Prasanth Narayanan

Action Crime Thriller

4  

Prasanth Narayanan

Action Crime Thriller

മർഡർ @ കോവിഡ് 19 (ഭാഗം 7)

മർഡർ @ കോവിഡ് 19 (ഭാഗം 7)

7 mins
290


"സത്യത്തിൽ അന്ന് രവി മേനോൻ ആയി അഭിനയിക്കുന്ന സഞ്ജയിനും

സോഫിയയുടേയും ഒപ്പം ഏത് ഡ്രൈവർ പോയാലും അയാൾക്ക് കോവിഡ് വരുമായിരുന്നു." അജയൻ്റ ചിന്ത പിറകോട്ട് പോയി...


ഡോക്ടർ രാധാകൃഷ്ണൻ മെമ്മോറിയൽ മെഡിക്കൽ കോളേജിലെ തിരക്കിൽ രോഗികളുടെ ഇടയിലൂടെ അജയൻ ശ്രദ്ധിച്ചാണ് മുന്നോട്ട് നീങ്ങിയത്... പുതിയ ബിൽഡിങ്ങിലേക്കുള്ള വഴി എളുപ്പമായിരുന്നു. കാഷ്വാലിറ്റിയിൽ നിന്ന് പുതിയ ബ്ലോക്കിലേക്ക് ഉള്ള വഴിയിൽ ടൈൽസ് പാകിയിട്ടുണ്ട്... സ്‌ട്രെച്ചറും വീൽ ചെയറും എളുപ്പത്തിൽ തള്ളി കൊണ്ട് പോകാം... ടൈൽസ് പാകിയ വഴിയുടെ ഒരു ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്... കുറച്ച് സമയം എടുത്തു കോവിഡ് പരിശോധന ചെയ്യുന്ന ലാബിൻ്റെ സമീപം എത്താൻ ... കേരളത്തിൽ കാണുന്ന പോലെ ഉള്ള തിരക്കൊന്നും അവിടെ ഇല്ല. ഹിമാചൽ പ്രദേശിൽ കോവിഡ് അധികം ബാധിച്ചിട്ടില്ല. മെഡിക്കൽ കോളേജിലെ കോവിഡ് ബാധിച്ച് മരിച്ച അഞ്ചാമത്തെ ആളായ രവിമേനോനെ കുറിച്ച് അന്വേഷിക്കാൻ വന്ന ഇൻഷ്വറൻസ് ജീവനക്കാരനോട് ലാബിലെ ജീവനക്കാർ നന്നായി സഹകരിച്ചു...


"ദാറ്റ് ടൈം ദേർ വാസ് നൊ കോവിഡ് ഇഷ്യൂസ് ഇൻ മണാലി... ഐ തിങ്ക് രവിമേനേൻ വാസ് ദി ഫസ്റ്റ് കേസ്," ജൂലൈ പത്തിലെ രജിസ്റ്റർ മറിച്ച് ലാബിലെ സിസ്റ്റർ പറഞ്ഞു.


"രവി മേനോൻ വാസ് പോസിറ്റീവ്," രജിസ്റ്റർ അജയൻ്റെ മുന്നിലേക്ക് അവർ നീക്കി.


" മാഡം ... ഐ വാണ്ട് ടു നോ ദെ പേഴ്സൺ ഹു ടെസ്റ്റഡ് രവിമേനോൻ." സിസ്റ്റർ സംശയത്തോടെ അജയനെ നോക്കി എങ്കിലും അവർ മറ്റൊരു രജിസ്റ്റർ എടുത്ത് മറിച്ചു.


"ജൂലൈ ടെൻത്ത് നൈറ്റ് ടൈം... ദേർ വാസ് ഓൺലി വൺ പേഴ്സൺ ... അമല."


" അമല... വേർ ഈ ഷി നൗ?"


"ഷി ലെഫ്റ്റ് ദി ജോബ് ഫ്യൂ ഡെയ്സ് ബാക്ക് ... ഗോട്ട് എ ബെറ്റർ ജോബ് ഇൻ ദുബായ്."


"ഈസ് ദിസ് രവി മേനോൻ?" അജയൻ തൻ്റെ മൊബൈലിലെ ഫോട്ടോകൾ സിസ്റ്ററുടെ മുന്നിൽ സ്ക്രാൾ ചെയ്തു. ആദ്യം രവി മേനോൻ,പിന്നെ സോഫിയ, അവസാനിക്കുന്നത് സഞ്ജയ് എന്ന രീതിയിൽ ആണ് സിസ്റ്റർ കാണുക എന്ന് ആജയന് ഉറപ്പായിരുന്നു... അവർ ആ സമയത്ത് ഇവിടെ ഇല്ല എന്നു അറിയാമായിരുന്നു...


"വൈറ്റ് ... വൈറ്റ് സർ... ഷോ ദാറ്റ് ലേഡി," സിസ്റ്ററുടെ ശ്രദ്ധ സോഫിയയുടെ ഫോട്ടോയിലേക്ക് നീങ്ങി. അവർ അടുത്തുള്ള ലേഡി ലാബ് ടെക്നീഷ്യൻമാരെ അടുത്തേക്ക് വിളിച്ചു.


"യെ തോ അമലാ കി ബഹൻ ഹെനാ ജിസ്കി പതി യഹാം മരാത്താ?"  


തിരികെ നടക്കുമ്പോൾ ഒരു സിസ്റ്റർ വിളിച്ച് പറഞ്ഞു.


"ദെ ലെഫ്റ്റ് രവി മേനോൻസ് വാക്കിങ്ങ് സ്റ്റിക്ക് ഹിയർ." സോഫിയക്ക് അത് ആവശ്യമുണ്ടായിരുന്നില്ല, ഒരു കൊലപാതകം നടന്നു എന്ന് ആദ്യ ദിവസം തന്നെ ഉറപ്പിക്കാൻ പറ്റിയ സന്തോഷത്തിലായി ഇൻസ്പെക്ടർ അജയൻ. അയാൾ ആ വാക്കിങ്ങ് സ്റ്റിക്ക് വാങ്ങി നടന്നു...


" സോഫിയയുടെ സഹോദരി ആയിരുന്നു അമല . അന്ന് അവിടെ ആരെ കൊണ്ടു വന്നാലും അവർ അയാൾക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് എഴുതുമായിരുന്നു... സഹോദരി ദുബായിൽ പോയ സ്ഥിതിക്ക് ഇവരുടെ ഭാവി പരിപാടികളെ കുറിച്ച് എനിക്ക് അറിയണമായിരുന്നു... ഇൻസ്പെക്ടർ ആപ്ടെ ആണ് ആ കഥ പറഞ്ഞത്." അജയൻ്റ ഭാഷ മനസ്സിലായില്ലെങ്കിലും അപ്ടെ തൻ്റെ പേർ പരാമർശിച്ചത് കേട്ട് ഗൗരവത്തിൽ ഇരുന്നു. 


"മണാലിയിലെ ചെറിയ ഹോട്ടൽ സത്യത്തിൽ സോഫിയയുടെ പപ്പയുടെ ഒന്നും അല്ല ... അയാൾ ഒരു ബിനാമി മാത്രമാണ്. മുബൈയിലെ അധോലോകത്തിലെ ഒരു കൈയ്യാളുടെ ആയിരുന്നു ആ ഹോട്ടൽ. പപ്പയും സോഫിയയും കുറെക്കാലം മുംബൈയിൽ അയാളുടെ കീഴിൽ ആയിരുന്നു..."


"ഒരു ക്രിമിനൽ കുടുംബം ആണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. " മേശപ്പുറത്ത് ഇരിക്കുന്ന ചെക്ക് അജയൻ ഒരിക്കൽ കൂടി കൈയ്യിലെടുത്തു.


"ഈ ചെക്ക് പാസാകുമോ സോഫിയാ മാഡം?"


അജയൻ്റെ ലക്ഷ്യം എവിടെക്കാണെന്ന് മനസ്സിലാക്കാൻ സോഫിയക്ക് കഴിഞ്ഞില്ല.


"ഒരു കോടി ഒരു ലക്ഷത്തിനടുത്ത് മാത്രം രൂപയുള്ള രവിമേനോൻ മെമ്മേറിയൽ ഫൗണ്ടേഷൻ മണാലിയിലെ അകൗണ്ടിൽ എഴുപത്തി അഞ്ച് കോടി ചെക്ക് പാസാക്കുമോ മാഡം സോഫിയ?" സോഫിയയുടെ മുഖം വീണ്ടും പഴയ അവസ്ഥയിൽ എത്തിക്കാൻ കഴിഞ്ഞതിൽ അജയൻ സന്തോഷിച്ചു.


"നൂറ് കോടി ഒറ്റയടിക്ക് മാറിയത് എന്തിന് എന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. അതിൽ ഇരുപത്തി അഞ്ച് കോടി റെജി സാറിന്... പാവം. സോഫിയ ഇവിടെ രവി മെമ്മൊറിയൽ ഹോട്ടൽ ഒന്നും കെട്ടാൻ പോകുന്നില്ല. 


രവിമേനോൻ്റെ വിൽ പത്രപ്രകാരം തൻ്റെ കാലശേഷം നൂറ് കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാൻ നിർദ്ദേശിച്ചിരുന്നു. ആകെ ആസ്ഥിയുടെ പത്ത് ശതമാനം അതായത് എകദേശം നൂറ് കോടി രൂപ തൻ്റെ ഉറ്റ സുഹൃത്തിനായും മാറ്റി വെച്ചിരുന്നു... രവി മേനോൻ്റെ വക്കീൽ കൃഷ്ണകുമാർ ഇന്നലെ എസ്പി ഓഫീസിൽ എത്തി സത്യവാങ്ങ്മൂലം നൽകിയിട്ടുണ്ട്. "


"എസ്പി സാറിൻ്റെ നിർദ്ദേശപ്രകാരം മണാലിയിലെ അക്കൗണ്ട് പരിശോധിച്ചതിൽ അതിൽ നിന്ന് രണ്ട് ദിവസം മുമ്പ് ദുബായിലെ ഒരു അകൗണ്ടിലേക്ക് എഴുപത്തി മൂന്ന് കോടി ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്... സഹോദരിയുടെ അക്കൗണ്ട് അല്ലേ സോഫിയാ അത്? " അജയൻ സോഫിയയെ നോക്കി വീണ്ടും ചിരിച്ചു.


" ഇത്ര പെട്ടെന്നു ഇത്ര തുക കൊടുക്കാൻ സഹോദരിയെ അത്ര വിശ്വാസം ആണോ എന്ന് അന്വേഷിച്ചപ്പോൾ ആണ് ... പാവം രാഹുൽ അക്കഥ പറഞ്ഞത്... രണ്ട് ദിവസം മുന്നത്തെ സോഫിയയുടെ വീട്ടിലെ നൈറ്റ് പാർട്ടിയിൽ പപ്പ പറഞ്ഞെത്രേ അവർ ദുബായിക്ക് പോകുന്നു എന്ന്... അവർ അവിടെ എത്തിയോ സോഫിയാ?" അപ്പോഴാണ് സോഫിയ ഓർത്തത് യാത്ര തുടങ്ങിയതിന് ശേഷം തൻ്റെ രക്ഷിതാക്കൾ ഇത്ര സമയം ആയും ഒരു ഫോൺ പോലും വിളിച്ചില്ല എന്ന്... ഒരു അപകടം അവൾ മണത്തറിഞ്ഞു. മൊബൈലിൽ വിളിക്കാൻ തുടങ്ങുമ്പോഴേക്കും അജയൻ തടഞ്ഞു.


"ഈസ് ക്രിമിനൽസ് അലൗഡ് ടു യൂസ് ഫോൺ ഇൻ യുവർ പോലീസ് സ്റ്റേഷൻ ആപ്ടെ സർ?" ആപ്ടെ വിശദമായി ചിരിച്ചു.


"നോ... നെവർ." അതോടെ സോഫിയ തളർന്നിരുന്നു. തൻ്റെ രക്ഷിതാക്കൾ പിടിയിലായത് അവൾക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. പോലീസിന് ഇപ്പോൾ എല്ലാം അറിയാം... അഖിലേഷും കൂട്ടരും പിന്നെ പോലീസും, എല്ലാവരുടെയും വായ അടക്കാൻ ഒരു വഴിയേ ഇനി സോഫിയക്ക് ഉണ്ടായിരുന്നുള്ളൂ...


"ഓഫീസർ... എല്ലാവർക്കും ചേർത്ത് ഇരുനൂറ്റി അമ്പത് കോടി... ഈ കാര്യങ്ങൾ ഇവിടെ വെച്ച് അവസാനിപ്പിക്കണം." സോഫിയയുടെ മുഖം ചുവന്ന് തുടുത്തു.


"ഡീൽ ഓർ നോ ഡീൽ?" അജയൻ എല്ലാവരോടുമായി ചോദിച്ചു.


" ഡീൽ.... ഡീൽ," എല്ലാവരും ഒരുമിച്ച് പറഞ്ഞതോടെ സോഫിയ ഒരു ദീർഘശ്വാസം എടുത്തു. ഇവിടെ നിന്ന് ആദ്യം പുറത്ത് കടക്കുക, അത് മാത്രമായിരുന്നു അവളുടെ ലക്ഷ്യം. പക്ഷേ ഇൻസ്പെക്ടർ അജയന് വിടാൻ ഭാവം ഉണ്ടായിരുന്നില്ല.


" റെജി സാറേ... മാഡം പറ്റിക്കുമോ...? നൂറ് കോടി തരാതെ ഇരുപത്തി അഞ്ച് കോടി തന്ന് സാറിനെ പറ്റിച്ച ആളാ." കാര്യങ്ങൾ ഒത്ത് തീർപ്പായ സമാധനത്തിൽ റെജി ചെറുതായി ചിരിച്ചു. അയാൾക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.


"സത്യ ത്തിൽ റെജിസർ ആണ് ഭാഗ്യം ചെയ്തത്. സ്വന്തം സുഹൃത്ത് കോടികളാണ് നൽകിയത്. അത് പിന്നെ കൊടുക്കാതിരിക്കാൻ പറ്റുമോ...? 


രവിമേനോൻ ഇൻഫൊടെക്കിൻ്റെ തുടക്കം ആയ ഇരുപത്തി അഞ്ച് ലക്ഷം രൂപ നൽകിയത് സാറല്ലേ...? സാറിൻ്റെ കുടുംബക്കാര് ആ കഥ അന്വേഷിച്ചപ്പോ പറഞ്ഞു... "


"അഖിലേഷണ്ണാ... പക്ഷേ സാർ ഇപ്പോ എന്തിനായിരിക്കും ലീവെടുത്ത് മണാലിയിൽ വന്നിട്ടുണ്ടാവുക?" അജയൻ റെജിക്ക് നേരെ തിരിഞ്ഞു. 


"എൻഞ്ചോയ്പണ്ണറതുക്ക് സർ," അഖിലേഷ് സെക്യൂരിറ്റി സർവ്വീസുമായി പെട്ടെന്നു ഉണ്ടായ അജയൻ്റെ ബന്ധം റെജിയെ സംശയത്തിലാക്കി. ചെറിയ പെറ്റികേസുകളിൽ നിന്ന് മാറി കോടികളാണ് അയാൾ ലക്ഷ്യം വെക്കുന്നത്. 


"അല്ല പിന്നെ... കള്ള് ...പെണ്ണ്... " അജയൻ്റെ മുന്നിൽ റെജി ചെറുതായി.


" ഈ പയ്യൻമാര് ഡ്രൈവർമാരെ ഇമ്മാതിരി ടൂറിന് കൂടെ കൂട്ടിയാ കുഴപ്പമാ സാറേ... ഒക്കെ മനസ്സിലാക്കി വെക്കും... എന്നിട്ട് അടുത്ത യാത്രക്ക് കൂടെ പോകുന്നവരോട് പറയും."


അജയൻ രോഷനെയാണ് ഉദ്ദേശിക്കുന്നതെന്ന് റെജിക്ക് മനസ്സിലായി, കാര്യങ്ങൾ കൈവിട്ട് പോയി എന്നും.


" അഖിലേഷേ, ഞാൻ ചോദിച്ചപ്പോൾ രോഷൻ പറയുവാ... റെജി സർ നാലഞ്ചു കൊല്ലമായി സ്ഥിരം ആയി മണാലിക്ക് ടൂർ വരാറുണ്ട് എന്ന്. സോഫിയ മേഡത്തിനെ സാർക്ക് നാലഞ്ച് വർഷമായി അറിയാമെത്രേ... സത്യമാണോ സാറേ?" റെജിയുടെ മുഖം കറുത്തു.


"ഇങ്ങ് വടക്കേ ഇന്ത്യയിൽ ഇരിക്കുന്ന സോഫിയക്ക് അങ്ങ് കേരളത്തിൽ രവി മേനോൻ ഇൻഫോടെക്ക് എന്ന ചെറിയ സ്ഥാപനത്തെ കുറിച്ച് എങ്ങനെ മനസ്സിലാക്കി എന്നതിന് അതോടെ ഉത്തരമായി," അജയൻ മേശപ്പുറത്തെ ചെക്കെടുത്ത് പോക്കറ്റിൽ ഇട്ടു.


"രണ്ട് വർഷം മുമ്പ് പ്ലാൻ ചെയ്ത ഒരു കാര്യം സാറും സോഫിയയും ചേർന്ന് നടപ്പിലാക്കി അല്ലേ?"


"സ്റ്റോപ്പിറ്റ്, അജയൻ. കാര്യങ്ങൾ നമ്മൾ സെറ്റിൽ ചെയ്ത് കഴിഞ്ഞു... ഇനി ഇതിൽ ചർച്ച വേണ്ട." റജി എണീറ്റു. കൂടെ സോഫിയയും...


"അഖിലേഷണ്ണാ കാര്യങ്ങൾ സെറ്റിലായോ?" അജയൻ കാര്യങ്ങൾ ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടി ചോദിച്ചു.


" ഇല്ല സർ... ഇവങ്ക കമ്പനി വിറ്റാ നമ്മക്ക് എപ്പടി തെരിയും... സൊല്ലാമെ ദുബായ് പോയിട്ടാ?" തമിഴൻ്റെ വാക്കുകൾ താൻ ചിന്തിക്കുന്നത് പോലെ ആണെന്ന് സോഫിയക്ക് തോന്നി.


"അപ്പൊ എന്ന പണ്ണലാം?" അജയനും തമിഴനോടൊപ്പം ചേർന്നു.


"ഒരു മാസം സമയം സർ.... ഞങ്ങൾക്ക് കിട്ടിയത് സുരക്ഷിതമായി ഞങ്ങളുടെ കൈയ്യിൽ ഉണ്ടാകും." കൂട്ടത്തിലെ ചെറിയ പയ്യൻ പറഞ്ഞു.


"കിട്ടിയത് സുരക്ഷിതമായി ഞങ്ങളുടെ കൈയ്യിൽ ഉണ്ടാകും," ഒരു നിമിഷം വേണ്ടി വന്നില്ല റെജിക്ക് പയ്യൻ്റെ വാക്കുകൾ മനസ്സിലാക്കാൻ... നെഞ്ചിൽ വല്ലാത്ത കനം അയാൾക്ക് അനുഭവപ്പെട്ടു.


"സോഫിയ ... നമുക്ക് കാര്യങ്ങൾ പെട്ടെന്നു നീക്കണം. ഇവരുടെ കൈയ്യിൽ രവിയുടെ ബോഡി ഉണ്ട്." എണീറ്റ സോഫിയ അതോടെ വിറച്ചിരുന്നു. ഇവർ എന്ത് കൊണ്ടാണ് ഇത്ര വലിയ തുക ലക്ഷ്യം വെക്കുന്നതെന്ന് അപ്പോഴാണ് സോഫിയക്ക് മനസ്സിലായത്.


"അപ്പൊ സാറും മാഡവും ഒരുമിച്ചായിരുന്നല്ലേ പരിപാടി?" കൂട്ടത്തിലെ പയ്യൻ സോഫിയയുടെയും റെജിയുടേയും കൂട്ടായ്മ അംഗീകരിച്ച് കൊണ്ട് പറഞ്ഞു.


പുറത്ത് ഒന്ന് രണ്ട് വാഹനങ്ങൾ കൂടി വന്ന് നിൽക്കുന്നത് അവർ അറിഞ്ഞു. പക്ഷേ വന്നവർ ആരും അവർ നിൽക്കുന്ന വീട്ടിലേക്ക് വന്നില്ല. ഒരു ഭയം എല്ലാവരേയും ബാധിച്ചു. പുറത്ത് വന്നവർ ഉള്ളിൽ ഉള്ള ആരുടേയും സഹായികൾ ആവാം... പരസ്പരം സംശയത്തോടെ അവർ നോക്കി.


"അപ്പൊ നമുക്ക് രവി ഇൻഫൊടെക്ക് പെട്ടന്നങ്ങ് വിൽക്കാം... അല്ലേ ആന്ധ്രാ കമ്പനിക്ക് "? അജയൻ്റെ ചോദ്യം കേട്ട് സോഫിയ തരിച്ചിരുന്നു. പോലീസ് അതും അറിഞ്ഞിരിക്കുന്നു. 


"അഖിലേഷേ, നീ കൊടുക്കുമല്ലോ തൊള്ളായിരത്തി അറുപത് കോടി?" സോഫിയയുടെ ശ്വാസം നിലച്ചു.


"ഇതാ ഇരിക്കുന്നു നിന്നോട് ഡീൽ ഉറപ്പിച്ച ആന്ധ്രാ കമ്പനി," അഖിലേഷിനെ ചൂണ്ടി അജയൻ തുടർന്നു. "അങ്ങനെ ഒരു കമ്പനി അവിടെ ഉണ്ട് ...പക്ഷേ അവർക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല." ബിസിനസ്സിൽ പലതരത്തിലുള്ള കാര്യങ്ങൾ മുംബെയിൽ ചെയ്തും കണ്ടും പരിചയമുള്ള സോഫിയക്ക് താൻ പറ്റിക്കപ്പെട്ടത് മനസ്സിലാക്കാൻ അധിക സമയം എടുത്തില്ല. 


"സോഫിയാ മാഡം ഞാൻ ഒരു ഓഫർ പറയട്ടെ," അജയൻ താൻ പറയാൻ പോകുന്ന കാര്യത്തിന് മുഖവുരയിട്ടു. "അഖിലേഷും കൂട്ടരും രവി മേനോൻ്റെ മൃതശരീരം പുറത്തു വിട്ടാൽ താനും, റജിസാറും, സഞ്ജയുമൊക്കെ അകത്താവും...


ഇപ്പോൾ താങ്കളുടെ പക്കൽ എഴുപത്തി അഞ്ച് കോടിയും റെജിസാറുടെ കൈയ്യിൽ ഇരുപത്തി അഞ്ച് കോടിയും ഉണ്ട്... അത് സമാധാനമായി കൈയ്യിൽ വെച്ച് ... കമ്പനി ഇവർക്ക് കൊടുത്ത് ദുബായിക്ക് പോകുക... അല്ലെങ്കിൽ അഴി എണ്ണാൻ തയ്യാറാവുക," സോഫിയ ഭയത്തോടെയും സംശയത്തോടെയും റജിയെ നോക്കി. അയാൾ എന്തിനും തയ്യാറായി ഇവർക്ക് കീഴ്പ്പെട്ട് നിൽക്കുകയാണെന്ന് സോഫിയക്ക് തോന്നി. റെജിയും തന്നെ പോലെ ഇവരുടെ മുന്നിൽ കുടുങ്ങിയിരിക്കും.


" റെജി... അയാൾക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ല. അയാൾക്ക് ആവശ്യം തൻ്റെ ശരീരം മാത്രമായിരുന്നു... " സോഫിയ ചിന്തിച്ചു... മുബൈയിൽ നിന്ന് മടങ്ങി വീണ്ടും മണാലി എത്തിയപ്പോഴേക്കും തൻ്റെ കുടുംബം സാമ്പത്തികമായി തകർന്നിരുന്നു.


മുബൈ ബന്ധങ്ങൾ പുതിയ രീതകളിലേക്ക് മാറിയിരുന്നു. സ്വർണ്ണം, മയക്ക് മരുന്ന് റിയൽ എസ്റ്റേറ്റ് എന്നീ രംഗങ്ങളിൽ നിന്ന് അധോലോകം മാറി പുതിയ വരുമാന മാർഗ്ഗമായ തീവ്രവാദത്തിലേക്ക് തിരിഞ്ഞിരുന്നു. ഒന്ന് രണ്ട് കേസുകളിൽ പിടിക്കപ്പെടും എന്ന് ആയപ്പോൾ പലരും മുങ്ങി... കൂട്ടത്തിൽ തങ്ങളും. ആകെ വരുമാന മാർഗ്ഗം തങ്ങളെ നോക്കാൻ ഏൽപ്പിച്ച ആ ചെറിയ ഹോട്ടൽ മാത്രമായിരുന്നു. സ്വന്തം ആവശ്യത്തിന് പോലും കാശില്ലാത്ത ഒരു സമയത്താണ് താൻ നാല് വർഷം മുമ്പ് മണാലിയിലെ ഒരു റെസ്റ്റോറെൻ്റിൽ വെച്ച് റജിയെ പരിചയപ്പെടുന്നത്. തന്നെ നോക്കി ഇരിക്കുകയായിരുന്ന അയാൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള പെണ്ണ് തന്നെയാണ് എന്ന ഭാവത്തിൽ അന്ന് ഇരുന്നു. കുറച്ച് പണം അതായിരുന്നു ലക്ഷ്യം. അടുത്ത് വന്ന പരിചയപ്പെട്ടപ്പോഴാണ് മലയാളി ആണെന്ന് അറിയുന്നത്... പിന്നീടത് ദൃഡമുള്ള ബന്ധമായി.


ഇത് വരെ കള്ളമാരും കുറ്റവാളികളുമായി മാത്രം ബന്ധമുള്ള തനിക്ക് ഒരു പോലീസ് ബന്ധം ഒരു തമാശ ആയിരുന്നു... സെക്സും, പണവും ഇഷ്ടം പേലെ ഉള്ള ദിവസങ്ങൾക്ക് ഇടയിലാണ് റജി രവി മേനോനെ കുറിച്ച് തന്നോട് പറയുന്നത്... പിന്നെയും ദിവസങ്ങൾ എടുത്തു ഒരു പ്ലാൻ ഉണ്ടാക്കാനും റജിയെ അതിനായി തയ്യാറെടുപ്പിക്കാനും... അയാൾക്ക് എപ്പോഴും ഭയമായിരുന്നു. തൻ്റെ ശരീരം സ്വന്തം നാട്ടിൽ കിട്ടുമെന്ന ലാഭം മാത്രമേ ഈ പ്ലാനിൻ അയാൾ കണ്ടുള്ളൂ... പക്ഷേ താൻ അതിനെക്കാളും ചിന്തിച്ചിരുന്നു.  


രവി ഇൻഫൊടെക്കിൽ കയറി പറ്റുക തൻ്റെ ജോലിപരിചയം വെച്ച് എളുപ്പമായിരുന്നു. പിന്നീട് ഒരു വർഷം എടുത്തു ... അയാളെ തന്നെ മോഹിപ്പിക്കാൻ... വിവാഹം ചെയ്യാൻ. ദാമ്പത്യ ജീവിതത്തിൽ ഒരിടത്തും അയാൾക്ക് എന്നെ കുറിച്ച് സംശയം ഉണ്ടായിരുന്നില്ല. രണ്ട് വർഷത്തിനുള്ളിൽ സംശയം ഇല്ലാതെ അയാളെ ഒഴിവാക്കാൻ പല പദ്ധതികളും താൻ ആസൂത്രണം ചെയ്തു. തനിക്ക് മുബൈയിലെ ഏറ്റവും വിശ്വസ്ഥനായിരുന്ന സഞ്ജയിനെ ഡ്രൈവറുടെ രൂപത്തിൽ കേരളത്തിൽ എത്തിച്ചു. പിടിക്കപ്പെടാതെ ഉള്ള ഒരു കൊലപാതകം അത് അത്ര എളുപ്പമായിരുന്നില്ല. തൻ്റെ ഉദ്ദേശം പലവട്ടം ഭയത്താൽ റെജി എതിർത്തു... റെജിക്ക് എൻ്റെ ശരീരം മടുക്കാൻ തുടങ്ങിയിരുന്നു. തനിക്ക് കേരളത്തിലെ ജീവിതവും. ഒരു വർഷം ആണ് താൻ സഞ്ജയിനോട് പറഞ്ഞിരുന്ന സമയം . അത് നീണ്ടപ്പോൾ അവൻ തൻ്റെ കൂലി കൂട്ടികൊണ്ടേ ഇരുന്നു. മണാലിയിലേക്ക് ഒരു യാത്ര അവിടെ വെച്ച് രവിയെ ഒഴിവാക്കാം എന്നായിരുന്നു തീരുമാനം... രാജ്യത്ത് വ്യാപിച്ച കോവിഡ് തൻ്റെ ലക്ഷ്യം നീട്ടും എന്ന് തോന്നിയപ്പോൾ അവസാനം അത് തന്നെ രക്ഷക്കെത്തി. അമല ഡോക്ടർ രാധാകൃഷ്ണൻ മെമ്മോറിയലിൽ താൽക്കാലികമായി ജോലിക്ക് കയറിയതോടെ ഒരു പ്ലാൻ മനസ്സിൽ പെട്ടന്ന് തെയ്യാറാവുക ആയിരുന്നു. ഹോസ്പിറ്റലിൽ പിടിക്കപ്പെട്ടാൽ ഡ്രൈവറുടെ ശരീരം അവിടെ ഉപേക്ഷിച്ച് നീങ്ങുക എന്നതായിരുന്നു തങ്ങളുടെ തീരുമാനം... പക്ഷേ അന്ന് ഭാഗ്യം തൻ്റെ ഭാഗത്ത് ആയിരുന്നു... ഇന്നും ഇപ്പോഴും പോലീസും, പണം തട്ടാൻ കാത്തിരിക്കുന്ന മറ്റുള്ളവരും എല്ലാം അറിഞ്ഞിട്ടും ഭാഗ്യം തൻ്റെ കൂടെ തന്നെ ആണ്.


"ഞാൻ ഒരു ഡീലിനും ഇനി തയ്യാറില്ല ഇൻസ്പെക്ടർ. ഒന്നുകിൽ നിങ്ങൾക്കെന്നെ അറസ്റ്റ് ചെയ്യാം... അല്ലെങ്കിൽ പോകാൻ അനുവദിക്കാം. ഒരു ബലപ്രയോഗത്തിനാണ് എങ്കിൽ ആൾ നാശം ഉണ്ടാകും." സോഫിയയുടെ മറുപടിയിലെ ആത്മവിശാസം എല്ലാവരേയും അത്ഭുതപ്പെടുത്തി.


"പിന്നെ രവിയുടെ മൃതദേഹം ... അത് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദഹിപ്പിച്ചതാണ് മെഡിക്കൽ കോളേജ് അധികാരികൾ ... ആ ശരീരം നിങ്ങളുടെ കൈയ്യിൽ ഉണ്ടെങ്കിൽ എനിക്ക് എന്ത് വേണം...? നിങ്ങൾക്ക് ഒരിക്കലും രവി വാലിയിൽ വെച്ച് മരിച്ചതാണെന്ന് തെളിയിക്കാൻ കഴിയില്ല ... ഐ വിൽ സീ യു ആൾ ഇൻ കോർട്ട്." ഡിവൈഎസ്പി റെജിയെ പുഛത്തോടെ നോക്കി ഉറച്ച കാൽവെപ്പുകളോടെ സോഫിയ വാതിൽക്കലേക്ക് നീങ്ങി.. കൂടെ സഞ്ജയും.


തൻ്റെ മൊബൈൽ ഈ സമയത്ത് അടിക്കുമെന്ന് സോഫിയ കരുതിയില്ല. ഫോൺ നമ്പർ ഈ വീട്ടൽ തന്നെ ഉള്ളതാണെന്ന് സോഫിയക്ക് അറിയാം... സ്പീക്കർ ഫോൺ ഓൺ ചെയ്തു സോഫിയ വാതിൽക്കൽ നിന്നു.


" സോഫിയാ... ഹെൽപ്പ് മി... സോഫിയാ ഹെൽപ്പി മി."


" സ്റ്റോപ്പ് ദിസ് നോൺസൺസ് ഫൂൾസ്," സോഫിയ കോപത്തോടെ പറഞ്ഞു. പക്ഷേ മൊബൈൽ ശബ്ദിച്ച് കൊണ്ടേ ഇരുന്നു. അത് ഓഫാക്കി വാതിൽ തുറക്കുമ്പോഴും രവിമേനോൻ്റെ ശബ്ദം സോഫിയക്ക് കേൾക്കാം ഇത് ഫോണൽ നിന്നല്ല. അവൾ ഭയത്തോടെ തിരിഞ്ഞു...


(തുടരും)


Rate this content
Log in

Similar malayalam story from Action