Charu Varna

Drama Romance

4.6  

Charu Varna

Drama Romance

നീയില്ലായ്മയിൽ

നീയില്ലായ്മയിൽ

17 mins
1.3K


തീരത്തൂടെ നടക്കുമ്പോൾ എന്റെ കാല്പാദങ്ങൾക്ക് വേഗത ഏറി വന്നുകൊണ്ടിരുന്നു... പിറകിലും കണ്ണുണ്ടായിരുന്നു എങ്കിൽ... തിരിഞ്ഞു നോക്കി നടക്കുമ്പോൾ തട്ടുന്ന സാരി തെല്ലൊന്ന് പൊക്കി പിടിച്ചു...

എവിടെ... അയാൾ എവിടെ...

ആശ്വാസത്തോടെ എന്റെ നെഞ്ചിലേക്കൊന്ന് കൈ വച്ച് കൊണ്ട് ആശ്വസിച്ചു... എന്തിനാണെന്നേ പിന്തുടരുന്നത്...? ഇന്നും അറിയില്ല... ഇതിപ്പോൾ മാസം നാലായി അയാൾ എന്റെ പിറകെ... മുഖം കണ്ടിട്ടില്ല... എങ്കിലും ഇടയ്ക്ക് അയാളെ കാണാം... ആരെന്നു പോലും അറിയില്ല...


"ജൂഹി..."

പിറകിൽ നിന്നും ആരോ വിളിച്ചതും ഞാൻ തിരിഞ്ഞു നോക്കി... മുഖത്തൊരു ചിരി വിരിഞ്ഞു... ലെനയായിരുന്നു... ഓഫിസിലെ റിസപ്ഷനിസ്റ്... ചിരിയോടെ അവൾ കൈകവർന്നപ്പോൾ എന്റെ കണ്ണുകൾ മുഴുവൻ അവളുടെ കൂടെ, ചുരിദാറിൽ കൈ കൊണ്ട് പിച്ചി കൊണ്ട് നില്കുന്ന ആ കുഞ്ഞു കുട്ടിയിൽ ആയിരുന്നു...

"മോളാ ... ഇതൾ... നിനക്ക് ഓർമ്മയില്ലേ...?"

എന്റെ നോട്ടം കണ്ടൊ എന്തോ, ലെന ചിരിയോടെ പറഞ്ഞു... ബാഗിലേക്ക് കയ്യിട്ടു നോക്കിയപ്പോൾ ചെറിയൊരു ബോക്സ്‌ ചോക്ലേറ്റ് കയ്യിൽ തടഞ്ഞു... കഴിഞ്ഞ തവണ വീട്ടിൽ പോയപ്പോൾ ഏട്ടന്റെ മോന് കൊടുക്കാൻ വാങ്ങിയത് ആയിരുന്നു... പക്ഷെ മറന്നു പോയിരുന്നു...

"വാങ്ങിച്ചോ... ആന്റി അല്ലേ...?"


കൈ നീട്ടി കുഞ്ഞത് വാങ്ങുമ്പോൾ അറിയാതെ എങ്കിലും മാറിടം വിതുമ്പിയിരുന്നു... ഒരിക്കൽ അമ്മ ആയതാണ്... മാറിടങ്ങളുടെ മധുരം പകർന്നു നൽകിയതാണ്... അഞ്ചാം മാസം വരെ... ഉറക്കി കിടത്തിയ മകൻ പിന്നെ ഉണർന്നില്ല... sudden infant death syndrome അങ്ങനെ എന്തോ ആയിരുന്നു എന്ന് ഡോക്ടർ പറഞ്ഞു... കരയാൻ പോലും കഴിഞ്ഞില്ല...

ഓർമ്മകളിൽ മകന്റെ മുഖം തെളിഞ്ഞപ്പോൾ ആ കുഞ്ഞിനെ ഒന്നുകൂടി മാറിലേക്ക് അണച്ചു... കഴിയുന്നില്ല... വർഷങ്ങൾ കടന്നു പോയെങ്കിലും അവന്റെ ഓർമ്മകൾ വല്ലാതെ തന്നിൽ നിറയുന്നുണ്ട്... ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആറു വയസ് കഴിഞ്ഞേനെ...


അവളൊരു ചായ കുടിച്ചാലോ എന്ന് പറഞ്ഞപ്പോൾ, മനസ് അവിടെ അല്ലെങ്കിൽ കൂടി ചലിക്കാൻ മാത്രമേ കഴിഞ്ഞുള്ളു... മകളുടെ കയ്യിൽ പിടിച്ചു കൊണ്ട് എന്നോട് ഓരോന്നൊക്കെ സംസാരിച്ചു കൊണ്ട് ലെനയും...

വീണ്ടുമൊരു വിവാഹം... അവൾക്ക് എന്നെ ഒറ്റയ്ക്ക് കാണുമ്പോൾ ഒക്കെയും പറയാൻ ഉള്ളത്... നിഷേധിച്ചു കൊണ്ട് തലയാട്ടുമ്പോൾ ഒക്കെയും മനസ്സിൽ നിറയുന്നത് മനുവേട്ടൻ തന്നെയാണ്... അദ്ദേഹം മറന്നെങ്കിലും, തനിക്ക് അതിനാകില്ലല്ലോ...? ആദ്യമായി ചുംബിച്ച പുരുഷൻ... അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗർഭം ധരിച്ച ഉദരം... മുലയൂട്ടിയ മാറിടങ്ങൾ... ഒടുവിൽ നിർദാക്ഷിണ്യം തന്നെ തള്ളി കളഞ്ഞത് മകൻ മരിച്ചു കഴിഞ്ഞു രണ്ട് മാസങ്ങൾക്ക് ശേഷമായിരുന്നു... നെഞ്ചിൽ വല്ലാത്തൊരു വേദന...


"നാട്ടിലേക്ക് എന്നാ ഇനി...? ഉടനെ ഉണ്ടോ...?"

"പോകണം ലെന... കഴിഞ്ഞ മാസം വഴക്കിട്ട് ഇറങ്ങിയതാ... ഏട്ടത്തിടെ ഒരു അകന്ന ബന്ധത്തിൽ ഉള്ളൊരാൾ ആയിരുന്നു... ഒരു കുട്ടിയും ഉണ്ടത്രേ... എന്തോ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ ആയിരുന്നു... കാണാൻ പോലും പോയില്ല, ഉമ്മറത്തേക്ക്...

ഓർമ്മകൾ വീണ്ടും വല്ലാതെ മദിച്ചു കൊണ്ടിരിക്കുന്നു ലെന... എന്റെ കുഞ്ഞ്, മനുവേട്ടൻ... രണ്ട് വർഷം അദ്ദേഹത്തിന്റെ കൂടെ ജീവിക്കുകയല്ലായിരുന്നു ലെന... പക്ഷെ... പെട്ടന്ന് തന്നെ വിധി..."

കണ്ണുകൾ നിറഞ്ഞതെയുള്ളൂ... പക്ഷെ, പെയ്തില്ല... നാലു വർഷങ്ങൾ ആയി പെയ്തു കൊണ്ടേയിരുന്ന മിഴികൾ ആണ്... പക്ഷെ, എന്തോ കുറച്ചു മാസങ്ങൾ ആയി അവയ്ക്ക് പുറത്തേക്ക് വരാൻ ഒരു മടി... ഞാൻ ലെനയെ കൂടി ബുദ്ധിമുട്ടിച്ചു എന്ന തോന്നലിൽ അവളോടൊന്ന് ചിരിക്കാൻ ശ്രമിച്ചു... സാരമില്ലെന്ന് കണ്ണടയ്ക്കുമ്പോൾ ആശ്വാസമായിരുന്നു...

അവളാണ് മൂന്നു വർഷങ്ങൾ ആയി തന്റെ കേൾവിക്കാരി...ഇവിടേക്ക് വന്നതിൽ പിന്നെ അവളാണ് കൂട്ട്...ഹോസ്റ്റലിലെ താമസം മതിയാക്കി മടങ്ങുമ്പോൾ അവൾ തന്നേയും വിളിച്ചിരുന്നു... പക്ഷെ, ആർക്കും ഇനിയും ഭാരമാകാൻ വയ്യെന്ന തോന്നലിൽ എവിടേക്കും പോയില്ല... അതായിരുന്നു സത്യം...


യാത്ര പറഞ്ഞു കൊണ്ട് പോകുമ്പോൾ വീണ്ടും കണ്ണുകൾ ആ കുഞ്ഞിനെ താലോലിച്ചു... ഹൃദയം നിറഞ്ഞൊരു പുഞ്ചിരി ചുണ്ടിൽ തങ്ങി നിന്നപ്പോൾ വെറുതെ തിരമാലകളിലേക്ക് കണ്ണും നട്ട് നിന്നു... എന്തോ ഓർമ്മ വന്നത് മനുവേട്ടനെ ആയിരുന്നു...

എന്തൊരിഷ്ടം ആയിരുന്നു മനുവേട്ടന് ബീച്ചിലേക്ക് വരുന്നത്... അന്നൊക്കെ അനിയത്തിയുടെ മകനും കൂടെ കാണും... അവനെന്തിനും അമ്മായി മതിയായിരുന്നു... മനുവേട്ടനും, അവനും, താനും കൂടെ വരുമ്പോൾ ഒക്കെയും, കുസൃതി കാണിക്കുന്ന മനുവേട്ടന്റെ കൈകൾ പിടിച്ചു കൊണ്ട് എത്ര തവണ തീരത്തൂടെ ഓടിയിട്ടുണ്ട്...

ചിരിക്കാൻ ശ്രമിച്ചു... കഴിയുന്നില്ല... തോന്നുന്ന വികാരം എന്താണ്... പുച്ഛം മാത്രം... തന്നെ താലോലിച്ച കൈകൾ ഇന്ന് മറ്റൊരുവൾക്ക് സ്വന്തം... ഡിവോഴ്സ് വാങ്ങി നാലു മാസങ്ങൾക്ക് ശേഷം വീണ്ടും ഒന്ന് കാണണം എന്ന് തോന്നി... അതുകൊണ്ട് തന്നെയാണ് ആരോടും പറയാതെ ആ വീട്ടിലേക്ക് കയറി ചെന്നത്...കയ്യിലേക്ക് വച്ച് തന്നത് ഒരു wedding invitation ആയിരുന്നു...

മകനെ കൊന്ന ഭാര്യയെ വേണ്ടത്രേ...

കൊല്ലുകയെ... അതും എന്റെ മകനെ... ഡോക്ടർമാർ പോലും വിധിയെഴുതിയ ആ മരണം ഇവർക്കെങ്ങനെ കൊലപാതകമായി...

ഉറക്കെ കരയാൻ തോന്നി... അത് അദ്ദേഹം എന്നെ പിരിഞ്ഞതിലല്ല... പക്ഷെ, എന്റെ മകനെ ഞാൻ കൊന്നു എന്ന് പറഞ്ഞപ്പോൾ... ഏതൊരു അമ്മയ്ക്കാണ് സഹിക്കാൻ കഴിയുക ...? പണ്ടെങ്ങോ വായിച്ചിട്ടുണ്ട്... ഉറക്കത്തിൽ ഒരു വയസിനു താഴെയുള്ള കുട്ടികളുടെ മരണം... അന്നൊക്കെ അങ്ങനെ ഉണ്ടോ എന്നൊരു ചോദ്യം ആയിരുന്നു മനസിൽ... പക്ഷെ, അത് തന്റെ ജീവിതത്തിലേക്ക് കടന്നു വരും എന്ന് കരുതിയിരുന്നില്ല...


മനുവേട്ടന്റെ വിവാഹം അറിഞ്ഞതോടെ വീട്ടിലും, തനിക്ക് വേണ്ടി ആലോചനകൾ തുടങ്ങിയിരുന്നു... ഏട്ടത്തിയുടെയും, അനിയത്തിയുടെ ഭർത്താവിന്റെയും ബന്ധുക്കൾ വഴി ഓരോ ആലോചന വരുമ്പോഴും, ഉള്ളിൽ നിറയെ ആ മനുഷ്യൻ ആയിരുന്നു... പിജി ചെയ്യുമ്പോൾ ആദ്യമായി തന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു വന്ന അധ്യാപകൻ... ക്ലാസിലെ കുസൃതി നിറഞ്ഞ നോട്ടങ്ങൾ... വരാന്തയിലെ ആരും കാണാതെയുള്ള ചേർത്ത് പിടിക്കൽ...

ഒടുവിൽ അച്ഛനോട് വന്ന് പെണ്ണ് ചോദിച്ചപ്പോൾ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാൻ ആണെന്ന് തോന്നിപ്പോകും വിധമുള്ള അഹങ്കാരം... സീമന്തരേഖ ചുവപ്പിച്ചു കൊണ്ട് കൂടെ കൂടിയപ്പോൾ, ആ കണ്ണുകളിൽ തെളിഞ്ഞ പ്രണയം... എല്ലാം... എല്ലാത്തിനും ആയുസ് രണ്ട് വർഷങ്ങൾ മാത്രം...


പിറകിൽ ആരോ നില്കുന്നു എന്ന് തോന്നിയപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി... ഒരമ്മയും, അച്ഛനും... കൈ കോർത്തു പിടിച്ചു കൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങി നിന്നു കൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... എത്ര മനോഹരമായി ആണ് അവർ കൈ കോർത്തു പിടിച്ചിരിക്കുന്നത്... ചെറിയൊരു പുഞ്ചിരി അധരങ്ങളിലേക്ക് വന്നു ചേർന്നിരുന്നു...

"മോള് ഒറ്റയ്‌ക്കെ ഉള്ളോ...?"

ചിരിയോടെ ആ അമ്മ എന്റെ നോട്ടം കണ്ടിട്ട് ആണെന്ന് തോന്നുന്നു... ആകെ നാണക്കേട് തോന്നി... അല്ലെങ്കിലും, പണ്ടേ ഉള്ള സൂക്കേട് ആണ്... ആരെങ്കിലും കാണുന്നുണ്ടോ എന്നൊന്നും നോക്കില്ല... ഇഷ്ടപ്പെട്ടത് കണ്ടാൽ ഇങ്ങനെ നോക്കി നില്ക്കും...

"മ്മ്..."

ഒന്ന് പതുക്കെ മൂളി കഴിഞ്ഞതും, ആ അമ്മ കൈകൾ പിടിച്ചിരുന്നു... പിന്നെ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി... വീട്‌ അടുത്താണെന്നും, രണ്ട് ആൺമക്കൾ ആണ് ഉള്ളതെന്നും പറഞ്ഞു... ഒക്കെയും വെറുതെ മൂളി കേട്ടു... അവരുടെ സന്തോഷം കാണുമ്പോൾ അതിനെ കഴിഞ്ഞുള്ളു...

പിന്നെയും കുറച്ചു സമയം കൂടി സംസാരിച്ചു നിന്നപ്പോൾ ആരോ അമ്മേ എന്ന് വിളിക്കുന്നത് കേട്ടു... നോക്കിയപോഴേക്കും, ആൾ തിരിഞ്ഞു നടന്നിരുന്നു...

"പോട്ടെ മോളെ... മൂത്ത മോനാ...ഭയങ്കര ദേഷ്യക്കാരനാ... അവന്റെ അച്ഛനെ പോലെ... ചെല്ലട്ടെ... അല്ലെങ്കിൽ അത് മതി..."

അവർ ചിരിച്ചു കൊണ്ട് അത് പറയുമ്പോൾ ആ അച്ഛൻ, അമ്മയെ കണ്ണുരുട്ടി നോക്കുന്നത് കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി... അവരും പ്രണയവിവാഹം ആയിരുന്നത്രെ...പ്രണയത്തിനു പ്രായമില്ല മോളെ എന്ന് കൈകൾ പിടിച്ചു കൊണ്ട് പറയുമ്പോൾ എന്തോ ഹൃദയം വല്ലാതെ നീറിയിരുന്നു... ഇനിയും പ്രണയിക്കാൻ തനിക്കൊരു ഹൃദയം ഇല്ലെന്നുള്ള തിരിച്ചറിവ്...


നിറയെ വേദനകളുടെ ചെറിയ സൂചികൾ ദിനംപ്രതി മുറിവേൽപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, പൊടിയുന്ന രക്തതുള്ളികൾക്ക് പ്രണയത്തിന്റെ കടും ചുവപ്പ് നിറമായിരുന്നു... നീയില്ലായ്മയിൽ പൊടിയുന്നൊരു പ്രണയരക്തം...

തിരിച്ചു നടക്കുമ്പോൾ, ആരോ വീണ്ടും തന്നെ പിന്തുടരുന്നുണ്ട് എന്ന് തോന്നി... ആരും ഇല്ലായിരുന്നു... ഒരു വർഷമായി തന്റെ ജീവിതത്തിൽ എന്തൊക്കെയാണ് നടന്നു കൊണ്ടിരിക്കുന്നത് എന്നോർത്തപ്പോൾ, വല്ലാത്തൊരു ഭാവം ഉള്ളിൽ നിറയുന്നത് അറിഞ്ഞു...

തിരിഞ്ഞു നോക്കാൻ ഉതകിയ മിഴികളെ ഞാൻ തന്നെ പിടിച്ചു കെട്ടി... ആരാണെങ്കിലും തനിക്ക് കാണണ്ട എന്നായിരുന്നു... കാലുകൾക്ക് വേഗത കൂടിയപ്പോൾ, ഹൃദയവും എനിക്ക് മുൻപേ ഓടിയിരുന്നു... ഈ ബീച്ചിൽ വന്നിങ്ങനെ നിൽക്കുമ്പോഴാണ് ആശ്വാസം ഇപ്പോഴും മനസ്സിൽ നിറയുന്നത്... പരിഭവങ്ങളും, സങ്കടങ്ങളും തിരമാലകളോട് വെറുതെ പറയും... അല്ലെങ്കിൽ തീരത്ത് എഴുതി വയ്ക്കും... ഓരോ തിരമാലകളും മത്സരിച്ചു കൊണ്ട് അവയെ എന്നിൽ നിന്നും ഒഴുക്കി കൊണ്ട് പോകുന്നത്, അവർക്കെങ്കിലും എന്നെ മനസിലാക്കാൻ കഴിയും എന്നൊരു തോന്നലിൽ ആണെന്ന് വെറുതെ, എന്റെ ഭ്രാന്തൻ ചിന്തയിൽ കൂട്ടി വയ്ക്കും...

വിരഹങ്ങൾ എപ്പോഴും കുത്തി നോവിച്ചു കൊണ്ടേയിരിക്കും... എത്ര സന്തോഷത്തിൽ ആയിരുന്നാലും, മനസ്സിൽ ഒരു സങ്കടം കിടന്നാൽ, ഓർമ്മകൾ ഒരു കടൽ പോലെ പിന്നെയും ഇളകി വരും...


ഒരാഴ്ച മാറ്റങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി... തനിക്ക് മാസത്തിൽ അവസാന ഞായറാഴ്ച വരുന്ന അജ്ഞാത കത്ത് ഉൾപ്പെടെ... ഹാ... അത് പറഞ്ഞില്ലല്ലോ.. ഏകദേശം ഒരു വർഷത്തോളമായി, ഇങ്ങനെ കത്തുകൾ ലഭിക്കാൻ തുടങ്ങിയിട്ട്... കേൾക്കുമ്പോൾ പ്രേമലേഖനം ആണെന്ന് കരുതല്ലേ...

"ജൂഹി കരുണാകരൻ "

Pearl developers

അത്ര മാത്രമേ കാണുള്ളൂ... അതും കൃത്യമായി ലെനയുടെ കയ്യിൽ തന്നെ കിട്ടും... garbera flowers ന്റെ കൂടെ ചെറിയൊരു കുറിപ്പും കാണും... അത് ചിലപ്പോൾ ഒരു പേജിൽ കൂടുതൽ കാണാം... ചിലപ്പോൾ രണ്ട് വരികൾ... എഴുതുന്നയാളുടെ വിശേഷങ്ങളും, പരാതികളും, ഒക്കെയും അതിൽ ഉണ്ടാകാറുണ്ട്... ഒരു സുഹൃത്തെന്ന പോലെ തന്നോട് പരിഭവം പറയുമ്പോൾ അയാൾക്ക് കിട്ടുന്ന സന്തോഷം എന്തെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ...

ഈ തവണ ഒരൊറ്റ വാക്ക് മാത്രമായിരുന്നു...

" നീയില്ലായ്മയിൽ "... കൂടാതെ garbera flowers ന് പകരം ഒരു ചെറിയ red rose ആയിരുന്നു... പക്ഷെ, ഇതളുകൾ ഒക്കെയും കൊഴിഞ്ഞു കൊണ്ട് അതൊരു ബോക്സിൽ ആയിരുന്നു തനിക്ക് കിട്ടിയത്... ലെന കളിയാക്കിയിരുന്നു അപ്പോൾ തന്നെ, ആൾക്ക് എന്നോട് അടങ്ങാത്ത പ്രണയം ആണെന്ന്...

അവളെ ശകാരിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ഭയം വന്നു മൂടിയിരുന്നു... ആദ്യമൊക്കെ ലെറ്റർ കിട്ടുമ്പോൾ പരിഭ്രമം ആയിരുന്നു... ആരാണ് എന്താണ് എന്നൊക്കെ ആലോചിച്ചു കൊണ്ട് ഒത്തിരി സമയം കളഞ്ഞിട്ടുണ്ട്... പിന്നെ കണ്ട് പിടിക്കാൻ ആകില്ലെന്ന് മനസിലായപ്പോൾ, ആരുടെയോ കുസൃതിയായെ കണ്ടുള്ളു... പക്ഷെ, ഇപ്പോൾ, ആ flower... അതിന്റെ അർഥം...


മനസൊന്നും ശരിയല്ല... ഹ്മ്മ്... എന്തോ ആലോചിച്ചു കൊണ്ട് ഓഫിസിലേക്ക് കയറിയതും, ലെന വന്നു കയ്യിൽ പിടിച്ചു കൊണ്ട് വാഷ് ഏരിയയിലേക്ക് കൊണ്ട് പോയി... ഇവളെന്താ ഇങ്ങനെ...

"എന്നതാ ലെന...? വിട്ടേ... അല്ലെങ്കിൽ തന്നെ സമയം പത്ത് മിനിറ്റ് ലേറ്റ് ആയി... ഞാൻ പോയി പഞ്ച് ചെയ്യട്ടെ..."

"ഹാ... നിൽക്ക് ജൂഹി... എന്തായാലും നിന്റെ പഞ്ചിങ് നടക്കില്ല... ആ ദേവൻസാർ വന്നിട്ടുണ്ട്... അയാൾ വീണ്ടും ചാർജെടുത്തു..."

"ഏഹ്... അയാൾ അബ്രോഡ്‌ എങ്ങാനും പോയതല്ലേ...? ഇനി ഈ കമ്പനിയിലേക്ക് ഇല്ലെന്ന് പറഞ്ഞിട്ട്...?"

"അതൊന്നും എനിക്കറിയില്ല... രാവിലെ ചാർജെടുത്തു... പിന്നെ ആരെങ്കിലും വൈകി വന്നാൽ പഞ്ച് ചെയ്യാൻ വിടരുത് എന്ന് പറഞ്ഞു... നേരിട്ട് സാറിനെ കണ്ടിട്ട് ക്യാബിനിലേക്ക് പോയാൽ മതിയെന്ന്..."

ദൈവമേ... അല്ലെങ്കിൽ തന്നെ അയാൾക്ക് എന്നെ കണ്ട്കൂടാ... കഴിഞ്ഞ വർഷം ഇവിടെ നിന്നും പോകുന്നതിന് മുൻപ് വരെ എന്നെ ഫയർ ചെയ്ത ആളാണ്... ഇതിപ്പോൾ ലേറ്റ് ആയല്ലോ കൃഷ്ണ...

ലെനയോടല്ല... എന്റെ മനസ്സിൽ പറഞ്ഞതാണ്... ഞങ്ങളുടെ പഴയ MD ആണ് പുള്ളി... കൃഷ്ണദേവ് എസ് ശങ്കർ... അവരുടെ തന്നെ വേറൊരു കമ്പനി വിദേശത്ത് തുടങ്ങിയപ്പോൾ, അനിയനെ സഹായിക്കാൻ അവിടേക്ക് പോയത് ആയിരുന്നു... തിരിച്ചു വരില്ല എന്നൊക്കെ പറഞ്ഞു പോയതാണ്... പക്ഷെ, ദേണ്ടെ വീണ്ടും വന്നിരിക്കുന്നു... ചന്ദ്രശേഖരൻ സാർ ആയിരുന്നു പഴയ MD... യാതൊരു കുഴപ്പവും ഇല്ല... ഇതിപ്പോൾ സീൻ ആകും...


"എന്റെ ജൂഹി... ആലോചിച്ചു നില്കാതെ ചെല്ല്... അല്ലെങ്കിൽ തന്നെ വൈകി... പഞ്ച് ചെയ്തു കുഴപ്പം ആകേണ്ട എന്ന് പറഞ്ഞ നിന്നെ പിടിച്ചു നിർത്തിയെ... റിസപ്ഷൻ ഏരിയയിലെ cctv അല്ലെങ്കിൽ തന്നെ എന്റെ നേരെയാ..."

അവളോട് പറഞ്ഞു കൊണ്ട് പെട്ടന്ന് ക്യാബിനിലേക്ക് നടന്നു... മൂന്നാമത്തെ ഫ്ലോറിൽ ആണ്, എസ്റിമേഷൻ സെക്ഷൻ... അവിടെ തന്നെയാണ് ദേവൻ സാറിന്റെയും ക്യാബിൻ... ലിഫ്റ്റ് പ്രെസ് ചെയ്തു, പക്ഷെ, അതിപ്പോഴും 5th ഫ്ലോറിൽ തന്നെ... കാത്തു നില്കാതെ പടവുകൾ ഓടി കയറി... മുകളിൽ എത്തുമ്പോഴേക്കും വിയർത്തൊലിച്ചിരുന്നു...

പ്യൂൺ സുധാകരന്റെ വഷളൻ നോട്ടം തെന്നി മാറിയ സാരിയിലൂടെ കാണുന്ന ഇടുപ്പിലേക്ക് ആണ് എന്ന് കണ്ടതും, രൂക്ഷമായി അയാളെ നോക്കി... അത്‌ കണ്ടിട്ടാണോ എന്തോ പെട്ടന്ന് പോകുന്നത് കണ്ടു... ഓടി കിതച്ചു കൊണ്ട് ദേവൻ സാറിന്റെ ക്യാബിനു മുന്നിൽ എത്തിയതും, കാലുകൾ പെട്ടന്ന് നിശ്ചലമായിപ്പോയി... ഡോറിൽ ചാരി കൊണ്ട് സാറിന്റെ കൈകൾ മാറിൽ പിണച്ചു കൊണ്ടുള്ള നിൽപ് കണ്ടപ്പോൾ തന്നെ മനസിലായി, നല്ല ദേഷ്യത്തിൽ ആണെന്ന്...

"Come to my cabin..."

അത്രയേ പറഞ്ഞുള്ളു... സാരി ഒന്ന് ശരിയാക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോയി... അത്രയും അഴിയാൻ പാകത്തിന് ആയിരുന്നു... ഡോർ തുറന്നു അകത്തേക്ക് കയറിയതേ ബഹളം ആയിരുന്നു...


"ജൂഹി, എന്തായിത്...? വൈകി വരരുത് എന്ന് പറഞ്ഞിട്ടില്ലേ... ഇന്ന് half day കട്ട് ചെയ്യും... നാളെ മുതൽ ആവർത്തിച്ചാൽ പിന്നെ ഇവിടേക്ക് വരണ്ട..."

ഹോ... കേട്ടപ്പോൾ തന്നെ മനസും, വയറും നിറഞ്ഞു... വെറുതെ മുഖം താഴ്ത്തി നിന്നു... പെട്ടന്ന് ആണ് ഓർത്തത്, സാറിന് ഒട്ടും ഇഷ്ടമല്ലാത്തത് ആണ് തല താഴ്ത്തി നിൽക്കുന്നത്... വിറയലോടെ മുഖം ഉയർത്തിയപ്പോൾ കണ്ടു, ടേബിളിൽ ഒരു കൈ കുത്തി കൊണ്ട് തന്നെ ചൂഴ്ന്ന് നോക്കുന്നത്...

"നീ വല്ല ഫാഷൻ ഷോയ്ക്കും പോകുന്നുണ്ടോ...?"

ഇയാൾ എന്ത് പിണ്ണാക്കാണ് പറയുന്നത് എന്ന് ഓർത്ത് കൊണ്ട് സ്വയം ഒന്ന് നോക്കി... ഒന്നനങ്ങിയാൽ സാരി ഊർന്ന് വീഴും... അതുപോലെ ആണ് അവസ്ഥ...

"സോറി സാർ..."

വല്ലാത്തൊരു നാണക്കേട് തോന്നി... ഏത് നേരത്താണോ, ആ വാർഡിനോട് സംസാരിക്കാൻ പോയത്... അല്ലെങ്കിൽ നേരത്തേ എത്തിയേനെ...


സാരി കൂട്ടി പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... എന്തുകൊണ്ടോ ആകെ അപമാനിക്കപ്പെട്ടു എന്ന് തോന്നി... വാഷ് റൂമിലേക്ക് കയറി സാരി നേരെയാക്കി ഉടുക്കുമ്പോഴും, അയാളുടെ കണ്ണുകൾ മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല... എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ക്യാബിനിലേക്ക് ചെന്ന് ഇരുന്നതും, സാർ വിളിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് നിഷ വന്നു പറഞ്ഞു... ദേവൻ സാറിന്റെ പിഎ ആണ്...

അകത്തേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു, സീനിയർ സിവിൽ മാനേജർസ് ആയ നളിനും, ഹരിയും അവിടെ ഉള്ളത്... എന്തോ അർജെന്റ് വർക്ക് ആണത്രേ... നാലു ദിവസത്തിള്ളിൽ എസ്റിമേഷൻ റെഡി ആക്കി കൊടുക്കാൻ... ഒരു വില്ല പ്രൊജക്റ്റ്‌ ആണ്... ഇതിപ്പോൾ പത്ത് ദിവസം ഇല്ലാതെ തീരില്ല...

എതിർത്തൊന്നും പറയാൻ തോന്നിയില്ല... ഇയാൾ മുൻപ് ഉണ്ടായിരുന്നപ്പോഴും ഇതുപോലെ ആയിരുന്നു... താൻ ആയിരുന്നു നോട്ടപ്പുള്ളി... എന്ത് ചെയ്തിട്ടാണാവോ...?


അന്ന് മുതൽ ഓവർഡ്യൂട്ടി പോലെ ആയിരുന്നു... വൈകുന്നേരം ഏഴ് മണി വരെ ഓഫിസിൽ ഇരുന്നു... സാധാരണ അഞ്ചു മണി വരെയാണ് ഓഫിസ് ടൈം... ഇതിപ്പോൾ ഞാൻ ഇരുന്നില്ലെങ്കിൽ തീരില്ല... സാറും, അതിന് ശേഷമാണ് പോകുന്നത് എന്ന് തോന്നുന്നു... അധികവും ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ, സാറിന്റെ വണ്ടി തന്നെ കടന്നു പോകുന്നത് കണ്ടിട്ടുണ്ട്...

ആൾ ഒന്നൊന്നര ദേഷ്യക്കാരൻ ആണ്... മുൻപേ അറിയാവുന്നത് ആയത് കൊണ്ട്, ഓഫിസിൽ വന്നപ്പോഴും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല... പിജി ചെയ്യുമ്പോൾ തന്റെ അധ്യാപകൻ ആയിരുന്നു... അന്ന് പക്ഷെ, ഇത്രയും ദേഷ്യമില്ല... ഒരു കുഞ്ഞുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞേ... മൂന്നോ, നാലോ വയസുള്ള ഒരു മോൻ... ഭാര്യ അവരുടെ പൂർവ്വകാമുകന്റെ കൂടെ പോയത്, ആ കുഞ്ഞിനെ ഉപേക്ഷിച്ചു കൊണ്ടാണ്... അതിൽ പിന്നെയാണ് ഈ ദേഷ്യം എന്നാണ് ഒരിക്കൽ ചന്ദ്രശേഖരൻ സാർ പറഞ്ഞിട്ടുള്ളത്... ദേവൻ സാറിന്റെ അമ്മയുടെ അനിയൻ ആണ് ചന്ദ്രൻ സാർ...

ഹ്മ്മ്... ഒരു കണക്കിന് ആ സ്ത്രീ പോയത് നന്നായി.. അല്ലെങ്കിൽ കൂടെ നിന്നിട്ടും, ആ സ്ത്രീ ബന്ധം തുടർന്നിരുന്നു എങ്കിൽ, ആർക്കാണ് അത് സഹിക്കാൻ ആകുന്നത്...? ബന്ധങ്ങൾക്ക് ഒക്കെയും അത്രയേ വിലയുള്ളൂ... എങ്ങനെ തോന്നി, ആ കുഞ്ഞിനെ വിട്ട് പോകാൻ എന്നാലോചിച്ചിട്ടുണ്ട്...

ഇന്നും എനിക്ക് പിടികിട്ടാത്തൊരു ചോദ്യം ആണത്... പെറ്റമ്മയ്ക്ക് അതിന് കഴിയുമോ...? കഴിയുമായിരിക്കും... അതല്ലേ ഉപേക്ഷിച്ചു പോയത്...


ഓരോന്നാലോചിച്ചു കൊണ്ട് ഹോസ്റ്റലിൽ എത്തി അമ്മയെ വിളിച്ചു... ഏട്ടനും, ഏടത്തിയും അവിടെ ഇല്ലായിരുന്നു... അതൊരു സമാധാനം ആണ്... രണ്ടാൾക്കും എന്റെ കാര്യത്തിൽ ഭയങ്കര വേവലാതി ആണ്... ഈ ഇരുപത്തിയെട്ടാം വയസിലും താനിങ്ങനെ ഒറ്റയ്ക്ക് കഴിയുന്നത് കൊണ്ടാകാം...

പ്രണയം കൊണ്ട് മുറിഞ്ഞ ഹൃദയമല്ലേ... രക്തം ചീന്തി മതിയായില്ല...

അതായിരുന്നു ഉത്തരം... വാശി പിടിച്ചു നടത്തിയ കല്യാണം ആയിരുന്നു... അതുകൊണ്ട് തന്നെ വിലപിക്കാൻ തനിക്ക് അവകാശം ഇല്ല... മനുവേട്ടന്റെ കൂടെയുള്ള വിവാഹം നിശ്ചയിക്കുന്നതിന് മുൻപ്, ഏടത്തിയുടെ ഒരു ബന്ധു ആലോചന ആയി വന്നിരുന്നു... അന്നൊക്കെ, തനിക്ക് അഹങ്കാരം ആയിരുന്നു... മനുവേട്ടന്റെ പെണ്ണ് എന്ന് പറഞ്ഞു കൊണ്ട്... അതുകൊണ്ട് തന്നെ ഒന്ന് കാണാൻ പോലും തയ്യാറായില്ല... എന്നെ കാണാൻ പോലും വരാൻ സമ്മതിച്ചിരുന്നില്ല...

"സുഖാണോ മോളെ...? എങ്ങനെ ഉണ്ട് ഓഫിസിൽ ഒക്കെ...?"

"കുഴപ്പം ഇല്ലമ്മേ... ലെന ഉണ്ടല്ലോ...? പറ്റുവാണെങ്കിൽ ഞാൻ അടുത്ത മാസം വരാൻ നോക്കാം... ഏട്ടനോട് പറഞ്ഞാൽ മതി..."

ചെറിയ ചെറിയ സംഭാഷണങ്ങൾ... അത്രയും മതി ഞങ്ങൾക്കിടയിൽ... എന്തുകൊണ്ടോ അവരുടെയൊക്കെ മുഖത്ത് നോക്കുമ്പോൾ തന്നെ കുറ്റബോധം ആണ്... താനായി പറഞ്ഞു നടത്തിച്ച വിവാഹമായത് കൊണ്ട് തന്നെ ഉള്ള് നീറുന്നുണ്ട്... എന്നാൽ അമ്മയും, ഏട്ടനുമൊന്നും ഒരിക്കലും അതിന്റെ പേരിൽ കുറ്റപ്പെടുത്തിയിരുന്നില്ല...


ഈ ജീവിതം എന്തിനെന്ന് തന്നെ ചിലപ്പോൾ തോന്നിപ്പോകും... മനുവെന്ന പുരുഷനിൽ ചുറ്റി പറ്റി ജീവിച്ചപ്പോൾ പോലും തന്റെ മനസ്സിൽ വീട്‌ എന്നൊരു ചിന്ത ഇല്ലായിരുന്നു... എല്ലാം മനു ആയിരുന്നു... അവിടുത്തെ അമ്മയുടെ ഇഷ്ടക്കേട് ഒക്കെയും മനുവേട്ടന്റെ സ്നേഹത്തിന് മുന്നിൽ മറന്നിരുന്നു...

ഹൃദയം പറിച്ചെടുത്തു കൊടുത്തു സ്നേഹിച്ചത് കൊണ്ടാകാം... മനു എന്ന് ഓർക്കുമ്പോൾ ഇപ്പോഴും അത് ആ ഓർമ്മകളിൽ രക്തം ചീന്തുന്നത്...

ഒരിക്കൽ ഏടത്തി പറഞ്ഞാണ് അറിഞ്ഞത്... "അച്ഛനായത്രേ... പെൺകുട്ടി ആണെന്ന്..."

വെറുതെ ഒന്ന് ചിരിച്ചു... പക്ഷെ, തോറ്റുപോയി... കണ്ണീർ ചതിച്ചപ്പോൾ ആണ് കരയുന്നു എന്നറിഞ്ഞത് തന്നെ... ടേബിളിൽ തല വച്ച് കിടന്നു... ദേവൻ സാർ വന്ന് ഒച്ചയെടുത്തപ്പോൾ മാത്രമാണ് ഓഫിസിൽ ആണെന്ന് ഓർത്തത് തന്നെ...

പേർസണൽ കാര്യങ്ങൾ കൊണ്ട് ഓഫീസിൽ വന്നു ഇനി മുതൽ പണി എടുക്കരുത്... അങ്ങനെ ഉള്ളവർ ഇങ്ങോട്ടേയ്ക്ക് വരേണ്ട എന്നും പറഞ്ഞു കൊണ്ട് ഒരലർച്ച ആയിരുന്നു... ജാള്യതയോടൊപ്പം അയാളോട് മുഷിപ്പ് ആയിരുന്നു കൂടുതൽ... ബാക്കി ഉള്ളവരുടെ വികാരം മനസിലാകാത്ത ദുഷ്ടൻ...

അന്ന് ചന്ദ്രൻസാർ അത് കൃത്യമായി കേട്ടിരുന്നത് കൊണ്ടാകാം. ദേവൻ സാറിനെ കുറിച്ച് പറഞ്ഞത്... അപ്പോൾ ഒരു സഹതാപം ഒക്കെ തോന്നി... ആ മോനെ ഓർത്തപ്പോൾ സങ്കടവും...

ദൈവം എന്താണിങ്ങനെ...?

അത് ദൈവത്തിനോട് തന്നെ ചോദിക്കണം...

ചിലപ്പോൾ ചോദ്യവും ഉത്തരവും തരുന്നൊരു മനസ്... അനുഗ്രഹം തന്നെയാണ്...


ഒരു ദിവസം പതിവ് പോലെ വൈകിയാണ് ഇറങ്ങിയത്‌... ലെന കൂടി ഉണ്ടായിരുന്നത് കൊണ്ടാണ് മാളിലേക്ക് കയറിയത്‌... മോനൊരു ഉടുപ്പ് വാങ്ങാൻ... എസ്കലേറ്റർ വഴി കയറിയപ്പോൾ കണ്ടു, സാറിന്റെ കയ്യിൽ തൂങ്ങിയൊരു കുഞ്ഞു മോൻ... മൂന്നോ നാലോ വയസ് പറയും... ആൾ ഭയങ്കര വർത്തമാനത്തിൽ ആണ്... എന്തുകൊണ്ടോ ഹൃദയം നീറി... ആ മകനെ കണ്ടത് കൊണ്ടാകാം...

കാണാതെ പോകണം എന്ന് കരുതിതന്നെയാണ് മുഖം താഴ്ത്തി നടന്നത്... അയാളുടെ ജാഡയ്ക്ക് മുഖം തിരിച്ചു നടക്കുന്നത് തന്നെയാണ് നല്ലത്... പെട്ടന്ന് ആയിരുന്നു "അമ്മേ" എന്നും പറഞ്ഞു കൊണ്ട് ആരോ വന്ന് കാലിൽ ചുറ്റി പിടിച്ചത്...

ഞെട്ടി തരിച്ചു നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു... ഹൃദയം വല്ലാതെ കരഞ്ഞു പോയിരുന്നു... പിടയുന്ന കണ്ണുകളോടെ നോക്കിയപ്പോൾ കണ്ടു, വിളറിയ മുഖത്തോടെ എന്റെ കാലിൽ നിന്നും മോനെ പറിച്ചെടുക്കാൻ ശ്രമിക്കുന്ന സാറിനെ...

"സോറി... സോറി ജൂഹി... അവനറിയാതെ..."

ആ കണ്ണുകളും നിറഞ്ഞിരുന്നോ...? ഒരിക്കൽ കണ്ടിരുന്നു, നിറകണ്ണുകളോടെ സാറിനെ... എന്റെ വിവാഹം ആണെന്ന് പറഞ്ഞപ്പോൾ... അതേ കണ്ണുകൾ വീണ്ടും എന്റെ മുന്നിൽ നിറഞ്ഞു നിൽക്കുന്നു...

"അമ്മേ... എനിക്കൊരു ഉമ്മ തരാവോ...?"

കുഞ്ഞല്ലേ... അവൻ എന്റെ കാലിൽ പിടിച്ചങ്ങനെ പ്രതീക്ഷയോടെ നോക്കി... ലെനയും ആകെ വല്ലാതായിരുന്നു... അവൾക്ക് അറിയാം എന്റെ മനസ്... മരിച്ചു പോയെങ്കിലും, എന്റെ കുഞ്ഞിൽ ജീവിക്കുന്ന ഈ ജൂഹിയെ... ഒരുവേള അവനെ വാരിയെടുത്തു കൊണ്ട് നെഞ്ചിലേക്ക് അമർത്തി പിടിച്ചു...

എന്നോ വറ്റിയ മാറിടങ്ങളെ... നിങ്ങൾക്കും വേദനയാണോ...?

ഇനിയൊരു വസന്തമെങ്കിലും എനിക്കായി...

"കരയല്ലേ അമ്മേ... അപ്പൂസിന് സങ്കടം ആകുമെ..."

അവന്റെ മുഖവും വാടിയിരുന്നു... ദേഷ്യത്തോടെ എന്നിൽ നിന്നും അവനെ പറിച്ചെടുത്തു കൊണ്ട് പോകുമ്പോൾ, ഞാൻ ഉള്ളിൽ ഉറക്കെ അലറി കരയുകയായിരുന്നു... ആ കുഞ്ഞ്, ഇരുകൈകളും എനിക്ക് നേരെ നീട്ടി ആർത്തു കരഞ്ഞു... അവന്റെ ഓരോ വിളിയിലും, കാതുകൾ ഞാൻ അമർത്തി പൊത്തി പിടിച്ചു ...

കഴിയുന്നില്ല... എന്റെ ഹൃദയമേ... എന്നെ തിരികെ വിളിച്ചു കൊൾക...

അന്നത്തെ ആ സംഭവത്തിന് ശേഷം സാർ എന്റെ മുഖത്തേക്ക് നോക്കിയില്ല... എന്തുകൊണ്ടോ എനിക്കും അതൊരു ആശ്വാസം ആയിരുന്നു... ദിവസങ്ങൾ കടന്നു പോയി...


അടുത്ത മാസവും ആകാറായി... മനസിലേക്ക് പെട്ടന്ന് വന്നത്, അജ്ഞാതമായ എഴുത്തുകൾ ആയിരുന്നു... എന്തോ പിന്നീട് ലെനയോട് അങ്ങോട്ടേയ്ക്ക് ചോദിച്ചു... അവൾക്ക് തന്നെ അത്ഭുതമായിരുന്നു...

ആ മാസത്തെ ആദ്യത്തെ ഞായറാഴ്ചയും കടന്നു പോയി... പക്ഷെ, ഞാൻ കാത്തിരിക്കുന്നത് മാത്രം എന്നെത്തേടി വന്നില്ല... എന്തോ വല്ലാത്തൊരു വിഷമം എന്നെ പിടികൂടി തുടങ്ങിയിരുന്നു... പ്രതീക്ഷിക്കാൻ ഒന്നും ഇല്ലെങ്കിൽ കൂടി മാസം മാസം വരുന്ന ആ ലെറ്റർ എന്റെ ജീവിതത്തിന്റെ ഭാഗം ആയിരുന്നു എന്ന് അപ്പോൾ ആണ് എനിക്ക് മനസിലായത്...

ആ മാസവും കടന്നു പോയി... സാർ സാധാരണ പോലെ എന്നോട് സംസാരിക്കാൻ തുടങ്ങി എങ്കിലും, ഒരിക്കൽ ഞാൻ മോനെ കുറിച്ച് ചോദിച്ചപ്പോൾ തുറിച്ചൊരു നോട്ടം മാത്രം നോക്കി...

"നീയെന്റെ മോനെ കുറിച്ച് ആലോചിക്കുന്നത് പോലും എനിക്ക് ഇഷ്ടം അല്ല... അവനൊരു തെറ്റ് പറ്റിയതാണ്..."

അത്രമാത്രം ദേഷ്യത്തോടെ പറഞ്ഞു... ഒന്നും മനസിലായില്ല എങ്കിലും, വേദനയോടെ പുഞ്ചിരിച്ചു... അല്ലെങ്കിലും ഞാൻ ആരാണ്... പുറത്തിറങ്ങി തിരിഞ്ഞൊന്ന് നോക്കിയപ്പോൾ കണ്ടു, കലങ്ങിയ ആ മിഴികൾ...

"എന്തിന്...?"

അതൊരു ചോദ്യമായി ഉള്ളിൽ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി...


പതിവ് പോലെ വീട്ടിലേക്ക് പോയതാണ്... എല്ലാവരും തന്നെ വന്നിട്ടുണ്ട്.. അനിയത്തിയും, മോളും, ഭർത്താവും, ഏടത്തിയും മക്കളും എല്ലാം ഉണ്ട്... കാവിൽ ഉത്സവം ആണത്രേ...വന്നത് നന്നായി എന്ന് അമ്മ പറഞ്ഞു... ഇനി ഉത്സവം കൂടിയിട്ട് പോയാൽ മതിയെന്നും... പെന്റിങ് ലീവ് ഉണ്ടായിരുന്നത് കൊണ്ട് അപ്പോൾ തന്നെ ഓഫിസിലേക്ക് മെയിൽ ചെയ്തു...

അച്ഛൻ പോയതിൽ പിന്നെ അമ്മയോട് എതിർത്തൊന്നും പറഞ്ഞു ശീലമില്ല... അതുകൊണ്ട് തന്നെയായിരുന്നു ലീവിന്റെ കാര്യം പറഞ്ഞപ്പോൾ എതിർപ്പൊന്നും പറയാതെ അംഗീകരിച്ചു കൊടുത്തത്... ആകെ ഒരു കാര്യത്തിൽ മാത്രമേ എതിർത്തിട്ടുള്ളു... ഇനിയൊരു വിവാഹം...

അത്ര പെട്ടന്ന് മനസ്സിൽ നിന്നും ആ മുറിവ് ഉണങ്ങി പോകില്ല... വിശ്വാസം കൊടുത്തു സ്നേഹിച്ചവൻ ആയിരുന്നു...

"അതിന് മാത്രം എന്നെ വെറുക്കാൻ ഞാൻ എന്താ ചെയ്തത് മനുവേട്ടാ?" എന്ന് ആ കോളർ പിടിച്ചു കൊണ്ട് ആർത്തു കരഞ്ഞപ്പോൾ, ദേഷ്യത്തിൽ കൈ വിടുവിപ്പിച്ചു കൊണ്ട് പോവുകയായിരുന്നു... അമ്മയുടെ ചിരിയോടെ മനസിലായി, എല്ലാം അവരുടെ കളി ആണെന്ന്... മകനെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു... അവരുടെ മകനല്ലേ...? ആ ധാരണ ശരിയായെ അവൻ കാണുള്ളൂ എന്ന് ഞാൻ ഓർത്തിരുന്നില്ല...


ജിത്യ, ( അനിയത്തി ) വന്ന് പിറകിൽ നിന്നും കെട്ടിപിടിച്ചപ്പോൾ ആണ് ഓർമ്മകളിൽ നിന്നും മുക്തയായത്...അവളുടെ കൂടെ വൈകുന്നേരം അമ്പലത്തിൽ പോകണം എന്ന്... മറുത്തൊന്നും പറഞ്ഞില്ല...

വൈകുന്നേരം കയ്യിൽ കിട്ടിയൊരു കോട്ടൺ സാരി എടുത്തുടുത്തു കൊണ്ട് അവൾക്കൊപ്പം നടക്കുമ്പോൾ ഹൃദയം വല്ലാതെ പിടഞ്ഞു... ആരോ പ്രിയപ്പെട്ടയാൾ അരികിൽ ഉള്ളപോലെ... ശ്രീകോവിലിൽ നിന്നും പ്രാർഥിച്ചു കൊണ്ട് ഇറങ്ങിയപ്പോൾ ആണ് അന്ന് ബീച്ചിൽ വച്ച് കണ്ട, അമ്മയെയും അച്ചനേയും കണ്ടത്... കൂടെ വേറൊരു പുരുഷനും...

മോളെ എന്ന് വിളിച്ചു കൊണ്ട് അരികിലേക്ക് വന്നപ്പോൾ സംസാരിക്കാതിരിക്കാൻ കഴിഞ്ഞില്ല... അവരുടെ വീട്‌ അവിടെ അടുത്താണത്രെ... പുതിയതായി താമസം വന്നതാണ് എന്നും പറഞ്ഞു... കൂടെയുള്ളത് അവരുടെ ഇളയമകൻ വിഷ്ണുദേവ് ആണെന്നും...

അവരോട് സംസാരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... അനിയത്തിയെ പരിചയപ്പെടുത്തി കൊടുത്തു... യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ ആണ് സ്കൂട്ടിക്ക് മുകളിലായി ഒരു gift box കണ്ടത്... ചുവന്ന റോസാപ്പൂക്കൾക്കൊപ്പം ഒരൊറ്റ വാക്ക്...

"Miss you..... meet you soon "

എന്റെ പേര് ഉണ്ടായിരുന്നത് കൊണ്ട് സംശയം ഒന്നും തോന്നിയില്ല... അനിയത്തിയെ നോക്കി ഒന്നിളിച്ചു കാണിച്ചു കൊണ്ട് വണ്ടിയിൽ കയറി... അപ്പോഴും അവളുടെ ചൂഴ്ന്നു നോട്ടം എന്റെ നേർക്കായിരുന്നു.. കണ്ടു പിടിച്ചോളാം എന്നപോലെ...

എന്തോ സ്വർഗം കിട്ടിയപോലെ... മനസൊക്കെ വീണ്ടും വസന്തത്തെ തേടി തുടങ്ങിയോ... ഒരിക്കലും പൂക്കില്ലെന്ന് കരുതിയ ഹൃദയചില്ലകൾ ഒക്കെ പൂത്തു തുടങ്ങിയിരിക്കുന്നു...

തന്റെ പ്രണയത്തിലേക്കുള്ള ദൂരം... അതെത്രയാണ്...? ഇനിയും കാത്തിരിപ്പുണ്ടോ...


ആലോചനകൾ കൊണ്ട് ഉറക്കം പോലും ശരിയായില്ല... പിറ്റേന്ന് ഉത്സവം തുടങ്ങുവാണ്... അമ്മയോടൊപ്പം കലശത്തിന് പറ നിറച്ചു കൊടുത്തു... വെളിച്ചപ്പാട് തുള്ളി അനുഗ്രഹിച്ചപ്പോൾ ഒരേ ഒരു വാക്കേ കേട്ടുള്ളൂ...

"അരികിൽ എത്തിയിരിക്കുന്നു... "

എന്തുകൊണ്ടോ കണ്ണുകൾ പെട്ടന്ന് തിരഞ്ഞത് ആരെയായിരുന്നു... ഊരും പേരും പോലും അറിയില്ല... എന്തിന്... ആ മുഖം പോലും...

കലശം പോയതോടെ അകത്തേക്ക് കയറിപ്പോയി... എന്തോ മനസ് ഒട്ടും ശരിയല്ല... പിന്നെയും പിന്നെയും ആ വാടിയ റോസാപൂ എടുത്തു നെഞ്ചിലേക്ക് വച്ച് കൊണ്ട് കണ്ണടച്ചു... തനിക്കും ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ...


ഉച്ച കഴിഞ്ഞ് അമ്മയാണ് പറഞ്ഞത് രാജിയുടെ വീട്ടിൽ പോയി വരാൻ... കുഞ്ഞിതിലെ കൂട്ടുകാരി ആണ്... ആൾ രണ്ടാമത്തെ പ്രസവം കഴിഞ്ഞു കിടക്കുവാണെന്നും എന്നെ ചോദിച്ചെന്നും... ഏട്ടന്റെ മകൻ, സിദ്ധുവിനോപ്പം മനസില്ലമനസോടെ ആണ് ചെന്നത്... കുഞ്ഞിനെ കാണുമ്പോൾ തനിക്ക് ഹൃദയം നോവും എന്നറിയാമായിരുന്നു... അതുകൊണ്ട് തന്നെ ആയിരുന്നു ഒന്ന് മടിച്ചതും...

അവളോട് സംസാരിച്ചിരുന്നു, സമയം പോയത് അറിഞ്ഞില്ല... തൊട്ടടുത്തെ, തെക്കേറ്റില്ലം പുതുക്കി പണിഞ്ഞു എന്ന് കേട്ടു... അവിടുത്തെ ആൾക്കാരൊക്കെ തിരികെ വന്നെന്നും... ഒന്നെത്തി നോക്കി സിദ്ധുവിനോപ്പം... ആരും താമസം ഇല്ലാതിരുന്ന ഇല്ലം ആയിരുന്നു... പണ്ടത്തെ ഞങ്ങളുടെ തോട്ടം എന്ന് വേണമെങ്കിൽ പറയാം...

മാങ്ങയും, ചാമ്പക്കയും, ജാതിക്കയും ഒക്കെയായി മുറ്റം നിറയെ മരങ്ങളാണ് അവിടെ... കൈമാറി വന്നപ്പോൾ കിട്ടിയവർക്ക് അവിടെ താമസിക്കാൻ പറ്റില്ലായിരുന്നു... അതൊക്കെ കൊണ്ട് തന്നെ ഒരു കാര്യസ്ഥൻ ആയിരുന്നു എല്ലാം നോക്കി നടത്തിയിരുന്നത്... അന്നൊക്കെ അയാളുടെ കണ്ണ് വെട്ടിച്ചു കൊണ്ട് അവിടെ കേറി ഒക്കെയും പറിച്ചു തിന്നുമായിരുന്നു...

ഓർമ്മകൾക്കൊക്കെ എന്തൊരു ഉഷാറാണ്... ഇങ്ങനെ മനസിലേക്ക് വന്നു കൊണ്ട് നമ്മെ മത്തു പിടിപ്പിക്കാൻ...

തിരികെ വീട്ടിലേക്ക് എത്തിയപ്പോൾ, അകത്ത് നിന്നും പരിചയമില്ലാത്ത ആൾക്കാരുടെ ശബ്ദം കേട്ടു... തെല്ലൊന്ന് ശങ്കിച്ചു കൊണ്ട് അടുക്കളവശത്ത് കൂടെ അകത്തേക്ക് കയറി... ഉത്സവം അല്ലേ... അമ്മയുടെ ആരെങ്കിലും ബന്ധുക്കൾ ആകും... അതൊക്കെ പതിവാണല്ലോ...


"ആഹ്... നീ വന്നോ... ദേ... ഈ ചായ ഒന്ന് കൊണ്ട് കൊടുത്തേ... ഞാനീ പലഹാരങ്ങൾ പൊട്ടിച്ചിടട്ടെ..."

"ആരാ ഏടത്തി... വിരുന്നുകാർ...?"

ഒരു കഷ്ണം ഹലുവ എടുത്തു വായിലേക്ക് വച്ച് കൊണ്ട് ട്രേ കൈയിലേക്ക് എടുത്തു...

"തെക്കേറ്റില്ലത്തെ അമ്മയും, ഭർത്താവും ഒക്കെയാണ്... അവർ ഉത്സവം കൂടാൻ വന്നതാ..."

ഒന്ന് മൂളി കൊണ്ട് ഉമ്മറത്തേക്ക് നടന്നു... ചെല്ലുമ്പോൾ തന്നെ കണ്ടു, അമ്മയും, ഏട്ടനും, അനിയത്തിയുടെ ഭർത്താവുമൊക്കെ അവരോട് ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിക്കുന്നുണ്ട്... എന്നെ കണ്ടതും, അമ്മ ചായ കൊണ്ട് കൊടുക്കാൻ പറഞ്ഞു...

"ഇതാട്ടോ, എന്റെ രണ്ടാമത്തെ മോള്... ജൂഹി..."

ചിരിച്ചു കൊണ്ട് നോക്കിയതേ ആ അമ്മയുടെ മുഖത്തേക്ക് ആയിരുന്നു... എനിക്കായിരുന്നു അത്ഭുതം... അവരാണെങ്കിൽ എന്നെ പ്രതീക്ഷിച്ചത് പോലെ ഇരിക്കുന്നുണ്ട്... ആ ബീച്ചിൽ വച്ച് കണ്ട, അമ്മയും അച്ഛനും, പിന്നെ അവരുടെ ഇളയ മകനും, ഭാര്യ ആണെന്ന് തോന്നുന്നു ഒരു പെൺകുട്ടിയും, അവരുടെ കയ്യിൽ ചെറിയൊരു പെൺകുഞ്ഞും...

"നോക്കണ്ട ജൂഹി മോളെ... ഞങ്ങൾ തന്നെയാണ്... വഴി തെറ്റി വന്നതൊന്നും അല്ലാട്ടോ..."

ആ അച്ഛനായിരുന്നു... ചിരിയോടെ ചായ അവർക്ക് കൊണ്ട് വച്ചു... എല്ലാവരും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... പിന്നെയും ട്രേയിൽ ഒരു ചായയും, ഒരു ഗ്ലാസ്‌ പാലും ബാക്കി ആയപ്പോൾ അമ്മയെ ഒന്ന് നോക്കി...

"ആഹ്... മോളെ... എന്റെ മോനും, അവന്റെ കുഞ്ഞും മുകളിൽ ഉണ്ട്... അപ്പൂസ് ഒന്ന് കരഞ്ഞപ്പോൾ അവൻ മുകളിലേക്ക് പോയതാ... വിരോധം ഇല്ലെങ്കിൽ ഇതൊന്നു കൊടുക്കാവോ...?"

ആ അമ്മ പറഞ്ഞത് നിഷേധിക്കാൻ തോന്നിയില്ല... അമ്മയെ തറപ്പിച്ചു നോക്കിയപ്പോൾ ഒരു വിളറിയ ചിരി ചിരിച്ചു കൊണ്ട് കണ്ണുരുട്ടി കാണിച്ചു...

വന്നപാടെ മുകളിലേക്ക് പാഞ്ഞു കയറാൻ, ഇതെന്താ അച്ചി വീടോ... ഹും...

ഓരോന്ന് പിറുപിറുത്തു കൊണ്ട് മുകളിലേക്ക് കയറി... ഹാളിൽ എവിടേം കാണാനില്ല... എന്റെ മുറിയിൽ നിന്നും എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്...


"അച്ഛാ... അമ്മ എന്താ വരാത്തെ...? അപ്പൂസിന് കാണണം..."

കുണുങ്ങി കൊണ്ടുള്ള ഒരു കുഞ്ഞിന്റെ ശബ്ദം കേട്ടതും, കാലുകൾ അങ്ങോട്ടേയ്ക്ക് ഓടുകയായിരുന്നു... തിരിഞ്ഞു നിന്നുകൊണ്ട് അച്ഛന്റെ കാലിൽ പിടിച്ചു കൊണ്ട് നിൽക്കുന്ന കുഞ്ഞും, ചുവരിലെ താൻ വരച്ച കുഞ്ഞിന്റെ പെയ്ന്റിങ്ങിലേക്ക് നോക്കി നില്കുന്ന ഒരു മനുഷ്യനും...

വല്ലാതെ ദേഷ്യം വന്നിരുന്നു... എന്റെ മുറി...

അത് തന്നെയായിരുന്നു കാരണവും...

ഒന്ന് മുരടനക്കി... ആൾ ഏതോ ലോകത്ത് ആണെന്ന് തോന്നുന്നു... കേട്ടില്ല...

ഒന്ന് ചുമച്ചു നോക്കി... ആഹ്... അയാളൊന്ന് ഞെട്ടിയിട്ടുണ്ട്... ചായയും കൊണ്ട് അകത്തേക്ക് കയറി... എന്റെ മുറിയല്ലേ എന്നായിരുന്നു അപ്പോൾ ചിന്ത...

"അമ്മാ ..."

ഓടി വന്നു കാലിൽ കെട്ടിപിടിച്ചപ്പോൾ ആണ് ആളെ കണ്ടത്... ദേവൻ സാർ... പിന്നെ അപ്പൂസും...എന്നെ കണ്ടതെ സാറിന്റെ മുഖം ഒന്ന് വല്ലാതായോ...? ട്രേ കയ്യിൽ നിന്നും ഒന്ന് പിടി വിട്ടത് കൊണ്ട് ചായ തുളുമ്പി പോയിരുന്നു... സാറിനെ ഒന്ന് നോക്കി കൊണ്ട് ബാത്‌റൂമിലേക്ക് കയറി, മുഷിഞ്ഞ തോർത്ത്‌ കൊണ്ട് അവിടെ തുടച്ചു... അപ്പോഴും അദ്ദേഹത്തിന്റെ നോട്ടം എന്നിൽ തന്നെ ആണെന്നത് ഒരു അസ്വസ്ഥതയോടെ ഞാൻ തിരിഞ്ഞെറിഞ്ഞു...


അപ്പൂസ് അപ്പോഴും എന്റെ സാരിയിൽ തന്നെ പിടിച്ചു കൊണ്ട് എന്റെ പിറകെ ആണെന്നത് എനിക്കൊരു അത്ഭുതം ആയിരുന്നു...അവനെന്നെ വിടാതെ പിടിച്ചിട്ടുണ്ട്... അവനെ കയ്യിൽ കോരിയെടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി... മനഃപൂർവം ആയിരുന്നു... എന്റെ മുറിയിൽ അങ്ങനെ ആരും കയറുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല...

"അമ്മ എപ്പോഴാ ഞങ്ങളുടെ കൂടെ വരുന്നേ...? അമ്മ എന്താ അപ്പുനോട് മിണ്ടാതെ...? അമ്മയ്ക്ക് ഉവ്വാവ് ഉണ്ടോ...?"

തുടങ്ങി ഒത്തിരി ചോദ്യങ്ങൾ ആണ് അവന്... ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു, തന്റെ പുറകെ തന്നെ സാറും ഇറങ്ങി വരുന്നത്... വിളറിയ ചിരി ആയിരുന്നു ആ മുഖത്ത്... കയ്യിലെ റോസാപൂ ഇതളുകൾ കണ്ടപ്പോൾ പെട്ടന്ന് തന്നെ അതൊളിപ്പിക്കാൻ പാട് പെടുന്നത് കണ്ടതായി ഭാവിച്ചില്ല...

എന്റെ മനസിലെ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത് ആയിരുന്നു അവയൊക്കെയും... ഇത്രയും നാൾ എനിക്കായി ആ ലെറ്ററുകൾ അയച്ചിരുന്ന അജ്ഞാതൻ ദേവൻ സാർ ആണെന്ന് മെല്ലെ എന്റെ മനസ്സിൽ പിടി മുറുക്കി കഴിഞ്ഞിരുന്നു... പക്ഷെ, എന്തിന്...?

അപ്പോഴേക്കും സാർ മോന് നേരെ പാൽ നീട്ടിയിരുന്നു... അവനത് വാങ്ങാതെ എന്നെ നോക്കി... അവന്റെ കവിളിൽ ഒന്ന് തട്ടി കൊണ്ട് പാൽ വാങ്ങി വായിലേക്ക് വച്ച് കൊടുത്തു... പുറത്തേക്കുള്ള വരാന്തയിൽ ചെന്നിരിക്കുമ്പോൾ അദ്ദേഹവും കൂടെ ഉണ്ടായിരുന്നു... 

നീണ്ട നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ആദ്യം ഉയർന്നത് എന്റെ ശബ്ദമായിരുന്നു.. അത് എന്റെ ആവശ്യമായിരുന്നു... ഒക്കെയും അറിയണമലല്ലോ...


"എന്തിനായിരുന്നു...?"

"വിട്ടു കളയാൻ തോന്നിയില്ല ... എന്റേത് മാത്രമാക്കണം എന്ന് തോന്നി..."

ഒന്ന് നോക്കിയപ്പോൾ കണ്ടു, നിറഞ്ഞു നിൽക്കുന്ന ആ മിഴികൾ... എന്തോ എന്റെ ഹൃദയവും വേദനിച്ചപ്പോൾ മനഃപൂർവം നോട്ടം മാറ്റി... പിന്നെ ഒന്നും ചോദിക്കാൻ ആയില്ല എന്നതായിരുന്നു സത്യം... അപ്പോൾ എന്നോട് കാണിച്ച ദേഷ്യമൊക്കെ എന്തിനായിരുന്നു എന്നുറക്കെ ചോദിക്കണം എന്ന് തോന്നി...

"ഏടത്തി... മോനെ താ... നിങ്ങൾ സംസാരിക്ക് ... മൂന്നാമത്തെ തവണയാണ് എന്റെ ഏട്ടൻ ഏടത്തിക്ക് വേണ്ടി വരുന്നത്... ഒക്കെയും ഏട്ടൻ പറയും... സമ്മതം മൂളിയാൽ മാത്രം മതി..."

വിഷ്ണു അങ്ങനെ പറഞ്ഞപ്പോൾ ഒന്നും തന്നെ മനസിലായില്ല... അപ്പൂസ് പോകാൻ മടിച്ചു എങ്കിലും, കണ്മണിയെ എടുക്കാൻ തരാം എന്ന് പറഞ്ഞപ്പോൾ അവൻ പോയി.. വിഷ്ണുവിന്റെ മോളാണ്... അവന്റെ അനിയത്തി...

സാർ പോക്കറ്റിൽ നിന്നും എന്തോ എടുത്തു കൊണ്ട് എന്റെ നേർക്ക് നീട്ടി... ഒന്ന് സംശയിച്ചു കൊണ്ട് വാങ്ങി... അതൊരു കടലാസ് തുണ്ട് ആയിരുന്നു.. പണ്ടെങ്ങോ, ഞാൻ എഴുതിയൊരു വരി...

"നീയില്ലായ്മയിൽ..... ഞാൻ "

അത്രമാത്രം... എന്റെ കൈപ്പടയിൽ.. .പിജിക്ക് പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു... എന്റെ ബുക്കിന്റെ ഏതോ താളിൽ വെറുതെ എഴുതി വച്ചത് ആയിരുന്നു...

ഇതെങ്ങനെ സാറിന്റെ കയ്യിൽ... ആശ്ചര്യത്തോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ നിറയെ പ്രണയം ആയിരുന്നു... ആ കണ്ണുകളിൽ, ആ പുരികകൊടിയിൽ, അധരങ്ങളിൽ, ആ ചെറു പുഞ്ചിരിയിൽ...

നോട്ടം കൊണ്ട് പോലും എന്നിലേക്ക് നിറയുന്ന പ്രണയവർണങ്ങൾ...

അടുത്തേക്ക് വന്നതോ, ആ കൈകൾ കൊണ്ടെന്റെ മിഴികൾ തുടച്ചതോ ഒന്നും അറിഞ്ഞില്ല... ഇതുവരെ കാണാത്തൊരു ഭാവത്തിൽ ദേവൻ സാർ എന്റെ കൈകൾ കൂട്ടി പിടിച്ചു...


"ഇഷ്ടമായിരുന്നു ഒരുപാട്... ഒരുപാട്... ഇപ്പോഴും, അതേ ഇഷ്ടം ഉള്ളിൽ ഉണ്ട്..." പ്രണയമഴ നിറഞ്ഞ ആ മിഴികളിലെ പ്രണയം മുഴുവനും എന്നിലേക്ക് പകരാനായി അനുവാദം ചോദിച്ചു കൊണ്ടുള്ള നോട്ടം... ഞാൻ ഒന്നും പറയാത്തത് കൊണ്ടാകാം, സാർ പറഞ്ഞു തുടങ്ങിയത്‌...

പിജി ചെയ്യുമ്പോൾ കോളജിൽ അധ്യാപകനായി വന്നതും, ക്ലാസുകൾക്കിടയിലെ കുസൃതിക്കാരിയോട് പ്രണയം തോന്നിയതും, ഒടുവിൽ അവൾക്ക് തന്റെ ഒപ്പമുള്ള മനുവിനെ ആണ് ഇഷ്ടം എന്നറിഞ്ഞപ്പോൾ നിസഹായനായി പോയതും എല്ലാം...

അതിനും മുൻപേ, വീട്ടിലേക്ക് വന്നിരുന്നു എന്നത് പുതിയ അറിവ് ആയിരുന്നു... അപ്പോൾ എന്റെ താല്പര്യം മനു ആണെന്ന് ഏട്ടൻ സാറിനെ അറിയിച്ചിരുന്നു... എന്റെ വിവാഹത്തിന് ശേഷം അധ്യാപനം വിട്ട് ബിസിനസ് ഏറ്റെടുത്തു... അപ്പോൾ ആണ് അദ്ദേഹത്തിന്റെ അമ്മ വേറൊരു വിവാഹത്തിന് നിർബന്ധിക്കുന്നതും, ഒടുവിൽ ഒരു വർഷത്തിന് ശേഷം മറ്റൊരു വിവാഹം കഴിക്കുന്നതും...

ശിഖ അതായിരുന്നു അവളുടെ പേര്... അവൾക്കും ഉണ്ടായിരുന്നു ഒരു പ്രണയം... ഒക്കെയും തുറന്നു പറഞ്ഞു കൊണ്ട് ആരംഭിച്ച ജീവിതമായിരുന്നു... നിന്നെ മനസ്സിൽ നിന്നും ഇറക്കി വിട്ടു എന്ന് കരുതി... പക്ഷെ, അവളോടൊപ്പമുള്ള നിമിഷങ്ങളിൽ എല്ലാം കടന്നു വന്നത് നിന്റെ ഓർമ്മകൾ ആയിരുന്നു...

ഒടുവിൽ അപ്പൂസിന്റെ ജനനശേഷം, എന്തോ വഴക്കിനിടയിൽ നിന്നെ അവൾ വലിച്ചിട്ടപ്പോൾ എനിക്ക് സഹിച്ചില്ല... അടിച്ചു കഴിഞ്ഞപ്പോഴാണ് വേണ്ടായിരുന്നു എന്ന് തോന്നിയത്... പക്ഷെ, അതിന് നാലു ദിവസങ്ങൾക്ക് ശേഷം അവൾ കാമുകന്റെ കൂടെ ഇറങ്ങിപോയപ്പോൾ ആണ് മനസിലായത്... അവളത് മനഃപൂർവം സൃഷ്ടിച്ച സന്ദർഭം ആയിരുന്നു എന്നത്... അവർ തമ്മിൽ ബന്ധം ഉണ്ടയിരുന്നു എന്നത് വളരെ വൈകിയാണെങ്കിലും എനിക്കന്ന് മാനസിലായി...

സ്നേഹിച്ചു തുടങ്ങിയിരുന്നു ഞാൻ അവളെ... അപ്പൂസിനെ എങ്ങനെ വളർത്തും എന്നതായിരുന്നു പിന്നെ ചിന്ത മുഴുവൻ... അപ്രതീക്ഷിതമായി ആണ് നിന്നെ ഓഫിസിൽ കണ്ടത്... അന്വേഷിച്ചപ്പോൾ അറിഞ്ഞു, നീ ഡിവോഴ്സ് ആയതും, കുഞ്ഞ് മരിച്ചതുമൊക്കെ...

അവിടെ വീണ്ടും എന്റെ പ്രണയം തളിർക്കുകയായിരുന്നു... അപ്പൂസ് അമ്മയെ ചോദിക്കുമ്പോൾ ഒക്കെയും ഞാൻ നിന്നെ ആണ് കാണിച്ചു കൊടുത്തത്... അത് മനഃപൂർവം ആയിരുന്നു... എന്നെങ്കിലും ഒരിക്കൽ നിന്നെ ഞാൻ സ്വന്തമാക്കും എന്നൊരു വിശ്വാസത്തിൽ...

അമ്മയും, അച്ഛനുമൊക്കെ വിവാഹം ആലോചിച്ചു വരാൻ ഇരുന്നപ്പോൾ ഞാൻ ആണ് എതിർത്തത്... നീ പൂർണമായും മനുവിനെ മറക്കണം, എന്നാലേ നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയുള്ളു എന്നെനിക്ക് തോന്നി... പിന്നെ നിനക്ക് അതിന് ഒരിക്കലും കഴിയില്ല എന്നൊരു തോന്നൽ എന്നിൽ ഉണ്ടായത്, നീ ഇടയ്ക്കിടെ ഓരോന്ന് ഓർത്തു കൊണ്ട് കരയുന്നത് കാണുമ്പോൾ ആയിരുന്നു... പിന്നെ മനഃപൂർവം ആയിരുന്നു അവിടെ നിന്നും വിട്ടു നിന്നത്... കഴിഞ്ഞ ഒരു വർഷക്കാലം നിനക്കായ്‌ വന്നു കൊണ്ടിരുന്നത് എന്റെ എഴുത്തുകൾ ആയിരുന്നു..

ഒരു സൗഹൃദത്തിൽ തുടങ്ങി, പ്രണയം വരെ നിനക്ക് കൈമാറി... ഇടയ്ക്ക് വീണ്ടും ഒരു ആലോചന ആയി അമ്മയും, അച്ഛനും വന്നിരുന്നു... അന്നും നീ സമ്മതിച്ചില്ല... അപ്പോഴാണ് ഞാൻ നാട്ടിലേക്ക് വരാൻ തീരുമാനിച്ചത് തന്നെ... അപ്പൂസും അപ്പോഴേക്ക് നിന്നെ ചോദിക്കാൻ തുടങ്ങിയിരുന്നു...

നീ ഉരുകി തീരുന്നത് ഇനിയും കാണാൻ വയ്യാത്തത് കൊണ്ടാണ്, ഈ മൂന്നാം വട്ടവും, യാതൊരു പ്രതീക്ഷയും ഇല്ലാതെ ഞാൻ....


സാർ അത് പറഞ്ഞു കഴിഞ്ഞതും, നീർമുത്തുകൾ പൊടിഞ്ഞു വീണത് എന്റെ കൈകളിലേക്ക് ആയിരുന്നു... പൊള്ളി പിടഞ്ഞു കൊണ്ട് പിറകിലേക്ക് മാറുമ്പോൾ ഞാനും കരയുകയായിരുന്നു...

ഇത്രയുമൊക്കെ പ്രണയിക്കാൻ ഒരു പുരുഷന് ആകുമോ...?

ചുമരിൽ ചാരി നിന്നു കൊണ്ട് കണ്ണുകൾ ഇറുകെയടക്കുമ്പോൾ മനസ്സിൽ ആ അച്ഛനും, മകനും മാത്രമായിരുന്നു... ഇതിനും മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത് കൃഷ്ണ...

"എനിക്കറിയാം... ജൂഹിക്ക് എന്നെ സ്നേഹിക്കാൻ കഴിയില്ല എന്ന്... സാരമില്ല... എന്റെ തെറ്റായിരുന്നു... ശല്യം ആകില്ല എന്നൊന്നും ഞാൻ പറയില്ല... പക്ഷെ, ഒരിക്കലും തന്നെ നിർബന്ധിക്കില്ല..."

അത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം തിരിഞ്ഞു നടക്കുമ്പോൾ, പോകരുത്, എനിക്കും പ്രണയമാണ് എന്ന് എന്റെ ഹൃദയം അലറി കരഞ്ഞിരുന്നു... പക്ഷെ, ശബ്ദം എന്തുകൊണ്ടോ ഹൃദയത്തെയും തടഞ്ഞിരുന്നു... തിരിഞ്ഞു നോക്കി കൊണ്ട് പോകുന്നതേ കണ്ടുള്ളു...

ആവോളം കരഞ്ഞു... എന്തിനെന്നറിയാതെ... ജീവിതത്തിൽ സുകൃതമായി ഒരച്ഛനും, മകനും... അതിൽപരം പുണ്യമെന്തുണ്ട്...? അടഞ്ഞ അധ്യായങ്ങൾക്ക് ഇനിയെന്റെ ജീവിതത്തിൽ ഇടമില്ല... ഉറച്ചൊരു തീരുമാനം ആയിരുന്നു... കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട്, സാരി പിടിച്ചു നേരെയുടുത്തു... താഴേക്ക് ഇറങ്ങി ചെന്നപ്പോൾ കണ്ടു, അവരെല്ലാം ഇറങ്ങാൻ നിൽക്കുന്നത്...


എല്ലാരുടെയും മുഖത്തെ വിഷമം കണ്ടപ്പോൾ മനസ് വല്ലാതെ പിടഞ്ഞു... അപ്പൂസ് എന്നെ കണ്ടപോഴേക്കും ഓടി വന്നിരുന്നു... മുഖത്തും, കവിളിലുമെല്ലാം ഉമ്മ വച്ച് കൊണ്ട് അവനെന്റെ ചുമലിൽ കിടന്നപ്പോൾ, പണ്ടെങ്ങോ ചുരന്ന മാറിടം വീണ്ടും ചുരത്താൻ തുടങ്ങിയിരുന്നു... ഒരമ്മയായി ഞാനും മാറിയിരിക്കുന്നു എന്നത് അത്ഭുതമായിരുന്നു...

മോനെയും കൊണ്ട് ഞാൻ തന്നെ കാറിനരികിലേക്ക് ചെന്നു... അവൻ പോകുന്നില്ല എന്നും പറഞ്ഞു കൊണ്ട് എന്റെ തോളിൽ കിടപ്പുണ്ട്... സാറിനെ നോക്കിയപ്പോൾ, എന്റെ ഉള്ളിലൊരു വേദന വീണ്ടും നിറയുന്നത് അറിഞ്ഞിരുന്നു... വാടിയ മുഖത്തോടെ ഇരുകാറുകളിലും ആയി എല്ലാവരും കേറി... മോനെയും എടുത്തു കൊണ്ട് ഡ്രൈവിംഗ് സീറ്റിന്റെ അരികിലേക്ക് പോയത് കൊണ്ടാകാം, സാർ ഡോർ തുറന്നു കൊണ്ട് മോന് നേരെ കൈകൾ നീട്ടി...

എന്റെ മുഖത്തും, മനസിലും വിരിഞ്ഞതൊരു കുസൃതിയായിരുന്നു... സാറിനെ കൂർപ്പിച്ചു നോക്കികൊണ്ട് ഡോർ, ചിരിയോടെ നീട്ടിയടച്ചു... അമ്മയടക്കം എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ട്... സാറിന്റെ മുഖത്തെ ഭാവം എന്തെന്ന് എനിക്കും മനസിലായില്ല...

"എന്റെ മോൻ ഇന്നൊരു ദിവസം എന്റെ കൂടെ നിൽക്കട്ടെ... ഇത്രയും നാൾ അച്ഛന്റെ കൂടെ അല്ലായിരുന്നോ...?"

ചിരിയോടെ അത് പറഞ്ഞപ്പോഴേക്കും, സാർ ഡോർ തുറന്നു കൊണ്ട് എന്നെയും മോനെയും, നെഞ്ചോട് ചേർത്തിരുന്നു... നെറുകയിൽ ചുംബനത്തോടൊപ്പം, അദ്ദേഹത്തിന്റെ കണ്ണുനീരും പതിഞ്ഞിരുന്നു... എന്റെ ഹൃദയവും ആ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത് എല്ലാവരും നിറകണ്ണുകളോടെയാണ് നോക്കി നിന്നത്...


പിന്നീട് പ്രണയം കൊണ്ടെന്നെ തളർത്തുകയായിരുന്നു ദേവൻ സാർ... സാർ എന്നുള്ളത് മാറ്റി ദേവേട്ടൻ കിച്ചേട്ടൻ എന്നാക്കി മാറ്റി... വീട്ടിലെ വിളിപ്പേര് ആയിരുന്നു കിച്ചൻ...

ഉത്സവം കഴിഞ്ഞപ്പോഴേക്കും വിവാഹം തീരുമാനിച്ചിരുന്നു... അമ്പലത്തിൽ വച്ച് താലികെട്ട് മതിയെന്ന് പറഞ്ഞത് കിച്ചേട്ടനായിരുന്നു... രണ്ടാഴ്ചകൾക്ക് അപ്പുറം... അതിന് ശേഷം ജോലിക്ക് വന്നാൽ മതിയെന്ന് എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറയുമ്പോൾ, ആ ഹൃദയം എന്തിനോ വേണ്ടി മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു...

നെറുകയിൽ മനസറിഞ്ഞു കൊണ്ട് ചുംബനം നൽകിയതിന് രണ്ടാഴ്ചക്കകൾക്ക് അപ്പുറത്ത് അദ്ദേഹത്തിന്റെ താലി ഹൃദയത്തിൽ ഏറ്റുവാങ്ങി... തെക്കെറ്റില്ലത്തേക്ക് വലതു കാൽ വച്ച് കയറുമ്പോൾ,അപ്പൂസും എന്റെ സാരിത്തുമ്പിൽ പിടിച്ചു കൊണ്ട് കൂടെ തന്നെ ഉണ്ടായിരുന്നു...

എല്ലാ സുഗന്ധവും നിറഞ്ഞൊരു ജീവിതം ജീവിച്ചു തീർക്കാനായി, കിച്ചേട്ടന്റെ മാത്രം ജൂഹിയും, അപ്പൂസിന്റെ അമ്മയുമായി, ഇന്ന് ഞങ്ങൾ കാത്തിരിപ്പിലാണ്... എന്റെ അപ്പൂസിന്റെ അനിയന് വേണ്ടി... എന്റെ കിച്ചേട്ടന്റെ വാവയ്ക്ക് വേണ്ടി....

ഓരോ നിമിഷവും എന്നെ പ്രണയിച്ചു കൊണ്ട്, എന്നും തോല്പിക്കുന്ന, ഞാൻ തോൽക്കാൻ ഇഷ്ടപ്പെടുന്ന നേരങ്ങൾ എനിക്ക് സമ്മാനിക്കുന്ന എന്റെ പ്രിയപ്പെട്ട കിച്ചേട്ടനൊപ്പം...

ഇന്ന് ഞാൻ തിരിച്ചറിയുന്നു... നീയില്ലായ്മയിൽ...


Rate this content
Log in

Similar malayalam story from Drama