Hibon Chacko

Romance Crime Thriller

4.5  

Hibon Chacko

Romance Crime Thriller

അന്വേഷകൻ (ഭാഗം---5)

അന്വേഷകൻ (ഭാഗം---5)

12 mins
256


ബഞ്ചമിനെ മറന്ന് അവന്റെ മനസ്സ് ചില ആഴങ്ങൾ തേടി നടന്നു തുടങ്ങിയിരുന്നു അപ്പോഴേക്കും.


“എന്റെ ആഗ്രഹങ്ങൾ വളരെ നിസ്സാരമായി തള്ളപ്പെട്ടപ്പോഴൊക്കെയാണ് ഞാൻ ഒരുപാടു കാര്യങ്ങൾ പഠിച്ചത്. എന്തിനു വേണ്ടിയാണ് ഞാൻ പഠിച്ചത് എന്ന്, ഇനിയും ഞാൻ കണ്ടെത്തേണ്ടിയിരിക്കുന്നു...”


 എന്തിനോവേണ്ടിയുള്ള തുടക്കം എന്നവിധം അഞ്ജന ഇങ്ങനെ പറഞ്ഞുനിർത്തി. തന്റെ ‘യജമാനനെ’ നിലനിർത്തുവാൻ കുതിച്ചുകൊണ്ടിരുന്ന, ബഞ്ചമിന്റെ മനസ്സ് ഒരു വഴികാട്ടിയെപ്പോലെ അവനെ പിന്നോട്ടു നയിച്ചു.


15


ബഞ്ചമിൻ മാർക്കോസ് ഐ. പി. എസ്. തന്റെ ഔദ്യോഗിക വാഹനത്തിൽ ചീറിപ്പാഞ്ഞു കൊണ്ടിരിക്കുകയാണ്. തന്റെ പദവി അലിഞ്ഞു ചേർന്നിരിക്കുന്ന വാഹനം കൊണ്ട് സായാഹ്നത്തിന്റെ വഴിത്തിരക്കുകളെ പ്രതിരോധിച്ചു കൊണ്ടാണ് ഏകനായുള്ള ഈ സഞ്ചാരം! ഒരു നിമിഷം അവൻ, ഏന്തി വലിഞ്ഞു തന്റെ അടുത്ത സീറ്റിൽ ഇട്ടിരിക്കുന്ന ഫോൺ എടുത്തു. അതിൽ സമയം നോക്കിയപാടെ ഫോൺ തിരികെ അവിടേക്ക് ഉപേക്ഷിച്ചു കൊണ്ട് ആക്സിലരേട്ടർ ഇനിയും വേഗത്തിൽ ചവിട്ടിത്താഴ്ത്തുന്നതിനെക്കുറിച്ച് ആലോചിച്ചു.


വലിയൊരു കവലയിലേക്ക് ബഞ്ചമിൻ എത്തിക്കൊണ്ടിരിക്കെ അല്പം ദൂരെ മുന്നിലായി ഒരു വലിയ ജാഥ പൊയ്ക്കൊണ്ടിരിക്കുന്നത് കണ്ടു. ‘ശ്ശോ’ എന്ന് ഉച്ചരിച്ച ശേഷം അവൻ തന്റെ വാഹനം കുറച്ചു മുന്നിലായൊരു വശത്തേക്ക് ഒതുക്കി നിർത്തി. ശേഷം, ഫോൺ പോലും എടുക്കുവാൻ നിൽക്കാതെ ഡോർ തുറന്നിറങ്ങി നടന്നു. നടത്തത്തിനിടയിൽ, തന്റെ ഔദ്യോഗികമല്ലാത്ത വേഷത്തിന്റെ സൗന്ദര്യം മൊത്തത്തിലൊന്ന് നോക്കി- ഒരു സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ അവൻ മറന്നില്ല! കോളേജ് വിദ്യാർഥികൾ നടത്തുന്ന ആ ‘സമാധാന’ ജാഥയുടെ അരികുപറ്റി തക്കുംപൊക്കും നോക്കി വലതുവശത്തേക്ക് കാണുന്നൊരു വഴിയിലേക്ക് കയറി അവൻ നടന്നു. അധികം തിരക്കില്ലാത്ത വഴി- വിദ്യാർത്ഥികൾ കാര്യമായ അകലത്തിൽ നടന്നു പോകുന്നതൊക്കെ പതിവുപോലെ ശ്രദ്ധിച്ചു അവൻ നീണ്ടു പരന്നു കിടക്കുന്ന പടവുകളിലേക്ക് നടന്നു കയറി.


തന്റെ ഷൂ രണ്ടും ഏതാണ്ട് അഴഞ്ഞിരിക്കുന്നതായി അവന് മനസ്സിലായി, ആ പടവുകൾ കയറുന്ന നേരം. പടവുകളുടെ പാതിഭാഗത്തെത്തിയപ്പോൾ അവൻ തന്റെ ഷൂസിലേക്ക് ഒന്ന്‌ നോക്കി. പദവിക്ക് അനുയോജ്യമായ ഇനമാണ് അവയെന്ന് തിരിച്ചറിഞ്ഞ് വല്ലാത്തൊരു അലസ്യം പ്രകടമാക്കി രണ്ടിന്റെയും ലേസ് അവൻ കെട്ടിമുറുക്കി. ശേഷം ബാക്കി പടികൾക്കൂടി കയറിച്ചെന്നതോടെ ‘മാർ ഇവാനിയാസ്’ കോളേജ് കാണമെന്നായി. ഇരുകൈകളും അരയ്ക്ക് കൊടുത്തു കൊണ്ട് എന്തോ പ്രതീക്ഷിച്ചെന്ന പോലെ അർദ്ധവൃത്താകൃതിയിൽ അവൻ നോക്കി. തീർത്തും പരിസരം മറന്ന കണക്കെയുള്ള അവന്റെയീ നിൽപ്പു കണ്ട് കൗതുക ഭാവത്തിൽ പല വിദ്യാർഥികളും നോക്കി പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു.


അധികം സമയം കഴിഞ്ഞില്ല, അവന്റെ മുഖത്ത് ഒരു ചിരി മിന്നി മാഞ്ഞു. കൂടാതെ അരയ്ക്കു കൊടുത്തിരിക്കുന്ന ഇരുകൈകളുമുൾപ്പെടുന്ന അവന്റെ ശരീരം നന്നായൊന്നയഞ്ഞു. അതേ ഭാവത്തിൽ നിൽക്കെ അവന്റെ കണ്ണിലെ കൃഷ്ണമണികൾ ദൂരെ നിന്നും മെല്ലെ, അവനടുത്തേക്ക് എത്തി നിന്നു. ഏതോ ഒരുനിമിഷത്തെ മാത്രം പരിസരബോധത്തിന്മേൽ, ആ നിമിഷം അവൻ തന്റെ വാഹനത്തിന്റെ കീ പാന്റിന്റെ പോക്കറ്റിൽ ഭദ്രമെന്ന് ഉറപ്പു വരുത്തി. കൂടെ, അവന്റെ മിഴികൾ വലതു വശത്തേക്കായി, വീണ്ടുമത് വലത്തേക്കു തന്നെ നീങ്ങി അവനെ വിട്ടു പോകുവാൻ വെമ്പി.


“അതേയ്, ഇതെന്തൊരു ഏർപ്പാടാ... ഇന്ന് ഞാൻ കരുതിക്കൂട്ടിയാ വന്നിരിക്കുന്നത്! ആറു മാസത്തോളമായി ഞാനിങ്ങനെ ഈ നടപ്പ്, ഇവിടെമാത്രമല്ല പലയിടത്തുമായി.”

ഇങ്ങനെ പറഞ്ഞുകൊണ്ട്, പടികൾ ഇറങ്ങി പൊയ്ക്കൊണ്ടിരിക്കുന്ന രണ്ട് വിദ്യാർത്ഥിനികളുടെ പിറകെ അവൻ നടന്നിറങ്ങി. അതിലെ വലത്തേ ഭാഗത്തു കൂടി പോകുന്ന വിദ്യാർത്ഥിനിക്ക് ഊന്നൽ നൽകിക്കൊണ്ട് ബഞ്ചമിൻ തുടർന്നു;

“ഞാനൊരു അറിയപ്പെടുന്ന പോലീസുകാരനാണ്, ഇതൊക്കെ ആരെങ്കിലും കണ്ടാലുണ്ടല്ലോ! എന്തിനാ കാണുന്നത്..., കാണാനുള്ളവർ എല്ലാം കണ്ടിട്ടുണ്ട്. പണി പോലീസിൽ ആയതു കൊണ്ട് പിന്നെ ചോദ്യമൊന്നും ഇല്ലെന്നു മാത്രം!”


മറുപടിയെക്കുറിച്ച് ചിന്തിക്കുന്നതേയില്ല എന്നമട്ടിൽ ഇരു വിദ്യാർഥിനികളും മുന്നോട്ട് നടന്നുകൊണ്ടിരിക്കുകയാണ്;

“ഒരു ഐ. പി. എസ്. കാരന്റെ ഗതികേട് നോക്കിക്കേ... എന്നും ഈ നടത്തം മാത്രം! അതേയ്, എന്തേലുമൊന്ന് മിണ്ട്...

ഇഷ്ടമില്ലാതിരിക്കാൻ വഴിയൊന്നുമില്ല, ഇതിപ്പോൾ ഞാൻ കുടുങ്ങിപ്പോയിരിക്കുകയല്ലേ...? ഇങ്ങനെ പിറകെ നടക്കാൻ ഒരു സാധാരണ ചെറുപ്പക്കാരനെ പോലും കിട്ടില്ല, അറിയാമല്ലോ!?”

ഇത്രയും കൂടി ബഞ്ചമിൻ പറയുമ്പോഴേക്കും നടത്തതിന്റെ വേഗത വിദ്യാർഥിനികൾ കൂട്ടിയിരുന്നു. അവർക്കൊപ്പം എത്തുവാൻ തിടുക്കപ്പെട്ട് നടക്കുന്നതിനിടയിൽ താനിട്ടിരിക്കുന്ന ജാക്കറ്റ് വലിച്ചു നേരെയാക്കിയിടുവാൻ അവൻ ബദ്ധപ്പെട്ടുകൊണ്ടിരുന്നു.


“എന്നും ഇതേ ഡയലോഗുകൾ പറഞ്ഞ് പറഞ്ഞ് എന്റെ തൊണ്ടയിലെ വെള്ളം വറ്റുകയല്ലാതെ, എന്ത്‌ നടക്കാൻ! വല്ലതും... അല്ലേൽ എന്തേലുമൊന്ന് പറ, എന്റെ കൊച്ചേ...”


അവൻ ഇങ്ങനെ കൂടി പറഞ്ഞപ്പോഴേക്കും വലതു വശത്തു നടന്നിരുന്ന വിദ്യാർത്ഥിനി തന്റെ കൂടെയുള്ളവളോട് എന്തൊക്കെയോ അടക്കം പോലെ പറഞ്ഞു. ശേഷം അവൻ നോക്കി നടക്കെത്തന്നെ പതിവ് തെറ്റിച്ച് ചെറിയൊരു വഴിയിലേക്ക് തിരിഞ്ഞ് വേഗത്തിലാക്കി അവരുടെ നടത്തം. മനസ്സിന്റെ മടുപ്പ് പ്രകടമാക്കും വിധം ഒരു നിശ്വാസം കാഴ്ചവെച്ചു കൊണ്ട് ആ തിരുവിലായി അവൻ അരയ്ക്ക് കൈ കൊടുത്ത് കുറച്ചു സമയം അവർ നടന്നകലുന്നത് നോക്കി നിന്നു. ഒരിക്കൽക്കൂടി നിശ്വസിച്ച ശേഷം, വന്നവഴി തിരികെ തന്റെ വാഹനം ലക്ഷ്യമാക്കി ബഞ്ചമിൻ നടന്നു തുടങ്ങി.


ബഞ്ചമിൻ വാഹനം തുറന്നു കയറുവാൻ തുടങ്ങിയതും അവിടെ മറ്റൊരു ഔദ്യോഗിക വാഹനം വേഗത്തിൽ പോയവഴി നിന്നു. അവൻ തിരിഞ്ഞു നോക്കി, ഡി. ഐ. ജി ആയിരുന്നു അത്. വാഹനത്തിന്റെ ഡോർ പാതി അടയ്ക്കാറാക്കിയവിധം- പാതിശരീരം അകത്തേക്കാക്കി അവൻ ഡി. ഐ. ജി. യുടെ വാഹനത്തിലേക്ക് നോക്കി നിന്നു! അയാൾ തന്റെ വാഹനത്തിൽ നിന്നും ഇറങ്ങി ഡ്രൈവർ ആയ പോലീസുകാരനോട് എന്തൊക്കെയോ പറഞ്ഞ ശേഷം ബഞ്ചമിനടുത്തേക്ക് വന്നു. അപ്പോഴേക്കും അയാളുടെ വാഹനം പൊയ്ക്കഴിഞ്ഞിരുന്നു! അവൻ പഴയപടി കൂസലന്യേ നിൽക്കുകയാണ്.


“എന്റെയെടാ, ഞാൻ എത്ര തവണ നിന്നെ വിളിച്ചു ഫോണിൽ...? ഡ്യൂട്ടി സമയത്ത് എന്ത്‌ കറക്കമാടാ ഇത്! നീയൊക്കെ എഫിഷ്യന്റ് ലിസ്റ്റിൽ ആയതും എന്നെപ്പോലെ കുറെയെണ്ണം ഇതിന്റെയൊക്കെ തലപ്പത്തുമിങ്ങനെ ഇരിക്കുന്നതും ഭാഗ്യം!”

ഇത്രയും പറഞ്ഞു ഒന്ന്‌ നിർത്തിയ ശേഷം ഡി. ഐ. ജി തുടർന്നു; “ആട്ടെ, എന്തായി രാവിലേ പോയിട്ട്... വല്ലതും ആയോ?”


 അല്പം ഔദ്യോഗികത കലർന്ന ഈ വാചകങ്ങൾക്ക് മറുപടിയെന്നവണ്ണം ബഞ്ചമിൻ താനിട്ടിരിക്കുന്ന ജാക്കറ്റ് ദേഹം കൊണ്ടു തന്നെയൊന്നല്പം മുകളിലേക്ക് വലിച്ചു. അകത്തെ വെളുത്ത ഷർട്ടിന്റെ, ജാക്കറ്റ് ഒഴിവായ ഭാഗത്ത് മുഴുവനായും രക്തക്കറ കണ്ട് അമ്പരപ്പോടെ ഡി. ഐ. ജി. അവനെ നോക്കി! വണ്ടിയിലേക്ക് കയറുവാൻ അവൻ ആംഗ്യം അയാളോട് കാണിച്ചു.


 അയാൾ പാസഞ്ചർ സൈഡിൽ കയറി ഡോറടച്ചപ്പോഴേക്കും ബഞ്ചമിൻ കയറി ഇരുന്നിരുന്നു വാഹനത്തിൽ. അവൻ വാഹനം തിരിച്ച ശേഷം പായിച്ചു.


“ഡി. ജി. പി. അദ്ദേഹം എന്നെ വിളിയോട് വിളിയാ... പുള്ളിക്കവിടെ ഇരിക്കപ്പൊറുതി ഇല്ല. മുകളീന്ന് ഉള്ളതിനൊക്കെ പുള്ളിയല്ലേ മറുപടി പറയേണ്ടത്! ഞാനും അര വിരലിലാണ്... നിന്നോടല്ലേ ഇതൊക്കെ പറയാൻ പറ്റൂ ഇങ്ങനെ, ഡി. ഐ. ജി. അല്ലേ! ഏതായാലും നിന്റെ വണ്ടി ബൈ ചാൻസിൽ കണ്ടത് നന്നായി! കുറേ ഞാൻ വിളിച്ചു നിന്നെ... എവിടെ എടുക്കാൻ!”


ഇത്രയും പറഞ്ഞ് അവസാന വാചകം ഗിയർ ബോക്സിനടുത്തായി ബഞ്ചമിൻ വച്ചിരിക്കുന്ന ഫോണിലേക്കും പിന്നെ അവനെയും നോക്കി അയാൾ നിർത്തി.


“പത്രങ്ങളും ടി.വി.ക്കാരും ഇത് കുത്തിപ്പൊക്കിയതാ ഏറ്റവും വലിയ പ്രശനം ആയത്! ഇല്ലെങ്കിൽ ഇങ്ങനെ കിടന്നു ഓടാതെ കാര്യങ്ങൾ നമുക്ക് കൈകാര്യം ചെയ്യാമായിരുന്നു.”


ചെറിയൊരു നിരാശ പ്രകടമാക്കും വിധം അയാൾ ഇങ്ങനെ കൂടി കൂട്ടിച്ചേർത്ത് നിർത്തി. മറുപടിയൊന്നും പറയാതെ അവൻ ഈ സമയം പതിവു പോലെ എന്ന കണക്ക് വാഹനം ഗൗരവത്തിൽ ഓടിച്ചു കൊണ്ടിരുന്നു. മെയിൻ റോഡിൽ നിന്നും ചെറിയൊരു റോഡിലേക്ക് വാഹനം വളഞ്ഞിറങ്ങി വളരെ വേഗത്തിൽ ഒരു പഴയ കെട്ടിടത്തിനു മുന്നിലെത്തി നിന്നു. അവിടെ രണ്ടു വണ്ടികളിലായി പോലീസുകാർ തമ്പടിച്ചിട്ടുണ്ടായിരുന്നു.


“അവന്മാർ രണ്ടുപേർ ഇവിടെ ഉണ്ടെന്ന് രാവിലെ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഇൻഫർമേഷൻ കിട്ടി! ഞാൻ നേരെയിങ്ങു പോന്നു, പിടിച്ചു ചാമ്പിക്കൂട്ടി ഇവിടെ കെട്ടിയിട്ടു. എന്നിട്ട് ഇവരെ വിളിച്ചു വരുത്തി നിർത്തിയിരിക്കുന്നതാ... സാർ വിളിച്ചിട്ടാകാം ബാക്കിയെന്ന് കരുതി. നേരെയങ്ങു കൊണ്ടുപോയിക്കോ... ആരും അറിഞ്ഞിട്ടില്ല! പ്രശ്നം തീർന്നില്ലേ!?”


വാഹനത്തിലിരിക്കെത്തന്നെ ഡി. ഐ. ജി. യുടെ മുഖത്തേക്കു നോക്കി അവൻ ഇങ്ങനെ പറഞ്ഞു നിർത്തി. ചെറിയൊരു അമ്പരപ്പോടെയുള്ള പുഞ്ചിരി മാത്രമായിരുന്നു മറുപടിയായി അയാളുടെ ഭാഗത്തു നിന്നും അവന് കിട്ടിയത്.


“സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ടക്കൊലയുടെ പ്രതികളെ ചൂടാറും മുൻപേ കൊണ്ടു പോയി എന്താണെന്നു വെച്ചാൽ ചെയ്യാൻ നോക്ക് സാർ. ഞാൻ വന്നേക്കാം പിറകെ അങ്ങ്... സമയം കളയേണ്ട!”


അവസാന വാചകം മന്ദഹാസം കലർത്തി, ഇത്രയും പറഞ്ഞു ബഞ്ചമിൻ നിർത്തി. അയാൾ ഡോർ തുറന്ന് ഇറങ്ങി. പോലീസുകാർ അയാളെ സ്വീകരിക്കുവാൻ തയ്യാറെടുത്തു നിൽക്കുകയായിരുന്നു അപ്പോഴേക്കും. ബഞ്ചമിൻ തന്റെ വാഹനത്തിൽത്തന്നെ ഇരുന്നു, കൃത്യം കഴിച്ച ശേഷം ഡി.ഐ.ജി.ക്ക് താൻ വിളിച്ച മിസ്സ്‌ കോൾ വെറുതെ എടുത്തു നോക്കിക്കൊണ്ട്!


അധികം താമസിയാതെ രക്തത്തിൽ പുരണ്ട രണ്ടു ആരോഗ്യദൃഢഗാത്രരെ ഡി.ഐ.ജി. കാൺകെ പോലീസുകാർ, അവർ വന്നൊരു വണ്ടിയിലേക്ക് പിടിച്ചു കയറ്റി. ഇതിനിടയിൽ ബഞ്ചമിനെ പ്രതികളിൽ ഒരാൾ രൂക്ഷമായൊന്നു നോക്കിയിരുന്നു. അവൻ ഇരുകണ്ണുകളുമടച്ച് സീറ്റിലേക്ക് ചായ്ഞ്ഞു ഇരുന്നപ്പോഴേക്കും ഡി. ഐ. ജി. യുടെ നിർദേശങ്ങൾ കേട്ട ശേഷം പോലീസുകാർ പ്രതികളെയും കൊണ്ട് പോകുവാൻ തുനിഞ്ഞുനിന്നു. ശേഷം ഉടനെ ഡി. ഐ. ജി. തന്റെ വാഹനം വരുവാനുള്ള ഫോൺ-സമ്പർക്കത്തിൽ ഏർപ്പെട്ടു.


16


“എന്നെയിട്ടിങ്ങനെ നടത്തിക്കുന്നത് പോട്ടെ, ഇങ്ങനെ കണ്ട ഊടുവഴിയിലൂടെയൊക്കെ നടത്തിച്ചോളാമെന്ന് വല്ലതും നേർച്ച ഉണ്ടോ!?”

പടികൾ ഇറങ്ങി വരുന്ന വഴിയിൽ നിന്നും ഇടത്തേക്ക് കിടക്കുന്ന വഴിയിലേക്ക് വിദ്യാർത്ഥിനികൾ നടന്നപ്പോൾ പിറകെയായി ചെന്നു കൊണ്ട് ബഞ്ചമിൻ പറഞ്ഞു.


എന്തോ തോന്നിയെന്നപോലെ, വലതു വശത്തായി നടന്നിരുന്ന വിദ്യാർത്ഥിനി പെട്ടെന്ന് തിരിഞ്ഞു നിന്ന ശേഷം ചോദിച്ചു;

“എന്തിനാ ഇങ്ങനെ പിറകെ നടന്ന് ബുദ്ധിമുട്ടുന്നത്!? വലിയ ഐ. പി. എസ്. കാരനൊക്കെ ആണെന്നല്ലേ പറയുന്നത്! വേറെ നല്ലൊരു പെണ്ണിനെ കല്യാണം കഴിച്ചു ജീവിച്ചുകൂടെ!? അപ്പോൾ ഇതിന്റെയൊന്നും ആവശ്യമില്ലല്ലോ...”


മറുപടി പ്രതീക്ഷിക്കാതെയെന്നവണ്ണം ഇത്രയും പറഞ്ഞ ശേഷം അവൾ പഴയപടി നടത്തം തുടർന്നു.

“ഹോഹ്... നിന്നെ സമ്മതിച്ചിരിക്കുന്നു സോദരീ... വാ തുറന്നാൽ അറംപറ്റുന്ന വർത്തമാനമേ പറയൂ! ഭേദം... മിണ്ടാതെ ഇരിക്കുന്നതാണ്!”

ഇവിടെ നിർത്തി മുഷിച്ചിൽ പ്രകടമാക്കി അവൻ തുടർന്നു;

“എനിക്ക് ശരിക്കും വട്ടാകുന്നുണ്ട് കെട്ടോ! എന്താ ഞാൻ ഇനി ചെയ്യുക എന്ന് പറയാൻ പറ്റില്ല...”


വിദ്യാർത്ഥിനികൾ ഇതൊന്നും വകവെയ്ക്കാതെയെന്ന പോലെ നടത്തം തുടർന്നു കൊണ്ടിരിക്കുകയാണ്.

“ഞാനിങ്ങനെ പിറകെ നടക്കുന്നതു കൊണ്ട് അങ്ങ് ശീലമായിപ്പോയി അല്ലേ, ഒട്ടും വകവെയ്ക്കാതെ ഇങ്ങനെ ഒക്കെ കാണിക്കുവാൻ... ഞാൻ പറഞ്ഞല്ലോ, ഞാനൊന്ന് കുടുങ്ങിപ്പോയി! ഇല്ലായിരുന്നേൽ ഉണ്ടല്ലോ...”

നിർത്തി അവൻ തുടർന്നു, അവരുടെ മറുപടി പ്രതീക്ഷിക്കാതെ;

“പിറകെ ഇങ്ങനെ നടന്നില്ലേലും ഇതു തന്നെയല്ലേ അവസ്ഥ! ഇതിങ്ങനെതന്നെയങ്ങ് പോകും. ഇതിപ്പോൾ ഞാൻ ഒരുമ്പിട്ട് ഇറങ്ങിയതു കൊണ്ട് എന്റെ കാര്യം നടക്കുന്നു. പി. ജി. കഴിഞ്ഞ് ഇങ്ങനെ ഒരൊറ്റ പോക്കങ്ങു പോകാനൊന്നും ഞാൻ സമ്മതിക്കില്ല എന്തു വന്നാലും. ഒരു പ്രതിയെ കൈകാര്യം ചെയ്യുന്നത് ആക്ച്വലി ഇതിലും എത്രയോ ഭേദം!”


അപ്പോഴേക്കും ഒരു തിരിവ് എത്തിയിരുന്നു. അതിനപ്പുറം കുറച്ചു ആൺവിദ്യാർത്ഥികൾ നിൽക്കുന്നതു കണ്ട വിദ്യാർത്ഥിനികൾ പിറകിലേക്ക് ശ്രദ്ധിക്കാതെ തന്നെ പെട്ടെന്നു മുന്നോട്ട് നടന്നു. പിറകെ വന്ന ബഞ്ചമിനെ കണ്ട ആൺകുട്ടികളുടെ മട്ടാകെ മാറി. അവരെ മറികടന്ന് വിദ്യാർത്ഥിനികളെ പിന്തുടരുന്നത് ബഞ്ചമിൻ വേഗത്തിലാക്കിയതും ഒരാൺകുട്ടി അവനെ പിന്നിൽ നിന്നും വിളിച്ചു. അപ്പോഴേക്കും മറ്റൊരുവൻ ബഞ്ചമിനെ പിടിച്ചു നിർത്തിയിരുന്നു. തിരിഞ്ഞ വഴി അവൻ എല്ലാവരെയും മാറി-മാറി ഒന്നു നോക്കി. കുറച്ചു വിദ്യാർത്ഥികൾ അതുവഴി വന്നും പോയുമിരുന്നു. ബഞ്ചമിൻ അവരുടെ മുന്നിലേക്ക് ചെന്നു.


“ഇത് കോളേജ് പരിസരമാണെന്ന് അറിഞ്ഞുകൂടെ! കണ്ടിട്ട് കോളേജിൽ പഠിക്കുന്ന ലക്ഷണവുമില്ല... കുറച്ചു നാളായിട്ട് ഇവിടെയൊക്കെ കറങ്ങി നടക്കുവാണല്ലോ...? ഇത് സ്ഥിരം പരിപാടി ആണോ, എത്ര കോളേജിൽ ഇതുപോലെ മെമ്പർഷിപ് ഉണ്ട്?”

ഉള്ളതിൽ പ്രധാനി എന്ന ഭാവത്തോടെ ഒരുവൻ മറ്റുള്ളവരോടൊപ്പം നിൽക്കെ, സിഗരറ്റ് വലിച്ചു വിടുന്നതിനിടയിൽ മുന്നിൽ നിൽക്കുന്ന ബഞ്ചമിനോട് പറഞ്ഞു. അപ്പോൾ മറ്റൊരുവൻ ചാടിക്കയറി പറഞ്ഞു;

“എടാ വിട്ടേരെടാ, നല്ല പ്രായത്തിൽ വല്ല പഠിക്കാനും പോയിക്കാണും! അതാ ഇപ്പോഴിങ്ങനെ, കോഴി ചികഞ്ഞു നടക്കുന്നത്... കണ്ടാൽ സഹതാപവും പാവവും തോന്നും!”


അനക്കംകൂടാതെ നിൽക്കുന്ന ബഞ്ചമിനു നേർക്ക് പുച്ഛത്തോടെയുള്ളൊരു പുഞ്ചിരി പാസാക്കി ആദ്യത്തേവൻ തുടർന്നു;

“അവരെയും അപ്പനും അമ്മയും ഇവിടേക്ക് പഠിക്കാൻ പറഞ്ഞു വിട്ടിരിക്കുന്നതല്ലേ...? ഇങ്ങനെയൊക്കെയായാൽ ഇവിടെ ഒരുപാട് പേർക്ക് നല്ല പണിയാകും പറഞ്ഞേക്കാം. ക്യാമ്പസിലെ പിള്ളേരുടെ ചാമ്പ് മേടിച്ചാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല, ഓർത്തോ.. കംപ്ലീറ്റ് പെൺപിള്ളേരുടെ മുൻപിൽ നാണംകെടും! കൂടുതൽ ഉപദേശിക്കേണ്ടല്ലോ ഞാൻ...!?”

മുൻപ് ചാടിക്കേറി പറഞ്ഞവൻ വീണ്ടും ഇടയ്ക്കുകയറി;

“കൂടുതൽ പറയേണ്ട... ആ നിൽപ് കണ്ടാലറിയാം നമ്മൾ പറഞ്ഞതിനേക്കാൾ നന്നായിട്ടുണ്ട് അവന്റെ മനസ്സിലാക്കൽ എന്ന്!”

അടുത്തനിമിഷം ബഞ്ചമിന്റെ തോളിൽ അമർത്തിത്തട്ടിക്കൊണ്ട് സിഗരറ്റ് വലിച്ചുകൊണ്ടിരുന്നവൻ താൻ പറഞ്ഞുവന്നതിന്റെ ബാക്കിയെന്നവണ്ണം പറഞ്ഞു;

“ബോടിയൊക്കെ നല്ല ഫിറ്റാണല്ലോ! വെറുതെ ദേഹം പഴുപ്പിക്കാൻ നിൽക്കേണ്ട. വേഗം വന്നവഴി മര്യാദക്ക് തിരിച്ചു പോയ്‌ക്കോ... ഇനി ദയവുചെയ്ത് ഇത്തരം പരിപാടികളുമായി ഇവിടെയെങ്ങും കണ്ടാൽ വിഷയമാകും. അത് മറക്കേണ്ട...!”


ഇത്രയുംകേട്ടശേഷം ബഞ്ചമിൻ വിദ്യാർത്ഥിനികൾ പോയവഴി നോക്കി. അവരെ കാണാത്തതു മൂലം തലതിരിച്ചപ്പോഴേക്കും ചെറുതായവനെയൊന്ന് തള്ളിവിട്ടു കൊണ്ട് ആൺകുട്ടികൾ പറഞ്ഞു;

“പറഞ്ഞത് മനസ്സിലായില്ലേ, സ്ഥലം വിട്...”

അവൻ അക്ഷരം മിണ്ടാതെ വന്നവഴി തിരിച്ചു നടന്നു, ഒരു ചെറുചിരിയോടെ. അപ്പോഴേക്കും അവന്റെ ഫോണിൽ ലീനയുടെ കോൾ വന്നു.


“ചേട്ടാ ഞാൻ എക്സാം കഴിഞ്ഞു നിൽക്കുവാ. സമയം ഉണ്ടേൽ വന്നു പിക്ക് ചെയ്യാമോ? ഞാൻ മടുത്തു ശരിക്കും.”

കോൾ എടുത്തയുടൻ അവൾ ഇങ്ങനെ പറഞ്ഞു.

“എടീ എനിക്ക് പണി പോലീസിലാ... ഇങ്ങനെ ഓരോരുത്തരുടെയും വർത്തമാനം കേട്ട് അവരുടെ പിറകെ തെക്കുവടക്ക് നടക്കാനൊന്നും പറ്റില്ല!”

അവന്റെയീ മറുപടിക്കായി കാത്തിരുന്നെന്നവണ്ണം അവൾ പറഞ്ഞു;

“ഉവ്വാ, ആരും ഒന്നും അറിയുന്നില്ല! എന്നെ ഇത്രയും ദൂരെ കൊണ്ടു പോയി ഡിഗ്രിക്ക് ചേർക്കാൻ ആരാ ചേട്ടനോട് പറഞ്ഞത്...?”

അവളെ മുഴുമിപ്പിക്കാതെ ചെറിയൊരു ചിരി പാസാക്കി, ‘വരാം’ എന്നേറ്റ് അവൻ കോൾ കട്ട്‌ ചെയ്തു.


17


ഒരു ദിവസം ബഞ്ചമിൻ ഡി. ഐ. ജി. യോടൊപ്പം അയാളുടെ ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു.


“ഡാ, നമുക്ക് വേട്ട ഒരൽപ്പം കൂടുന്നുണ്ട്! ഇങ്ങനെ പോയാലിത്, എവിടെച്ചെന്ന് അവസാനിക്കുമോ എന്തോ!?”

ഇതു കേട്ട്, വാഹനം ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന ബഞ്ചമിൻ അനക്കം കൂടാതെ ചോദിച്ചു;

“സാറിനെന്താ, പേടിയുണ്ടോ...!?”

മറുപടിയായി അവനെ തിരിഞ്ഞു നോക്കിയിരുന്നു കൊണ്ട് അയാൾ തുടങ്ങി;

“എന്റെ മാത്രം കാര്യമല്ല ഞാൻ പറഞ്ഞത്! നിന്റെകൂടി കാര്യമാ... നീയിങ്ങനെ ക്രെഡിറ്റ്‌ എടുക്കാതെ വേട്ടയാടി വേട്ടയാടി, ഇത് നിനക്കിപ്പോഴൊരു ക്രെഡിറ്റ്‌ ആയിരിക്കുകയാണല്ലോ! എല്ലായിടത്തും.. എല്ലാവരും... ഇപ്പോൾ നിന്റെ പേരാ... ചിലപ്പോഴൊക്കെ എനിക്ക് കുറച്ചു പേടി തോന്നാറുണ്ട്!”


പഴയപടി ഇരുന്നു തന്നെ ബഞ്ചമിൻ ഒന്ന്‌ ചിരിച്ചു, മറുപടിയായി.

“വെറിപൂണ്ട് നടക്കുന്നവന്മാർ ആരെങ്കിലും ഒന്ന്‌ മനസ്സുവെച്ചാൽ മതി, നമുക്ക് പണി വന്നാൽ പിന്നെ ആരും കാണില്ല...

ആരുടേയും സഹതാപവും കിട്ടില്ല! അതറിയാമല്ലോ നിനക്ക്...!”

ഒന്ന്‌ നിർത്തി, അയാൾ തുടർന്നു;

“കഴിഞ്ഞ മാസം തന്നെ, പിടിച്ച ആ രണ്ടെണ്ണത്തിന്റെയും മുഖം കോടതിയിൽവെച്ചും ഒന്ന്‌ കാണണമായിരുന്നു. പേടിച്ചിട്ടല്ല... എന്നാലും, പക്വതയും പാകവുമില്ല ഒന്നിനും! എന്തും ചിന്തിക്കും... എന്തും പ്രവർത്തിക്കും...”


അപ്പോഴേക്കും ചെറിയൊരു ചിരി പാസാക്കി ബഞ്ചമിൻ പറഞ്ഞു;

“നമ്മുടെ പണിയിതല്ലേ... അതിന്റെ ഭാഗമായിട്ടങ്ങു കാണുകയെ നിവർത്തിയുള്ളല്ലോ!

ഇവനെപ്പോലെയുള്ളവരെയൊക്കെ നമ്മൾ വെറുതെ വിട്ടാൽ എന്താ സ്ഥിതി!?”

ഒന്ന്‌ നിർത്തി അല്പനിമിഷത്തിനകം അവൻ പറഞ്ഞു;

“സാർ വരീഡ് ആവുകയൊന്നും വേണ്ട! നമുക്ക് പരമാവധി നോക്കാം, ഈ കാക്കിയും വെച്ചു കൊണ്ട്.”


മറുപടിയായി ഡി.ഐ.ജി. ഒന്നും മിണ്ടിയില്ല. അയാൾ എന്തോ ആലോചനയിലേക്ക് കടന്നു, പകരം. അവനാകട്ടെ ആ സമയം മുതൽ വാഹനം വേഗത്തിലാക്കി. അധികം താമസിയാതെ ഒരു നാൽക്കവലയിൽ, ഉദ്ദേശിച്ച സ്ഥലത്തെത്തി എന്ന പോലെ, അവിടെ ഒതുക്കിയിട്ടിരുന്ന പോലീസ് വണ്ടിയുടെ പിന്നിലായി ബഞ്ചമിൻ വാഹനം നിർത്തി.

“സാറിവിടെ ഇരുന്നോ, ഞാൻ പോയിട്ട് വരാം.”

വണ്ടി നിർത്തി ഇറങ്ങുന്നതിനിടയിൽ അവൻ പറഞ്ഞു.

“വലിയ കാര്യമൊന്നുമില്ലല്ലോ, വെറുതെ ഒരു കുശലാന്വേഷണം നടത്തിയിട്ട് ഇങ്ങ് പോരെ നീ. റാങ്കു നോക്കാതെ ഡ്യൂട്ടി നോക്കണമെന്നല്ലേ പുതിയ നിയമം!”


അയാളുടെ ഈ വാചകങ്ങൾക്ക് മറുപടിയായി ‘ശരി’ എന്ന ഭാവം കാണിച്ച് യൂണിഫോം ഒന്ന്‌ നേരേയാക്കി സായാഹ്നത്തിന്റെ ചെറിയൊരാലസ്യം മറച്ചു അവൻ ഇറങ്ങി നടന്ന് കവലയിൽ തമ്പടിച്ചിരിക്കുന്ന പോലീസുകാരുടെ അടുത്തേക്ക് ചെന്നു.ഡി. ഐ. ജി. നിർദ്ദേശിച്ചവിധമുള്ള ‘കുശലന്വേഷണങ്ങൾ’ കഴിച്ചശേഷം അവൻ അവിടം വിടാൻ ഒരുങ്ങിയതും ബൈക്കിൽ, ഒരു മാസം മുൻപ് തന്നെ ‘റാഗ്’ ചെയ്ത യുവാവ് വരുന്നത് കണ്ടു. അന്ന് കണ്ട അതേ ‘പ്രതാപം’ നിലനിർത്തിയുള്ള വരവ് കണ്ടപാടെ അവൻ കൈ കാണിച്ചു, യുവാവ് ബൈക്ക് ഒതുക്കി നിർത്തി.


“നീയിങ്ങു ഇറങ്ങി വന്നേ...”

അത്ഭുതം കലർന്ന  തന്റെ മുഖം നിലനിർത്തിപ്പോയ ആ യുവാവിനോട് അല്പം ഗൗരവത്തിൽ ബഞ്ചമിൻ ഇങ്ങനെ പറഞ്ഞു. യുവാവ് ഒരക്ഷരം ഉരിയാടാതെ ബഞ്ചമിന് മുന്നിൽ ഇറങ്ങി നിന്നു.

“എവിടെ നിന്റെ ഹെൽമെറ്റ്‌...? ഇതൊക്കെ ബുദ്ധിമുട്ടാണേൽ നീയൊക്കെ എന്തിനാ തുണി ഉടുക്കുന്നത്? അതു കൂടിയങ്ങു ഊരിക്കളഞ്ഞു ഫ്രീയായിട്ട് നടക്ക്! ഞങ്ങൾക്ക് ചെറിയൊരു പണി കൂടുമെന്നേയുള്ളൂ...”

വളരെ സാവധാനത്തിൽ, എന്നാൽ ഗൗരവം കലർത്തി ബഞ്ചമിൻ ആ യുവാവിന്റെ മുഖത്തേക്കു തന്നെ നോക്കിപ്പറഞ്ഞു.

“ക്ഷമിക്കണം സർ... എന്റെ വീടിവിടെ അടുത്താ.. ഇനിമേൽ ആവർത്തിക്കില്ല. പെട്ടെന്നൊരാവശ്യത്തിന് ഇറങ്ങിയപ്പോൾ...”


മറുപടിയായി, യുവാവിന്റെ ഈ വാചകങ്ങൾക്ക് ഒരുവക മുഖം കാണിച്ച് ബഞ്ചമിൻ മറുപടി നൽകി;

“അന്ന് നിനക്ക് എന്നാ പെർഫോമൻസ് ആയിരുന്നെടാ... എവിടെ നിന്റെ ശിങ്കിടികൾ, ഞാൻ അന്വേഷിച്ചെന്ന് പറഞ്ഞേക്ക്!

ഞാൻ അവിടെത്തന്നെ ഉണ്ടായിരുന്നല്ലോ ഇത്രയും നാളും! ഒന്നു കാണണം നിന്നെയൊക്കെ എന്നെനിക്ക് ഉണ്ടായിരുന്നു...”

ഇതിനിടയിൽ ക്ഷമാപൂർവ്വം യുവാവ് തന്റെ വാചകങ്ങൾ ഇടയിലേക്ക് കയറ്റി;

“സർ, ക്ഷമിക്കണം എന്നോടും അവരോടും. ആളറിയാതെ പറ്റിപ്പോയതാ... അല്ലെങ്കിൽത്തന്നെ ഞങ്ങൾക്ക് ഇതൊന്നുമല്ല പണി! അന്ന് വെറുതെ... അങ്ങനെയങ്ങു സംഭവിച്ചുപോയതാ...”

ഉടനെത്തി ബഞ്ചമിന്റെ വാചകങ്ങൾ;

“ഒരൊറ്റയടി നിന്റെ കരണത്ത് വെച്ചങ്ങു തരട്ടെ ഞാൻ...?! എന്തുപറയുന്നു...?”

‘അയ്യോ സാർ’ എന്നുപറഞ്ഞു ദയനീയ ഭാവത്തോടെ യുവാവ് കുറച്ചു നിമിഷങ്ങൾ അവിടെ നിന്നു. അപ്പോഴേക്കും ഡി. ഐ. ജി. തന്റെ വാഹനത്തിന്റെ ഹോൺ മുഴക്കി.

“ഊമ്, പൊയ്ക്കോ തൽക്കാലം... മേലിൽ ഇത്തരം വേഷംകെട്ട് ഇറക്കിയേക്കരുത്.”

അല്പം ഗൗരവം ഭാവിച്ചുള്ള ബഞ്ചമിന്റെ ഈ വാചകങ്ങൾക്ക് മറുപടിയെന്നവണ്ണം യുവാവ് വേഗത്തിൽ സ്ഥലം കാലിയാക്കി. ഒരിക്കൽക്കൂടി പോലീസുകാരെ ഗൗനിച്ച് അവൻ പതുക്കെ നടന്നു ചെന്ന് വാഹനത്തിൽ കയറി.


“ഇവിടെ തല്ക്കാലം പ്രശ്നമൊന്നും ഇല്ലെന്നാ പറയുന്നത്... ബിജോയിയുടെ അടുത്തൊന്ന് പോയി നോക്കാം.”

വാഹനം സ്റ്റാർട്ടാക്കുന്നതിനിടയിൽ ബഞ്ചമിൻ ഇങ്ങനെ പറഞ്ഞു, അയാളോടായി. സമ്മതഭാവം അയാൾ പ്രകടമാക്കിയപ്പോഴേക്കും വാഹനം വളച്ചു തിരിച്ച് ഓടിച്ചു തുടങ്ങി അവൻ.

“ലീന എന്തെടുക്കുന്നെടാ, എന്തുണ്ട് അവൾക്ക് വിശേഷം!?”

ഇടയിൽ, അയാൾ അവനോടു ചോദിച്ചു.

“സുഖമായിട്ടിരിക്കുന്നു... ഒരുദിവസം ഇറങ്ങിക്കൂടെ വീട്ടിലേക്ക്!?”

ഇങ്ങനെ മറുപടി പറഞ്ഞു കൊണ്ട് സാമാന്യം വലിയൊരു കുശലാന്വേഷണത്തിന് അവൻ തുടക്കം കുറിച്ചു.


18


“എടൊ ഒരു ചായ...”

ഔദ്യോഗിക വാഹനത്തിൽ നിന്നും ഇറങ്ങിയതിന്റെ ഹാങ്ങ്‌-ഓവറിൽ തന്റെ യൂണിഫോം ബെൽറ്റിൽ ഇരുകൈകളും പിടിച്ച് ഒന്ന്‌ നേരെയാക്കിയ ശേഷം ബഞ്ചമിൻ പറഞ്ഞു.

“ഇതെന്താ സാർ, പതിവില്ലാതെ യൂണിഫോമിൽ!?”

ചായ എടുക്കുവാനുള്ള തത്രപ്പാടിയിനിടയിൽ കടക്കാരൻ ചോദിച്ചു.

മറുപടിയായി ബഞ്ചമിൻ, ഒരു ചെറുമന്ദഹാസത്തോടെ തലവെട്ടിച്ച്, വാഹനങ്ങൾ മെല്ലെ അങ്ങുമിങ്ങും പോകുന്ന ആ കവലയാകെ നോക്കിയ ശേഷം പറഞ്ഞു;

“എന്നും ‘മഫ്തിയിൽ’ വന്നുപോയിട്ട് കാര്യമില്ലല്ലോ! പോലീസ് അല്ലേ, കുറച്ചൊക്കെ യൂണിഫോം ആകാം!”


ചെറുചിരിയിൽ അവസാനിച്ച ഈ വാചകങ്ങൾക്ക് മറുപടിയായി കടക്കാരൻ പറഞ്ഞു;

“സാറ് ഇങ്ങനെ മിക്കദിവസവും ഞങ്ങളുടെ ഈ തട്ടുകടയിൽ നിന്നും ചായ വാങ്ങി കുടിച്ചു കൊണ്ട് ഇങ്ങനെ നിൽക്കുന്നത്

പുറത്തു നിന്നും ആരു നോക്കിയാലും ഒരു പ്രത്യേക സൗന്ദര്യമാ കേട്ടോ! ഒരുപാട് പേരായി ഇപ്പോൾ എന്നോടിത് പറയുന്നു...”

നെറ്റിയൊന്ന് കൗതുകഭാവത്തിൽ ചുളുപ്പിച്ച് അവൻ മറുപടിയായി പറഞ്ഞു;

“ഡാ നീയേ, എന്നത്തേയും പോലെ ആ ചായയിങ്ങു പതപ്പിച്ചു തന്നാൽ മതി! പോലീസുകാരൻ ആണെന്നുവെച്ച് ഇതൊന്നും.., കടേൽ വരാനും ചായ കുടിക്കാനും പറ്റില്ല എന്നൊക്കെയുണ്ടോ!?”


ഒരു ചെറുചിരിമാത്രം മറുപടിയായി നൽകിയ കൂട്ടത്തിൽ ചായയും ബഞ്ചമിന് കടക്കാരൻ സമ്മാനിച്ചു. അത് വാങ്ങി ഊതി കുടിച്ചു കൊണ്ട് വഴിയിലേക്ക് അങ്ങിങ്ങായി നോക്കി അവൻ നിന്നു.

“നല്ല മഴവരുന്ന ലക്ഷണം കാണുന്നുണ്ടല്ലോ സാർ,”

ഒന്നുനിർത്തി കടക്കാരൻ തുടർന്നു വീണ്ടും;

“...ഈയിടെ അല്ലേലും ഈ കോളേജ് വിടുന്ന സമയം മിക്കവാറും നല്ല മഴയാ..”

മറുപടി പ്രതീക്ഷിക്കാത്തവിധം കടക്കാരൻ തന്റെ വാചകങ്ങൾ അവസാനിപ്പിച്ചു. ബഞ്ചമിൻ ചായകുടിക്കെ മാനം കറുത്തിരുണ്ടു കൂടി വന്നു തുടങ്ങി, വെളിച്ചത്തെ ആകെ പുറംതള്ളിക്കൊണ്ട്. അപ്പോഴേക്കും അവന്റെ ഫോൺ റിങ്ങ് ചെയ്തു.


“ആ എടീ, നീ ക്ലാസ് കഴിഞ്ഞു അവിടെ നിന്നേച്ചാൽ മതി! ഞാനിവിടെ ഒരിടംവരെ വന്നതാ... ഞാൻ വന്ന്...”

കോൾ അറ്റന്റ് ചെയ്തു ലീനയോട് ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ ഇടയ്ക്കു കയറി ചോദിച്ചു;

“ഈ... ഇവിടേന്ന് പറഞ്ഞാൽ എവിടെയാ?”

കൗതുകം കലർത്തിയുള്ള അവളുടെ ഈ ചോദ്യത്തിന് മറുപടിയായി അവൻ തലവെട്ടിച്ച് കടക്കാരനെയൊന്ന് നോക്കിയ ശേഷം തുടർന്നു പറഞ്ഞു;

“ശ്ശെടാ... എനിക്കെന്താ ജോലിയെന്ന് നിനക്കറിയില്ലേ! എല്ലാവർക്കും ഇപ്പോൾ ഇതേയുള്ളല്ലോ ചോദിക്കാനും പറയാനും!”

മറുപടിയായി ചെറുചിരിയോടെ അവൾ പറഞ്ഞു;

“ചേട്ടന്റെ അന്വേഷണത്തെക്കുറിച്ചൊക്കെ എനിക്കറിയാം! ഞാനിവിടെ കാത്തുനിൽക്കേണ്ടേ, അതു കൊണ്ട് ചോദിച്ചതാണേ...”


തന്റെ ചേട്ടന് ഫേവർ ആയി എന്തോകൂടി പറയുവാൻ അവൾ തുനിഞ്ഞതും, എന്തോ കണ്ടെന്നപോലെ ധൃതിയിൽ അവൻ ഇടയ്ക്കുകയറി;

“നീ... നീ അവിടെ നിന്നാൽ മതി. ഞാൻ പെട്ടെന്ന് വന്നേക്കാം! വെക്ക് ഇപ്പോൾ...”

ഇത്രയും പറഞ്ഞു ധൃതി വിടാതെ കാലിയായ ചായഗ്ലാസ് കടയിലേക്ക് വെച്ച ശേഷം തൊണ്ട ഒന്ന്‌ മുരളിച്ച് വഴിയരുകിൽ ഇട്ടിരുന്ന തന്റെ ഔദ്യോഗിക വാഹനത്തിലേക്ക് നടന്നടുത്തു ചെന്ന് അവൻ ചാരി നിന്നു.


“എടീ... ഇങ്ങ് വന്നേ നീ...”

റോഡിനപ്പുറവശം കോളേജ് വിട്ട് പോവുകയായിരുന്ന പതിവ് രണ്ട് വിദ്യാർത്ഥിനികളെ ഗൗരവത്തിൽ അവൻ കൈചൂണ്ടി വിളിച്ചു. അല്പം വിരണ്ടെന്ന കണക്കെ ചുറ്റുമൊന്ന് നോക്കി വല്ലാതായിക്കൊണ്ട്, പരസ്പരം അസ്വസ്ഥത പ്രകടമാക്കിയ ശേഷം അവർ ഇരുവരും റോഡ് മുറിച്ചു കടന്ന് ബഞ്ചമിന് അടുത്തേക്ക് വന്നു.

“നീ ഇവിടെ നിന്നാൽ മതി, നീ പൊയ്ക്കോ...”


എപ്പോഴും മാറ്റമില്ലാതെ വലതുഭാഗത്തായി സഞ്ചരിക്കുന്ന പെൺകുട്ടിയോട് ആദ്യ ഭാഗം പറഞ്ഞ ശേഷം ബാക്കി ഭാഗം കൂട്ടുകാരിയോടായി പറഞ്ഞു ബഞ്ചമിൻ. ഇതുകേട്ട് കൂട്ടുകാരി തന്റെ സുഹൃത്തിനെ ഒന്ന്‌ നോക്കി. അപ്പോഴേക്കും അവൻ ഒരു കൈ തന്റെ വാഹനത്തിൽ ചെറുതായൊന്നു ശബ്ദത്തിൽ വച്ചു കൊണ്ട് കൂട്ടുകാരിയെ രൂക്ഷമായി നോക്കി. നിവർത്തിയില്ലാതെയെന്ന പോലെ കൂട്ടുകാരി തന്റെ സുഹൃത്തിനെ ഉപേക്ഷിച്ച്, അല്പം മാറി നിൽക്കുന്നുണ്ടാകും എന്ന ഭാവം കാണിച്ച ശേഷം പോയി.


കാർമേഘം ഇരുണ്ടുകൂടി വരുന്നതിനൊപ്പം കാറ്റും നന്നായി വീശിത്തുടങ്ങിയിരുന്നു. ബഞ്ചമിൻ ഒന്നു രണ്ട് നിമിഷം അവളുടെ മുഖത്തേക്ക് നോക്കി അങ്ങനെ നിന്നു!

“ആളുകൾ കാണും, എന്നെയൊന്നു വിടാമോ?!”

മുഖം ചിണുക്കിക്കൊണ്ട്, നാണക്കേട് ഭയന്നെന്ന വണ്ണം ചുറ്റുപാടും നോക്കാതെ അവൾ പറഞ്ഞു.

“മര്യാദ നിന്റെയടുത്ത് നടക്കില്ല എന്നുവെച്ചാൽ എങ്ങനെയാ... ഇപ്പോൾ കണ്ടോ, എങ്ങനെയുണ്ട്!?”

ആദ്യ ഭാഗം ഒരിക്കൽക്കൂടി മുഖഭാവത്താൽ മറുപടിയായി കാണിച്ചു കൊണ്ട് അവൾ നിന്നു.


“യൂണിഫോമിൽ ആണെന്നു കരുതി കുഴപ്പമൊന്നുമില്ല. നിന്നെ ഞാനല്ലേ കെട്ടാൻ പോകുന്നത്... ആ എനിക്ക് പ്രശ്നമില്ലേൽ പിന്നാർക്കാ പ്രശ്നം!?”

ഇത്രയും കൊണ്ട് നിർത്തി അവൻ വീണ്ടും തുടർന്നു, ചുറ്റുമൊന്ന് കണ്ണോടിച്ചുകാണിച്ച്;

“ഇനിയിപ്പോൾ ആർക്കേലും പ്രശ്നം ഉണ്ടെങ്കിൽത്തന്നെ ഞാനതൊക്കെ ദേ, ഇതു പോലെയങ്ങു കൈകാര്യം ചെയ്യും! എന്റെ സ്വഭാവം അറിയില്ലാത്തോണ്ടാ...”

മറുപടിയെന്ന കണക്കെ അവൾ പഴയപടിയങ്ങു നിൽക്കുകയാണ്.

“നിനക്കെന്താ, ഇഷ്ടമാണെന്ന് ഇങ്ങു പറഞ്ഞാല്..!”


അവന്റെയീ ചോദ്യത്തിന് ഒരുനിമിഷം നിശ്ചലയായ ശേഷം- അവൾ പഴയപടി നിൽക്കെ, അതേ ഭാവത്തിൽ ധൃതി കലർന്ന അപമാനഭാരത്തോടെ പറഞ്ഞു;

“ഇഷ്ടം പോലെ ഇങ്ങനെ പിറകെ നടക്കുന്നത് എങ്ങനെയാ പിന്നെ...!”

അവന്റെ ചോദ്യം വന്നു;

“എന്നാൽ അതങ്ങു പറഞ്ഞാൽ പ്രശ്നം തീർന്നില്ലേ...?”

അവൾ ചോദിച്ചു, പഴയ ഭാവത്തിൽ നെറ്റി ചുളുപ്പിച്ചുകൊണ്ട്;

“ഏത്...?”

‘ശ്ശെ’ എന്ന ഭാവം ചുണ്ടുകളാൽ പ്രകടമാക്കി അവൻ പറഞ്ഞു; “നീ ശരിയാവില്ല...”


ഉടനടി അവൾ പറഞ്ഞു;

“എന്നെയൊന്നു വിട്... ആളുകൾ നോക്കുന്നു, പ്ലീസ്!”

ബഞ്ചമിൻ ഗൗരവം ഭാവിച്ചു ചോദിച്ചു;

“ചോദിക്കുന്ന ചോദ്യത്തിന് കൃത്യം മറുപടി പറയ്... കൂടുതൽ വിളച്ചിലെടുത്താൽ ദേ...,, ഈ വളകൂട്ടി ഒരു പിടി ഞാനിപ്പോഴങ്ങു പിടിക്കും! പിന്നെ വിടുന്ന പ്രശ്നമുണ്ടാകില്ല...”


അതേ ഭാവത്തിൽത്തന്നെ അവളുടെ മുഖം പഴയതിനേക്കാൾ കൂടുതൽ ദയനീയമായി. അവൻ പിന്നീടങ്ങോട്ട് തന്റെ മുഖത്തു നിന്നും കണ്ണെടുക്കുന്നില്ല എന്ന് കണ്ടതോടെ അവൾ പറഞ്ഞു;

“എന്താണെന്നു വെച്ചാൽ ചോദിച്ചിട്ട് അങ്ങ് വിട്... വേഗം എന്നെ!”

ഉടനടി വന്നു അവന്റെ വാചകം;

“ഇഷ്ടമാണ് എന്നങ്ങു പറഞ്ഞാൽ എന്താണ്...? അത് പറ ആദ്യം!”

കാത്തിരുന്നെന്ന കണക്കെ അവൾ മറുപടി പറഞ്ഞു;

“ഇഷ്ടം പോലെ ഓരോന്ന് കാണിച്ചുകൂട്ടുന്നുണ്ടല്ലോ...ഞാനെന്തേലും മിണ്ടാറുണ്ടോ!”

ബഞ്ചമിന്, മറുപടിയായി മനസ്സിൽ വന്നു പോയ ചിരി, മുഖത്ത് പ്രകടിപ്പിക്കാതിരിക്കുവാൻ കഴിഞ്ഞില്ല.


“എടീ എനിക്കാണേൽ ഒരു അനിയത്തി മാത്രമേയുള്ളൂ. അതൊക്കെ അറിയാമല്ലോ...”

അവനിങ്ങനെ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ ധൃതിയിൽ ഇടയ്ക്കു കയറി പറഞ്ഞു;

“എന്റെ പൊന്നേ... ഉള്ളവരെ വെച്ചു എന്തേലുമൊക്കെ കാണിക്ക്... ഇഷ്ടംപോലെ കാണിക്ക്. ദയവു ചെയ്ത് എന്നെയിങ്ങനെ നാണം കെടുത്താതെ വിട് ഒന്ന്‌.”

ആശയങ്ങൾ പൂർണ്ണത വരാതെ, ചിതറിപ്പോയ വാചകങ്ങളോടൊപ്പം തന്റെ ഇപ്പോഴത്തെ നിസ്സഹായാവസ്ഥ പ്രകടമാക്കി അവൾ ഇങ്ങനെ നിർത്തി.


“ഓക്കെയ്. അപ്പോൾ ഞാനുടനെ ഈ നാണംകെടുത്തലിന് ഒരു ഔദ്യോഗിക... അല്ല, ഒന്ന്‌ ഔദ്യോഗികവൽക്കരിക്കുവാൻ പോകുവാ ഉടനെ. ഇനി കൂടുതൽ ചോദ്യവും പറച്ചിലുമൊന്നുമില്ല... മനുഷ്യൻ എത്രയാണെന്നുവെച്ചാ സഹിക്കുന്നത്!”

അവൻ സാവധാനത്തിലിത്രയും പറഞ്ഞു നിർത്തി. ശേഷം തുടർന്നു ചോദിച്ചു;

“എന്ന് കഴിയും നിന്റെ പി. ജി.?”

മറുപടിയായി അവൾ ധൃതിയിൽ പറഞ്ഞു;

“അതൊക്കെ വലിയ കാര്യമാണോ.. പിന്നെ സംസാരിക്കാം. എന്നെയൊന്നു വിട്... ഇങ്ങനെ ചെയ്യരുത്!”

 ‘തല്ക്കാലം ശരി’ എന്ന അർത്ഥത്തിൽ അവളെയൊന്ന് നോക്കിയ ശേഷം അവൻ വീണ്ടും ചോദിച്ചു;

“ഇനിയിപ്പോൾ എന്താ പരിപാടി...? നേരെ വീട്ടിൽ പോകുവാണോ, അതോ... വേണേൽ ഞാൻ ഡ്രോപ്പ് ചെയ്യാം.”


തലവെട്ടിച്ച കൂട്ടത്തിൽ കുറച്ചു മാറി തന്റെ കൂട്ടുകാരി നിൽക്കുന്നതു കണ്ട അവൾ ധൃതിയിൽ പറഞ്ഞു;

“എനിക്കൊന്ന് കടയിൽ കേറണം... ഞങ്ങളൊരുമിച്ച് പൊയ്ക്കോളാം.”

രണ്ടു നിമിഷത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു;

“ഇനി കുറച്ചുകാലം ഞാൻ ഭരിക്കും..

ഇത്രയും കാലം അടിമയല്ലായിരുന്നോ ഞാൻ,,”


അവനിങ്ങനെ പറഞ്ഞു തീർന്നില്ല, അവൾ ധൃതിയിൽ വാഹനങ്ങളെ ഗൗനിച്ച് റോഡ് മുറിച്ചു കടന്ന് പോയി. അവൻ വാഹനത്തിന്റ ഡോർ തുറക്കുവാൻ ഒരുങ്ങിയതും ചായയുടെ ക്യാഷ് കൊടുത്തില്ല എന്നതോർത്തു. ഡോർ വിട്ട് കടയിലേക്ക് പോകുവാൻ അവൻ ഒരുങ്ങിയതും ഒരു ജിപ്സി പാഞ്ഞു വന്ന് അവനെ ഇടിച്ചിട്ടു. അപ്പോഴേക്കും കനത്തൊരു മഴ പെയ്തു തുടങ്ങി. കാര്യമായ ആഘാതം ഏൽക്കാത്ത വിധം അവൻ ചാടിയെഴുന്നേറ്റപ്പോഴേക്കും കൈകളിൽ ആയുധങ്ങളും ഏന്തി ജിപ്സിയിൽ നിന്നും നാലു പേർ ഇറങ്ങി വന്നു. ഒരുവൻ ഒരു റോഡുമായി ഓടി വന്ന് വീശിയതും അവന്റെ കൈയ്യിൽ പിടിച്ച് ബഞ്ചമിൻ തടഞ്ഞതും മറ്റു മൂവരും അവനെ വളഞ്ഞിരുന്നു. അടുത്ത നിമിഷം ഒരുവൻ അവനെ പിറകിൽ നിന്നും വാളിനൊന്ന് പൂളി. അതിന്റെ ആഴത്തിൽ അവൻ നിൽക്കെ മറ്റൊരുവൻ കൈയ്യിലെ സ്റ്റിക്കിനാൽ അവന്റെ തലയ്ക്കടിച്ചു. പിറകെ ആദ്യം വന്നവൻ, ബഞ്ചമിന്റെ കൈയ്യകഞ്ഞു നിന്ന തക്കത്തിൽ മുഖത്തും റോഡിനാൽ അടിച്ചു. ഒരുമിച്ചുണ്ടായ ഈ ആഘാതങ്ങളുടെ മേൽ ബഞ്ചമിൻ റോഡിലേക്ക് പെയ്തിറങ്ങുന്ന മഴയോടൊപ്പമെന്ന പോലെ വീണു.


“അധികം സമയമെടുക്കരുത്... നമ്മള് പെടും...”


ശക്തിയായി പെയ്യുന്ന മഴയുടെ കഠിനസ്വരത്തെ മറികടക്കും വിധം ഒരുവൻ ഉറക്കെ മറ്റു മൂവരോടുമായി ഇങ്ങനെ പറഞ്ഞു. ആളുകൾ ഏതാണ്ടൊക്കെ മനസ്സിലാക്കിയെടുത്ത് ഗത്യന്തരമില്ലാതെ തടിച്ചു കൂടിയും മറ്റും, സ്തംഭിച്ച ഗതാഗതത്തിനൊപ്പം നോക്കി നിന്നു തുടങ്ങി. ചിലർ വെപ്രാളപ്പെട്ടു രംഗത്തേക്കുറിച്ച് എന്തൊക്കെയോ പറയുകയോ ശാന്തമാക്കുവാൻ വേണ്ടവയെക്കുറിച്ച് തീരുമാനങ്ങളെടുക്കുവാൻ തുനിയുകയോ ചെയ്തു തുടങ്ങി. ബഞ്ചമിൻ മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചു. ശക്തിയായ മഴയിൽ എഴുന്നേറ്റു നിന്നപാടെ തന്റെ തലയ്ക്കാകെയൊരു മങ്ങൽ അവന് തോന്നി.


‘ഇനി സമയമില്ല’ എന്ന ഭാവം എല്ലാവരെയും അറിയിച്ചു കൊണ്ട് ഒരുവൻ തന്റെ കൈയ്യിലെ കഠാര എടുത്തു. ബഞ്ചമിനെ കുത്തുവാൻ അയാൾ കഠാര ഓങ്ങി, മങ്ങൽ മാറിയ ഒരു നിമിഷം തന്റെ മുന്നിൽ ആരോ ചാരി നിൽക്കുന്നത് ബഞ്ചമിന് അനുഭവപ്പെട്ടു- എഗ്ഗിൾ പോലൊരു ശബ്ദത്തോടെ. മഴയിൽ നനഞ്ഞുകുതിർന്ന മുടിയിഴകൾ ശ്രദ്ധിച്ചു എല്ലാം മറന്നവൻ ആ രൂപത്തെ തിരിച്ചു നിർത്തി- കണ്ണുകൾ മിഴിച്ച് ചുണ്ട് അല്പം തുറന്ന് മറഞ്ഞു പോകുന്ന ബോധത്തെ പിടിച്ചു നിർത്തുവാൻ വെമ്പൽ കൊണ്ട് നിൽക്കുകയാണ് തന്റെ കാമുകി. അവൻ, അവളെയാകെയൊന്ന് നോക്കിപ്പോയി- വയറിൽ തറഞ്ഞു കയറിയിരിക്കുന്ന കഠാര! രക്തം കഠാരയിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങുന്നതിന്റെ കൂടെ അവന്റെ വായ പൊളിഞ്ഞു, അതിനൊത്ത ശബ്ദം പിറകെ എത്തി. രംഗം വഷളായെന്നു കണ്ട ഗുണ്ടകൾ വന്ന വണ്ടിക്കു തന്നെ ഇതിനോടകം വേഗം കയറി രക്ഷപെട്ടു. ഉള്ള ജീവൻ വെച്ചെന്ന കണക്കെ തന്റെ അവസാന ആഗ്രഹം എന്നവണ്ണം അവൾ ബഞ്ചമിനെ ചുമ്പിക്കുവാനാഞ്ഞു, സാധിക്കാതെ അവന്റെ വലതുകൈ വിറച്ചു വിറച്ചു തപ്പിയെടുത്ത് ചുമ്പിച്ചു കൊണ്ട് ചലനമറ്റ് അവന്റെ താങ്ങിൽ നിന്നു. ശക്തിയായി ചൊരിയുന്ന മഴയെയും മറ്റ് കോലാഹലങ്ങളെയും മറി കടന്ന്, അവളെ ചേർത്തു നിർത്തിയുള്ള അവന്റെ അലർച്ച അവിടെയാകെ പൊടുന്നനെ വിറകൊള്ളിച്ചു.


[തുടരും...]


Rate this content
Log in

Similar malayalam story from Romance