JKV NBR

Children Stories Comedy Others

4  

JKV NBR

Children Stories Comedy Others

വിനോദം

വിനോദം

3 mins
13



അടുക്കളയിൽ നിന്നും ആവി പറന്ന് പുറത്ത്‌ വരാന്തയിൽ എത്തി. വരുന്ന വിരുന്നുകാരെയെല്ലാം സ്വാഗതം ചെയ്യുന്നത് കൊതിയൂറുന്ന ചൂടാവി പാറുന്ന ഗന്ധത്താലാണ്‌. അകത്തു നിന്നും അമ്മായികൊച്ചമ്മമാരുടെ ചിരിയും ബഹളവും കേൾക്കാം.


" ഇപ്പൊ വന്നതേള്ളൂ? "


അകത്തേക്ക് കേറുന്നതിന് മുൻപ് അമ്മാവന്മാരുടെ ചോദ്യങ്ങളും സ്വാഗതവും.


" രാവിലെ അങ്ങട് പോന്നതാ ". 


ഇത്ര കേട്ടപ്പോൾ തന്നെ അകത്തേക്ക് പോയി. ബാക്കി ചോദ്യോത്തര വേളകൾ കഴിഞ്ഞ് അമ്മയും. അകത്തേക്ക് കേറിയപ്പോൾ സ്ത്രീ ജനങ്ങളുടെ കലഹവും ചൂടും അവരുടെ കുട്ടികളുടെ കലപിലയും പോരാത്തതിന് അവർ പൂശിയ ചായങ്ങളുടെയും പെർഫ്യൂമുകളുടെയും സുഗന്ധം പിന്നെ കുറച്ചു ചോദ്യങ്ങളും.


" എന്തായി പഠിത്തമൊക്കെ?, എങ്ങനുണ്ട് പരീക്ഷയൊക്കെ? , ഇനി എത്രെക്കാ? ".  


എല്ലാത്തിനും ഒരു മറുപടിയങ്ങ് പറഞ്ഞു.


" കുഴപ്പമില്ല അടിപൊളി ആണ് എല്ലാം കുഴപ്പല്ലാതെ പോകുന്നുണ്ട് ". 


ആകെ തളർന്നു തല വേദനയെടുത്തപ്പോൾ ഒരു ഭാഗത്തു ചെന്നിരുന്നു. എല്ലാരും ഒത്തു കൂടിയ ദിവസമായതിനാൽ അടുക്കളയിലും അകത്തും പുറത്തും ആയി ധാരാളം പണിതിരക്കുകളാണ് കാണാൻ കഴിഞ്ഞത്‌. ധാരാളം പണികളുണ്ടായിരുന്നു. അമ്മയും അനിയത്തിയമ്മയും പ്രധാനമായും അടുക്കള സംബന്ധമായ എല്ലാ പണികളിലും മുന്നിൽ നിന്ന് തന്നെ ഏറ്റെടുത്തു ചെയ്യും.പിന്നെ അവരെക്കൊണ്ട് പറ്റുന്ന പുറം പണികളും . സ്വന്തം തറവാടായതു കൊണ്ടാകാം. ബാക്കിയുള്ളവർ വര്ന്നൊർക്ക് സ്വന്തമായി പൂശിയ പെർഫ്യൂമുകളുടെ സുഗന്ധം പകർത്താനും ചോദ്യോത്തര വേള കഴിഞ്ഞ് തല വേദന വരുത്താനും.വരുന്നവർക്ക് വെള്ളം പോലും ആരും തരാൻ കാണില്ല. 


" അറിയോ? ". 


വരുന്നോരെല്ലാം എന്നോട് ചോദിക്കുന്ന മറ്റൊരു ചോദ്യം. 


" ഏയ് അറിയില്ല " എന്നങ്ങു പറയും. 


" ഹഹ അയ്ശെരി ". അത്രേള്ളൂ പിന്നെയൊന്നും ചോദിക്കാൻ വരില്ല. 

      

            കുക്കർ പണികളെല്ലാം മറ്റു അമ്മായിമാരൊക്കെ കൂടെ ചെയ്യും.


" മോളു ഈ കുട്ടീനെ ഒന്ന് പിടിക്കു ട്ടോ ".


അമ്മായിയുടെ ഇളയ കുട്ടി കയ്യിൽ വിസിൽ കോപ്പ് കൊണ്ട് കളിക്കുന്നു.മൂത്തവൾ ഫോണിലും. രണ്ട് പേരും കസിൻസാണ്‌. അമ്മായിമാർക്കോ കുക്കറിൽ വച്ചുണ്ടാക്കുന്ന തിരക്കും. വീട്ടുകാർക്ക് അടുപ്പിൽ തീയൂതിയും പണി തിരക്കാണ്. കുക്കർ കിടന്നു ചൂടാവുന്നേയുള്ളൂ. 


" ഇതെന്താ  ഇവൾ ഏത് നേരവും ഫോണിലാ? " എന്ന് ഒരു കാരണത്യോരുടെ ചോദ്യം.  


" ആ അതെ ഒൻപതിലാ പഠിക്കുന്നെ ".


" കുറച്ചു കഴിഞ്ഞാൽ ചെറിയ ആൾക്കും ഇത് പോലെ ഒരു പെട്ടി വേണ്ടി വരും ". 


" മ് മം " എന്ന് മൂളി മറ്റു മറുപടികളൊന്നും പറയാതെ അമ്മായി പുറത്തേക്ക് കടക്കുമ്പോൾ, 


 "മോളെ ഈ കുക്കർ, നാല് വിസിലടിച്ചിട്ട് ഓഫാക്കണം ട്ടോ ". 


" മ് മം " എന്നവൾ കേട്ട പാതി കേൾക്കാത്ത പാതി ഫോണിൽ നോക്കിക്കൊണ്ട് മൂളി. 


കുറച്ചു നേരം കഴിഞ്ഞതും കുക്കർ വിസിലടിക്കാൻ തുടങ്ങി . ഇവൾ അത് ശ്രദ്ദിച്ചില്ല. 


" മോളേ ". 


" ആാാ ". 


" വിസിലടിച്ചെങ്കിൽ ഓഫാക്കിക്കോ ". 


കുറച്ചു ദൂരെ നിന്നായി വിളിച്ചു പറയുന്നുണ്ടാരുന്നു. .  


" ഇല്ല..ഇപ്പോൾ ഓഫാക്കാം "  


" ബ്രോ..ഇതെത്ര അയി.. "


"ഹാ അറിയില്ല..ഒന്നുമറിയാത്ത ഭാവത്തിൽ ഞാനങ്ങ് പറഞ്ഞു.."


" ഇനിയിപ്പോ എന്ത് ചെയ്യും..? "


" നീ ആ വിസിലെടുത്ത് അടിച്ചോ.. "


 " അത് വേണോ? കാര്യം പറ ". 


" ആ ധൈര്യായിട്ട് അടിച്ചോ.. അവർ വിശ്വസിച്ചോളും.."


ഉടനെ അവൾ  " ഇപ്പൊ തരാട്ടോ " എന്നും പറഞ്ഞ് കുട്ടീടെ കയ്യിന്ന് വിസിൽ പിടിച്ചു വാങ്ങി. കുട്ടി അവളെ തുറിച്ചൊരു നോട്ടം നോക്കി . അത് വക വയ്ക്കാതെ തിരിഞ്ഞ് നിന്ന് എന്നോട്  

" ബ്രോ എത്രവട്ടം വിസിലടിക്കണം? ".


അപ്പൊഴേക്കും കുക്കർ രണ്ട് വിസിലടിച്ചു കഴിഞ്ഞിരുന്നു.  


" രണ്ടെണ്ണം മതി ".


ഉടനെ അവൾ ആഞ്ഞു വിസിലടിച്ചു.


" ആരാ അവടെ വിസിലടിക്കുന്നെ " അവൾ പതുക്കെ വിസിൽ കുട്ടീടെ കയ്യിൽ കൊടുത്ത് പതുക്കെ ചോദിച്ചു 


" ബ്രോ ഇനി ഓഫാക്കട്ടെ ". 


 " ആ അയ്ക്കോട്ടെ ".


" ബ്രോ അമ്മ അറിഞ്ഞാൽ കൂടെ നിക്കണേ ".


" ആ അയ്കോട്ടെ ".


ശേഷം അവൾ ഫോണിലേക്ക് തിരിഞ്ഞു. ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ഒരു പതുങ്ങിയ ചിരിയോടെ ഉമ്മറത്തേക്ക് നടന്നു. പോകുന്ന വഴിക്ക് ഒരു അമ്മായി കാരണത്യോര്,  


" ആരാ ഇങ്ങനെ വിസിലടിക്കുന്നെ? ". 


" അത് കുക്കറെയ് ". 


" കുക്കറിങ്ങനെ വിസിലടിക്കോ? ". 


" ആ ഇപ്പൊഴത്തെ കുക്കറൊക്കെ അങ്ങനാ ". 

" ആ അയ്ശെരി ".


ചിരിച്ചു മൂളിക്കൊണ്ട്  പിന്നങ്ങോട്ട് കടന്നപ്പോൾ അവിടെ കിടക്കയിൽ വിശ്രമിക്കുന്ന അമ്മച്ചൻ, 


" എടാ ഇയ്യ് ആ ബൾബൊന്നൂതി പൊയ്ക്കാ".


" ഏഹ് എന്ത്? ". 


" ആ ലൈറ്റൊന്നൂതെ " .


ലൈറ്റ് ഓഫാക്കാൻ പറഞ്ഞത് മനസ്സിലാകാത്ത ഭാവത്തിൽ, പിന്നൊന്നും നോക്കീല ഭിത്തിയോട് ചേർന്ന തിണ്ടിന്മേൽ ചവിട്ടി പിടിച്ചു കൈകൾ കട്ടിളയിൽ അമർത്തിപിടിച്ചു ഉള്ള ശ്വാസമെല്ലാം എടുത്ത് കത്തി നിൽക്കുന്ന ബൾബിലേക്ക് ശക്തമായി ഊതി താഴേക്കിറങ്ങി.


" ഊതി ട്ടോ " എന്നും പറഞ്ഞു ഒരു അട്ടഹാസ ചിരിയോടെ പോകാൻ നിന്നു അപ്പോൾ അനിയത്തിയമ്മ വരുന്നുണ്ട് എന്തോ എടുക്കാൻ തിരക്കിട്ട് വരാ  


" എട്യേ ആ ലൈറ്റൊന്നൂതിക്കാ " . അപ്പോൾ തന്നെ സ്വിച്ച് ഓഫ്‌ ചെയ്തു ലൈറ്റ് കെടുത്തി പെട്ടെന്ന് പോയി. പണ്ട് വിളക്കൂതെന്ന് പറഞ്ഞു  ശീലിച്ചവർക്ക് ഇപ്പോൾ ലൈറ്റൂതെന്ന് പറയേണ്ടി വരുമ്പോൾ ഉള്ള അവസ്ഥ. ഉമ്മറത്തേക്ക് ചെന്നപ്പോൾ പാത്രങ്ങളിലായി കുറേ ബേക്കറികളും പഴങ്ങളും. കാരണവൻമാരും അമ്മാവൻമാരും ചായ കുടിച്ച് വലിയ വർത്താനങ്ങൾ പറഞ്ഞിരിക്കുന്നു. ഞാൻ മെല്ലെ കുമ്പിട്ട് ജിലേബി എടുക്കാൻ നോക്കിയപ്പോൾ  


" ആഹാ അറിയോ? " ഒന്ന് തലയുയർത്തി നോക്കി ഞാൻ പറഞ്ഞു 


"  ആ പിന്നെ അറിയാലോ ". 


" ആ ഹഹ ഹൊഹ്‌ ഹോ ".


   ഞാൻ പുറത്ത് പോയി ജിലേബി ആസ്വദിച്ചു കഴിച്ചു..പതുക്കെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അല്ലാതെ എനിക്ക് അവിടെ വല്ല്യ റോളൊന്നൂല. എന്തെങ്കിലും തിന്നുക അങ്ങോട്ടും ഇങ്ങോട്ടും നടക്കുക. 

   

              ഇലയിട്ടു. കാരണവാന്മാരും അമ്മാവൻമാരെല്ലാം ഇരുന്നു. എല്ലാ തരം വിഭവങ്ങളും ഉള്ള വിഭവ സമൃദ്ദമായ സദ്യ. അങ്ങനെ കഴിച്ചും വിളമ്പിയും ഇരിക്കുമ്പോൾ ആണ് ഞാൻ പുറത്ത് എല്ലാ കാഴ്ചയും കണ്ട് കഴിഞ്ഞ് അവശനായി കേറി ചെന്നത്. പിന്നെ അവിടെ അങ്ങ് ഇരുന്നു. പിന്നെ വീണ്ടും പുറത്തോട്ട് പോകാൻ ഒരുങ്ങുമ്പോൾ ആണ്, കഴിച്ചു കൊണ്ടിരിക്കുന്ന കാരണവന്മാരിൽ ഒരാൾ


 " ഇതെന്താ ഈ കൂട്ടാനിലെ കക്ഷണം വെന്തിട്ടില്ലല്ലോ? " 


അമ്മായി " ഞാൻ അത് കുക്കറിൽ നന്നായി വേവിച്ചതാണല്ലോ?! " .


അത് കേട്ടപ്പോൾ ഇരുന്നിടത്ത്‌ നിന്ന് കസിൻ ഒന്ന് പരുങ്ങി എഴുന്നേറ്റു.എന്നിട്ട് എന്റെ മുഖത്തോട്ട് ഒരു വിളറിയ നോട്ടം. അമ്മായി മകളോട്  


" എടി കുരങ്ങച്യേ നിന്നോടല്ലേ പറഞ്ഞേ വിസിലടിച്ചിട്ട് ഓഫാക്കി മതിയെന്ന്? " . 


" ഞാൻ 'വിസിലടിച്ചിട്ടാ' ഓഫാക്കിയെ ". 


" ഈ കുക്കർ എത്ര വിസിലാ അടിച്ചത്? ". 


" അതെനിക്കറിയില്ല . പക്ഷെ ഞാൻ രണ്ടു വട്ടം വിസിലടിച്ചു ". 


"നിന്നോടാണോടി വിസിലടിക്കാൻ പറഞ്ഞത്? " .


അപ്പോൾ മറ്റൊരു കാരണത്യോര് " ഈ കുട്ടികൾക്ക് ഇപ്പൊ ഫോണിൽ കളിച്ചിട്ട് അടുക്കള കാര്യങ്ങളെ പറ്റി ഒന്നും അറിയില്ല ".


ആ ഒരു ബഹളത്തിൽ ആരും അത് കേട്ട ഭാവം പോലും നടിച്ചില്ല.


അപ്പോൾ ഒരു കാരണവർ " ആ പോട്ടെ ങ്ങള് ഇനി അതിനെ ചൊല്ലി ഒരു തർക്കം വേണ്ട " . കസിൻ തുടർന്നു.


"  ആ ഏട്ടനാ പറഞ്ഞത് വിസിൽ ഞാൻ അടിച്ചാ മതിയെന്ന് ".


ഞാൻ എല്ലാരേം നോക്കി ഒന്നും അറിയാത്ത ഭാവത്തിൽ ചിരിച്ചു. അവൾ എല്ലാം ശരിയായില്ലേ എന്ന ഭാവത്തിൽ എന്നെ നോക്കി. ഞാൻ അപ്പോൾ തലയിൽ കൈ വച്ചുപോയി.


അമ്മായി വീണ്ടും  " ഏട്ടൻ പറയുന്നത്‌ നീ എന്തിനാ കേൾക്കുന്നേ? നിനക്കറിയില്ലേ? നീ ഇത്ര മണ്ടിയാണോ? ".


അതങ്ങനെ തുടർന്നോണ്ടെയിരുന്നു. ഞാൻ ജഗ്ഗിൽ നിന്നും വെള്ളം കുടിച്ച് പതുക്കെ പുറത്തേക്ക് പോയി. ഒരു നല്ല ദിവസം എത്ര പേരെയാണ് വിഡ്ഢികളാക്കിയതെന്ന് ആലോചിച്ചു ചിരിച്ചു. വെറുതെ ഇരിക്കുന്നവർക്കും വേണ്ടേ എന്തെങ്കിലും ഒരു വിനോദം...




Rate this content
Log in