പ്രതിരോധത്തിന്റെ മധുരം
പ്രതിരോധത്തിന്റെ മധുരം
‘വിദ്യാഭ്യാസകാലഘട്ട’ത്തിൽനിന്നും വിരമിക്കേണ്ട സമയം അതിക്രമിച്ചതിനെക്കുറിച്ച് ചിന്തിക്കുവാൻ ഉതകും വിധമാണ് ഞാൻ പ്ലസ്-വൺ പഠനം ആരംഭിച്ചത്. ഹ്യുമാനിറ്റീസ് ന് അഡ്മിഷൻ ലഭിച്ചു. പക്ഷെ ഇത്രയും കാലം ‘പഠിക്കാ’ത്തത് കൊണ്ടാവാം സയൻസ് ഗ്രൂപ്പ് ലഭിക്കാതിരുന്നത് എന്നുള്ള ‘ഉപദേശി’കളുടെ തിരിച്ചറിവുമൂലം, സയൻസിൽ കയറിപ്പറ്റി. ബാഗുമായി ആദ്യം ക്ലാസ്സിൽ കയറിച്ചെന്ന ആ നിമിഷംതന്നെ മനസ്സിലായി -തോറ്റു തുന്നം പാടും എന്ന്. എന്തുചെയ്യും -തോൽക്കാൻ ഇനി രണ്ടുവർഷം കഴിയണം…’കാത്തിരിക്കണം’.
‘മുഖവുര’ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു. തറവാട്ടുമഹിമയുള്ള ഇല്ലങ്ങളിൽ പ്രണയം നിഷേധിക്കപ്പെട്ട് വലയുന്ന ‘നന്ദിനി’ക്കുട്ടികളെപ്പോലെ ദിവസങ്ങൾ തള്ളിനീക്കേണ്ട അവസ്ഥ… പേപ്പറിൽ മാർക്ക് ഉണ്ടേൽ അത്യാവശ്യം കുരുത്തക്കേടൊക്കെ ക്ഷമിക്കപ്പെടും പക്ഷെ എന്റെ അവസ്ഥ മറിച്ചായതിനാൽ എട്ടുവർഷത്തിനുശേഷം ‘ടക്ക് ഇൻ’ ചെയ്ത ഷർട്ട് അതേപോലെ രണ്ടുവർഷവും ഇടേണ്ട അവസ്ഥ. അങ്ങനെ ഒന്നാംവർഷം പൂർത്തിയായി.
ZOOLOGY പഠിപ്പിക്കുന്ന സാറിന് ഒരു പ്രത്യേകത ശ്രദ്ധാവഹമാണ്. അതുവരെയുള്ള എന്റെ എക്സ്പീരിയൻസ് വെച്ച് പഠിക്കാതെ വരുന്നതിനുള്ള ശിക്ഷയെ രണ്ടുരീതിയിലാണ് നേരിടാറ് -ഒന്ന്, ചൂരലുകൊണ്ടുള്ള അടി മനസ്സിരുത്തി വാങ്ങിക്കും... രണ്ട്, തരുന്നയത്രയും ഇമ്പോസിഷൻ അറിഞ്ഞങ്ങെഴുതും. ഇതിനപ്പുറത്തേക്ക് സാധാരണ, അധ്യാപകർ പോകാറില്ല. സാറിന്റെ എക്സ്പീരിയൻസ് കൊണ്ടാവണം എന്നു ഞാൻ കരുതുന്നു -എന്നെപ്പോലുള്ളവരുടെ മേൽപ്പറഞ്ഞ പ്രതിരോധത്തെ അദ്ദേഹം മറികടന്ന് സിംപിളായി ഞങ്ങളെ പരിചിതമല്ലാത്തൊരു പ്രതിരോധത്തിലാഴ്ത്തും= മാർക്ക് കുറഞ്ഞാൽ രക്ഷകർത്താവിനെ കൂട്ടിക്കൊണ്ട് വരുവാൻ പറയും... രക്ഷകർത്താവ് വീട്ടിൽ നോക്കിയിരിക്കുകയാകും ‘വരില്ല’ എന്ന് പറയുവാൻ! രക്ഷകർത്താവ് വരുന്നതിനൊപ്പം മുറയനുസരിച്ചുള്ള ശിക്ഷ ലഘുവായി കിട്ടി അങ്ങനെ തത്കാലികമായി പ്രശ്നം അവസാനിക്കും. സത്യംപറഞ്ഞാൽ രക്ഷകർത്താവ് വന്നുപോകുന്ന ദിവസം, വന്നുപോയശേഷം ഒരു വല്ലാത്തതരം സന്തോഷമായിരിക്കും നമുക്ക്.
രണ്ടാംവർഷം തുടങ്ങിയതോടെ RECORDകളുടെ കാലം തുടങ്ങുകയായി. ZOOLOGY RECORD ന്റെ കാര്യ-കാരണങ്ങൾ വിവരിച്ചുബോധ്യപ്പെടുത്തിയ
ശേഷം അദ്ദേഹം പറഞ്ഞു -പറഞ്ഞിരിക്കുന്നതുപോലെ, പറഞ്ഞതത്രയും എഴുതി പൂർത്തിയാക്കിയേക്കണം.ഞാൻ ഒന്നും നോക്കിയില്ല, പറഞ്ഞിരിക്കുന്നതുപോലെ പറഞ്ഞതത്രയും എഴുതി പൂർത്തിയാക്കിവെച്ചു. രണ്ടാംവർഷം അവസാനമായതോടൊപ്പം റെക്കോർഡിന്റെ കാര്യത്തിലെ ഡെത്ത് ഓവറുകളുമായി. എല്ലാവരുടെയും ഓർമയ്ക്കായി സാർ ഒരിക്കൽക്കൂടി റെക്കോർഡിന്റെ കാര്യ-കാരണങ്ങൾ വിവരിച്ചതോടെ ഞാൻ കുടുങ്ങി- ഇത്തവണ കാര്യമായ പരിഷ്കാരങ്ങൾ വരുത്തിയാണ് സാർ ബോധ്യപ്പെടുത്തിയത്. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം ‘ധോണി’ മാത്രം -അവസാനം എഴുതിക്കൂട്ടാം എന്നുറച്ച് മറ്റെല്ലാവരും ഇതുവരെ റെക്കോർഡിൽ കൈവെച്ചിട്ടില്ലായിരുന്നു! വേറെ നിവർത്തിയില്ലാത്തതുകൊണ്ട് ഒരാളോടും ഒന്നും മിണ്ടാനാകാതെ ഞാൻ, എന്റെ ഓർമ ശരിയാണെങ്കിൽ ഏകദേശം മുപ്പത് പേജെങ്കിലും കാണും പെൻസിലുകൊണ്ടെഴുതിവെച്ചത് ‘പെൻസിലുകൊണ്ടുതന്നെ’ മായ്ച്ചു. മായ്ച്ച പേജുകളുടെ അവസ്ഥ ഊഹിക്കാമല്ലോ... എന്റെയും!
അങ്ങനെ സാർ റെക്കോർഡ് പരിശോധിക്കുന്ന ദിവസം വന്നെത്തി. പുതുക്കിയെടുത്ത റെക്കോർഡുമായി ഞാൻ സാറിന്റെ മുന്നിൽ ഹാജരായി, എന്റെ ഊഴം എത്തി. സാർ റെക്കോർഡ് മേടിച്ച് മറിച്ചുനോക്കിയശേഷം അവിടെ കൂടിയിരുന്ന എന്റെ ക്ലാസ്സ്‌മേറ്റ്സ്സിനോടായെന്നപോലെ ഉറക്കെ പറഞ്ഞു, റെക്കോർഡ് എന്നുവെച്ചാൽ ഇതുപോലെ ആയിരിക്കണം എന്ന്. ആ നിമിഷം ഞാൻ വിചാരിച്ചത് എന്റെ റെക്കോഡ് എടുത്തെറിയും അടുത്ത നിമിഷം എന്നാണ് -സാർ ഇടയ്ക്ക് സമാനമായ ചില ‘ട്വിസ്റ്റുകൾ’ സംഭവിപ്പിക്കാറുണ്ട്. പക്ഷെ വന്ന നിമിഷം തന്റെ ആദ്യവാചകങ്ങൾക്ക് തുണയേകുംവിധമാണ് സാർ അടുത്തവാചകം പുറപ്പെടുവിച്ചത്! അടുത്തുനിന്നിരുന്ന ക്ലാസ്സ്‌മേറ്റ് പെൺകുട്ടി എന്നെനോക്കി പുഞ്ചിരിച്ചു, തിരികെ ഞാനും. റെക്കോർഡിൽ സാറിന്റെ SIGNATURE വാങ്ങി ലാബിൽ നിന്നും പുറത്തേക്ക് ചുവടുകൾ വെയ്ക്കുമ്പോൾ അനുഭവിച്ചൊരു സന്തോഷം...!
ഒന്നും ഒരിക്കലും എവിടെയും തീരുന്നില്ല. എന്റെ കാഴ്ചയിൽ ഒതുങ്ങിയ കാര്യങ്ങൾ മാത്രമാണിവിടെ പറഞ്ഞിരിക്കുന്നത്, സാറിനു മുൻപിൽ ഇപ്പോഴും ഞാൻ, മോഡൽ പ്രാക്ടിക്കൽ എക്സാമിന് COCHLEA ഐഡന്റിഫയ് ചെയ്ത് FOLLICLE എന്നുപറഞ്ഞ ഒരു Zoology വിദ്യാർത്ഥി മാത്രം! റെക്കോർഡുകൾ ഇനിയും മൂന്നെണ്ണം ബാക്കിയുണ്ട്, തല്ക്കാലം ഞാനൊന്ന് തോറ്റുറങ്ങട്ടെ.