ദാരിക വധം
ദാരിക വധം
കാളിയും ദാരികനും..
ഇതിനു പിറകിലെ കഥയെന്തെന്ന് ഇപ്പോഴും വലിയ അറിവില്ല.. എന്തിനാണ് കാളി ദാരികനെ വധിച്ചത്..? അതിനു പിന്നിലെ പ്രതികാര കഥയെന്ത്..? എന്നൊക്കെ
എന്നാൽ തട്ടകത്തിൽ ഒരമ്പലമുണ്ട് ശ്രീ മൂടാനംപറ്റ ഭഗവതി ക്ഷേത്രം എന്ന പേരിൽ. കാളി ആണ് അവിടുത്തെ പ്രധാന പ്രതിഷ്ഠ.എല്ലാ വർഷവും മാർച്ച് മാസം രണ്ടാമത്തെയൊ മൂന്നാമത്തെയൊ ആഴ്ച്ച വെള്ളിയാഴ്ച ആയിരിക്കും അവിടുത്തെ താലപ്പൊലി മഹോത്സവം..
ഉത്സവത്തിന്റെ കുറച്ച് നാളുകൾക്ക് മുന്നേ തന്നെ, അതായത് ഒരാഴ്ചക്ക് മുൻപ് പി
സംഭാവനക്കാർ താലപ്പൊലിയുടെ ക്ഷണനവുമായി പോസ്റ്റർ ഒക്കെയായി വീട് വീടാന്തരം കയറിയുറങ്ങും..
അമ്പലത്തിൽ ഉത്സവസൂചനക്കായി കൊടി മരം നാട്ടുന്ന പതിവുണ്ട്.. ഇതിനായി വലിയൊരു കവുങ്ങിൻ തടിയാണ് ഇവർ ഉപയോഗിക്കുന്നത്.. അന്ന് ആരുടെ ഉടമസ്ഥവകാശത്തിലുള്ള തൊടിയിലാണോ പറ്റിയ കവുങ്ങ് കണ്ടത്, അവരോട് അനുവാദം ചോദിച്ച് വാങ്ങും.. അമ്പലത്തിലേക്കുള്ള കാര്യമായതുകൊണ്ട് വിലക്ക് പറയാൻ നിൽക്കാതെ സ്വതാല്പര്യത്തോടെ കൊണ്ട് പൊയ്ക്കോളാൻ പറയും.. അവരത് നാലാളു കൂടി മുറിച്ചു കൊണ്ട് പോകും.. എന്നിട്ട് ഉത്സവത്തിന്റെ ഒരു ദിവസം മുൻപ് രാവിലെ തന്നെ കൊടിനാട്ടൽ ചടങ്ങ് നടത്തും..
ഉത്സവദിനം, രാവിലെ ഒരു മഹാഗണപതിഹോമ പൂജ ഉണ്ടായിരിക്കും.. അതിന്റെ പ്രസാദമായി ലഭിക്കുന്നത് അവിൽ, തേങ്ങാപൂളുകൾ,ശർക്കര ഉരുക്കിയത്, തേൻ, ബാക്കി സുഗന്ധ സാമഗ്രികൾ എല്ലാം കൂടെ ചേർത്ത് ഒരുക്കിയ പ്രസാദമായിരിക്കും..
പിന്നെ ഉച്ചപൂജ കഴിഞ്ഞ് സദ്യ ഉണ്ടായിരിക്കും.. അത് കഴിഞ്ഞ് ആണ് പിന്നെയുള്ള പരിപാടികളുടെ ഒരുക്കങ്ങൾ..
പണ്ടൊക്കെ വെള്ളിയാഴ്ച ഉച്ചക്ക് സ്കൂൾ വിട്ട് വന്ന് കഴിഞ്ഞാൽ നേരെ ഒരു പോക്കാണ് അമ്പലത്തിലേക്ക്.. ഉച്ചയൂണിന് വേണ്ടി. ഊണല്ല സദ്യ എന്ന് തന്നെ പറയാം..മിക്കവാറും വെള്ളിയാഴ്ച സമയങ്ങളിൽ ആണല്ലോ പി ടി എ മീറ്റിങ്ങും ഒക്കെ ഉണ്ടാകുന്നത് ആ സമയത്ത് ഉച്ചക്ക് വിടുന്ന പതിവുണ്ട്.. മാർച്ച് മാസം ആയതുകൊണ്ട് പരീക്ഷ ചൂടിനെ കുറിച്ച് വീട്ടുകാരോട് പ്രഭാഷണം നടത്താൻ ആയിരിക്കും ഈ പി ടി എ മീറ്റിംഗ് ഒക്കെ വക്കുന്നത്.. അതിനാണ് ഉച്ചക്ക് വിടുന്നത്.. ഹാ ഇനിയിപ്പോൾ പിടി എ മീറ്റിംഗ് ഇല്ലേലും വീട്ടിലേക്ക് വിട്ടില്ലേലും എങ്ങനെയെങ്കിലും ഇന്റർവൽ സമയത്ത് ഒരു മണിക്കൂർ നേരം കൊണ്ട് ഓടിപ്പോയി ഊണ് കഴിച്ചങ്ങ് വരും. വീടിനോട് തൊട്ടടുത്താണല്ലോ സ്കൂൾ അതുകൊണ്ട്..
സദ്യക്ക് ഒടുവിൽ അതേ ഇലയിൽ തന്നെ ഒഴിച്ച് കിട്ടുന്ന കഠിന പായസം ഉണ്ട്.. അതാണ് അസൽ ഇനം നല്ല ചൂട് ശർക്കര കഠിന പായസം.. ഉണക്കമുന്തിരി ആണ് അതിലെ പ്രേത്യേക ഇനം..
സംഗതി അതിലൊന്നുമല്ല.. വൈകുന്നേരം മൂന്ന് മൂന്നര ആകുമ്പോൾ അമ്പലത്തിൽ നിന്നും എഴുന്നള്ളത്ത് തുടങ്ങും.. വെള്ള സെറ്റ് സാരിയും ഉടുത്ത് താലം പിടിച്ച് റോഡിന്റെ ഇരുവശത്തും വരി വരിക്ക് വരുന്ന വയസ്സ് ആയതും ചെറുപ്പക്കാരികളും യുവതികളുമായ സ്ത്രീകൾ ഒട്ടനവധി ഉണ്ടാകും.. ഇതിന്റെ നടുക്കായിരിക്കും കാളി വേഷം കെട്ടിയ ദൈവരൂപവും ഉണ്ടാകുന്നത്.. കാളി എന്ന് പറയും..
ഇനി അതിനെ കുറിച്ച് പറയാം.. എത്രയോ ദിവസങ്ങൾ കൊണ്ട് നോൽമ്പെടുത്ത് അമ്പലത്തിലെ കാര്യങ്ങളൊക്കെ ചിട്ടയോടെ നോക്കി നടത്തിയാണ് കാളി വേഷം ധരിക്കുന്നത്.. അതായത് ദർശനം കിട്ടുക എന്ന് പറയും.. രാവിലെ ഗണപതി പൂജക്കും. മറ്റു പൂജ ചടങ്ങുകൾക്കും നിൽക്കുന്ന സാധാ പൂജാരിയെ പോലെ നിൽക്കുന്ന ഇദ്ദേഹം വൈകുന്നേരത്ത് കാളിയായി വേഷം ധരിക്കുന്നു.. ആ സമയത്തെല്ലാം മറ്റു ഭക്തർ ഭയഭക്തിയോടെ ആണ് തങ്ങളെ കാണുന്നത്.. കാളിയും ഭക്തരും വാദ്യമേളക്കാരും പിന്നെ ബാക്കിയുള്ളവരും എല്ലാം ആ ഘോഷയാത്രയിൽ അണിചേരും..ആ ഘോഷയാത്ര അങ്ങനെ വിരാഡൂർ ശിവക്ഷേത്രത്തിലേക്ക് പോകും അതായത് രണ്ട് കിലോമീറ്റർ ദൂരം.. അവിടെയായിരിക്കും കാളിയുടെ ശത്രുക്കൾ അതായത് ദാരികനും ദാരികന്റെ കൂട്ടാളികൾ നിൽപ്പുണ്ടാവുക.. അവിടെ ഇവർ കൂട്ടിമുട്ടുന്നതിന്റെ ഭാഗമായി വാദ്യമേളക്കാരുടെ വാദ്യം മുറുകും.. അവിടെ ഒരു പോര് ഉണ്ടാകും.. കാളി വാളും ചുറ്റി വരുകയും.. കൂട്ടാളികൾ തങ്ങളുടെ ആയുധം എന്ന സങ്കല്പത്തിൽ വർണ്ണ കടലാസാൽ അലങ്കരിച്ച വടിയും വിലങ്ങനെ പിടിച്ച് കൂട്ടമായി നിൽപ്പുണ്ടാകും.. ഇവരുടെ പിറകിൽ ആയിരിക്കും ഗദയുമായി ദാരിക വേഷം കെട്ടിയ ആൾ നിൽക്കുന്നത്.. അങ്ങനെ അവിടെ നിന്ന് അവർ തമ്മിലുള്ള യുദ്ധത്തിന് ആരംഭം കുറിക്കുന്നു.. വന്നപ്പോൾ ശാന്തമായ രീതിയിൽ ആണെങ്കിലും തിരിച്ചാ നഗരപ്രദക്ഷിണം പോകുന്നത് അതിലും ആവേശത്തിൽ ആണ് കാരണം ഓരോ സ്ഥലത്തും പോര് കളിയും വാദ്യമുറുക്കവും ആകുമ്പോൾ കാണികൾ ആവേശം കൊള്ളും..പ്രധാന പാത കടന്ന് വേണം അങ്ങോട്ടും ഇങ്ങോട്ടും പോകാൻ.. അതുകൊണ്ട് തന്നെ
ബസിലും മറ്റു വാഹനങ്ങളിൽ പോകുന്നവരും ഇതെല്ലാം ജനലിലൂടെ ആവേശപൂർവ്വം നോക്കിയാകും പോകുന്നത്.. ചിലർ ഫോണിൽ വിഡിയോയും എടുക്കും.. ആ സമയത്തിൽ വിഡിയോയിൽ പെടാൻ വേണ്ടി ചിലർ അതിലേക്ക് നോക്കിയും ഓരോ കോപ്രായത്തരങ്ങൾ കാണിക്കും..അങ്ങനെ ഈ പ്രദക്ഷിണം പതിയെ പതിയെ തിരികെ അമ്പലത്തിൽ ചെന്ന് അവസാനിക്കും.. അപ്പോഴേക്കും സന്ധ്യക്ക് ആറേക്കാൽ ആറര ആയിക്കാണും.. ചിലപ്പോഴൊക്കെ ആറരയായി വൈകാറുമുണ്ട്.. അങ്ങനെ കാളി അവശയായി പാലപ്പൂ മരചുവട്ടിലെ തന്റെ പ്രതിഷ്ഠയുടെ അവിടെ ചെന്ന് ദീർഘ നിശ്വാസം വലിച്ചിരിക്കും..വീണ്ടും പിരിമുറുക്കം കൂട്ടാനായി കൂട്ടാളികളുടെ ഇടയിൽ നിന്നും ദാരികൻ കാളിയെ വെല്ലുവിളിക്കാനിറങ്ങും.. അങ്ങനെ വീണ്ടും പോര് തുടങ്ങും.. അമ്പലത്തിന്റെ ചുറ്റും നാനാഭാഗത്തും ഒന്നോ രണ്ടോ റൗണ്ട് പോർക്കളി ഉണ്ടാകും.. ആദ്യമൊക്കെ വെട്ട് കാണാൻ ആളുകളെ തിക്കിതിരക്കി അങ്ങോട്ടോ ഇങ്ങോട്ടോ മാറി നിൽക്കുകയോ.. അല്ലെങ്കിൽ കുറച്ച് കയറ്റത്തുള്ള നാഗപ്രതിഷ്ഠ വച്ചിരിക്കുന്ന ആൽമരചുവട്ടിലോ പോയി നിൽക്കേണ്ടി വന്നിരുന്നു.. പക്ഷേ പിന്നെ കുറച്ച് കാലമായി പാലപ്പൂ മരത്തിനടുത്തായി തന്നെ സമാപനം ആവർത്തിച്ചു കൊണ്ടിരുന്നു..
അതുകൊണ്ട് പിന്നെ എല്ലാ തവണയും അവിടെ തന്നെ നിന്നു..പോർക്കളി അങ്ങനെ നീണ്ടു നിൽക്കും.. എന്നാൽ നേരം ഇരുട്ടുന്നതിനാൽ കൂട്ടാളികൾ എല്ലാവരും തന്റെ വടി (സങ്കല്പത്തിൽ ആയുധങ്ങൾ )കാളിക്ക് മുന്നിൽ കീഴടങ്ങുന്ന രീതിയിൽ കാഴ്ച വക്കും.. എല്ലാം വെട്ടി രണ്ട് തുണ്ടമാക്കി ഇടും.. അത്പോലെ ദാരികൻ ഗദയും നീട്ടും അതും വാൾ കൊണ്ട് തട്ടിയിടും അത് പോലെ കിരീടവും ( ശിരസ്സ് ചേദിച്ച് വധം നടത്തുന്ന സങ്കൽപ്പത്തിൽ )..
അങ്ങനെ ഉറഞ്ഞു തുള്ളിക്കൊണ്ട് തങ്ങളുടെ പ്രതിഷ്ഠക്ക് മുന്നിൽ വന്ന് അവിടെ ഒരു കൽ പലകയിൽ വച്ചിരിക്കുന്ന കുമ്പളങ്ങ വാൾ അങ്ങോട്ടും ഇങ്ങോട്ടും വീശി നാല് കറക്കം കറക്കി ഒറ്റ വെട്ടിനു രണ്ട് തുണ്ടമാക്കി ഇടും..
അത് കഴിഞ്ഞ് ഭഗവതിയുടെ നടക്കൽ കൊണ്ട് പോയി തീർത്ഥം നൽകും..അതിനു ശേഷം തിരികെ കൊണ്ട് പോകും..
പിന്നെ ഒരു നടയടപ്പ് പൂജ കൂടിയും ഉണ്ട്, സമാപ്ത പൂജ..നല്ല വാദ്യമേള മുറുക്കത്തോടെയുള്ള പൂജയായിരിക്കും അതുംകൂടി കഴിഞ്ഞാൽ താലപ്പൊലി ശുഭം..പിന്നെ സ്റ്റേജ് പരിപാടികൾ ആണ്.. അത് ചിലപ്പോൾ പുരാണകഥ ആസ്പദമാക്കിയുള്ള ബാലെയോ കുട്ടികളുടെ നൃത്ത പരിപാടികളോ ആയിരിക്കും..
കാര്യമായിട്ട് പിന്നെ പറയാനുള്ളത് പണ്ട് ഇത് പോലൊരു താലപ്പൊലിക്ക് ചെയ്ത പരിപാടിയെ കുറിച്ചാണ്..
കൊടിമരത്തിനു സമീപമായി തന്നെ ഒരു ആൽത്തറ ഉണ്ട്.. അതായത് പ്രധാന നടക്ക് മുൻവശത്തായി.. അവിടെ ആൽത്തറയിൽ പ്രതിഷ്ഠയും ഉണ്ട്.. ഭക്തരായ ജനങ്ങൾ ഭഗവതിക്ക് അവിടെ നാണയ തുട്ടുകളും ചില്ലറകളും കാണിക്കയായി നിഷേപിക്കുന്ന പതിവുണ്ട്..
പുറത്ത് ഐസ് ക്രീം വണ്ടി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ പോക്കറ്റൊന്ന് തപ്പി..കോൺ ഐസ്ക്രീം വാങ്ങിക്കാനുള്ള അഞ്ചു രൂപ പോലുമില്ല.. അതുകൊണ്ട് ഞാനെന്ത് ചെയ്തു.. ദേവിയോട് പ്രാർത്ഥിച്ചു കൊണ്ട് ആൽത്തറയിൽ നിന്നാരും കാണാതെ അഞ്ചിന്റെ നാണയതുട്ട് എടുത്തുകൊണ്ട് നേരെ പോയി ഒരു ഡപ്പ ഐസ്ക്രീം വാങ്ങിച്ചു കഴിച്ചു.. പൂര കഥകൾ അങ്ങനെ ഒരുപാട് ഇനിയും ഉണ്ട് അതൊക്കെ പിന്നീട് പറയാം..
