Prasanth Narayanan

Romance Crime Thriller

4.0  

Prasanth Narayanan

Romance Crime Thriller

മർഡർ @ കോവിഡ് 19 (ഭാഗം 1)

മർഡർ @ കോവിഡ് 19 (ഭാഗം 1)

7 mins
242


തണുപ്പ്... ചുറ്റും തണുപ്പ്... പതിവ് പോലെ തലക്ക് പിന്നിൽ ഉണ്ടാകാറുള്ള വേദന കുറച്ചധികവും ആണ്... കുറച്ച് കാലമായി ഉണ്ടാകാറില്ലാത്ത അപസ്മാരം പെട്ടെന്ന് ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് ഈ ക്ഷീണം. ചുറ്റിലും ഇരുട്ടാണ് ... അതോ കണ്ണ് തുറക്കാൻ കഴിയാത്തത് കൊണ്ടാണോ...?


തണുപ്പ് അസഹ്യമായിരിക്കുന്നു... 


എവിടെ അവൾ ...? പതിവിൽ കൂടുതൽ ചൂട് തരാം എന്ന ഉറപ്പിലാണ് ഈ ഹിമാചൽ പ്രദേശിലെ മണാലിയിലേക്കുള്ള യാത്രക്ക് താൻ സമ്മതിച്ചത് തന്നെ... അത് ഈ സമയം വരെ അവൾ തരുന്നുമുണ്ടായിരുന്നു ... ഞാൻ ചോദിക്കാതെ തന്നെ പല തവണ അവൾ എൻ്റെ ശരീരത്തെ അവളുടെ ശരീരം കൊണ്ടുള്ള ചൂടിൽ നിലനിർത്തി ...


തലയിലെ വേദന അത് താൻ സ്വയം ഉണ്ടാക്കിയതാണല്ലോ...! കോളേജിൽ പഠിക്കുമ്പോൾ സുഹൃത്ത് റെജിയുമായി ഒരു ബൈക്ക് യാത്ര... അത്ര ദൂരെയൊന്നും പോകേണ്ടെന്ന് വീട്ടുകാർ പറഞ്ഞതാണ് പക്ഷേ കേട്ടില്ല. കയറി കൊണ്ടിരിക്കുന്ന മലയുടെ ചുരത്തിൻ്റെ ഭംഗിയിലും വയറ്റിൽ കത്തി കൊണ്ടിരിക്കുന്ന ലഹരിയിലും പിൻ സീറ്റിൽ ഇരിക്കാതെ, നിന്ന് അസ്തമന സൂര്യനെ ഫോട്ടോ എടുക്കാൻ എണീറ്റതാണ്. റെജിക്ക് ബൈക്കിൻ്റെ കൈയ്യടക്കം ആയി വരുന്നതേ ഉണ്ടായിരുന്നുള്ളൂ... പിന്നിലേക്ക് വീണ തനിക്ക് ഒരു മിനിറ്റ് മാത്രമേ ഓർമ്മ ഉണ്ടായിരുന്നുള്ളൂ... തല റോഡിൽ അടിച്ച് വീണതിൻ്റെ മരവിപ്പിൽ പിന്നിലുള്ള കാർ തൻ്റെ... വലതു കാലിൻ്റെ മുകളിലൂടെ കയറി പോയതിൻ്റെ വേദന അറിഞ്ഞതും ഇല്ല... ഓടി എത്തി തന്നെ എടുത്ത് ഉയർത്താൻ ശ്രമിക്കുന്ന റെജിയുടെ മുഖം മാത്രം കുറച്ച് നേരം തനിക്ക് കാണാമായിരുന്നു...


"രവി, ആർ യു ഒക്കെ... രവി.. രവി..." പിന്നെ കണ്ണുകളിൽ ഇരുട്ട് കയറി... അതിന് ശേഷം ഉണ്ടായ കാര്യങ്ങൾ താൻ അറിയുന്നുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥ പോലെ തന്നെ ആയിരുന്നു അന്ന്... ചുറ്റും തണുപ്പ്... തലയിലെ വേദന, പിന്നെ എത്ര ശ്രമിച്ചിട്ടും തുറക്കാൻ കഴിയാത്ത കണ്ണുകളും.


അന്ന് ഹോസ്പ്പിറ്റലിൽ വെച്ച് ചെറുപ്രായത്തിൽ തന്നെ തൻ്റെ വിധി എഴുതിയിരുന്നു. തലയിൽ ഒരു കീ ഹോൾ സർജറിക്ക് ശേഷവും സ്ഥിരമായി ഉണ്ടാകുന്ന വേദനയും അപസ്മാരവും പിന്നെ വലതുകാലിലെ പൊടിഞ്ഞ എല്ലുകൾ ചേർത്ത് വെച്ചെങ്കിലും സ്ഥിരമായി സന്തഹസഹചാരിയായി വന്ന ഒരു വടിയും. അതിൻ്റെ സഹായത്തിലേ നടക്കാൻ കഴിയൂ.


പക്ഷേ വിധിക്ക് മുന്നേ താൻ കീഴടങ്ങിയില്ല. പഠനത്തിൽ ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങി ആദ്യം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ് ബിരുധം, പിന്നെ ഇലട്രോണിക്സിൽ എഞ്ചിനീയറിങ്ങ്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ഐടി പ്രൊഫഷണൽ ആയി ജോലി നോക്കുമ്പോഴും പഠിച്ച് എംബിഎ ഡിഗ്രി സ്വന്തമാക്കി. പിന്നെ ജോലി ഉപേക്ഷിച്ച് സ്വന്തമായി സോഫ്റ്റ് വെയർ ഉണ്ടാക്കി... നിരവധി സ്വതന്ത്ര മൊബൈൽ ആപ്പുകളുടെ പേറ്റെൻ്റുകളുടെ ഉടമയായി. രവിയിൽ നിന്നും രവിമേനോനിലേക്കും രവിമേനോൻ ഇൻഫോടെക്ക് എന്ന സ്ഥാപനത്തിൻ്റെ ഉടമയിലേക്കും ഉള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു... ആയിരം കോടി ആസ്ഥിയുള്ള ഒരു ബിസ്സിനസ്സ് സാമ്രാജ്യത്തിൻ്റെ ഉടമയായി താൻ പെട്ടെന്ന് മാറി...


എവിടെ അവൾ... റൂമിലെ ഹീറ്ററിന് എന്തെങ്കിലും സംഭവിച്ചിരിക്കും അതാണ് ഇത്ര തണുപ്പ്... തണുപ്പ് അവൾക്ക് എപ്പോഴും ഒരു ആവേശം ആയിരുന്നു. രണ്ട് വർഷത്തെ തങ്ങളുടെ വിവാഹ ജീവിതത്തിൽ എന്തെങ്കിലും വാക്ക് തർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ ഈ തണുപ്പ് കൊണ്ട് മാത്രം ആയിരിക്കും. അധിക തണുപ്പ് തൻ്റെ ശരീരം താങ്ങാറില്ല, അവളാണെങ്കിൽ എയർ കണ്ടീഷൻ ഇല്ലാതെ കിടക്കുകയും ഇല്ല... പലപ്പോഴും തണുപ്പിനെ കുറിച്ച് പരാതിപ്പെടുമ്പോഴെല്ലാം അവൾ തൻ്റെ തല അവളുടെ മറോട് ചേർത്ത് പിടിച്ച് ചൂട് സൃഷ്ടിക്കും... അവൾ തൻ്റെ ജീവതത്തിൽ ഉണ്ടായ ഒരു ഭാഗ്യം ആണ്. കൂടുകാർക്കിടയിൽ അസൂയ ഉണ്ടാക്കുന്ന വിധം സൗന്ദര്യം അവൾക്കുണ്ട്.


 "നീ നിൻ്റെ സെക്രട്ടറിയെ വീണ്ടും മാറ്റിയോ?" മൂന്ന് വർഷം മുമ്പ് തൻ്റെ ഓഫീസിൽ നിന്ന് ഇറങ്ങി പോകുന്ന അവളെ നോക്കി റെജി ചോദിച്ചു. ഡിവൈഎസ്പി റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനാണ് അവൻ ഇന്ന്. രണ്ട് പെൺകുട്ടികളുടെ അച്ഛനും... കൂട്ടുകാരുടെ ഇടയിലെ ആദ്യ വിവാഹം ആയിരുന്നു അവൻ്റെത്... 


" മാറ്റി... ഇവൾകൊള്ളാം... സോഫിയ ഫ്രം കൽക്കട്ടാ..."


" മലയാളി അല്ലേ അപ്പോ"? അവൻ അത്ഭുതത്തോടെ ചോദിച്ചു.


" ഹാഫ് മലയാളി, അച്ഛൻ യുപിക്കാരൻ ആണ്... അവൾ മലയാളം സംസാരിക്കും നന്നായി ...ഫാമിലി ഹിമാചലിലെ മണാലിയിൽ ആണ്... അവിടെ ഹോട്ടൽ ബിസിനസ്സ് ആണെന്ന് പറയുന്നു." അവളുടെ ബയോഡാറ്റയിൽ അത്രയേ ഉണ്ടായിരുന്നുള്ളൂ. ഒരു പ്രൈവറ്റ് സെക്രട്ടറിയുടെ കുടുംബകാര്യങ്ങൾ കൂടുതൽ ചികയേണ്ട കാര്യം അന്ന് തനിക്ക് ഉണ്ടായിരുന്നില്ല.


" ഞാനിതാ മൂത്ത മകളുടെ കല്യാണ ആലോചന പറയാൻ വന്നതാ നിൻ്റെ അടുത്ത്... നീയിതാ മകളുടെ പ്രായത്തിൽ ഉള്ള കുട്ടികളെ മാറ്റി മാറ്റി എൻജോയ് ചെയ്യുന്നു... അതും ബാച്ചിലറായി ഇരുന്നുകൊണ്ട്." തൻ്റെ ശരീരിക അവസ്ഥയിൽ ഒരു വിവാഹം അത് വേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു അന്ന്.


" ഷി ഈസ് തേർട്ടി ഫൈവ് നിൻ്റെ മകളെക്കാളും പതിനഞ്ച് വയസ്സ് കൂടും." താൻ അന്ന് റെജിയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.


" അതായിക്കോട്ടെ നമുക്ക് നാല്പത്തി ആറ് കഴിഞ്ഞു ...അത് മറക്കാതെയുള്ള കളി മതി കേട്ടോ." റജി ഉറക്കെ ചിരിച്ചു. പിന്നീട് ആറ് മാസം കഴിഞ്ഞ് റെജി വീണ്ടും തൻ്റെ ഓഫീസിൽ വന്നപ്പോഴേക്കും കാര്യങ്ങൾ മാറി മറഞ്ഞിരുന്നു.


" മകളുടെ വിവാഹം ശരിയായി... ആദ്യത്തെ ക്ഷണം നിനക്ക് തന്നെ ഇരിക്കട്ടെ." അവൻ നീട്ടിയ ക്ഷണപത്രിക തുറക്കുന്നതിന് മുമ്പ് ഒരു ഔപചാരികതക്ക് വേണ്ടി പറഞ്ഞു, "കൺഗ്രാജുലേഷൻ."


" കൺഗ്രാജുലേഷൻ ഫോർ യുവർ മാരേജ് ടൂ..." റെജി പറഞ്ഞപ്പോൾ താൻ ചെറുതായി ഞെട്ടാതിരുന്നില്ല.


സോഫിയയുമായി ഒരു വിവാഹത്തിന് തെയ്യാറെടുത്ത് ഇരിക്കുകയായിരുന്നു ഞാൻ. പക്ഷെ അത് പുറത്താരും അറിഞ്ഞിരുന്നില്ല.


" പോലീസുകാർ എന്തും മണത്തറിയും," തൻ്റെ മുഖഭാവം കണ്ടിട്ടാവണം അവൻ കൂടുതൽ അറിയാനുള്ള ശ്രമം ആരംഭിച്ചത്. പക്ഷേ താൻ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല കാര്യങ്ങൾ...


" ഒരു ഭാഗ്യം അത്രയേ ഉള്ളൂ രവി... എൻ്റെ മകളുടേയും നിൻ്റെയും ക്ഷണപത്രിക ഒരേ സ്ഥലത്ത് അച്ചടിച്ചു അതു കൊണ്ട് ആദ്യം അറിഞ്ഞു എന്ന് മാത്രം," അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു...


" ആളെവിടെ...? എങ്ങനെ ഒപ്പിച്ചു?" ചുറ്റും നോക്കി റെജി തൻ്റെ മുഖത്തേക്ക് ശ്രദ്ധ തിരിച്ചു.


" അവൾ അമ്മയുടെ അടുത്ത് പോകാനുള്ള തയ്യാറെടുപ്പിൽ ആണ്... പോയി വന്നതിന് ശേഷം വിവാഹം. നിൻ്റെ അടുത്ത് ആദ്യം പറയാൻ തന്നെയായിരുന്നു തീരുമാനം ... പിന്നെ ഒരു ക്ഷണപത്രിക ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഷി ഇൻസിസ്റ്റ്ഡ് ... അതുകൊണ്ടാണ്. ഒരു പക്ഷേ രക്ഷിതാക്കളെ കാണിക്കാൻ ആയിരിക്കും." താൻ റെജിയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു. അവൻ കൂടുതൽ ഒന്നും ചോദിക്കാത്തതിനാൽ സംഭവത്തിന് ഒരു വിശദീകരണം നൽകേണ്ട ഉത്തരവദിത്വം, ഒരു ഉറ്റ സുഹൃത്തിനോട് പറയാൻ ഉള്ള ബാധ്യത, ഉള്ളത് കൊണ്ട് താൻ തുടർന്നു...


" ഷി ഈസ് ഗുഡ്... നല്ല പെരുമാറ്റം, ജോലിയിൽ സത്യസന്ധത ഉണ്ട്. എൻ്റെ കാര്യങ്ങൾ നന്നായി നോക്കുന്നുണ്ട്... അവളെ കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങിയിരുന്നു. അങ്ങിനെ ആണല്ലോ ഒരു ബന്ധം തുടങ്ങുക...? ഇത് വരെ ഇല്ലാത്ത ഒരു മാറ്റം അവൾ വന്നതിന് ശേഷം ഉണ്ടായിരുന്നു... തലക്കുണ്ടാകുന്ന സ്ഥിരം വേദനയും പിന്നെ പ്രതീക്ഷിക്കാതെ വരുന്ന അപസ്മാരവും ഉണ്ടാവുന്നില്ല. ഒരു നല്ല ശകുനമായി എനിക്ക് തോന്നി." 


 "എന്നിട്ട്?" റെജിക്ക് കൂടുതൽ അറിയണമായാരുന്നു.


" ഞാൻ സ്ഥിരം കാണിക്കുന്ന ഡോക്ടറോട് ചോദിച്ചു... "


"എന്ത്?"


" വിവാഹം കഴിഞ്ഞാൽ അപസ്മാര രോഗത്തിന് കുറവുണ്ടാകും എന്ന് പറയുന്നത് ശരിയാണോ എന്ന് ചോദിച്ചു... നാട്ട് വൈദ്യത്തിൽ പറയുന്നതാണെന്നും സൈൻ്റിഫിക്കായി പ്രൂവ് ചെയ്തിട്ടില്ലെന്നും ഡോക്ടർ 

പറഞ്ഞു... " സത്യത്തിൽ ഇത് പറയുമ്പോൾ റെജി കൂടുതൽ വിശദീകരണം ആവശ്യപ്പെടും എന്ന ബോധം തനിക്ക് ഉണ്ടായിരുന്നു.


" ഒരു പാർട്ണർ എന്നെ പോലെ ഉള്ള ആളുകൾക്ക് വയസ്സാകുമ്പോൾ വേണ്ടിവരും എന്ന ബോധം എനിക്ക് ഉള്ളത് കൊണ്ട് അവളോട് നേരിട്ട് ചോദിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ അതിന് മുമ്പ് ഒരു സംസാരത്തിനിടയിൽ അവൾ തന്നെ തൻ്റെ വിവാഹം കഴിക്കാത്തതിൻ്റെ കാരണം ചോദിച്ചു ... " ഇനി അവളോട് പറഞ്ഞ കാര്യം റെജിയേട് മാത്രമേ താൻ പങ്ക് വെച്ചിട്ടുള്ളൂ ഇത് വരെ.


"വിവാഹം വേണ്ടെന്ന് ഞാൻ വെച്ചിട്ടില്ല. എൻ്റെ ശരീരീക പ്രത്യേകൾ അറിഞ്ഞ് ... അത് ഉൾക്കൊള്ളുന്ന സെക്സ് മാത്രം സ്വീകരിക്കാൻ തയ്യാറായ ഒരു സ്ത്രീ ഉണ്ടെങ്കിൽ ഞാൻ തീർച്ചയായും അവരെ വിവാഹം കഴിക്കും." അവളുടെ മുഖത്ത് നോക്കി നിൽക്കുമ്പോൾ വന്ന മറുപടി താൻ ഒരു ശതമാനം പോലും പ്രതീക്ഷിച്ചിരുന്നില്ല.


" ഞാൻ തയ്യാറായാലോ... സർ?"


" എന്തിന് ...? യു ഡോണ്ട് ഹാവ് എനി നെഗറ്റീവ്സ്." തൻ്റെ മനസ്സ് പെട്ടെന്ന് തുറന്നു.


" മുബൈയിലും കൽക്കട്ടയിലും ആയിരുന്നു എൻ്റെ ജീവിതം ... ആയാം തേർട്ടി ഫൈവ് സ്റ്റിൽ നോട്ട് മാരീഡ്...ഹാവ് ലോട്ട് ഓഫ് നെഗറ്റീവ്സ് സർ." അവളുടെ ആ മറുപടിയാൽ കൂടുതൽ ആയി മുന്നോട്ട് പോകാൻ ഞാൻ സമ്മതിച്ചില്ല... വിവാഹ തീരുമാനവുമായി മുന്നോട് പോകുകയാണ് ചെയ്തത്.


വിവാഹത്തിന് ശേഷം ഇന്ന് വരെ തൻ്റെ ദാമ്പത്യം സംതൃപ്തം ആയിരുന്നു... ആദ്യ വിവാഹ വാർഷികത്തിലാണ് സോഫിയ ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടത്. അടുത്ത വിവാഹ വാർഷികം അവളുടെ അമ്മയോടൊപ്പം ഇവിടെ മണാലിയിൽ വേണമെന്ന്... തണുപ്പിൻ്റെ ഭയത്താൽ താൻ ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് വഴങ്ങി. അവളുടെ ആവശ്യം ന്യായം ആയിരുന്നു. വിവാഹ ദിവസം ആയിരുന്നു ആദ്യമായി ഞാനവളുടെ രക്ഷിതാക്കളെ കണ്ടത്, അതിന് ശേഷം ഇവിടെ മണാലിയിൽ വന്നതിന് ശേഷം.


 " ജൂൺ, ജൂലൈ മാസം മണാലിയിൽ ഓഫ് സീസൺ ആണ്... ഒക്ടോബർ മുതൽ ഫിബ്രവരി വരെയാണ് സീസൺ ... ജനുവരിയിൽ സീറോ ഡിഗ്രിക്ക് താഴെ വരെ തണുപ്പ് ഉണ്ടാകാറുണ്ട്." ട്രിപ്പ് പ്ലാൻ ചെയ്തതിന് ശേഷം അവൾ ഇടക്കിടക്ക് തന്നെ ഓർമ്മിപ്പിക്കും. ജൂലൈ പത്തിനായിരുന്നു ഞങ്ങളുടെ വിവാഹ വാർഷികം.


" സീസണെ ഓർമ്മിപ്പിക്കുന്ന ചില ദിവസങ്ങൾ ഇടക്കിടക്ക് മണാലിയിൽ ഉണ്ടാകാറുണ്ട്. നമുക്ക് പ്രതീക്ഷയോടെ ഇരിക്കാം." 2020 ജനുവരിയിൽ ആദ്യ കോൺഫറൻസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരിക്കൽ കൂടി ട്രിപ്പ് ഓർമ്മിപ്പിക്കാനായി അവൾ പറഞ്ഞു.


ഫ്ലയ്റ്റ് അല്ലെങ്കിൽ ട്രെയിൻ ആയിരുന്നു യാത്രക്കായി ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത്. പക്ഷേ എല്ലാം തകിടം മറച്ചു കൊണ്ട് 2020 മാർച്ച് 24ന് കോവിഡ്-19 പ്രതിരോധനത്തിന്റെ ഭാഗമായി ഇന്ത്യയിലുടനീളം ലോക്ക് ഡൗൺ നിലവിൽ വന്നു.


 വെറുതെ ഇരുന്ന് ശീലമില്ലാത്തത് കൊണ്ടാവാം സോഫിയ മാനസികമായി അസ്വസ്ഥയായ ദിവസങ്ങൾ ആയിരുന്നു അത്. തന്നെ സംബന്ധിച്ചിടത്തോളം വിവര സങ്കേതിക വിദ്യയുടെ പുതിയ തലങ്ങളിലേക്ക് കടന്നു കയറാൻ കിട്ടിയ ഫ്രീ ടൈമും ആയിരുന്നു.


അസ്വസ്ഥതകൾക്കിടയിലും അവൾ എൻ്റെ ആരോഗ്യം ശ്രദ്ധിച്ചു. രോഗം പടർന്ന് പിടിക്കുന്ന സാഹചര്യം വന്നപ്പോൾ വേലക്കാരിയെ ഒഴിവാക്കി സ്വന്തം ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി സോഫിയ. അവൾ നല്ലൊരു കുക്കാണെന്ന് അപ്പോഴാണ് തനിക്ക് മനസ്സിലായത്. ഓരോ ദിവസം തൻ്റെ പ്രശംസ പിടിച്ചു പറ്റുന്ന തരത്തിൽ വിഭവങ്ങൾ അവൾ ഉണ്ടാക്കി. പക്ഷേ ഇടക്കിടക്ക് ഉണ്ടാകുന്ന അവളുടെ അസ്വസ്ഥത ട്രിപ്പ് മുടങ്ങുമോ എന്ന വ്യാകുലത കൊണ്ടാണെന്ന് തനിക്ക് പല വട്ടം തോന്നിയിട്ടുണ്ട്... വ്യക്തമായി തന്നെ അതിശയിപ്പിക്കുന്ന ഒന്ന് മണാലിയിൽ ഒരുക്കിയിട്ടുണ്ടെന്ന് തൻ്റെ മനസ്സ് പറഞ്ഞു... ലോക്ക് ഡൗൺ ഏപ്രിലും കടന്ന് മെയ് മാസത്തിലേക്ക് നീക്കിയപ്പോൾ ട്രിപ്പ് എന്ന ആശയം താൻ ഏതാണ്ട് ഉപേക്ഷിച്ചിരുന്നു. മനസ്സിൽ ചെറിയ ഒരു ഭാരക്കുറവ് ഉണ്ടായി എന്നത് സത്യമാണ്...


 പക്ഷേ ഒരു ദിവസം വൈകിട്ട് സോഫിയ തൻ്റെ അസ്വസ്ഥത അടക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തി. ഔട്ട് ഹൗസിൽ താമസിക്കുന്ന തൻ്റെ ഹിന്ദിക്കാരൻ ഡ്രൈവറുടെ നേരെ കയർത്തുകൊണ്ടാണ് അവൾ തുടക്കമിട്ടത്. സ്ഥിരം ഒരു ഡ്രൈവർ ഇല്ലാതിരുന്ന എനിക്ക് അവൾ തന്നെ തേടി പിടിച്ച് കൊണ്ട് വന്ന ആൾ ആയിരുന്നു ആ ഡ്രൈവർ. ഏതാണ്ട് എല്ലാ വാഹനങ്ങളും ഓടിക്കാൻ കഴിവുള്ള ആൾ എന്നാണയാളെ അവൾ വിശേഷിപ്പിച്ചത്. 


 ജൂണോട് കൂടി ലോക്ക് ഡൗൺ പിൻവലിക്കാൻ ഉള്ള തീരുമാനം ഉണ്ടാകുമെന്ന് ഒരു മുൻകൂട്ടി അറിയിപ്പ് വന്നതോടെ താൻ സോഫിയക്ക് ഒരു സർപ്രസ് കൊടുക്കാൻ തീരുമാനിച്ചു. ഫ്ലയ്റ്റും ട്രെയിനും ഓടി തുടങ്ങാത്തത് കൊണ്ട് ഒരു കാരവാൻ യാത്രക്ക് ഞാൻ തയ്യാറെടുത്തു. അതിനെന്നെ സഹായിച്ചത് റെജി തന്നെ ആയിരുന്നു.


" ഒരു മൂന്ന് ദിവസ യാത്ര വേണ്ടി വരും മണാലിക്ക് ... ജൂലൈ മാസം ആയത് കൊണ്ട് മഴ പ്രതീക്ഷിക്കാം പിന്നെ കോവിഡ് മൂലം യാത്ര ചെയ്യുന്ന സ്ഥലം കൺഡെയിൻമെൻ്റ് സോൺ ആവാം... യാത്ര തുടരാൻ കഴിയാതെ വരാം .. എന്തായാലും സോഫിയക്ക് വേണ്ടി അല്ലേ...? നീ തയ്യാറായി ഇരുന്നോളൂ, ബാക്കി ഞാൻ നോക്കി കൊള്ളാം." റെജിയുടെ വാക്കുകളിൽ തടസ്സങ്ങൾ ഉണ്ടാവില്ല എന്ന ഉറപ്പ് ഇല്ലങ്കിലും ഒരു യാത്രയുടെ സുഖം ഉണ്ടായിരുന്നു.


 ജൂലൈ ഒന്നിന് തന്നെ പുതിയ കോവിഡ് നിയമപ്രകാരം മറ്റ് സംസ്ഥാനങ്ങളിലൂടെ കടന്ന് പോകേണ്ട രജിസ്ട്രേഷൻ താൻ നടത്തി. ട്രിപ്പ് ആറാം തിയ്യതി വൈകിട്ട് റോഡ് വഴി ആരംഭിക്കും എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്തെ സന്തോഷം കാണണമായിരുന്നു. യാത്രയിൽ മണാലിയിൽ എത്തുന്നത് വരെ വാതോരാതെ അവൾ സംസാരിച്ച് കൊണ്ടിരുന്നു... പലതും അവളുടെ ജീവിത അനുഭവങ്ങൾ തന്നെ ആയിരുന്നു... താൻ ഇത് വരെ അറിയാത്ത അവളുടെ നെഗറ്റീവ് സൈഡ് എന്നെ അറിയിക്കുക എന്ന ഉദ്ദേശം ഈ യാത്രയിൽ അവൾക്ക് ഉണ്ടായിരുന്നതായി തോന്നി... യാത്രയിൽ കാരവാനിൽ ആകെ ഉണ്ടായിരുന്നത് താനും അവളും പിന്നെ വാൻ ഓടിക്കാൻ അവൾ നിയമിച്ച ആ ഹിന്ദിക്കാരൻ ഡൈവറും മാത്രം ആയിരുന്നു.


കൃത്യം മൂന്ന് ദിവസം കൊണ്ട് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഇല്ലാതെ മണാലിയിൽ എത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. അവളുടെ രക്ഷിതാക്കളെ കണ്ടതിന് ശേഷം മണാലിയിലെ ഒരു ഹോട്ടലിൽ ഞങ്ങൾ താമസമാക്കി... ഹോട്ടലും മറ്റ് യാത്രകൾക്കുള്ള ചാർട്ടുകളും അവൾ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. രാത്രി മുഴുവനും അവളുടെ മാറിലെ ചൂടേറ്റ് ഞാൻ കിടന്നു... എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല...


'' രവി... ഹാപ്പി വെഡ്ഡിങ്ങ് ആനിവേഴ്സറി... " ഒരു നീണ്ട ചുംബനം ഞങ്ങൾക്കിടയിൽ ഉണ്ടായി. " വെക്ക് അപ്പ് മാൻ ഇറ്റ്സ് സ്നോ ഫാൾ ഇൻ മണാലി... ഞാൻ പറഞ്ഞില്ലേ മഴ സീസൺ തുടങ്ങാറായെങ്കിലും ചില ദിവസങ്ങൾ സീസണെ ഓർമ്മിപ്പിക്കും എന്ന്." അവൾ എൻ്റെ കൈ പിടിച്ച് വലിച്ചു.


" കാൺട് വാക്ക് ഇൻ സ്നോ മൈ യങ്ങ് ലേഡി." താൻ ഒരിക്കൽ കൂടി തൻ്റെ അവസ്ഥ അവളെ ഓർമ്മപ്പെടുത്തി.


" ഇറ്റ് ഈസ് അറെയ്ഞ്ച്ഡ് മൈ ഡിയർ ... സ്നോവിൽ ഒരാളെ ഇരുത്തി തള്ളികൊണ്ട് പോകുന്ന സജ്ജീകരണം ഉണ്ട് .. ആൻഡ് അയാം ഗോയിങ്ങ് ടു പുഷ് യു ടുഡേ ഡിയർ." അവൾ തൻ്റെ അടുത്ത് ചേർന്ന് നിന്നു. 


"നമ്മൾ എവിടേക്കാണ് പോകുന്നത് ?"


"റോട്ടാങ്ങ് പാസ്സ്... മണാലിയിലെ സെകെയിറ്റേഴ്സിൻ്റെ പറുദീസയാണിത്". തങ്ങളുടെ കാരവാൻ ദൂരയാത്ര കഴിഞ്ഞ് ഒരു സർവ്വീസിനായി ഡ്രൈവർ കൊണ്ട് പോയിരുക്കുക ആയതിനാൽ മറ്റൊരു കാറിലാണ് ഞങ്ങൾ റോട്ടാങ്ങ് പാസ്സിൽ എത്തിയത്.


സ്കെയിറ്റ് ചെയ്യാവുന്ന ഒരു സീറ്റിൽ തന്നെ ഇരുത്തി മഞ്ഞിലൂടെ തന്നെ തള്ളികൊണ്ട് അവൾ പോകുമ്പോൾ മുന്നിലെ മലനിരകളുടെ ദൃശ്യങ്ങൾ ഇത്രയും മനോഹരമായി തോന്നിയത് അവളുടെ സാമീപ്യം കൊണ്ടാവാം. തണുപ്പിനെ പ്രതിരോധിക്കുന്ന ഡ്രെസ്സുകൾ മതിയായ ചൂട് തനിക്ക് നൽകുന്നുണ്ടായിരുന്നു. 


 ഓഫ് സീസൺ ആയതു കൊണ്ടും കോവിഡ് രോഗത്തിൻ്റെ ഭീതി നിലനിൽക്കുന്നതു കൊണ്ടും തിരക്ക് കുറവായിരുന്നു. ആളുകൾ ഇല്ല എന്ന് തന്നെ പറയാം... എല്ലാവരും പരസ്പരം തിരിച്ചറിയാത്ത വിധത്തിൽ മാസ്ക് ധരിച്ചിരിക്കുന്നു. തന്നെ തള്ളി നീക്കി അവൾ മുന്നോട്ട് പോയി, നിർത്താതെ സംസാരിച്ച് കൊണ്ട്. ഒരു പക്ഷേ ഈ സ്ഥലത്ത് നിരവധി തവണ അവൾ വന്നിട്ടുണ്ടാവും. ഒരു താഴ് വരയിൽ ഒരു പൈൻ മരത്തിനടയിൽ അവൾ നിർത്തി. ദൂരെയുള്ള മലകളുടെ കാഴ്ച അത് മനോഹരം ആയിരുന്നു.


പെട്ടെന്നാണ് കഴിഞ്ഞ രണ്ടര കൊല്ലം ഇല്ലാതിരുന്ന ആ അസ്വസ്ഥത തന്നെ ബാധിച്ചത്... അപസ്മാരത്തിൻ്റെ തുടക്കം അറിയാൻ ഒരു മൂന്ന് സെക്കൻ്റെ മാത്രമേ നമുക്ക് ലഭിക്കൂ, അതിന് മുമ്പ് തലച്ചോറും ശരീരവും ആയുള്ള ബന്ധം വേർപ്പെട്ടിരിക്കും... പിന്നെ വിറയലും കണ്ണിൽ ഇരുട്ട് കയറലും മാത്രം... തല പിൻഭാഗത്ത് വല്ലാതെ വേദനിക്കുന്നു... തണുപ്പ്... അവൾ എവിടെ...? ഒന്ന് കണ്ണ് തുറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... സോഫിയാ... നമ്മൾ എത്തിയത് റെജിയെ വിളിച്ച് പറയാൻ മറന്നു എന്ന് പറയണം എന്നുണ്ട്... തണുപ്പ് തന്നെ വല്ലാതെ ബാധിച്ചിരിക്കുന്നു...


ശരീരം ക്ഷീണിച്ച് കുഴഞ്ഞ് ഇല്ലാതായി...


(തുടരും)


(കഥ അല്പം നീളം കൂടിയത് കൊണ്ട് 8 ഭാഗങ്ങൾ ആയി വിടുന്നു... അഭിപ്രായം പറയുക)


Rate this content
Log in

Similar malayalam story from Romance