തേടുന്നു, തിരയുന്നു
തേടുന്നു, തിരയുന്നു
ഭാഗം ഒന്ന്.
1999 നവംബർ 27. മരം കോച്ചുന്ന തണുപ്പുള്ള വൃശ്ചിക രാവ് . സമയം രാത്രി 11. തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല. പട്ടണ ഹൃദയത്തിൽ നിന്നും കുറച്ച് ഉള്ളിലായിട്ടുള്ള ആ പാത വിജനമായിരുന്നു. ഇരു വശങ്ങളിലും വീടുകൾ. അവയിൽ നിന്ന് എല്ലാം ഒറ്റപ്പെട്ട് , തികച്ചും ഫാം ഹൗസ് മാതൃകയിൽ ഒരു വീട്. ഉള്ളിൽ ബൾബ് മിന്നിച്ചിതറുന്നു. തറയിൽ ഒരു 30-35 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ മുട്ടുകുത്തി നിൽക്കുന്നു. അവരുടെ കഴുത്തിൽ ഒരു ചെറുപ്പക്കാരൻ കത്തി വെച്ചിരിക്കുന്ന. ചുറ്റും മറ്റ് 2 ചെറുപ്പക്കാർ ; അല്ല, കാമഭ്രാന്തന്മാർ. ആ സ്ത്രീയുടെ 6 വയസ്സുള്ള മകനെ മറ്റൊരു ചെറുപ്പക്കാരൻ ബലമായി പിടിച്ച് വെച്ചിരിക്കുന്നു. ആ കാമഭ്രാന്തന്മാർ മദ്യലഹരിയിൽ ആയിരുന്നു.
" ഞങ്ങടെ ഒരാവശ്യം സാധിച്ച് തരാൻ നിനക്ക് പറ്റൂല , അല്ലേടി.എന്നാ നീ ഇനി ജീവിക്കണ്ട." ആ ദുഷ്ടന്മാരിൽ ഒരാൾ ആക്രോശിച്ചു . ശേഷം അവരുടെ കഴുത്ത് അറുക്കാൻ തുടങ്ങി
"അമ്മ..... അയ്യോ എന്റെ അമ്മയെ ഒന്നും ചെയ്യല്ലേ..." ആ കുഞ്ഞ് കരഞ്ഞ് അപേക്ഷിച്ചു .
പക്ഷേ അവർ ആ സ്ത്രീയെ കൊന്നു.
"അമ്മ......." ശേഷം ആ കുഞ്ഞിനെ അടിച്ചു വീഴ്ത്തി. അവൻ ബോധമില്ലാതെ ധരണിയിൽ ലയിച്ചു.
**********************
2022 സെപ്റ്റംബർ 17. എറണാകുളം പോലിസ് കമ്മീഷണർ ഓഫീസ്. കമ്മീഷണർ ഏതാനും ചില ഫയലുകൾ പരിശോധിക്കുക ആയിരുന്നു. പെട്ടെന്ന് ACP ജെന്നിഫർ ജേക്കബ് കമ്മീഷണർ വിളിച്ച പ്രകാരം ഓഫീസിൽ എത്തി. മേലുദ്യോഗസ്ഥന് ബഹുമാന പുരസരം സല്യൂട്ട് നൽകി, കമ്മീഷണർ പറഞ്ഞ പ്രകാരം ജെനി കസേരയിൽ ഇരുന്നു.
"തനിക്ക് ഒരു നന്ദിയും അഭിനന്ദനങ്ങളും പറയാനാടോ വിളിച്ചേ." കമ്മീഷണർ പറഞ്ഞു.
"അല്ല സാർ മനസ്സിലായില്ല." ജെന്നിഫർ സംശയത്തോടെ ചോദിച്ചു.
" അഭിനന്ദനങ്ങൾ ആ മന്ത്രിയുടെ മകൻറെ വിവാദമായ കേസ് വളരെ സൂക്ഷ്മമായി അന്വേഷിച്ചതിന്; ക്ലോസ് ചെയ്തതിന്. നന്ദി എൻറെ പ്രഷർ കുറച്ചതിന്."
ഇരുവരും പുഞ്ചിരിച്ചു. " സാർ , അത് നമ്മുടെ ഡ്യൂട്ടി അല്ലേ. അത്രേ ഞാൻ ചെയ്തോളൂ.പിന്നെ സാറിൻറെ പ്രഷർ, അത് ഞാൻ ചേച്ചിയോട് പറഞ്ഞോളൂ". ഇരുവരും പൊട്ടിച്ചിരിച്ചു.
"വരട്ടെ സാർ". സല്യൂട്ട് നൽകി ജെനി പുറത്തേക്ക് പോയി.
ACP യുടെ ഓഫീസിലെ ശുചീകരണ തൊഴിലാളിയായ രാഘവേട്ടൻ്റെ 50 ആം പിറന്നാൽ ആയിരുന്നു അന്ന്. വിവരം അറിഞ്ഞ ജെന്നിഫർ അയാളെ ഒന്ന് അഭിനന്ദിക്കുക പോലും ചെയ്തില്ല. ഒപ്പം രാത്രിയിൽ അവിടെ നിൽക്കാനും പറഞ്ഞു.സ്വാഭാവികമായി അയാൾക്ക് ദേഷ്യം തോന്നി. പക്ഷേ ജെനിക്ക് മറ്റൊരു ഉദ്ദേശം ഉണ്ടായിരുന്നു. കീഴുദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ രാഘവേട്ടൻ്റെ പിറന്നാൽ ആഘോഷിക്കാനായിരുന്നു അത്. രാത്രിയിൽ വലിയ കേക്ക് മുറിച്ച് ആ ഉദ്ദേശം ജെനി സാധിച്ചു. ഒപ്പം രാഘവേട്ടൻ്റെ മനസ്സിനെ സന്തോഷവാനാക്കി.
ഇതേസമയം, രാത്രി 9 - 10 നും ഇടയ്ക്ക്. കാക്കനാട് നിന്നും കുറച്ച് ഉള്ളിലായിട്ടുള്ള ഒരു ചെറുപട്ടണം. പൊതുവേ വാഹനങ്ങൾ കുറവായിരുന്നു. ഒരു ഐസ്ക്രീം വണ്ടി അവിടെ ഒരു പതിവ് അതിഥി ആണ്. അന്ന് അവിടെയും വലിയ തിരക്ക് ഇല്ലായിരുന്നു. അങ്ങനെ ഇരിക്കെ രണ്ട് യുവ കമിതാക്കൾ ബൈക്കിൽ അവിടെ എത്തി. എന്തോ സൗന്ദര്യ പിണക്കത്തിൽ ആണ് യുവതി. കണ്ടാൽ അറിയാം. അത് മാറ്റാൻ യുവാവ് കണ്ട വഴി - രാത്രി സഞ്ചാരവും ഐസ്ക്രീമും.
" ചേട്ടാ രണ്ട് ഐസ്ക്രീം". യുവാവ് ആവശ്യപ്പെട്ടു. കടക്കാരൻ ഒരു ചെറു പുഞ്ചിരിയോടെ ഐസ്ക്രീം നൽകി. കമിതാക്കൾ മെല്ലെ ഐസ്ക്രീം കഴിച്ച് കൊണ്ട് തൊട്ടടുത്ത ഇടവഴിയിലേക്ക് തിരിഞ്ഞു. സമയം ഏറെ കഴിഞ്ഞിട്ടും കമിതാക്കളെ കാണാഞ്ഞ് കടക്കാരൻ അന്വേഷിച്ചിറങ്ങി. ഒടുവിൽ അയാൾ ആ ഇടവഴിയിലേക്ക് തിരിഞ്ഞു. പെട്ടെന്ന് അയാൾ എന്തോ കണ്ട് പരിഭ്രമിച്ച് വിളിച്ചു കൂവി. മനുഷ്യ രക്തം...
ഇതേസമയം, തൃക്കാക്കര പോലീസ് സ്റ്റേഷൻ. രാത്രി ആയതിനാൽ CPO നല്ല ഉറക്കം.പെട്ടെന്ന് ഒരു ഫോൺ കോൾ. പാതി ബോധത്തിൽ സി. പി.ഒ ഫോൺ എടുത്തു.
" ഹലോ.."
ഒരു കനത്ത സ്വരത്തിൽ മറുപടി," കാക്കനാട് ജവഹർ നഗറിലേക്ക് ഉള്ള വഴിയിൽ നിന്ന് രണ്ട് പേർ മിസ്സിംഗ് ആണ്. അതിന്റെ......"
സി.പി.ഒ ശരി എന്ന് പറഞ്ഞ് ബാക്കി കേൾക്കാതെ ഫോൺ വെച്ചു.
**************
ഓഫീസിൽ പിറന്നാൽ ആഘോഷം നടക്കുക ആയിരുന്നു. പെട്ടെന്ന് ജെന്നിഫർ മാഡത്തിന് കമ്മീഷണർ വിക്രം സാറിൻറെ ഫോൺ വന്നു.
" ഹലോ, സാർ..."
" ജെനി , കാക്കനാട് ജവഹർ നഗറിലേക്ക് ഉള്ള വഴിയിൽ നിന്ന് രണ്ട് പേർ മിസ്സിംഗ് ആണ് എന്ന് കൺട്രോൾ റൂമിൽ നിന്നും വിവരം കിട്ടി. താൻ പെട്ടെന്ന് സ്പോട്ട് വരെ പോകൂ."
"ഓക്കെ സാർ"
ജെന്നിഫർ പെട്ടെന്ന് ഡ്രൈവർ ഹരീഷിനെയും രണ്ട് ഓഫീസർമാരേയും കൂട്ടി സ്പോട്ടിലേക്ക് തിരിച്ചു.
സ്പോട്ടിൽ ലോക്കൽ പോലീസും ഫോറൻസിക് ടീമും ഏതാനും ചില മാധ്യമ പ്രവർത്തകരും എത്തിയിരുന്നു. എസ് ഐ സുദേവ് ഐസ്ക്രീം കടക്കാരൻ്റെ മൊഴി എടുക്കുക ആയിരുന്നു. അദ്ദേഹം കാര്യങ്ങൾ എല്ലാം വിശദമായി മാഡത്തെ ധരിപ്പിച്ചു.
" ആരാണ് പോലീസിൽ അറിയിച്ചത്?"
" ആ ഐസ്ക്രീം കടക്കാരൻ ആണ് മാഡം. അയാൾ സ്ഥിരം ആയി രാത്രി ഇവിടെ ഐസ്ക്രീം വിൽക്കാറുണ്ട്.കാണാതായ രണ്ട് പേരും ഇവിടുന്ന് ഐസ്ക്രീം വാങ്ങി ഈ ഇടവഴിയിലേക്ക് തിരിഞ്ഞു. പിന്നെ കാണുന്നത് ഈ ബ്ലഡ് ആണ് മാഡം."
" മിസ്സിംഗ് ആയവരെ തിരിച്ചറിഞ്ഞു?"
" ഇവിടെ ഒരു സി സി ടി വി ഉണ്ടായിരുന്നു. അതിൽ നിന്ന് മനസ്സിലാക്കി. ഒന്നൊരു പെൺകുട്ടി ആണ്. ചിത്ര. കുസാറ്റിൽ പഠിക്കുന്നു. മറ്റൊന്ന് ആനന്ദ്, കുസാറ്റിൽ പഠിക്കുന്നു. രണ്ടു പേരും വീട്ടിൽ അറിയാതെ രാത്രി കറങ്ങാൻ ഇറങ്ങിയതാ".
"വീട്ടിൽ അറിയിച്ചോ?"
" അറിയിച്ചു മാഡം."
ജെന്നിഫർ ചുറ്റും പരിശോധിച്ചു.ആ ഇടവഴി ചെന്നെത്തുന്നത് ജവഹർ നഗറിലെ വീടുകളിലേക്കാണ്. വഴിയുടെ വലതു വശത്ത് റബ്ബർ തോട്ടമാണ് . അങ്ങനെയിരിക്കെ രണ്ട് പേരെയും ആര് തട്ടിക്കൊണ്ടു പോകാൻ? എങ്ങനെ?
" സുദേവ്, സി സി ടി വി നന്നായി പരിശോധിക്കുക. ആ രണ്ട് പേർ ഇവിടെ എത്തുന്നതിന് മുമ്പ് ഇതുവഴി കടന്നുപോയ എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ എടുക്കണം; ശേഷവും. ക്യുക്ക്." അദ്ദേഹം അതേപടി ചെയ്യാൻ ആരംഭിച്ചു.
" കാക്കനാട് യുവ കമിതാക്കളെ ഇരുട്ടിന്റെ മറവിൽ കാണാതായി. ലോക്കൽ പോലീസും അസി. കമ്മീഷണറും സ്പോട്ടിൽ പരിശോധന തുടരുന്നു.." മാധ്യമങ്ങൾ ലൈവ് ആരംഭിച്ചു.
" മാഡം, അവർ എത്തുന്നതിന് മുമ്പ് മൂന്ന് വാഹനങ്ങൾ പോയിട്ടുണ്ട്. എന്നാൽ മിസ്സിംഗ് ആവുന്നതിന് മിനിറ്റുകൾക്കുള്ളിൽ അവ തിരിച്ചും പോയി."
ജെന്നിഫർ മാഡത്തിൻ്റെ മുഖത്ത് ഒരു നിരാശ.
അൽപസമയത്തെ ആലോചനക്ക് ശേഷം സുദേവിനോട് പറഞ്ഞു,
" സുദേവ് , നമുക്കീ റബ്ബറും തോട്ടത്തിൽ ഒന്ന് സെർച്ച് ചെയ്താലോ?"
" മാഡം, രാത്രി അല്ലെ ഇഴജന്തുക്കൾ ഒക്കെ ഉണ്ടാകും. പിന്നെ ഫോഴ്സും കുറവാ. നാളെ രാവിലെ പോലെ?"
"ഓക്കെ"
ജെന്നിഫർ മടങ്ങാൻ ഒരുങ്ങി.
*****************
പിറ്റേന്ന് രാവിലെ കമ്മീഷണർ ഓഫീസ്. ജെന്നിഫർ ഓഫീസിൽ എത്തി. കമിതാക്കളുടെ മിസ്സിംഗ് കേസ് അന്വേഷിക്കാൻ ജെന്നിഫറുടെ നേതൃത്വത്തിൽ ഉള്ള ഒരു പ്രത്യേക സംഘത്തെ കമ്മീഷണർ ഏൽപ്പിച്ചു. കേസിൻെറ സാഹചര്യങ്ങൾ ജെനി കമ്മീഷണറെ ധരിപ്പിച്ചു. ഇന്ന് ആ റബ്ബറും തോട്ടത്തിൽ നല്ല സെർച്ച് ഉണ്ടാവും, ശേഷം കൂടുതൽ വ്യക്തത വരും എന്നും പറഞ്ഞ് ജെന്നിഫർ മടങ്ങി.
ക്രൈം സ്പോട്ടിന് അടുത്തുള്ള റബ്ബർ തോട്ടത്തിൽ എസ് ഐ സുദേവിൻ്റേയും ജെനിയുടെയും നേതൃത്വത്തിൽ വൻ തിരച്ചിൽ നടന്നു. ഒപ്പം മാധ്യമങ്ങൾ.ഒടുവിൽ അവർ കമിതാക്കളെ കണ്ടെത്തി.പക്ഷേ അവർ കൊല്ലപ്പെട്ടിരുന്നു. ജെനിയുടെ മുഖത്ത് നല്ല നിരാശ കാണാം.
"കാക്കനാട് കാണാതായ യുവ കമിതാക്കളെ സമീപമുള്ള റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി." മാധ്യമങ്ങൾ ലൈവ് ആരംഭിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും മറ്റും വിട്ടുകൊടുത്ത ശേഷം ജെനിയും സുദേവും മുന്നോട്ട് നടന്നു. ജെനിക്ക് എന്തൊക്കെയോ സംശയങ്ങൾ ഉണ്ട്. ഒടുവിൽ അവർ ഒരു കാടുപിടിച്ച ഒരു മൺപാതയിൽ എത്തി. ഇത് ഏത് വഴി ? ഉത്തരത്തിനായി അവർ തോട്ടം ഉടമയെ സമീപിച്ചു. റബ്ബർ പാൽ ശേഖരിക്കുന്ന വാഹനങ്ങൾ കടന്നുപോകുന്നതിനു വേണ്ടി താൽക്കാലികമായി വെട്ടിയ വഴി ആണ് അത്. പാൽ ഇല്ലാത്തതിനാൽ ഇപ്പോൾ ആരും അത് ഉപയോഗിക്കാറില്ല. ആ വഴി ചെന്നെത്തുന്നത് ടൗണിൽ ആണ്. ജെനിക്ക് സംശയങ്ങൾ ഏറെക്കുറെ ശരി ആയതു പോലെ തോന്നും മുഖം കണ്ടാൽ. എന്നാൽ ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ ഇനിയും ഉണ്ട്.
സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജെനി ചില ആനുമാനങ്ങൾ കമ്മീഷണർക്ക് മുന്നിൽ അവതരിപ്പിച്ചു.
ആ രാത്രി, സെപ്റ്റംബർ 17, കില്ലർ താൽക്കാലികമായി വെട്ടിയ മൺവഴിയിലൂടെ ടൗണിൽ നിന്നും ആ തോട്ടത്തിന്റെ അക്കരെകരയിൽ എത്തി. ഒരുപക്ഷേ അയാൾ ആ കമിതാക്കളെ പിന്തുടർന്നിരിക്കാം.അവരുടെ നീക്കങ്ങൾ മനസ്സിലാക്കിയ കില്ലർ, റബ്ബർ തോട്ടത്തിൽ പതിയിരുന്ന് അവരെ ആക്രമിച്ചതാകാം. ഫോറൻസിക് റിപ്പോർട്ട് പ്രകാരം ക്രൈ സ്പോട്ടിൽ നിന്ന് കണ്ടെത്തിയ രക്തം ആ യുവാവിന്റെ ആണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം തലയ്ക്ക് ഏറ്റ ശക്തമായ അടിയാണ് ഇരുവരുടെയും മരണകാരണം. മരിച്ചതിനു ശേഷം ശരീരത്തിലെ പല ഭാഗങ്ങളിൽ മൂർച്ച ഏറിയ ആയുധം ഉപയോഗിച്ചു മുറിവേൽപ്പിച്ചിട്ടുണ്ട് .
റിപ്പോർട്ട് പ്രകാരം ആ ചെറുപ്പക്കാരൻ 9.30- 9.45 നും ഇടയ്ക്ക് ആണ് മരിച്ചത്. അതായത് അവരെ മിസ്സിംഗ് ആയ സമയം തന്നെ. That means, പയ്യനെ ആയുധം ഉപയോഗിച്ചു അടിച്ചു വീഴ്ത്തി. രക്തം അങ്ങനെ വന്നു അവിടെ. ഒരുപക്ഷേ പെൺകുട്ടിയെ ഭയപ്പെടുത്തി കൊണ്ട് പോയതാകം. പെൺകുട്ടി മരിച്ചത് 10.45 നും. അങ്ങനെ എങ്കിൽ പെൺകുട്ടിയെ എവിടെ വെച്ച് കൊന്നു? റബ്ബർ തോട്ടത്തിൽ ഒരു കൊല നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ല. അങ്ങനെ എങ്കിൽ പോലീസുകാർ ക്രൈം സ്പോട്ടിൽ എത്തിയപ്പോൾ കില്ലർ അവിടെ ഉണ്ടായിരുന്നോ? ഇതിനെക്കാൾ ഉപരി കില്ലർ എന്തിന് അവരെ കൊന്നു? പക്ഷേ ഒരു കാര്യം ഉറപ്പാണ് - the killer is a psychopath or a mental.
എന്തായാലും ജെനിക്ക് വലിയ ഒരു തലവേദന തന്നെ ആകും ഈ കേസ് എന്ന് തോന്നി. അന്വേഷിച്ച കേസുകളിൽ പകുതിയിൽ കൂടുതൽ വിജയിച്ച ജെനി ഈ കേസും തെളിയിക്കും എന്ന് കമ്മീഷണർ ഉറച്ച് വിശ്വസിച്ചു.
പയ്യൻ്റെയും പെൺകുട്ടിയുടെയും വീട്ടുകാരെയും സുഹൃത്തുക്കളേയും പോലീസ് പല തവണ ചോദ്യം ചെയ്തു. സി സി ടി വികൾ പലതും പരിശോധിച്ചു. ക്രൈം സ്പോട്ട് സൂക്ഷ്മമായി വിശകലനം ചെയ്തു. പക്ഷേ കില്ലറിനെ പറ്റിയോ അതുമായി ബന്ധപ്പെട്ട ഒന്നും തന്നെ കിട്ടിയില്ല.ജനങ്ങളും മാധ്യമങ്ങളും പോലീസിനെ പഴിക്കാൻ തുടങ്ങി. ജെനിക്ക് ഈ കേസ് തൻ്റെ കയ്യിൽ നിന്നും വഴുതി പോകുന്നതായി ഒരു തോന്നൽ. എങ്കിലും തുമ്പുകൾ ഇല്ലാത്ത അന്വേഷണം തുടർന്നു; ഒരാഴ്ചയോളം.
*****************
സെപ്റ്റംബർ 25, രാത്രി 9- 10 സമയം. വൈറ്റില നിന്ന് കുറച്ച് ഉള്ളിലായിട്ടുള്ള ഒരു പ്രാദേശിക റോഡ്. വാഹനങ്ങൾ തീരെ കുറവാണ്. ജിതിനും ആരതിയും രാത്രി കറങ്ങാൻ ഇറങ്ങിയതാണ്. അടുത്ത ആഴ്ച ഇരുവരുടെയും വിവാഹം ആണ്. ആരതിയുടെ അമ്മ വേഗം തിരികെ ചെല്ലാൻ ആവശ്യപ്പെട്ടു വിളിക്കുന്നു. അങ്ങനെ അവർ തിരികെ പോകാൻ തീരുമാനിച്ചു. പെട്ടെന്ന് അവരുടെ ബൈക്ക് കേടായി. എന്ത് ചെയ്യും? വിജനമായ പ്രദേശം. പെട്ടെന്ന് ഇരുട്ടിൽ നിന്നും ആരോ ഒരാൾ ജിതിൻ്റെ തോളിൽ തൊട്ടു. അവർ പെട്ടെന്ന് ഞെട്ടി തരിച്ചു പിന്നിലേക്ക് പോയി.
പിറ്റേന്ന് രാവിലെ ആണ് വിവരം പോലീസ് സ്റ്റേഷനിൽ എത്തിയത്. ലോക്കൽ പൊലീസും ഫോറൻസിക് ടീമും ജെന്നിഫറും മാധ്യമങ്ങളും ക്രൈം സ്പോട്ടിൽ എത്തി. രാത്രി ഏറെ ആയിട്ടും കാണാത്തത് കൊണ്ട് കമിതാക്കളുടെ വീട്ടുകാർ ഉറങ്ങി പോയി. രാവിലെയും കണ്ടില്ല.
രണ്ടു സ്ഥലങ്ങളിൽ ആയി രക്തം കാണാം ആയിരുന്നു. ജെനിക്ക് ഉൾപ്പെടെ എല്ലാവർക്കും ഒരു സംശയം - കാക്കനാട്ടെ സംഭവത്തിന്റെ തുടർച്ചയാണോ ഇത്?That means a serial killer? ആദ്യ സംഭവത്തിൽ നിന്നും വ്യത്യസ്തമായി, ഇവിടെ പെൺകുട്ടിയുടെ ഫോൺ ആക്ടീവ് ആയിരുന്നു. തൊട്ടടുത്ത ടവർ ലൊക്കേഷൻ തന്നെ ആയിരുന്നു. ജെന്നിഫറും ടീമും അരിച്ചു പെറുക്കി. ഒടുവിൽ കണ്ടെത്തി. പക്ഷേ മൃതദേഹങ്ങൾ......
ഫോറൻസിക് റിപ്പോർട്ട് പ്രകാരം ആ രക്ത പാടുകൾ കമിതാക്കളുടെ തന്നെ ആണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാക്കനാട്ടെ സംഭവത്തിന്റെ അതേപടി. എല്ലാവരും ഭയത്തോടെ ഒന്ന് ഉറപ്പിച്ചു, a presence of a serial killer. റിപ്പോർട്ട് പ്രകാരം ചെറുപ്പക്കാരൻ മരിച്ചത് 9.45 നും പെൺകുട്ടി മരിച്ചത് 10.30 നും. ആദ്യ സംഭവത്തിൽ ഉണ്ടായ അതേ സംശയം ഇവിടെയും. പെൺകുട്ടികളെ എന്തുകൊണ്ട് സ്പോട്ടിൽ വെച്ച് കൊന്നില്ല??
തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ, പ്രതിയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തതും ജനങ്ങളിൽ ഭീതി പരത്തി. അന്വേഷണം കാര്യപ്രാപ്തി ഇല്ലാത്ത ജെന്നിഫറും ടീമിൽ നിന്നും മാറ്റണം എന്ന് ജനങ്ങൾ ആവശ്യപ്പെട്ടു, പ്രതിഷേധിച്ചു. പ്രഷർ താങ്ങാൻ കഴിയാതെ ഒടുവിൽ കമ്മീഷണർ പ്രയാസത്തോടെ കേസ് മറ്റൊരു ടീമിനെ ഏൽപ്പിച്ചു, ക്രൈം ബ്രാഞ്ചിന്. ചന്ദ്രപ്രകാശ് & ടീം.
ചന്ദ്രു ജെനിയുടെ അടുത്ത സുഹൃത്ത് ആയിരുന്നു. അതുകൊണ്ട് ജെനി പെട്ടെന്ന് തന്നെ കേസ് ഫയൽ ചന്ദ്രൂനെ ഏൽപ്പിച്ചു. കിട്ടിയ കേസുകൾ എല്ലാം തെളിയിച്ച പഴക്കമെ ചന്ദ്രുവിന് ഉണ്ടായിരുന്നുള്ളൂ. പക്ഷേ ജെനി ഒരു മുന്നറിയിപ്പ് പോലെ ചന്ദ്രുവിനോട് ഒന്ന് പറഞ്ഞു, ഈ കേസിൽ എന്തോ ഒരു പിടികിട്ടാത്തതായ ഫാക്ടർ ഉണ്ട്, ഈ കേസ് നിങ്ങളെ വലയ്ക്കും. ഒരു തമാശ ആയിട്ടാണ് ചന്ദ്രു അപ്പോൾ ആ വാക്കുകളെ കണ്ടത്.
കേസ് ഫയൽ കിട്ടിയപ്പോൾ തന്നെ ചന്ദ്രു വ്യക്തമായി ഒന്ന് പഠിച്ചു. ശേഷം ക്രൈം സ്പോട്ടിൽ ഒരു അന്വേഷണം. കഴിഞ്ഞതിലേക്ക് ഒരു മടക്കം. ജെനി കണ്ടെത്തിയതിൽ ഉപരിയായി ചന്ദ്രു ഏതാനും ചില കാര്യങ്ങൾ കൂടി കണ്ടെത്തി, മനസ്സിലാക്കി. പക്ഷേ കില്ലർ ആര് എന്ന് അപ്പോഴും അവ്യക്തം
" അയാൾ മറഞ്ഞിരുന്നു പുതിയ ഇരകളെ തേടി, ഇംഗ്ലീഷ് ഗാനങ്ങൾ ആസ്വദിച്ച് സുഖിക്കുകയാണ്. മനുഷ്യ ചോരയിൽ ആറാടുകയാണ്. "
അന്വേഷണത്തിന്റെ ഇടയിൽ ആണ് ചന്ദ്രു ഇതുവരെ കിട്ടാത്ത ആ തുമ്പ് മനസ്സിലാക്കിയത്. ആദ്യ കൊല നടന്ന കാക്കനാടിന് സമീപം ഉള്ള തൃക്കാക്കര പോലീസ് സ്റ്റേഷനിൽ ഒരു ഫോൺ കോൾ എത്തിയിരുന്നു. അന്ന് അത് ആരും കാര്യമായി എടുത്തില്ല.സമാനം സംഭവം വൈറ്റിലയിലും. സൈബർ സെല്ലിന്റെ സഹായത്തോടെ ചന്ദ്രു ആ നമ്പർ ട്രാക്ക് ചെയ്തു. ആദ്യത്തെ നമ്പർ ആദ്യം മരിച്ച ആനന്ദിന്റെ, രണ്ടാമത്തെ ജിതിൻ്റെയും.അപ്പോൾ ആ ഫോണുകൾ കില്ലറിൻ്റെ കയ്യിൽ. പക്ഷേ ഇപ്പോൾ സ്വിച്ച് ഓഫ്. കമിതാക്കളെ ലക്ഷ്യം ഇടുന്ന ആ കില്ലർക്ക് എല്ലാവരും ചേർന്ന് ഒരു പേരിട്ടു- കപ്പിൾ കില്ലർ. ( Couple killer)
ക്രൈം ബ്രാഞ്ചിലെ ഏറ്റവും efficient ആയിട്ടുള്ള ഓഫീസർ ആണ് ചന്ദ്രു. പക്ഷേ അദ്ദേഹത്തെക്കാൾ ഒരു പടി മുന്നിൽ ആയിരുന്നു, കപ്പിൾ കില്ലർ.
********************
ഒക്ടോബർ ഒന്ന്. സമയം രാവിലെ 11. പ്രമുഖ ദിനപത്രങ്ങൾ ആയ മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി എന്നിവയുടെ ഓഫീസുകളിലേക്ക് ഓരോ സമ്മാന പൊതികൾ എത്തി. എന്താണ് ഇത്? എല്ലാവരിലും ആകാംക്ഷ. പക്ഷേ പതിയെ അത് ഭയം ആയി മാറി. ഒടുവിൽ അവർ അത് തുറന്നു. ഭയം ഇരട്ടിച്ചു. അതിനുള്ളിൽ മലയാളത്തിൽ എഴുതിയ ഒരു കത്തും, ക്രിപ്ടോഗ്രഫിയിൽ ലിഖിതമായ കത്തും പിന്നെ ചോര പുരണ്ട ഒരു കത്തിയും ഉണ്ടായിരുന്നു. മാതൃഭൂമിക്ക് കിട്ടിയതിൽ ചോര പുരളാത്ത കത്തി ആയിരുന്നു.
ചന്ദ്രുവും ടീമും മൂന്ന് പെട്ടിയും ഒരിടത്ത് വെച്ച് പരിശോധിച്ചു. ചോര പുരണ്ട കത്തികൾ ഫോറൻസികിന് അയച്ചു. ശേഷം ആ കത്ത് വായിച്ചു,
" പ്രിയപ്പെട്ട സാറന്മാർക്ക്,
ഞാൻ കില്ലർ, അല്ല കപ്പിൾ കില്ലർ. നാട് മൊത്തം എന്നെ തിരയുന്നു. പക്ഷേ ഞാൻ ഇരകളെ തേടുന്നു. തേടുന്നു തിരയുന്നു. രണ്ടിലും ഞാൻ ഉണ്ട്. നിങ്ങൾക്ക് എന്നെ വേണം. പക്ഷേ നിങ്ങളുടെ കയ്യിൽ തെളിവുകൾ ഉണ്ടോ? ഞാൻ തരാം.
കാക്കനാട് മരിച്ചവരുടെ പിന്നാലെ ഞാൻ ദിവസങ്ങളോളം ഉണ്ടായിരുന്നു. ആ രാത്രിയും അവർ ഐസ്ക്രീം കടയിൽ നിന്നു. ഞാൻ തിരിഞ്ഞ് മൺവഴിയിലൂടെ വന്ന് കാർ അവിടെ ഇട്ടു. തോട്ടത്തിലൂടെ , നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ക്രൈം സ്പോട്ടിൽ എത്തി.അവനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്ത്തി. പാവം ചത്തു പോയി. ആ ചോര......ഓ....... പക്ഷേ അവൾ പേടിച്ച് പോയി. അങ്ങനെ അവൾ എൻ്റെ കൂടെ പോന്നു. എൻ്റെ സങ്കേതത്തിൽ വെച്ച്, അവളുടെ മുന്നിൽ അവൻ്റെ ദേഹത്ത് മുറിവുകൾ ഉണ്ടാക്കി. പിന്നെ അവളെയും..ഹാ...ഹാ
വൈറ്റില same , പക്ഷേ അവളെ സ്പോട്ടിൽ കൊന്നു. പാവം ഓടാൻ നോക്കി. ഹാ.......Is it sufficient sir?....... പ്രണയിക്കുന്നവർ മരിക്കണം, വികാരങ്ങൾ തുലയണം........
If u want to catch me, decode the cryptogram along with this letter. പറ്റുമോ...... ഞാൻ പറയുന്നത് പോലെ ചെയ്യണം. ചെയ്യണം.ഈ ക്രിപ്ടോഗ്രാം പത്രത്തിൽ പ്രസിദ്ധീകരിക്കണം. That's all. And a warning too,,,, " the killings continues". Catch me if you can.......
Yours
Couple killer....."
ചന്ദ്ര ആ ക്രിപ്ടോഗ്രാം പരിശോധിച്ചു. വിദഗ്ധർക്ക് കൈമാറി. പക്ഷേ അത് വ്യത്യസ്തമായിരുന്നു. വളരെ നിഗൂഢമായ ലിപികൾ. അവർക്ക് അത് ഡീകോഡ് ചെയ്യാൻ കഴിഞ്ഞില്ല. ചന്ദ്രുവിൻ്റെ മുഖത്ത് നിരാശ. ഇനി എന്ത് ചെയ്യും? പറയുന്ന വഴിയെ നടക്കാം . അല്ലെങ്കിൽ വഴി തെറ്റാം. ക്രിപ്ടോഗ്രാം പത്രത്തിൽ പ്രസിദ്ധീകരിക്കാൻ അയാൾ തീരുമാനിച്ചു.
എന്താകും ആ നിഗൂഢമായ അക്ഷരങ്ങൾക്ക് പറയാൻ ഉള്ളത്??
തുടരും........
