STORYMIRROR

Harikrishnan K

Others

4  

Harikrishnan K

Others

പിന്നെയും.....

പിന്നെയും.....

3 mins
245

സായാഹ്നം തലയ്ക്ക് മീതെ ഗരുഡനെ പോലേ ചുഴറ്റാൻ തുടങ്ങിയത് അപ്പോൾ മാത്രമാണ് അറിഞ്ഞത്. വാർദ്ധക്യത്തിന്റെ മൂർദ്ധന്യത്തിൽ എത്തിയ സർക്കാർ വാഹനം ഞെരുക്കത്തോടെ മുന്നിലെ ആഢംബര വാഹനത്തിനെ തൊഴുതു കുമ്പിട്ടു. പതിവാണ് എങ്കിലും തീർത്തും അപ്രതീക്ഷിതമായ ആ പ്രവൃത്തി ഏതോ ആഴങ്ങളിൽ അകപ്പെട്ട എന്നിലെ ആത്മാവിനെ ദാരുണമായി ഒന്ന് ഉലച്ചു. മനം മടുപ്പിക്കുന്ന മൂകതയിൽ തങ്ങളുടേതായ സ്വകാര്യ ലോകങ്ങളിൽ ചേക്കേറിയ എൻ്റെ സഹജീവികളെയും അത് ബാധിച്ചു എന്ന് തിരിച്ചറിഞ്ഞ നിമിഷം അറിഞ്ഞു കൊണ്ട് തന്നെ ഞാൻ ഒന്ന് മന്ദഹസിച്ചു. 

എന്തൊക്കെ ആയാലും, നിരാശയിൽ കൈ പിടിക്കാനും ദുഃഖത്തിൽ പങ്കുചേരാനും പഠിച്ചവരായ നമ്മൾ മലയാളികളിൽ ഒരു അംശം ആണ് ഞാനും എന്ന് തിരിച്ചറിഞ്ഞ നിമിഷം സ്വയമേ കൃതാർത്ഥനായി. അപ്പോഴും കൈയിൽ കരുതിയിരുന്ന റോസാപ്പൂ മുറുകെ പിടിച്ചിരുന്നു.അതിൻ്റെ ഓരോ ഇതളുകളും വീണ്ടും, ഒരു സമാധാനത്തിന് വേണ്ടി എണ്ണി തിട്ടപ്പെടുത്തി. അത്രമേൽ പ്രധാനപ്പെട്ട ഒന്നിനെ കൈവിടുക മരണ സമാനം!


പതിയെ മറന്ന് തുടങ്ങിയ ആ പരിചിത സ്വരം കേട്ടാണ് ഞാൻ തലയുയർത്തി നോക്കിയത്. തെറ്റിയില്ല; സ്കൂൾ കുട്ടികൾ തന്നെ. ശീലമായി തുടങ്ങിയ ആ ദീർഘയാത്രയിൽ, എന്തോ, സ്കൂൾ വിദ്യാർത്ഥികളെ ഉറ്റു നോക്കുന്നത് പതിവായി മാറിയിരിക്കുന്നു. തെറ്റിദ്ധരിക്കരുത്. എന്നിലെ "എന്നെ" പുൽകാനുള്ള അവസാന മാർഗ്ഗമായി അത് നിലകൊള്ളുന്നു. ആയിരം ഓർമ്മകൾ വളയം തിരിക്കുന്ന മൈതാനിയിൽ സർക്കാർ വാഹനം നിമിഷങ്ങൾ മാത്രം വിശ്രമിക്കുമ്പോൾ, പലപ്പോഴും കണ്ണ് പിന്നിലേക്ക് വലിക്കുകയാണ് ഞാൻ ചെയ്യാറ്. അഹന്തയെന്ന് കരുതാം. കുറ്റപ്പെടുത്തുന്നില്ല. ഭയം; തവണകൾ കണ്ടു മറിഞ്ഞു പോയ മുഖങ്ങൾ ആ പഴയ സമുദ്രത്തിലേക്ക് എന്നെ വീണ്ടും എത്തിക്കുമോ എന്നൊരു തോന്നൽ. ആർത്തുല്ലസിക്കാൻ തോന്നും. പക്ഷേ തുഴയാൻ ഞാൻ മാത്രം. പറിച്ചു നടപ്പെട്ട പുതു ഭൂമിയിൽ, ഈ വൃക്ഷം വേരുകൾ കണ്ടെത്താൻ തുടങ്ങിയിട്ടേയുള്ളു. പുതു ശിഖരങ്ങൾ എന്നെ താങ്ങി നിർത്തുമോ എന്ന ചിന്ത കൂടുതൽ ആത്മാവിനെ മുറിവേൽപ്പിച്ചു കൊണ്ട് തുടർന്നു. 


ഒരു ഒഴുക്കിനൊപ്പം ലയിച്ച് അകലുകയാണ് ഞാൻ. കരകളിലെ പുൽത്തകിടുകൾ കാണാൻ ശ്രമിക്കുന്നില്ല. പുതു ദിശകൾ അറിയേണ്ട എന്നുറച്ചു. പക്ഷേ ഒഴുക്കിന് മീതെ ആഞ്ഞടിക്കാൻ ശേഷിയുള്ള തിരകളെ കാണാതിരിക്കാൻ സാധിക്കുമോ എനിക്ക്..? ചിന്ത; ചില നേരങ്ങളിൽ നാം അറിയാതെ നമ്മെ അടക്കുന്ന ശവപ്പെട്ടി. 


പരിചിതമായ ആ കുലുക്കം തലയുയർത്താൻ എന്നെ നിർബന്ധിപ്പിച്ചു. ആദ്യമൊക്കെ എന്തുകൊണ്ട് ഇവിടെ മാത്രം ഇങ്ങനെ എന്ന് വെറുതെ ഒന്ന് ചിന്തിച്ചിരുന്നു. എൻ്റെ സഹജീവികളിൽ എത്ര പേർ അത്രയേറെ ആഴങ്ങൾ തേടുന്നു എന്ന ബോധം എന്നിൽ ഒരു സഹതാപമാണ് ഉണർത്തിച്ചത്. ആരേയും പേടിക്കാതെ സ്വസ്ഥമായി ഒഴുകുന്ന ജലം കണ്ടപ്പോൾ മിന്നൽപ്പിണർ പോലെ മനസ്സിൽ ഒരു വിങ്ങൽ. ശരിക്കും അവ സ്വസ്ഥമായി ആരെയും പേടിക്കാതെ ഒഴുകുന്നുണ്ടോ...? പലയിടങ്ങളിൽ നിന്നും കറുത്തിരുണ്ട പുക പടലങ്ങൾ പീരങ്കിയിൽ നിന്ന് എന്നവണ്ണം കുതിച്ചുയരുന്നു. പതിറ്റാണ്ടുകളായി പരസ്പരം കെട്ടിപുണർന്ന് പ്രണയബദ്ധരായി ഒഴുകുന്ന ജലകണികകൾ. എന്നാൽ ആ ഒഴുക്കിനെ തടഞ്ഞ്, അവരുടെ പ്രണയത്തെ വിരഹമായി മാറ്റുവാൻ കാലം കാത്തുവെച്ചതോ ആ ചതുര നരകങ്ങളേ...? പുതു തീരങ്ങൾ തേടി ആശയോടെ ഒഴുകുന്ന മനുഷ്യ ഹൃദയങ്ങളും കാണുന്നില്ലേ കാലത്തിന്റെ ഈ തടസ്സങ്ങൾ...? കാലത്തെ പഴിക്കുമ്പോൾ, കാലം മാറുന്നത് അനുസരിച്ച് കോലം മാറുന്ന മനുഷ്യരെ കണ്ടില്ലെന്ന് കരുതുന്നത് തികച്ചും വിരോധാഭാസം മാത്രം. 


മൈതാനിയിൽ നീലമയം കണ്ട് ഞെട്ടലോടെ ഞാൻ ഉണർന്നു. കണ്ണുകൾ ബോധപൂർവ്വം റോസാപ്പൂവിലേക്ക് പലായനം ചെയ്തു. ഇതളുകൾ ഭദ്രം. മനസ്സിലൊരു മിന്നൽ പാഞ്ഞപോലെ എൻ്റെ കാലുകൾ സ്വയമേ ഉയർന്നു. ചെയ്യാൻ ഉറച്ച പ്രവൃത്തിയിൽ എത്രത്തോളം പിന്നോക്കം വ്യക്തി എന്ന നിലയിൽ മലർന്നാലും, മനസ്സിന് ഒരു തീർപ്പുണ്ട്; നീതിമാന്മാരുടെ വിവേകത്തെ പോലും തോൽപ്പിക്കാൻ, കണ്ണ് തുറന്ന് തുലാസേന്തി. 


എതിർദിശയിൽ ഉണ്ടായിരുന്ന വൃദ്ധ പിതാവിന്റെ മുന്നിൽ ദൂരേക്ക് കണ്ണെറിഞ്ഞ്, ആത്മാവ് വേർപ്പെട്ട് ഞാൻ നിന്നു. അദ്ദേഹം,കാഴ്ച ശക്തി ഇല്ലെങ്കിൽ പോലും, എൻ്റെ വാച്ചിൽ സമയം നോക്കിയത് ഞാൻ അറിഞ്ഞില്ല. പ്രായം കണ്ണ് കെട്ടി കളിക്കുമ്പോൾ സമയത്തിന് എന്ത് വില..!


പിന്നെയും പതിവ് ദിശയിലേക്ക് കണ്ണെറിഞ്ഞു. ഇല്ല എത്തിയിട്ടില്ല. പെട്ടെന്ന് പിന്നിൽ നിന്നും ഒരു ഉന്തും തള്ളും. പതിവ് അനുഭവം; തിരക്കേറുന്നു. കൈയിലെ റോസാപ്പൂ ഓർത്ത് ഞാൻ വേവലാതി പെട്ടു. കൈകൾ ഒന്നുയർത്താൻ ശ്രമിച്ചു. ഇല്ല; കഴിയുന്നില്ല. എൻ്റെ നെഞ്ചിടിപ്പ് ഉയർന്നു. പിന്നെയും പിന്നെയും കണ്ണെറിഞ്ഞു. സഹജീവികളെ മാത്രം കണ്ണിൽ കണ്ടു. എവിടെ പോയി...? ദിശ മാറി പറന്നുവോ എൻ്റെ ഹൃദയത്തിലെ ശലഭം..? ചിന്തകൾ എൻ്റെ ആത്മാവിനെ അടിമപ്പെടുത്തുന്നു. പിന്നിലേക്ക് വെറുതെ ഒന്ന് ശ്രദ്ധിച്ചു. വഴികൾ അടഞ്ഞു. ഇടുക്കുകൾ പോലും ജനസമൃദ്ധം. 


വിധിയുടെ വിളയാട്ടത്തിൽ സൂചികൾ ഒപ്പമെത്താൻ പരിശ്രമിക്കും. മണിക്കൂറുകൾ മിനിറ്റുകൾ ആയി ചുരുങ്ങുന്നു. പിന്നെയും പിന്നെയും ചുരുക്കം മാത്രം. വെളിച്ചം കണ്ണിൽ ആഞ്ഞ് കുത്തിയപ്പോൾ പിന്നെയും ശ്രദ്ധ അവളിലേക്ക്. അതെ; പിന്നെയും കൊഴിഞ്ഞു പോയി. ഏതോ കാറ്റിൽ ഇതളുകൾ പറന്നലിഞ്ഞു. 


നിരാശയിൽ മുഴുകിയ ഒരു മന്ദഹാസം അബോധത്തിൽ എന്നവണ്ണം തെളിഞ്ഞു. ഓരോ ദിവസവും എനിക്കും നിങ്ങൾക്കും ഓരോ പ്രതീക്ഷ. ഒടുവിൽ ഒരു മന്ദഹാസം; അർത്ഥം മാത്രം വിഭിന്നം. 


കാലം നയിക്കുന്ന ഒഴുക്കിൽ പലതരം മന്ദഹാസങ്ങൾക്കൊപ്പം കൈയിൽ ഒരു റോസാപ്പൂവും ഏന്തി ഞാൻ അലയുന്നു. ഈ ദിനവും കടന്ന് പോയി. ഏതോ കാറ്റിൽ അലിഞ്ഞു പോയ ഇതളുകൾ ഒരു നാൾ...... ഒരു നാൾ, എൻ്റെ ഹൃദയത്തിലെ ശലഭത്തിനു വേണ്ടി വിടരും. ഓരോ പ്രതീക്ഷയിൽ ഇന്നലെ മറക്കാൻ തീർപ്പ് ചെയ്യുന്നു. മുന്നിൽ ഉത്തരം നൽകാതെ നാളെ ഉണ്ട് എന്ന് ചിന്തിക്കാത്ത കാലം വരെ മന്ദഹാസം അർത്ഥ ശൂന്യം തന്നെ. 


പിന്നെയും, ഏതോ ആകാശത്തിൽ ഗരുഡൻ ചുഴറ്റുന്ന സായാഹ്നത്തിൽ, ഏതോ വൃദ്ധ പിതാവിനൊപ്പം, ഏതോ ലോകത്ത് അലഞ്ഞ് ഞാനും എൻ്റെ ഇതളുകളും. 


പിന്നെയും, എൻ്റെ ഹൃദയത്തിലെ ശലഭം തേൻ നുകരാൻ വരുമെന്ന പ്രതീക്ഷയിൽ..........



Rate this content
Log in