Harikrishnan K

Drama Thriller

4.3  

Harikrishnan K

Drama Thriller

സാക്ഷി

സാക്ഷി

5 mins
353


സമയം രാവിലെ 9.30 യോട് അടുക്കുന്നു. മലനിരകൾ കൊണ്ട് വലയപ്പെട്ട സുന്ദരിയായ ഇടുക്കിയിലെ തൊടുപുഴ പോലീസ് സ്റ്റേഷൻ. താരതമ്യേന വലിയ ക്രമസമാധാന പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത പരിധി ആയിരുന്നു തൊടുപുഴ. പോലീസിന് ആകെ തലവേദന ആയിട്ടുള്ളത് ചെറിയ രാഷ്ട്രീയ അടിപിടികൾ മാത്രം. തികച്ചും സുഖം സ്വസ്ഥം സമാധാനം. ആ നാട്ടിലെ മുഖ്യമായ പ്രശ്നങ്ങൾ എല്ലാം ഒത്തുതീർപ്പ് ആക്കിയിരുന്നത് കമലേഷ് ആയിരുന്നു: സഖാവ് കമലേഷ്. ശുദ്ധ രാഷ്ട്രീയക്കാരൻ. തൊടുപുഴക്കാരുടെ കണ്ണിലുണ്ണി. സ്റ്റേഷനിൽ ആ സമയം കുറച്ച് പോലിസ്കാരെ ഉണ്ടായിരുന്നുള്ളൂ. SI ഉണ്ടായിരുന്നില്ല.

                 **************

          തൊട്ടുമുമ്പുള്ള ദിവസം രാത്രി. പത്തനംതിട്ട ജില്ല പാർട്ടി ഓഫീസ്. സമയം ഏകദേശം 10 മണി കഴിഞ്ഞു. മീറ്റിങ് കഴിഞ്ഞ് എല്ലാ സഖാക്കളും പിരിഞ്ഞു തുടങ്ങി. ജില്ലാ സെക്രട്ടറി കോന്നി അരവിന്ദൻ മാത്രം അവശേഷിക്കുന്നു. ഓഫീസ് വിജനമായപ്പോൾ നക്ഷത്രങ്ങൾ പതിച്ച ഒരു കാർ അവിടെ എത്തി. സംസ്ഥാന ആഭ്യന്തര മന്ത്രി സഖാവ് രാജശേഖരൻ ആയിരുന്നു അത്. ഇരുവരും ഓഫീസിൽ ഇരുന്ന് ഒരുപാട് സമയം സംസാരിച്ചു. ലക്ഷ്യം ഒന്ന്: തൊടുപുഴയിലെ സഖാവ് കമലേഷിനെ വകവരുത്തുക. സ്വന്തം പാർട്ടിയിലെ അനുയായിയെ തന്നെ കൊല്ലുക. അതിനുള്ള കാരണം..?

     കാരണം ഉണ്ട്. കമലേഷ് ഒരു ശുദ്ധ രാഷ്ട്രീയക്കാരൻ തന്നെ ആയിരുന്നു. അതുകൊണ്ട് അഴിമതികൾക്ക് എതിരെ അയാൾ ശബ്ദം ഉയർത്തിയിരുന്നു; സ്വന്തം പാർട്ടി ആയാലും. ഉയർത്തി, ആഭ്യന്തര മന്ത്രിയുടെ വൻ കോഴ വാങ്ങലിനെതിരെ. ആട്ടിൻ തോലിട്ട ആ ചെന്നായയുടെ യഥാർത്ഥ മുഖം ജനങ്ങളെ ബോധ്യപ്പെടുത്താൻ അയാൾ തീരുമാനിച്ചു. 

     അക്കാരണത്താൽ കമലേഷിനെ തീർക്കാൻ സ്വന്തം മണ്ഡലത്തിൽ ആ രാത്രി എത്തി പദ്ധതികൾ ആസൂത്രണം ചെയ്തു സഖാവ് രാജശേഖരൻ. ഒടുവിൽ ആ ജോലി ഒരു ക്വട്ടേഷൻ സംഘത്തിന് നൽകി കമലേഷിനെ രക്തസാക്ഷിയാക്കാൻ തീരുമാനിച്ചു. ശേഷം ആ കുറ്റം എതിർ പാർട്ടിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനും. "തലയ്ക്ക് മീതെ വളർന്നാൽ സ്വന്തം തന്ത ആയാലും വെട്ടിയ പാരമ്പര്യമേ " രാജശേഖരൻറെ രക്തത്തിൽ ഉള്ളൂ. 

                 ***************

      തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഘടികാരത്തിൽ സമയം കൃത്യം 9.45. പുറത്ത് പോയ SI യും സംഘവും തിരിച്ചെത്തിയിട്ടില്ല. സ്റ്റേഷൻറെ കവാടത്തിന് മുന്നിൽ ഒരു ചെറുപ്പക്കാരൻ വന്ന് നിന്നു. മെല്ലെ ഗേറ്റ് തുറന്നു അയാൾ അകത്തേക്ക് കയറി. പതിഞ്ഞ സ്വരത്തിൽ അവിടെ ഇരുന്ന കോൺസ്റ്റബിളിനോട് അയാൾ SI ഉണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം മുഖം ഉയർത്തി ആ ചെറുപ്പക്കാരനെ ഒന്ന് നോക്കി. ശേഷം എസ്. ഐ. ഇല്ലാ എന്ന് പറഞ്ഞു. പരാതി നൽകാൻ ആണെങ്കിൽ കൊടുക്കാനും ആവശ്യപ്പെട്ടു. അയാൾ എസ്.ഐയെ കാണാനാണ് വന്നതെന്ന് പറഞ്ഞ് അവിടെ ഉള്ള ബെഞ്ചിൽ ആസനസ്ഥനായി. പോലീസുകാരുടെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ അയാൾ ശാന്തനായി ഇരുന്നു. എസ്.ഐയെ കാത്ത്. 

     മറ്റുള്ള പോലീസുകാർ വിവരം എസ്.ഐയെ അറിയിച്ചു. അതറിഞ്ഞ് അദ്ദേഹം ഉടനെ തന്നെ സ്റ്റേഷനിൽ എത്തി. എസ്.ഐയുടെ നിർദ്ദേശ പ്രകാരം ചെറുപ്പക്കാരനെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിട്ടു. അയാൾ വന്ന കാര്യം എസ്. ഐ സജീഷ് സാറിനോട് പറഞ്ഞു. അയാൾ സാക്ഷി പറയാൻ വന്നതാണ്. ഒരു കൊലപാതക കേസ്. കൊല്ലപ്പെട്ടത് സഖാവ് കമലേഷ്! സജീഷ് സാർ ഞെട്ടി തരിച്ചു. പോലീസുകാരുടെ പ്രിയ സുഹൃത്ത്; സഹായി. ജനപ്രിയൻ. അദ്ദേഹത്തെ ആരാണ് കൊല്ലുക?? പോലീസുകാരുടെ ആ ചോദ്യത്തിന് ആ ചെറുപ്പക്കാരൻ മൗനം പാലിച്ചു. ശേഷം സജീഷ് സാറിൻറെ മുഖത്ത് നോക്കി അയാൾ ചോദ്യത്തിന് ഉത്തരം പറഞ്ഞു : കേരളത്തിന്റെ ആഭ്യന്തരമന്ത്രി സഖാവ് രാജശേഖരൻ ! എല്ലാവരും ഞെട്ടലോടെ നിന്നു. നാലു പേർ ചേർന്ന് കമലേഷിനെ വെട്ടി കൊല്ലുകയും ശേഷം ഇത് സഖാവ് രാജശേഖരന് വേണ്ടി ആണെന്ന് പറഞ്ഞത് കേട്ടു എന്നാണ് " സാക്ഷി" യുടെ മൊഴി. ശേഷം ഒരു മുദ്രാവാക്യവും; "ലാൽസലാം."

      കമലേഷിനെ കാണ്മാനില്ല എന്ന ഒരു പരാതി സ്റ്റേഷനിൽ ഇതുവരെ എത്തിയിട്ടില്ല. ഒരു അജ്ഞാത ജഡം കണ്ടെത്തിയതായും വിവരം ഒന്നും ഇല്ല. ആ ചെറുപ്പക്കാരൻ പറഞ്ഞത് ശരി ആയിരിക്കുമോ ? പോലീസുകാർ ആകെ കുഴഞ്ഞു. അവർ അയാളുടെ ആധാർ മുതലായ രേഖകൾ വാങ്ങി വെച്ചു. അതിൽ നിന്ന് അയാളുടെ പേര് വിജീഷ് മോഹൻ എന്നാണെന്ന് അവർ മനസ്സിലാക്കി. സ്വദേശം ഹരിപ്പാട്. എങ്ങനെ അയാൾ തൊടുപുഴയിൽ എത്തി? എന്തിന്? മറുപടി ഇല്ല. 

      കമലേഷിനെ ഇന്ന് ഇതുവരെ ആരും തന്നെ കണ്ടിട്ടില്ല. വീട്ടിലും ഇല്ലായിരുന്നു -- എസ്.ഐ സജീഷ് അന്വേഷിച്ചു. എന്ത് ചെയ്യണം എന്നറിയാതെ ഒടുവിൽ സജീഷ് മന്ത്രിയുടെ പി. എ യെ വിളിക്കാൻ തീരുമാനിച്ചു. ഫോൺ നമ്പർ നേരത്തെ തന്നെ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. 

                    ************

       മന്ത്രി രാജശേഖരൻ അടിയന്തരമായ ഒരു യോഗത്തിൽ പങ്കെടുക്കുക ആയിരുന്നു. പല തവണ സജീഷ് സാർ വിളിച്ചിട്ടും പി എ ഫോൺ എടുത്തില്ല. ഒടുവിൽ സഹികെട്ട് അയാൾ ഫോൺ എടുത്ത് യോഗം കഴിഞ്ഞ് ഇറങ്ങിയ മന്ത്രിക്ക് കൈമാറി. സജീഷ് കാര്യങ്ങൾ എല്ലാം വിശദമായി അദ്ദേഹത്തോട് പറഞ്ഞു. സഖാവ് ഒരു നിമിഷം പതറി . താനും അരവിന്ദനും മാത്രം അറിഞ്ഞ വിഷയം എങ്ങനെ മൂന്നാമത് ഒരാൾ........ സ്വന്തം പാർട്ടിയിലെ അനുയായിയെ തന്നെ കൊന്ന കാര്യം പുറത്ത് അറിഞ്ഞാൽ അത് പാർട്ടിയെ ദോഷമായി ബാധിക്കും. കൂടാതെ ആറു മാസം കഴിഞ്ഞാൽ ഇലക്ഷൻ ആണ്. ഒടുവിൽ സഖാവ് തൊടുപുഴയിലേക്ക് പോകാൻ തീരുമാനിച്ചു. സാക്ഷിയെ മുഖാമുഖം കാണാൻ.       

         മന്ത്രി എത്തുന്ന വിവരം അറിഞ്ഞ് പോലീസുകാർ സ്റ്റേഷനിൽ ഉണ്ടായിരുന്ന പ്രതികളെ എല്ലാം ദ്രുതഗതിയിൽ , ഒരു വിശദീകരണവും ഇല്ലാതെ പുറത്തേക്ക് വിട്ടു.

പോലീസുകാർ പല ചോദ്യങ്ങൾ ചോദിച്ചെങ്കിലും ആ ചെറുപ്പക്കാരൻ മൗനം പാലിച്ചു തന്നെ ഇരുന്നു. വേട്ടക്ക് മുൻപുള്ള ശാന്തത. ഇരയെ തേടി ഇരിക്കുന്ന സിംഹത്തെ പോലെ.      

      ഒടുവിൽ മന്ത്രി സഖാവ് രാജശേഖരൻ എത്തി. ആരും അറിയാതെ, ഒരു മാധ്യമങ്ങളും അറിയാതെ. എത്ര അടച്ചാലും അടയാതെ ഒരു പഴുത് ഉണ്ടാവും. ആ രഹസ്യ ആഗമനം മാധ്യമങ്ങൾ അറിഞ്ഞു. അവർ മധുരം കിട്ടിയ ഉറുമ്പുകളെ പോലെ പാഞ്ഞെത്തി. അവർ ഗേറ്റിനു പുറത്ത് തിങ്ങി നിറഞ്ഞു. അവർ അകത്തേക്ക് കടക്കാതെ പോലീസുകാർ ശ്രദ്ധിച്ചു. 

      അകത്ത് മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി ഒരു മുറിയിൽ എല്ലാവരും നിരന്നു. സഖാവും സാക്ഷിയും മുഖാമുഖം ഇരുന്നു. എങ്ങനെയും അയാളെ സാക്ഷി പറയുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ആണ് മന്ത്രിയുടെ ലക്ഷ്യം. എന്നാൽ സാക്ഷി ഒരു പടി പോലും പിന്നോട്ട് പോകാൻ തയാറായില്ല. ഒടുവിൽ മന്ത്രി രാഷ്ട്രീയക്കാരൻ്റെ ഏറ്റവും വൃത്തികെട്ട ആയുധം ഉപയോഗിച്ചു: പണം. എന്നാൽ സാക്ഷി അതിലും വീണില്ല. അയാൾക്ക് മറ്റ് എന്തോ ആവശ്യം ഉണ്ടെന്ന് സഖാവിന് മനസ്സിലായി. അദ്ദേഹം നേരിട്ട് ആ കാര്യം ചോദിച്ചു. അയാൾക്ക് ഒരു ആവശ്യം ഉണ്ടായിരുന്നു: സഖാവ് കമലേഷ് കൊല്ലപ്പെട്ട വിവരം മന്ത്രി നേരിട്ട് മാധ്യമങ്ങളെ അറിയിക്കണം. അതിന് വേണ്ടിയാണ് അവിടെ എത്തിയത് എന്നും. 

      സഖാവ് ഒരു നിമിഷം മൂകനായി.ഏറെ നേരത്തെ ആലോചനകൾക്ക് ശേഷം അദ്ദേഹം ആ ആവശ്യം നിറവേറ്റാൻ തീരുമാനിച്ചു. മാധ്യമങ്ങളോട് ആ കാര്യം അദ്ദേഹം പറഞ്ഞു. എല്ലാം കഴിഞ്ഞു എന്ന് കരുതി.പക്ഷേ ...... മാധ്യമങ്ങൾക്കിടയിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു, സഖാവ് കമലേഷ് മരിച്ചിട്ടില്ല എന്നും, അദ്ദേഹം ദേവികുളത്ത് ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക ആണെന്നും പറഞ്ഞു. ഒപ്പം ഒരു ലൈവ് വീഡിയോ. 

      മന്ത്രിയും പോലീസുകാരും തികച്ചും ഞെട്ടി പോയി. എന്താണ് സംഭവിച്ചത്? കലിപൂണ്ട സഖാവ് സാക്ഷിയെ അടിച്ചു വീഴ്ത്തി. ശേഷം എസ്.ഐ സജീഷും കൂട്ടരും അത് ഏറ്റെടുത്തു. എന്നാൽ അയാളെ മർദ്ദിച്ചത് കൊണ്ട് കാര്യമില്ല. മന്ത്രിക്ക് ഫോൺ വിളികളുടെ ചാകര ആയിരുന്നു. ലോക്കൽകമ്മിറ്റി മുതൽ മുഖ്യമന്ത്രി വരെ. സഖാവിന് എന്ത് ചെയ്യണം എന്നറിയാതെ നിന്നു. അദ്ദേഹം അത്യധികം കുപിതനായി. ആ ചെറുപ്പക്കാരന് മറ്റ് എന്തോ ലക്ഷ്യം ഉണ്ടെന്ന് മന്ത്രിക്ക് മനസ്സിലായി. ഒടുവിൽ അയാൾ തൻറെ ആവശ്യം അറിയിച്ചു. അയാൾക്ക് മണികണ്ഠനെ വേണമായിരുന്നു. ആദിവാസി ഊരിൽ 2 വർഷങ്ങൾക്ക് മുമ്പ് അന്നത്തെ റവന്യൂ മന്ത്രിയും ഇന്നത്തെ ആഭ്യന്തരമന്ത്രിയും ആയ സഖാവ് രാജശേഖരൻറെ സഹായത്തോടെ ഇംഗ്ലീഷ് കമ്പനിയുടെ ഫാക്ടറി സ്ഥാപനം തടഞ്ഞ പോരാളി മണികണ്ഠൻ. അതെ മന്ത്രിയുടെ നിർദ്ദേശപ്രകാരം ഇതേ സ്റ്റേഷനിൽ ലോക്കപ്പ് മരണത്തിന് കീഴടങ്ങിയ ഇര. ആ മണികണ്ഠനെ എങ്ങനെ തിരിച്ചുകൊടുക്കും? എസ്.ഐ സജീഷ് കാര്യങ്ങൾ ധരിപ്പിച്ചു. സാക്ഷി മൗനമായി ഇരുന്നു.

      ശേഷം അയാൾ മന്ത്രിയെ ഒറ്റയ്ക്ക് വിളിച്ചു സംസാരിച്ചു. സാക്ഷി മന്ത്രിക്ക് മുന്നിൽ ഒരു ആവശ്യം അറിയിച്ചു. മണികണ്ഠൻ്റെ മരണം പുറത്ത് അറിയാതെ നോക്കാം; മന്ത്രിയെ രക്ഷിക്കാം. മന്ത്രി കുറ്റക്കാരൻ ആണെന്ന് അറിഞ്ഞാൽ അന്ന് ഇംഗ്ലീഷ് കമ്പനിയുടെ കൈയിൽ നിന്നും വാങ്ങിയ 50 കോടി രൂപ തിരിച്ചു കൊടുക്കണം. മന്ത്രി ഒരു നിമിഷം പതറി. ഇതൊക്കെ ഇവൻ എങ്ങനെ അറിഞ്ഞു? എന്തായാലും മന്ത്രി ആ ആവശ്യം ചോദിച്ചു. ഒരേയൊരു ആവശ്യം, മണികണ്ഠൻ ലോക്കപ്പ് മരണത്തിന് കീഴടങ്ങിയ സംഭവം എസ്.ഐ സജീഷ് മാധ്യമങ്ങളെ അറിയിക്കണം. മന്ത്രി ആ ആവശ്യം അംഗീകരിച്ചു. തൻറെ സുരക്ഷാ മാത്രമായിരുന്നു ആ ചെന്നായയുടെ ലക്ഷ്യം. 

       എന്നാൽ ആ ആവശ്യം അംഗീകരിക്കാൻ സജീഷ് തയാറായില്ല. മറ്റൊരാൾക്ക് വേണ്ടി തന്റെ ജീവിതം ബലി കൊടുക്കാൻ ആര് തയ്യാറാവും? എങ്ങനെയും അയാളെ കൊണ്ട് സമ്മതിപ്പിക്കുകയാണ് സഖാവിന്റെ ലക്ഷ്യം. എന്നാൽ ഒടുവിൽ അത് കയ്യാങ്കളിയിൽ എത്തി. കുപിതനായ മന്ത്രി എസ് ഐക്ക് നേരെ അയാളുടെ തന്നെ തോക്ക് ചൂണ്ടി. സമനില തെറ്റിയ സഖാവ് ഒടുവിൽ എസ്. ഐ യെ വെടിവെച്ചു. മന്ത്രിയാൽ എസ്.ഐ കൊല്ലപ്പെട്ടു.

             മന്ത്രി ജയിലിൽ ആയി. ഒരേയൊരു ചിന്ത മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ: 30 കൊല്ലത്തെ രാഷ്ട്രീയ ജീവിതത്തിൽ തന്നെ വീഴ്ത്തിയ ഒരേയൊരു എതിരാളി -- സാക്ഷി.ആരാണ് അവൻ? അദ്ദേഹത്തിന് മനസ്സിലായില്ല. അങ്ങനെ ഒരു ദിവസം സാക്ഷി അദ്ദേഹത്തെ കാണാൻ ജയിലിൽ എത്തി. താൻ ആരാണെന്ന രഹസ്യം അയാൾ വെളിപ്പെടുത്തി. 

     അയാൾ കർണാടകയിൽ ഒരു ജൂനിയർ വക്കീൽ ആയി ജോലി ചെയ്യുന്നു. രണ്ടു വർഷങ്ങൾക്കു മുമ്പ് അന്നത്തെ റവന്യൂ മന്ത്രിയായ സഖാവ് രാജശേഖരൻ്റെ അഴിമതികൾക്ക് എതിരെ സാമൂഹിക പ്രവർത്തകയായ വിജി എന്ന പെൺകുട്ടിയുടെ നേതൃത്വത്തിൽ വൻ സമരങ്ങൾ നടന്നു. ഒടുവിൽ വിജിയെ വാഹനാപകടത്തിൻ്റെ മറവിൽ സഖാവ് രാജശേഖരൻ കൊലപ്പെടുത്തി. ആ വിജി സാക്ഷിയുടെ ഭാര്യ ആയിരുന്നു. സങ്കടവും ദേഷ്യവും നിറഞ്ഞ അയാളുടെ മനസ്സിൽ സഖാവിനോട് പകയായി. അങ്ങനെ ഇരിക്കുമ്പോഴാണ് വക്കീൽ ആയ അയാളുടെ അടുത്ത് മണികണ്ഠൻ്റെ ഭാര്യ എത്തിയത്.


      ഒരേയൊരു ആവശ്യം, മണികണ്ഠന് എന്ത് പറ്റി? ചെയ്തവർക്ക് ശിക്ഷ. തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ, പിന്നീട് അയാൾ സഖാവിനെ പിന്തുടരുന്ന. അങ്ങനെ കമലേഷിനെ രക്തസാക്ഷിയാക്കാൻ തീരുമാനിച്ചത് അറിഞ്ഞ് അതു വെച്ച് ഒരു നാടകം കളിച്ചു. ഒടുവിൽ മന്ത്രിക്ക് ശിക്ഷ, എസ് ഐക്ക് മരണം. തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം. അത് പ്രകൃതി നിയമം. എല്ലാം കേട്ട് മന്ത്രി നിശബ്ദമായി ഇരുന്നു. ഒടുവിൽ ഒരു ചോദ്യം," എന്താ നിന്റെ ശരിക്കും ഉള്ള പേര്?"

അയാൾ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു," പേരിൽ ഒക്കെ എന്ത് ഇരിക്കുന്നു. പക്ഷേ ഞാൻ ഇപ്പോൾ എന്നെ സ്വയം വിളിക്കുന്ന ഒരു പേരുണ്ട് - സാക്ഷി". 

   സാക്ഷി മെല്ലെ ഇരുളിനെ കീറിമുറിച്ച് മുന്നോട്ടു നടന്നു 


Rate this content
Log in

Similar malayalam story from Drama