മർഡർ @ കോവിഡ് 19 (ഭാഗം 6)
മർഡർ @ കോവിഡ് 19 (ഭാഗം 6)
ഇൻസ്പെക്ടർ അജയൻ ഫോണിൽ കാത്തിരുന്നു... കോവിഡ് മെസേജുകൾ ആദ്യം ഇംഗ്ലീഷിലും, പിന്നെ ഹിന്ദിയിലും അവസാനം മലയാളത്തിലുമായി...
"ഹലോ "
"അഞ്ജലി.... ഇത് ടൗൺ പോലീസ് സ്റ്റേഷൻ എസ് ഐ അജയനാണ്."
"സർ, പറയൂ."
"ഞാൻ താങ്കളുടെ പരാതിയെ കുറിച്ച് അന്വേഷിച്ചു ... അതിൻ്റെ ചില കാര്യങ്ങൾ അറിയാനാണ് വിളിച്ചത്."
"സർ ചോദിച്ചോളൂ."
"താങ്കളെ സോഫിയ ജോലിയിൽ നിന്ന് പുറത്താക്കിയതായി അറിഞ്ഞു... അയാം സോറി." അജയൻ സംസാരത്തിനു മുഖവുരയിട്ടു.
"എനിക്ക് അധികം ഒന്നും ചോദിക്കാനില്ല, അഞ്ജലി. ഒരേ ഒരു കാര്യം മാത്രം... രവിമേനോൻ ഇപ്പോൾ മണാലിയിൽ ഉണ്ടെങ്കിൽ എവിടെയാണ്? എനിക്ക് ഈ കേസ്സ് ക്ലോസ്സ് ചെയ്യേണ്ടതുണ്ട്." അഞ്ജലിയുടെ ഫോൺ കുറച്ച് നേരം നിശബ്ദമായി പിന്നീട് വിഛേദിക്കപ്പെട്ടു.
"ആർ യു ഷുവർ ദെ വിൽ കാൾ യു ബാക്ക്?"
കഴിഞ്ഞ രണ്ട് മണിക്കൂറായി തൻ്റെ മൊബൈൽ ഫോണിന് മുന്നിൽ ഇരിക്കുന്ന അജയനെ നോക്കി ഇൻസ്പെക്ടർ ആപ്ടെ ചോദിച്ചു.
" യസ്... അയാം ഷുവർ... ലെറ്റസ് ഗിവ് ദെം മോർ ടൈം ഫോർ പ്രിപ്പറേഷൻ."
അജയന് താൻ ചെയ്യാൻ തുടങ്ങിയ കാര്യത്തെ കുറിച്ച് ഉറപ്പുണ്ടായിരുന്നു... എന്നിട്ടും ഒരു മണിക്കൂർ കഴിഞ്ഞാണ് ഫോൺ അടിച്ചത്. മണാലിയിലെഎസ്ടിഡി കോഡിൽ തുടങ്ങുന്ന നമ്പർ അല്ല എങ്കിലും മൊബൈലിൽ എടുക്കുന്നതിന് മുമ്പ് റെക്കോഡ് ബട്ടനും, സ്പീക്കറും അയാൾ ഒരുമിച്ച് അമർത്തിയിരുന്നു...
"സോഫിയാ ഹെൽപ്പ് മീ... സോഫിയാ ഹെൽപ്പ് മീ...
റെജി ഹെൽപ്പ് മീ... റെജി ഹെൽപ്പ് മീ..." രണ്ട് പ്രാവശ്യം ആവർത്തിച്ച ശേഷം രവി മേനോൻ്റെ ശബ്ദം ഇല്ലാതായി...
"വാട്ട് ഈസ് നെക്സ്റ്റ് സർ?" ഒരു പോലീസ് നടപടിക്ക് തയ്യാറായി കൊണ്ട് ഇൻസ്പെക്ടർ ആപ്ടെ എണീറ്റു.
" വൈറ്റ് സർ.... വി വിൽ ടൈ ദി ഷീപ്പ് ആൻഡ് ഹണ്ട് ദി ടൈഗേഴ്സ്." കാടിളക്കി വരുന്ന പുലിയെ കെട്ടിയിട്ട ആടിനെ വെച്ച് പിടിക്കുന്ന രീതി ഓർത്ത് അജയൻ പറഞ്ഞു...
ഡിവൈഎസ്പി റെജി അബ്രാഹാം ഒരു കാര്യം ഉറപ്പിച്ചു. രവി മേനോൻ ജീവനോടെ ഇല്ല.
മണാലിയിൽ തനിക്കറിയാവുന്ന ബന്ധങ്ങൾ അത് തന്നെയാണ് പറയുന്നത്. മണാലി പോലീസ് തന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇൻസ്പക്ടർ അജയൻ ഒരു അന്വേഷണത്തിനായി മണാലിയിലേക്ക് പുറപ്പെട്ടന്ന് അറിഞ്ഞപ്പോൾ മുതൽ നിരീക്ഷണം പ്രതീക്ഷിച്ചതാണ്. അത് കൊണ്ടാണ് തുടക്കത്തിൽ തന്നെ അവരുടെ കണ്ണ് വെട്ടിച്ച് നീങ്ങാൻ തീരുമാനിച്ചത്. കാരവാനിൽ യാത്ര ചെയ്യുന്ന സമയത്ത് തന്നെ താൻ രണ്ട് ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു, ഒന്ന് തനിക്കും മറ്റൊന്ന് ഡ്രൈവർക്കും... മണാലി പോലെയുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ ദിവസവും ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് പരിശോധന ഉണ്ടാകും. ഒരു ആൾമാറാട്ടം എളുപ്പം ആയിരുന്നു ഈ കോവിഡ് കാലഘട്ടത്തിൽ ... തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾക്കിടയിൽ ഒരു മാസ്ക്ക് വേറെ.... ഇപ്പോൾ തനിക്ക് വേണ്ടി ബുക്ക് ചെയ്ത വില പിടിപ്പുള്ള മുറിയിൽ കാരവാൻ ഡ്രൈവർ ആണ് ഉള്ളത്. തൻ്റെ നിർദ്ദേശം ഇല്ലാതെ അവൻ പുറത്ത് വരില്ല. ഭക്ഷണവും മദ്യവും ഇഷ്ടത്തിനവൻ റൂമിൽ എത്തിക്കുന്നുണ്ട്. ഇന്നലെ മുതൽ തൻ്റെ നിർദ്ദേശത്തിൽ നിന്ന് ഒരു ചെറിയ മാറ്റം അവൻ ഉണ്ടാക്കിയിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞിരുന്നു. അജയൻ്റെ കൂടെ വന്ന രോഷൻ അവൻ്റെ ഒപ്പം ഉണ്ട്. അതിനർത്ഥം അജയൻ തൻ്റെ ടാക്സി ഉപയോഗിക്കുന്നില്ല എന്നതാണ്... ഒരു പക്ഷേ അയാളുടെ വഴികൾ താൻ അറിയരുത് എന്ന നിർബന്ധം കൊണ്ടായിരിക്കാം എന്ന് റെജി അമ്പ്രഹാമിന് തോന്നി. രോഷൻ്റെ വരവിൽ അയാൾക്ക് ബുദ്ധിമുട്ട് തോന്നിയില്ല. എല്ലാം അവസാനിച്ചിരിക്കുന്നു ... നാളെ മടങ്ങണം.
ആകെ സംശയം ഉണ്ടാക്കിയത് കോത്തി വില്ലേജിലും ഓൾഡ് മണാലിയിലും താമസിച്ചിരുന്ന നാല് പേർ ആണ്. അതിൽ ഒരാൾ വാക്കിങ്ങ് സ്റ്റിക്ക് ഉപയോഗിച്ചിരുന്നു എന്ന് ഉള്ളത് പ്രധാനപ്പെട്ട സംശയം ആയിരുന്നു. അതിൻ്റെ സത്യാവസ്ഥ ഇപ്പോൾ തനിക്ക് അറിയാം. മൂന്ന് ദിവസമായി ഉള്ള തൻ്റെ അന്വേഷണം അത് വ്യക്തമാക്കി കഴിഞ്ഞു.
അവർ വീടുകളിൽ കൊടുത്ത അഡ്രസ്സ് തെറ്റായിരുന്നെങ്കിലും... ആ തമിഴൻ "അഖിലേഷിൻ്റെ " ആധാർ കാർഡ് നമ്പർ മതിയായിരുന്നു തനിക്ക് അന്വേഷണം പൂർത്തിയാക്കാൻ... തമിഴ്നാട്ടിലെ പോലീസ് ബന്ധങ്ങൾ ഉപയോഗിക്കേണ്ടി വന്നു എന്ന് മാത്രം.
"അഖിലേഷ് സെക്യൂരിറ്റി സർവ്വീസസ്." ചെന്നയിൽ വൻകിട കമ്പനികളുടെ ഉള്ളറ രഹസ്യങ്ങൾ ചോർത്തുന്ന അവർക്ക് വേണ്ടി പണി എടുക്കുന്ന ഒരു സ്ഥാപനം. പ്രൈവറ്റ് ഡിക്റ്ററ്റീവ് ഏജൻസി എന്ന ലേബലിൽ ആണ് പ്രവർത്തിക്കുന്നതെങ്കിലും ഒരു ചെറിയ ഗുണ്ടാസംഘം ആണവർ. ഇന്നലെ അവരുടെ താമസസ്ഥലം താൻ കണ്ടെത്തിയിരുന്നു... മൂന്ന് പേരെ അവിടെ ഉള്ളൂ. ആർക്കും ശാരീരിക പ്രശ്നങ്ങൾ ഇല്ല.
അജയനും സോഫിയയും ചിന്തിച്ച പോലെ ഇത് ചെന്നയിൽ നിന്നുള്ള എതെങ്കിലും ഐടി കമ്പിയുടെ കളി ആകാനേ വഴിയുള്ളൂ. വിൽക്കാൻ പോകുന്ന സ്ഥാപനത്തിൽ ഒരു ചെറിയ പ്രശ്നം സൃഷ്ടിക്കൽ... സോഫിയയെ സംശയിച്ചത് വെറുതെയായി. സംശയത്തിൻ്റെ മുന നീളുന്നത് ചെന്നയിലെ ഐടി കമ്പനിയിൽ നിന്ന് വന്ന അഞ്ജലിയിലേക്ക് തന്നെ ആണ്...
തൻ്റെ ഫോൺ അടിക്കുന്നുണ്ട്... ഇത് ഒരു ലാൻലൈനിൽ നിന്നുള്ള ഫോൺ ആണ്...
"സോഫിയാ ഹെൽപ്പ് മി... സോഫിയാ ഹെൽപ്പ് മി... റെജി ഹെൽപ്പ് മി ... റെജി ഹെൽപ്പ് മി."
റജി അമ്പ്രഹാം കോപത്തോടെ എണീറ്റു.
ഇന്നത്തോടെ ഇത് അവസാനിപ്പിക്കണം. ലാൻ ലൈൻ നമ്പറിൽ നിന്നുള്ള ഫോൺ ഒരു ക്ഷണം ആണ്... ഞങ്ങൾ ഇവിടെ ഉണ്ട് എന്ന റൂട്ട് മാപ്പും.
പത്ത്മിനിറ്റിനുള്ളിൽ തൻ്റെ റിവോൾവർ അരയിൽ തിരുകി ലക്ഷ്യ സ്ഥാനത്തേക്ക് തിരിച്ചു...
സോഫിയ അസ്വസ്ഥതയോടെ ഇരുന്നു. നിലവിലെ സാഹചര്യത്തിൽ ഹോട്ടൽ നിർമ്മാണവുമായി ബന്ധപെട്ടു മുന്നോട്ട് പോകേണ്ട എന്നാണ് രക്ഷിതാക്കൾ പറയുന്നത്.
അവർക്ക് വയസ്സായിരിക്കുന്നു... നിലവിൽ ചിലരാജ്യങ്ങളിലേക്ക് വിമാന സർവ്വീസ് പുനരാരംഭിച്ചതിനാൽ ഒരു ചെറിയ യാത്രക്ക് അവർ തയ്യാറെടുത്തിരിക്കുന്നു. പപ്പക്ക് ചില രാജ്യങ്ങളിൽ ചെറിയ ബിസിനസ്സ് ബന്ധങ്ങളും ഉണ്ട്. പ്രതീക്ഷിച്ച വില കിട്ടിയില്ലെങ്കിലും രവി ഇൻഫോടെക്ക് വാങ്ങാൻ ആന്ധ്രയിൽ നിന്ന് ഒരു കമ്പനി തയ്യാറായിട്ടുണ്ട്... അതിൻ്റെ കാര്യങ്ങൾ തീർത്തു വേണം തനിക്കും രക്ഷിതാക്കളുടെ ഒപ്പം ചേരാൻ. ഒരു വെക്കേഷൻ അത് അത്യാവശ്യമായിരിക്കുന്നു.
രവിയുടെ പേരിൽ ഉണ്ടായി എന്ന് പറയുന്ന ടെലിഫോൺ കാൾ ഇത് വരെ തനിക്ക് വന്നിട്ടില്ല. കാശ് തട്ടിയെടുക്കാനുള്ള ആരുടെ എങ്കിലും ശ്രമം ആയിരിക്കും ഇതിന് പിന്നിൽ, അല്ലെങ്കിൽ ഐടി കമ്പനികളുടെ ചില നാണം കെട്ട കളികൾ ആയിരിക്കാം. റജി സാറിൻ്റെ അക്കൗണ്ടിലേക്ക് താൻ ധൃതി പിടിച്ച് പണം നൽകിയതാണ് പ്രശ്നമായത്. രവി ഇൻഫൊടെക്ക് വിറ്റതിന് ശേഷം പണം നൽകിയാൽ മതിയായിരുന്നു. പക്ഷേ തൻ്റെ അസ്വക്കേറ്റ് ശർമ്മ പറഞ്ഞത് പെട്ടെന്ന് നൽകാൻ ആണ്. അല്ലെങ്കിൽ നിയമപരമായി നോക്കിയാൽ കൂടുതൽ തുക കൊടുക്കാനുള്ള റൈറ്റ് അയാൾക്ക് ഉണ്ടന്നാണ്... എന്തായാലും എല്ലാം അവസാനിക്കാൻ പോകുന്നു... നാളെ കേരളത്തിലേക്ക് മടങ്ങണം. ജോസഫിനെ വിളിച്ച് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്... രക്ഷിതാക്കൾ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ വീട്ടിൽ താൻ ഒറ്റപ്പെട്ട പോലെ തോന്നി... ഈ തണുപ്പത്ത് ഒരു ഡ്രിങ്കിനായി അവൾ അലമാറയിൽ നിന്ന് വിസ്കി ബോട്ടിൽ പുറത്തെടുത്തു.
പെട്ടെന്ന് വന്ന ഫോൺ കോൾ പരിചയമില്ലാത്ത നമ്പറാണ്... മണാലിയിലെ ഒരു ലാൻ ലൈൻ...
"സോഫിയ ഹെൽപ്പ് മി.... സോഫിയ ഹെൽപ്പ് മി"
തൻ്റെ നെഞ്ചിടിപ്പ് കൂടുന്നത് സോഫിയ അറിഞ്ഞു. അവൾക്ക് ഇനി വേണ്ടിയിരുന്നത് ചിലരുടെ സഹായം മാത്രം ആയിരുന്നു...
............................................................................
ഇന്നത്തെ ദിവസം ഒരു പത്ത് മണിക്കൂർ നീണ്ട യാത്ര വേണ്ടി വരും എന്ന് ഡിവൈഎസ്പി റെജി അബ്രഹാം കരുതിയിരുന്നില്ല. ഹോട്ടലിൽ നിന്ന് കാരവാനുമായി വരുവാൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ പെട്ടെന്ന് എത്തി.
"മടക്കമായോ സർ?" താൻ താമസിച്ച റൂമിൻ്റ പണം നൽകിയിട്ടില്ല എന്ന ഉറപ്പുണ്ടായിട്ടും അയാൾ സംശയത്തോടെ ചോദിച്ചു.
" ഇല്ല... രോഷൻ എവിടെ?"
" രോഷൻ റൂമിലുണ്ട്... അവിടെ നിർത്തിയതിൽ കുഴപ്പമില്ലല്ലോ സർ?" ഡ്രൈവർ വീണ്ടും സംശയിച്ചു. റെജിസർക്കും രോഷനും അടുത്ത ബന്ധമാണ് ഉള്ളത് എന്ന് അയാൾക്ക് അറിയാം.
" കുഴപ്പമില്ല... ഇൻസ്പെക്ടർ അജയൻ്റെ കൂടെ പോകുകയാണെങ്കിൽ എന്നെ വിളിക്കാൻ പറയണം." താൻ ഇപ്പോൾ ചെയ്യാൻ പോകുന്ന കാര്യം മണാലി പോലീസ് അറിഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്താനാണ് റെജി അങ്ങനെ പറഞ്ഞത്. ഇത്ര ദൂരം പോലീസ് ജീപ്പിൽ സഞ്ചരിച്ച് എളുപ്പത്തിൽ വരാൻ കഴിയില്ല.
"നമ്മൾ എവിടേക്കാണ് പോകുന്നത് സർ?"
"ഖാജിയാർ ഹിൽ സ്റ്റേഷൻ." എൻഎച്ച് നൂറ്റി അമ്പത്തിനാലിലൂടെ മുന്നൂറ്റി ഇരുപത്തി എട്ട് കിലോമീറ്റർ അവർക്ക് യാത്ര ചെയ്യാൻ ഉണ്ടായിരുന്നു. പാതി ദൂരം പിന്നിട്ടപ്പോൾ വന്ന കാൾ രോഷൻ്റെത് ആയിരുന്നു.
"സർ... അജയൻ സർ വിളിച്ചിരുന്നു അവിടേക്ക് പോകാൻ," തന്നെക്കാൾ കുറഞ്ഞത് ആറ് മണിക്കൂർ ദൂരം അജയൻ പിന്നിലായതിൽ റെജി സന്തോഷിച്ചു. കാര്യങ്ങൾ പെട്ടന്ന് തീർക്കണം.
ഖാജിയാർ ഹിൽ സ്റ്റേഷനിൽ നിന്നും ഹിമാലയത്തിൻ്റെ ഭാഗമായ പിർ പഞ്ചാൽ മലനിരകളുടെ സൗന്ദര്യം സോഫിയയെ ആസ്വദിപ്പിച്ചില്ല... രവിമേനോൻ ഒരിക്കലും ഇവിടെ ഉണ്ടാകില്ല ... ഉയരവും തണുപ്പും അയാൾക്ക് താങ്ങാൻ ആകില്ല. തനിക്ക് വന്ന ഫോൺ നമ്പറിൻ്റെ സ്ഥലം അന്വേഷിക്കാൻ ഡ്രൈവർ സഞ്ജയ് പോയിട്ടുണ്ട്... ഹോട്ടൽ മുറിയിലെ ഹീറ്ററിൻ്റെ ചൂട് വർദ്ധിപ്പിച്ച് സോഫിയ വിസ്കി ബോട്ടിൽ കൈയ്യിലെടുത്തു.
"ഉസ്നെ ജങ്കൽ കിനാരേ ഏക് ഘർ മെ ചിപാ ഹെ... വഹാം ചാർ പാഞ്ച് ലോഗ് ഹെ."
വാജിയാൽ ഹിൽ സ്റ്റേഷൻ പൈൻകാടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണ്. ടൂറിസ്റ്റുകൾക്കായി കാടിനോട് ചേർന്ന് ആരാലും ബന്ധമില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന നിരവധി വീടുകൾ ഉണ്ടവിടെ. ആ വീടിൻ്റെ രണ്ട് മൂന്ന് മൊബൈൽ ചിത്രങ്ങൾ സോഫിയയുടെ നേരെ സഞ്ജയ് നീട്ടി.
" വാട്ട് യു തിങ്ക് വി വിൽ ഗോ ടുഡേ ഓർ ടുമാറോ മോണിങ്ങ്?" സോഫിയ സഞ്ജയോട് അഭിപ്രായം ചോദിച്ചു ... നാലഞ്ച് പേർ താമസിക്കുന്നിടത്ത് പെട്ടെന്നു ചെല്ലുന്നത് ബുദ്ധിമുട്ടാവും എന്ന് സോഫിയ ചിന്തിച്ചു.
"വി ആർ നോട്ട് ഗോയിങ്ങ് ഫോർ എ ഫൈറ്റ്... ജസ്റ്റ് വാണ്ട് ടു ഡിസ്ക്കസ്സ് ആൻഡ് സെറ്റിൽ തിങ്ങ്സ് ... വി ആർ ഗോയിങ്ങ് നൗ." സോഫിയ പോകാൻ എണീറ്റു. തൻ്റെ മുബൈ ജീവിതത്തിനിടയിൽ വലിയ കച്ചവടങ്ങൾക്കിടയിൽ നടക്കുന്ന ഇത്തരം പ്രശ്നങ്ങളെ ചർച്ച ചെയ്ത് ഒഴിവാക്കുന്നതിൽ നിരവധി തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇരുപത് മുതൽ മുപ്പത് ലക്ഷം കൂടിയാൽ അമ്പത് ലക്ഷം ... സോഫിയ തന്നെ ഫോണിലൂടെ രവി മേനോൻ്റെ ശബ്ദം കേൾപ്പിക്കുന്നവർക്ക് വിലയിട്ടിരുന്നു. ആന്ധ്രയിലെ കമ്പനിയുമായി പെട്ടെന്നു ഉണ്ടാകാൻ സാധ്യത ഉള്ള കച്ചവടത്തിൽ ഒരു തടസ്സം ഉണ്ടാകരുത് എന്ന് സോഫിയക്ക് നിർബന്ധം ഉണ്ടായിരുന്നു.
മെയിൻ റോഡിൽ നിന്ന് മാറി കാർ കാടിനെ ലക്ഷ്യമാക്കി നീങ്ങിയപ്പോൾ സോഫിയ ചുറ്റും ശ്രദ്ധിച്ചു... മഞ്ഞ് വീഴാൻ തുടങ്ങിയിരിക്കുന്നു പെട്ടെന്നു തിരിച്ച് ഹോട്ടലിൽ എത്തേണ്ടതുണ്ട്.
മുന്നിൽ കാണുന്ന വീടിൻ്റെ അടുത്ത് എത്തുന്നതിന് തൊട്ട് മുമ്പ് സഞ്ജയ് കാർ നിർത്തി.
" വാട്ട് ഹാപ്പൻ സഞ്ജയ്?"
" ലുക്ക്..." മുന്നിൽ നിൽക്കുന്ന കാരവാൻ അവർക്ക് പരിചയമുള്ള ഒന്നായിരുന്നു. ഒരു കേരള രജിസ്ട്രേഷൻ കാർ വരുന്നത് കാരാവൻ ഡ്രൈവർ ശ്രദ്ധിക്കുന്നുണ്ട്.
" ഡിവൈഎസ്പി റെജിസർ ഇവിടെ എന്ത് ചെയ്യുന്നു?" സോഫിയ ശരിക്കും അത്ഭുതപ്പെട്ടു.
വീടിൻ്റ കാളിങ്ങ് ബെല്ലിൽ സഞ്ജയ് വിരൽ അമർത്തുന്നതിന് മുമ്പേ വാതിൽ തുറന്നു.
"സോഫിയ..." മുന്നിൽ നിൽക്കുന്ന ആൾക്ക് സഞ്ജയിനേക്കാൾ ആകാരം ഉണ്ടായിരുന്നു.
"അതെ..."
"ഞങ്ങൾ വെയ്റ്റ് ചെയ്യുകയായിരുന്നു... ഡ്രൈവറെ പുറത്ത് നിർത്തുകയല്ലേ നല്ലത്?" അയാൾ സഞ്ജയിനെ നോക്കി.
"നോ ഹി ഈസ് മൈ ബോഡി ഗാർഡ്," തനിയെ ഒരു സ്ത്രീക്ക് അംഗരക്ഷകനെ ആവശ്യമാണെന്ന ഭാവത്തിൽ സോഫിയ നിന്നു.
" ഒക്കെ രക്ഷകൻ ആണെങ്കിൽ വെപ്പൺസ് പ്ലീസ്," പെട്ടെന്നു തന്നെ അയാൾ പിന്നിൽ നിന്ന് ഒരു തോക്ക് എടുത്ത് അവരുടെ നേരെ നീട്ടി.
സോഫിയ ആംഗ്യം കാണിച്ചതോടെ തൻ്റെ റിവോൾവർ സഞ്ജയ് അയാൾക്ക് നൽകി.
"യുവേഴ്സ് മാഡം?" അയാൾ തൻ്റെ നേരെ തിരിയുമെന്ന് സോഫിയ കരുതിയില്ല. മുബൈ ജീവിതത്തിൽ ഒരു ഓട്ടോമാറ്റിക്ക് പിസ്റ്റൾ എപ്പോഴും അവളുടെ ശരീരത്തിൽ ഉണ്ടാകുമായിരുന്നു. അത് നൽകിയതിന് ശേഷം മാത്രമേ അയാൾ തൻ്റെ തോക്ക് താഴ്ത്തിയുള്ളൂ...
അകത്ത് കടക്കുമ്പോൾ അയാൾ സ്വയം പരിചയപ്പെടുത്തി, "അയാം അഖിലേഷ്... ഏൻ്റ് ദെ ആർ മൈ കൊളീഗ്‌സ്." റജിസർ ഒഴികെ ഉള്ളവരെ ചൂണ്ടി അയാൾ പറഞ്ഞു. റെജി സർ തന്നെ അത്ഭുതത്തോടെ നോക്കുന്നത് സോഫിയക്ക് കാണാം... ഇരുന്ന ശേഷം കുറച്ച് സമയം എല്ലാവരും പരസ്പരം നോക്കി ഇരുന്നതല്ലാതെ ആരും സംസാരിച്ചില്ല.
"ട്വൻ്റി ഫൈവ് ലാകസ്, " സോഫിയ തൻ്റെ പാൻ്റ് പോക്കറ്റിൽ എടുത്ത് വെച്ചിരുന്ന ബ്ലാങ്ക് ചെക്ക് പുറത്തെടുത്തു. ആരെങ്കിലും ചർച്ചക്ക് തുടക്കം കുറിക്കണമായിരുന്നു.
"പത്ത് കോടി മാഡം," തൻ്റെ മുന്നിൽ ഉള്ള പ്രായത്തിൽ ചെറുതാണെന്ന് തോന്നിക്കുന്ന പയ്യൻ പറഞ്ഞു.
"തെർട്ടി ലാക്സ് ബോയ്," സോഫിയ അവരുടെ വിരട്ടലിൽ വീണില്ല.
"പതിനഞ്ച് കോടി മാഡം," അടുത്ത ആൾ പറഞ്ഞു.
"ഫോർട്ടി ലാക്സ്," സോഫിയ അഖിലേഷിൻ്റെ നേരെ തിരിഞ്ഞു
" ട്വൻ്റി ഫൈവ് ക്രോർസ് മാഡം," അഖിലേഷിൻ്റെ മറുപടി കേട്ട് സോഫിയ ചിരിച്ചു.
"ഒരു ശബ്ദം അനുകരിക്കാൻ കഴിയുന്ന ആളെ കൊണ്ട് എൻ്റെ ഭർത്താവിൻ്റെ ശബ്ദം അനുകരിച്ച ശേഷം കാശ് തട്ടാൻ ഉള്ള വിദ്യ ... നിങ്ങൾക്കറിയാം ഞാൻ രവി ഇൻഫൊടെക്ക് വിൽക്കാൻ പോകുകയാണെന്ന്...
രവിമേനോൻ... ഈസ് നോ മോർ... ഞാൻ ഒന്ന് അറിഞ്
ഞ് പോലീസിൽ പരാതിപ്പെട്ടാൽ കളി മാറും പറഞ്ഞേക്കാം... കമ്പനിയുടെ വിൽപ്പന കുറച്ച് കൂടി നീളും അത്രയേ ഉള്ളൂ .. ഐ ഡോണ്ട് മൈൻ്റ് ദാറ്റ്," സോഫിയയുടെ സ്വരം മാറി.
"പിന്നെ നിങ്ങളുടെ മുന്നിൽ ഉള്ളത് എൻ്റെ ഭർത്താവിൻ്റെ സുഹൃത്ത് കൂടിയായ ഒരു പോലീസുകാരൻ ആണെന്നുള്ളത് മറക്കണ്ട."
സോഫിയയുടെ മറുപടി അഖിലേഷിൽ വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല. റജി സർ നിശബ്ദത പാലിക്കുന്നത് സോഫിയയെ അത്ഭുതപ്പെടുത്തി.
"ഫിഫിറ്റി ലാക്സ് ഫൈനൽ," സോഫിയ താൻ മുന്നേ തീരുമാനിച്ച് വെച്ച തുകയിൽ എത്തി. ബ്ലാങ്ക് ചെക്ക് മേശപ്പുറത്ത് വെച്ചു.
" ട്വിൻ്റി ഫൈവ് കറോർസ് മാഡം," അഖിലേഷ് നിർവികാരതയോടെ ഇരുന്ന് തന്നെ തുക വീണ്ടും ആവർത്തിച്ചു...
"അഖിലേഷണ്ണാ ... ഇതെന്നാ പേച്ച് ഞാനാണെങ്കിൽ ഒരു അമ്പതോ നൂറോ കോടി ചോദിക്കും," അപ്പുറത്തെ മുറിയിൽ നിന്ന് വന്ന ശബ്ദം സോഫിയക്ക് പരിചയം ഉള്ളതായിരുന്നു...
വാതിൽക്കൽ വന്ന ഇൻസ്പെക്ടർ അജയനെയും, ആപ്ടെയും കണ്ട് സോഫിയ കടുത്ത തണുപ്പിലും വിയർത്തു.
"ദാ റെജി സാറ് വിലപേശി ഇരുപത്തി അഞ്ച് കോടി നൽകാമെന്ന് പറഞ്ഞ് ഉറപ്പിച്ച് ക്ഷീണിച്ച് നിൽക്കുമ്പോഴാണ്... നിങ്ങൾ വെറും അമ്പത് ലക്ഷത്തിനു കച്ചവടം ഉറപ്പിക്കുന്നത്," ആജയൻ്റെ സ്വരത്തിന് ഒരു പുഛ രസം ഉണ്ടായിരുന്നു. റെജി സാറുടെ മൗനത്തിന് കാരണം പോലീസ് ആണെന്ന് അപ്പോഴാണ് സോഫിയക്ക് മനസ്സിലായത്.
"സെവൻ്റി ഫൈവ് കരോർസ്," സോഫിയക്ക് പെട്ടെന്നൊരു തീരുമാനം എടുക്കണമായിരുന്നു.
ചെക്കിൽ എഴുപത്തി അഞ്ച് കോടി എഴുതി ഒപ്പിട്ട് സോഫിയ മേശപ്പു്റത്ത് വെച്ചു.
രവിമേനോൻ ഇൻഫൊടെക്കിൻ്റെ ഇടപാട് സോഫിയക്ക് പെട്ടെന്ന് തീർക്കണമായിരുന്നു... ആന്ധ്രാ കമ്പനിയുമായി തൊള്ളായിരത്തി അറുപത് കോടിക്കാണ് ഡീൽ ഉറപ്പിക്കാൻ പോകുന്നത്. തൻ്റെ അന്വേഷണത്തിൽ അജയനും ആപ്ടെയും കൈക്കൂലി ഇഷ്ടം പോലെ സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻമാരാണ് എന്ന് അറിഞ്ഞിട്ടുണ്ട്. ഒരു അവസാന പരീക്ഷണത്തിന് സോഫിയ തയ്യാറെടുത്തു.
" ഒരു എഴുപത്തി അഞ്ച് കോടിയുടെ ചെക്ക് ആദ്യമായി കാണുകയാണ് മാഡം," അജയൻ അത്ഭുതത്തോടെ ചെക്കിൽ നോക്കി...
" അപ്പൊ എങ്ങനെയാ കാര്യങ്ങൾ അഖിലേഷണ്ണാ ...? എഴുപത്തി അഞ്ച് കോടി മാഡം തന്നു... റജി സാർ ഇരുപത്തി അഞ്ച് തരും... മൊത്തത്തിൽ നൂറ് ...ശരിയായോ അഖിലേഷണ്ണോ?" അജയൻ രസിച്ച് സംസാരിച്ചു.
" ഇല്ലെ സർ... സരിയാവലെ," മറുപടി പെട്ടെന്നു വന്നു. അതോടെ അജയൻ അല്പം ചിന്തിച്ച് സോഫിയയെ നോക്കി...
" അതാണ്... ഈ നൂറ് ഒരു കൊലപാതകത്തിന് അപ്പൊ രണ്ടാമത്തെ കൊലക്കുള്ള കാശ് ആര് തരും...? തൂ ദേഗാ ഭായി," സോഫിയയിൽ നിന്ന് മുഖം മാറ്റി അജയൻ സഞ്ജയിന് നേരെ തിരിഞ്ഞു. സഞ്ജയിന് അജയൻ്റെ വേഗത്തിലുള്ള മലയാള സംസാരം പിടികിട്ടിയില്ലെങ്കിലും സോഫിയയുടെ മുഖം വിളറുന്നത് അയാൾ കണ്ടു...
" അഖിലേഷണ്ണാ സത്യത്തിൽ ഈ കേസ്സിലെ കുറ്റവാളികൾ ആരെന്നറിയാൻ വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല. എന്തിന് ചെയ്തു എന്ന ചോദ്യത്തിന് പണം തന്നെയായിരുന്നു ഉത്തരം പക്ഷെ എങ്ങനെ? എവിടെ? ആരൊക്കെ കൂടി ചെയ്തു ? എന്നത് കണ്ട് പിടിക്കലായിരുന്നു പ്രശ്നം..." അജയൻ ഒരു വിശദീകരണത്തിന് തയ്യാറായി.
"സോഫിയ സ്വന്തം ഭർത്താവുമായി ഇവിടേക്ക് ഒരു യാത്ര വരുന്നു... ഭർത്താവിന് കോവിഡ് വരുന്നു, അറിയപ്പെടുന്ന ഒരു ഗവർമെൻ്റെ മെഡിക്കൽ കോളേജിൽ വെച്ച് മരിക്കുന്നു... മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം മറവ് ചെയ്യുന്നു... പിന്നീട് മരിച്ചയാളുടെ പ്രേതം വന്ന പോലെ ഒരു ശബ്ദ സന്ദേശവും പിന്നെ ഒരു പരാതിയും ... കേട്ടാൽ പരാതി തന്ന ആൾക്ക് ഇത്തിരി സുഖമില്ല അല്ലേ എന്ന് പറയും," അജയൻ നടന്ന് സോഫിയയുടെ അടുത്തെത്തി.
"രവി മേനോന് ഉള്ള അപസ്മാര അസുഖം പെട്ടെന്നു വരുന്നു... ആളുകൾ കാൺകെ കാറിൽ കയറ്റുന്നു, മണാലി ഗവർമെൻ്റെ ഹോസ്പിറ്റലിൽ കാണിക്കുന്നു... അവിടെ നിന്ന് ജീവനോടെ മെഡിക്കൽ കോളേജിലും എത്തുന്നു, അവിടെ വെച്ച് മരിക്കുന്നു. രവി മേനോൻ മരിച്ചില്ലെന്നോ കൊല ചെയ്യപ്പെട്ടന്നോ എന്ന് എങ്ങനെ പറയും...? ഇതിന് ഒരു ഉത്തരം എനിക്ക് ലഭിച്ചത് മണാലിയിലെ സിവിൽ ഹോസ്പ്പിറ്റലിലെ നഴ്സ് ആനിയിൽ നിന്നായിരുന്നു... ഒരു തമാശക്ക് ഞാൻ രവി മേനോൻ്റെ ഫോട്ടോ എന്ന് പറഞ്ഞ് കാണിച്ചത് ആൻസി തിരിച്ചറിഞ്ഞു," അജയൻ ഉറക്കെ ചിരിച്ചു.
" രവി മേനോനായി അഭിനയിച്ച് അവിടെ എത്തിയ ദാ ഇവൻ്റെ," അജയൻ സഞ്ജയിന് നേരെ തിരിഞ്ഞു. "സോഫിയ പോലീസിൽ നൽകിയ വിശദീകരണത്തിൽ അപ്പോൾ ഇവൻ കാരവാൻ സർവ്വീസ് ചെയ്യാൻ പോയിരിക്കുക ആയിരുന്നു." സഞ്ജയ് എണീക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ തോളിൽ അജയൻ അമർത്തിപ്പിടിച്ചിരുത്തി.
"അപ്പോഴും പ്രശ്നം തീർന്നില്ല... അപ്പൊ രവി മേനോൻ എവിടെ...? സഞ്ജയ് ആൾമാറാട്ടം നടത്തി ജീവനോടെ ഉണ്ടെങ്കിൽ പിന്നെ എങ്ങനെ രവിമേനോൻ കൃത്യമായി മെഡിക്കൽ കോളേജിൽ എത്തി...? അത് വരെ എവിടെ ആയിരുന്നു...? നമുക്ക് ഒരു വിശ്വാസത്തിന് കാരവാനിൽ ആണെന്ന് വെക്കാം... രവി മേനോനെ ഇവർ അപകടപ്പെടുത്തി കാരവാനിൽ കിടത്തിയിട്ടുണ്ട് ... റോട്ടാങ്ങ് പാസ്സിൽ രവിമേനോൻ ആയി അഭിനയിച്ച സഞ്ജയ് കാറിൽ കയറി സിവിൽ ഹോസ്പിറ്റലിൽ വരുന്നു, അവിടെ നിന്ന് കാരവാനിലേക്ക് പോകുന്നു. അപകടപ്പെടുത്തി കിടത്തിയ രവിമേനോനെ മെഡിക്കൽ കോളേജിൽ എത്തിക്കുന്നു, അയാൾ മരിക്കുന്നു."
അജയൻ ഒന്ന് തിരിഞ്ഞ് വീണ്ടും സോഫിയയുടെ അടുത്തേക്ക് നീങ്ങി.
" അപ്പോഴും ശരിയായില്ല കാര്യങ്ങൾ ... രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ റൂമിൽ നിന്ന് ഇറങ്ങി കാറിൽ കയറുന്ന ദൃശ്യങ്ങൾ അവർ താമസിച്ച ഹോട്ടലിലെ സിസിടിവിയിൽ ഉണ്ട്. അതിനർത്ഥം റോട്ടാങ്ങ് പാസ്സിൽ അങ്ങോട്ട് സോഫിയ തള്ളി കൊണ്ട് പോയത് രവി മേനോനെ തന്നെ ആണെന്നാണ്." സോഫിയ മുഖത്ത് നോക്കാൻ മടിക്കുന്നത് അജയന് കാണാം...
" ഒരു കൊലപാതകം.... കോവിഡ് കാലത്ത് സീസൺ അല്ലാത്ത സമയത്ത് ഒരു സ്കെയ്റ്റർ പോലും റോടാങ് പാസ്സിൽ ഇല്ലാത്ത സമയത്ത്... വാലിയിലേക്ക് ഒന്നര കിലോമീറ്റർ ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് കൊണ്ട് പോയി നിർത്തുക ... പിന്നിൽ നിന്ന് ശക്തിയായ ഒരു അടി തലക്ക്, അതും രവിമേനോൻ്റെ സ്വന്തം വാക്കർ സ്റ്റിക്ക് ഉപയോഗിച്ച് ... പിന്നെ പതുക്കെ വാലിയിലേക്ക് തള്ളിവിടുക... ശാരീരിക പരിമിതികൾ ഉള്ള അയാൾ ഒരിക്കലും അതിജീവിക്കില്ലെന്ന് നിങ്ങൾക്കറിയാമായിരുന്നു." അജയൻ തണുപ്പിൽ കൈകൾ കൂട്ടിത്തിരുമ്പി. പുറത്തെ മഞ്ഞ് വീഴ്ച അധികമായിരിക്കുന്നു.
" അവിടെ റോട്ടാങ്ങ് പാസ്സിൽ രവിയുടെ തണുപ്പിന് വേണ്ടി ധരിച്ച അതേ നിറമുള്ള ഓവർക്കോട്ടും ഡ്രസ്സുമായി കാത്തിരിക്കുന്ന സഞ്ജയ് വീൽ ചെയറിൽ ഇരിക്കുന്നു... " വീണ്ടും പറഞ്ഞ പോലെ കാര്യങ്ങൾ അജയൻ ആവർത്തിച്ചു.
" വീണ്ടും ഉണ്ട് ചേരാത്ത കാര്യങ്ങൾ. അങ്ങിനെ എങ്കിൽ രവി മേനോൻ്റെ ശരീരം കണ്ടെത്താത്ത വിധത്തിൽ മഞ്ഞിൽ പൊതിഞ്ഞ് വാലിയിൽ ഇപ്പോഴും ഉണ്ടാകണം... അതിനേക്കാളും ചേരാതിരുന്നത് മെഡിക്കൽ കോളേജിലെ കാര്യങ്ങൾ ആയിരുന്നു ... കാഷ്വാലിറ്റിയിലെ സിസ്റ്റർമാർ രവിമേനോനോട് സംസാരിച്ചിട്ടുണ്ട്. തലക്ക് പിറകിൽ ഒരു ചെറിയ മുറിവ് അല്ലാതെ അയാൾക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല... അതായത് സഞ്ജയ് ആണ് മെഡിക്കൽ കോളേജിലും രവി മേനോൻ ആയി എത്തിയതെങ്കിൽ കോവിഡ് ബാധിച്ച് മരിച്ച രവിമേനോൻ എങ്ങനെ ഉണ്ടായി...?"
അജയൻ്റെ സംസാരം ആവേശത്തിലായി.
"സോഫിയ തൻ്റെ വിശദീകരണത്തിൽ ഒരല്പം അധിക ആത്മവിശ്വാസത്തിൽ ഉണ്ടാക്കിയ കഥയിൽ അതും ഉണ്ടായിരുന്നു ... സത്യത്തിൽ അത് പോലീസിനോട് പറയേണ്ട കാര്യമേ ഉണ്ടായിരുന്നില്ല," അജയൻ ഉറക്കെ ചിരിച്ചു.
" താൻ പല പ്രാവശ്യം കാറിൽ നിന്ന് സഞ്ജയിന് ഫോൺ ചെയ്തു... അവൻ എടുത്തില്ല...
ഗുലാബോ ചെക്ക് പോസ്റ്റിൽ നിന്ന് അകലെയാണ് കാരവാൻ പാർക്ക് ചെയ്തിരുന്നത് ... താൻ ശ്രദ്ധിച്ചത് കൊണ്ടാണ് കണ്ടത്... ഡോർ തുറന്ന് കിടക്കുകയായിരുന്നു. ഡ്രൈവറുടെ സഹായത്തോടെയാണ് രവിയെ കാരവാനിൽ കയറ്റിയത്.. അവിടെ നിന്നും ഡ്രൈവറെ പറഞ്ഞയച്ച ശേഷം സഞ്ജയിനെ കാത്ത് നിന്നു..." അജയൻ ഒരു പ്രത്യേക സ്വരത്തിൽ സംസാരിച്ചു. " സഞ്ജയ് എങ്ങനെ ഫോൺ എടുക്കും, അയാൾ രവി മേനോൻ ആയി ആ ടാക്സി കാറിൽ തന്നെ ഉണ്ടല്ലോ?"
അജയൻ നിർത്താതെ ചിരിച്ചു... സോഫിയയുടെ മുഖത്തെ നിറവ്യത്യസം അറിഞ്ഞു.
"സോഫിയക്ക് ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ടാക്സി ഡ്രൈവറെ കാരവാനിൻ്റെ ഉള്ളിൽ കയറ്റുക... കാരണം അവർക്ക് രവി മേനോൻ്റെ ശരീരമാകാൻ ഒരാളെ ആവശ്യമായിരുന്നു."
.................................................................
സോഫിയയുടെ മനസ്സിൽ ആ രംഗങ്ങൾ ഇപ്പോഴും ഉണ്ട്... " ദിസ് ഈസ് ദി ഫസ്റ്റ് ടൈം അയാം എൻ്റെറിങ്ങ് ടു ദിസ് ടൈപ്പ് ഓഫ് വീക്കിൾ."
അയാൾ പറഞ്ഞ കാശ് കൊടുത്ത് തിരിച്ച് ഇറങ്ങുകയായിരുന്നു... തൻ്റെ കൈയ്യിലെ വാക്കിങ്ങ്സ്റ്റിക്ക് ഉപയോഗിച്ച് ആദ്യം അയാളെ അടിച്ചത് സഞ്ജയ് തന്നെ ആയിരുന്നു. ഭാഗ്യം അന്ന് തൻ്റെ കൂടെ ആയിരുന്നു. ഒരു ആൾമാറാട്ടം തുടക്കത്തിൽ തന്നെ പിടിക്കപ്പെടുമായിരുന്നു... താൻ വിളിച്ച ഡ്രൈവർക്ക് സംശയം തോന്നിയാൽ മതി. രവി മേനോനെ തണുപ്പിൽ പരമാവധി ശരീരം മറച്ച് മാസ്ക്ക് ധരിപ്പിച്ച് റോട്ടാങ് പാസ്സിൽ എത്തുന്നത് വരെ അയാളുടെ മുഖം മറ്റുള്ളവർ കാണാതിരിക്കാൻ താൻ ശ്രദ്ധിച്ച് കൊണ്ടേ ഇരുന്നു. കോവിഡിൻ്റെ കാലം അതിന് തുണയായി. നിരവധി പേർ കയറി ഇറങ്ങുന്ന ടാക്സിയിൽ എല്ലാവരേയും ശ്രദ്ധിക്കേണ്ട കാര്യം ഡ്രൈവർക്കില്ല... രവിയുടെ ശാരീരിക പരിമിതികളും വാക്കിങ്ങ് സ്റ്റിക്കും അയാൾ തന്നെയാണ് രവി മേനോൻ എന്ന് മറ്റുള്ളവരെ തോന്നിപ്പിക്കാൻ എളുപ്പമായിരുന്നു സഞ്ജയിന്.
മുബൈയിൽ നിരവധി കുറ്റകൃത്യങ്ങൾ ചെയ്ത് പരിചയം ഉള്ള സഞ്ജയിന് ഒരു അടിയിലൂടെ ഡ്രൈവറെ ബോധം കെടുത്താനുള്ള മെയ് വഴക്കവും പരിചയവും ഉണ്ടായിരുന്നു.
ഒരു ആൾമാറാട്ടം മെഡിക്കൽ കോളേജിലും നടത്താൻ ഉണ്ടായിരുന്നു. സഞ്ജയ് തന്നെയാണ് ഹാമിർപൂർ വരെ കാരവാൻ ഓടിച്ചത്.
തങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതി പൂർത്തിയാവണമെങ്കിൽ ഇനിയും കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു. തെളിവുകൾ കൂടി ചേരാൻ സഞ്ജയിൻ്റെ തലയിൽ വാക്കിങ്ങ് സ്റ്റിക്ക് കൊണ്ട് ചെറുതായി അടിച്ച് മുറിവ് ഉണ്ടാക്കിയത് താൻ തന്നെ ആയിരുന്നു. പണത്തിന് വേണ്ടി എന്ത് വേദനയും സഹിക്കാൻ തയ്യാറായി തന്നെ ആയിരുന്നു ഈ കളി തുടങ്ങിയത്. കാരവാനിലെ വീൽ ചെയറിൽ അവനെ ഇരുത്തി കാഷ്വാലിറ്റിയാൻ എത്തിച്ചു അവിടെ ഒരല്പസമയം ... ശ്വാസം മുട്ടി ബോധംകെട്ട് തലയിടിച്ച് വീണു എന്ന നുണയും മണാലിയിലെ സിവിൽ ഹോസ്പിറ്റലിൽ നിന്ന് കോവിഡ് പരിശോധനക്കായി എത്തിയതിൻ്റെ റിപ്പോർട്ടും കൂടി ആയപ്പോൾ മാസ്ക്ക് മാറ്റാതെ തന്നെ തലയിലെ മുറി ഡ്രസ്സ് ചെയ്ത സഞ്ജയനെ കോവിഡ് പരിശോധനക്കായി പുതിയ ബ്ലോക്കിലേക്ക് റഫർ ചെയ്തു. ഞങ്ങളുടെ പദ്ധതികൾ എല്ലാം കൃത്യമായിരുന്നു.
പുതിയ ബിൽഡിങ്ങിലേക്ക് കൊണ്ട് പോകുന്ന വഴി വീണ്ടും ഒരു ആൾമാറാട്ടം... എല്ലാറ്റിനും മറയായി കാരവൻ ... സഞ്ജയിൻ്റെ ഓവർക്കോട്ട്, തലയിലെ മുറിവിൽ ഒട്ടിച്ച ബാൻഡേജും കൃത്യമായി ബോധംകെട്ട് കിടക്കുന്ന ഡ്രൈവറിൽ വെച്ചശേഷം അയാളെ കൊല്ലാൻ ഞങ്ങൾക്ക് എളുപ്പമായിരുന്നു... പിന്നെ വേഗതയിൽ അയാളെ വീൽ ചെയറിൽ ഇരുത്തി മെയിൻ ബിൽഡിങ്ങിലെ കോവിഡ് പരിശോധന സ്ഥലത്തേക്ക് ഒരു ഓട്ടം... പിന്നെ പെട്ടെന്നു രോഗം കൂടിയെന്ന നുണ... കൃത്യമായ അഭിനയം ആരും സംശയിച്ചില്ല... വീൽചെയറിൽ ഉള്ളത് രവി മേനോൻ അല്ലെന്ന് ആരും സംശയിച്ചില്ല. അല്ലെങ്കിലും തിരക്കുള്ള മെഡിക്കൽ കോളേജിൽ ഇതൊക്കെ ആര് ശ്രദ്ധിക്കാൻ?
ആർക്കും സംശയം തോന്നാവുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു... അറസ്റ്റ് ചെയ്യപ്പെടാം ഒരു പക്ഷേ കോടതി വരെ കാര്യങ്ങൾ നീളാം. എന്ത് തന്നെ ആയാലും ഇനി രവി ഇൻഫൊടെക്കിൻ്റെ ഉടമ താൻ തന്നെ ആയിരിക്കും... ഇൻസ്പെക്ടർ അജയൻ വളരെ കൃത്യമായി കാര്യങ്ങളിലേക്ക് എത്തിയിരിക്കുന്നു. പക്ഷേ ഇത് മുഴുവനാക്കാൻ അയാൾക്കാക്കില്ല... പണം കൊണ്ട് അയാളെ വാങ്ങാം... അതു കൊണ്ടാണ് ഈ ചർച്ച ഇവിടെ വെച്ച് നടക്കുന്നത് അയാളുടെ നേതൃത്വത്തിൽ. താൻ ചിന്തിക്കുന്ന കാര്യങ്ങൾ തന്നെയാണ് അയാൾ പറഞ്ഞ് കൊണ്ടിരിക്കുന്നത്.
" അങ്ങനെ വളരെ കത്യമായി അവർ മരിച്ച രവി മേനോനെ സൃഷ്ടിച്ചു... മണാലി സിവിൽ ഹോസ്പിറ്റലിലെ ഡോക്ടറുടെ പ്രിസ്കൃപ്ഷനിലെ പേർ മാത്രമേ ഹോസ്പിറ്റലിൽ അധികാരികൾ നോക്കിയുള്ളൂ. പിന്നെയും സംശയം ബാക്കിയായി..." അജയൻ്റെ സംസാരം എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.
" മരിച്ച ഡ്രൈവർ അസ്ലം ഷാക്കിനു കോവിഡ് എങ്ങനെ ബാധിച്ചു...? അവിടെ ഭാഗ്യം അവരെ തുണച്ചു. അയാൾ ശരിക്കും കോവിഡ് ബാധിതനായിരുന്നു," സോഫിയ മനസാനിധ്യം വീണ്ടെടുത്തത് അജയൻ ശ്രദ്ധിച്ചു. പഴയ ഭാവപ്പകർച്ച അവളുടെ മുഖത്തില്ല.
" പോലീസുകാരൻ അല്ലേ മാഡം ...? സംശയം കൂടും." അയാൾ വീണ്ടും ഉറക്കെ ചരിച്ചു...
" എന്ത് കൊണ്ട് രവിമേനോനെ കോവിഡ് ബാധിതനാക്കണം... ഒരൊറ്റ ലക്ഷ്യം മാത്രം; മൃതദേഹം മറ്റുള്ളവർ കാണാതെ, നാട്ടിലേക്ക് കൊണ്ട് പോകാതെ എളുപ്പത്തിൽ ദഹിപ്പിക്കാം...
ജൂലൈ പത്ത് വരെ ഒരു കോവിഡ് കേസ്സു പോലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത മണാലിയിൽ എങ്ങനെ കൃത്യമായി ഇവർക്ക് കോവിഡ് ബാധിച്ച ഡ്രൈവറെ കിട്ടി? രവി മേനോൻ താമസിച്ചിരുന്ന ഹോട്ടലിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ടാക്സി വിളിച്ച് കൊടുത്തത് അവർ അല്ല എന്നാണ്.
അതു കൊണ്ട് അസ്ലം ഷായുടെ മൊബൈൽ നമ്പർ വെച്ച് ഒരന്വേഷണം നടത്തേണ്ടിവന്നു.
അവസാനം അയാൾ വിളിച്ചത് സ്വന്തം വീട്ടിലേക്കാണ്. അതിന് തൊട്ട് മുമ്പുള്ള നമ്പർ നമുക്ക് വേണ്ടപ്പെട്ട ഒരാളുടെ പപ്പ ആയിരുന്നു.
രവിമേനോൻ്റെ ശരീരമായി എകദേശം സാദൃശ്യമുള്ള ഒരു ഡ്രൈവറെ കണ്ടെത്തിയത് അങ്ങേരായിരുന്നു." ആളുടെ പേർ പറയാതെ അജയൻ മുന്നോട്ട് പോയി.
"അങ്ങനെ ആണെങ്കിൽ ഈ പപ്പ വളരെ കഴിവുള്ള വ്യക്തിയാണ് ... ഒരു കോവിഡ് ഉള്ള ഡ്രൈവറെ കണ്ടെത്താൻ അമാനുഷിക കഴിവ് തന്നെ വേണം." അജയൻ്റെ സംസാരത്തിൽ ലയിച്ച് അഖിലേഷും കൂട്ടരും ചിരിച്ചു. റജിക്ക് തൻ്റെ ഇരിപ്പിടത്തിൽ നിന്ന് അനങ്ങാൻ കഴിയാത്ത വിധം മനസ്സിൻ്റെ ഭാരം കൂടിയിരുന്നു.
(തുടരും)