്നായിരുന്നു കാഷ്വാലിറ്റിയിൽ നിന്നുള്ള വിശദീകരണം. പക്ഷെ രവിമേനോനെ അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഡോക്ടർ രാധാകൃഷ്ണൻ മെഡിക്കൽ കോളേജിലെ അഞ്ചാമത്തെ കോവിഡ് മരണമാണ് രവി മേനോൻ്റെത്... രവി മേനോൻ ജീവനോടെ ഉണ്ടെങ്കിൽ അയാൾ ഹോസ്പിറ്റലിൽ നിന്ന് രക്ഷപ്പെട്ടിരിക്കണം... അങ്ങനെ എങ്കിൽ മരിച്ചതാര്...? ഇങ്ങനെ ഒരു ആൾമാറാട്ടം അയാൾ നടത്തിയത് എന്തിന്...? എങ്ങനെ?


ചിന്തകൾക്കിടയിൽ ഉറങ്ങി എണീക്കുമ്പോൾ ശരീരം മരവിച്ച അവസ്ഥയിലായിരുന്നു അജയൻ. വിറച്ച് കൊണ്ട് അയാൾ അടുക്കളയിലേക്ക് ചൂട് വെള്ളം ഉണ്ടാക്കുന്നതിന് നടന്നു. സമയം രാവിലെ ഒമ്പത് മണി ആയിട്ടുണ്ട്... തനിക്ക് എസ്പി അനുവദിച്ച മൂന്ന് ദിവസത്തിലെ ആദ്യ ദിനം...


"ഗുഡ് മോണിങ്ങ് സർ... വാട്ട് ഈസ് യുവർ പ്ലാൻ ടുഡേ?" പിന്നിൽ നിന്നും ഇൻസ്പെക്ടർ ആപ്ടെ ചോദിച്ചപ്പോൾ അജയൻ വേഗത്തിൻ മറുപടി പറഞ്ഞു.


"വി ആർ സ്റ്റാർട്ടിങ്ങ് ഫ്രം ദി ബിഗിനിങ്ങ്," അജയൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ലെങ്കിലും ആപ്ടെ വെറുതെ ചിരിച്ചു.


റോട്ടങ്ങ് പാസ്സിൽ ജൂലൈ പത്തിന് ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരൻ ആരാണെന്ന് അറിയാൻ ഇൻസ്പെക്ടർ ആപ്ടെക്ക് ബുദ്ധിമുട്ടുണ്ടായില്ല. തൻ്റെ സ്റ്റേഷനിലെ കോൺസ്റ്റബിൾ ആയ ചരൺ കുമാറിനെ അയാൾ റോട്ടങ്ങ് പാസിലേക്ക് വിളിച്ച് വരുത്തിയിരുന്നു. സോഫിയ രവി മേനോനെ ടാക്സിയിൽ കയറ്റിയത് അയാൾ ഓർമ്മിച്ചു...


"ഡിഡ് യു സീ എനിതിങ്ങ് സ്പെഷൽ ദാറ്റ് ടൈം?" അജയൻ ഒന്ന് കൂടി കാര്യങ്ങൾ ഉറപ്പിക്കാൻ ചരൺ കുമാറിനോട് ചോദിച്ചു.


"നത്തിങ്ങ് സർ. ദാറ്റ് ഗൈ വാസ് സഫറിങ്ങ് ഫ്രം എപ്പിലെസ്പി... സംബഡി ആസ്ക്ഡ് ദാറ്റ് ലേഡി ടു റിമൂവ് ഹിസ് മാസ്ക് ... ബട്ട് ഷി ഡിഡിൻ്റ് ... മെബി വറീഡ് എബൗട്ട് കോവിഡ് .... ദെൻ ദാറ്റ് ഡെ യൂഷ്വൽ തിങ്ങ് വൺ സ്കയറ്റർ ഫാൾഡ്, ഹി വാസ് ടെയ്ക്കൺ ടു ഹോസ്പിറ്റൽ." വ്യക്തതയുള്ള വിശദീകരണമാണ് ചരൺ കുമാർ നൽകിയത്. പക്ഷേ രവിമേനോനെ കയറ്റിയ ടാക്സി ഏതെന്ന് അയാൾ ഓർക്കുന്നുണ്ടായിരുന്നില്ല...


മാൾ റോഡിലെ ഗവർമെൻ്റ് സിവിൽ ഹോസ്പ്പിറ്റലിൽ ഒരു മലയാളി നെഴ്സിനെ കണ്ടതോടെ അജയന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി... "യസ് സർ ... ഞാൻ ഓർക്കുന്നു അവരെ. അയാൾക്ക് അപസ്മാരം ആയിരുന്നു. ഇവിടെ വരുമ്പോഴേക്കും വലിയ കുഴപ്പം ഉണ്ടായിരുന്നില്ല. മുമ്പ് അപസ്മാരം ഉള്ള ആളായത് കൊണ്ടും ശ്വാസതടസ്സം കണ്ടത് കൊണ്ടും ഡോക്ടർ കോവിഡ് ടെസ്റ്റിന് നിർദ്ദേശിച്ചു. ...പിന്നീട് അടുത്ത ദിവസമാണ് അയാൾ മരണപ്പെട്ടത് അറിഞ്ഞത്... " സിസ്റ്റർ ആനി വിശദീകരിച്ചു. "ഡോക്ടർ രാധാകൃഷ്ണൻ മെഡിക്കൽ കോളേജിൻ നിന്ന് വന്ന നിർദ്ദേശപ്രകാരം ആ സത്രീയും ഡ്രൈവറും കുറച്ച് ദിവസം ഹോം കോറെൻ്റെയിലും ആയിരുന്നു."


" അവർ എങ്ങനെയാണ് ഇവിടെ നിന്ന് മെഡിക്കൽ കോളേജിൽ പോയത്?" അജയൻ പോസ്പിറ്റലിലെ ജൂലൈ പത്തിലെ രജിസ്റ്റർ പരിശോധിച്ച് കൊണ്ട് ചോദിച്ചു.


" ആ സ്ത്രീ കാരവാനിൽ ആണ് നാട്ടിൽ നിന്ന് വന്നതെന്ന് തോന്നുന്നു... അവർ സംസാരിക്കുന്നത് കേട്ടതാണ്. പക്ഷേ ഇവിടെ നിന്ന് ടാക്സിയിൽ ആണ് പോയത്." അന്നത്തെ ദിവസം ഓർമ്മിച്ച് സിസ്റ്റർ ആനി പറഞ്ഞു.


" രവി മേനോൻ ഇവിടെ നിന്ന് നടന്നാണോ പോയത്..." അജയൻ പോകാനായി എണീറ്റു.


"അതെ... പക്ഷേ കാൽ സ്വാധീനം കമ്മി ആയതിനാൽ അയാൾ വാക്കിങ്ങ് സ്റ്റിക്ക് ഉപയോഗിക്കുന്നുണ്ടായിരുന്നു... എന്ത് പറ്റി സർ ഈ മരണം അന്വേഷിക്കാൻ?" സിസ്റ്റർ ആനി സംശയത്തോടെ ചോദിച്ചു.


" പ്രത്യേകിച്ചൊന്നുമില്ല സിസ്റ്റർ... ഈ വ്യക്തിയല്ലേ അന്ന് കണ്ടത്?" തൻ്റെ മൊബൈലിലെ ഫോട്ടോ അജയൻ ആനിയുടെ നേരെ നീട്ടി.


"അതെ സർ."


"നിങ്ങൾ രവി മേനോനോട് സംസാരിച്ചുവോ?"


" യസ് പക്ഷേ അയാൾ ഇംഗ്ലീഷ് ആണ് സംസാരിച്ചത്," ആനിയുടെ വിശദീകരണം കേട്ട് അജയൻ വിശദമായി ചിരിച്ചു.


 സിവിൽ ഹോസ്പിറ്റലിൽ നിന്ന് മടങ്ങുമ്പോൾ അജയൻ്റ മനസ്സ് സന്തോഷിച്ചു... കേസ്സിനൊരു വലിയ മാറ്റം ഉണ്ടായിരിക്കുന്നു. തൻ്റെ കൂടെ ഉള്ള ഇൻസ്പെകടർ ആപ്ടെയോട് കാര്യങ്ങൾ വിശദീകരിക്കുന്നതിൻ്റെ കൂടെ തന്നെ ഡോക്ടർ രാധാകൃഷ്ണമെമ്മോറിയിൽ മെഡിക്കൽ കോളേജിൽ നിന്നും കോവിഡ് കാലത്തെ പുതിയ കാഷ്വാലിറ്റി രീതികളെ കുറിച്ചും അജയന് അറിയണമായിരുന്നു... ബാക്കിയുള്ള അന്വേഷണം രവി മേനോൻ ഇനി എവിടെ ആണന്ന് അറിയുക മാത്രം ആയിരുന്നു.


ഒരു പത്ത് മിനിറ്റ് സമയം എടുത്തു ഇൻസ്പെക്ടർ രാംലാൽ അപ്ടെക്ക് കാര്യങ്ങൾ അന്വേഷിച്ചറിയാൻ... 


"വാട്ടീസ് നെക്സ്റ്റ് സർ?" നിലവിൽ അറിഞ്ഞ വിവരത്തിൽ ആപ്ടെയും സംതൃപ്തനായിരുന്നു.

"ഈസ് എനി മാൻ മിസ്സിങ്ങ് കേസ് റിപ്പോർട്ടഡ് ഇൻ മണാലി ആഫ്ടർ ജൂലൈ ടെൻത്ത്?" 

ആപ്ടെയുടെ മുഖഭാവം മാറുന്നത് നോക്കി അജയൻ പറഞ്ഞു.


"ദാറ്റ് മിസ്സിങ്ങ് മാൻ കുഡ് ബി എ ടാക്സി ഡ്രൈവർ... മെബി ഹിസ് ഫാമിലി ഹാവ് കോവിഡ്- 19," തൻ്റെ ഊഹം അയാൾ അവതരിപ്പിച്ചു.


"അസ്ലം ഷാ" എന്ന ടാക്സി ഡ്രൈവറുടെ വീട്ടിൽ അവർ എത്തുംമ്പോഴേക്കും ഇൻസ്പെക്ടർ അജയന് അനുവദിക്കപ്പെട്ട ആദ്യ ദിവസത്തിൻ്റെ പകൽ ഏതാണ്ട് അവസാനിക്കാറായിരുന്നു... ജൂലൈ പത്തിന് പകലാണ് അസ്ലം ഷാ അവസാനമായി അവരെ മൊബൈലിൽ വിളിച്ചത്, അതിന് ശേഷം ആൾ അപ്രത്യക്ഷനായിരിക്കുന്നു. ദൂരെ എവിടെക്കെങ്കിലും ഓട്ടം പോയിരിക്കും എന്ന് കരുതി അവർ മൂന്ന് ദിവസം കാത്തിരുന്നു. പക്ഷേ പോലീസിൽ പരാതി കൊടുക്കാൻ വീണ്ടും സമയം എടുത്തു ആ കുടുംബം... അപ്പോഴേക്കും വീട്ടിൻ ചിലർക്ക് കോവിഡ് ബാധിച്ചിരുന്നു... പോലീസ് അന്വേഷണത്തിൽ ദിവസങ്ങൾ കഴിഞ്ഞ് അസ്ലം ഷായുടെ ടാക്സി കാർ ഗുലാബോ ചെക്ക് പോസ്റ്റിന് സമീപമുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് നിന്ന് കണ്ടെത്തി.


അന്ന് രാത്രി ഇൻസ്പക്ടർ അജയൻ തണുപ്പ് ഉണ്ടായിട്ടും സുഖമായി കിടന്നുറങ്ങി. അടുത്ത ദിവസം എവിടെ നിന്ന് തുടങ്ങണമെന്ന് വ്യക്തമായി അയാൾക്ക് അറിയാമായിന്നു.


(തുടരും)


Rate this content
Log in

Similar malayalam story from Action