Charu Varna

Romance

3.4  

Charu Varna

Romance

പറയാതെ പറഞ്ഞത്

പറയാതെ പറഞ്ഞത്

4 mins
511


"നിനക്ക് മടുത്തില്ലേ ജഹാര...? എത്രനാൾ നീയിങ്ങനെ...? ഒരിക്കൽ പോലും അയാൾ നിന്നെ പ്രണയിച്ചിരുന്നോ...? നിന്നോട് കൂടെ കുറച്ചു സമയം ചിലവഴിച്ചിട്ടുണ്ടോ...? പ്രണയത്തോടെ, വാത്സല്യത്തോടെ നിന്നെ ചേർത്ത് പിടിച്ചിട്ടുണ്ടോ...?


പിന്നെയും എന്തിനാണ് ജഹാര നീ അയാളിലേക്ക് വീണ്ടും വീണ്ടും ഇങ്ങനെ...? നീ ഇറങ്ങി വന്നാൽ മതി, ജഹാര... നിന്നെ ഞാനിന്നും പ്രണയിക്കുന്നു... നമുക്ക് പോകാം... നീ അന്ന് പറഞ്ഞത് പോലെ, നാം മാത്രമുള്ള ഇടങ്ങളിലേക്ക്... പ്രണയം മാത്രം നിറഞ്ഞ നമ്മുടെ നിമിഷങ്ങളിലേക്ക്..."


മറുപുറത്ത് നിന്നും പൊട്ടിചിരി ആണ് ഹർഷന്റെ കാതുകളിലേക്ക് പതിച്ചത്... കേൾക്കാൻ പാടില്ലാത്തത് എന്തോ പോലെ അവൻ ഉറക്കെ വിളിച്ചു...


"ജഹാര... please stop this..."


"ഞാൻ ഒന്ന് ചിരിക്കട്ടെ ഹർഷൻ..."


"എന്തിന് ജഹാര...? ഞാൻ എന്തെങ്കിലും തമാശ പറഞ്ഞോ നിന്നോട്...?"


"അല്ലാതെ എന്താണ് ഹർഷൻ...? വിവാഹിതയായ ഞാൻ നിന്നോട് കൂടെ വരണം എന്നൊക്കെ പറഞ്ഞാൽ... ഞാൻ ഒരു ഭാര്യയാണ്... എന്റെ കബീറിന്റെ ഹാരയാണ് ഞാൻ..."


അത്രമേൽ പ്രണയം നിറഞ്ഞിരുന്നു അവളുടെ വാക്കുകളിൽ...ഹർഷൻ അസഹ്യതയോടെ ഫോൺ കട്ട് ചെയ്തു കൊണ്ട് മുടിയിൽ കൈകൾ കൊരുത്തു വലിച്ചു...


"ജഹാര.. എന്തിനാണ് നീയിങ്ങനെ...? നിന്നിലെ പ്രണയം നശിക്കുന്നുവോ പെണ്ണെ...? എന്നിലേക്ക് എന്തുകൊണ്ട് മടങ്ങി വരുന്നില്ല ജഹാര നീ...? അത്രമേൽ നിന്നെ ഞാൻ പ്രണയിച്ചതല്ലേ...?"


"ഇല്ല ഹർഷൻ... എന്റെ പ്രണയം കബീർ ആണ്... എന്നോട് അദ്ദേഹം ഒന്നും സംസാരിക്കാറില്ല, എന്നെയൊന്നു ചേർത്ത് പിടിക്കാറില്ല, എന്തിന്, എന്റെ പേര് പോലും അദ്ദേഹം വിളിക്കാറില്ല...


പക്ഷെ, എന്നും അദ്ദേഹം എന്നെ നോക്കാറുണ്ട്... ജോലിക്ക് പോകുന്നതിന് മുൻപ്, വന്നതിന് ശേഷം... ഒരു കിടക്കയിൽ ഒന്നായ് തീരുന്ന നിമിഷങ്ങളിൽ... ഒക്കെയും അദ്ദേഹം ഒരു നോട്ടം കൊണ്ടെന്നെ പ്രണയിക്കാറുണ്ട്...


ആ പ്രണയത്തെ ഞാൻ തീവ്രമായി പ്രണയിക്കുന്നു ഹർഷൻ... ആരാധിക്കുന്നു... അത് മാത്രമാണെന്റെ പ്രണയം ഹർഷൻ... നീ പറഞ്ഞത് പോലെ, ചിതലരിച്ചു പോയൊരു പ്രണയം അല്ല... ഓരോ നിമിഷവും ചിതൽപുറ്റുകളിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന പ്രണയം...


പ്രണയത്തിനൊരു മുഖം ഉണ്ടോ...? അതിനൊരു ഭാവം ഉണ്ടോ...? ഉണ്ടെങ്കിൽ അതെങ്ങനെയാണ്...? പ്രണയത്തിന്റെ നിറമെന്താണ്, മണമെന്താണ്...?


ഉണ്ട് ഹർഷൻ... എന്റെ പ്രണയത്തിന്റെ നിറം കബീറിന്റെ കാർവർണ നിറമാണ്... അതിന്റെ ഗന്ധം അവന്റെ മുല്ലപ്പൂ മണമുള്ള അത്തറിന്റെ സുഗന്ധവും... ഭാവം അവന്റെ കണ്ണുകളിൽ ആണ്... ചൊല്ലാതെ, ചൊല്ലുന്നൊരു കടങ്കഥ പോലെ..."


കബീറിന്റെ മണമുള്ള പട്ടു മെത്തയിൽ അവളുടെ ഉടലാകെ നിറഞ്ഞു... മുഖം തലയിണയിൽ അമർത്തി കൊണ്ട് മന്ദഹസിച്ചു... ജഹാര... ഓരോ അണുവിലും പ്രണയം നിറഞ്ഞവൾ...


ഹർഷന്റെ വാക്കുകൾ ഓരോന്നായി കർണപുടങ്ങളിൽ വീണ്ടും വീണ്ടും പ്രതിധ്വനിച്ചു കൊണ്ടിരുന്നു... പ്രണയിക്കപ്പെടുന്നില്ലേ... ഉണ്ട്... ഉണ്ട്... കബീറിന്റെ ഓരോ ശ്വാസത്തിലും എന്നോടുള്ള പ്രണയം മാത്രമാണ് നിറഞ്ഞിരിക്കുന്നത്... അവന്റെ ഭ്രാന്തമായ തലോടലുകൾ ഒക്കെയും പ്രണയം തന്നെയാണ്... എന്നെ മത്തു പിടിപ്പിക്കുന്ന പ്രണയം...


ആരാണ് ഹർഷൻ... പതിനൊന്നാം ക്ലാസ്സ്‌ മുതൽ ജഹാരയുടെ കൂട്ടുകാരൻ... ഉപ്പയുടെ ട്രാൻസ്ഫറിനൊപ്പം സഞ്ചരിച്ചു കൊണ്ട്, സ്കൂൾ മാറിയപ്പോൾ കിട്ടിയ സുഹൃത്ത്... അയൽക്കാരൻ... അതിലുപരി, അവന്റെ കണ്ണുകളിലെ പ്രണയം...


ഒരിക്കലും കണ്ടിരുന്നതായി നടിച്ചില്ല... അവനിൽ ഞാൻ എന്റെ പ്രണയം കണ്ടിരുന്നില്ല... ഓരോ തവണയും അവന്റെ പ്രണയം എന്നിലേക്ക് ഒഴുകിയെത്തും എന്ന് തോന്നിയപ്പോൾ മനഃപൂർവം അകലം പാലിച്ചു നിന്നു.. ഒടുവിൽ ഡിഗ്രി ഒന്നാം വർഷത്തിൽ തന്നെ നിക്കാഹ്...


അമ്മായിയുടെ മകളുടെ നിക്കാഹിനു പോയപ്പോൾ, കണ്ട് ഇഷ്ടം ആയത്രേ... കബീറിന്... ഒരുപാട് കരഞ്ഞു... അവർക്ക് മുന്നിൽ പോകില്ലെന്ന് ശഠിച്ചു... ജനൽകമ്പികളിൽ കൈകൾ മുറുക്കെ പിടിച്ചു കൊണ്ട് ഉറക്കെ കരഞ്ഞു...


ഒരു തലോടൽ... ഒരു സാന്ത്വനം...


വന്നൂടെ എന്റെ കൂടെ...


ഹർഷന്റെ കൈകൾ തട്ടി മാറ്റി തിരിഞ്ഞതും, പുറകിൽ മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് അയാൾ... കബീർ... ആദ്യം മിഴികളിൽ അത്ഭുതം ആയിരുന്നു... ചത്ത മീനിന്റെ കണ്ണുകൾ പോലെയുള്ള അയാളുടെ മിഴികൾ ഇടയ്ക്കിടെ പിടച്ചു കൊണ്ടിരുന്നു... അതിലെ വെള്ളി വെളിച്ചം... അത്‌... അതെന്താണ്...


യാന്ത്രികമായി പാദങ്ങൾ അയാളിലേക്ക്... ആ കവിളിൽ കൈ ചേർത്ത് കൊണ്ട്, മിഴികളിൽ മെല്ലെ തലോടി...


പ്രണയം... അതേ... പ്രണയം ഒളിപ്പിച്ചു വച്ച വെള്ളാരം കണ്ണുകൾ...


പെട്ടന്ന് എന്തോ ഓർത്തപോലെ പുറകിലേക്ക് മാറി... ജനാലയ്ക്കരികിലെ ഹൃദയം നീറി കൊണ്ട് അകന്നു മാറി...


നിന്റെ പ്രണയം ഞാനല്ല ഹർഷൻ...ഞാൻ നിന്നെ പ്രണയിച്ചിട്ടേയില്ല... പിന്നെങ്ങനെ...


മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരൻ, മുറിയിൽ ഒന്നാകെ കണ്ണുകൾ ഓടിച്ചു... ഒത്ത വണ്ണവും, നീളവും. നന്നേ വെളുത്ത മുഖം... കട്ടി മീശയുടെ താഴെ ചുവന്ന അധരങ്ങളിൽ സൂക്ഷിച്ചു നോക്കിയാൽ കാണാം, മനോഹരമായ പുഞ്ചിരി... വെള്ളാരം കണ്ണുകളിൽ, ഒരു ജലാശയം ഒളിച്ചു വച്ച കൗതുകം...


"ഇഷ്ടം ആണ്... ഒത്തിരി..."


ആ ഒരു വാക്ക് പറഞ്ഞു കൊണ്ട് അയാൾ നടന്നു നീങ്ങി... തന്റെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട്, ചെവിയിൽ പതിയെ പറയുമ്പോൾ, പ്രണയം കൊണ്ട് ഞാൻ അന്ധയായിരുന്നു...


പോലീസ് ആയിരുന്നു... ഉമ്മ പറഞ്ഞാണ് അറിഞ്ഞത്... എന്തോ അന്നുമുതൽ അയാളുടെ മുഖം ആയിരുന്നു എന്റെ പ്രണയം... അയാളുടെ സാമിപ്യമായിരുന്നു ഞാൻ കാത്തിരുന്ന പ്രണയം...


ആദ്യമായി ഫോണിൽ കൂടി അയാളെന്നെ ഹാര എന്ന് വിളിച്ചു... വളരെ നേർത്ത ശബ്ദം കൊണ്ട്... വിളിച്ചാലും ഒന്നോ രണ്ടോ മിനിറ്റ് സംസാരിക്കും... പിന്നെ മൗനങ്ങൾ കൊണ്ട്, പരസ്പരം പ്രണയം കൈമാറും... ഒരാഴ്ചയ്ക്ക് ശേഷം കബീറിന്റെ മഹർ കഴുത്തിൽ വീഴുമ്പോൾ, കൈകളിൽ എന്റെ പ്രിയപ്പെട്ട മുല്ലപ്പൂ മണമുള്ള അത്തറും കൂടി ഉണ്ടായിരുന്നു...


എന്നേക്കാൾ പത്തു വയസ് കൂടുതൽ... വിവാഹത്തിന്റെ തലേന്ന് ഉപ്പയോട് ഉമ്മ കയർക്കുന്നത് കേട്ടപ്പോൾ ആണ് അതും അറിഞ്ഞത്... എനിക്ക് കബീർ മതിയെന്ന് പറയാൻ എവിടുന്ന് കിട്ടി ധൈര്യം... അറിയില്ല...


അത്രമേൽ അവനെന്നിൽ പ്രണയം കൊണ്ട് അടിമത്തം പണിഞ്ഞിരുന്നു... എന്റെ പ്രണയം... എന്റെ മാത്രം പ്രണയം...


അധികം സംസാരിക്കാത്ത കബീർ... ചോദിച്ചാൽ മാത്രം മറുപടി പറയും... ആദ്യമായി വിരസത തോന്നിയ നാളുകൾ...രാത്രിയിൽ സ്നേഹം കഴിഞ്ഞാൽ, അദ്ദേഹം നെറുകയിൽ അമർത്തി ചുംബിക്കുമായിരുന്നു... നെഞ്ചിലേക്ക് ചേർത്ത് പിടിക്കില്ല എങ്കിലും, ഒരു ചെറുവിരൽ എങ്കിലും, പുലർച്ചെ വരെ എന്റെ ദേഹത്ത് തന്നെ ഉണ്ടാകുമായിരുന്നു...


ആൾക്കാർക്ക് മുന്നിൽ അദ്ദേഹം മുന്നിലും, ഞാൻ പുറകിലും നടക്കും... ഇടയ്ക്കിടെയുള്ള തിരിഞ്ഞു നോട്ടം ആയിരുന്നു അദ്ദേഹത്തിന്റെ പ്രണയം... ആ കണ്ണുകളിൽ എനിക്കത് കാണാനാകും... 


വർഷങ്ങൾ കടന്നു പോയി... പ്രസവിക്കാൻ കഴിയാത്ത മച്ചി എന്ന അധിക്ഷേപത്തിൽ, ഒരിക്കൽ മാത്രം അദ്ദേഹം എന്നോട് പറഞ്ഞു... നീയാണ് എന്റെ മോളെന്ന്... എനിക്ക് നീ മാത്രം മതിയെന്ന്... അന്ന് അദ്ദേഹം എന്നെ നെഞ്ചോട് ചേർത്ത് ഉറക്കി... എന്റെ നെറുകയിൽ അദ്ദേഹത്തിന്റെ കണ്ണുനീർ ഒഴുകിയിറങ്ങി...


വളരെ നിശബ്ദമായ പ്രണയം... പക്വതയാർന്ന പ്രണയം... അതായിരുന്നു അദ്ദേഹം... ഒരു തലോടൽ, ഒരു നോട്ടം... അതൊക്കെ മതിയായിരുന്നു എനിക്കും... ഞങ്ങൾ പ്രണയിക്കുകയാണ്... ആർക്കും മനസിലാകാത്ത രീതിയിൽ...


പ്രണയത്തിന് രീതികൾ ഇല്ല... ഓരോ പ്രണയവും, ഓരോ തലങ്ങൾ മാത്രമാണ്... ചിലർ നിശബ്ദമായി, മറ്റു ചിലർ, പ്രകടിപ്പിച്ചു കൊണ്ട്... പക്ഷെ, എല്ലാം പ്രണയം മാത്രം... എല്ലാത്തിലും നിറഞ്ഞു നിൽക്കുന്നത് പ്രണയഭാവങ്ങൾ മാത്രം...


അദ്ദേഹം വന്നിരിക്കുന്നു... ഹാര എന്ന ആ വിളി എത്ര പ്രണയാർദ്രമാണ്... കബീർ...


ഷൂ മാറ്റി അകത്തേക്ക് കയറുന്നുണ്ട്... ആ വെള്ളാരം കണ്ണുകൾ തിരയുന്നത് എന്നെയും... ചെന്നപ്പോൾ കവിളിൽ മെല്ലെ തട്ടി... എന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു കൊണ്ട്, സാരി തെല്ല് മാറ്റി... വീർത്തുന്തിയ വയറിൽ, ചെറുതായി നരച്ചു തുടങ്ങിയ മീശരോമങ്ങൾ ഇക്കിളിയാക്കി...


കബീർ...


പ്രണയത്തോടെ ഞാൻ അത്യധികം വാത്സല്യത്തോടെ വിളിച്ചു... മുഖം ഉയർത്തി എന്നെ നോക്കി പതിയെ പുഞ്ചിരിച്ചു...


എന്റെ മോൾക്ക്...


വയറിൽ അമർത്തി ചുംബിച്ചു കൊണ്ട്, എഴുന്നേറ്റു എന്റെ തലയിൽ മെല്ലെ തലോടി... അതേ... ഇതാണ് അവന്റെ പ്രണയം... എന്റെ കബീറിന്റെ പ്രണയം... അവനെന്നെ ഗാഢമായി പ്രണയിക്കുന്നു... എന്നെ ആഗ്രഹിക്കുന്നു... എന്നെ അറിയുന്നു...


ആ കാലടികൾ പിന്തുടരുമ്പോൾ, ഇടയ്ക്കിടെ പുറകിലേക്ക് നീളുന്ന കണ്ണുകളിൽ പോലും പ്രണയമാണ്... ഞങ്ങളുടെ മാത്രം പ്രണയം... ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിൽ ഉന്മാദിയാണ് ഞാൻ... മത്തു പിടിപ്പിച്ചു കൊണ്ടെന്നെ, പ്രണയനോട്ടങ്ങൾ കൊണ്ട് വിവശയാക്കുന്നവന്റെ പ്രണയത്തിലെ നീല ശലഭമായി...


സ്നേഹത്തോടെ...


Rate this content
Log in

Similar malayalam story from Romance