Harikrishnan K

Drama Romance

4.2  

Harikrishnan K

Drama Romance

മധുരം ജീവാമൃതം

മധുരം ജീവാമൃതം

15 mins
415


     1985. കോരിച്ചൊരിയുന്ന മഴയത്ത് ഒരു അമ്മ തൻ്റെ മൂന്നു വയസ്സുകാരൻ കുഞ്ഞുമായി നനഞ്ഞു കുളിച്ചു വരുന്നു. ലക്ഷ്യം അടുത്തുള്ള അനാഥാലയം ആണ്. ആ മഴയിൽ കുഞ്ഞിനെ അനാഥാലയത്തിൻ്റെ മാനേജരെ ഏൽപ്പിച്ച് അവർ മടങ്ങി. കുഞ്ഞിന്റെ കയ്യിൽ എന്തോ ഒന്ന് നൽകുകയും ചെയ്തു.

    2021. കൊച്ചിയിലെ ഒരു കൊച്ചു വീട്. അമ്മയും അച്ഛനും അമ്മൂമ്മയും പിന്നെ പാറുവും. പാർവ്വതി. 25 വയസ്. ഏതാനും വർഷങ്ങളായി അവൾ പി. എസ്. സിക്ക് തയ്യാറെടുക്കുന്നു. വലിയ പ്രതീക്ഷ ഒന്നുമില്ല. പക്ഷേ അത്ഭുതം പോലെ അവൾക്ക് ഒരു ജോലി കിട്ടി. അടുത്തുള്ള സ്കൂളിൽ ടീച്ചർ ആയി. കുട്ടികളുടെ കഷ്ടകാലം, അല്ലാതെ എന്ത്. ഇന്ന് ജോയിൻ ചെയ്യണം. ഇതുവരെ ഉറക്കം എണീറ്റിട്ടില്ല. ഒടുവിൽ അമ്മ കുത്തിപൊക്കി വിട്ടു. കുറച്ച് മടിയാണ്, പക്ഷേ പാറു പാവം ആണ്.

    ആദ്യ ദിവസം തന്നെ അൽപം താമസിച്ചു. നാട് മൊത്തം ചുറ്റിക്കറങ്ങി ആണ് അവൾ വന്നത്. പിന്നെ താമസിക്കില്ലെ. എങ്കിലും വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല. പാറു നല്ല കോൺഫിഡൻ്റ് ഒക്കെയാ. ആദ്യ ദിവസം തന്നെ സ്കൂളുമായും കുട്ടികളുമായും പാറു നല്ല അടുപ്പത്തിലായി. എത്ര വർഷത്തെ കാത്തിരിപ്പ് ആണ്, ഈ ജോലി. ജോലി ഒക്കെ ആയതോടെ വീട്ടിൽ കല്യാണാലോചന തുടങ്ങി. അച്ഛൻ്റെ നേതൃത്വം. വീട്ടിൽ ബ്രോക്കർമാരുടെ ചാകര. പാറുവിന് വലിയ താല്പര്യം ഒന്നും ഇല്ല. പക്ഷേ അച്ഛൻ....... അച്ഛൻ്റെ പൊന്നുമോൾ ആണ് അവൾ. ഭാഗ്യവശാൽ എന്ന് പറയട്ടെ, ഒരാലോചനയും കാര്യമായി ഒത്ത് വന്നില്ല. പാറു ഹാപ്പി. പക്ഷേ പ്രക്രിയ തുടർന്നു. പക്ഷേ സ്കൂളും കുട്ടികളും ഒക്കെ ആയി പാറു ഹാപ്പി. കാരണം എന്തെന്ന് അറിയില്ല, പാറുവിന് എപ്പോഴും ഒരു ഹാപ്പി മൂഡ് ആണ് ഇഷ്ടം. മനുഷ്യൻ അല്ലെ, കാരണത്തിന് ആണോ ക്ഷാമം.

   പാറുവിൻ്റെ സ്കൂളിൽ ഒരു കാൻ്റീൻ തുടങ്ങാൻ പ്ലാൻ ഉണ്ടായിരുന്നു. പക്ഷേ പറ്റിയ ഒരു ആളെ കിട്ടാൻ ഇല്ല എന്നതായിരുന്നു പ്രധാന പ്രശ്നം. സ്കൂൾ അല്ലെ, സുരക്ഷ വേണം. ആ കാര്യം പ്രിൻസിപ്പൽ പാറുവിനെ ഏൽപ്പിച്ചു. മടിയോടെ ആണെങ്കിലും പാറു അത് ഏറ്റെടുത്തു. എന്നാൽ വലിയ മാറ്റം ഒന്നും ഇതുവരെ ഉണ്ടായില്ല. കാൻ്റീൻ ത്രിശങ്കുവിൽ തന്നെ. ജീവിതത്തിന്റെ തീവണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. കല്യാണാലോചന ഒരു വഴിക്ക്, സ്കൂൾ കാര്യങ്ങൾ വേറെ, നാട്ടിലേത് വേറേ. പക്ഷേ പാറുവിൻ്റെ ജീവിതം മധുരകരമായി തുടർന്നുകൊണ്ടേയിരുന്നു.

    അങ്ങനെയിരിക്കെ ആണ് സ്കൂളിൽ നിന്നും ടൂർ പോകുന്നത്. സ്വാഭാവികമായും പാറുവും പങ്കാളിയാണ്. വണ്ടർലാ, ലുലു മാൾ എന്നിവയാണ് ലക്ഷ്യസ്ഥാനങ്ങൾ. കൊച്ചി ബിനാലെ നടക്കുന്ന സമയം ആയിരുന്നു. ഒപ്പം അവിടെയും കയറാൻ തീരുമാനിച്ചു. വളരെ ആഘോഷമായി എല്ലാവരും പോയി. ടൂർ നല്ലത് പോലെ ആസ്വദിച്ചു, പാറുവും. ഒടുവിൽ അവസാന സ്ഥലം എത്തി, കൊച്ചി ബിനാലെ. ജീവിതത്തിലെ ചിലപ്പോൾ ഏറ്റവും ചെറിയ സംഭവങ്ങൾ ആയിരിക്കും ഒരു Turning point. അത് ശരിയാണ്.

    പാറുവിൻ്റെ കയ്യിൽ ചെറിയ ഒരു ചുവന്ന ബാഗ് ഉണ്ടായിരുന്നു. പെട്ടെന്നാണ് ഒരാൾ ആ ബാഗ് പിടിച്ചു വാങ്ങിയത്. ഒരു ഫ്രീക്കൻ. ആരാണ് അയാൾ. ദി ലെജൻഡ്," ഡിങ്കൻ സാബു". 


ഇതുവരെ പാറുവിൻ്റെ മാത്രം കാര്യമാ പറഞ്ഞത്. പക്ഷേ ഈ ഭൂമിയിൽ മറ്റ് മനുഷ്യരും ഉണ്ട്. ഇനി അവരുടെ കഥയാണ്, "ഡിങ്കന്റെയും" കൂട്ടുകാരൻ്റേയും കഥ.

  

സേതുമാധവനും സാബു ജോർജും. കോളേജ് മുതലുള്ള കൂട്ടുകാർ. കോളേജിൽ ചേർന്നപ്പോൾ തന്നെ സേതുവിന് കിട്ടിയ സുഹൃത്ത്. അതോടെ അവരുടെ പഠനം ഗോവിന്ദ. പിന്നീട് അവർ ഒരുമിച്ചായി. ഇരുവർക്കും ബന്ധുക്കൾ ഒന്നും ഇല്ല. ഒരു സുഹൃത്തിന്റെ കൊച്ചുവീട്ടിൽ ആണ് അവരുടെ താമസം. കാര്യമായ പണി ഒന്നും ഇല്ല. സാബുവിനെ നാട്ടിൽ മൊത്തത്തിൽ "ഡിങ്കൻ" എന്നാണ് അറിയപ്പെടുന്നത്. എല്ലാ കാര്യത്തിനും ചാടി നടക്കും അതുകൊണ്ടാണ് ആ പേര് കിട്ടിയത്. നാട്ടിൽ ചെറിയ ഒരു അടിപിടി. അതിൽ നിന്നും രക്ഷപ്പെടാൻ ബിനാലെ കാണാൻ കൊണ്ടുപോയി ഡിങ്കൻ. കലികാലം! സാബുവിന്റെ ചുവന്ന ബാഗ് അവിടെ വെച്ച് ആരോ അടിച്ചോണ്ട് പോയി. അതെന്ന് തെറ്റിത്തരിച്ച് പാറുവിൻ്റെ ബാഗ് പിടിച്ചു വാങ്ങി. അതിന് സാബുവിന് കിട്ടി , പാറുവിൻ്റെ കൈ കൊണ്ട് ചെള്ളയ്ക്ക്. പാവം... 

   ബാഗിൻ്റെ പേരിൽ പാറുവും സാബുവും തമ്മിൽ വലിയ തർക്കം ഉണ്ടായി. പക്ഷേ അത് തൻ്റെ ബാഗ് അല്ലെന്ന് സേതുവിന് മനസ്സിലായി. അവൻ സാബുവിനോട് കാര്യം പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. സ്കൂട്ടായി. പാറുവിനോടാ കളി...

   ഇതിന്റെ പേരിൽ അവർ തമ്മിലും വഴക്ക് ഉണ്ടായി. മര്യാദയ്ക്ക് വീട്ടിൽ ഇരുന്ന സേതുവിനേയും കൊണ്ട് കൊച്ചിയിൽ വന്ന് പ്രശ്നം ഉണ്ടാക്കുക. എല്ലാം സാബുവിന്റെ ലീലകൾ. കൂട്ടുകാർ തമ്മിലുള്ള പ്രശ്നം അധികനേരം നിൽക്കില്ലല്ലോ.


   അങ്ങനെ ഇരിക്കുമ്പോഴാണ് പാറുവിന് ഒരു കല്യാണാലോചന വന്നത്. അത് ഒരു സ്ഥിരം കലാപരിപാടി ആണല്ലോ. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പ്രകടനം എന്ന പോലെ ആയി കാര്യങ്ങൾ. വരൻ നമ്മുടെ സ്വന്തം ഡിങ്കൻ സാബു. ബാക്കി പറയേണ്ട കാര്യം ഇല്ലല്ലോ. സ്കൂട്ടായി. വീട്ടുകാർക്ക് ഒന്നും മനസിലായില്ല. ആ ചരിത്രം പിന്നീട് പാറു തന്നെ വിവരിച്ചു. അവർക്ക് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ.

     പക്ഷേ പാറു എല്ലാം കൊണ്ടും ഹാപ്പി ആണ്. പക്ഷേ വിധി എന്നൊരു സാധനം ഉണ്ടല്ലൊ. സ്കൂൾ കാൻ്റീൻ പ്രവർത്തനം ആരംഭിച്ചു. ഒരു ചായ കുടിക്കാം എന്ന് കരുതി പാറുവും കൂട്ടുകാരും കയറി. അപ്പോൾ ദാ മുന്നിൽ നിൽക്കുന്നു , സേതു. കാൻ്റീൻ നടത്തുന്നത് ഡിങ്കൻ സാബു. ശുഭം. 

    പക്ഷേ സേതുവിന് പാറുവിനോട് എന്തോ ചെറിയ ഒരു അടുപ്പം. അവൻ അവളുമായി ഒന്ന് പരിചയപ്പെടാൻ ശ്രമിച്ചു. പേര്, മറ്റ് വിവരങ്ങൾ എന്നിവ നയത്തിൽ ചോദിച്ചറിഞ്ഞു. ഒപ്പം, പാറു നല്ല ബോൾഡ് ആണ്, അന്ന് കൊടുത്ത അടി സാബുവിന് ആവശ്യം ആയിരുന്നു എന്നൊക്കെ ഒരു പഞ്ചാരയും . ഒടുവിൽ സേതു ഇങ്ങനെ പറഞ്ഞു," ബോൾഡ് ആയിട്ടുള്ള പെൺകുട്ടികളെ എനിക്ക് ഇഷ്ടമാണ്." പാറു ഒരു നിമിഷം നിന്നു. ശേഷം തിരിഞ്ഞ് ഒരു ചോദ്യം," ഞാൻ പൊട്ടി ആണെന്ന് കരുതിയോ?" 

" ഏയ്...."

അവൾ മെല്ലെ തിരിഞ്ഞു നടന്നു. സേതുവിന് അവളോട് ഒരു പ്രണയം തോന്നി. സേതു സാബുവിന്റെ അടുത്ത് എത്തി. കലികാലം, സാബുവിനും ഇതേ മോഹം. സേതു പറഞ്ഞു," അവളെ ഇനി നോക്കണ്ട . ഞാൻ വീഴ്ത്തി." മറുപടിക്ക് വകയുണ്ടോ?.

   സേതു വളരെ മികച്ച രീതിയിൽ പാറുവിനെ വളയ്ക്കാൻ ശ്രമിച്ചു. പക്ഷേ അവൾ ഇലയ്ക്കും മുള്ളിനും അടുക്കുന്നില്ല. വിട്ട് കളയാൻ പറ്റുമോ... ഏയ് ഒരിക്കലും ഇല്ല. അവളെ ഒന്ന് impress ചെയ്യണം. അവസരത്തിനായി അവൻ കാത്ത് നിന്നു.

   ആ സ്കൂളിലെ തന്നെ മികച്ച വിദ്യാർത്ഥി ആയിരുന്നു കൃഷ്ണ. സ്കൂളിൻറെ മുഴുവൻ വിജയപ്രതീക്ഷ അവളിൽ ആയിരുന്നു. പഠിക്കാൻ മിടുക്കി. പക്ഷേ ആ കുട്ടിയുടെ വീട്ടിലെ സാഹചര്യങ്ങൾ അത്ര നല്ലതല്ലായിരുന്നു. അച്ഛൻ , സുന്ദർ, പലിശക്കാരനും ചെറിയ രീതിയിൽ ക്വട്ടേഷൻ പരിപാടികൾ ഒക്കെ ഉണ്ടായിരുന്നു. ആ കുട്ടിയെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം ചെയ്യിക്കാൻ ആയിരുന്നു അവരുടെ പ്ലാൻ. പഠനം നിർത്തിക്കാൻ തീരുമാനിച്ചു. സ്കൂൾ മാനേജ്മെന്റിനും അധ്യാപകർക്കും അവരെ എതിർത്തു നിൽക്കാൻ പോലും കഴിയില്ല. കഴിവുള്ള കുട്ടി. നാളെയുടെ സമ്പത്ത്. കുട്ടി മാത്രം വിചാരിച്ചതു കൊണ്ട് കാര്യം ഇല്ലല്ലോ. 

    അങ്ങനെ ഒരു ദിവസം കൃഷ്ണ വീട്ടിൽ അറിയാതെ സ്കൂളിൽ എത്തി. ക്ലാസിൽ ഇരുന്ന് പഠിച്ചു. ആശ്വസിച്ചു. പക്ഷേ പിന്നാലെ എത്തി അസുരപ്പട. സ്കൂൾ മൊത്തത്തിൽ ഒന്ന് ഞെട്ടി. സരസ്വതി ക്ഷേത്രത്തിൽ ഗുണ്ടാ വിളയാട്ടം.....? പാവം ആ കുട്ടിയെ ക്ലാസിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുവന്നു. ആർക്ക് സാധിക്കും എതിർക്കാൻ. എന്ത് ചെയ്യാൻ. 

  ആരും രക്ഷിക്കാൻ ഇല്ലാത്തവർക്ക് ദൈവം തുണ. ഒരു രക്ഷകൻ എത്തി. സേതു. അവൻ കുട്ടിയുടെ അച്ഛനോട് സൗമ്യമായി കുറച്ച് കാര്യങ്ങൾ പറഞ്ഞു. വിദ്യാഭ്യാസം ഒരു വരം ആണ്. ദൈവം കനിഞ്ഞു നൽകിയ വരദാനം. അത് നേടുക തന്നെ വലിയ ഭാഗ്യം ആണ്. അത് നിഷേധിക്കരുത്. അതുവഴി നാളത്തെ ഒരു സമ്പത്താണ് ഇല്ലാതാക്കുന്നത്. 

  പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് എന്ത് കാര്യം. അയാൾ അതൊന്നും കൂട്ടാക്കിയില്ല. പെട്ടെന്ന് സേതു അയാളുടെ കൂട്ടത്തിലെ ഒരാളെ അടിച്ചു വീഴ്ത്തി. മറ്റുള്ളവർ പാഞ്ഞു വന്നു. പക്ഷേ കുട്ടിയുടെ അച്ഛൻ തടഞ്ഞു. ചുറ്റും ആയിരം പേർ ഉണ്ട്. ഒരു ശക്തനായ നേതാവ് ഉണ്ടെങ്കിൽ അണികൾ ഉണരും. അത് അയാൾക്ക് അറിയാം. കുട്ടിയെ വിടുക മാത്രമേ അയാൾക്ക് കഴിയു. ആദ്യമായി അയാൾ തോറ്റു. ആ മുഖം മനസ്സിൽ പതിഞ്ഞു. പക്ഷേ സ്കൂളിൽ മൊത്തത്തിൽ സേതു സ്റ്റാർ ആയി. കൃഷ്ണക്ക് രക്ഷകനായി. സ്കൂളിന് ആശ്വാസം ആയി. പാറുവിനും സേതു ചെറിയ രീതിയിൽ സ്റ്റാർ ആയി.

   അങ്ങനെ ഒടുവിൽ പാറു സേതുവിനോട് ഇങ്ങോട്ട് സംസാരിച്ചു. ഒരു സൗഹൃദം സ്ഥാപിച്ചു. പാറു ഒരു കാര്യം അവനോട് ചോദിച്ചു. ആരും എതിർക്കാത്ത ആ ഗുണ്ടകളെ എതിർക്കാൻ കാരണം എന്താ? കാരണം ഉണ്ട്. പഠിക്കാൻ അവസരം ഉണ്ടായിട്ടും, സാഹചര്യം ഉണ്ടായിട്ടും, അത് മുതലാക്കാൻ കഴിയാതെ , പാഴാക്കി കളഞ്ഞ ഒരാൾ ആണ് സേതു. അതിന്റെ കുറ്റബോധം അവന് ഉണ്ട്. സങ്കടം ഉണ്ട്. അത് കാരണം നല്ല ഒരു ജോലിയില്ല, ശമ്പളമില്ല. നല്ലൊരു ജോലിക്കായി ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷേ.......... നഗരത്തിലെ ഏറ്റവും വലിയ കമ്പനിയാണ് കല്യാൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്. അവിടെ ഒരു ജോലി ആണ് അവൻ്റെ ലക്ഷ്യം. പക്ഷേ ആ കമ്പനിയുടെ പടിക്കൽ വരെ എത്താനെ അവന് കഴിഞ്ഞിട്ടുള്ള. പാറു പിന്നീട് അവനോട് കൂടുതൽ ഒന്നും തന്നെ ചോദിച്ചിട്ടില്ല. അവൾക്ക് അവനെ നല്ല രീതിയിൽ ഇഷ്ടപ്പെട്ടു. പക്ഷേ അവർ അത് പറയാതെ പറഞ്ഞു. 

    പതിയെ പതിയെ അവരുടെ ബന്ധം വളർന്നു, ദൃഢമായി. സേതു കാൻ്റീനിൽ നിന്നും ഒരു ബേക്കറി ജോലിയിലേക്ക് പ്രവേശിച്ചു. അങ്ങനെ സ്കൂളിൽ ഒരു ജോലി ഒഴിവ് വന്നു. ഒപ്പം ഒരു ക്ലീനർ ഒഴിവും. 

   ഒടുവിൽ അത് സംഭവിച്ചു. എല്ലാ ലൗ സ്റ്റോറിയിലും നടക്കണെ തന്നെ. വീട്ടിൽ പൊക്കി. ആദ്യം പറയാൻ അവൾക്ക് ഒരു മടി. പക്ഷേ അച്ഛൻ എതിർക്കില്ല എന്ന് ഉറപ്പായിരുന്നു. അങ്ങനെ കാര്യങ്ങൾ അവതരിപ്പിച്ചു. വീട്ടിൽ ആരും എതിർത്തത് ഒന്നുമില്ല. ആ ഞായറാഴ്ച സേതുവിനോട് വീട്ടിലേക്ക് വരാൻ അച്ഛൻ ആവശ്യപ്പെട്ടു. പാറുവിന് ചെറിയ ഒരു സന്തോഷം തോന്നി. അച്ഛനെ അവൾക്ക് അറിയാം. അവളുടെ ഒരു കാര്യത്തിനും അച്ഛൻ എതിർത്തിട്ടില്ല, ഇതുവരെ. അച്ഛൻ്റെ പൊന്നുമോൾ തന്നെ. തിരിച്ചും.

   അങ്ങനെ ഞായറാഴ്ച എത്തി. സേതു 10 മണിയായപ്പോൾ വീട്ടിൽ എത്തി. പൊതുവേ ആള് പാവം ആണ്. അച്ഛനോടും അമ്മയോടും അമ്മൂമ്മയോടും വളരെ ബഹുമാനത്തോടെ അവൻ പെരുമാറി. ആദ്യ കാഴ്ചയിൽ തന്നെ അവർക്ക് സേതുവിനേ ഇഷ്ടം ആയി. പക്ഷേ അച്ഛൻ അത് പുറത്തു കാണിച്ചില്ല. പാർവ്വതി ചായയും ആയി വന്നു. അച്ഛൻ അവനോടു കുശലങ്ങൾ പറഞ്ഞു. ജോലിയും കാര്യങ്ങളും ഒക്കെ തിരക്കി. അച്ഛന് ജോലി ഒരു പ്രശ്നമല്ല. കുടുംബം ആണ് പ്രധാനം. സേതുവിന്റെ കുടുംബത്തെ പറ്റി തിരക്കി. അവൻ്റെ അച്ഛൻ അവൻ്റെ രണ്ടാം വയസ്സിൽ മരിച്ചു. 

" അമ്മയോ" അദ്ദേഹം ചോദിച്ചു.

സേതുവിന്റെ മുഖം വിളറി. മുഖത്ത് വിവരിക്കാനാകാത്ത ഒരു ഭാവം. ഹൃദയമിടിപ്പ് കൂടി. പാറു സംശയത്തോടെ അവനെ നോക്കി. അവൾ കുടുംബത്തെ പറ്റി ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല. അവൻ മൗനമായി ഇരുന്നു.

അച്ഛൻ വീണ്ടും ചോദിച്ചു. 

"അമ്മയും ഇല്ല "ഒരു പ്രത്യേക സൗരത്തിൽ പറഞ്ഞു. മറ്റ് ബന്ധുക്കൾ ആരും ഇല്ല. 

" സ്വന്തമെന്നു പറയാൻ ആരും ഇല്ലാത്ത ഒരാൾക്ക് എങ്ങനെ എൻറെ മകളെ കെട്ടിച്ചു തരും" ഒരു പിതാവിന്റെ സ്വാഭാവികമായ ചോദ്യം. സേതുവിന് ഉത്തരം ഇല്ല. അവൻ ഒന്നും പറയാതെ ഇറങ്ങി പോയി. പാറു വല്ലാത്തൊരു അവസ്ഥയിലായി. അവനെ വിളിച്ചു. പക്ഷേ.....

ഈ കല്യാണം അച്ഛൻ നടത്തില്ല എന്ന് അവൾക്ക് ബോധ്യമായി. അവൾ ഒന്നും പറയാതെ മുറിക്കുള്ളിൽ കയറി പോയി. പല തവണ വിളിച്ചിട്ടും സേതു ഫോൺ എടുത്തില്ല. ഒടുവിൽ വീട്ടിൽ അറിയാതെ, വീട്ടിൽ എതിർപ്പ് ആണ്, പാർവതി സേതുവിനെ കാണാൻ പോയി. അവൻ ഒന്നും പറഞ്ഞില്ല. അവൻ്റെ മനസ്സിന് മുറിവേറ്റു എന്നവൾക്ക് മനസിലായി. അവൾ അൽപം മടിച്ച് ആണെങ്കിലും അവൻ്റെ കുടുംബത്തെ പറ്റി തിരക്കി. 

  നീണ്ട മൗനത്തിനു ശേഷം അവൻ ഭൂതകാല ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങി. 

    ഇടുക്കിയിലെ ഒരു മലയോര മേഖലയിൽ ആണ് സേതു ജനിച്ചത്. അച്ഛൻ നാരായണൻ അവന് രണ്ട് വയസ്സ് ഉള്ളപ്പോൾ മരിച്ചു പോയി. അമ്മ ശ്രീദേവി. ആ മുഖം അവൻ്റെ മനസ്സിൽ പോലും ഇല്ല. നാലാം വയസ്സിൽ അവനെ എറണാകുളത്തെ ഒരു അനാഥാലയത്തിൽ ആക്കി അവർ പോയി. എന്തിനോ........ പിന്നീട് അവനെ വളർത്തിയത് അവിടെയുള്ളവർ ആണ് , പ്രത്യേകിച്ച് മാസ്റ്റർ, ഗോപി മാഷ്. വളർന്നു, പക്വത ആയപ്പോൾ ഇറങ്ങി. പിന്നെ ജീവിതം ഇവിടുത്തെ തെരുവുകളിൽ, ലോഡ്ജുകളിൽ...... അങ്ങനെ..... ആ അമ്മ ഇന്ന് ഉണ്ടോ? ഇല്ലെന്ന് തന്നെയാണ് സേതു വിശ്വസിക്കുന്നത്. ഉണ്ടെങ്കിലും....... ഇല്ല...

എല്ലാം കേട്ടപ്പോൾ പാറുവിൻ്റെ ഇഷ്ടം കൂടുകയാണ് ചെയ്തത്. ഒപ്പം ഒരു ചോദ്യം, അമ്മ ഒരുപക്ഷേ ജീവിച്ചിരിപ്പുണ്ടെങ്കിൽ , തിരിച്ചു വന്നാൽ നീ സ്വീകരിക്കുമോ. ? ഒരു നിമിഷം ചിന്തിച്ചു. "ഉറപ്പായും". 

പാറു അവന് ഒരു വാക്ക് കൊടുത്തു. അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരെ തമ്മിൽ ഒന്നിപ്പിക്കും. വാക്ക്. ഒപ്പം എന്നും അവൾ സേതുവിന് ഒപ്പം ഉണ്ടാകും. വിധി എന്ന് ഒന്നുണ്ട്. ഒരുപക്ഷേ ആ വിധി നടത്താനുള്ള നിയോഗം നമ്മുക്ക് ഓരോരുത്തർക്കും ആകാം, ആകും. 

             ************** 

ഒരു അനാഥാലയത്തിൽ നിന്നും പഴയ കുറേ ഫയലുകൾ മാറ്റുന്നു. ഒരു ഫയൽ ഏറ്റവും മുകളിൽ...


ആലുവ ബസ് സ്റ്റാൻഡ്. ബസ്സിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി. മുടി അൽപം നരച്ചിട്ടുണ്ട്. ഒരു അമ്മ.

            *********************

   പാറുവിൻ്റെ വാക്ക്, ആ നരച്ച മുടിയുള്ള സ്ത്രീ, മുകളിൽ ഇരിക്കുന്ന ആ പഴകിയ ഫയൽ ----- നിയോഗം, ഒരു ലക്ഷ്യത്തിലേക്കുള്ള പല മാർഗങ്ങൾ. മാർഗത്തിൽ തടസ്സങ്ങൾ അനവധി, കയർപ്പുകൾ ഏറെ. ഭേദിക്കാം. മധുരകരമായി യാത്ര തുടരാം, ജീവിത യാത്ര...........


വളരെ സാധാരണമായി പൊയ്ക്കൊണ്ടിരുന്ന പാറുവിൻ്റെ ജീവിതത്തിന്റെ ഗതി മാറ്റിയ ദിവസം ആയിരുന്നു അത്. വളരെ മടിച്ചി ആയിരുന്ന പാറുവിനെ അല്ല പിന്നെ കണ്ടത്. സേതുവിന് വേണ്ടി അവൾ അധ്വാനിച്ചു. അമ്മയെ അന്വേഷിക്കാൻ തീരുമാനിച്ചു. അതൊരു ശപഥം ആയി മാറ്റി. 

    പക്ഷേ അച്ഛൻ അവൾക്ക് മറ്റ് കല്യാണാലോചനകൾ തുടർന്നു. അവൾക്ക് സേതു അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാനെ കഴിയില്ല. ഒടുവിൽ അവൾ ആ കടുത്ത തീരുമാനം എടുത്തു. ആദ്യമായി അച്ഛനെ എതിർത്തു. സേതുവിനെ അല്ലാതെ മറ്റൊരാളെ വിവാഹം ചെയ്യില്ല എന്ന് അവൾ തറപ്പിച്ചു പറഞ്ഞു. എതിർത്തു പക്ഷേ കാര്യമില്ല എന്ന് മനസ്സിലായി. അതിന് ശേഷം ആ വീട്ടിൽ ഒരു അന്യയായി അവൾ കഴിഞ്ഞു. ആരോടും സംസാരം ഇല്ല കളി ഇല്ല ചിരി ഇല്ല. തൻ്റെ ഇഷ്ടങ്ങളെ എതിർത്താൽ പിന്നെ........ അതുകൊണ്ട് മാത്രം. ഒരേ ഒരു ലക്ഷ്യം സേതുവിന്റെ അമ്മയെ കണ്ടെത്തുക അവനെ കെട്ടുക. 

     പക്ഷേ അത് അത്ര എളുപ്പമാവില്ല. അമ്മ ജീവനോടെ ഉണ്ടോയെന്ന് പോലും അറിയില്ല. പാർവ്വതി ഇതിനായി തന്റെ സഹപ്രവർത്തകൻ ബിജോയിയുടെ സഹായം തേടി. അയാളുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് അവൾ കാര്യങ്ങൾ ചെയ്തു തുടങ്ങി. തുടങ്ങുമ്പോൾ ചെറുവിരലിൽ നിന്നും തുടങ്ങണം. അതാണ് ശരി. 

  അവൾ സേതുവും ആയി സംസാരിച്ചു. അവനിൽ നിന്നും ഇടുക്കിയിലെ അവരുടെ സ്ഥലത്തെ പറ്റി ഒക്കെ അവൾ മനസ്സിലാക്കി. ശരിയാണോ എന്ന് ഒട്ടും ഉറപ്പില്ല എങ്കിലും അവൻ്റെ ഓർമ്മ. സേതുവിന് അമ്മയെ കണ്ടെത്താൻ കഴിയും എന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു. പാറുവിനെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. അവൾക്ക് ഒട്ടും ഇഷ്ടമല്ലാത്തതാണ് ഇങ്ങനെയുള്ള സംസാരം. അതുകൊണ്ട് അവൾ അവനോട് ഒരു കാര്യം പറഞ്ഞു, ഇനി അമ്മയെ കണ്ടെത്തിയിട്ടെ അവർ തമ്മിൽ നേരിട്ട് കാണൂ. ശേഷം പാറു അവിടുന്ന് പോയി. പാവം സേതു!

    ഒരു ഞായറാഴ്ച അവധി ദിവസം പാറുവും ബിജോയിയും കൂടെ ഇടുക്കിയിലെ സേതുവിന്റെ ജന്മസ്ഥലത്തേക്ക് പോയി. പക്ഷേ അവിടെ അവർ പ്രതീക്ഷച്ച പോലെ ഒന്നും തന്നെ ഇല്ല. അവിടെ ഇപ്പോൾ ഒരു റിസോർട്ട് ആണ്. 2000ൽ ഒരു മണ്ണിടിച്ചിലിൽ പഴയ വീടുകൾ എല്ലാം ഒലിച്ച് പോയി. ആളുകൾ ചിലർ ഒക്കെ മരിച്ചു പോയി. ബാക്കിയുള്ളവരെ പറ്റി ഒരു വിവരവും ഇല്ല. 

 നിരാശ തന്നെ ഫലം. അപ്പോൾ തന്നെ അവർ അവിടുന്ന് തിരിച്ചു. ഒരു വഴി അടഞ്ഞു. ഇനിയും ഉണ്ട് വഴികൾ. ഇനി അതിലേക്ക്.  

       

     പിന്നീട് അവർ പോയത് സേതു താമസിച്ചിരുന്ന അനാഥാലയത്തിലേക്കാണ്. അവിടെ ഇപ്പോൾ ഒരു ചെറുപ്പക്കാരൻ ആണ് മേൽനോട്ടം വഹിക്കുന്നത്. ശുദ്ധമായി പറഞ്ഞാൽ ഒരു 'ഞരമ്പൻ'. പാറുവിനെ കണ്ടതും അയാളുടെ ഉള്ളിലെ കല ഉണർന്നു. കണ്ടാലും മതി!! ഒരു കാട്ടുമാക്കാൻ്റെ മോന്തയും കോഴിയുടെ സ്വഭാവവും. അയാളുടെ അടുത്ത് കാര്യങ്ങൾ പറഞ്ഞ പാട് പാറുവിന് അറിയാം. പക്ഷേ അവിടെയും നിരാശ മാത്രം. 2000 ത്തിന് മുന്നേയുള്ള ഫയലുകൾ എല്ലാം അവിടെ നിന്നും മാറ്റിയിരുന്നു. ഇപ്പോൾ അവ കുറച്ച് മാറിയുള്ള ഒരു ഗോഡൗണിൽ ആണ്. കുറഞ്ഞത് ഒരു 1500 ഫയലുകൾ എങ്കിലും കാണും, കുറഞ്ഞത്. തപ്പിയെടുക്കാൻ പ്രയാസം ആണ്. എങ്കിലും ഒരു പെൺകുട്ടി പറഞ്ഞത് കൊണ്ട് അയാൾ ശ്രമിക്കാം എന്ന് പറഞ്ഞു. ഉപകാരം.രണ്ട് ദിവസം കഴിഞ്ഞ് വരാൻ അയാൾ ആവശ്യപ്പെട്ടു. മുന്നിൽ ചെറിയ ഒരു വെട്ടം, മുന്നോട്ടു നയിച്ചാൽ നന്ന്. തിരിച്ച് പോകും വഴി പാറു അവിടെ ഇരിക്കുന്ന ഒരു വൃദ്ധനെ ശ്രദ്ധിച്ചു. ഈ പ്രായത്തിലും ഇവിടെ......?? അവൾ ചിന്തിച്ചു കൊണ്ട് നടന്നകന്നു. 


      എത്ര കഠിന ഹൃദയനാണ് എങ്കിലും സ്വന്തം മകളുടെ മനസ്സ് നൊന്താൽ അച്ഛനും മുറിവേൽക്കും. അച്ഛൻ പാറുവും ആയി സംസാരിക്കാൻ ശ്രമിച്ചു. അവൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അച്ഛൻ്റെ കണ്ണ് നിറഞ്ഞത് അവൾ ശ്രദ്ധിച്ചു. പാറുവിൻ്റെ നല്ലതിന് വേണ്ടിയാണ് അച്ഛൻ അന്നാ കല്യാണം വേണ്ടെന്ന് വെച്ചത്. ബന്ധുക്കൾ ആരും ഇല്ലാത്ത ഒരു വീട്ടിലേക്ക് എങ്ങനെ അവളെ ........ അതുകൊണ്ട് ആണ് അച്ഛൻ അന്ന് അങ്ങനെ ഒക്കെ........ അച്ഛൻ കണ്ണീർ തുടച്ചു. പിന്നെ അവൾക്ക് പിടിച്ചു നിൽക്കാൻ ആയില്ല. അവൾ അച്ഛനെ കെട്ടിപ്പിടിച്ചു. തെറ്റിന് മാപ്പ് പറഞ്ഞു. ആ പ്രശ്നം അവിടെ കഴിഞ്ഞു. ആ കയർപ്പ് മധുരം ആയി മാറി..... പാറു സേതുവിനെ പറ്റിയും അവൻ്റെ അമ്മയെ പറ്റിയും എല്ലാ കാര്യങ്ങളും അച്ഛനോട് പറഞ്ഞു. എല്ലാം കേട്ട് അച്ഛന് കുറ്റബോധം തോന്നി. അവൾക്ക് ഒപ്പം പൂർണ്ണ പിന്തുണയും ആയി അച്ഛൻ ഉണ്ടാകും എന്ന് വാക്ക് കൊടുത്തു. 

    പിറ്റേന്ന് അച്ഛനും പാറുവും സേതുവിനെ കാണാൻ പോയി. അച്ഛൻ അവനോടു മാപ്പ് പറഞ്ഞു. ഒരിക്കലും താൻ അങ്ങനെ പറയരുത്. അതിന് കാരണം ഉണ്ട്. അമ്മ , ജനനി എന്ന വാക്ക് അദ്ദേഹത്തിനും വിലപ്പെട്ടതാണ്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ അമ്മ മരിക്കുന്നത്. അച്ഛൻ മുഴുകുടിയൻ. മുന്നോട്ടുള്ള ജീവിതം ത്രിശങ്കുവിൽ. പിന്നീട് അദ്ദേഹത്തെ വളർത്തിയത് ചിറ്റമ്മയാണ്. പിന്നെ അവർ സ്വന്തം അമ്മയായി. ഈ നിലയിൽ എത്തിച്ചു. ആ ചിറ്റമ്മയാണ് ഇന്ന് അവരുടെ വീട്ടിൽ ഉള്ളത്. പാറുവിന് പോലും അറിയില്ലായിരുന്നു ഈ കഥ. സേതുവിന് പിന്നെ ഒന്നും പറയേണ്ടി വന്നില്ല. ആ കയർപ്പും അങ്ങനെ മധുരം ആയി മാറി. അവരുടെ വിവാഹത്തിനും അച്ഛൻ സമ്മതിച്ചു. പക്ഷേ സേതുവിന്റെ അമ്മ. അതിന് ശേഷം മതി വിവാഹം എന്ന തീരുമാനത്തിൽ പാർവ്വതി ഉറച്ചുനിന്നു. അച്ഛനും അത് അംഗീകരിച്ചു.

  

    രണ്ട് ദിവസം കഴിഞ്ഞു. പാർവ്വതി അനാഥാലയത്തിൽ എത്തി. ഞരമ്പൻ്റെ അടുത്ത് എത്തി. പഴയ വളിച്ച ചിരി. അതെ മോന്ത. പക്ഷേ ഫലം പഴയത് തന്നെ. വീണ്ടും ഒരു രണ്ട് ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു. എല്ലാം കൂടെ ആയപ്പോൾ അവളുടെ കൺട്രോൾ പോയി. ഞരമ്പൻ്റെ മുഖത്ത് നോക്കി നല്ല അസ്സൽ രണ്ട് വർത്തമാനം. അതോടെ ആപ്പീസർ ഒന്ന് ഞെട്ടി. പതുങ്ങി. ഇമ്മാതിരി കൊണവും കൊണ്ട് ഇരുന്നാൽ തന്റെ മുട്ടിന് താഴെ കാല് ഉണ്ടാവില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞു. കിട്ടാനുള്ളത് സമയത്ത് കിട്ടണം. ഇതുപോലെ. ഞരമ്പൻ മാന്യനായി. പിന്നെ മാഡം എന്നായി വിളി. ഫയൽ ഉടനെ തരാം എന്നും. തൻ്റെ ഫയലും വേണ്ട ഒരു കോപ്പും വേണ്ട എന്ന് പറഞ്ഞ് അവൾ ഇറങ്ങി പോയി. അന്തസ്സ്.

പുറത്ത് അന്ന് കണ്ട അതേ വൃദ്ധൻ ഇരിക്കുന്നത് പാറു ശ്രദ്ധിച്ചു. എന്തായാലും പാറു അദ്ദേഹത്തോട് സംസാരിക്കാൻ തീരുമാനിച്ചു.

   അവൾ അദ്ദേഹത്തിന്റെ മുന്നിൽ ഉള്ള കസേരയിൽ ഇരുന്നു. ശേഷം ചോദിച്ചു, ഈ പ്രായത്തിൽ ഇവിടെ....... ? വൃദ്ധൻ മെല്ലെ മുഖം ഉയർത്തി നോക്കി. ചെറുതായി പുഞ്ചിരിച്ചു. അവളുടെ പേരും മറ്റും ഒക്കെ ചോദിച്ചു. അദ്ദേഹം ആണ് ഗോപിനാഥൻ, ഗോപി മാഷ്. ഈ അനാഥാലയത്തിൻ്റെ സ്ഥാപകൻ. ദൈവം എല്ലാവരിലും ഓരോ ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചുമതല ആരോരും ഇല്ലാത്തവരെ സ്വീകരിക്കുക എന്നതാണ്. എത്ര കുഞ്ഞുങ്ങളെ , വൃദ്ധരെ ആ കൈകൾ കൊണ്ട്........ ഇന്ന് അദ്ദേഹത്തിന്റെ സഹോദരിയുടെ മകനാണ് മേൽനോട്ടം. 

  അനാഥാലയത്തിൻ്റെ സ്ഥാപകൻ, വർഷങ്ങളായി മേൽനോട്ടം........ ഒരുപക്ഷേ സേതു...... അവൾ സേതുവിന് പറ്റി ചോദിച്ചു. മാഷ് അൽപനേരം മൗനമായി ഇരുന്നു.ചിന്തിച്ചു. ശേഷം പുഞ്ചിരിച്ചു. അദ്ദേഹം ആ ദിവസം ഓർത്തെടുത്തു.

   1985 . കോരിച്ചൊരിയുന്ന മഴ. അദ്ദേഹം മടങ്ങാൻ നിൽക്കുക ആയിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ മഴയത്ത് നനഞ്ഞ് കുളിച്ച് വരുന്നത് കണ്ടു. ഏകദേശം ഒരു നാല് വയസ്സ് പ്രായമുള്ള ഒരു ആൺകുഞ്ഞും ഒപ്പമുണ്ട്. അവർ ഒന്നും മിണ്ടിയില്ല. ആ കുഞ്ഞിനെ അദ്ദേഹത്തിന്റെ കൈകളിൽ ഏൽപ്പിച്ചു. മാഷിന്റെ കണ്ണുകളിൽ ഒരു നിമിഷം നോക്കി. അദ്ദേഹം ഒന്നും തിരിച്ചു ചോദിച്ചില്ല. ആ നോട്ടത്തിൽ എല്ലാം അടങ്ങിയിരിക്കുന്നു. ആ ബാലൻ്റെ കയ്യിൽ എന്തോ നൽകിയ ശേഷം അവർ മടങ്ങി. പിന്നീട് ആ ബാലൻ അവിടെ നിന്ന് വളർന്നു. അവനാണ് സേതു. മിടുക്കൻ ആയിരുന്നു. പിന്നീട് അദ്ദേഹം ഒന്നും മിണ്ടിയില്ല. നിശബ്ദമായി ഇരുന്നു. പാറു ഒരു കാര്യം മാത്രം അദ്ദേഹത്തോട് ചോദിച്ചു. ആ അമ്മയുടെ മുഖം....... പക്ഷേ ഇത്രയും വർഷം കഴിഞ്ഞില്ലെ ഓർക്കാൻ പ്രയാസം ആണ്. പാറുവിന് വീണ്ടും നിരാശ. സേതുവിന്റെ ഫയൽ എങ്കിലും ലഭിക്കുമോ എന്ന് അവൾ ചോദിച്ചു. അവ ഗോഡൗണിൽ ആയിരിക്കും. എങ്കിലും അദ്ദേഹം എടുത്തു തരാം എന്ന് വാക്ക് കൊടുത്തു. പാർവ്വതി പ്രതീക്ഷയോടെ മടങ്ങി. കാരണം ആ വാക്കുകൾക്ക് അത്രക്ക് ഊർജ്ജം ആയിരുന്നു. 

    ഇത്രയൊക്കെ ശ്രമിക്കുമ്പോഴും ഒരു ചോദ്യത്തിന് ഉത്തരം ഇല്ല. അമ്മ ജീവിച്ചിരിപ്പുണ്ടോ? അറിയില്ല. ദൈവത്തിൽ വിശ്വസിക്കാം. അവൻ്റെ വികൃതികൾ ഉത്തരം നൽകും. 

   അന്ന് ഒരു വ്യാഴാഴ്ച ആയിരുന്നു. പരീക്ഷ ആയതിനാൽ അന്ന് ഉച്ചവരെ സ്കൂൾ ഉണ്ടായിരുന്നുള്ളൂ. പക്ഷേ പാർവ്വതിക്ക് മറ്റ് ചില ജോലികൾ ഉണ്ടായിരുന്നു. അവൾ അവിടെ തുടർന്നു. പെട്ടെന്ന് ആണ് അവൾ അത് ശ്രദ്ധിച്ചത്. പുതിയതായി ക്ലീനറായി ജോലിക്കെത്തിയ ആ വൃദ്ധ കുഴഞ്ഞു വീണു. പാറു പെട്ടെന്ന് അവരെ താങ്ങി പിടിച്ചു. ബെഞ്ചിൽ ഇരുത്തി. വെള്ളം നൽകി. പാവം. ബി പി കുറഞ്ഞത് ആണെന്ന് തോന്നുന്നു. ഒരു 70 വയസ് പ്രായം കാണും. ഈ പ്രായത്തിൽ ജോലിക്കായി..... പാറു അവരുമായി സംസാരിച്ചു. രാവിലെ ഒന്നും കഴിച്ചില്ല. വീട്ടിൽ ഒറ്റയ്ക്ക്. പാറു സംശയിച്ചു. മക്കൾ........ അവർ ഒരു നിമിഷം മൗനമായി ഇരുന്നു. ഇടറിയ ശബ്ദത്തിൽ പറഞ്ഞു, ഒരു കുട്ടി ഉണ്ടായിരുന്നു അവനെ ഉപേക്ഷിച്ചു. പാറുവിന് ദേഷ്യവും സങ്കടവും എല്ലാം വന്നു. അവൾ പൊട്ടിത്തെറിച്ചു. " നിങ്ങൾ ഒക്കെ ഒരു അമ്മയാണു!!" അവർ കരയാൻ തുടങ്ങി. പാറു പലതും പറഞ്ഞു. അവർക്ക് എന്തോ പറയാൻ ഉണ്ട്. പാർവ്വതി നിശബ്ദയായി. മനപൂർവ്വം ഉപേക്ഷിച്ചതല്ല, സാഹചര്യം....

   വലിയ ഒരു സമ്പന്ന കുടുംബത്തിൽ എല്ലാവിധ സുഖസൗകര്യങ്ങളോടെ വളർന്ന അവർ ഒരു സാധു ചെറുപ്പക്കാരനുമായി അഗാധമായ പ്രണയത്തിലാകുന്നു. ആ പ്രണയം വീടിനെയും വീട്ടുകാരെയും ഉപേക്ഷിക്കുന്നതിൽ എത്തിച്ചേർന്നു. ഒടുവിൽ അവർ രണ്ടുപേരും മലയോരത്ത് ഉള്ള ഒരു ചെറു കുടിലിൽ താമസം ആക്കി. സമാധാനം നിറഞ്ഞ ജീവിതം. ഒരു വർഷത്തിന് ശേഷം ആ കൊച്ചു കുടിലിൽ പുതിയ ഒരു അതിഥി കൂടി എത്തി. ഒരു ആൺകുഞ്ഞ്. പക്ഷേ കുഞ്ഞിന് രണ്ട് വയസ്സുള്ളപ്പോൾ അവൻ്റെ പിതാവ് ഒരു കിണർ അപകടത്തിൽ മരണപ്പെട്ടു. അതോടെ എല്ലാം തകർന്നു. പട്ടിണി ആയി. ദുരിതങ്ങൾ ആയി. സഹായത്തിനായി ഒരാൾ പോലും ഇല്ല. എന്ത് ചെയ്യാൻ? പാവം ആ അമ്മ മകനുവേണ്ടി എല്ലുമുറിയെ പണിയെടുത്തു. പട്ടിണി മാറ്റാനായി പല ജോലികളും ചെയ്തു. പക്ഷേ സ്ഥിരമായി ഒരു ജോലി കിട്ടിയില്ല. ഒരു വിധവയോട് സമൂഹം എങ്ങനെ പെരുമാറും എന്ന് പറയേണ്ടതില്ലല്ലോ. അത് വളരെ അസഹനീയമായി മാറി. ജീവിതം വഴിമുട്ടി. എന്ത് ചെയ്യണം എന്ന് അറിയില്ല. ഒരു മഴയത്ത് മണ്ണിടിഞ്ഞ് വീണ് ആ കുടിലിന്റെ ഒരു വശം തകർന്നു. ആ കുഞ്ഞിനെ എങ്കിലും രക്ഷിക്കണം എന്ന് കരുതി ആണ് അവനെ എറണാകുളത്തെ ഒരു അനാഥാലയത്തിൽ ആക്കിയത്. ഒരു ജോലി കണ്ടെത്തിയ ശേഷം ഒപ്പം കൂട്ടിയിരുന്നു പ്ലാൻ. പക്ഷേ വിധിയുടെ വിളയാട്ടം. ശക്തമായ മഴയിൽ ഉരുൾപൊട്ടലിൽ വീടും പറമ്പും എല്ലാം പോയി. ഒടുവിൽ ക്യാമ്പിൽ. അവിടെ നിന്ന് പലയിടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. മകനെ കൈവിട്ട് പോയി. പട്ടിണിയും ദാരിദ്ര്യവും. ഒടുവിൽ ഇവിടെ ഈ സ്കൂളിൽ. ആ മകൻ്റെ പേര് സേതുമാധവൻ. അമ്മ ശ്രീദേവി. അച്ഛൻ നാരായണൻ. സ്ഥലം ഇടുക്കി. 

    

   എല്ലാം കേട്ട് പാർവ്വതി സ്തബ്ധയായി ഇരുന്നു. അവൾക്ക് സന്തോഷവും സങ്കടവും എല്ലാം വന്നു. ഒടുവിൽ സേതുവിന്റെ അമ്മ ജീവിച്ചിരിപ്പുണ്ട്. ദാ തന്റെ മുന്നിൽ. ആ അമ്മയുടെ കണ്ണുകൾ ഒളിഞ്ഞിരിക്കുന്നു. പാറു ആ അമ്മയ്ക്ക് ഒരു പ്രതീക്ഷ നൽകി. ആ അമ്മയേയും മകനേയും ഒന്നിപ്പിക്കും. എങ്ങനെ എന്ത് എന്നൊന്നും ഇല്ല. ഒന്നിപ്പിച്ചിരിക്കും. 


   ഇനി കാര്യങ്ങൾ ഏകദേശം എളുപ്പമായി. അമ്മ ജീവനോടെ ഉണ്ട്. പക്ഷേ വെറുതെ ഒന്നിപ്പിച്ചാൽ പോര. നിയമപരമായി ഒന്നിപ്പിക്കണം. അതിന് എന്താണ് വഴി? അതിന് പാർവ്വതി അച്ഛൻ്റെ സഹായം തേടി. ഒരേയൊരു വഴി മാത്രം. DNA ടെസ്റ്റ്. അത് തന്നെയാണ് സേതുവിൻറെ അമ്മയെന്ന് ഉറപ്പാണ്. പക്ഷേ തെളിയിക്കണം. 

   എന്തായാലും അച്ഛനും മകളും പിറ്റേന്ന് ഡി. എൻ.എ ടെസ്റ്റിന്റെ സാധ്യതകളെ പറ്റി അന്വേഷിച്ചു. പക്ഷേ അത് വെറുതെ ഒന്നും ചെയ്യാൻ കഴിയില്ല. അതിന് ചില നിയമങ്ങളും ചട്ടങ്ങളും ഒക്കെ ഉണ്ട്. അമ്മയും മകനും ആണെന്ന് കരുതി അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല. അപ്പോൾ നിയമപരമായി തെളിയിക്കാൻ എന്താണ് വഴി? 

   ഒരു വഴി ഉണ്ട്. അമ്മയും മകനും connected ആയ ഒരു തെളിവ്. എന്തെങ്കിലും ഒരെണ്ണം. രണ്ട് പേരും ചേർന്ന് എഴുതിയ എന്തെങ്കിലും ഒരു കത്തോ പത്രമോ , അല്ലെങ്കിൽ ഒരുമിച്ചുള്ള ഫോട്ടോയോ അങ്ങനെ എന്തെങ്കിലും. ചെറുപ്പത്തിലേ ഫോട്ടോ ഉണ്ടെങ്കിൽ കംപ്യൂട്ടർ ഉപയോഗിച്ച് ഇന്നത്തെ രൂപം ചിത്രീകരിക്കാം. പക്ഷേ അവർ ഒരുമിച്ച് ഉള്ളത് ആകണം. അങ്ങനെ ഒന്ന് ഉണ്ടാവുമോ..... എന്ത് ചെയ്യണം എങ്കിലും ആ ഫയൽ വേണം. എങ്ങനെയും ഗോഡൗണിൽ നിന്ന് ആ ഫയൽ കണ്ടെത്തണം.

  അങ്ങനെ ഇരിക്കെ സേതു പാർവതിയുടെ വീട്ടിൽ വന്നു. തിരുവനന്തപുരത്ത് ഒരു ഇന്റർവ്യൂ ഉണ്ട്. ഒരാഴ്ച കഴിഞ്ഞേ വരൂ. അച്ഛൻ്റെയും അമ്മയുടെയും അമ്മൂമ്മയുടെയും അനുഗ്രഹം വാങ്ങാൻ എത്തിയത് ആണ്. പാറു ഒരു കാര്യം ഉറപ്പിച്ചു. സേതു എത്തുന്നതിന് മുമ്പ് അവനെയും അമ്മയേയും ഒന്നിപ്പിക്കണം. അവൾ ഉറപ്പിച്ചു. 


പിറ്റേന്ന് തന്നെ അവൾ വീണ്ടും അനാഥാലയത്തിൽ പോയി. പക്ഷേ ഫയൽ കിട്ടിയില്ല. മാഷിന്റെ മുഖത്ത് നിരാശ ഉണ്ടായിരുന്നു. ഏകദേശം രണ്ടായിരം ഫയലുകൾ ഉണ്ട്. അതിനിടയിൽ നിന്ന്...... പാറുവിന് വീണ്ടും നിരാശ. ഒരേ ഒരു ഫയൽ. ആ ഫയലിൽ ആണ് പല ജീവിതങ്ങൾ. ഒടുവിൽ അവൾ തന്നെ മുൻകൈ എടുത്തു. പാർവതിയും മാഷും കൂടി ഗോഡൗണിൽ പോയി ഫയൽ അന്വേഷിച്ചു. മിനിറ്റുകൾ, മണിക്കൂറുകൾ........ ഒടുവിൽ അവർ തളർന്നു. ഫയൽ സ്റ്റാൻഡിൽ ചാരിയിരുന്ന് അവർ വിശ്രമിച്ചു. ഒരു ഫയൽ ഏറ്റവും മുകളിൽ മുന്തിയിരുന്നു. പെട്ടെന്ന് സ്റ്റാൻഡ് കുലുങ്ങി. ആ മുന്തിയിരുന്ന ഫയൽ പാർവതിയുടെ തലയിൽ വീണു. അതിൽ നിന്ന് ഒരു ഫോട്ടോയും. ഒടുവിൽ അത് ലഭിച്ചു . ദൈവത്തിന്റെ വികൃതി. അമ്മയും സേതുവും ഒരുമിച്ച് നിൽക്കുന്ന പഴയ ഫോട്ടോ. മാഷ് ഓർത്തു. പോകുന്നതിന് മുമ്പ്, 1985ൽ , ശ്രീദേവി സേതുവിന് നൽകിയത്. പല ജീവിതങ്ങൾക്ക് വേണ്ടി ഉള്ളത്. ആ ഫോട്ടോ. പാർവ്വതി സന്തോഷിച്ചു. അതിയായി.


   പക്ഷേ ജീവിതങ്ങൾ മധുരകരമായില്ല. വീണ്ടും കയർപ്പുകൾ. ഫോട്ടോ തെളിവാക്കാനും ഒട്ടേറെ നിയമക്കുരുക്കുകൾ. ഇനി എന്ത് ചെയ്യും?? പാറു തളർന്നു. വല്ലാതെ. മുന്നിലെ വെട്ടം അണഞ്ഞു. പൂർണ്ണമായും. പാർവ്വതി നിരാശയുടെയും സങ്കടത്തിന്റെയും പടുകുഴിയിൽ വീണു. നിരാശ മാറ്റാനായി അവൾ തന്റെ പഴയ സ്കൂൾ ഫോട്ടോകൾ ഒക്കെ നോക്കി. പക്ഷേ അത് ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഫോട്ടോകൾ ആയിരുന്നു.

   നിയമപരമായി തെളിയിക്കണം എങ്കിൽ നിയമവും ആയി ബന്ധം. അതെ ഗവൺമെന്റ്. അതിന് ഒരേ ഒരു വഴി. രാഷ്ട്രീയം. ആ സ്കൂൾ ഫോട്ടോയിലെ ഒരേ ഒരു രാഷ്ട്രീയക്കാരൻ, സുബിൻ. അവനെയുള്ളൂ ഇനിയൊരു പ്രതീക്ഷ. പാർവ്വതി അവനെ കണ്ടു. സഖാവ് സുബിൻ. മന്ത്രിമാരും ആയി അവന് നല്ല സ്വാധീനം ഉണ്ട്. കാര്യങ്ങൾ എല്ലാം അവൾ വിശദമായി പറഞ്ഞു. ജീവിതപ്രശ്നം ആണ്. സഖാവിന് ഇടപെടാതെ പറ്റുമോ. മാത്രമല്ല സ്കൂൾ കാലത്ത് അവർ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. വിഷയം മന്ത്രി സഖാവ് മാധവൻ്റെ ശ്രദ്ധയിൽ പെടുത്താൻ അവൻ തീരുമാനിച്ചു.

രണ്ട് ദിവസത്തിന് ശേഷം മണ്ഡലത്തിൽ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോൾ സുബിൻ മന്ത്രിയോട് കാര്യങ്ങൾ പറഞ്ഞു. അമ്മ എന്ന് പറഞ്ഞാൽ അദ്ദേഹത്തിന് ജീവൻ ആയിരുന്നു. ഏതായാലും ആ പെൺകുട്ടിയോട് ഓഫീസിൽ എത്തി തന്നെ കാണാൻ മന്ത്രി ആവശ്യപ്പെട്ടു. അത് പ്രകാരം പാർവ്വതി പിറ്റേന്ന് ഓഫീസിൽ എത്തി അദ്ദേഹത്തെ കണ്ടു. കാര്യങ്ങൾ അവതരിപ്പിച്ചു. പക്ഷേ അത് പെട്ടെന്ന് അങ്ങനെ നടക്കില്ല. അപ്പോഴാണ് പാറു സേതുവും അമ്മയും ഒരുമിച്ചുള്ള ഫോട്ടോ കാണിച്ചത്. മന്ത്രിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. കാര്യങ്ങൾ എളുപ്പമായി. മന്ത്രിയുടെ മേൽനോട്ടത്തിൽ ആ ഫോട്ടോയുടെ ഇന്നത്തെ രൂപം കംപ്യൂട്ടറിൽ ചിത്രീകരിക്കാൻ തീരുമാനം ആയി. പാർവ്വതിക്ക് ആശ്വാസം. ഒടുവിൽ അമ്മയും മകനും ഒന്നിക്കാൻ വഴി തെളിയുന്നു. ആ അമ്മയുടെയും മകന്റെയും ഇന്നത്തെ രൂപം തന്നെ ആ ഫോട്ടോയിൽ നിന്ന് ലഭിച്ചു. ഒടുവിൽ അത് സാധ്യമാകുന്നു. 

   ശനിയാഴ്ച അനാഥാലയത്തിൻ്റെ 70 ാം വാർഷികമാണ്. ആ ചടങ്ങിൽ വെച്ച് അവരുടെ ഒത്തുചേരലും സംഘടിപ്പിക്കാൻ തീരുമാനിച്ചു. മന്ത്രി മുഖ്യാതിഥി, മീഡിയയും പ്രമുഖരും എല്ലാം. സേതുവിനേ അറിയിച്ചില്ല. സസ്പെൻസ്. 


  സേതുവും സാബുവും കൂടി ബൈക്കിൽ വരികയായിരുന്നു. പാറു പെട്ടെന്ന് അനാഥാലയത്തിൽ എത്താൻ ആവശ്യപ്പെട്ടു. പെട്ടെന്ന് ഒരു കാർ അവരെ തടഞ്ഞു നിർത്തി. അത് സുന്ദറും കൂട്ടരും ആയിരുന്നു. പക ഉള്ളിൽ ഉണ്ട്. രണ്ട് പേരെയും അവർ തല്ലി വണ്ടിയിൽ കയറ്റി. ഈ സമയം തന്നെ......അവരെ ഒരു ഗോഡൗണിൽ കൊണ്ട് പൂട്ടിയിട്ടു. പാറു പല തവണ വിളിച്ചു. പക്ഷേ.... അവൾക്ക് ചെറിയ ഭയം തോന്നി. എല്ലാ അതിഥികളും എത്തിയിരുന്നു. പക്ഷേ അവൾ പ്രതീക്ഷ കൈവിട്ടില്ല.

 ഗോഡൗണിൽ വെച്ച് അവരെ പഞ്ഞിക്കിടാൻ ആയിരുന്നു അവരുടെ പ്ലാൻ. സേതുവിന് എങ്ങനെയും പാറുവിന് കൊടുത്ത വാക്ക് പാലിക്കണം. മുന്നിൽ ഗുണ്ടകൾ. ഒടുവിൽ രണ്ടും കൽപ്പിച്ച് സാബുവും സേതുവും കൂടി അവരെ അടിച്ചു. അടിച്ചു നിന്നിട്ട് കാര്യമില്ല. അവരെ സാബു നോക്കികോളാം എന്ന് പറഞ്ഞു. സേതു രക്ഷപ്പെട്ടു. പക്ഷേ അവൻ്റെ പേഴ്സും ബൈക്കും എല്ലാം പോയി. എങ്ങനെ അവിടെ എത്തും. കുറേ വാഹനങ്ങൾക്ക് ലിഫ്റ്റ് ചോദിച്ചു. പക്ഷേ നിർത്തിയില്ല. പാറുവിന് ആധി വർദ്ധിച്ചു. ഒടുവിൽ ഒരു കാർ നിർത്തി. ഒരു മാന്യൻ. അദ്ദേഹം സേതുവിന് ലിഫ്റ്റ് കൊടുത്തു. വളരെ സൗമ്യനായ അദ്ദേഹം സേതുവിനോട് വിശേഷങ്ങൾ ഒക്കെ തിരക്കി. യാത്രയിലുടനീളം അവൻ തൻ്റെ ജീവിതം മുഴുവൻ വിവരിച്ചു. പക്ഷേ തിരിച്ച് അദ്ദേഹത്തോട് ഒന്നും ചോദിച്ചില്ല. ഒടുവിൽ അനാഥാലയം എത്തി. എല്ലാം ശരിയാകും എന്ന് ആ മാന്യൻ സേതുവിനോട് പറഞ്ഞു. ഒപ്പം അദ്ദേഹത്തിന്റെ കാർഡും. വാഹനം മുന്നോട്ട് പോയി. ആ കാർഡ് കണ്ട് സേതു ഞെട്ടി പോയി. അത് സാക്ഷാൽ കല്യാൺ . കല്യാൺ ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ ചെയർമാൻ. സേതു കാണാൻ ആഗ്രഹിച്ച വ്യക്തി. 


അനാഥാലയത്തിൽ നിറയെ ആളുകൾ ആയിരുന്നു. അവൻ ഒരു നിമിഷം പതറി. പെട്ടെന്ന് പാർവ്വതി അവനെ അകത്തേക്ക് കൊണ്ട് പോയി. ഒരു അത്ഭുതം ഉണ്ടെന്ന് പറഞ്ഞു. അകത്ത് തന്റെ മുന്നിൽ അവൻ ഒരു സ്ത്രീയെ കണ്ടു. പാറു അവൻ്റെ കാതിൽ പറഞ്ഞു, " അമ്മ" . സേതുവിന്റെ ശരീരം മരവിച്ചു. വാക്കുകൾ ഇടറി. അമ്മയ്ക്കും അതെ അവസ്ഥ. ഇത്ര വർഷങ്ങൾക്ക് ശേഷം...... ഒരു ചരിത്ര സംഗമം. ലോകം മുഴുവൻ സാക്ഷി. അവൻ അമ്മ എന്ന് വിളിച്ച് ആലിംഗനം ചെയ്തു. ഇരുവരുടെയും കണ്ണിൽ നിന്നും വെള്ളം ഒഴുകി. ഹാ! എത്ര സുന്ദരം ഈ സംഗമം. ഏറെ കാലത്തെ കയർപ്പ് മധുരം ആകുന്നു. സേതു പാറുവിനെയും ചേർത്തു. അവളും ആ മധുരത്തിൽ വേണം.

 ആര് കടന്ന് വരും അവിടേക്ക്. ആർക്ക് ആകും?? ഒടുവിൽ അത് നടന്നു. 

   ഒരു കാര്യം ഇതിൽ നിന്നും മനസ്സിലായി. ജീവിതത്തിലെ ഏറ്റവും ചെറിയ സംഭവങ്ങൾ പോലും വലിയ മാറ്റം ഉണ്ടാക്കാം. ഫയൽ പോലെ. പിന്നെ ആ മാന്യൻ. അയാൾ, കല്യാൺ, സേതുവിന്റെ ആഗ്രഹം പോലെ ജോലി നൽകി. അതിന് ഒരു കാരണം ഉണ്ട്. കുറച്ച് നാൾ മുമ്പ് സേതു അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തൻ്റെ ആഗ്രഹങ്ങളെ പറ്റി ഒരു മെസ്സേജ് ഇട്ടു. കാണില്ല എന്ന് കരുതി. പക്ഷേ കണ്ടു. നിയോഗം. 


ജീവിതം അങ്ങനെ ആണ് ചിലപ്പോൾ, മധുരവും കയർപ്പും. എന്താല്ലേ! 



LIFE IS NOT JUST SWEET, SOUR TOO. AND VICE VERSA!!!

 മധുരം ജീവാമൃതം........



Rate this content
Log in

Similar malayalam story from Drama