ഓർമ്മ ചിന്ത്
ഓർമ്മ ചിന്ത്


ഒരു വേനലവധിക്കാലത്താണ് T .P ഭാസുരചന്ദ്രൻ ഏണി പുറത്തുനിന്നും വീണത്. SSLC പരീക്ഷ കഴിഞ്ഞു ഞാനും ഭാസുരനും റിസൾട്ട് വരാൻ കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. വീഴ്ചയിൽ ഭാസുരൻ്റെ രണ്ടു വൃഷണ സഞ്ചികൾക്കും ക്ഷതം സംഭവിച്ചു. ചോരപുഴ നീന്തി കയറിവന്ന പോലെ നിന്ന ഭാസുരചന്ദ്രനെ ഞങ്ങൾ ആശുപത്രിയിൽ എത്തിച്ചു. അന്ന് താലൂക്കാശുപത്രിയിൽ ഉണ്ടായിരുന്ന സർജൻ ഭാസുരന് ശാസ്ത്രക്രിയ നടത്തി. രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഭാസുരചന്ദ്രൻ മുറിവുണങ്ങി വീട്ടിലെത്തി. കൂട്ടുകാരായ ഞങ്ങൾ പതുക്കെ ഈ കാര്യങ്ങൾ മറന്നു. പഠിത്തത്തിനേക്കാൾ വലിയ ഉഴപ്പിൻ്റെ തിരക്കിലേയ്ക്ക് ഞങ്ങൾ മാറി.
പ്രായപൂർത്തി ആയപ്പോൾ ആദ്യം കല്യാണാലോചന വന്നത് T .P ഭാസുരചന്ദ്രനായിരുന്നു. ഞാനും ഭാസുരചന്ദ്രനും കൂടി ആദ്യത്തെ പെണ്ണുകാണൽ ചടങ്ങ് എന്ന കർത്തവ്യം നിർവ്വഹിക്കാൻ വേണ്ടി നല്ല മുഹൂർത്തം നോക്കി വീട്ടിൽ നിന്നിറങ്ങി.
ആദ്യ ദർശനത്തിൽ തന്നെ ഭാസുരചന്ദ്രനും വനജയും കാമുകീകാമുകൻമാരായിമാറി. സ്കൂൾ ജീവിതകാലത്തു പെൺകുട്ടികളുടെ മുഖത്തു നോക്കാത്ത ഭാസുരചന്ദ്രൻ നിലവാരമുള്ള ഒരു കാമുകനായി മാറുന്നതിന് ഞാൻ സാക്ഷിയായി. ഭാസുരചന്ദ്രൻ്റെ ഭാഷയിൽ പറഞ്ഞാൽ - പൊണ്ണത്തടി കൊണ്ട് വികൃതമാകാത്ത, മഞ്ഞപിത്തം പിടിച്ചപോലെ വിളറാത്ത, ദീനം പിടിച്ചപോലെ മെലിയാത്ത, ചുണ്ണാമ്പ് പോലെ വെളുക്കാത്ത ആകർഷകനിറത്തിനുടമയായ വനജ എന്ന കറുപ്പ് കൂടിയ ഇരുനിറകാരി ഭാസുരചന്ദ്രൻ്റെ സ്വന്തമായി. അതുപോലെ വെളുപ്പ് കൂടിയ ഇരുനിറക്കാരനായ ഭാസുരചന്ദ്രൻ വനജയുടെയും സ്വന്തമായി.
വിവാഹത്തിനു മുൻപുള്ള അവരുടെ പ്രണയദിനങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടുന്ന സമയത്താണ് ഒരു ദിവസം രാത്രി ഭാസുരചന്ദ്രൻ എന്നെ കാണാനായി ഓടി കിതച്ചു വീട്ടിലെത്തിയത്. കിടന്നാൽ ഉറക്കം കിട്ടാത്ത പ്രശ്നങ്ങൾ ഉള്ളപ്പോൾ മാത്രമേ രാത്രി ഭാസുരചന്ദ്രൻ എന്നെ കാണാൻ വന്നിട്ടുള്ളു. പ്രശ്നത്തിനുള്ള പരിഹാരം രാത്രി തന്നെ ഞങ്ങൾ കണ്ടത്തി - ഒരു ഡോക്ടറെ കാണുക.
അമ്മ കാണാതെ അലമാരയുടെ അടിയിൽ ഞാൻ സൂക്ഷിച്ചിരുന്ന ബ്രാണ്ടി കുപ്പിയിൽ നിന്നും ഭാസുരചന്ദ്രൻ രണ്ടു പെഗ് കഴിച്ചു . മദ്യം തലയ്ക്കു പിടിച്ചു കഴിഞ്ഞപ്പോളാണ് ഭാസുരചന്ദ്രന് വനജയോടുള്ള പ്രേമത്തിൻ്റെ ആഴം ഞാൻ മനസിലാക്കിയത്.
"വനജ എൻ്റെയാ, എൻ്റെ പടങ്ങാണടാ വനജ; ആ പടങ്ങിൻ്റെ പുറത്തു പടരാൻ കൊതിക്കുന്ന ഒരു പയർ ചെടിയാണ് ഞാൻ. വനജ എന്ന പടങ്ങിനെ കിട്ടിയില്ലെങ്കിൽ ഭാസുരചന്ദ്രൻ എന്ന പയറുചെടി മുഞ്ഞബാധയേറ്റു മുരടിച്ചു പോകും. എനിക്കു നീ പടങ്ങിട്ടു തരില്ലേ? വനജ എന്ന പടങ്ങിനെ എനിക്ക് കിട്ടുവോടാ? വനജയെന്ന പടങ്ങിൽ പടരാൻ കൊതിച്ച പയറു ചെടിയാണ് ഞാൻ."
മദ്യം തലയ്ക്കു പിടിച്ചുകഴിയുമ്പോൾ ഭാസുരചന്ദ്രനിൽ നിന്നും വരുന്ന നിമിഷ കവിതകൾ എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭാസുരചന്ദ്രൻ ഭാവിയിൽ നേരിടേണ്ടി വരുന്ന പ്രശ്നത്തിൻ്റെ തീവ്രത ഓർത്തപ്പോൾ ബ്രാണ്ടിക്കുപ്പിയിൽ ബാക്കിയിരുന്ന മദ്യം കുടിച്ചു തീർത്തു ഞാനും ഉറങ്ങാൻ കിടന്നു.
രാവിലെ തന്നെ ഞാനും ഭാസുരചന്ദ്രനും ഡോക്ടറെ കാണാൻ പോയി. വിശദമായി ഭാസുരചന്ദ്രനെ പരിശോധിച്ച ഡോക്ടർ തുടർ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിൽ തന്നെയുള്ള യൂറോളജി വാർഡിലേക്ക് ഭാസുരചന്ദ്രനെ റെഫർ ചെയ്തു. പിറ്റേന്ന് യൂറോളജി ഡോക്ടറെ ഞങ്ങൾ വീട്ടിൽ പോയി കണ്ടു. കല്യാണക്കാര്യം പറഞ്ഞപ്പോൾ നാസർ ഡോക്ടർ വിശദമായി തന്നെ ഭാസുരചന്ദ്രനെ പരിശോധിച്ചു. പിറ്റേ ദിവസം തന്നെ യൂറോളജി വാർഡിൽ അഡ്മിറ്റാകാൻ പറഞ്ഞു. അങ്ങനെ യൂറോളജി വാർഡിൽ പതിനാലാം നമ്പർ കട്ടിൽ ഭാസുരചന്ദ്രന് അനുവദിച്ചുകിട്ടി; സഹായിയായി ഞാനും.
യൂറോളജി വാർഡിൽ അഡ്മിറ്റ് ചെയ്‌തിരിക്കുന്ന ഏഴു ജഗജില്ലികളായ രോഗികളെ കണ്ടു ഭാസുരചന്ദ്രൻ ഞെട്ടി തരിച്ചുനിക്കവേ നിറപുഞ്ചിരിയുമായി ഏഴുപേരും ഞങ്ങളെ സ്വാഗതം ചെയ്തു. അവരെ പരിചരിക്കാൻ ഏഴു പേരുടേയും ഭാര്യമാർ കൂടെയുണ്ടായിരുന്നതുകൊണ്ട് രണ്ടാഴ്ച്ചക്കാലം ബോറടിയില്ലാതെ യൂറോളജി വാർഡിൽ തന്നെ ഞാൻ കഴിച്ചുകൂട്ടി. കല്യാണം കഴിക്കാത്ത ഭാസുരചന്ദ്രൻ കുട്ടികൾ ഉണ്ടാകുമോ എന്നറിയാൻ ചികിത്സ തേടി വന്നത് അവർക്കെല്ലാം പുതുമയുള്ള കാര്യമായി മാറി. പിന്നെയുള്ള രണ്ടാഴ്ച്ച യൂറോളജി വാർഡിൽ ചിരിയുടെ പൂരകാഴ്ചകൾ ആയിരുന്നു.
ഓപ്പറേഷൻ നടത്താതെ കുട്ടികൾ ഉണ്ടാകില്ല എന്ന ഡോക്ടറുടെ മറുപടി ഭാസുരചന്ദ്രനെ തളർത്തി കളഞ്ഞു. വനജയുടെ വീട്ടുകാർ അറിയാതെ എങ്ങനെ ഓപ്പറേഷൻ നടത്തും എന്ന ചിന്തയാണ് ഭാസുരചന്ദ്രനെ വിഷമിപ്പിച്ചത്. എല്ലാ ദിവസവും പരസ്‌പരം പ്രണയ വികാരങ്ങൾ പങ്കുവച്ചിരുന്ന കമിതാക്കൾ. രണ്ടാഴ്ച്ച കാമുകിയെ കാണാതിരിക്കേണ്ടി വരുന്ന അവസ്ഥ തെല്ലൊന്നുമല്ല ഭാസുരചന്ദ്രനെ വിഷമിപ്പിച്ചത്. പിറ്റേ ദിവസം ഞായറാഴ്ചയായിരുന്നു. വിരഹം സഹിക്കാൻ വയ്യാതെ ഭാസുരചന്ദ്രൻ വാർഡിൽ നിന്നും മുങ്ങി. എൻ്റെ ബൈക്കുമെടുത്തു ആരോടും പറയാതെ വനജയുടെ വീട്ടിലേയ്ക്കായിരുന്നു ആ മുങ്ങൽ എന്ന് പിന്നീടാണു ഞാൻ മനസിലാക്കിയത്.
വനജയെ കണ്ടു തിരിച്ചുവന്ന ഭാസുരചന്ദ്രൻ സന്തോഷവാനായിരുന്നു. ഓപ്പറേഷൻ ഭംഗിയായി നടന്നു. വേദന സഹിക്കാൻ വയ്യാതെ ഭാസുരചന്ദ്രൻ ബെഡിൽ അനങ്ങാതെ കിടക്കുന്ന സമയം. ഉച്ചയ്ക്ക് ഭാസുരനു കഴിക്കാനുള്ള കഞ്ഞി വാങ്ങാൻ ഞാൻ വാർഡിനു പുറത്തിറങ്ങി. കത്തുന്ന വെയിലിൽ നിന്നും രക്ഷ നേടാൻ ഞാൻ മെഡിക്കൽ കോളേജിനു പുറത്തെ കഞ്ഞികട ലക്ഷ്യമാക്കി ഓടുകയായിരുന്നു. അപ്പോഴാണ് ആരോ എന്നെ വിളിച്ചത്. വിളി കേട്ട ഭാഗത്തേയ്ക്ക് നോക്കിയ ഞാൻ വനജയെ കണ്ടു ഞെട്ടി. ഭാസുരചന്ദ്രന് പടർന്നു കയറേണ്ട പടങ്ങിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നോർത്തു ഞാൻ വിഷമിച്ചു നിക്കവേ റോക്കറ്റുവിട്ട പോലെ വനജ എൻ്റെ മുന്നിലെത്തി.
വനജ : "ഡിമ്പിളിയണ്ണൻ്റെ ഓപ്പറേഷൻ കഴിഞ്ഞില്ലേ?"
ഞാൻ : "എനിക്കെന്തിനാ ഓപ്പറേഷൻ?"
വനജ : (പരുങ്ങൽ) "വൃഷണ സഞ്ചിക്ക് എന്തോ ഓപ്പറേഷൻ ഉണ്ടെന്ന് ഭാസുരണ്ണൻ പറഞ്ഞിരുന്നു. ആരും അറിയാതെ നടത്തുന്ന ഓപ്പറേഷൻ ആയതുകൊണ്ട് രണ്ടാഴ്ച ഭാസുരണ്ണൻ ഏട്ടൻ്റെ കൂടെ ആശുപത്രിയിൽ ആയിരിക്കും എന്നും പറഞ്ഞു. ഞായറാഴ്ച്ച വീട്ടിൽ വന്നു എനിക്ക് കുറേ ഗിഫ്‌റ്റൊക്കെ തന്ന കൂട്ടത്തിലാ ഈ കാര്യം പറഞ്ഞേ."
പൂർണ്ണ ആരോഗ്യത്തിൽ പ്രവർത്തിക്കുന്ന എൻ്റെ വൃഷണ സഞ്ചിയെ പറ്റി അപഖ്യാതി പറഞ്ഞ ഭാസുരചന്ദ്രനോടുള്ള ദേഷ്യം വേനൽചൂടിൽ ഒന്നുകൂടി ഇരട്ടിച്ചു. എന്നിട്ടും ഭാസുരചന്ദ്രനെ ഒറ്റികൊടുക്കാൻ എനിക്ക് മനസ്സു വന്നില്ല.
വനജയോടു മറുപടി പറയാൻ നിക്കാതെ ഞാൻ കഞ്ഞിക്കട ലക്ഷ്യമാക്കി നടന്നു.
കഞ്ഞിയുമായി തിരിച്ചു യൂറോളജി വാർഡിലെത്തിയ ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി. വനജ ഭാസുരചന്ദ്രൻ്റെയരികിൽ പതിനാലാം നമ്പർ കട്ടിലിൽ ഇരിക്കുന്നു. ഭാസുരചന്ദ്രൻ എന്ന പയറുചെടി മുഞ്ഞബാധയേറ്റ് മുരടിക്കും എന്നു തന്നെ ഞാൻ കരുതി. പക്ഷെ എൻ്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചു കൊണ്ട് ഞാൻ കൊണ്ടു വന്ന കഞ്ഞി വനജ തന്നെ സ്പൂണിൽ കോരി ഭാസുരചന്ദ്രനെ കുടിപ്പിച്ചു. അവരുടെ പ്രണയലീലകൾ കാണാൻ കെൽപില്ലാതെ യൂറോളജി വാർഡിൻ്റെ നീണ്ട ഇടനാഴിയിലൂടെ ഞാൻ നടന്നു നീങ്ങി.
2
ഭാസുരചന്ദ്രൻ്റെ അച്ഛൻ സദൻ എന്ന സദപണിക്കൻ കള്ളുകുടി നിർത്തി എന്ന വിവരം ഞെട്ടലോടെയാണ് ഞാനും ഉമ്മച്ചനും ഭാസുരചന്ദ്രനിൽ നിന്നും അറിഞ്ഞത്. കള്ളു കുടിക്കാത്തവരെ കാണുന്നതേ സദപണിക്കന് പുച്ഛമായിരുന്നു. കുളം പറ്റിച്ചു മീൻ പിടിക്കുന്നതും പിന്നെ കള്ളുകുടിയും ആയിരുന്നു സദപണിക്കൻ്റെ വിനോദങ്ങൾ. ഉമ്മച്ചൻ്റെ അച്ഛനെ കള്ളുകുടി പഠിപ്പിച്ചത് സദപണിക്കൻ ആണെന്നുള്ളത് നാട്ടിൽ പരസ്യമായ രഹസ്യമാണ്. ഭാസുരചന്ദ്രൻ പണിക്കു പോകാൻ തുടങ്ങിയതിൽ പിന്നെ സദപണിക്കൻ അപൂർവമായി മാത്രമേ പണിക്കു പോകുന്നത് ഞങ്ങൾ കണ്ടിട്ടുള്ളു. അതുകൊണ്ടു തന്നെ പണിക്കന്റെ കള്ളുകുടി നിർത്താനുള്ള കാരണമറിയാൻ എനിക്കും ഉമ്മച്ചനും ആകാംക്ഷയുണ്ടായി.
കുറച്ചുനാൾ കഴിഞ്ഞു എന്നെയും ഉമ്മച്ചനേയും ഞെട്ടിച്ചു കൊണ്ട് സദപണിക്കൻ ഞായറാഴ്ച രാവിലെയുള്ള യോഗക്ലാസ്സിൽ ഹാജരായി. അച്ഛൻ്റെ യോഗ പഠനം അക്ഷരാർത്ഥത്തിൽ ഭാസുരചന്ദ്രനെ ഞെട്ടിച്ചു കളഞ്ഞു. കല്യാണം കഴിഞ്ഞ ശേഷം എൻ്റെയും ഉമ്മച്ചൻ്റെയും കൂടെയുള്ള രാവിലത്തെ നടത്തം ഉപേക്ഷിച്ചുകളഞ്ഞ ഭാസുരചന്ദ്രന് നടത്തത്തിൻ്റെ പ്രയോജനങ്ങളെ പറ്റി ഒരു ക്ലാസ് തന്നെ സദപണിക്കൻ നടത്തിക്കളഞ്ഞു.
ഞങ്ങളെ വീണ്ടും അമ്പരപ്പിച്ചു കൊണ്ട് സദപണിക്കൻ യോഗാചാര്യരുടെ അരുമ ശിഷ്യനായി. യോഗാചാര്യരുടെ വീട്ടിലെ മരപണിയെല്ലാം സദപണിക്കൻ ഏറ്റെടുത്തു നടത്തി കൊടുത്തു. പണിക്കു പോകാതെ കള്ളു കുടിച്ചു ഭാസുരചന്ദ്രൻ്റെ അമ്മ വിലാസിനി പണിക്കത്തിയുമായി എന്നും വഴക്കിടുന്ന സദപണിക്കൻ ഇപ്പോൾ എന്നും പണിക്കു പോകാനും ഭാര്യയോട് സ്നേഹത്തിൽ പെരുമാറാനും തുടങ്ങി. അതു തെല്ലൊന്നുമല്ല വിലാസിനി പണിക്കത്തിയെ സന്തോഷിപ്പിച്ചത്. എല്ലാം വനജ എന്ന മരുമകളുടെ ഐശ്യര്യമാണെന്ന് വിലാസിനി പണിക്കത്തി എല്ലാവരോടും പറഞ്ഞു നടന്നു. അതിൻ്റെയൊരു ഗമ ഞങ്ങൾ വനജയിലും കണ്ടു തുടങ്ങി.
പക്ഷെ എത്രയൊക്കെ ശ്രമിച്ചിട്ടും സദപണിക്കൻ കള്ളുകുടി നിർത്താനുള്ള കാരണം കണ്ടുപിടിക്കാൻ എനിക്കും ഉമ്മച്ചനും കഴിഞ്ഞില്ല. അവസാനം യോഗാചാര്യരെ കൊണ്ട് കാര്യം അന്വേഷിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആ ശ്രമം വിജയം കണ്ടു. സദപണിക്കൻ്റെ വാക്കുകളിലേക്ക്,
യോഗാചാര്യർ : "പണിക്കൻ പണ്ട് ഭയങ്കര കള്ളുകുടി ആയിരുന്നോ?"
സദപണിക്കൻ : "ഗുരുജി, ദയവുചെയ്ത് എന്നെ പഴയ കാര്യങ്ങൾ ഓർമ്മിപ്പിക്കരുത്, അതെൻ്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു."
യോഗാചാര്യർ : "എങ്കിലും ആ കാര്യങ്ങളൊക്കെ അറിയാനുള്ള ആഗ്രഹം എനിക്കുണ്ടു പണിക്കാ. ആ കാര്യങ്ങൾ മറ്റുള്ളവർക്ക് കൂടി പ്രയോജനം ചെയ്യുമെങ്കിൽ നല്ലതല്ലേ?"
സദപണിക്കൻ: "ഗുരുജിക്കറിയാവോ, എനിക്ക് ഈ ഭൂമിയിൽ ഏറ്റവും അറപ്പും വെറുപ്പും ഉള്ള ജീവി ഏലിയാണ്. എലികളെ എവിടെ കണ്ടാലും ഞാൻ കൊല്ലും. പണി കഴിഞ്ഞു വരുന്ന വഴി എലികളെ കാണുമ്പോൾ വീതുളി എറിഞ്ഞു ഞാൻ എലികളെ പിടിച്ചിട്ടുണ്ട്. ഉളി പോയാലും വേണ്ടില്ല ഏലി ചാകണം, അത്രയ്ക്ക് വെറുപ്പാണ് എനിക്കീ ജീവികളെ. ഒരുപാടു പണിയായുധങ്ങൾ എലികളെ വേട്ടയാടിയപ്പോൾ എനിക്ക് നഷ്ടമായിട്ടുണ്ട്. ആ എന്നെയാണ് ഷാപ്പിലെ പാചകക്കാരൻ തെണ്ടി ഇതുവരെ പറ്റിച്ചുകൊണ്ടിരുന്നത്. അവൻ ഷാപ്പിലെ കറികൾക്ക് രുചി കൂട്ടുന്നത് എങ്ങനെയാണെന്ന് അറിയാവോ? അവൻ എലികളുടെ കാല് കെട്ടി മീൻകറിയിലിടും!
ഞാൻ ഇത് കണ്ടുപിടിച്ച ദിവസം വീതുളി എൻ്റെ കൈയിൽ ഉണ്ടായിരുന്നെങ്കിൽ പാചകക്കാരൻ്റെ കഴുത്തു കണ്ടിച്ചേനേ. ഞങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടായപ്പോൾ പാചകക്കാരൻ പറഞ്ഞ ന്യായം ഗുരുജിക്ക് കേൾക്കണോ? ഒരിനം മരപ്പട്ടി കഴിച്ചിട്ട് തൂറുന്ന കാപ്പികുരുവിൽ നിന്നാണ് ലോകത്തിൽ ഏറ്റവും രുചിയുള്ള കാപ്പിപ്പൊടി ഉണ്ടാക്കുന്നതെന്ന്. ഏറ്റവും വില കൂടിയ കാപ്പിപൊടിയും ഈ മരപ്പട്ടി തൂറുന്ന കാപ്പികുരുവിൽ നിന്നാണ് ഉണ്ടാക്കുന്നത് പോലും. അതുകൊണ്ട് രുചി കൂടാൻ വേണ്ടിയാണ് അവൻ എലികളെ പിടിച്ചു കാലുകെട്ടി തിളച്ചുവരുന്ന മീൻ കറിയിൽ ഇടുന്നതു പോലും. അന്ന് ഷാപ്പിൽ നിന്നും തുടങ്ങിയ ഛർദിൽ പിറ്റേ ദിവസം രാത്രിയാ ഞാൻ നിർത്തിയത്."
ഈ സംഭവം അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ത്രില്ലടിച്ചത് ഉമ്മച്ചാണ്. ഉമ്മച്ചനിലെ സംവിധായകൻ ഉണർന്നു. സംഭവം പറഞ്ഞുവന്നപ്പോൾ ഭാസുരചന്ദ്രനും താല്പര്യമായി. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ഷോർട്ട്ഫിലിം നിർമ്മിക്കാൻ തീരുമാനമെടുത്തു. കഥയുടെ പേര് "മീൻചാർ."
ഞാൻ ഒരു നിർദ്ദേശം മാത്രമേ മുന്നോട്ടു വെച്ചുള്ളൂ - ആദ്യം ഏറ്റവും പ്രയാസമുള്ള സീൻ ഷൂട്ട് ചെയ്യുക. അങ്ങനെ എലികളെ കാല് കെട്ടി തിളച്ച മീൻ കറിയിൽ ഇടുന്ന സീൻ ഷൂട്ട് ചെയ്യാൻ തീരുമാനമായി. ഷാപ്പിലെ അടുക്കള പോലെ വനജയും ഭാസുരചന്ദ്രനും കൂടി അവരുടെ വീട്ടിലെ അടുക്കള റെഡിയാക്കി തന്നു.
ഇനി ഷൂട്ടിംഗ് മാത്രം തുടങ്ങിയാൽ മതി. അതിനായി ആദ്യം എലികളെ പിടിക്കണം. പിടിക്കുന്ന എലികളെ ഇടാനുള്ള കൂട് ഭാസുരചന്ദ്രൻ തന്നെ തയ്യാറാക്കി വീട്ടിൽ വെച്ചു. നാല് എലിപ്പെട്ടികൾ വാങ്ങി. പക്ഷെ ഭാസുരചന്ദ്രൻ്റെ വീടിനു സമീപം ഒറ്റ എലികളില്ല. വർഷങ്ങൾക്കു മുൻപ് സദപണിക്കൻ ദൂരെയെവിടെയോ പണിക്കു പോയിട്ട് വന്നപ്പോൾ മുന്തിയ ഒരിനം പൂച്ചയെ കൊണ്ടു വന്നിരുന്നു. അതിപ്പോൾ പെറ്റുപെരുകി ഇരുപതോളം പൂച്ചകൾക്ക് മേലായി. എലികളെ കൂട്ടമായി ചെന്ന് ആക്രമിച്ചു കൊല്ലുന്ന ഇനത്തിൽ പെട്ട പൂച്ചകളാണ്. അവസാനം വനജയുടെ വീടിൻ്റെ തട്ടിൻ പുറത്തു എലിപ്പെട്ടി വച്ച് നാല് എലികളെ ഞങ്ങൾ പിടികൂടി. എലികളെ ഭാസുരചന്ദ്രൻ ഉണ്ടാക്കിവെച്ചിരുന്ന കൂട്ടിൽ സുരക്ഷിതമായി വെച്ചശേഷം ഷൂട്ടിങ്ങിനു വേണ്ടി മീൻ കറി തയ്യാറാക്കാനുള്ള മീനും ഉരുളിയും വാങ്ങാൻ ഞങ്ങൾ മാർക്കറ്റിലേയ്ക്ക് പോയി.
തിരിച്ചു ഭാസുരചന്ദ്രൻ്റെ വീട്ടിൽ വന്നപ്പോൾ കണ്ട കാഴ്ച അതിദയനീയമായിരുന്നു. ഞങ്ങൾ ഷൂട്ടിങ്ങിനു വേണ്ടി തയ്യാറാക്കിയ എലികൾ പൂച്ചകളുടെ വായിൽ ഇരിക്കുന്നു. പൂച്ച എലികളെ തിന്നുന്നത് നോക്കി രസിച്ചു നിക്കുന്ന സദപണിക്കൻ. തൻ്റെ ഷോർട്ട്ഫിലിമിൽ അഭിനയിപ്പിക്കാൻ തയ്യാറാക്കി നിർത്തിയിരുന്ന എലികളെ കൊന്നതു കണ്ടപ്പോൾ ഉമ്മച്ചൻ്റെ രക്തം തിളച്ചു മറിഞ്ഞു. കിലോയ്ക്ക് 260 രൂപ വെച്ചു വാങ്ങിയ കേരമീൻ കഷണങ്ങൾ ഉമ്മച്ചൻ കറക്കി പൂച്ചകളുടെ നേർക്കെറിഞ്ഞു. ഷൂട്ടിങ്ങിനു വേണ്ടി നല്ല ഷെയിപ്പിൽ മുറിച്ചെടുത്ത മീൻ കഷണങ്ങൾ പൂച്ചകൾ താഴെ വീഴാൻ പോലും സമ്മതിച്ചില്ല. വായുവിൽ വെച്ച് തന്നെ എല്ലാ കഷണങ്ങളും പൂച്ചകളുടെ വായിലാക്കി. രണ്ടു കിലോ കേരമീൻ പൂച്ചകൾ തിന്നു തീർക്കുന്നത് കണ്ടപ്പോൾ ഭാസുരചന്ദ്രൻ്റെ രക്തവും തിളച്ചു. കൈയിലിരുന്ന വലിയ ഉരുളി ഭാസുരചന്ദ്രൻ ദേഷ്യത്തിൽ റോഡിലേക്കെറിഞ്ഞു. എനിക്ക് ഉരുളി എടുക്കാൻ സമയം കിട്ടുന്നതിന് മുൻപ് തന്നെ ഒരു ടിപ്പർ ലോറി ഉരുളിയിലേയ്ക്ക് പാഞ്ഞു കയറി. ഉരുളി ചളുങ്ങി ഉപയോഗശൂന്യമായി. ഞാൻ ക്യാമറയുമായി നേരെ വീട്ടിലേയ്ക്കും പോന്നു.
രണ്ടുമൂന്നാഴ്ച കഴിഞ്ഞു. ഞാനും ഉമ്മച്ചനും ഭാസുരചന്ദ്രനെ അന്വേഷിച്ചു ചെന്നു. ടിപ്പർ കയറി ഉപയോഗശൂന്യമായ ഉരുളി തല്ലി നിവർത്തി അതിൽ മണ്ണ് നിറച്ചു വെച്ചിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. ഉരുളിയിൽ ആരോഗ്യത്തോടെ ഒരു കാന്താരി ചെടി പടർന്നു പന്തലിച്ചു നിക്കുന്നു. നിറയെ കാന്താരി മുളക്. പൂച്ച തീട്ടം മാത്രം ഇട്ടു വളർത്തുന്ന കാന്താരിചെടി ആയതു കൊണ്ടാണോ എന്നറിയില്ല മുളകുകൾക്കെല്ലാം അസാധാരണ വലിപ്പം.