STORYMIRROR

Anand B

Comedy Crime Thriller

4  

Anand B

Comedy Crime Thriller

ചുറ്റിക

ചുറ്റിക

16 mins
145

മുംബൈ മഹാനഗരത്തിലെ ആഡംബര തുരുത്തുകളിലൊന്നിൽ കറുത്ത ചില്ല്‌ പുതച്ചൊരു കൂറ്റൻ കെട്ടിടത്തിലെ സാമാന്യം വലിപ്പമുള്ളൊരു ചില്ല് കൂട്ടിലിരുന്നാണ് ഡോക്ടർ ബോണി വർഗീസ് ജോലി ചെയ്തിരുന്നത്. ഡോക്ടറെന്നു പറഞ്ഞാൽ മനുഷ്യരെ ചികില്സിക്കുന്നയിനം വൈദ്യരല്ല. മറിച്ച്, ഉന്നത കുലങ്ങളിലെ പൈതങ്ങൾക്ക് മാനേജ്മെന്റിന്റെ ബാലപാഠങ്ങൾ ഓതി കൊടുക്കുന്ന എഴുത്താശാൻ. ഇനി, മേല്പറഞ്ഞ ചില്ലുമാളിക സർവ്വകലാശാല ആണോ എന്ന് ചോദിച്ചാൽ, വേണമെന്നുള്ളവർക്ക് അങ്ങനെ കൽപ്പിക്കാം എന്നാണ് നാട് ഭരിക്കുന്ന സർക്കാര് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ആയതിനാൽ ദൃഷ്ടാന്തമുള്ളവർ പ്രസ്തുത കെട്ടിടത്തെ ഒരു ഉശിരൻ സർവ്വകലാശാലയായി കൽപ്പിച്ചു പോന്നു.


തൻ്റെ ചില്ലുകൂട്ടിലെ മുന്നൂറ്ററുപതു ഡിഗ്രി കറങ്ങുന്ന കസേരയിൽ, തെക്കോട്ടും വടക്കോട്ടും ആസ്വദിച്ച് കറങ്ങിയിരുന്ന ബോണി വർഗീസ് ആൾ ചില്ലറക്കാരനായിരുന്നില്ല. എണ്ണം പറഞ്ഞ കരപ്രമാണിയും കളത്തിപ്പറമ്പിൽ വീട്ടിലെ നിലവിലെ കാരണവരുമായിരുന്ന വർഗീസ് ജോസഫിനും പത്‌നി അന്നമ്മയ്ക്കും കാലം തെറ്റിപ്പിറന്ന മകൻ. മൂന്ന് പെൺകൊച്ചുങ്ങൾക്കൊടുവിൽ കർത്താവ്‌ കനിഞ്ഞനുഗ്രഹിച്ച ആൺ തരി. ആയതിനാൽ കണ്ടമാനം ലാളിച്ചാണ് അനിയൻകുഞ്ഞെന്നു വിളിപ്പേരുള്ള ബോണിയെ വർഗീസും അന്നമ്മയും വളർത്തിയത്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഡിഗ്രി പാസ്സായി, എം ബി എ പഠിക്കാൻ അമേരിക്കയിൽ പോവണമെന്ന് ഒറ്റക്കാലിൽ വാശിപിടിച്ച ചെറുക്കനെ, കാർന്നോന്മാര് എല്ലു വെള്ളമാക്കി ഉണ്ടാക്കിയിട്ട ഒന്നര ഏക്കർ പറമ്പു വിറ്റാണ് വറീത് മാപ്ല കടൽ കടത്തിയത്. എം ബി എയും, പി എച്ഛ് ഡിയുമൊക്കെയായി ചെറുക്കൻ ഒരഞ്ചാറു വർഷം അമേരിക്കയിൽ തന്നെയങ്ങു കൂടി. തിരിച്ചു പോരുമ്പോൾ പെട്ടീം കിടക്കേടേം കൂടെ പുത്രൻ വല്ല മദാമ്മ പെണ്ണിനേം കെട്ടിക്കൊണ്ടു വരുമോ എന്ന് പേടിച്ചു മേല്പ്പറഞ്ഞ അഞ്ചാറ് വർഷങ്ങളിൽ മാപ്ല ഉറക്കത്തിൽ സ്ഥിരമായി നിലവിളിച്ചിരുന്നെന്നു, കൂടെ കിടക്കുന്നവളും രാപ്പനി അറിഞ്ഞവളുമായ ഒറ്റപ്ലാക്കൽ അന്നമ്മ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.


ശ്രീമാൻ വർഗ്ഗീസിന്റെ മനസ്സമാധാനം പോവാൻ കാരണമുണ്ട്. മകനെ അമേരിക്കയിൽ വിട്ടു പഠിപ്പിച്ചതിനു പുറമേ പെൺ മക്കളെ മൂന്നിനേം കെട്ടിച്ചയച്ചപ്പോൾ കുടുംബസ്വത്തായി കിട്ടിയ വഹകൾ മുക്കാലും വിറ്റു തീർന്നിരുന്നു.പഠിപ്പു കഴിഞ്ഞു കൊച്ചന് അമേരിക്കയിൽ തന്നെ വല്ല പണിയും തരപ്പെടുമെന്നു കരുതിയെങ്കിലും, ഒന്നും ശരിയാവാതെ കക്ഷി കറങ്ങിത്തിരിഞ്ഞ് ബോംബെയിൽ വന്നു കുറ്റിയടിച്ചു. ശമ്പളം തീരെ കുറവാണെന്നല്ല. പക്ഷേ വിറ്റുപോയ പറമ്പുകൾ അഞ്ചാറെണ്ണമെങ്കിലും തിരിച്ചു പിടിക്കണെമെങ്കിൽ പയ്യനെ സായിപ്പന്മാരുടെ നാട്ടിലെവിടെയെങ്കിലും സിറ്റിസൺഷിപ്പും, നാട്ടിൽ അല്പം കനത്തിൽ സാമ്പത്തിക ചുറ്റുപാടുമുള്ള ഒരു പെങ്കൊച്ചിനെ കൊണ്ട് കെട്ടിക്കുക എന്നത് മാത്രമാണ് ഒരു നീക്കുപോക്ക്‌. എന്ന് വച്ച് പാരമ്പര്യം വിട്ടൊരു കളിയില്ല. തറവാടിത്തത്തിൽ കളത്തിപ്പറമ്പുകാരോട് നേർക്കുനേർ മുട്ടാൻ കെല്പുള്ളതും, സഭയ്ക്ക് വിധേയപ്പെട്ടു ജീവിക്കുന്നവരുമായ സത്യ ക്രിസ്ത്യാനികളെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ശട്ടം കെട്ടിയാണ് ദല്ലാളന്മാരെ മധ്യതിരുവിതാംകൂറിനു പുറമെ കൊച്ചി, മലബാർ, സീറോ മലബാർ തുടങ്ങിയ വിദേശ രാജ്യങ്ങളിലെമ്പാടും അയച്ചിരുന്നത്.


ബ്രോക്കർമാർ കൊണ്ടുവരുന്ന ആലോചനകളൊന്നും അങ്ങോട്ട് ഒക്കാതെ വരികയും വറീതിന്റെ മനസ്സമാധാനം കുറേശ്ശെയായ് കയ്യാലപ്പുറത്താവാനും തുടങ്ങിയ സമയത്താണ്, മാട്രിമോണിയലിന്റെ സാധ്യതകളെപ്പറ്റി കളത്തിപ്പറമ്പിലെ വരാന്തയിൽ കാര്യമായ ചർച്ചകളാരംഭിച്ചത്.ആധുനിക യുഗത്തിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണ്ടതിന്റെ ആവശ്യകതയെ പറ്റി അനിയൻ കുഞ്ഞും പെങ്ങമ്മാരും ആദ്യമേ സൂചിപ്പിച്ചിരുന്നെങ്കിലും, ഇത്തരം കുണ്ടാമണ്ടികൾ കഠിനമായി വെറുത്തിരുന്ന വർഗീസ്സ് മാപ്പിള അർഹിച്ച അവജ്ഞയോടെ നാലെണ്ണത്തിന്റെയും പേച്ച് തള്ളിക്കളയുകയാണുണ്ടായത്. എങ്കിലും സമയവും ആധിയും ഒരുമിച്ചു ടോപ് ഗിയറിലേക്ക് മാറിയതോട് കൂടി,


"മാട്രിമോണിയെങ്കി മാട്രിമോണി, എന്നാ മണ്ണാങ്കട്ടയാണേലും, ചൊവ്വുള്ള വല്ല ആലോചനേം വന്നാ കൊള്ളാം"


എന്ന് പറഞ്ഞു മനസില്ലാ മനസ്സോടു കൂടി പെണ്ണ് നോട്ടത്തിന്റെ താക്കോൽ പെൺമക്കൾക്ക് കൈമാറി കാരണവർ ചാരുകസേരയിലേക്കു ഉൾവലിഞ്ഞു. കൊച്ചിയിൽ കെട്ടിച്ചു വിട്ട ഇളയവൾ ബിൻസിയാണ് കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത്.മാട്രിമോണിയുടെ മിടുക്കാണോ അതോ അന്നമ്മ വേളാങ്കണ്ണിയിൽ പോയി മാതാവിനോട് പരിഭവം പറഞ്ഞതു കൊണ്ടാണോ എന്നറിയില്ല, മാസം ഒന്ന് തികയുന്നതിന് മുൻപ് കിണ്ണം കാച്ചിയ മാതിരി ഒരാലോചന ഒത്തു വന്നു. പെണ്ണ് അമേരിക്കയിൽ നേഴ്സ് ആണ്. എന്ന് പറഞ്ഞാൽ ചുമ്മാ ബിഎസ്സി നേഴ്‌സ് അല്ല, എംസ്സിയും കഴിഞ്ഞു പിഎച്ച്ഡി ചെയ്തോണ്ടിരിക്കുവാണത്രേ.


നഴ്സിങ്ങിലൊക്കെ ഡോക്ടറേറ്റ് ഉണ്ടെന്നത് വറീതിനു പുതിയ അറിവായിരുന്നു.


"അല്ലാ ഈ നേഴ്സ്മാരൊക്കെ ഡോക്ടറേറ്റ് എടുത്താപ്പിന്നെ അവരെ ഡോക്ടറെ എന്ന് വിളിക്കേണ്ടി വരില്ലേ? അപ്പോപ്പിന്നെ ഡോക്റ്ററേതാ നേഴ്സ് ഏതാ എന്നെങ്ങനെ തിരിച്ചറിയും?"


ഓർത്തിട്ടു തലപെരുത്തതു കൊണ്ടും കിട്ടാൻ പോകുന്ന സ്ത്രീധന തുകയെപ്പറ്റി കൂലങ്കഷമായ കൂട്ടിക്കിഴിക്കലുകൾ നടത്തേണ്ടത് കൊണ്ടും ആ നസ്രാണി സ്രേഷ്ഠൻ അമേരിക്കയിലെ രോഗികൾ നേരിടുന്ന ആശയപരമായ കുഴമറിച്ചിലുകളെ പറ്റി ചിന്തിച്ച് അധികം കാട് കയറാൻ നിന്നില്ല. പോരാത്തതിന് ആനന്ദ ലബ്ധിക്കിനി എന്ത് വേണ്ടൂ എന്ന് പറഞ്ഞ മാതിരി പെൺ വീട്ടുക്കാർ വാരാപ്പുഴയിലെ തലയെടുപ്പുള്ള ക്രിസ്ത്യാനികളുമാണ്‌. അമേരിക്ക എന്ന് കേട്ടതോടെ ബോണി കൊച്ചനും ഉത്സാഹമായി. അന്നമ്മയാണെങ്കിൽ വേളാങ്കണ്ണി യാത്രയ്ക്ക് മുടക്കിയ പൈസാ വെറുതെ ആയില്ലലോ എന്നോർത്ത് ചോറ് വേവുന്നതിനിടെ അടുക്കള വാതിലിലൂടെ ദൂരേക്ക് നോക്കി മന്ദഹസിച്ചു. പെൺപിള്ളേർ മൂന്നു പേരും മനസ്സമ്മതത്തിനും കല്യാണത്തിനും ഉടുക്കേണ്ട തുണിമണികളെ പറ്റിയുള്ള ചർച്ചകൾക്കു ഔദ്യോഗികമായി തുടക്കം കുറിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തുരു തുരാ വാട്സാപ് മെസ്സേജുകളും വോയിസ് നോട്ടുകളും പറത്തി. അങ്ങനെ കളത്തിപ്പറമ്പിൽ വീട് നാളുകൾക്കു ശേഷം ആകെയൊന്നുണർന്നു. കാര്യങ്ങളൊക്കെ ശടപടാന്നു മുന്നോട്ട് പോയി. അമേരിക്കക്കാരിക്ക് ലീവ് കിട്ടുന്ന സൗകര്യം പ്രമാണിച്ചു രണ്ടു മാസം തള്ളി , രണ്ടായിരത്തി ഇരുപത് മാർച്ച് എട്ട് ഞായറാഴ്ച മനസ്സമ്മതവും, മാർച്ച് പതിനെട്ട് ശനിയാഴ്ച കല്യാണവും നിശ്ചയിച്ചു. ഉർവ്വശീ ശാപം ഉപകാരം എന്നു പറഞ്ഞമാതിരി രണ്ടു മാസം പിള്ളേർക്ക് ഫോണിൽ കൂടി വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാം എന്ന മെച്ചവുമുണ്ട്.


ബോണി, മൂത്ത ചേച്ചിമാരായ ബെറ്റി, ബബിത പിന്നെ ഡയാന എന്ന കല്യാണ പെണ്ണ്, ഇത്രയും പേരെ ചേർത്ത് ബിൻസി വാട്സാപ്പിൽ ഒരു കല്യാണ സഹായ ഗ്രൂപ്പ് ഉണ്ടാക്കുകയും അതിൻ്റെ കാര്യക്കാരിയായി സ്വയം അവരോധിക്കുകയും ചെയ്തു. ഭർത്താക്കന്മാർ ഒറ്റയെണ്ണത്തിനെയും ഗ്രൂപ്പിന്റ്റെ പടി കയറ്റരുതെന്നു ആദ്യമേ തീരുമാനിച്ചിരുന്നത് കൊണ്ട് ജോസഫ് , പോൾ, ബിനീഷ് എന്നീ ഭർത്രു ശിങ്കങ്ങൾ മനഃപ്രയാസപ്പെട്ട് കേരളാ കോൺഗ്രസിന്റെ പല ഗ്രൂപ്പുകളിലായി ചാടിക്കളിച്ച് താത്കാലിക ആശ്വാസം കണ്ടെത്തി.


മനസമ്മതത്തിനായി ഡോക്ടർ ബോണി രണ്ടായിരത്തി ഇരുപത് മാർച്ച് ആറ് വെള്ളിയാഴ്ച വൈകുന്നേരം രണ്ടാഴ്ച്ചത്തെ അവധിയുമായി നെടുമ്പാശേരിയിൽ പറന്നിറങ്ങി. അനിയൻ കുഞ്ഞുമെത്തിയതോടു കൂടി പെൺപിള്ളേരും ഭർത്താക്കന്മാരും കൊച്ചുങ്ങളും ബന്ധുക്കളുമൊക്കെയായി തറവാടാകെയൊന്നു പുഷ്പിച്ചു. ബിൻസിയുടെ കെട്ട് കഴിഞ്ഞതിൽ പിന്നെ കുറേ നാളുകൾ കൂടിയാണ് കളത്തിൽ പറമ്പിലെ വീട്ടിൽ ഇതുപോലെ അല്പം ആളനക്കം ഉണ്ടാവുന്നത്. വൈകിട്ട് അത്താഴം കഴിക്കുന്നതിനിടയിൽ രണ്ടാമത്തെ മരുമകൻ, കൊറോണയെന്ന പേരിലോരു ജ്വരം വിദേശ രാജ്യങ്ങളിൽ പടരുന്നതായി വാർത്തയുണ്ടല്ലോ എന്ന് ആശങ്ക പ്രകടിപ്പിക്കുകയും അമ്മായി അപ്പന് നേർക്ക് ചോദ്യഭാവത്തിൽ നോക്കുകയും ചെയ്‌തു. 


തത്സമയം നാടൻ കോഴിയെ പിച്ചി നോവിച്ചുകൊണ്ട് ബോണി,


"നേരാ ചാച്ചാ ഇത് ചൈനേന്നുള്ള ഒരു വൈറസാ, അവിടെ കുറേ എണ്ണം ചത്തെന്നാ കേട്ടത്" എന്ന് പ്രസ്തുത വിഷയത്തിലെ തൻ്റെ പാണ്ഡിത്യം അഭിമാനത്തോടെ വിളമ്പി.


"ഓ ചൈനേലും പെനാങ്കിലുമൊക്കെകാണുമാരിക്കും, അതൊന്നും ഈ കോട്ടയത്തും ചിങ്ങവനത്തുമൊന്നും ചെലവാകത്തില്ല അല്ലേലും കമ്മ്യൂണിസോം പറഞ്ഞോണ്ടിരിക്കുന്ന ചൈനെലോക്കെ ഇതുക്കൂട്ടൊക്കെ വന്നില്ലേലെ അതിശയമുള്ളൂ. കർത്താവ് തമ്പുരാൻ എല്ലാം കാണുന്നുണ്ടെന്നു മനസ്സിലായില്ലേ? അത്രേ ഒള്ളൂ"


വറീത് പുളിശ്ശേരിയും മീൻചാറും സമാസമം ചേർത്ത് ചോറ് കുഴച്ചു ഉരുളയാക്കുന്നതിനിടയിൽ അല്പം ശബ്ദമുയർത്തി പറഞ്ഞു.


കോറോണയെപ്പറ്റിയുള്ള ചർച്ചകൾക്ക് അതോടെ താത്കാലിക വിരാമമാകുകയും. ശേഷം സകലരും മുന്നിൽ വിളമ്പിയിരിക്കുന്ന വറ പൊരികൾക്കു മേൽ കടിച്ചുപറി, മാന്തിപ്പൊളി, പിച്ചിപ്പറി തുടങ്ങിയ സൃഷ്ടിപരമായ പ്രവൃർത്തികളിൽ ഏർപ്പെടുകയും ചെയ്തു.


ഞായറാഴ്ച മനസമ്മതം പൊടിപൊടിച്ചു. കരിമീനും, താറാവിറച്ചിയും, പോത്തുലർത്തിയതും മൂക്കുമുട്ടെ തട്ടി വീട്ടുകാരും, വിരുന്നുകാരുമൊക്കെ വീർത്ത വയറുകളുമായി കൊതിയും നുണയും ആവോളം പറഞ്ഞു പിരിഞ്ഞു. കല്യാണത്തിന് രണ്ട് മൂന്ന് ദിവസം മുൻപേ എത്താമെന്ന ധാരണയിൽ പെൺപിള്ളേരും, കെട്ടിയവന്മാരും, കുട്ടികളും രാത്രിയോടെ സ്‌ഥലം കാലിയാക്കി. 


എന്നാൽ കഷ്ടകാലം പിടിച്ചവൻ തല മൊട്ടയടിച്ചപ്പോൾ കല്ലുമഴ പെയ്തു എന്ന് പറഞ്ഞമാതിരി.

 

 “കൊറോണ കോട്ടയം തൊടുകേല!” എന്ന വറീത് വചനം കാറ്റിൽ പറത്തി താമസം വിനാ കോട്ടയവും ചിങ്ങവനവും പനിച്ചു വിറച്ച് ഐ സി യു വാർഡുകളിലേക്കു ചുരുങ്ങി. കൂനിന്മേൽ കുരു പോലെ, പതിനാലാം തീയതി രാത്രി പ്രധാനമന്ത്രി ഇന്ത്യാ മഹാരാജ്യം ഒട്ടാകെ അടച്ചു പൂട്ടി സീലും വച്ചു. അങ്ങനെ ഡോക്ടർ ബോണിയുടെ മനസമ്മതം തത്കാലം ആവിയായി ചിങ്ങവനത്തിന്ടെ അന്തരീക്ഷത്തിൽ ലയിച്ചു.


"മുടിഞ്ഞു പോവാൻ! ഈ ചൈനാക്കാരും, അവന്മാരുടെ കമ്മ്യൂണിസവും കാരണം എൻ്റെ കൊച്ചന്റെ കെട്ടും മുടങ്ങി! കർത്താവേ നീ ഈ നാറികളുടെ തലേൽ നീ തീമഴ പെയ്യിക്കണേ" വറീത് വരാന്തയിലെ ചാര് കസേരയിൽ കിടന്ന് കഠിനമായ് പ്രാകുകയും ആത്മാർത്ഥമായി പ്രാർഥിക്കുകയും ചെയ്തു. ചൈനയിലെ കമ്മ്യൂണിസം എങ്ങനെയാണ് അനിയൻ കുഞ്ഞിൻറെ കല്യാണം മുടക്കിയതെന്നു ആരും ചോദിച്ചുമില്ല കാർന്നോരൊട്ടു വിശദീകരിച്ചുമില്ല.


കല്യാണമോ മുടങ്ങി കൊറോണായതു കൊണ്ട് പണിയെടുക്കാതെ കുറച്ചു നാളെങ്കിലും വീട്ടിലിരിക്കാമെന്നു വച്ചപ്പോഴാണ് അശനിപാതം പോലെ ഓൺലൈൻ ക്ലാസ്സിനെപറ്റിയുള്ള ഇമെയിൽ ബോണിയുടെ ഇൻബോക്സിൽ പറന്നിറങ്ങിയത്. പോരാത്തതിന് ഓൺലൈനിൽ എങ്ങനെ പഠിപ്പിക്കാം എന്ന വിഷയത്തെ അധികരിച്ചു  എറിഞ്ഞു തൂറ്റുന്ന മാതിരി ട്രെയിനിങ് ക്ലാസ്സുകളും.


ഡോക്ടർ ബോണി പനിയില്ലാതെ തന്നെ മുറിയടച്ചിരുന്നു വിറഞ്ഞു തുള്ളി. മാവോ സേതുങ്ങിൽ തുടങ്ങി ഷി ജിങ് പിൻ വരെയുള്ള ചൈനീസ് നേതാക്കളെ ആദ്യം തെറിയഭിഷേകം നടത്തി. തുടർന്ന് ചില്ലു മാളികയുടെ വൈസ് ചാൻസിലർ, രജിസ്ട്രാർ, പി വി സി, കൺട്രോളർ ഓഫ് എ ക്സാമിനേഷൻ, അക്കാഡമിക് ഡീൻ തുടങ്ങിയവരുടെ തന്തയ്ക്കും വിളിച്ചു. ഒക്കെ കഴിഞ്ഞു അലമാരയിൽ നിന്നും ജോണി വാക്കറെ പുറത്തെടുത്ത് രണ്ടു പെഗ് മടമടാന്ന് വലിച്ചു കേറ്റി .


അന്ന് രാത്രി മാവോ സെ തുങ്ങ് , ഡെങ് സിയാവോ പിംഗ് ,ഹു ജിന്റാവൊ, ഷി ജിങ് പിംഗ് എന്നീ നാലുപേർ കളത്തിൽ പറമ്പിലെ ഗേറ്റ് തള്ളിത്തുറന്നു ഉമ്മറത്തേക്ക് വന്നു.


“വറീത് മാപ്പിളെ കതക് തുറക്ക്. ഞങ്ങക്ക് ചിലത് സംസാരിക്കാനുണ്ട്”


കതകിൽ മുട്ടിക്കൊണ്ടു ഷി ജിങ്‌ പറഞ്ഞു. ഏറെ നേരത്തെ മുട്ടലിനൊടുവിൽ ഉറക്കച്ചടവോടെ മുണ്ട് നെഞ്ചോളം കേറ്റിക്കുത്തിക്കൊണ്ടു വറീത് കതക് തുറന്നു.


“ആരാടാ അത്”? കോട്ടുവായിട്ടുകൊണ്ടു അയാൾ ഉറക്കെ ചോദിച്ചു.


“ഞങ്ങളാ മാപ്ളേ, ചൈനേന്ന് വരുവാ”. ഡെങ് സിയാവോ പറഞ്ഞു.


“ഓഹോ, എന്നതാ കാര്യം”?കാരണവർക്ക് ഉറക്കം മുറിഞ്ഞതിലുള്ള നീരസം പ്രകടമായിരുന്നു.


“വറീച്ചായാ ബോണിക്കൊച്ചിന്റെ കല്യാണം മുടങ്ങിയതിൽ ചൈനയിൽ പരക്കെ വിഷമമുണ്ട്. പക്ഷെ കൊറോണ പരത്തിയത് ഞങ്ങളല്ല. ഞങ്ങൾക്കതിൽ ഒരു പങ്കുമില്ല. ഒക്കെ സാമ്രാജ്യത്ത മൂരാച്ചികൾ പടച്ചു വിടുന്ന കള്ളക്കഥകളാണ് ഒന്നും വിശ്വസിക്കരുത്”. ഷി ജിൻ കൈ കൂപ്പിക്കൊണ്ട്പറഞ്ഞു.


“ഓ ഒരില്ലാ കഥേമല്ലാ, ഒക്കെ എനിക്കറിയാമെടാ മാക്കാന്മാരെ, നിങ്ങളു് കമ്മ്യൂണിസ്റ്റ്കാര് ഇതല്ല ഇതിനപ്പറത്തെ നെറികേട് കാണിക്കും. അതുകൊണ്ടു നിന്ന് വാചകമടിക്കാതെ സ്ഥലം വിട്”. മൂപ്പീന്ന് അരിശത്തോടെ പറഞ്ഞു


“അല്ല വറീച്ചായാ, എന്തായാലും ഇത്രേടം വന്നതല്ലേ ശകലം എല്ലും കപ്പേം കഴിച്ചിട്ട് ഒന്ന് റസ്റ്റ് എടുത്തിട്ട് നാളെപ്പോയപ്പോരേ? പോരാത്തതിന് കോമ്രേഡ് ബോണിയെ കണ്ടതുമില്ല”.


ഹു ജിന്റാവോ തലചൊറിഞ്ഞു


“കോമ്രേഡോ? അവൻ്റെ പേര് ബോണി വർഗീസെന്നാ ഇല്ലേൽ മാമ്മോദിസാ പേരുണ്ട് ഉലഹന്നാൻ വർഗീസ്, അതുമല്ലേല് അണിയൻകുഞ്ഞെന്നു വിളിച്ചോണം. അല്ല, എൻ്റെ കൊച്ചനെ കോമ്രേഡ്ന്നു വിളിച്ച നിന്നേ ഒക്കെ ഇനി എല്ലും കപ്പേം തീറ്റിക്കാഞ്ഞിട്ട് എനിക്ക് കട്ടക്കഴപ്പല്ലേ. ഇപ്പൊ എറങ്ങിക്കോണം എൻ്റെ വീട്ടീന്ന്. ഇല്ലെ നെരത്തി എല്ലാത്തിനേം ഒലക്കക്കടിക്കും ഞാൻ, പറഞ്ഞേക്കാം”. മാപ്ല ചീറി. 


പിന്നെ മുറ്റത്ത് നിൽക്കുന്ന മൂവാണ്ടൻ മാവേലേക്കു നോക്കി,


“ആരാടാ അവിടെ മാവേ കേറിയിരിക്കുന്നെ ? ഇങ്ങോട്ടെറങ്ങടാ, അല്ലെൽ ഞാനങ്ങോട്ടു വരും ”


“അയ്യോ വറീച്ചായ അത് ഞങ്ങടെ താത്വികാചാര്യനാണ് മാവോ സെ തുങ്” . ഡെങ് സിയാവോ രംഗം ശാന്തമാക്കാൻ ശ്രമിച്ചു.


“ഏതു തൂങ്ങനായാലും കൊള്ളാം മാവേക്കെടെന്ന് തൂങ്ങിയാല് എൻ്റെ തനിക്കോണം കാണും. എടീ അന്നമോ, അടുക്കളെന്നു ആ ഒലക്ക ഇങ്ങെടുത്തേ. ആ മാവേക്കേടെന്നു തൂങ്ങുന്നവൻ മാമ്പൂ മുഴുവൻ കുലുക്കി കളയും. ഇവന്മാരോടൊക്കെ ഇനി സംസാരിച്ചിട്ട് കാര്യമില്ല. പൊറം നോക്കി പെരുക്കിയെങ്കിലേ പഠിക്കൂ”


 അകത്തേക്ക് നോക്കി അയാൾ അലറി


കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് കണ്ട് മാവേൽ കിടന്നു തൂങ്ങിക്കൊണ്ടിരുന്ന മാവോയേം പിടിച്ചിറക്കി ചീനന്മാർ പുറത്തേക്കോടി. ആദ്യം കിട്ടിയ സൂപ്പർഫാസ്റ്റിൽ കയറി കോട്ടയെത്തേക്കു രക്ഷപെട്ടു.


എല്ലാം കണ്ടും കേട്ടും മുകളിലത്തെ മുറിയിൽ കിടന്നു അനിയൻ കുഞ്ഞു കുലുങ്ങി കുലുങ്ങി ചിരിച്ചു.


"അവന്മാർക്ക് അങ്ങനെ തന്നെ വരണം. എൻ്റെ കല്യാണം മുടക്കിയ എരപ്പകൾ"


എങ്കിലും സത്യം പറഞ്ഞാൽ കോമ്രേഡ് ബോണിയെന്നു വിളിച്ചത് ടിയാന് ശകലം ഇഷ്ടപ്പെടാതിരുന്നില്ലതാനും.


"കോമ്രേഡ് ബോണി വർഗീസ് ! കൊള്ളാം ഒരു എടുപ്പോക്കെയുണ്ട് കോമ്രേഡ് ചെഗുവേര എന്നോക്കെ പറയുന്ന പോലെ" ബോണിയുടെ മുഖത്തൊരു ഗൂഢ സ്മിതം വിരിഞ്ഞത് കണ്ട് മേശപ്പുറത്തിരുന്ന ജോണി വാക്കർ വടിയും ചുഴറ്റി അർഥം വച്ച് ചിരിച്ചു.


മറ്റെല്ലായിടത്തെയും പോലെ ചിങ്ങവനത്തും വീണ്ടും സൂര്യനുദിച്ചു. സൂര്യഭഗവാൻ അല്പമൊന്നു മേലേക്ക് കയറിയപ്പോൾ ഡോക്ടർ ബോണി മുറിയിലേക്ക് കയറി. ആദ്യ അര മണിക്കൂറിലെ ബാലാരിഷ്ടതകൾ ഒഴിച്ച് നിർത്തിയാൽ ഓൺലൈൻ ക്ലാസുകൾ മുറപോലെ നടന്നു. സൂര്യഭഗവാൻ വേറെ പണിയൊന്നുമില്ലാത്തതു കൊണ്ട് അല്പം കൂടി മേല്പോട്ടു കയറി ഇരിപ്പായി. ബോണി മൂന്നാമതെത്തും ആ ദിവസത്തെ തൻറെ അവസാനത്തേതുമായ കോർപ്പറേറ്റ് ഫിനാൻസ് ക്ലാസ്സിൽ ഹാജരെടുക്കുമ്പോഴാണ് അത് സംഭവിച്ചത്. ലോഹം ലോഹത്തിൽ മുട്ടുമ്പോഴുള്ള അസുഖകരമായ സ്വരം. തുടർച്ചയായ തട്ടും മുട്ടും . അൽപ സമയം കഴിഞ്ഞില്ല ഡ്രില്ലിന്റെ തുളഞ്ഞു കയറുന്ന ശബ്ദം ബോണിയുടെ കമ്പ്യൂട്ടറിന്റെ മൈക്രോഫോണിൽ കൂടി കമ്പിയില്ലാ കമ്പിയായി ഇന്ത്യാ മഹാരാജ്യത്തിൻറെ നാനാ ദിക്കിലേക്കും പ്രസരിച്ചു. ഈർഷ്യയോടെ അയാൾ എഴുന്നേറ്റു ചെന്ന് പുറത്തേക്കുള്ള ജനൽ കൊട്ടിയടച്ചു.


അന്നത്തെ ക്ലാസ് കഴിഞ്ഞു മുഖം കറപ്പിച്ചു കൊണ്ടാണ് ശ്രീമാൻ അടുക്കളയിലേക്ക് വന്നത്.


“ഇതെന്നാ കോപ്പിലെ പരിപാടിയാ അമ്മച്ചീ? എവിടുന്നാ ഈ സൗണ്ട് വരുന്നത്? മനുഷ്യന് ചെവിതല കേക്കണ്ടല്ലോ!ഇങ്ങനാണേൽ ഞാനെങ്ങനെ പിള്ളേർക്ക് ക്ലാസ് എടുക്കും? 


“സൗണ്ടോ? ഓ, എടാ അനിയൻകുഞ്ഞെ അത് നമ്മടെ കൊല്ലൻ പറമ്പിലെ സദാനന്ദന്ടവിടുന്നാണ്”. അരി കഴുകുന്നതിനടയിൽ അന്നമ്മ പറഞ്ഞു


“സദാനന്ദനോ അവൻ ഗൾഫിലെങ്ങാണ്ടല്ലാരുന്നോ? ഫ്ലാസ്കിൽ നിന്ന്‌ കട്ടൻ കാപ്പി ഗ്ലാസ്സിലേക്കു പകർന്നുകൊണ്ട് ബോണി ചോദിച്ചു


“ഓ, അതൊക്കെ കളഞ്ഞേച്ചു അവൻ തിരിച്ചു പോന്നു. ഇപ്പൊ കുറച്ചായി നാഗമ്പടത്തുള്ള ഏതാണ്ടൊ ഒരു വർഷോപ്പിൽ പോകുവാരുന്നു. അവിടുന്ന് വഴക്കൊണ്ടാക്കി പോന്നതിൽ പിന്നെ വീട്ടിൽ ഒരു ചെറിയ വർഷോപ് തട്ടിക്കൂട്ടി എന്തോ അല്ലറ ചില്ലറ പണിയൊക്കെ ചെയ്യുവാണ്. നീ ഇവിടെങ്ങും ഇല്ലാത്തതു കൊണ്ടാ ഒന്നും അറിയാത്തത്”.


പള്ളീലേക്കല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത അന്നമ്മയ്ക്കു പക്ഷേ നാട്ടിൽ നടക്കുന്ന ന്യൂസൊക്കെ കൃത്യമായ് കിട്ടിക്കൊണ്ടിരിക്കും. അവരുടെ ഫേസ്ബുക്കും , വാട്സാപ്പും, എക്സും, വയ്യും ഇസെഡുമെല്ലാം തൊട്ടയല്പക്കത്തു താമസിക്കുന്ന ജാനകിയാണ്. ജാനകിക്കും അന്നമ്മയ്ക്കും ഏതാണ്ട് ഒരേ പ്രായമാണ്. ശരിക്കും അവർക്ക് അന്നമ്മയെക്കാൾ അല്പം മൂപ്പു കൂടുതലുണ്ടെങ്കിലേ ഉള്ളു. എങ്കിലും ജാനകി അന്നമ്മയെ ‘അന്നമ്മച്ചീ’ എന്നും തിരിച്ച് അന്നമ്മ ‘എടീ ജാനമ്മേ’ എന്നും വിളിച്ചു പോന്നു. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്ന തത്വശാസ്ത്രത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ജാനകിയുടെ ഭർത്താവ്‌ വേലായുധൻ സ്‌ഥലത്തെ അംഗീകൃത കൊള്ളപ്പലിശക്കാരനും, കറകളഞ്ഞ വലതുപക്ഷ വിശ്വാസിയും ആയിരുന്നു. ദമ്പതികളുടെ ഏക മകൻ ജിതിൻ, ബോണിയുടെ കളിത്തോഴൻ, സഹപാഠി, ലൈംഗിക ചാറ്റ് ജിപിറ്റി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം കാഴ്ച വച്ച്, നിലവിൽ ഗൾഫിൽ കുറ്റിയടിച്ചിരിക്കുകയാണ്.

 

കുക്കറിൽ വാഷർ ഇട്ടുകൊണ്ട് അന്നമ്മ തുടർന്നു,


“ആ സദാനന്ദൻ ചെറുക്കൻ ഒരു വഴക്കാളിയാന്നേ. എവിടെ ചെന്നാലും ആരേലുമൊക്കെയായിട്ട് വഴക്കിടും. പിന്നെ കൂട്ടത്തിൽ കള്ളു കൂടീം ഉണ്ട്. കുടിച്ചു കഴിഞ്ഞാൽ, അപ്പറത്തു താമസിക്കുന്ന അളിയൻ ചെറുക്കനെ ചെന്ന് തെറിവിളിയോട് തെറിവിളിയാണ്. ഒന്നുമില്ലേലും അവൻ്റെ പെങ്ങളെ പോറ്റുന്നവനല്ലേ ആ ചെറുക്കൻ! ഒരിക്കെ ഈ സദാനന്ദൻ വെട്ടുകത്തിയുമെടുത്തു ആ കൊച്ചനെ വെട്ടാൻ ചെന്നെതാ. പിന്നെ വാർഡ് മെമ്പർ പിള്ള സാറൊക്കെ ചേർന്നാ പിടിച്ചു മാറ്റിയത്. ഒരു സമയത്തു ഏതു നേരോം അടീം വഴക്കുമാരുന്നു രണ്ടും കൂടെ. പിന്നെ ഈയിടെയായി കുറച്ചു സമാധാനമുണ്ട്. ഇതൊക്കെ പറഞ്ഞാലും ആ അളിയൻ ചെറുക്കൻ റെജി നല്ല പയ്യനാ കേട്ടോ. എന്താവശ്യത്തിനു വിളിച്ചാലും ഓടി വരും. അവൻറെ കെട്യോള് അമ്പിളി ആണേലും മിടുക്കിയാണ്. അവള് അത്യാവശ്യം തയ്ച്ചു സമ്പാദിക്കുന്നുണ്ട്, എന്റെ ബ്ലൗസോക്കേ തയ്‌ക്കാൻ കൊടുത്താ ഒറ്റ ദിവസം കൊണ്ട് തുന്നി തിരിച്ചു തരും. പിന്നെ ഈ ആങ്ങള ചെറുക്കനെ കൊണ്ടുള്ള ഒരു മനഃപ്രയാസമേ അതുങ്ങൾക്കുള്ളൂ”.


തെല്ലിട നിർത്തിയിട്ട്,


“ഇപ്പൊ കുറച്ചായി ആ വർഷോപ്പും നോക്കി നടത്തി തരക്കേടില്ലാതെ പോവുന്നുണ്ട്. അങ്ങനങ്ങു പോയാ മതിയാരുന്നു കർത്താവേ. അയലോക്കംകാർക്കൊക്കെ സമാധാനമായി കിടന്നുറങ്ങാമായിരുന്നു”.


അന്നമ്മ പറഞ്ഞു നിർത്തിയതും പ്രഷർ കുക്കർ 'വാചകമടിച്ചതു മതി തള്ളെ, അരി വെന്തു,' എന്ന് പറയുന്നതുമാതിരി നീട്ടി ചീറ്റി.


തട്ടും മുട്ടും തുടർന്നുള്ള ദിവസങ്ങളിലും ഒരു ശല്യമായി ബോണിയുടെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു. പിള്ളേർക്ക് ക്ലാസ്സ് എടുക്കാനിരുന്നാൽ ശബ്ദം. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞൊന്നു കണ്ണടച്ചാൽ ശബ്ദം. ശബ്ദ വീചികൾ അവന്റെ തലച്ചോറിൻറെ അടരുകളിലേക്കു സൂചിമുന പോലെ ആഴ്ന്നിറങ്ങി . അമ്മച്ചിയോടു പരാതി പറഞ്ഞപ്പോൾ


"ഞാനെന്നാ ചെയ്യാനാ കുഞ്ഞെ? നീ ചെന്ന് ചാച്ചനോട് പറ അങ്ങേരു പറഞ്ഞാ ചിലപ്പൊ അവൻ കേക്കുവാരിക്കും" എന്ന് പറഞ്ഞു നിസ്സഹായതയോടെ കൈമലർത്തി.


ചാരുകസേരയിൽ കിടന്ന് പരാതി ശ്രദ്ധയോടെ കേട്ടശേഷം, തന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന പുത്രന് നേർക്ക് വറീത് ചോദ്യമെറിഞ്ഞു.


"അപ്പൊ ഞാൻ ചെന്ന് സദാനന്ദനോട് പറയണം, എടാ കൊച്ചേ നിന്റെ തട്ടും മുട്ടും ഇന്നത്തോടെ നിർത്തിക്കോണം, എന്റെ ചെറുക്കന് ഇവിടിരിക്കപ്പൊറുതി കിട്ടുന്നില്ല എന്ന്. അല്ലെ? "


അതേയെന്ന അർഥത്തിൽ ബോണി തലകുലുക്കി


ചാരുകസേരയിൽ നിന്നും അൽപ്പം മുന്നോട്ടാഞ്ഞു മാപ്ല ചൊടിച്ചു,


“എന്നിട്ട് വേണം അവന്റെ വായിലിരിക്കുന്നതു മുഴുവൻ ഞാൻ കേൾക്കാൻ. അല്ലെങ്കിലേ രാവിലെ എണീറ്റ് ആരെ തെറിപറയുമെന്നു ആലോചിച്ചു നടക്കുന്നവനാ അവൻ. എന്നെക്കൊണ്ടൊന്നും പറ്റുകേല. നിന്റെ ആവശ്യമല്ലേ? വേണേൽ നീ ചെന്ന് പറ”.


വറീത് കൈയ്യിലിരുന്ന ദീപിക പത്രത്തിലേക്ക് വീണ്ടും മുങ്ങിത്താണു.


ബോണി നിരാശനായി. ഇങ്ങനാണേൽ ഞാൻ ബോംബേക്കു തിരിച്ചു പോകുവാ. വാട്ട് എ യൂസെലെസ്സ് പ്ലേസ് ആൻഡ് ഇഡിയോട്ടിക് പീപ്പിൾ! തിരികെ മുറിയിലേക്കു കോണിപ്പടി കയറുന്നതിനിടയിൽ അവൻ മറ്റുള്ളവർ കേൾക്കാൻ പാകത്തിൽ ആത്മഗതം ചെയ്തു.


കളത്തിൽ പറമ്പിലെ പയ്യൻ എന്ന ഒരു പരിഗണന സദാനന്ദനിൽ നിന്നും കിട്ടിയിരുന്നെങ്കിലും ചെറുപ്പത്തിലേ തന്നെ ബോണിക്ക് അയാളെ അല്പം ഭയമായിരുന്നു. അതുകൊണ്ടു തന്നെ നേരിട്ടൊരു ഏറ്റുമുട്ടൽ പ്രായോഗികമല്ല. പിന്നെന്താണൊരു വഴി? അനിയന്കുഞ്ഞിന്റെ തല രാവും പകലും പുകഞ്ഞു. ഇനി കൊട്ടേഷൻ കൊടുക്കാമെന്നു വച്ചാൽ, കൊള്ളാവുന്ന ഒരു ഗുണ്ടയുടെയും നമ്പർ തൻറെ കൈയ്യിൽ ഇല്ല. അളിയന്മാരോട് ചോദിക്കാമെന്നാണെങ്കിൽ വീട്ടിൽ മുഴുവൻ പാട്ടാവും. അല്ല അഥവാ ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ തന്നെ, ഈ ലോക്ക് ഡൌൺ കാലത്തു ആര് വരാനാണ്?


ആലോചിച്ചു ആലോചിച്ചു ഒടുവിൽ ഒരു വഴി പറഞ്ഞു കൊടുത്തത് ജോണി വാക്കറാണ് . ചെറുക്കൻ വിഷണ്ണനായി ഇരിക്കുന്നത് കണ്ട് വാക്കർ ചോദിച്ചു.


“എന്നാടാ കൊച്ചെ നീ വെഷമിച്ചിരിക്കുന്നെ?”


ബോണി, തലയുയർത്തി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല


“അല്ല നീ ഇങ്ങനെ മിണ്ടാതിരുന്നാലെങ്ങനാ?”


പിന്നെ കൈയ്യിലിരുന്ന വടി വായുവിൽ രണ്ടു തവണ കറക്കി വാക്കർ പറഞ്ഞു


“ദേ നോക്കിയേ ഈ ജോണിച്ചായൻ സർവ്വജ്ഞാനിയാകുന്നു! അതുകൊണ്ടു ഞാൻ പറയുന്നു, നിന്നെ അലട്ടുന്നതെന്താണോ അത് നീ കരസ്ഥമാക്കുക, നിന്റെ പീഡകൾക്ക് അതോടെ അറുതി വരുന്നതാണ് ”


വീണ്ടും ഒരു തവണ കൂടി വടി ചുഴറ്റിയതിനു ശേഷം നിശബ്ദനായി ജ്ഞാനിച്ചായൻ കുപ്പിയിലേക്ക് മടങ്ങി പടമായി.


‘നിന്നെ അലട്ടുന്നതെന്തോ അത് നീ കരസ്ഥമാക്കുക’. കട്ടിലിൽ മലർന്ന് കിടന്നു കൊണ്ട് ബോണി രണ്ടു മൂന്നു വട്ടം ജോണി വാക്കർ സൂക്തം മനസ്സിലുരുവിട്ടു.


എന്താണ് എന്നെ അലട്ടുന്നത്? ശബ്ദം! എവിടുന്നാണ് അത് വരുന്നത്? സദാനന്ദന്റെ വർക്ക് ഷോപ്പിൽ നിന്നും. അപ്പൊ വർക്ക് ഷോപ്പ് കരസ്ഥമാക്കണമെന്നാണോ ? ബോണി ചിന്താക്കുഴപ്പത്തിലായി.


നല്ല ദാഹം, എഴുന്നേറ്റു സമയം നോക്കി പുലർച്ചെ രണ്ടേമുക്കാലായിട്ടുണ്ട്.


“എന്തായാലും സദാന്ദന്റെ വർക്ക് ഷോപ്പ് വരെ ഒന്ന് പോയി നോക്ക്” ബോണിയുടെ ആത്മാവിൻറെ രണ്ടറ്റവും കൂട്ടിക്കെട്ടി തൊട്ടിലുണ്ടാക്കി, അതിലിരുന്ന് ജോണി മുരണ്ടു.


 പിന്നെ അമാന്തിച്ചില്ല. ചിങ്ങവനത്തെ പൗരന്മാരായ പൗരന്മാരൊക്കെ, കനത്ത ഇരുട്ട് തലവഴി മൂടി, കൂർക്കം വലിച്ചും, അധോവായു വിട്ടും, ഈത്ത ഒലിപ്പിച്ചും നിഷ്കളങ്കരായി നിദ്രയിലാണ്ട്‌ കിടന്ന ആ രാത്രിയിൽ. അയാൾ പതിയെ വീടിനു പുറത്തിറങ്ങി.


കൂരിരുട്ടിൽ എങ്ങനെയൊക്കെയോ നടന്ന് സദാനന്ദന്റെ പറമ്പിൽ കയറി. മുന്നോട്ട് നടക്കും തോറും കാലുകൾക്ക് അൽപ്പം ബലക്ഷയം അനുഭവപ്പെടുന്നതുപോലെ. ഒടുവിൽ, വിറയ്ക്കുന്ന കൈകാലുകൾ ഏന്തി വലിച്ച് ലക്ഷ്യ സ്ഥാനത്തെത്തി. മൊബൈലിലെ ടോർച്ചു മിന്നിച്ച് വർക്ക്ക്ഷോപ്പ് ആകെ ഒന്ന് കണ്ണോടിച്ചു. തന്റെ സ്വസ്ഥത നശിപ്പിക്കാൻ കാരണഹേതുവായ കുറെ പണി സാധനങ്ങൾ! കൂട്ടത്തിൽ കണ്ണിൽ തറച്ച ഒരു ചുറ്റിക അവൻ കൈയ്യിലെടുത്തു. കൈപ്പിടിയിൽ കാലത്തിന്റെ തഴമ്പ് പതിഞ്ഞ ഒരു ഗംഭീരൻ ചുറ്റിക. കാണുന്നതിലും ഭാരമുണ്ട് .


“അപ്പൊ ഇത് വച്ചാണ് ഇവൻ എന്റെ ഉറക്കം കെടുത്തുന്നത്. എടാ സദാനന്ദാ നാളെ നീ എന്തോ വച്ച് പണിയുമെന്ന് എനിക്ക് കാണണം.”


 ബോണി ചുറ്റികയിൽ മുറുകെപ്പിടിച്ചുകൊണ്ട് മനസ്സിലോർത്തു. ചുറ്റികയും ഡ്രില്ലുമുൾപ്പടെ കണ്ണിൽ കണ്ട എല്ലാ പണി സാമഗ്രികളും അവിടുന്ന് കടത്തണമെന്നു ആലോചിച്ചു നിൽക്കുമ്പോഴാണ് പൊടുന്നനെ  അകത്തു നിന്ന് ഒരു പുരുഷന്റെ ഉഗ്രമായ ചുമ കേട്ടത്. സദാന്ദന്റെയും അച്ഛൻ ചെല്ലപ്പന്റെയും കൈകൾക്കു മാത്രം വഴങ്ങിയിരുന്ന ആ ചുറ്റിക, അപരിചിത കരസ്പര്ശമേറ്റതും തന്റെ യജമാനന് ആപത് സൂചന കൊടുത്തതാവാം. അതേ സമയത്തു അഥവാ അസമയത്ത്‌ അടുത്തെവിടെയോ ഒരു ശ്വാനൻ നിർത്താതെ കുരയ്ക്കാൻ തുടങ്ങി. ബോണി ഞെട്ടി, ബോണി നിന്ന് വിറച്ചു. ആത്മാവിൽ ഊഞ്ഞാലാടിയിരുന്ന ജോണിച്ചായൻ പിടിവിട്ട് നിലത്തു വീണ് ചത്തു. പിന്നെ മുൻപിൻ നോക്കാതെ ഒരു കുതിപ്പായിരുന്നു. പിന്നിൽ സദാനന്ദൻ പാഞ്ഞു വരുന്നുണ്ടെന്നു തോന്നി. വീട്ടിലെ അടുക്കള വാതിൽ തുറന്ന് ഉള്ളിൽ കയറിയപ്പോഴേക്കും ഹൃദയം പൊട്ടിത്തെറിക്കാറായിരുന്നു. ഒരു കൈകൊണ്ടു നെഞ്ചിൽ അമർത്തിപ്പിടിച്ചു കുറച്ചു നേരമെടുത്തു കിതപ്പാറ്റി, നോക്കുമ്പോൾ മറുകൈയ്യിൽ അപ്പോഴും ചുറ്റിക മുറുകെ പിടിച്ചിട്ടുണ്ട് !

 

പിറ്റേ ദിവസം സാധാരണയിലും താമസിച്ചാണ് അനിയൻകുഞ്ഞു ഉറക്കമെഴുന്നേറ്റത്. ഉറക്കത്തിലെപ്പഴോ ഒരു ആംബുലൻസ് ചീറിപ്പാഞ്ഞു വരുന്നത് സ്വപ്നം കണ്ടിരുന്നു. തലേന്നാളത്തെ സാഹസം കൊണ്ടാവണം എന്തെക്കെയോ ദുസ്വപ്നങ്ങൾ. പല്ലും തേച്ചു, കട്ടൻ കാപ്പികുടിക്കാൻ അടുക്കളയിൽ ചെന്നപ്പോഴുണ്ട് ജാനമ്മ ചേച്ചി കൊരണ്ടിപ്പലകയിൽ ഇരിക്കുന്നു. അവർ അന്നമ്മയോടു എന്തോ കാര്യമായി സംസാരിക്കുകയായിരുന്നു.കോറോണയൊക്കെ അവർക്കു പുല്ലാണ്, അതിനാൽ തന്നെ മാസ്ക് ധരിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല.



“അവനാള് നാറിയാണേലും,കുത്തുംകൊണ്ടു ചോരേമോലിപ്പിച്ചു കെടക്കുന്നതു കണ്ടപ്പോ, എൻറ്റെയ്‌മേ, അന്നമ്മച്ചീ, എനിക്കങ്ങു സങ്കടം വന്നു”.



പറഞ്ഞു നിർത്തിയപ്പോഴാണ്, ജാനകി ബോണിയെ കണ്ടത്.


“ആ അനിയൻ കുഞ്ഞെണീറ്റതെ ഉള്ളോ? ഇവിടെ നടന്ന പുകില് വല്ലോം അറിഞ്ഞോ”?


പുകിലൊ എന്ത് പുകില്? അവൻ കാപ്പി ഗ്ലാസ് ചുണ്ടോടു ചേർത്തു.


“ആ ബെസ്റ്റ്, രാവിലെ ആ സദാനന്ദൻ അവന്റെ ചുറ്റിക കട്ടോണ്ടു പോയെന്നും പറഞ്ഞു അളിയൻ ചെറുക്കനു ഉഗ്രൻ സ്റ്റണ്ട്. രണ്ടൂടെ ഉരുട്ടിപ്പിടിച്ചു, ഒടുക്കം ആ റെജി അവന്റെ പെണ്ണുമ്പിള്ള തയ്ക്കുന്ന കത്രികയെടുത്തു സദാനന്ദന്റെ പള്ളയ്ക്ക് കേറ്റി. പിന്നെ ആംബുലൻസും പോലീസുമൊക്കെ വന്നു. അവനിപ്പോ മെഡിക്കൽ കോളേജിൽ ഐസിയുവിലാ . സീരിയസ് ആണെന്നാ മെമ്പർ പറഞ്ഞെ. എന്റെ ഒരൂഹം വച്ച് മിക്കവാറും ഇന്ന് വൈകിട്ടാവുമ്പോഴേക്കും ആള് തീരാനാണ് സാധ്യത”.


ബോണിയുടെ തൊണ്ടക്കുഴി വഴി ഒഴുകിയിറങ്ങിയ കട്ടൻ കാപ്പി സഡൻ ബ്രേക്കിട്ടതുപോലെ ഇടയ്ക്കെവിടെയോ തട്ടി നിന്നു.



“നിന്റെയീ കരിനാക്ക് വച്ചൊന്നു ചുമ്മാതിരിക്കെടീ”. അന്നമ്മ ജാനകിയെ ശാസിച്ചു.


എന്നിട്ടു റെജിയെ ന്യായീകരിച്ചു. അത് പിന്നെ, ആ ചെറുക്കന്റെ തൊണ്ടയിൽ കയറി ഞെക്കിപ്പിടിച്ചാൽ എന്തോ ചെയ്യും? മരണവെപ്രാളത്തിൽ കൈയ്യിൽ കിട്ടിയതെടുത്തു പ്രയോഗിച്ചു. അല്ലേലുംആർക്കു വേണം അവന്റെയാ പഴഞ്ചൻ ചുറ്റിക? ചുമ്മാ ഓരോ പ്രാന്ത്.”


“പ്രാന്തിന്റെ കാര്യം പറഞ്ഞപ്പഴാ; ജാനകി ഇടയിൽ കയറി. അവനിയ്യെടെയായി, കഞ്ചാവും വലിക്കുന്നുണ്ടെന്നൊരു കരക്കമ്പിയുണ്ട്”


"കഞ്ചാവ്! ആ അപ്പൊ അത് തന്നെ, അതും വലിച്ചു കയറ്റി വേണ്ടാതീനത്തിനു പോയതാ " അന്നമ്മ അസന്നിഗ്ദ്ധമായി തീർപ്പ് കൽപ്പിച്ചു.



എന്നിട്ട് റെജി എവിടെ? ബോണി ഉത്കണ്ഠയോടെ ചോദിച്ചു.


“അതുകൊള്ളാം ഒരുത്തനെ കുത്തിക്കൊല്ലാറാക്കിയാൽ പിന്നെ, പോലീസുകാര് നോക്കിയിരിക്കുമോ”? അവനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തോണ്ട് പോയി. എന്നാലും ആ അമ്പിളിക്കൊച്ചിന്റെ കരച്ചില് കണ്ടു നിക്കാൻ മേലാരുന്നു. ഇവൻ ചത്താൽ, റെജിയെ തൂക്കിക്കൊല്ലാൻ വിധിക്കുമാരിക്കും ഇല്ലേ അന്നമ്മച്ചീ?”. ജാനകി താടിക്കു കൈകൊടുത്തുകൊണ്ടു ചോദ്യഭാവത്തിൽ അന്നമ്മയെ നോക്കി.


ബോണിയ്ക്കു ലേശം തലചുറ്റൽ അനുഭവപ്പെട്ടു. അടുക്കളയിലെ സംഭാഷണത്തിൽ നിന്നും അവൻ പതിയെ മുറിയിലേക്ക് വലിഞ്ഞു.


ദൈവമേ പോലീസ് കേസായല്ലോ, ഇനി പോലീസ് നായ വന്നു മണം പിടിച്ചാൽ നേരെ ഇങ്ങോട്ടാരിക്കും കേറി വരുന്നത് . അവൻ കട്ടിലിന്റെ വിരിപ്പ് പൊക്കി താഴേക്ക് നോക്കി, ചുറ്റിക ഭദ്രമായി ഇരിപ്പുണ്ട്. ഇതെവിടെക്കൊണ്ടു കളയും? കിണറ്റിലിട്ടാലോ? വേണ്ട ഗ്രഹപ്പിഴയ്ക്ക് അച്ചാച്ചനെങ്ങാനും കെണറ് തേവാൻ തോന്നിയാൽ പണിയാകും. പിന്നെ എവിടെക്കൊണ്ടു പൂഴ്ത്തും?കൂലങ്കഷമായ ആലോചനയ്‌ക്കൊടുവിൽ ബോംബെയിൽ നിന്ന് വന്നപ്പോ കൊണ്ടുവന്ന സൂട്കേസിനുള്ളിൽ ഒളിപ്പിക്കാൻ തീരുമാനിച്ചു. തിരിച്ചു പോവുമ്പോ ട്രെയിനിൽ പോവാം എന്നിട്ട് രാത്രിയിൽ ഏതെങ്കിലും പുഴയിലിടാം.അല്ലാതെ ഇവിടെ എങ്ങും സേഫല്ല. ബോണി മനസ്സിൽ കണക്ക് കൂട്ടി .


ദിവസങ്ങൾ കടന്നു പോയി.വർക്ക്‌ഷോപ് മൂകമായിരുന്നു. സദാനന്ദൻ അപകട നില തരണം ചെയ്തു. ബോണി ആശങ്കപ്പെട്ടതുപോലെ പോലീസും വന്നില്ല അവരുടെ നായയും വന്നില്ല. സദാനന്ദൻ എന്ന വിഷയം പതിയെ കടത്തിണ്ണയിൽ നിന്നും കലുങ്കിൽ നിന്നും കുടിയിറങ്ങിത്തുടങ്ങി.


എങ്കിലും ഇതിനിടയിൽ മറ്റൊരത്യാഹിതം പിണഞ്ഞു. സദാനന്ദന്റെ വിഷയം മനസ്സിലാശങ്കയായി, നീറിപ്പുകഞ്ഞിരുന്നത്, രാത്രി കാലങ്ങളിൽ അല്പം ജോണി വാക്കർ ഒഴിച്ച് കെടുത്തുന്ന പരിപാടിയുണ്ടായിരുന്നു അനിയൻ കുഞ്ഞിന്. അത്തരമൊരു രാത്രിയിൽ, പാതിരാത്രിക്കു വാട്സാപ് തുറന്ന് ഡയാനകോച്ചിന്റെ ഡിപി നോക്കി കുറച്ചു നേരം നിർവൃതി അടഞ്ഞു കിടന്നു. പിന്നെ തോന്നി ഒരു മെസ്സേജ് അയച്ചേക്കാമെന്ന്. അപ്പൊ നോക്കുമ്പോഴുണ്ട് രാത്രി ഒന്നരയ്ക്ക് കൊച്ച് ഓൺലൈനിൽ!


“വിളിച്ചു ചോദിക്കേടാ അവളെ. ഈ പാതിരാത്രിക്ക് അവളാരോടാ സൊള്ളുന്നതെന്നറിയാൻ കെട്ടാൻ പോണ നിനക്ക് അധികാരമുണ്ട്” ജോണിച്ചായൻ മുരണ്ടു.


അപ്പൊൾത്തന്നെ ഡയാനക്ക് ഫോൺ പോയി. കളത്തിപ്പറമ്പിലെ കാർമേഘങ്ങൾ വാരാപ്പുഴയ്ക്കുമേൽ ഉഗ്രമായി പെയ്തിറങ്ങി.


പിറ്റേന്ന് കാലത്തു കൃത്യം പത്തുമണിക്ക് വറീതിന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു.


മാപ്ല നെഞ്ചത്തടിച്ചു നിലവിളിച്ചു.


“പോയല്ലോ കർത്താവെ, ഇനി ഞാൻ നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും? ഈ നായിന്റെ മോൻ എല്ലാം കൊണ്ട് തൊലച്ചല്ലൊ”.



ബഹളം കേട്ട് ഓടി വന്ന അന്നമ്മയ്ക്കു കാര്യമന്വേഷിക്കുന്നതിനു മുൻപ് തന്നെ ബോണിയെ പെറ്റ വകയിൽ കണക്കിന് കിട്ടി.


“എന്റെ മനുഷ്യാ നിങ്ങള് കാര്യമെന്തെന്നു വച്ചാ തെളിച്ചു പറ” അന്നമ്മയ്ക്കു ചൊറിഞ്ഞു കയറി.


“എന്താണെന്നു നിന്റെ പുത്രനോട് ചെന്ന് ചോതീര്. ഇന്നലെ പാതിരാത്രിക്ക് ആ പെങ്കൊച്ചിനെ വിളിച്ചു ഏതാണ്ട്   വേണ്ടാതീനമൊക്കെ പറഞ്ഞേക്കുന്നു. അതാണേൽ, എനിക്കിനി ഈ ചെറുക്കനെ വേണ്ടായെന്നും പറഞ്ഞു കലിതുള്ളി നിക്കുവാണെന്ന്. അവടപ്പനെന്നെ ഇനി വിളിക്കാത്ത തെറിയൊന്നുമില്ല”. വറീത് നിന്ന് കിതച്ചു.


എല്ലാം കേട്ടുകൊണ്ട് മുറിയിലിരുന്ന ബോണി മേശപ്പുറത്തേക്ക് നോക്കി, ഒഴിഞ്ഞ കുപ്പിയുടെ നെഞ്ചിൽ ജോണി വാക്കർ വെറും പടമായി നിൽക്കുന്നുണ്ടായിരുന്നു. കലങ്ങി ചുവന്ന കണ്ണുകൾക്ക് മേൽ കണ്ണാടി ഫിറ്റ് ചെയ്ത് വാട്സാപ്പിൽ ഡയാനയുടെ അവസാനത്തെ മെസ്സേജ് തുറന്നു വായ്ച്ചു. “എവിടെപ്പോയി പഠിച്ചാലും എന്ത് ഡിഗ്രി എടുത്തെന്ന് പറഞ്ഞാലും ചിലരുടെ ഉള്ളിലുള്ള മൂരാച്ചി സ്വഭാവം മായ്ക്കാൻ കഴിയില്ല! ഗെറ്റ് ലോസ്റ്റ് യു മെയിൽ ഷോവനിസ്റ്റിക് പിഗ്” . 


ശവപ്പെട്ടിയിലെ അവസാനത്തെ ആണി ‘ഡയാന ലെഫ്ട് കല്യാണ സഹായ ഗ്രൂപ്പ്’ എന്ന നോട്ടിഫിക്കേഷന്റെ രൂപത്തിൽ അവന്റെ നെഞ്ചത്ത് ഊക്കിൽ തറച്ചു.


നാട്ടിലും വീട്ടിലും നിൽക്കക്കള്ളി ഇല്ലാതെ ആയതോടെ, അധികം താമസിയാതെ അവൻ കിട്ടിയ ട്രെയിനിൽ ബോംബയ്ക്കു തിരിച്ചു പോയി. അന്നമ്മ വേളാങ്കണ്ണി മാതാവിനെ കണക്കിന് ചീത്ത വിളിച്ചു. വറീത് നെഞ്ചും തടവി ചാരുകസേരയിൽ അട്ടം നോക്കി മലർന്നു കിടന്നു.


 കാര്യം സദാനന്ദന്റെ കുത്തു കേസ് പതിയെ നാട്ടുവർത്തമാനത്തിന്റെ ഉൾ പേജുകളിലേക്കു വലിഞ്ഞെങ്കിലും ബോണിക്ക് ഉൾഭയം പൂർണമായും വിട്ടിരുന്നില്ല. അത് കൊണ്ട് തന്നെ പണ്ട് പെട്ടിയിൽ വച്ച് പൂട്ടിയ ചുറ്റിക, ശീമാട്ടി-കോട്ടയം എന്നെഴുത്തുള്ള ഒരു പ്ലാസ്റ്റിക് കവറിൽ ഒന്ന് കൂടി ഭദ്രമായി പൊതിഞ്ഞു വച്ചു. രാത്രിയിൽ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ പുറത്തേക്കു വലിച്ചെറിയാം. ബുദ്ധിരാക്ഷസൻ ഉള്ളിൽ കണക്ക് കൂട്ടി. എന്നാൽ കണ്ടകശ്ശനി കളത്തിൽ പറമ്പുകാരുടെ തലയ്ക്കു മുകളിൽ കയറി കാബറെ കളിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, ചുറ്റിക കളയാൻ കണ്ണ് തുറന്നപ്പോൾ, നേരം പര പരാന്നു വെളുത്തിരുന്നു, ആൾക്കാരൊക്കെ എണീറ്റിരിക്കുന്നു. തലേ ദിവസം ബോറടി മാറ്റാൻ വൈറ്റ് റമ്മിൽ സെവൻ അപ്പ് ചേർത്ത മിശ്രിതം ആസ്വദിച്ച് നുകർന്നതിന്റെ പരിണിത ഫലം.


ട്രെയിൻ പദ്ധതി പാളിയെങ്കിലും ചുറ്റിക കളയാൻ പറ്റിയ ഒരിടം കാർ ഡ്രൈവ് ചെയ്യുമ്പോഴൊക്കെ ബോണി പരാതിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു സ്ഥലം കണ്ടെത്തി, കവറിൽ പൊതിഞ്ഞ ചുറ്റിക വലിച്ചെറിയാൻ തുടങ്ങുമ്പോഴാണ് മറ്റൊരാശയം തലച്ചോറിൽ മിന്നിയത്.


“അല്ലെങ്കിൽ എന്തിനാ ചുമ്മാ കളയുന്നത്, ആർക്കേലും കൊടുത്താൽ എന്തേലും കിട്ടത്തില്ലയോ? കിട്ടും, ഉറപ്പായും കിട്ടും, ഏതെങ്കിലും വർക്ക് ഷോപ്പ്കാരനോട് ചോദിക്കാം”. തൻ്റെ അമേരിക്കൻ ഫൈൻ ട്യൂൺഡ് തലച്ചോറിനെ പ്രതി അവന് ശകലം അഭിമാനമൊക്കെ തോന്നി.


ഒരിക്കൽ കനത്ത ട്രാഫിക്ക് മൂലം പതിവില്ലാത്ത അന്ധേരിയിൽ നിന്നും ആരെ കോളനി റോഡിലേക്ക് പോകുന്നതിനിടയിലാണ് താരതമ്യേന വിജനമായ ഒരിടത്തു് ചെറിയ ഒരു വർക് ഷോപ്പ് കണ്ണിൽപ്പെട്ടത്.


ബോണി കാർ അതിനടുത്തായി പാർക്ക് ചെയ്ത് പുറത്തിറങ്ങി. അല്പം കറുത്ത് കുടവയറുള്ള ഒരു മധ്യവയസ്‌കൻ ചോദ്യഭാവത്തിൽ മുഖമുയർത്തി നോക്കി. അയാളുടെ മാസ്ക് വായ്ക്ക് താഴെയായിരുന്നു.ഒരു ചുറ്റിക കൊടുക്കാനുണ്ടെന്നു പറഞ്ഞപ്പോൾ, ആദ്യം അത്ര താത്പര്യം കാണിച്ചില്ല. എങ്കിലും പ്ലാസ്റ്റിക് കവർ തുറന്ന് സാധനം പുറത്തെടുത്തു കണ്ടപ്പോൾ ആ കണ്ണുകൾ ഒന്ന് തിളങ്ങി.


ചുറ്റികയ്ക്കു ഏറ്റവും ചുരുങ്ങിയത് ഒരഞ്ഞൂറു രൂപ എങ്കിലും കിട്ടുമെന്ന് അയാൾക്കു നന്നായി അറിയാമായിരുന്നു. എങ്കിലും മുഖം ഒന്ന് വക്രിച്ചുകൊണ്ട്,


“ഇതിനൊക്കെ എന്ത് കിട്ടാനാ സാബ്? ഒന്നാമതെ കോവിഡാണ് പണിയൊക്കെ കുറവാണ്. അധികമൊന്നും തരാനില്ല, കൂടിപ്പോയാൽ ഒരു നൂറു രൂപ തരാം. അതിൽ കൂടുതൽ ചോദിക്കരുത്”


“അത് വളരെ കുറവാണല്ലോ ഭൈയ്യാ ഒരു ഇരുന്നൂറെങ്കിലും താ”


“നൂറ്റി ഇരുപത്തഞ്ച്”, വർക്‌ഷോപ്പുടമ ബോൾ ബോണിയുടെ കോർട്ടിലേക്ക് ശരവേഗത്തിൽ റിട്ടേൺ അടിച്ചു


ബോണി ചുറ്റിയയെടുത്തു അയാളുടെ കൈയ്യിൽ പിടിപ്പിച്ചു. “ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, നൂറ്റി അന്പത്,മറുത്തൊന്നും പറയരുത് ”.



ശരി സമ്മതം! ചുറ്റികയുടെ ഭാരം കൈയ്യാലാളന്ന്, നിർവ്വികാരതയോടെ വർക് ഷോപ്പുടമ പറഞ്ഞു,


കാറിൽ വന്ന മാന്യന് ആ ചുറ്റിക എവിടുന്നു കിട്ടിയെന്നോ, എന്തിനാണ് അയാൾ അത് ഇത്ര കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതെന്നോ അയാൾ ചോദിച്ചില്ല. നഗരങ്ങളിലങ്ങനാണ്, ആരും അനാവശ്യമായി ചോദ്യങ്ങൾ ചോദിക്കാറില്ല.


കച്ചവടം നടത്തി ബോണി സ്ഥലം വിട്ടതിന് ശേഷമാണ് റംസാൻ ആ വഴിക്കു വരുന്നത്.


“എന്തൊക്കെയുണ്ട് റാവത് ഭായ്?” തന്റെ ഓട്ടോറിക്ഷ, വർക് ഷോപ്പിന്റെ ഓരത്തായി നിർത്തി അയാൾ മധ്യവയസ്കനെ നോക്കി കൈ വീശിക്കാണിച്ചു.


ആ, റംസാനോ! നിന്നെ കുറെ നാളായല്ലോ ഈ വഴിക്കു കണ്ടിട്ട് .


എന്ത് പറയാനാ റാവത് ഭായ് . പടച്ചോന്റെ കൃപകൊണ്ട് നാദിറ രണ്ടാമതും പ്രസവിച്ചു. ഇപ്പൊ പ്രാരാബ്ധം പണ്ടത്തേതിലും ഇരട്ടിയാണ്. രാത്രിയും പകലും ഓടിയിട്ടു പോലും രണ്ടറ്റവും കൂട്ടിമുട്ടുന്നില്ല.


ഉം, റാവത് ഒന്നിരുത്തി മൂളി. “അതിരിക്കട്ടെ നീയെന്താ ഇപ്പൊ ഇറങ്ങിയത്?”


ഭായ് വണ്ടിക്ക് ബ്രേക്ക് തീരെ കുറവാണ് ഒന്ന് നോക്ക് . റംസാൻ പറഞ്ഞു.


ഇപ്പഴോ? ഞാനിപ്പോ അത്യാവശ്യമായി വീട്ടിലേക്കു പോവാൻ തുടങ്ങുകയായിരുന്നു. നീ ഒരു കാര്യം ചെയ്യ് നാളെ രാവിലെ ഇങ്ങു പോര് നമുക്ക് ശരിയാക്കാം.


റാവത് പറ്റില്ല എന്ന് പറഞ്ഞാൽ, പറ്റില്ല എന്ന് തന്നെയാണ്. അത് നന്നായി അറിയാവുന്ന റംസാൻ മനസ്സില്ലാ മനസ്സോടെ പറഞ്ഞു.


“എങ്കിൽ അങ്ങനെ ആവട്ടെ”.


 പോവാൻ നേരമാണ് മേശപ്പുറത്തിരുന്ന ചുറ്റിക അവന്റെ കണ്ണിൽപ്പെട്ടത്. 


“ഇതെവിടുന്നാ ഭായ്? ഇത്തരമൊരെണ്ണം ഞാനിതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ?” റംസാൻ ചുറ്റിക കൈയ്യിലെടുത്തു കൊണ്ട് ചോദിച്ചു.


“കുറച്ചുമുമ്പ് പടച്ചോൻ വന്ന് ഇവിടേ തന്നേച്ചു പോയതാ” എന്തോ തമാശ പറഞ്ഞ മട്ടിൽ റാവത് കുടവയർ കുലുക്കി ചിരിച്ചു.


ആണോ? നന്നായി എന്തായാലും ഇതുകൊണ്ടു ചെറിയൊരവശ്യമുണ്ട്, വീട്ടിൽ സ്വല്പം മരാമത്തു പണി. നാളെ തിരിച്ചു തരാം. റാവത്തിന്റെ ചിരിയിൽ പങ്കുചേർന്നുകൊണ്ടു റംസാൻ പറഞ്ഞു.


എടുത്തോ എന്ന മട്ടിൽ അയാൾ കൈ കാണിച്ചു. സന്തോഷത്തോടെ ശീമാട്ടി-കോട്ടയം എന്നെഴുതിയ പ്ലാസ്റ്റിക് കവറിൽ ചുറ്റികയും പൊതിഞ്ഞു അയാൾ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയതും കുഞ്ഞു നഫീസ ഓടി വന്ന് കാലിൽ ചുറ്റിപ്പിടിച്ചു. നാദിറ മൂന്ന് മാസം മാത്രം പ്രായമായ റൗഫിനെയും ഒക്കെത്തെടുത്തു കൊണ്ട് പിറകെ വന്നു. ചോർന്നൊലിക്കുന്ന തകരം മേഞ്ഞ വാടക വീടും, രാപ്പകലില്ലാതെയുള്ള അലച്ചിലും, വിട്ടുമാറാത്ത നടുവേദനയുമൊന്നും അയാളെ തളർത്താത്തതിന് കാരണം ഈ മൂന്നു മുഖങ്ങളാണ്. എത്ര തളർച്ചയോടെ വീട്ടിലേക്ക് കയറി വന്നാലും, നഫീസയുടെയും, റൗഫിന്റെയും നിഷ്‌കളങ്കമായ കളിചിരികൾ കാണുമ്പോൾ, തന്റെയീ കഷ്ടപ്പാടിന് പടച്ചവൻ തരുന്ന പ്രതിഫലമാണെന്നു അയാൾക്ക് തോന്നാറുണ്ട്.


അടുക്കളയിലെ ചോർച്ചയുള്ള ഭാഗത്ത് പുത്തൻ തകരപ്പാളികൾ കൊണ്ട് മൂടി, ആണി വച്ച് തറച്ചു. എന്തായാലും റാവത് ഭായ്യുടെ ചുറ്റിക കൊള്ളാം. കാണുന്നതിലും ഭാരമുണ്ട്. ആണി തറയ്ക്കുമ്പോൾ അവൻ മനസ്സിലോർത്തു.


പിറ്റേ ദിവസം രാവിലെ മഴചാറുന്നുണ്ടായിരുന്നു എങ്കിലും കടം വാങ്ങിയ ചുറ്റിക തിരികെ നൽകാനും, വണ്ടിയുടെ ബ്രേക്ക് ശരിപ്പെടുത്താനുമായി റാവത്തിന്റെ വർക്ക്ഷോപ്പിലേക്കു തിരിച്ചതാണ് റംസാൻ. വർക്ക് ഷോപ്പിലേക്ക് തിരിയുന്ന റോഡിൽ തൊട്ട് മുൻപിൽ പോയിരുന്ന ഒരു കാർ അപ്രതീക്ഷിതമായി ബ്രേക്കിട്ടു. നിർത്താൻ ശ്രമിച്ചെങ്കിലും, ഓട്ടോറിക്ഷ കാറിന്റെ പിൻ ഭാഗത്ത്‌ ഇടിച്ചു . അവൻ ഓട്ടോയിൽ നിന്നിറങ്ങി നോക്കി. പിന്നിലെ ഇൻഡിക്കേറ്റർ ലൈറ്റ് പൊട്ടിയെന്നതൊഴിച്ചാൽ ഭാഗ്യത്തിന് അധികം കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഒട്ടും താമസിച്ചില്ല, ആ കാറിന്റെ വാതിൽ തുറന്ന് കിളിരം കൂടിയ ഒരു മനുഷ്യൻ പുറത്തിറങ്ങി. പുറകിൽ വന്ന്‌ നോക്കിയിട്ട് , അയാൾ ദേഷ്യത്തോടെ കയർത്തു.


“എവിടെ നോക്കിയാടാ നായെ വണ്ടിയോടിക്കുന്നത്? രാവിലെ തന്നെ ഓരോ മാരണങ്ങൾ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ”.


“പക്ഷെ സാബ്, താങ്കൾ പെട്ടെന്ന് ബ്രേക്കിട്ടത് കൊണ്ടല്ലേ? എങ്കിലും ഈ പൊട്ടിയ ലൈറ്റിന്റെ പണം ഞാൻ തരാം”. ആവുന്നത്ര വിനയത്തിൽ അവൻ പറഞ്ഞു.


ഈ വണ്ടിയുടെ വിലയെത്രയാണെന്നു നിനക്കറിയാമോ? അയാൾ തികച്ചും പരുഷമായി ചോദിച്ചു.


എനിക്കറിയില്ല, അറിയേണ്ട കാര്യവുമില്ല. നിങ്ങൾ മര്യാദയ്ക്ക് വണ്ടിയോടിക്കാഞ്ഞിട്ടു പറ്റിയതാണ്. പോരാത്തതിന് മഴയും.


“ഓ, ഇടിച്ചതും പോരാ നിന്ന് ന്യായം പറയുന്നോടാ, ചെറ്റേ ?” നിന്നെ ഞാനിന്ന് കാണിച്ചു തരാം.


കാറോടിച്ചിരുന്ന ആൾ മുന്നോട്ട് ചെന്ന് അവന്റെ കോളറിൽ കുത്തിപ്പിടിച്ചു. അപ്പോൾ, മറുവശത്തെ സീറ്റിൽ നിന്നും വെളുത്ത് അല്പം തടിച്ച മറ്റൊരാൾ ഇറങ്ങി വന്നു. എന്നിട്ട് ഇംഗ്ലീഷിൽ പറഞ്ഞു


“വിട്ടുകള, അവന്റെ വേഷം കണ്ടില്ലേ, നമുക്ക് ഇടപെടാൻ പറ്റിയ ആൾക്കാരല്ല”.


“നീ മിണ്ടാതിരിക്ക്, ഈ തന്തയില്ലാത്തവനെ ഞാനിന്നു കാണിച്ചു കൊടുക്കുന്നുണ്ട്” . കോളറിൽ നിന്ന് പിടിവിടാതെ ആദ്യത്തെ ആൾ മറുപടി പറഞ്ഞു.


കോളറിലെ പിടി വിടുവിക്കാൻ നോക്കുന്നതിനിടയിൽ അയാൾ റംസാനെ ശക്തമായി പിറകിലേക്ക് തള്ളി. അയാൾ നിലതെറ്റി റോഡിൽ വീണു. വീഴ്ചയേക്കാൾ വേദനിപ്പിച്ചത്, അയാൾ പറഞ്ഞ ആ വാക്കാണ്. തന്തയില്ലാത്തവൻ! അവന്റെ ഹൃദയം പൊള്ളിക്കുമിളച്ചു.


കാലം പൊറ്റകെട്ടിയ വ്രണത്തിലേക്കു മൂർച്ചയേറിയ കഠാര കുത്തിയിറക്കിയത് പോലെ ആ ഹൃദയം വേദനിച്ചു. ഇങ്ങനെ വിളിച്ചതിനാണ് ഇരുപത്തെട്ടു വർഷങ്ങൾക്കു മുൻപ് ഗ്രാമ പ്രധാന്റെ മകനെ കല്ലുകൊണ്ട് തല ഇടിച്ചു പൊട്ടിച്ചതും, ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ അമ്മിയ്ക്കു തന്നെയും കൊണ്ട് ഗ്രാമം വിട്ട് ദൂരെ പട്ടണത്തിലേക്കു ഓടിപ്പോരേണ്ടിയും വന്നത്. താൻ ഗർഭത്തിലിരിക്കുമ്പോൾത്തന്നെ തന്റെ അമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ ആ മനുഷ്യനെപ്പറ്റി നിന്ദയോടെയല്ലാതെ നാളിതുവരെ സ്മരിച്ചിട്ടില്ല. എട്ടു വർഷങ്ങൾ അമ്മിയും താനും എല്ലു മുറിയെ പണിയെടുത്താണ് പട്ടണത്തിൽ കഷ്ടിച്ച് നേരെ നിൽക്കാറായത്. ജീവിതം പച്ചത്തുരുത്തുകളിലൊന്നിൽ അടുത്തു എന്ന് തോന്നിയപ്പോഴാണ്, ഉഷ്ണകാലത്തെ ഒരു രാത്രിയിൽ പട്ടണത്തിൽ വർഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെടുന്നത്. മകന്റെ പ്രായമുള്ള ഒരു കൂട്ടം ചെറുപ്പക്കാരാൽ ചീന്തി എറിയപ്പെട്ടു ചോരയൊലിപ്പിച്ചു കിടന്ന ഉമ്മിയെയും, തീനാളങ്ങൾ വിഴുങ്ങാൻ തുടങ്ങിയ ടാർപോളിൻ വിരിച്ച കുടിലിനെയും പിന്നിലാക്കി, ജീവനും കൈയില്പിടിച്ചു എങ്ങോട്ടെന്നില്ലാതെ ഓടുമ്പോൾ തെരുവുകളിൽ നിന്നും, മട്ടുപ്പാവുകളിൽ നിന്നും വീണ്ടും വീണ്ടും ആ വാക്ക് കാതുകളിൽ വന്നലച്ചുകൊണ്ടിരുന്നു


"കൊല്ലവനെ, ആ തന്തയ്ക്കു പിറക്കാത്ത പന്നിയുടെ തല അടിച്ചു പൊട്ടിക്ക്".


ഓടിയോടി പതിനേഴാം വയസ്സിൽ എങ്ങിനെയൊക്കെയോ ബോംബെ മഹാനഗരത്തിൽ വന്നടിഞ്ഞു. പട്ടണത്തിൽ നിന്ന് കൂടെപ്പോന്ന ഭയത്തിന്റെ അലകൾ അടങ്ങാൻ പിന്നെയും കാലമേറെയെടുത്തു. നാളുകൾക്കിപ്പുറം ഇന്നാണ് ആ വിളി വീണ്ടും കാതിൽ വീഴുന്നത്.


തന്തയ്ക്ക് പിറക്കാത്തവൻ!


എപ്പോഴോ എരിഞ്ഞടങ്ങിയ കനലുകൾ ഒരു നൊടിയ്ക്കുള്ളിൽ നെഞ്ചിൽ ജ്വലിച്ചു. വീണു കിടന്നിടത്തു നിന്നും റംസാൻ പതിയെ തലപൊന്തിച്ചു. ആദ്യം കണ്ണിൽ തടഞ്ഞത് ഒരു പ്ളാസ്റ്റിക് കവർ ആണ് .


ഇതേ സമയം, കൃത്യം ആയിരത്തി മുന്നൂറ്റി ഇരുപത്തേഴു കിലോമീറ്ററുകൾക്കു താഴെ സദാനന്ദൻ കക്കൂസിലേക്കു കയറി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വന്നതിൽപ്പിന്നെ കിടപ്പു തന്നെയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി മലബന്ധത്തിന്റെ ശല്യവുമുണ്ട് . കുറെ നേരം ഇരുന്നിട്ടും ഫലമൊന്നുമില്ലാതെ നിരാശയോടെ ആഞ്ഞു മുക്കിയപ്പോൾ വയറിൽ തുന്നിക്കെട്ടിയ ഭാഗം നല്ലവണ്ണം വേദനിച്ചു.


“ദൈവമേ, ഏതു തന്തയില്ലാത്തവനാണോ എന്റെ ചുറ്റിക കട്ടോണ്ടു പോയത്?” വേദനയെടുത്തപ്പോൾ അവൻ സ്വയം പറഞ്ഞുപോയി.


അളിയനാണെന്നാണ് സദാനന്ദൻ ആദ്യം കരുതിയത് . പക്ഷെ ആശുപത്രീന്ന് ഇറങ്ങിയതിൽപ്പിന്നെ ഒരിക്കൽ റെജി സദാനന്ദനെ ചെന്ന് കണ്ടിരുന്നു.


“എന്റെ അച്ഛനും ഒരാലയിൽ പണിഞ്ഞിട്ടാണ് ഞങ്ങള് മൂന്നു പിള്ളേരേം വളർത്തിയതും, ചേച്ചിമാരെ കല്യാണം കഴിപ്പിച്ചു വിട്ടതും. അങ്ങനെയുള്ള ഒരു കുടുംബത്തി ജനിച്ചുവളന്ന ഞാൻ ഇമ്മാതിരി ചെറ്റത്തരം കാണിക്കുവെന്നു ചേട്ടന് തോന്നുന്നുണ്ടോ?”


 റെജി ചോദിച്ചപ്പോൾ എന്തോ അതിൽ കള്ളമില്ലെന്നു അയാൾക്ക് തോന്നി.



"പിന്നെ ഏതു കഴുവേരടെ മോനാണോ ഈ കാട്ടായം കാണിച്ചത് ? സദാനന്ദന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. ചിന്തിച്ചു മടുത്തപ്പോൾ

"ആരായാലും, ഇതെടുത്തോണ്ടു പോയവൻ കൊണം പിടിക്കാതെ പോട്ടെ" എന്ന് പ്രാകി. പിന്നെ പ്രാക്ക് അൽപ്പം കുറഞ്ഞു പോയെന്നു തോന്നിയിട്ടവണം


"അവന്റെ തലപിളർന്നു ചോര പൂക്കുറ്റി പോലെ ചീറ്റണെ എന്റെ ദേവീ, അമ്മെ ഭദ്രകാളീ " എന്ന് കുറേക്കൂടി ഉഗ്രമായി പ്രാകി.


ആയിരത്തി മുന്നൂറ്റി ഇരുപത്തേഴു കിലോമീറ്ററുകൾക്ക് മുകളിൽ, റംസാൻ നിലത്തു നിന്നെഴുന്നേറ്റു. കവറിൽ നിന്നും ചുറ്റിക പുറത്തേക്കെടുത്തു. കാറിൽ നിന്നും രണ്ടാമതിറങ്ങിയ ആൾ കൂട്ടുകാരനെ അനുനയിപ്പിച് തിരികെ കാറിൽ കയറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. കൈയ്യിൽ കിട്ടിയ ചുറ്റികയുമായി അവർക്കു നേരെ റംസാൻ പാഞ്ഞു വന്നു.


“നീയെന്നെ തന്തയില്ലാത്തവനെന്നു വിളിക്കും അല്ലേടാ നായെ” എന്നലറിക്കൊണ്ട് ചുറ്റിക കിളിരം കൂടിയ മനുഷ്യന്റെ തല നോക്കി ആഞ്ഞു വീശി. പക്ഷെ, അയാൾ നൊടിയിടയിൽ പിന്നിലേക്ക് തല വെട്ടിക്കുകയും, ചുറ്റിക ലക്‌ഷ്യം തെറ്റി അടുത്ത് നിന്നയാളുടെ തലയിൽ ഊക്കോടെ ചെന്ന് കയറുകയും ചെയ്തു. അടികിട്ടിയവന്റെ തലയിൽ നിന്നും വായിൽ നിന്നും ചെവിയിൽ നിന്നും ചോര ചിതറി തെറിച്ചു. നിലവിളിച്ചുകൊണ്ട് അയാൾ റോഡിലേക്ക് കുഴഞ്ഞു വീണു, രണ്ടുമൂന്നു പിടച്ചിലുകൾക്കപ്പുറം ആ ശരീരം നിശ്ചലമായി.


റംസാന്റെ കൈയ്യിൽ നിന്നും ചുറ്റിക നിലത്തുവീണു. ഒരു നിമിഷാർദ്ധത്തിൽ മൂന്നു മുഖങ്ങൾ കണ്മുന്നിൽ തെളിഞ്ഞപ്പോൾ വിവശതയോടെ ശരീരമാസകലം വിറച്ചു കൊണ്ട് അവൻ റോഡിൽ കുത്തിയിരുന്നു പോയി. മൃതദേഹത്തിൽ നിന്നും ഒഴുകി ഇറങ്ങിയ ചോര റോഡിൽ ഒഴുകിപ്പരന്ന് റോഡിൽ അനാഥമായി കിടന്ന ചുറ്റികയെ നനച്ചു.

 

പിറ്റേദിവസം, നഗരത്തിലെ ഒരു കല്പിത സർവ്വകലാശാലയിൽ, ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നതിനു മുൻപായി, തങ്ങളുടെ അധ്യാപകന്റെ വിയോഗത്തിൽ അനുശോചിച്ചു രണ്ടു മിനിറ്റ് കണ്ണുകളടച്ചു പ്രാർത്ഥിക്കാൻ അക്കാഡമിക് ഡീൻ വിദ്യാർഥികളോടാവശ്യപ്പെട്ടു. കുട്ടികൾ അടുക്കളയിലും, കിടപ്പറയിലും, സ്വീകരണമുറിയിലും, കക്കൂസിലും, പാർക്കുകളിലുമിരുന്നു കണ്ണടയ്ക്കുന്നതായി നടിച്ചു. ഒരു മിനിറ്റിനപ്പുറം അവരിൽ പലരും മടുപ്പോടെ തങ്ങളുടെ മൊബൈൽ ഫോണിന്റെ സ്‌ക്രീനുകളിലെ ആഴങ്ങളിലേക്ക് പതിയെ ഊളിയിട്ടു. അടിയിലേക്ക് ചെല്ലും തോറും ഇരുട്ടും, തണുപ്പും ഏറി വന്നു. ചുഴികളും, മലരികളും, മൊട്ടക്കുന്നുകളും, മേടുകളും താണ്ടി അടിത്തട്ടിലെത്തിയ ചിലർക്കായി വള്ളിപ്പടർപ്പുകൾ മൂടിയ ഇരുണ്ട ഗുഹകൾ കവാടം തുറന്നു കാത്തിരിക്കുന്നുണ്ടായിരുന്നു.


നഗരത്തിൽ തന്നെ മറ്റെവിടെയോ, ഒരു പോലീസ് സ്റ്റേഷനിൽ, ലോഹത്തിന്റെ ചൂടും ചൂരും കിട്ടാതെ, തഴമ്പ് വീണ കൈയ്യിന്റെ സ്പർശമേൽക്കാതെ ഒരു ചുറ്റിക നിലവിളിച്ചുകൊണ്ടേയിരുന്നു!

Written by B Anand













Rate this content
Log in

More malayalam story from Anand B

Similar malayalam story from Comedy