Charu Varna

Romance Tragedy

2.9  

Charu Varna

Romance Tragedy

നിറക്കൂട്ട് - ഭാഗം 2

നിറക്കൂട്ട് - ഭാഗം 2

3 mins
362


നിറങ്ങൾ ചാലിച്ചെഴുതിയ ക്യാൻവാസിലേക്ക് നന്ദിനി വിരലുകൾ കൊണ്ട് പ്രണയം എഴുതി... ശിവരഞ്ജൻ... എന്നിൽ പ്രണയത്തിന്റെ ഛായാചിത്രം വരച്ചവൻ... ഒടുവിൽ അതേ പ്രണയം കൊണ്ട് എന്നിൽ മുറിവേല്പിച്ചവൻ... മറുകയ്യിലെ വിലയേറിയ മദ്യഗ്ലാസ്‌ ചുണ്ടോട് ചേർത്ത് കൊണ്ട് നന്ദ എന്തൊക്കെയോ പുലമ്പി... അല്ലെങ്കിൽ തന്നെ അതൊക്കെ അവളുടെ ജല്പനങ്ങൾ ആണ്... നിസ്സഹായതയുടെ... പ്രണയത്തിന്റെ... നിരാശയുടെ... ചിത്തഭ്രമം ബാധിച്ചു നര ബാധിച്ച മനസിന്റെ...

മനസ്സിൽ മദ്യത്തിന്റെ ലഹരിയിൽ വീണ്ടും ആ ഓർമ്മകൾ... അതേ ഇരവ്... അതേ മഞ്ഞളും, ചുവന്ന കുറിയും ഒഴുകിയിറങ്ങിയ ചെമ്പകചുവട്... അതേ മന്ദഹാസം... ഒരുപോലെ ആഴ്ന്നിറങ്ങിയ സുഖനിമിഷങ്ങൾ... ഒരു പതിനെട്ടുകാരിയുടെ നഷ്ടസ്വപ്നങ്ങൾ....

അതേ... സ്വയം ഞാൻ അവയ്ക്ക് ചിത ഒരുക്കിയിരിക്കുന്നു... എന്നിൽ തന്നെ... ഓരോ പകലിരവും തിരി കത്തിച്ചു കൊണ്ട് മരണം പുൽകി എന്ന് വീണ്ടും വീണ്ടും മനസിനെ തൃപ്തയാക്കുന്നു... താൻ മാത്രം താലോലിച്ച സ്വപ്നങ്ങൾ... നിമിഷങ്ങൾ... നിർവൃതികൾ...


ഒടുവിൽ എന്നോ പിടി വിട്ടൊരു മനസുമായി ആ ഇരുണ്ട ജനൽകമ്പികളിൽ തലയിട്ടടിച്ചു, സിന്ദൂരരേഖ ചുവപ്പിച്ചു കൊണ്ട് പൊട്ടിചിരിച്ച മുഹൂർത്തങ്ങൾ...

അല്ല... പൊട്ടിചിരി ആയിരുന്നില്ല... എന്റെ... എന്റെ ഹൃദയത്തിന്റെ പ്രതിഷേധം ആയിരുന്നു... എന്റെ നിസ്സഹായത ആയിരുന്നു... എന്റെ പ്രണയം ആയിരുന്നു... എന്റെ ഭ്രാന്തൻ ചിന്തകൾ ആയിരുന്നു...

നാലു ചുവരുകൾക്കിടയിൽ ഒതുങ്ങുമ്പോൾ... ജട പിടിച്ച മുടിയിഴകളെ പിഴുതു കൊണ്ട് അധരങ്ങൾ പരസ്പരം പോരടിക്കുമ്പോൾ... മുറിഞ്ഞ ചുണ്ടുകൾ ചുംബനം കൊണ്ടായിരുന്നില്ല... അവൻ സമ്മാനിച്ച ചുംബനങ്ങൾക്കുള്ള മറുപടി ആയിരുന്നു...


ഒരിക്കലും പൂക്കാത്ത ഒരൊറ്റ മരം പോലെ ഞാൻ... ഞാൻ മാത്രം... എന്നിലെ പൂക്കാലത്തെ പുൽകി തഴുകി കട്ടെടുത്തു കൊണ്ടൊരു പവനനായി ദൂരേയ്ക്ക് മറഞ്ഞു... കൺമുന്നിൽ ആണെങ്കിൽ കൂടി ഒന്ന് കാണാൻ അനുവാദം ഇല്ലാതെ...

എന്തിനായിരുന്നു ശിവ...? എന്തിനായിരുന്നു മോഹങ്ങൾ നൽകി എന്നിൽ പൂക്കാലം നിറച്ചത്...? എന്തിനായിരുന്നു നേർത്ത വിരലുകൾ കൊണ്ടെന്നെ പ്രണയിപ്പിക്കാൻ പഠിപ്പിച്ചത്...? എന്തിനായിരുന്നു എന്റെ ഉള്ളിൽ നീയെന്ന പടുവൃക്ഷത്തെ നട്ടുവളർത്തി, പടർന്നു പന്തലിക്കാൻ അനുവദിച്ചത്...?

ശരിക്കും... ശരിക്കും... നീയെന്നെ പ്രണയിച്ചിരുന്നോ... ശിവ...? ഞാൻ പോലും അറിയാതെ നീ എന്നിൽ തീർത്ത മുറിപ്പാടുകളിൽ... എന്റെ ഹൃദയത്തിൽ തീർത്ത ഉണങ്ങാത്ത വൃണങ്ങളിൽ പോലും പടർത്തുന്ന ശോണിമ പോലും നിന്നെ ഓർത്താണ്... ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നലെയെന്ന പോലെ, ഓരോ ഒറ്റപ്പെട്ട വേളയിലും എന്നെ പുണരുന്ന ആ നിഴലുകൾ...


ഓർമ്മകൾ കൊടുംകാറ്റ് പോലെ ആഞ്ഞടിച്ചു... വെറും നിലത്തേക്ക് ഊർന്ന് ഇരുന്നു കൊണ്ട്, ഉടുത്തിരുന്ന സാരിയുടെ തലപ്പ് പതിയെ താഴേക്ക് വിടർത്തി വച്ചു... വിറയാർന്ന കൈകൾ കൊണ്ട് പതിയെ ഉദരത്തിൽ തലോടി...

വിതുമ്പലുകൾ ആ അധരങ്ങളെ പുണരാൻ വെമ്പി നിന്നു... ഒടുവിൽ ആധിപത്യം സ്ഥാപിച്ചു കൊണ്ട് അവയെ കീഴടക്കി...

കൈകൾ വിറയ്ക്കുന്നുവോ...? എന്തിന്...? എന്തിന് വേണ്ടി...? ഉള്ളിലെ ജല്പനങ്ങൾ....

മിഴികളിൽ ഉരുണ്ടു കൂടിയ ബാഷ്പങ്ങൾ... നനുത്ത കവിളുകൾ തഴുകിയ നിമിഷനേരം... കുമിഞ്ഞു കൂടിയവ,അധരങ്ങളെ പുണർന്നു കൊണ്ട് നാവിൻ തുമ്പിലെ വികാരമായി...

കൈകൾ വീണ്ടും അടിവയറ്റിലെ നീണ്ട വരയിൽ അമർന്നു... വിറയൽ സ്വാഭാവികം...

മാറിടം ചുരത്താൻ വെമ്പുന്നുവോ...? ഇടുപ്പിൽ സുഖമുള്ളൊരു നോവ് പടരുന്നുവോ...? നെഞ്ചിൽ കൊളുത്തി വലിയ്ക്കുന്ന വേദന... ചുണ്ടിൽ മധുരമാർന്ന, കണ്ണീർ നനവോർമ്മകൾ...

തോറ്റു പോയവൾ ഞാൻ... ജഡാവൽക്കരിക്കപ്പെട്ടവൾ ഞാൻ... മാപ്പ്... മാപ്പ്...

ജനിക്കാതെ പോയൊരെൻ പൈതലേ ... നിന്നിലേക്കാണെന്റെ ദൂരം... കാതങ്ങൾ താണ്ടി നിന്നിലേക്ക്... ഇനിയുമൊരു കാത്തിരിപ്പ് നിന്നിലേക്ക് ചേർന്നണയാൻ മാത്രം... പാതി ചത്തൊരീ ഹൃത്തുമായി...

നിറവാർന്ന വാക്കുകൾ... ചായങ്ങൾ മുഖത്തെ ആവരണമാക്കി... ചമയങ്ങളിൽ വീണു കിടന്നവൾ വേദനകളിലേക്ക് ഊളിയിട്ടു... അവ തരുന്ന ഉന്മാദത്തിനായി...

വീണു മരിച്ചൊരെൻ പ്രണയത്തെ വീണ്ടുമാ ചിതയിൽ അടക്കുന്നു ഞാൻ...


▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️


രാവിലെ ഹേമ വന്നു നോക്കുമ്പോൾ വെറും നിലത്ത് കിടക്കുകയായിരുന്നു നന്ദിനി... അവരൊന്ന് സംശയിച്ചു നിന്നശേഷം അരികത്ത് നിന്നും മദ്യഗ്ലാസും, പൊട്ടിയ ചമയ പത്രങ്ങളും എല്ലാം അടിച്ചു വാരി ഒതുക്കി...

കുറച്ചു സമയം കൂടി നന്ദിനിയേ നോക്കി കൊണ്ട് ഹേമ പുറത്തേക്ക് പോയി... ഉറക്കത്തിൽ വിളിച്ചു ശല്യപെടുത്തുന്നത് നന്ദയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല... അതുകൊണ്ട് തന്നെ അടുക്കളയിൽ ചെന്ന് ഹേമ ഒരു സ്റ്റീൽ ഗ്ലാസ് എടുത്തു താഴെയിട്ടു കൊണ്ട് മാറി നിന്നു...


തല പെരുക്കുന്നത് പോലെ... അറിയില്ല... പഴയ സ്വപ്‌നങ്ങൾക്ക് വീണ്ടും എന്നിൽ എന്താണ് കാര്യം...? മിഴിവോടെ എന്തിന് നിറയുന്നു...?

ചുമരിൽ പിടിച്ചു കൊണ്ട് മെല്ലെ എഴുന്നേറ്റു... രാത്രിയിലെ നൊമ്പരത്താൽ മുഖം വല്ലാതെ വാടിയിരുന്നു... ഷവർ തുറന്നു ദേഹത്തെ ശുദ്ധീകരിച്ചു... ഒരുവനാൽ മാത്രം ഉണർത്തിയ ശരീരത്തെ...

മനസ്... അതേത് ഗംഗാജലത്തിൽ ചേർത്ത് കൊണ്ട് ഞാൻ ശുദ്ധീകരിക്കണം...? നിറഞ്ഞു നില്കുന്ന ശിവരഞ്ജൻ എന്ന ഓർമ്മയെ തുടച്ചു നീക്കണം... ഒരിക്കൽ... ഒരിക്കൽ മാത്രം... ഒരിക്കൽ മാത്രമെനിക്ക് ജയിക്കണം ശിവ...

നീറുന്ന ഭൂതകാല ഓർമ്മകൾ മായ്ക്കാൻ കഴിയാതെ അവളൊന്ന് വെട്ടിവിറച്ചു... മുഖം ഇരുകൈകൾ കൊണ്ടും അമർത്തി... ഉയർന്ന ഏങ്ങലടികൾ... നിശബ്ദത...


കുളിച്ചിറങ്ങുമ്പോൾ വീർത്ത കൺപോളകളിലേക്ക് ചായ തരാൻ വന്ന ഹേമ വെറുതെ ഒന്ന് നോക്കി... കഴിഞ്ഞ പത്തു വർഷമായി നന്ദയുടെ കൂടെയുണ്ട് ഹേമ... പക്ഷെ... ഒരിക്കൽ പോലും അവരുടെ പേർസണൽ കാര്യങ്ങളിൽ ഒന്നും ഇടപെടാൻ നന്ദ ഹേമയ്ക്ക് അനുവാദം നൽകിയിരുന്നില്ല... എന്നാലും എല്ലാ ദിവസവും ഹേമ നന്ദയോട് ഉപദേശം ആയിട്ട് ചെല്ലും... ഒടുവിൽ വേദനയോടെ ആ മുറി വിട്ടു പുറത്തേക്ക് ഇറങ്ങും...


"മാഡം... ഇന്നെങ്കിലും..."

മനസിലാകാത്തപോലെ ഹേമയെ നോക്കി... വീർത്ത കണ്ണുകൾ അവരോട് ആജ്ഞാപിച്ചു...

"പിറന്നാൾ അല്ലേ...?"

ചുണ്ടിൽ വിരിഞ്ഞത് പുഞ്ചിരി ആയിരുന്നില്ല... മനസ്സ് വിങ്ങുന്ന ഓർമ്മകളുടെ തേരോട്ടം ആയിരുന്നു...

ഒന്നും പറഞ്ഞില്ല... അലമാരയിൽ നിന്നും ഇളം മഞ്ഞയിൽ ചുവന്ന പൂക്കളുള്ള സാരി കയ്യിലേക്ക് എടുത്തു കൊണ്ട് പതിയെ ബെഡിലേക്ക് ഇരുന്നു... അപ്പോഴേക്കും ഹേമ പുറത്തേക്ക് പോയിരുന്നു...


നിറച്ചാർത്തേതുമെ നിറച്ചൊരെൻ മനതാരിൽ...

ഇരുളിൽ നിഴൽ മാത്രമിനിയും ബാക്കി...

സാരി ഞൊറിഞ്ഞുടുത്തു... മുഖത്ത് കുങ്കുമം കൊണ്ടൊരു വട്ടപൊട്ട്... നെറുകയിൽ നീണ്ട വര പോലെ സിന്ദൂരം... അത് വരയ്ക്കുമ്പോൾ മാത്രം വിറയ്ക്കുന്ന കൈകളോട് അവൾക്ക് പുച്ഛം തോന്നി...

എന്റെ ശരി... എന്റെ ന്യായങ്ങൾ... എന്റെ ജീവിതം... അതിൽ ഞാൻ സുമംഗലിയാണ്... ആലിലത്താലി നെഞ്ചിൽ അലങ്കാരമാക്കികൊണ്ടല്ല... ഇഷ്ടപുരുഷനാൽ രക്തം ചൊരിഞ്ഞു സുമംഗലിയായവൾ... അവന്റെ ചുംബനം കൊണ്ട് സിന്ദൂരചുവപ്പ് അണിഞ്ഞവൾ...


ബാൽക്കണിയിലെ കൈവരികളിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി... തിരക്കുകളിലേക്ക് ഊളിയിടുന്ന നഗരം... ഇവിടേയ്ക്ക് വന്നത് മുതൽ ഇങ്ങനെ തന്നെയാണ്... ബഹളവും, തിരക്കുകളും കൊണ്ട് മൂടപ്പെട്ട നഗരം...

ഓർമ്മകളിൽ എന്നും നെഞ്ചോട് ചേർക്കാൻ മാത്രം ഓർക്കുന്ന നിമിഷങ്ങൾ ഒന്നും സമ്മാനിച്ചില്ല എങ്കിലും, തന്നെ കൈപിടിച്ച് നടത്തിയ നഗരം...

സോഫയിലേക്ക് ചാരി കിടന്നു... സാരിതലപ്പ് ചെറുകാറ്റിൽ പാറിയുയർന്നു... കണ്ണുകൾ അടഞ്ഞപ്പോൾ ആദ്യം മനസിലേക്ക് വന്നത് അച്ഛന്റെ നോട്ടം ആയിരുന്നു... അമ്മയുടെ കണ്ണുനീർ ആയിരുന്നു... അനിയന്റെ ചേച്ചമ്മ എന്ന വിളി ആയിരുന്നു...

ഒടുവിൽ... ഒടുവിൽ... അവൻ... അവന്റെ നുണകുഴി വിരിയുന്ന പുഞ്ചിരി.... നനവാർന്ന അധരങ്ങൾ...

ഓർമ്മകൾ കൺമുന്നിൽ നറുതിരി തെളിച്ചപ്പോൾ കണ്ണുകൾ മഴ പോലെ പെയ്തിറങ്ങി...


തുടരും...


Rate this content
Log in

Similar malayalam story from Romance