Vishnu vijayan c

Comedy

4  

Vishnu vijayan c

Comedy

മൂവാണ്ടൻ മാവും എസ്‌ യൂ വി കാറും

മൂവാണ്ടൻ മാവും എസ്‌ യൂ വി കാറും

3 mins
519



പതിവുപോലെ ഈ കൊല്ലവും വീടിന്റെ പുറകിലുള്ള മൂവാണ്ടൻ മാവ് നന്നായി കായ്ച്ചു നിൽക്കുന്നു, പക്ഷേ എന്താണെന്ന് അറിയില്ല ഇതു കാണുബോൾ എല്ലാ കൊല്ലവും ഉണ്ടാവുന്ന ഒരു സന്തോഷം ഈ പ്രാവശ്യം മനസ്സിൽ തോന്നുന്നില്ല. ആ കുറഞ്ഞു പോയ സന്തോഷത്തിനു ഒരു കാരണവും ഉണ്ട്. 


എന്റെ വീടിന്റെ മുൻപിലും പുറകിലും ഓരോ മാവ് വീതം ഉണ്ട്. പുറകിൽ നേരത്തെ ഞാൻ പറഞ്ഞത് പോലെ മൂവാണ്ടൻ മാവ് ആണ്. പക്ഷേ മുൻവശത്തെ മാവിന്റെ ബ്രാൻഡ് ഏതാണെന്നു ഒരു ഐഡിയയും ആർക്കും ഇല്ല, എന്തായാലും എല്ലാ കൊല്ലവും കൃത്യമായി രണ്ടും പൂക്കും, നിറയെ മാങ്ങയും ഉണ്ടാവും, നമുക്ക് അതു മതിയല്ലോ.വീട് വച്ചപ്പോൾ മുതൽ ഉള്ള മാവ് ആയതു കൊണ്ടു തന്നെ മൂവാണ്ടനോട് കുറച്ചു സ്നേഹം കൂടുതൽ ഉണ്ടെന്ന് വച്ചോ.


അങ്ങനെ ഓരോ കൊല്ലവും മാവുകൾ രണ്ടും പൂത്തു കൊണ്ടേ ഇരുന്നു, എന്റെ വീട്ടിലും നാട്ടിലും പല മാറ്റങ്ങൾ വന്നു. ഞാൻ എഞ്ചിനീയറിംഗ് കഴിഞ്ഞു, ലുലു മാൾ വന്നു, കാർ മേടിച്ചു, എന്റെ കല്യാണം കഴിഞ്ഞു , കേരളത്തിൽ വെള്ളപ്പൊക്കം വന്നു…. അങ്ങനെ കുറെ ഏറെ മാറ്റങ്ങൾ.

അങ്ങനെയിരിക്കെ ഒരിക്കൽ ഭാര്യക്കു ഒരു ആഗ്രഹം ഒരു SUV കാർ വാങ്ങണമെന്ന് .ഞാനും കരുതി പാലാരിവട്ടം പാലത്തിൽ കൂടി വീണ്ടും കാർ ഓടിക്കണമെന്നൊന്നും  അല്ലലോ ഒരു SUV വാങ്ങണം എന്നല്ലേ, ഹാ വാങ്ങി കളയാം.പക്ഷേ ബാക്കി ഉള്ളവർക്കു കാർ മേടിക്കാൻ പൈസ മാത്രം മതിയെങ്കിൽ, എനിക്ക് അതു മാത്രം അല്ല കുറെ ഏറെ കടമ്പകൾ കടക്കാൻ ഉണ്ട്.


അതിൽ ആദ്യത്തേത് SUV കാർ വരണമെങ്കിൽ ആദ്യം കുറച്ചു വലിയ വഴി വേണം . എന്റെ വീടിന്റെ മുൻപിലും പുറകിലും വഴികൾ ഉണ്ട്, എങ്കിലും മുൻപിൽ ചെറിയ വഴി ആയതു കൊണ്ടു തന്നെ SUV കു വരാൻ, പുറകിലേ വഴിയേ രക്ഷയുള്ളൂ. ഞങ്ങളുടെ ഈ ഭാഗത്തു ഒരു വിശ്വാസം ഉണ്ട്, മരിച്ചു മേലേക്ക് പോകുമ്പോൾ വഴി ഒക്കെ കൂടെ കൊണ്ടു പോകാമെന്നു. അതു കൊണ്ടു തന്നെ കുറച്ചു വഴി പ്രശ്നം ഒക്കെ ഉണ്ടായെങ്കിലും അതൊക്കെ ശരി ആക്കി SUV ക്കു വരാൻ വഴിയും റെഡി ആക്കി . ഗേറ്റ് ഒക്കെ ഒന്ന് വലുതാക്കേണ്ടി വരും, SUV കാർ വാങ്ങാമെങ്കിൽ പിന്നെ ഒരു ഗേറ്റ് വലുതാക്കാൻ എന്തു ബുദ്ധിമുട്ട്. 


അപ്പോൾ ദേ അമ്മയ്ക്കും ഒരു ആഗ്രഹം വീടൊന്ന് പുതുക്കി പണിയണം, അമ്മയുടെ ആഗ്രഹം അല്ലേ, പൈസയും അമ്മയുടെ തന്നെ, അതു കൊണ്ടു ആയിക്കോട്ടെ എന്ന് ഞാൻ വിചാരിച്ചു, വീട് പണിയുടെ കൂടെ ഗേറ്റും വലുതാക്കാം.പിന്നെ എല്ലാം പ്രിയദർശൻ സിനിമയുടെ ക്ലൈമാക്സ് പോലെ പെട്ടന്ന് ആയിരുന്നു, പ്ലാനുമായി എഞ്ചിനീയർ വരുന്നു, വർക്ക് തുടങ്ങുന്നു, 3 മാസത്തിൽ പണി തീരുമെന്ന് പറയുന്നു, ഞങ്ങൾ ആണെങ്കിൽ എല്ലാ കാർ ഷോറൂമിലും പോയി കാർ നോക്കുന്നു, ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നു, അങ്ങനെ മൊത്തത്തിൽ ഒരു ജഗ പോക.


ട്വന്റി ട്വന്റി പോലെ തുടങ്ങിയ പണി പതുക്കെ ടെസ്റ്റ് മാച്ച് പോലെ ആയി തുടങ്ങി.അത്രയും നാൾ ഗംഗ ആയിരുന്ന എന്റെ ഭാര്യ, പതിയെ നാഗവല്ലി ആയി മാറാൻ തുടങ്ങിയിരിക്കുന്നു.എന്തായാലും ദുർഗ്ഗാഷ്ടമിക് മുൻപ് പണി തീർന്നില്ലെങ്കിൽ നകുലന്റെ കാര്യം പോക്കാണെന്നു മനസ്സിലാക്കിയ ഞാൻ കാര്യങ്ങൾ ഒക്കെ പെട്ടന്നു ശരി ആകാൻ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ പോയി കണ്ടു(കോൺട്രാക്ടർ ), 'എല്ലാം നാം ശരിക്കാ'മെന്ന് പുള്ളി വാക്കും തന്നു.

 

എന്തായാലും നകുലന്റെ ആയുസിന്റെ ബലം കൊണ്ടോ എന്തോ ദുർഗ്ഗാഷ്ടമിക്ക് മുൻപ് പണി ഒക്കെ തീർത്തു തന്നു, പുറകിലെ ഗേറ്റും വലുതാക്കി, അങ്ങനെ അമ്മയും ഹാപ്പി ഭാര്യയും ഹാപ്പി. ഇനി SUV വരാൻ ഉള്ള റെഡ് കാർപെറ്റ് മാത്രം വിരിച്ചാൽ മതി. അങ്ങനെ വീട്ടിലേക്കു ടെസ്റ്റ് ഡ്രൈവിന് SUV കാർ കൊണ്ടു വന്നു, എല്ലാവരും ആകംക്ഷയോടെ നോക്കി നിൽക്കയാണ് ആദ്യമായി വീട്ടിൽ SUV കയറുന്നത് കാണാൻ, റെയിൽ ഗേറ്റ് പോലുള്ള ഗേറ്റ് ഒക്കെ തുറന്നു SUV അകത്തു കയറാൻ റെഡി ആയി നിന്നു, മലമ്പാബ് ഇരയെ വിഴുങ്ങാൻ കഷ്ട പെടുന്ന പോലെ എത്ര ശ്രമിച്ചിട്ടും കാർ മുഴുവൻ ആയി അകത്തേക്കു കയറുന്നില്ല. KSRTC ഡ്രൈവർമാരെ പോലെ എങ്ങനെ കുത്തിക്കയറ്റാൻ നോക്കിയിട്ടും രക്ഷയില്ല. 


അവസാനം ആ വേദനപ്പിക്കുന്ന സത്യം ഞാൻ മനസ്സിലാക്കി, മൂവാണ്ടൻ മാവും, SUV കാറും കൂടെ ഈ വീട്ടിൽ വാഴില്ല.മാവ് ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയെങ്കിൽ എല്ലാം ഓക്കേ ആയേനെ. മാവ് മുറിക്കാൻ അമ്മയും കാർ വാങ്ങാതിരിക്കാൻ ഭാര്യയും സമ്മതിക്കില്ല, അതുറപ്പ്, പക്ഷേ Dr.സണ്ണി പറഞ്ഞ പോലെ എനിക്ക് രണ്ടുപേരെയും വേണം.


അമ്മ ആണെങ്കിൽ ഒരു ആകാശദൂത് ലൈൻ,  ഫുൾ സെന്റിമെൻസ് ആണ്, എത്ര നാൾ കൊണ്ടാണ് അതു വലുതായതു അതിനെ ഒറ്റയടിക്ക് ഒരു കാറിനു വേണ്ടി വെട്ടി മാറ്റുന്നത് എങ്ങനെ, അമ്മയുടെ അച്ഛൻ കൊടുത്ത മാവിന്റെ തൈ ആണെന്ന് ഉള്ള പുതിയ കഥ വരെ ആയി, "ഹാ പിന്നെ നിനക്ക് വേണ്ടി ഞാൻ എന്തും സമ്മതിക്കാം", അങ്ങനെ അമ്മ സ്ഥിരമായി കാണുന്ന സീരിയലിന്റെ തിരക്കഥ ഒക്കെ അമ്മ തന്നെ ആണോ എഴുതുന്നതെന്ന് എനിക്ക് സംശയം തോന്നി തുടങ്ങി.


ഭാര്യ ആണെങ്കിൽ ഏത് നിമിഷവും നാഗവല്ലി ആയി മാറാവുന്ന അവസ്ഥ, ഈ പ്രാവശ്യം നകുലനെ രക്ഷിക്കാൻ ഒരു Dr.സണ്ണിക്കും കഴിയില്ല അത് ഉറപ്പാണ്. ഇതിലെ രസം എന്താന്നു വച്ചാൽ ഇവർ രണ്ടു പേരും തമ്മിൽ ഇതിനെ പറ്റി ഒരു സംസാരവുമില്ല , അവർ ആരും അസൂയ പെടുന്ന പോലെ ഉള്ള അമ്മായിഅമ്മയും മരുമോളും, ഒരുമിച്ച് പുറത്തു പോകുന്നു, ഷോപ്പിംഗിനു പോകുന്നു അങ്ങനെ എപ്പോഴും ഒരുമിച്ച്. ഇതൊക്ക കാണുമ്പോൾ മാടമ്പള്ളിയിലെ ആ ചിത്ത രോഗി ഞാൻ തന്നെ ആണോ എന്ന് എനിക്ക് തന്നെ സംശയം തോന്നി തുടങ്ങി. 


ഈ മാവും കാറും എനിക്കൊരു തീരാ തലവേദന ആവുമെന്ന് മനസിലാക്കിയ ഞാൻ അവസാനം ഒരു തീരുമാനത്തിൽ എത്തി, എന്തായാലും മാവ് പൂത്തു എന്നാൽ പിന്നെ ഈ പ്രാവശ്യത്തെ മാങ്ങകൾ കൂടി കഴിച്ചിട്ട് നമ്മുക്ക് തീരുമാനിക്കാം മൂവാണ്ടൻ വേണോ SUV വേണോ എന്ന്.


മാവ് പൂത്തിട്ടും എനിക്ക് പഴയതു പോലെ സന്തോഷം തോന്നാത്തതിന് ഒരു കാരണം ഉണ്ടെന്നു പറഞ്ഞില്ല, ദാ ഇതാണ് ആ കാരണം. നോട്ട് എണ്ണുന്ന മെഷീൻ കാണാതെ പോയ മാണി സർ നെ പോലെ ആ പൂത്തു നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ മുകളിലേക്കു എന്താ ചെയ്യണ്ടെന്നു അറിയാതെ ഞാൻ നോക്കി നിന്നു .എന്റെ അവസ്ഥ കണ്ട് ആ മാവ് മുത്തശ്ശി പോലും വിചാരിച്ചിട്ടുണ്ടാവും, ഒരു കാലുണ്ടായിരുന്നെങ്കിൽ ജസ്റ്റ് ഒന്ന് മാറിനിൽക്കായിരിന്നു എന്ന്. 


ഹാ പറഞ്ഞിട്ട് കാര്യം ഇല്ല, എന്തായാലും കണ്ടറിയാം, അടുത്ത കൊല്ലം മൂവാണ്ടൻ മാവ് വീണ്ടും പൂക്കുമോ, അതോ SUV അകത്തു കയറുമോ എന്ന്. അതോ ഇനി ഈ മുവാണ്ടനും SUV യും കാരണം ഞാൻ ഒരു ഫ്ലൈ ഓവർ കൂടി പണിയേണ്ടി വരോ ആവോ . !!! 

 


Rate this content
Log in

Similar malayalam story from Comedy