Harikrishnan K

Others

3.8  

Harikrishnan K

Others

കാഴ്ചയുടെ നേർചിത്രം

കാഴ്ചയുടെ നേർചിത്രം

4 mins
406



വിരോധാഭാസമാണ് എങ്ങനെയും എന്തും. മറ്റൊരു രീതിയിൽ അഹങ്കാരം.മനുഷ്യരാണ്. അതുകൊണ്ട് ഏതും ചെയ്യാം. എന്തും പറയാം. സൂര്യൻ കിഴക്ക് ഭാഗത്ത് ഉദിക്കുന്നത് ന്യായം. പക്ഷേ ഒരു ദിക്കിൽ മറയാൻ വേണ്ടി മറ്റൊരു ദിക്കിൽ ഉദിക്കുന്നു എന്ന് പറഞ്ഞാൽ വിരോധാഭാസം. ശുദ്ധ അഹങ്കാരം. അന്യായം. ഇനി ബോധം. "പണ്ഡിത സിദ്ധാന്ത "പ്രകാരം സൂര്യൻ എവിടെ ഉദിക്കുന്നുവോ അതാണ് കിഴക്ക്. പക്ഷേ പ്രത്യേക ഘട്ടത്തിൽ, സൂര്യൻ ഒരു കുസൃതിക്കായി പടിഞ്ഞാറ് ഭാഗത്ത് നിന്നും പൊങ്ങിയാൽ, ഈ വിദ്വാന്മാർ ആ ഭാഗം കിഴക്ക് എന്ന് മുദ്രകുത്തും ആയിരിക്കും അല്ലേ! കുത്തണം അല്ലാച്ചാ സിദ്ധാന്തം വെറും ഒരു അമർ ചിത്രകഥ ആവില്ലേ. അപ്പോൾ ശരിക്കും കിഴക്ക് ഏതെന്ന് ഒരു സംശയം. സൂത്രവാക്യം 0.1 : നല്ല തെളിഞ്ഞ പ്രഭാതത്തിൽ താങ്കളുടെ മധുരാലയത്തിൻ്റെ വാതിൽ മെല്ലെ തുറന്ന് കണ്ണുകൾ പൂട്ടി, കിളികളുടെ നാദവും സൂര്യഭഗവാൻ്റെ അനുഗ്രഹവും കാരുണ്യവും എവിടെ നിന്ന് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തു. അതാണ് നിങ്ങളുടെ കിഴക്ക്, എപ്പോഴും. പൂട്ടിയ കണ്ണുകൾ തുറക്കൂ, നേർക്കാഴ്ചയുടെ യാഥാർത്ഥ്യത്തിലേക്ക്.

എന്റെ ഈ അക്ഷരവിപ്ലവം ചിലർക്ക് മുറിവേൽപ്പിച്ചേക്കാം. പക്ഷേ ഇത് യാഥാർത്ഥ്യം ആണ്. അതുകൊണ്ട് നിങ്ങൾക്ക് വിമർശിക്കാം. ഉള്ളത് പറയുമ്പോൾ തുള്ളിയാൽ എന്താല്ലേ!! ഉന്മൂലനം ആണ്; ന്യായത്തെ അന്യായവും ആയി കൂട്ടിക്കുഴച്ച് ശാസ്ത്രീയതയെ അശാസ്ത്രീയമായി പരിണമിപ്പിക്കുന്ന യാഥാർത്ഥ്യത്തെ മിഥ്യയാക്കുന്ന ചത്ത് കിടക്കുന്നവനെപ്പോലും ചാടിക്കുന്ന ഭൂലോകനാഥന്മാരുടെ അരുമ ശിഷ്യന്മാർ ആയി പരിണമിച്ച , അഞ്ജതയുടെ ഇരുട്ടിൽ സഞ്ചരിക്കുന്ന, മഹാവിഡ്ഢിമനുഷ്യരേ, നിങ്ങളുടെ പൂർവികരായ കുരങ്ങനു പോലും ഇതിലും ബോധം ഉണ്ടെന്നുള്ളത് ഒരു ഭൂലോക സത്യം. വിദ്വാന്മാർക്ക് അതും വിരോധാഭാസം. വിറ്റാമിൻ ഡി ലഭിക്കാനായി സൂര്യപ്രകാശം ഏറ്റുവാങ്ങുന്ന മാനുഷരെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അതെ വിദ്വാൻ തന്നെ, വീട്ടിൽ പ്രേതബാധ ഉണ്ടെന്ന് പേരിൽ വരിവരിയായി ഹോമങ്ങൾ നടത്തുന്നു. കുറച്ച് ആഴ്ചകൾ കഴിഞ്ഞ് ഞാൻ അദ്ദേഹത്തോട് ചോദിച്ചു," ചേട്ടാ, പ്രേതം ഒഴിഞ്ഞ് പോയോ?". 

അയാൾ നിരാശയോടെ പറഞ്ഞു," ഇല്ലന്നെ , ഇനിയും 2 ഹോമങ്ങൾ കൂടി വേണമെന്ന് സ്വാമി പറഞ്ഞു. അദ്ദേഹം പറഞ്ഞാ പക്ഷേ അച്ചട്ടാ. പേടിച്ചാ ആ വീട്ടിൽ കഴിയുന്നെ. ഒപ്പം അസുഖങ്ങളും കൂടി.ഹാ!"

എനിക്ക് അയാളോട് സഹതാപം ആണ് തോന്നിയത്.മുഖം വിളറിയിരിക്കുന്നു. ശരീരം പഴയതുപോലെ അല്ലെ. അവശനായി. എന്നും വെളിച്ചം ഏറ്റുവാങ്ങുന്നുണ്ട്. പക്ഷേ അഞ്ജതയുടെ ഇരുട്ടിൽ ആ "ആയുർരശ്മികൾ" അയാളിൽ അപ്രസക്തമാവുന്നു. പഠിപ്പും അറിവും ഉണ്ടായിട്ട് കാര്യമില്ല. ബോധം അതാണ് ആവശ്യം. സമ്പത്തിനായി കുരുതികൾ നടത്തുന്ന, ജാതിയുടെ പേരിൽ കൊലകൾ നടക്കുന്ന, അഞ്ജതയുടെ ഇരുട്ടിൽ സഞ്ചരിക്കുന്ന, പണത്തിനായി എന്തും ചെയ്യുന്ന, ഞാനുൾപ്പെടെ ഉള്ള മലയാളത്തിൽ ആണ് ഇത് കുറിക്കുന്നത്. ശുദ്ധ വിരോധാഭാസം.

ഞാൻ തികഞ്ഞ ഒരു ദൈവവിശ്വാസി ആണ്. പ്രത്യേക സാഹചര്യങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ എന്നും ഞാൻ നെറ്റിയിൽ ചന്ദനം ചാർത്താറുണ്ട്. പലരും എന്നോട് ചോദിക്കാറുണ്ട്, എന്തിനാ എന്നും ഈ ചന്ദനം ഇടുന്നത് എന്ന്. എനിക്ക് ആ ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾ ഉണ്ട്. 

ഒന്ന്, ദൈവത്തിൽ ഉള്ള അചഞ്ചലമായ വിശ്വാസം. 

രണ്ട്, ആ പ്രസാദം ശരിക്കും ഒരു ശക്തി നൽകുന്നു. ഒരു ധൈര്യം, എന്തും നേരിടാനുള്ള ആത്മവിശ്വാസം. ആയതിനാൽ, എത്ര വൈകിയാലും ദൈവത്തിന്റെ പ്രസാദം എന്നോടൊപ്പം ചേർത്തിരിക്കും. ഒന്നുകൂടി പറയാം, ഈ അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരമാണ്. പലർക്കും പല അഭിപ്രായങ്ങളുണ്ടാവാം. അല്ല ഉണ്ട്. അതാണ് ശരി. ഒരിക്കൽ, എൻ്റെ ഒരു സുഹൃത്ത് ക്ലാസിൽ വെച്ച് എന്നോട് ഒരു ചോദ്യം ചോദിച്ചു. 

"ഡാ, ശരിക്കും ഈ ദൈവം ഉണ്ടോ?"

ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. എനിക്ക് ഒറ്റ ഉത്തരം,"ഉണ്ട്."

പക്ഷേ അവൻ മറ്റൊരു ചോദ്യം ചോദിച്ചു," ശരി. അപ്പോ നീ ദൈവത്തെ കണ്ടിട്ടുണ്ടോ?"

ഞാൻ എന്തോ പറയാൻ വന്നു. പക്ഷേ കഴിഞ്ഞില്ല. തടഞ്ഞു, ശബ്ദനാളത്തിൽ. മൗനം. പെട്ടെന്ന് അധ്യാപകൻ വന്നതിനാൽ ആ സംഭാഷണം അവിടെ നിലച്ചു. അന്ന് അത് എനിക്ക് വെറും ഒരു ചോദ്യം മാത്രം ആയിരുന്നു. പക്ഷേ ഇന്ന് അത് എന്നെ ചിന്തകളുടെ അഗാധ ഗർത്തത്തിലൂടെ സഞ്ചരിച്ച് മഹാസമുദ്രത്തിൻ്റെ ആഴങ്ങളിൽ നിന്ന് കുതിച്ച് ചാടാൻ പ്രേരിപ്പിച്ചു. ശരിക്കും ഒരു യാത്ര, ഭൂതത്തിൽ നിന്നും വർത്തമാനത്തിലേക്കും അതുവഴി ഭാവിയിലേക്കും . ഒരു ഭ്രാന്തൻ്റെ ഭാരിച്ച കാൽപ്പാടുകൾക്ക് ഒപ്പം ചേർന്നുള്ള ഒരു തീർത്ഥയാത്ര...

സർവ്വചരാചര സൃഷ്ടാവാം ദൈവമേ, സത്യസ്വരൂപനമാം ചൈതന്യമെ....." ആത്മാവിനെ പോലും അലിയിപ്പിക്കുന്ന വരികൾ. കഴിഞ്ഞ 7വർഷങ്ങളായി എന്നും പ്രഭാതത്തിൽ ഈ വരികൾ കാതിൽ മുഴങ്ങുന്നു. ഹൃദയത്തിൽ ലയിക്കുന്നു. തിരിച്ച് ആ ചോദ്യത്തിലേക്ക് വരാം. " ദൈവം ഉണ്ടോ? ഉണ്ടെങ്കിൽ കണ്ടിട്ടുണ്ടോ?" ശരിക്കും ഈ ചോദ്യത്തിന് ഉത്തരം ഉണ്ടോ എന്ന് പലരും ചിന്തിക്കും. ഉണ്ടോ? 

സൂത്രവാക്യം 0.2 :1856 - 1915 കാലഘട്ടത്തിൽ അമേരിക്കയിൽ ജീവിച്ചിരുന്ന ഒരു മഹാനായ വ്യക്തി ആയിരുന്നു എഫ്. ഡബ്ല്യു. ടെയ്‌ലർ. അദ്ദേഹത്തിന്റെ സിദ്ധാന്തം ഞാൻ ഇവിടെ ഉപയോഗിക്കുന്നു. അഥവാ അനുസ്മരിക്കുന്നു. നമ്മൾ എന്ത് പ്രവൃത്തിയും അഥവാ പ്രശ്നവും ശാസ്ത്രീയമായ രീതിയിൽ വേണം പ്രവർത്തിക്കാൻ, എന്നാണ് ആ വിദ്വാൻ്റെ പറച്ചിൽ. എൻ്റെ അഭിപ്രായത്തിൽ ആ സിദ്ധാന്തം ഏറെക്കുറെ ശരിയുമാണ്. പക്ഷേ പൂർണ്ണമായും 'ശരി'എന്ന് പറയാറായിട്ടില്ല. എന്തായാലും ഞാൻ ആ വഴി ഉപയോഗിക്കുന്നു. ദൈവത്തിന്റെ വിഷയം ആയതിനാൽ അവിടെ വിശ്വാസം എന്ന വലിയ ഒരു ഘടകത്തിന്റെ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യം പ്രകടമാണ്. ഭക്തിയും വിശ്വാസവും ഒരിക്കലും ഒന്നല്ല,എന്നാൽ രണ്ടും അല്ല. ഭക്തിയുള്ള ആൾ വിശ്വാസി ആവണമെന്നില്ല. വീണ്ടും ചോദ്യത്തിലേക്ക് വരാം. വീണ്ടും ആവർത്തിച്ച് മുഷിപ്പിക്കുന്നില്ല. വിശാലമായി ഒന്ന് അപഗ്രഥിച്ച്, യാത്രയിലെ ഒരു സത്രത്തിൽ എത്തിച്ചേരാം

ഒരിക്കൽ ഒരു മലയാള മാസം ഒന്നാം തീയതി. അന്ന് ഞാൻ എൻ്റെ അച്ഛനോടൊപ്പം ക്ഷേത്രത്തിൽ പോവുക ആയിരുന്നു. വഴിയിൽ വെച്ച് അച്ഛൻ്റെ ഒരു സുഹൃത്തിനെ കണ്ടു (പേര് പറയുന്നില്ല). അയാളെ കണ്ടപ്പോഴേ അച്ഛൻ ഒന്ന് സംശയിച്ചു. അദ്ദേഹം തികഞ്ഞ ഒരു ദൈവവിശ്വാസി ആണ്. എല്ലാ ഒന്നാം തീയതിയും അമ്പലത്തിൽ പോകുന്ന മനുഷ്യൻ. പക്ഷേ അന്ന് അദ്ദേഹം പീടിക തറയിൽ ഇരിക്കുന്നു. 

"എന്താടോ ഇവിടെ ഇരിക്കുന്നേ, അമ്പലത്തിൽ പോയില്ലേ?" അച്ഛൻ ചോദിച്ചു.

"ഇല്ലടോ, ദൈവത്തിനെ കാണാൻ അമ്പലത്തിൽ പോണോന്നില്ലല്ലോ, മനസ്സിൽ വിശ്വാസം പോരെ."

തുടർന്നുള്ള സംഭാഷണം ഇവിടെ കുറിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. ശരിക്കും ദൈവം ഉണ്ടോ ഇല്ലയോ എന്നത് ഇക്കാലത്ത് സകല യുവ ബുദ്ധിജീവികളുടെയും പ്രധാന പരീക്ഷണ മേഖലയാണ്. ദ്രുതഗതിയിൽ എടുത്തുചാടി തീരുമാനിക്കേണ്ട കാര്യമില്ല ദൈവവും ദൈവവിശ്വാസവും. ശരിക്കും ദൈവം ആരാണ്? ഈ ചോദ്യത്തിന് രണ്ട് മാനങ്ങളുണ്ട്.

സൂത്രവാക്യം 0.3 : ആപത്ത് കാലത്ത്, പ്രതിസന്ധി ഘട്ടത്തിൽ നിങ്ങളെ കാക്കാൻ, സഹായിക്കാൻ മുന്നിൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടാൽ, അതാരായാലും അയാളെ ദൈവമായി കരുതുന്നു; അഥവാ കണക്കാക്കുന്നു. 

ഇത് ദൈവം എന്ന പ്രതിഭാസത്തിന്റെ "ഫിലോസഫിക്കൽ "പരമായ നിർവചനം എന്ന് പറയാം. പക്ഷേ രണ്ടാം മാനം കുറച്ച് ചിന്തിക്കാൻ ഉണ്ട്. അത് നിർവചനങ്ങൾ അല്ല; "ഫാക്ടു"കളാണ്. അവ കൂട്ടിയും കുറച്ചും, ഉത്തരത്തെ ഗുണിച്ചും ഹരിച്ചും , ശേഷം അവശേഷിക്കുന്ന ഉത്തരം എന്തെങ്കിലും ഉണ്ടെങ്കിൽ, അത് നമ്മൾ ഓരോരുത്തരുടെയും ബോധത്തിന്റെ അളവിന് സമം. ശുദ്ധ വിരോധാഭാസം!!

മുമ്പ് ഞാൻ രണ്ട് വരികൾ കുറിച്ചിരുന്നു. "സർവ്വചരാചര സൃഷ്ടാവാം ദൈവമേ സത്യസ്വരൂപനമാം ചൈതന്യമെ". ഇത് ദൈവത്തിനെ വാഴ്ത്തുന്ന വരികളാണ്. പക്ഷേ ചുരുക്കത്തിൽ ഇത് തന്നെയാണ് ദൈവത്തിന്റെ നിർവചനവും. ദൈവമാണ് ഈ ജഗത്തിന്റെ നാഥൻ.ഈ ഉലകിലുള്ള ഏറ്റവും ചെറിയ വസ്തു പോലും, ജീവജാലം പോലും , കേവലം ഒരു അമീബ പോലും ദൈവത്തിന്റെ സൃഷ്ടി ആണ്. മനുഷ്യനാണ് ദൈവത്തിന്റെ ഏറ്റവും മഹത്തരമായ സൃഷ്ടി എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ദൈവം അങ്ങനെ പറഞ്ഞുവോ ആവോ?! പക്ഷേ ഇന്ന് ആ സൃഷ്ടാവ് ആ തെറ്റോർത്ത് പശ്ചാത്തപിക്കുന്നു എന്നത് ഒരു സത്യം. സർവ ജഗത്തിനും കാരണഭൂതനായ സർവ്വേശ്വരൻ തന്നെയാണ് പ്രകൃതിയുടെയും പ്രതിഭാസങ്ങളുടെയും കാരണവരും. ഉലകിലലെ എല്ലാറ്റിനേയും, കേവലം മനുഷ്യവികാരങ്ങളെ പോലും നിയന്ത്രിക്കുന്ന ഏറ്റവും കഴിവുള്ള, വലിയ "മാനേജർ"ആണ് നമ്മുടെ ദൈവം. എല്ലാം "ദൈവത്തിന്റെ വികൃതികൾ "എന്ന് പണ്ടത്തെ മുത്തശ്ശിമാർ പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരാൾ ജനിക്കുന്നത് മുതൽ മരിക്കുന്നത് വരെയുള്ള അയാളുടെ എല്ലാം കാര്യങ്ങളും ദൈവം തന്റെ പുസ്തകത്തിൽ കുറിച്ചിട്ടിട്ടുണ്ട്. സുഖദു:ഖ സമ്മിശ്രമായ ജീവിതം ഭൂമി എന്ന അരങ്ങിൽ ആടുന്ന ദൈവത്തിന്റെ നേതൃത്വത്തിൽ ഉള്ള പാവകളിയാണ്. ചരടുകൾ ഇടം വലം തിരിഞ്ഞ്, ഇടയ്ക്ക് ചിലപ്പോൾ കുരുക്ക് വീണ്, അങ്ങനെ ആടുന്നു, നിലനിൽക്കാൻ.



Rate this content
Log in