Charu Varna

Comedy Drama

3  

Charu Varna

Comedy Drama

കറി കഥ

കറി കഥ

3 mins
406


ഓർമ്മകൾ എന്നും മധുരമുള്ളത് അല്ലേ...? അപ്പോൾ അതിനിടയിൽ ചൊറിയുന്ന ഒരോർമ്മ കടന്നു വന്നാലോ?... തെറ്റിദ്ധരിക്കണ്ട... ഒരു കറി വച്ച് പഠിച്ച ഓർമ്മയാണ്...


പ്ലസ് ടു കഴിഞ്ഞപാടെ ഹോസ്റ്റൽ ജീവിതം ആയിരുന്നു... ഡിഗ്രി, പിജി മുഴുവൻ ഹോസ്റ്റലിൽ താമസിച്ചു കൊണ്ട് ആയത് തന്നെ പാചകമെന്ന കലയിൽ ഞാൻ അതിവിദഗ്ധ ആയിരുന്നു എന്ന് അറിയാമല്ലോ... സത്യം പറഞ്ഞാൽ ചായയിൽ ചായപ്പൊടി ഇടുന്ന അളവ് വരെ അറിയില്ലെന്ന് സാരം...


ഓണത്തിനും, സംക്രമത്തിനും കണക്കെ വീട്ടിൽ എത്തിയിരുന്നത് കൊണ്ട് ആക്രാന്തം എപ്പോഴും തീറ്റയോട് തന്നെയായിരുന്നു... ഫുഡ്‌ കഴിച്ചു നൈസായി അരികിൽ കുറച്ചു ബാക്കി വച്ചു കൊണ്ട് എഴുന്നേറ്റു പോകുന്ന മോളെ കണ്ട് അമ്മ കണ്ണുരുട്ടും... പക്ഷെ, അതിൽ ബാക്കി ഉണ്ടല്ലോ എന്ന് സ്ഥിരം പല്ലവി ആയപ്പോൾ പിന്നെ അമ്മയ്ക്ക് മടുത്തെന്ന് തോന്നുന്നു... മോശം പറയരുതല്ലോ, ഞാനും അനിയനും നോൺ വെജ് ഡിഷസ് പരീക്ഷിക്കുന്നതിൽ ബഹു മിടുക്കർ ആയിരുന്നു... അവനാണേൽ ഞാൻ വെക്കേഷന് വരാൻ കാത്തിരിക്കും... ഓരോന്ന് ഉണ്ടാക്കി ചളമാക്കാൻ... ഞാൻ ഉണ്ടാക്കിയത് അവനും... അവൻ ഉണ്ടാക്കിയത് ഞാനുമല്ലാതെ വേറെ ആരും കഴിക്കാറില്ല എന്ന നഗ്നസത്യം പുറത്ത് പറഞ്ഞിട്ടില്ല... എന്തിനേറെ ചേച്ചിയുടെ മകൾ പോലും കഴിക്കില്ല... " ചിറ്റയ്ക്ക് ഒന്നും അറിയില്ല "... അതാണ് അവളുടെ മുദ്രാവാക്യം...


നാട്ടിൻപുറം ആയത് കൊണ്ടും, ഹിന്ദു ആയത് കൊണ്ടും കല്യാണാലോചനകൾ മുറപോലെ വന്നിരുന്നു... അതുകൊണ്ട് തന്നെ നാലാം വർഷം ഡിഗ്രി ആയപ്പോഴേക്കും അമ്മ പാചകം പഠിച്ചോ... പാചകം പഠിച്ചോ എന്ന് പറഞ്ഞു നിലവിളി ആയിരുന്നു... നമ്മളിതെത്ര കണ്ടിരിക്കുന്നു... ഞാൻ കല്യാണം കഴിക്കുന്നില്ല... എന്നൊരു മുട്ടൻ ന്യായവും പറഞ്ഞു മുങ്ങും... വരുന്ന ബന്ധുക്കളോടൊക്കെ എനിക്ക് ഒന്നും അറിയില്ലെന്ന് ഗ്രാമവാസി അമ്മ... ഇളിച്ചു കാണിക്കാൻ ഞാനും... ഒടുവിൽ നാലു വർഷത്തെ bsc യുദ്ധം കഴിഞ്ഞു വീട്ടിലേക്ക് വന്നപ്പോൾ അമ്മ കാല് പിടിച്ചു പറഞ്ഞു, ഇനിയെങ്കിലും അടുക്കള എന്ന രാജ്യത്തെ ഏതേലും ഒരു കറി എങ്കിലും ഉണ്ടാക്കാൻ പഠിക്കാൻ... പാവം അല്ലേ... ഞാൻ അങ്ങ് ക്ഷമിച്ചു... പഠിക്കാൻ തന്നെ തീരുമാനിച്ചു...


ഇതൊക്കെ നിസാരം എന്ന മട്ടിൽ തോരനിൽ നിന്നും തുടങ്ങി... അമ്മയുടെയോ, ചേച്ചിയുടെയോ സൂപ്പർവിഷൻ... വലിയ കുഴപ്പം ഒന്നുമില്ലാതെ പോയി... അങ്ങനെ ഒരു ദിവസം വീട്ടിൽ ആരുമില്ല... അച്ഛൻ ഓഫിസിൽ പോയി... അനിയൻ സ്കൂളിലും... അമ്മയും, ചേച്ചിയുമൊക്കെ ഹോസ്പിറ്റലിൽ പോയതായിരുന്നു... എല്ലാ ദിവസത്തെയും പോലെ എനിക്ക് ഫുഡ്‌ ഉണ്ടാക്കി വച്ചിട്ടാണ് പോയത്... തോരൻ ആക്കാൻ സമയം ഇല്ലാത്തത് കൊണ്ട്, വന്നിട്ട് ചെയ്യാം എന്നും പറഞ്ഞു... ഞാൻ ആണേൽ ഒറ്റയ്ക്ക് ബോറടിച്ചു ചത്തു... അല്ലെങ്കിൽ ചേച്ചിയുടെ കുരിപ്പ്‌ മോളെയും കൊണ്ട് നാട് തെണ്ടൽ ആയിരുന്നു പണി... ( ഞാൻ തനി നാട്ടിൻപുറത്ത്കാരിയാണ്... ചാലും, തൊടും, ചെറിയൊരു ഫോറെസ്റ്റ് ഒക്കെയും ഞങ്ങളുടെ നാടിന്റെ ചെറിയൊരു അഹങ്കാരം ആണ് )...


ഉച്ചയാകാറായി... അവർ വന്നില്ല... വിശന്നു കുടൽ കരിഞ്ഞപ്പോൾ അമ്മയെ വിളിച്ചു... തോരൻ ഇല്ലാതെ ഉണ്ണുക എന്നൊക്കെ പറഞ്ഞാൽ നാണക്കേട് അല്ലേ... എവിടെ... അവർ വരുന്നതേ ഉള്ളു... എന്നോട് എന്തെങ്കിലും തോരൻ വയ്ക്കാൻ ആയി മുറിച്ചു വയ്ക്കാൻ പറഞ്ഞു...


ആദ്യം ദേഷ്യം വന്നെങ്കിലും, ആലോചിച്ചു നോക്കിയപ്പോൾ കഴിവ് തെളിയിക്കാൻ ഒരു അവസരം അല്ലേ... (അടുക്കളകൃഷി പണ്ട് മുതൽ തന്നെ ഉണ്ട്... ഇപ്പോഴും... അതുകൊണ്ട് ഫ്രഷ് വെജിറ്റബ്ൾസ് എന്നും വീക്ക്‌നെസ് ആണ് )... പുറത്തേക്ക് ഇറങ്ങി... ഒന്നും കണ്ണിൽ പിടിച്ചില്ല... താഴെ തെങ്ങിൻ തോപ്പുണ്ട്... അവിടേക്ക് നടന്നു...


ദാ... നില്കുന്നു... നല്ല ചേമ്പിന്റെ ചെടി... ഞങ്ങളുടെ അടുത്തൊക്കെ അതിന്റെ തണ്ട് തോരൻ വയ്ക്കും... അപാര ടേസ്റ്റ് ആണ്... എന്റെ നോട്ടം കണ്ടൊ എന്തോ... അത് വേണ്ട... വേണ്ട എന്നും പറഞ്ഞു ആടുന്നുണ്ട്... പിച്ചാത്തി കൊണ്ട് അടിയേ മുറിച്ചെടുത്തു... ഒറ്റയ്ക്ക് ആദ്യത്തെയല്ലേ...? ഒട്ടും കുറയണ്ട... ചട്ടി തന്നെ എടുത്തു...


ഗ്യാസ് വേണ്ട... അതുകൊണ്ട് ഊതി ഊതി ഉള്ള പേപ്പർ ഒക്കെ വാരിയിട്ട് അടുപ്പ് കത്തിച്ചു... ആഹാ... അന്തസ്... അങ്ങനെ തോരൻ നല്ല വെടിപ്പായി ആക്കി... മണം അടിച്ചപ്പോൾ തന്നെ വായിലെ വെള്ളം താഴേക്ക് ചാടും എന്നായി... അപ്പോൾ പിന്നെ കഴിക്കാം എന്നും പറഞ്ഞു കൊണ്ട് ചോറും, കറിയും, തോരനുമെല്ലാം എടുത്തു സിറ്റ്ഔട്ടിൽ പോയിരുന്നു...

അമ്മയുടെ അഭിനന്ദനങ്ങൾ ആലോചിച്ചു കൊണ്ട് ചോറിൽ കുഴച്ചു കൊണ്ട് തോരൻ വായിലേക്ക് വച്ചു...


എന്തെങ്കിലും കുഴപ്പം ഉണ്ടോ... ഹേയ്... ഇറക്കി... കുഴപ്പം... എന്തോ തൊണ്ട ചൊറിയുന്നു... ഹാ... സാരമില്ല... ചെമ്പല്ലേ... അതുകൊണ്ട് ആയിരിക്കും... പിന്നെയും രണ്ട് ഉരുള കഴിച്ചു... എന്റെ കാവിലമ്മേ... തൊണ്ടയും, വായും ചൊറിയാൻ തുടങ്ങി... വെള്ളം കുടിച്ചു... പോകുന്നില്ല... പഞ്ചസാര എടുത്തു വായിലേക്ക് കമിഴ്ത്തി... കുറയുന്നില്ല... ആകെ പരവേശം... ചൊറിച്ചിൽ കൂടി വന്നു... കയ്യും, മുഖവുമൊക്കെ ചൊറിയാൻ തുടങ്ങി...


ചൊറിച്ചിലും, കരച്ചിലും കണ്ട് കൊണ്ടാണ് അമ്മ വന്നത്... അപ്പോഴേക്കും ശർദി കൂടെ എത്തി... ഒരുവിധം കാര്യം പറഞ്ഞു... അമ്മ ചേമ്പ് കാണിച്ചു കൊടുക്കാൻ പറഞ്ഞു... ഞാൻ കാണിച്ചു കൊടുത്തു... ഞാൻ കേൾക്കാത്ത തെറി ഒക്കെ ആയിരുന്നു പിന്നെ... ചട്ടി അടക്കം അമ്മ പൊട്ടകിണറ്റിൽ കൊണ്ടിട്ടു...


ദേഷ്യം കൊണ്ട് അമ്മ വിറയ്ക്കുന്നുണ്ട്.. ഇടയിൽ വിളിച്ചു പറഞ്ഞത് നന്നായി കേട്ടു... കാട്ട്ചേമ്പ് ആയിരുന്നു അതെന്ന്... ദൈവമേ... അങ്ങനെയും ചെമ്പ് ഉണ്ടെന്ന് അന്നാണ് മനസിലായത്... അല്ലെങ്കിൽ ചേനയും, ചേമ്പും തിരിച്ചറിയാത്ത എനിക്കെന്ത് കാട്ട്ചെമ്പ്...


അമ്മ തേനൊക്കെ കുടിക്കാൻ തന്നു... ചൊറിച്ചിൽ മാത്രം മാറിയില്ല... എല്ലാം കൊണ്ടും തൃപ്തിയായി... ചേച്ചിയുടെ മോളാണെങ്കിൽ ചിരിച്ചു മരിച്ചു എന്ന് പറയാലോ... ആകെ നാണം കെട്ടു... ഇമ്പ്രെസ്സ് ചെയ്യാൻ നോക്കി... ഞാൻ ശശിയായി...

അന്ന് മൊത്തം തെറിപൂരം ആയിരുന്നു... അതിന്റെ പിറ്റേന്ന് ഒരു പെണ്ണ് കാണൽ ഉണ്ടേ... അതിന്റെ... എന്താല്ലേ...

ആ ചേമ്പ് കഴിച്ചത് കൊണ്ടോ... എന്തോ... പിന്നെ ഇലക്കറി പോലുള്ളത് കഴിക്കുമ്പോൾ മുട്ടൻ ചോറി ആയിരുന്നു... തൊണ്ടയിൽ... എന്തോ ആ സംഭവത്തോടെ കുക്കിംഗ്‌ വെറുത്തു പോയി... പക്ഷെ, ഇപ്പോൾ ഞാൻ പെർഫെക്ട് ആണുട്ടോ... uae വന്നത് കൊണ്ട് ആകെ ഉണ്ടായൊരു ഗുണം അതാണ്... ചായ മുതൽ ബിരിയാണി വരെ ഉണ്ടാക്കാൻ പഠിച്ചു...

എന്ന് ഞാൻ...


Rate this content
Log in

Similar malayalam story from Comedy