Prasanth Narayanan

Action Crime Thriller

3.6  

Prasanth Narayanan

Action Crime Thriller

മർഡർ @ കോവിഡ് 19 (ഭാഗം 4)

മർഡർ @ കോവിഡ് 19 (ഭാഗം 4)

9 mins
243


രണ്ട് ദിവസത്തെ യാത്രയിൽ സോഫിയ ശരിക്കും ക്ഷീണിച്ചിരുന്നു. കാർ ഡൽഹിയിൽ എത്താറായി ... ഇനിയും ഉണ്ട് ഒരു ദിവസത്തെ യാത്ര. ഇങ്ങനെ തലങ്ങും വിലങ്ങും ഇന്ത്യക്ക് തെക്ക് വടക്ക് യാത്ര അതും കാറിൽ ഉണ്ടാകുമെന്ന് സോഫിയ ജീവിതത്തിൽ കരുതിയിരുന്നില്ല... പക്ഷേ സന്ദർഭം അതാണ്. എന്തിനാണ് ഇത്ര പെട്ടെന്ന് മണാലിയിലേക്ക് വരുന്നതെന്ന് സഞ്ജയിനോട് പറഞ്ഞിട്ടില്ല. യാത്രകൾ അവനേയും ക്ഷീണിപ്പിച്ചിട്ടുണ്ട് പക്ഷേ ഇപ്രാവശ്യം അവൻ ഒച്ചവെക്കുകയോ മുഖം കറുപ്പിക്കുകയോ ചെയ്യുന്നില്ല എന്നതാണ് സമാധനം.  


" ഹമ് ഡൽഹി മെ രൂക്കേഗേ സഞ്ജയ് ... ഫ്രഷ്ഹോക്കർ ജായേങ്കേ... " താമസിക്കാൻ പറ്റിയ സ്ഥലം സോഫിയ മൊബൈലിൽ തിരഞ്ഞു. 


" നഹി...ഹം സീദാ മണാലി ചലേങ്കേ ... ഡൽഹി മെ കോവിഡ് സ്യാദാ ഹെ." കോവിഡ് കാരണം ഡൽഹിയിൽ താമസിക്കാൻ അവന് ഭയമുള്ളതായി തോന്നി... അതോടെ യാത്ര തുടരാൻ സോഫിയ തീരുമാനിച്ചു ... വിജനമായ റോഡിൽ എത്തിയപ്പോൾ പലപ്പോഴും അവൾ തിരിഞ്ഞ് നോക്കി.


കേരളത്തിൽ നിന്നും യാത്ര തുടങ്ങിയപ്പോൾ മുതൽ ആരോ തന്നെ പിന്തുടരുന്നുണ്ടെന്ന ചിന്ത അവൾക്കുണ്ട്.


കഴിഞ്ഞ രണ്ട് വർഷം ആയി ഉണ്ടായിരുന്ന സുഖജീവിതം അവസാനിച്ചിരിക്കുന്നു... ഇനിയും വിധിയുടെ പരീക്ഷണങ്ങൾ നേരിടാൻ 

ഉണ്ട്. തൻ്റെ എല്ലാ കാര്യങ്ങൾക്കും കൂട്ട് നിൽക്കുന്ന സഹോദരിയെ പോലും ഒഴിവാക്കി മുന്നോട്ട് പോയത് അത് കൊണ്ടാണ്. ഒരു ലാബ് ടെക്നീഷ്യനോ, ഫാർമസിസ്റ്റോ ആകാൻ തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. ഇരുപത്തി ഒന്നാം വയസ്സിൽ സിനിമാ മോഹവുമായി മുബൈയIലേക്ക് തിരിക്കുമ്പോൾ പുതിയ ഒരു ജീവിതം അല്ലെങ്കിൽ മരണം ഇതായിരുന്നു ലക്ഷ്യം. രണ്ട് ലക്ഷ്യങ്ങളിലും പരാജയപ്പെട്ടപ്പോൾ ജീവിതം ചെന്നെത്തിയത്... കുറ്റവാളികളുടെ പറുദീസയിലേക്ക് ആയിരുന്നു. വിദ്യാഭ്യാസം ഉള്ളത് കൊണ്ട് ശരീരം വിൽക്കേണ്ടി വന്നില്ല. അവരുടെ പണമിടപാടുകളുടെ കണക്ക് പുസ്തകം ആയി സോഫിയ മാറി. പിന്നെ പല ബന്ധങ്ങൾ, ജീവിതങ്ങൾ... അവസാനം ചെന്നെത്തിയ സ്ഥലം മാത്രം സ്നേഹത്തിൻ്റെത് ആയിരുന്നു. രവിയുമൊത്തുള്ള യാത്രയിൽ തൻ്റെ നെഗറ്റീവുകൾ പറഞ്ഞത് വേണ്ടായിരുന്നു എന്ന് സോഫിയക്ക് തോന്നി. കുറ്റവാളികളുടെ കൂടെയുള്ള ജീവിതത്തിൻ്റെ ബാക്കി ഇപ്പോഴും തന്നെ പിന്തുടരുന്നുണ്ട്.


ഏതൊരു കുറ്റവാളിയേയും പോലെ പണം ലഭിക്കുമ്പോൾ സമാധാനം ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് അവളും എത്തിയിരുന്നു. "തന്നെ അറിയുന്നവർ ആരോ തനിക്ക് ഒരു കെണി ഒരുക്കിയിട്ടുണ്ട് " സോഫിയ മനസ്സിൽ പറഞ്ഞു.


രവിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു പോലീസുകാരൻ ഒരിക്കലും സോഫിയ വീട്ടിൽ പ്രതീക്ഷിച്ചിരുന്നില്ല. അയാൾ പറഞ്ഞ ഇൻഷുറൻസിൻ്റെ പരാതി തനിക്ക് അന്വേഷിക്കാൻ കുറച്ച് സമയം മാത്രമേ വേണ്ടി വന്നുള്ളൂ... മണാലിയിൽ നിന്ന് അമ്മയുടെ ഫോൺ വരുന്ന സമയം വരെ മാത്രം.


" സോഫി ഐ കാൾഡ് പോലീസ്... ദെ സെ ദേർ ഈസ് നൊ കപ്ലയിൻ്റ് എഗെയിൻസ്റ്റ് യു."


അപ്പോൾ ആ ഇൻസ്പെക്ടർ വീട്ടിൽ വന്നത് എന്തിനായിരിക്കും എന്നറിയാതെ സോഫിയ കുറച്ച് സമയം കുഴങ്ങി... പക്ഷേ അന്ന് വൈകിട്ട് തന്നെ ഒരു കഥയുമായി അഞ്ജലി തൻ്റെ മുന്നിൽ എത്തി.


അവൾ കേൾപ്പിച്ച ശബ്ദം രവിയുടെ തന്നെ ആയിരുന്നു... പക്ഷേ എങ്ങനെ? എല്ലാം താൻ നേരിട്ട് കണ്ടതാണ്. തൻ്റെ ജീവിതം അറിയുന്ന ഒരു മിമിക്രിക്കാരൻ ... കോടികളുടെ ആസ്തിയുള്ള സ്ഥാപനത്തിൽ ഉണ്ടാവാൻ സാധ്യത ഉള്ള ഒരു പ്രശ്നം ആണെന്ന് സോഫിയക്ക് അറിയാം. അവനെ മണാലിയിൽ വെച്ച് തന്നെ സെറ്റിൽ ചെയ്തേ പറ്റൂ... പ്രത്യേകിച്ച് രവി മേനോൻ ഇൻഫോടെക്ക് വിൽക്കാൽ താൻ തീരുമാനിച്ച സ്ഥിതിക്ക്. അനാവശ്യമായ ഒരു ഇല്ലാത്ത വാർത്ത മതി എല്ലാം കുഴപ്പത്തിൽ ആക്കാൻ. അഞ്ജലി തന്നോട് ചോദിക്കാതെ തന്നെ പോലീസിൽ പരാതിപ്പെട്ടിരിക്കുന്നു... അതിന് ഒരു മറുപടിയേ ഉള്ളൂ... ആറ് മാസം പോലും തികക്കാത്ത ഒരു പുതിയ സ്റ്റാഫിന് കൊടുക്കേണ്ട സമ്മാനം. അത് നൽകി തന്നെയാണ് സോഫിയ കേരളത്തിൽ നിന്ന് യാത്ര തിരിച്ചത്...


കാരവാൻ ബാഗ്ലൂർ എത്തിയപ്പോൾ നിന്നു. എവിടേയും നിർത്താത്ത ഓട്ടത്തിനിടെ താൻ ഗാഡമായ ഉറക്കിത്താലായിരുന്നെന്ന് ഡിവൈഎസ്പി റെജി അബ്രഹാം അപ്പോഴാണ് അറിഞ്ഞത്...


"സർ, നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമുണ്ട്." പുറത്ത് നിന്ന് ഡ്രൈവറുടെ ശബ്ദം അകത്തേക്ക് വന്നു. ഉള്ളിൽ കയറാതെ കാണാതെ ഡ്രൈവറുമായി കമ്മ്യൂണിക്കേഷൻ സംവിധാനം കാരവാനിൽ ഉണ്ട്.


" ആയിക്കോട്ടെ," തനിക്ക് ആവശ്യമുള്ള ഭക്ഷണം പറഞ്ഞ് അയാൾ വീണ്ടും കിടന്നു. ഇങ്ങനെ ഒരു സന്ദർഭത്തിൽ ഒരു മണാലി യാത്ര അയാൾ പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാമത്തെ മകളുടെ വിവാഹ ശേഷം എല്ലാവരും ചേർന്നുള്ള ഒരു യാത്ര, അതാണ് ഉദ്ദേശിച്ചിരുന്നത്. മകളുടെ വിവാഹം മുന്നിൽ എത്തിയത് കൊണ്ട് മാത്രമാണ് അയാൾ ഈ ഉദ്യമത്തിന് മുതിർന്നത്. ഒരു പത്രവാർത്തയും കേസ്സും ... കുറ്റവാളി എന്ന സംശയത്തിൻ്റെ മുനയും ഇത്ര കാലത്തെ ഔദ്യോഗിക ജീവിതത്തിൽ അയാൾ ഉണ്ടാക്കിയിട്ടില്ല. മകളുടെ കല്യാണം നിശ്ചയിക്കാൻ പോകുന്ന സമയത്ത് ഇങ്ങനെ ഒരു കുടുക്ക് കൊണ്ട് നടക്കേണ്ട കാര്യമില്ല. മറ്റുള്ളവർ അറിയുന്നതിന് മുമ്പ് നേരിട്ട് തീർക്കണം... സോഫിയ തൻ്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച തുകക്ക് ഒരു ട്രാപ്പിൻ്റെ മണം ഉണ്ടായിരുന്നു. തനിക്ക് അറിയാത്ത എന്തോ ഒന്ന് രവിയും സോഫിയയും തമ്മിലുള്ള യാത്രക്കിടയിൽ ഉണ്ടായിട്ടുണ്ട് ... ഒരു പോലീസുകാരനായ തന്നെ കൂടി ആ കേസ്സിൽ ഉൾപ്പെടുത്തി ഒരു മറയാക്കാനുള്ള ഗൂഡ ശ്രമമാണ് ഇതിന് പിന്നിൽ എന്ന് റെജി ഉറപ്പിച്ചിരുന്നു. താൻ തന്നെ അറേഞ്ച് ചെയ്ത കാരവാനിൽ ആണ് അവർ യാത്ര ചെയ്തിരിക്കുന്നത്... അതു കൊണ്ട് ഒരു പ്ലാനിൻ്റെ ഭാഗമായി തന്നെ കാണാൻ ആർക്കും കഴിയും... എണീറ്റ് കാരവാൻ്റെ വാതിൽ തുറന്ന് അയാൾ പുറത്ത് വന്നു.


" പോലീസ് രോഷൻ ക്യാബ്‌സിൽ ചെന്നാലും താൻ മണാലിയിലേക്കാണ് പുറപ്പെട്ടത് എന്ന് അറയാൻ കഴിയില്ല. കാരണം കാരവാൻ ഇപ്രാവശ്യവും താൻ ബുക്ക് ചെയ്തത് രവി ഇൻഫൊടെക്കിൻ്റെ പേരിലാണ്."


 സോഫിയയെ കുറിച്ച് ഡൽഹിയിലും, കൽക്കട്ടയിലും, മുബൈയിലും കുറഞ്ഞ സമയം കൊണ്ട് തൻ്റെ സുഹൃത്തുക്കളെ വെച്ച് നടത്തിയ അന്വേഷണത്തിൽ അവൾക്ക് ചില ക്രിമിനലുകളുമായി ഉള്ള ബന്ധം താൻ മനസ്സിലാക്കിയിട്ടുണ്ട്. അത് മതി ഈ കുടുക്കിൽ നിന്ന് തനിക്ക് ഊരിപ്പോകാൻ ... പക്ഷേ മകളുടെ കല്യാണ സമയം ആണിത്. താൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന് റെജിക്ക് തോന്നി.


സബ് ഇൻസെപ്ക്ടർ അജയൻ ഈ കേസ്സ് അന്വേഷിക്കുന്നതിൽ റെജിക്ക് അതൃപ്തിയുണ്ട്. അയാളുടെ സ്റ്റേഷൻ പരിധിയിൽ ഉള്ള പരാതിയായത് കൊണ്ട് മറുത്തൊന്നും എസ്പി യോട് പറയാൻ കഴിയlല്ല. തൻ്റെ അധികാര പരിധിയിൽ വരുന്ന കേസ്സ് ആണെങ്കിലും താൻ ഉൾപ്പെട്ട കാര്യം ആയത് കൊണ്ട് സ്വയം അന്വേഷിക്കാൻ അനുവദിക്കണം എന്ന് എസ്പിയോട് ആവശ്യപ്പെടാനും കഴിയില്ല. ലീവ് എടുത്ത് സ്വയം അന്വേഷണം നടത്താൻ തീരുമാനിച്ചത് അത് കൊണ്ടാണ്. രവി മരിച്ചത് സത്യമാണെന്ന് കുളുവിലെ മെഡിക്കൽ കോളേജിൽ അയാൾ വിളിച്ച് ഉറപ്പിച്ചിട്ടുണ്ട്... എങ്കിലും എന്തെങ്കിലും തരത്തിൽ അയാൾ ജീവനോടെ ഉണ്ടെങ്കിൽ കൂട്ടിക്കൊണ്ട് വരുന്നതിന്നും വേണ്ടിയാണ് റെജി കാരവാൻ യാത്രക്ക് തിരഞ്ഞെടുത്തത്. ഡ്രൈവറുടെ കൈയ്യിൽ നിന്ന് ഭക്ഷണം വാങ്ങി കാരവാന് ഉള്ളിൽ കയറുമ്പോൾ റെജിയെ അലട്ടിയിരുന്ന ഒരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.


"ഇൻസ്പ്കെടർ അജയൻ... അയാൾക്ക് വേണമെങ്കിൽ കേസ്സ് മാധ്യമങ്ങൾക്കും പ്രത്രങ്ങൾക്കും ചോർത്തി കൊടുക്കാൻ സാധിക്കും... കാശിന് വേണ്ടി അയാൾ എന്തും ചെയ്യും."


.........................................


സബ് ഇൻസ്പെക്ടർ അജയൻ എസ്പി ഓഫീസിൻ്റെ പുറത്ത് ഫയലുമായി കാത്ത് നിന്നു. മൊബൈലിൽ നോട്ട് പാഡ് തുറന്ന് അയാൾ ചില പേരുകൾ നിരനിരയായി എഴുതി...


രവിമേനോൻ ഇൻഫോടെക്ക്...

രവി മേനോൻ...

സോഫിയ...

സഞ്ജയ്...

ഗവ. ഹോസ്പിറ്റൽ മണാലി.

കാരവാൻ...

ഡോ.രാധാകൃഷ്ണൻ മെഡിക്കൽ കോളേജ്...

റജി അമ്പ്രഹാം...

ജോസഫ്...

അഞ്ജലി...


എസ്പിയുടെ മുമ്പിൽ ഫയൽ വെച്ചപ്പോൾ അദ്ദേഹം അത് തുറന്നില്ല...


"കമോൺ അജയൻ, ബ്രീഫ് ഇറ്റ്."


" ഒരു ക്രൈം നടന്നില്ലെന്ന് കരുതുകയാണെങ്കിൽ ഇങ്ങനെ പറയാം സർ...

രവിമേനോൻ ഇൻഫൊടെക്ക് ഉടമ ഭാര്യ സോഫിയുമൊത്ത് മണാലിയിൽ എത്തുന്നു. അവരുടെ ഡ്രൈവർ സഞ്ജയ് കൂടെ ഉണ്ട്. ആദ്യം അവർ സോഫിയയുടെ രക്ഷിതാക്കളെ കാണുന്നു. പിന്നീട് ഹോട്ടലിൽ താമസിക്കുന്നു. കാരവാൻ സർവ്വീസിന് പോയതിനാൽ ഒരു കാർ വാടകക്ക് എടുത്ത് പുറത്ത് പോകുന്നു, രവി മേനോന് സുഖമില്ലാതാകുന്നു. ഗവ ഹോസ്പിറ്റൽ മണാലിയിലേക്ക് പോകുന്നു, അതിന് ശേഷം കാർ ഒഴിവാക്കി കാരവാനിൽ കയറി മെഡിക്കൽ കോളേജിലേക്ക് പോകുന്നു. കോവിഡ് സ്ഥിതീകരിക്കുന്നു. സോഫിയ റെജി സാറെ അത് വിളിച്ച് പറയുന്നു. അടുത്ത ദിവസം മരണവും അറിയിക്കുന്നു. ശരീരം അവിടെ വെച്ച് ദഹിപ്പിക്കപ്പെടുന്നു... കുറച്ച് ദിവസം കഴിഞ്ഞ് സോഫിയ തിരകെ എത്തുന്നു.


റെജി സാറുടെ അക്കൗണ്ടിലേക്ക് പണം വരുന്നു, ജോസഫ് അത് അന്വേഷിച്ച് സ്ഥിതീകരിക്കുന്നു. രവി ഇൻഫോടെക്കിലേക്ക് രവി മേനോൻ്റെ ശബ്ദ സന്ദേശം വരുന്നു. പരാതിയുമായി റിസപ്ഷനിസ്റ്റ് അഞ്ജലി പോലീസ് സ്റ്റേഷനിൽ എത്തുന്നു. അഞ്ജലിയുടെ പരാതിയിൽ ഇതിൽ കുറ്റകൃത്യം എന്ന് പറഞ്ഞ് നമ്മൾ അന്വേഷിക്കേണ്ടത് രവി മേനോൻ മരണപ്പെട്ടോ ഇല്ലയോ എന്ന് മാത്രമാണ്. അത് മെഡിക്കൽ കോളേജിൽ വിളിച്ച് സ്ഥിതീകരിക്കാൻ കഴിയുകയും ചെയ്തിട്ടുണ്ട്.


സാമ്പത്തിക ഇടപാടുകൾ ഒരു പരാതി ആയി നമ്മുടെ മുന്നിൽ വന്നിട്ടില്ല സർ. പിന്നെ ശബ്ദ സന്ദേശം അത് ഫേക്ക് ആകാനേ സാധ്യത ഉള്ളൂ... ഉയർന്ന വരുമാനമുള്ള സ്ഥാപനം വിൽക്കുമ്പോൾ അതിനു ചെറുതായി ഉടക്ക് വെച്ച് പണം തട്ടാനുള്ള ആരുടേയോ പദ്ധതി..."


" അതും ഒരു ക്രൈം അല്ലേ അജയൻ?" എസ്പി ചിരിച്ച് കൊണ്ട് ചോദിച്ചു.


" ശരിയാണ് സർ... ഇതിൽ ഇനി കൂടതൽ അന്വേഷണം നടത്തേണ്ടത് മണാലിയിലെ പോലീസ് ആണ്. നമുക്ക് റിപ്പോർട്ട് ചെയ്യാനേ കഴിയൂ." അജയൻ മറുപടി പറഞ്ഞു.


"മണാലി പോലീസിൽ റിപ്പോർട്ട് ചെയ്യണം എന്ന നിർദ്ദേശം ആണ് ഞാൻ ഫയലിൽ വെച്ചിട്ടുള്ളത്." അജയൻ എസ് പിയുടെ മറുപടിക്കായി കാത്തിരുന്നു.


" ഒരു ക്രൈം ഇതിൽ നടന്നിട്ടുണ്ടെങ്കിൽ എന്തായിരിക്കും താങ്കളുടെ വിശദീകരണം അജയൻ?"


" രവിമേനോനെ മാറ്റി നിർത്തിയാൽ ബാക്കി ഉള്ളവർ എല്ലാം ഒന്നല്ലങ്കിൽ മറ്റൊരു വിധത്തിൽ ഇതിൽ പങ്കാളികൾ ആവും സർ." ഒരു വലിയ വിശദീകരണം അജയന് എസ്പിയുടെ മുന്നിൽ പറയാൻ ഉണ്ടായിരുന്നു...


വൈകിട്ട്... എസ്പി ഓഫീസിൽ നിന്ന് നിർദ്ദേശം ലഭിച്ചത് മുതൽ അയാൾ സന്തോഷത്തിൽ ആയിരുന്നു. ഒരു ഫോൺ അത് അത്യാവശ്യം ആയിരുന്നു.


" റോഷൻ ക്യാബ് സർവ്വീസ്...? ഇത് ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നാണ്."


" സർ പറയൂ."


"ഒരു കാറും ഡ്രൈവറും വേണമല്ലോ കുറച്ച് ദിവസത്തേക്ക്?"


" കാറുണ്ട് പഷേ ഡ്രൈവറെ കിട്ടാൻ ബുദ്ധിമുട്ടാണ് കുറച്ച് ദിവസത്തേക്ക്. എവിടെക്കാണ് പോകുന്നത് ... സർ?" 


" മണാലി " 


"എന്നാൽ ഞാൻ ഡ്രൈവർ ആയി വരാം സർ." 


റോഷൻ്റെ ആവേശം കേട്ട് അജയൻ ചിരിച്ചു. പ്രത്യേകിച്ച് ചെലവില്ലാത്ത ഒരു മണാലി യാത്ര ആരും ഒഴിവാക്കില്ല... കൂടാതെ അന്വേഷണത്തിൻ്റെ ചെലവിനായി തരക്കേടില്ലാത്ത ഒരു തുക എസ്പി പാസാക്കിയിട്ടും ഉണ്ട്. ഒന്ന് ശ്രദ്ധിച്ച് ചെലവാക്കിയാൽ കേസ്സ് തെളിഞ്ഞാലും ഇല്ലെങ്കിലും രണ്ട് മാസത്തെ സ്റ്റേഷൻ ചെലവിനുള്ള വക കിട്ടും എന്നയാൾ കണക്ക് കൂട്ടി...


ഡൽഹി... പാനിപ്പട്ട്... കുരുക്ഷേത്ര... അമ്പാല... ചണ്ഡിഗഡ്... ബാലാസ്പൂർ... എൻഎച്ച് 44 ലൂടെ ഉള്ള മൂന്നാം ദിവസ യാത്ര ചെറിയ ചാറ്റൽ മഴയിലും ഇൻസ്പെക്ടർ അജയൻ ആസ്വദിച്ചു... മണ്ഡി എത്തിയപ്പോഴേക്കും ദൃശ്യങ്ങൾ അതി മനോഹരമാകാൻ തുടങ്ങിയിരുന്നു. പലയിടത്തും കാർ നിർത്തി ഫോട്ടോ എടുത്തവർ യാത്ര തുടർന്നു. ഡ്രൈവർ റോഷൻ ചെറിയ പയ്യനായിരുന്നു... യാത്രയിൻ തുടക്കം മുതൽ തന്നെ അവൻ വാ തോരാതെ സംസാരിച്ച് കൊണ്ടിരുന്നു... സിനമ തന്നെയായിരുന്നു പ്രധാന വിഷയം. നായകന്മാരാൽ നിന്ന് നായികമാരിലേക്ക് കടന്നപ്പോൾ അവൻ വാചാലനായി.. 


" കോവിഡ് കാലത്ത് നടന്മാരെക്കാളും പണം ഉണ്ടാക്കുന്നത് നടികളാണ്... ഫേസ്ബുക്ക് തുറന്നാൽ അവരുടെ ഫോട്ടോ ഷൂട്ട് വിശേഷങ്ങൾ ആണ്... ഒരുക്കലും പ്രതീക്ഷിക്കാത്ത പലരും ഫോട്ടോ ഷൂട്ടിൽ ഗ്ലാമറസ്സായിവരുന്നുണ്ട്... കോവിഡ് കാലം നീളട്ടെ എന്ന പ്രതീക്ഷയിൽ ആണ് ഞങ്ങൾ." രോഷൻ തൻ്റെ കള്ളച്ചിരി പുറത്തെടുത്തു...


" ആണോ...?" രോഷനെ ഈ യാത്രക്ക് കൂടെ വരാൻ എന്ത് കൊണ്ട് താൻ അനുവദിച്ചു എന്നത് അവനറിയില്ല. കേസ്സന്വേഷണത്തിൻ്റെ തുടക്കത്തിൽ പ്രതീക്ഷിക്കാതെ വന്ന ഭാഗ്യം ആയിരുന്നു അവൻ. തൻ്റെ അന്വേഷണത്തിന് ഒരു നല്ല തുടക്കം അത് കൊണ്ട് ലഭിച്ചു എന്ന് അജയന് അറിയാം...


"സാറെന്തിനാ മണാലിയിൽ പോകുന്നത്?" യാത്രയുടെ തുടക്കത്തിൽ തന്നെ രോഷൻ ചോദിച്ചു.


"വെറുതെ കുറച്ച് കാശ് കിട്ടി... അപ്പൊ ചുമ്മാ ഒരു യാത്ര... ഒരു ടാക്സി അന്വേഷിച്ചപ്പോൾ നിൻ്റെ ക്യാബ് ആണ് എല്ലാവരും പറഞ്ഞത്."


"ആണോ... ഡിവൈഎസ്പി റെജി സർ എൻ്റെ സ്ഥിരം കസ്റ്റമർ ആണ്, മാസത്തിൽ രണ്ട് തവണയെങ്കിലും സാറുടെ ട്രിപ്പ് ഉണ്ടാകും."


" ഉവ്വോ... എവിടേക്കൊക്കെ?"


" സാറിൻ്റെ ബ്രദറിന് നിറയെ ബിസിനസ്സ് ഉണ്ട് അതിൻ്റെ ആവശ്യത്തിനും പിന്നെ റിയൽ എസ്റ്റേറ്റ് ബിസിനസ്സിനും പോകുമ്പോൾ രണ്ട് പേരും ഉണ്ടാക്കും... പിന്നെ ചിലപ്പോഴൊക്കെ തന്നെയും പോകാൻ വിളിക്കും." രോഷൻ്റെ കള്ളച്ചിരിയിൽ അജയനും ചേർന്നു.


" ഉം ... മനസ്സിലായി സിനിമാ നടി പോലെത്തെ ആ രവി ഇൻഫോടെക്കിലെ സോഫിയ മാഡം ഒക്കെ അല്ലെ റജിസാറുടെ കൂട്ട്... " അജയൻ സംഭാഷണം പെട്ടെന്ന് വഴി തിരിച്ച് വിട്ടു.


"സാറ് പറഞ്ഞത് ശരിയാ സോഫിയാ മാഡത്തിന് ഒരു സിനിമാ നടിയുടെ ലുക്ക് ഉണ്ട്... അവരെ എനിക്ക് പരിചയപ്പെടുത്തി തന്നത് റെജിസർ ആണ്." 


" ആണോ...? എത്ര കാലമായി നിനക്കവരെ പരിചയം ഉണ്ട്?" അജയൻ രോഷൻ്റെ നേരെ തിരിഞ്ഞു.


" രണ്ട് വർഷമായി അറിയാം... പക്ഷേ വളരെ കുറച്ച് മാത്രമേ അവർ ഞങ്ങളെ വിളിക്കാറുള്ളൂ, അതും കാരവാൻ ആവശ്യമെങ്കിൽ മാത്രം..."


അവൻ ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് സംസാരിച്ചു...


"സോഫിയ മേഡത്തിൻ്റെ ആരൊക്കെയോ അവിടെ മണാലിയിൽ ഉണ്ട്... ഇപ്പോ അവർ അവിടെ ഉണ്ട്." 


" അത് നിനക്കെങ്ങനെ അറിയാം...? അവർ നിൻ്റെ വണ്ടിയിലാണോ പോയത്?" അജയൻ സംശയം ചോദിക്കുന്ന പോലെ ചോദിച്ചു.


"അല്ല സാറേ... ഇപ്രാവശ്യം അവർ സ്വന്തം കാറിലാണ് പോയത്.. മണാലിക്ക് സാറിൻ്റെ ഓട്ടം കിട്ടിയപ്പോൾ ഞാൻ അവരെ വിളിച്ചിരുന്നു... മണാലിയിൽ വരുന്നുണ്ടെങ്കിൽ വിളിക്കണം എന്ന് പറഞ്ഞിരുന്നു വെറുതെ."


" അപ്പൊ നീ റെജി സാറെയും വിളിച്ചിരിക്കുമല്ലോ?" അജയൻ ചെറിയ ബുദ്ധിമുട്ട് അഭിനയിച്ച് കൊണ്ട് പറഞ്ഞു...


" അയ്യോ.... വിളിച്ചിരുന്നു, കുഴപ്പമായോ സാറേ?"


അവൻ അസ്വസ്ഥതയോടെ പറഞ്ഞു. 


"ചുമ്മാ കറങ്ങാൻ പോകുന്നത് മേലുദ്യേഗസ്ഥൻമാർ അറിഞ്ഞാൽ മോശമല്ലേ!" അജയനും ഒരു കള്ളച്ചിരി പുറത്തെടുത്തു.


അജയൻ മനസ്സ് കൊണ്ട് സന്തോഷിച്ചു... സോഫിയയേയും റജിസാറേയും തൻ്റെ ഔദ്യോഗിക വരവ് അറിയിക്കുക എന്നത് രോഷനിലൂടെ സാധിക്കും എന്ന് അയാൾക്ക് തോന്നിയിരിക്കുന്നു. മറഞ്ഞിരിക്കുന്ന എന്തെങ്കിലും ഈ കേസ്സിൽ ഉണ്ടായിട്ടുണ്ടെങ്കിൽ ചെയ്തവർ ഓട്ടം തുടങ്ങിയിരിക്കും.


 യാത്ര തുടങ്ങുന്നതിന് മുമ്പ് എസ്പി സാറേ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞതാണ് "ഹിമാചൽ പോലീസ് ഡിപ്പാർട്ട്മെൻ്റിൽ അറിയിച്ചിട്ടുണ്ട്... മണാലിയിൽ എത്തുന്ന സോഫിയയും റെജിയും നിരീക്ഷണത്തിൽ ആയിരിക്കും എന്തെങ്കിലും സഹായം വേണമെങ്കിൽ മണാലി പോലീസിൽ ബന്ധപ്പെടാം". അജയനെ അലട്ടിയ ഒരു പ്രശ്നം സോഫിയ മൂന്ന് ദിവസം മുന്നെ അവിടെ എത്തിയിട്ടുണ്ട് എന്നത് മാത്രം ആയിരുന്നു. റെജിസർ കാരവാനിൽ ആണ് പോയിരിക്കുന്നത് ... അത് പ്രതീക്ഷ നൽകുന്ന ഒന്നാണ് ... രവി മേനോൻ ജീവനോടെ ഉണ്ടകിൽ അയാളെ തിരിച്ച് കൊണ്ട് വരുന്നതിന് ഒരു മുൻകരുതൽ ... അല്ലെങ്കിൽ തന്നെ പോലെ കാമ്പ് ടാക്സിയിലോ സ്വന്തം കാറിലോ യാത ചെയ്താൽ മതിയായിരുന്നു. തണുത്ത കാറ്റ് വീശാൻ തുടങ്ങിയതോടെ അജയൻ തുറന്ന് വെച്ച കാറിൻ്റെ ഗ്ലാസ്സ് ഉയർത്തി...


ഡിവൈഎസ്പി റെജി അബ്രഹാം ഡോക്ടർ രാധാകൃഷ്ണൻ മെഡിക്കൽ കോളേജിലെ ഓഫീസ് മുറിയിൽ ഇരുന്നു. തൻ്റെ മുന്നിൽ ഇരിക്കുന്ന ഓഫീസർ നീട്ടിയ മെഡിക്കൽ ബുള്ളറ്റിൻ അയാൾ സൂഷ്മമായി പരിശോധിച്ചു. ജൂലൈ പത്തിലെ കോവിഡ് രോഗികളുടെ പേർ വിവരങ്ങളിലും മരണപ്പെട്ടവരുടെ പേരുകളിലും രവി മേനോൻ്റെ പേർ ഉണ്ട്... തൻ്റെയും രവി മേനോൻ ഇൻഫോടെക്കിലേക്കും വന്ന ഫോൺ വിളികളുടെ പൊരുൾ അറിയാതെ അയാൾ കുഴങ്ങി... എവിടെയോ ഒരു തെറ്റ് സംബന്ധിച്ചിട്ടുണ്ടെന്ന് ഇപ്പോഴും മനസ്സ് പറയുന്നു... രവി മേനോൻ ജീവനോടെ ഉണ്ടെങ്കിൽ കണ്ടെത്തിയേ മതിയാകൂ... ആദ്യം രവിയെ കണ്ടെത്തുന്ന ആൾ താൻ തന്നെ ആയിരിക്കുകയും വേണം. സോഫിയക്ക് തനിക്ക് വന്ന പോലെയുള്ള ഫോൺ വന്നിട്ടുണ്ടാവാം എന്നയാൾ സംശയിച്ചു.


ഇല്ലങ്കിൽ ഈ കോവിഡ് സമയത്ത് ഇത്ര ധൃതി പിടിച്ചവൾ വീണ്ടും മണാലിക്ക് വരില്ലായിരുന്നു. അന്ന് രവിയുടെ മരണം അറിയുമ്പോൾ സോഫിയ പറഞ്ഞത് അയാൾ ഓർത്തു.


"ഇന്നലെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല ... ടെസ്റ്റ് പോസിറ്റീവ് ആണെന്ന് മാത്രം പറഞ്ഞു... അഡ്മിറ്റും ചെയ്തു. ഇപ്പോ രാവിലെ പറയുന്നു പോയെന്ന്.. ഐ ഡോണ്ട് അണ്ടർസ്റ്റാൻ്റ്."


യാത്രക്കിടയൽ ഒരു പ്രാവശ്യം താൻ സോഫിയയെ വിളിച്ചതാണ്... അവൾ ഫോൺ എടുക്കുന്നില്ല... ഒരിക്കൽ കൂടി വിളിക്കാം എന്ന് കരുതി ഫോൺ എടുത്തപ്പോൾ അത് റിങ്ങ് ചെയ്തു...


"സാർ ഞാൻ ... രോഷനാണ് എവിടെ എത്തി"?


" മണാലി എത്താറായി."


" സർ ഞാൻ വിളിച്ചത് ഒരു കാര്യം പറയാൻ ആണ്... ഞാനും വരുന്നുണ്ട് മണാലിക്ക് ... "


" ഉവ്വോ... ആരുടെയാ വാടക?"


"സാറേ വിളിച്ച് ചോദിക്കരുത്... ആദ്യമായി വന്ന കസ്റ്റമറാ... ടൗൺ സ്റ്റേഷനിലെ എസ്ഐ അജയൻ സാറാണ്." മനസ്സിൻ ചെറിയൊരു ബുദ്ധിമുട്ട് റെജിക്ക് തോന്നി. താൻ ലീവെടുത്ത് മണാലിയിലേക്ക് വന്ന വിവരം എസ്പി അറിഞ്ഞിരിക്കാൻ ഇടയുണ്ട്... സോഫിയ ഇവിടെ എത്തിയതും അറിത്തിരിക്കും. സാഭാവികമായും സംശയം ഉണ്ടാകാം... അങ്ങനെ എങ്കിൽ ഇതിനോടകം തന്നെ ഹിമാചൽ പോലീസിന് വിവരം കൈമാറിയിട്ടുണ്ടാകാം... അജയൻ വരുന്നത് ഒരു ഔദ്യോധിക അന്വേഷണത്തിന് വേണ്ടി മാത്രം ആയിരിക്കും... മറ്റുള്ളവരുടെ കൈയ്യിൽ നിന്ന് പണം വാങ്ങുന്ന സ്വഭാവം ഉള്ള ആൾ ഒരിക്കലും ഇത്രകാശ് സ്വന്തം പോക്കറ്റിൽ നിന്ന് ചെലവാക്കി ഈ കോവിഡ് കാലത്ത് ഉല്ലാസയാത്രക്ക് വരില്ല... റെജി മെഡിക്കൽ ബുള്ളറ്റിൻ്റ ആ പേജ് മൊബൈലിൽ പകർത്തിയ ശേഷം മുന്നിലുള്ള ഓഫീസറോട് നന്ദി പറഞ്ഞ് പുറത്തിറങ്ങി... ഇനി ആകെ ചെയ്യാനുള്ളത് സോഫിയയെ പിന്തുടരുകയും തനിക്ക് വന്ന ടെലിഫോണിൻ്റെ ഉറവിടം അന്വേഷിക്കലും ആണ്...


സോഫിയക്ക് പെട്ടെന്ന് തൻ്റെ പ്രതീക്ഷകൾ അറ്റു. മണാലിയിൽ വന്നതിന് ശേഷം കാര്യങ്ങൾ ആകെ കുഴഞ്ഞ് മറഞ്ഞിട്ടുണ്ട്. ഹോട്ടൽ നിർമ്മാണം പെട്ടെന്ന് ആരംഭിക്കേണ്ട എന്നാണ് അമ്മ പറയുന്നത്. ഈ പ്രശ്നം പരിഹരിച്ചതിന് ശേഷം മതി മുന്നോട്ട് പോകൽ എന്ന് തൻ്റെ മനസ്സ് പറയുന്നുണ്ട്. 


രവി ഇൻഫോടെക്കിലെ കാര്യങ്ങൾ മന്ദഗതിയിൽ ആണെന്ന് ജോസഫ് ഇന്നലെ വിളിച്ചപ്പോൾ തോന്നി... അഞ്ജലിയെ ജോലിയിൽ നിന്ന് പുറത്താക്കിയത് അവന് ഇഷ്ടപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു. ജോസഫ് 

ഡിവൈഎസ്പി റെജിയുമായി അടുത്ത ബന്ധമുള്ള ആളാണ്... അയാൾ ഈ ഫോൺ വിളിയുടെ കാര്യങ്ങൾ അറിഞ്ഞിട്ടുണ്ട്. കൊച്ചിയിലെ ക്യാബ്‌സിലെ രോഷൻ വിളിച്ചപ്പോൾ സാധാരണത്തെപ്പോലെ ഒരു വിളി ആണെന്നേ കരുതിയുള്ളൂ... പക്ഷേ തൻ്റെ പ്രതീക്ഷകൾ മുഴുവനും തെറ്റായിരുന്നു. താൻ സംശയത്തിൻ്റെ നിഴലിൽ ആണെന്ന് ഉറപ്പിച്ച് കൊണ്ട്... ഡിവൈഎസ്പി റെജിയും ഇൻസ്പെക്ടർ അജയനും മണാലിയിലേക്ക് പുറപ്പെട്ട് കഴിഞ്ഞു... ഫോൺ വിളിയുടെ ഉറവിടം കണ്ടെത്തിയേ പറ്റൂ. തനിക്ക് അറിയാവുന്ന എല്ലാ വഴികളും ഉപയോഗിക്കണം... അല്ലെങ്കിൽ ഇനി വരാൻ പോകുന്ന ജീവിതം താൻ പ്രതീക്ഷിക്കാത്ത ഒന്നായിരിക്കും.


ഇൻസ്പെക്ടർ അജയൻ തൻ്റെ മുന്നിൽ ഇരിക്കുന്ന ഓഫീസറെ ശ്രദ്ധിച്ചു. ഡോക്ടർ രാധാകൃഷ്ണൻ മെഡിക്കൽ കോളേജിൻ്റെ ജൂലൈ പത്താം തിയ്യതിയിലെ മെഡിക്കൽ ബുള്ളറ്റിൻ ചോദിച്ചത് മുതൽ അയാൾ അസ്വസ്ഥനാണ്.


"വാട്ട് ഹാപ്പൻ സർ, എനി പ്രോബ്ളംസ്?" അജയൻ്റേ ചോദ്യം അയാളെ മറുപടി പറയാൻ പ്രേരിപ്പിച്ചു...


" ആക്ച്വലി യസ്... യു ആർ ദി ഫോർത്ത് പേഴ്സൺ എൻക്വയറിങ്ങ് ഫോർ ദിസ് ഡോക്യുമെൻ്റ് വിത്തിൻ ത്രീ ഡെയ്സ്." നാല് പേർ ഒരേ ആവശ്യത്തിന് വന്നത് എന്ത് കൊണ്ടാവും എന്ന സംശയം അയാൾക്ക് ഉണ്ടാവുക സ്വഭാവികം മാത്രം എന്ന് അജയന് തോന്നി.


"ഫസ്റ്റ് രവി മേനോൻസ് വൈഫ് കെയിം... ദെൻ മണാലി പോലീസ്, യസ്റ്റർ ഡെ എ പോലീസ് ഓഫീസർ ഫ്രം കേരള... നൗ യു ഫ്രം ലൈഫ് ഇൻഷ്വറൻസ്." താൻ ലൈഫ് ഇൻഷ്വറൻസിലെ ഉദ്യോഗസ്ഥൻ ആണെന്നാണ് അയാളെ അജയൻ പരിചയപ്പെടുത്തിയത്. അയാൾ പറഞ്ഞ മൂന്ന്‌ പേരും അടുത്ത ദിവസങ്ങളിൽ വന്ന് പോയിട്ടുണ്ടാവാൻ സാധ്യത ഉണ്ടെന്ന് ഒരു തോന്നൽ അജയന് ഉണ്ടായിരുന്നു. അതു കൊണ്ടാണ് തൻ്റെ പോലീസ് ജോലി മാറ്റി വെച്ച് ഇൻഷ്വറൻസ് ഉദ്യോഗസ്ഥനായി മാറിയത്. പോലീസിനോക്കാൾ കാര്യങ്ങൾ ഒരു ഇൻഷുറൻസ് ഉദ്യോഗസ്ഥനോട് ഹോസ്പിറ്റൽ ജീവനക്കാർ പറയും.


 മെഡിക്കൽ ബുള്ളറ്റിനിൽ അജയൻ പ്രതീക്ഷിച്ച പോലെ രവിമേനോൻ്റെ മരണം കോവിഡ് മൂലം തന്നെ ആയിരുന്നു. താൻ അന്വേഷിക്കുന്ന കേസ് വേണമെങ്കിൽ ഇവിടെ അവസാനിപ്പിക്കാം... പക്ഷേ അജയൻ്റ മനസ്സ് അതിന് തയ്യാറായില്ല... ഒരു കുറ്റകൃത്യം പുതിയ രീതിയിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം.


" ഇഫ് യു വാണ്ട് ടു നോ മോർ യു കാൻ ഗോടു കാഷ്വാലിറ്റി സർ... " ഉദ്യോഗസ്ഥൻ പറഞ്ഞു


"ഓൺലി ഫൈവ് പേഴ്സൺസ് ഡയ്ഡ് ഹിയർ ബിയോസ് ഓഫ് കോവിഡ്." കുറച്ചമരണം മാത്രമേ ഉള്ളൂ എങ്കിലും ഒരു രണ്ട് മാസം മുന്നെ നടന്ന ഒരു കാര്യം കാഷ്വാലിറ്റി ജീവനക്കാർ ഓർമ്മിക്കും എന്ന് ഉറപ്പില്ല എങ്കിലും അയാളോട് നന്ദി പറഞ്ഞ് അജയൻ കാഷ്വാലിറ്റിയിലേക്കുള്ള വഴി ചോദിച്ചു. നല്ല തിരക്കിനിടയിൽ തൻ്റെ മാസ്ക് ഒന്ന് നേരെ ധരിച്ച് അയാൾ ഹോസ്പിറ്റലിലെ മെയിൻ ബ്ലോക്കിലേക്ക് നടന്നു...


(തുടരും)


Rate this content
Log in

Similar malayalam story from Action