തോണി
തോണി
പുറത്ത് പെരുമഴ പെയ്തുക്കൊണ്ടിരിക്കുന്നു. രണ്ടാം ക്ലാസ്സിന്റെ വരാന്തയിൽ നിന്നുകൊണ്ട് ഞാനും ചങ്ങാതിയും കൂടെ മേൽക്കൂരയിൽ നിന്നും താഴേക്ക് പതിക്കുന്ന മഴത്തുള്ളികൾക്ക് നേരെ ഇരുകൈകളും നീട്ടിപ്പിടിച്ച് അമ്മാനമാടി രസിക്കുകയായിരുന്നു. അപ്പോഴേക്കും മുറ്റത്ത് വെള്ളം കേറിയുട്ടുണ്ടായിരുന്നു. അത് ശ്രദ്ധയിൽപ്പെട്ടതോടെ പിന്നെ അതിലായി ഞങ്ങളുടെ അടുത്ത പദ്ധതി. കുറേ പേർ വെള്ളം തട്ടി തെറിപ്പിച്ചും, വെള്ളം കയറുന്നത് നോക്കി നിന്നും രസിക്കുന്നു. അപ്പോൾ ഞങ്ങൾക്ക് തോണിയുണ്ടാക്കി കളിച്ചാലോ എന്ന് തോന്നി. അതിനായി ഞങ്ങൾ ഒരുക്കമായി. ചങ്ങാതിയുടെ പുതിയ പുസ്തകത്തിൽ നിന്നും രണ്ട് ഏടുകൾ ചീന്തി രണ്ട് തോണികൾ ഉണ്ടാക്കി. അവന്റേത് പുതിയതാണോ, റഫ് ആണോ എന്ന് അറിയില്ല. എങ്കിലും ഞാൻ എന്റെ പുസ്തകത്തിൽ നിന്ന് ഏടെടുക്കാൻ മടിച്ചി രുന്നു... അങ്ങനെ തോണികളുണ്ടാക്കി പുറത്ത് പെരുമഴയത്ത് ഞങ്ങൾ വെള്ളക്കെട്ടിൽ ഓരോ തോണികളങ്ങനെ ഒഴുക്കി കളിക്കാൻ തുടങ്ങി. ഉച്ചക്കുള്ള ഇടവേളയിൽ ആയിരുന്നു ഞങ്ങളുടെ ഈ വിനോദം. മഴയത്ത് പുറത്തിറങ്ങി കളിക്കുന്നത് കണ്ടാൽ അദ്ധ്യാപകർ വഴക്ക് പറയുമെങ്കിലും ഞങ്ങൾ അത് കാര്യമാക്കിയില്ല... അങ്ങനെ ഓരോ തവണയും തോണിയുണ്ടാക്കുമ്പോഴും ചങ്ങാതി എന്റെ പുസ്തകത്തിലെ ഏടെടുക്കാൻ പറയും. ഞാൻ എടുക്കാമെന്ന് പറയും. ഒന്നോ രണ്ടോ തവണ എടുത്തെന്നു തോന്നുന്നു...
അങ്ങനെ ക്ലാസിനു പുറത്ത് , മുറ്റത്തെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തോണി ഒഴുക്കി കളിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങളെക്കാൾ മുതിർന്ന ക്ലാസ്സിൽ പഠിക്കുന്ന ഒരുവൻ ഞങ്ങളോട് വന്നു ക്ലാസിലേക്ക് പോകാൻ പറഞ്ഞു . ഞങ്ങളത് കൂട്ടാക്കിയില്ല. പിന്നെയും വന്നു. എന്നിട്ട് ഞങ്ങളോട് പറഞ്ഞു... ഞങ്ങളെ ഒരു അദ്ധ്യാപകൻ വിളിക്കുന്നെന്ന് . അത് കേട്ട് ഭയന്ന് പിന്തിരിയാൻ നോക്കിയെങ്കിലും അവൻ ഞങ്ങളെ നിർബന്ധിച്ചു അദ്ധ്യാപകനടുത്തേക്ക് പറഞ്ഞയച്ചു . അവൻ തന്നെ ഞങ്ങൾക്കിട്ട് തന്ന ഒരു പണിയായിരുന്നു അതെന്ന് അപ്പോൾ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു . ഏതായാലും പോയി നോക്കി. അതൊരു കണക്കധ്യാപകൻ ആയിരുന്നു. പൊതുവെ കണക്കധ്യാപകർ ശുണ്ഠിക്കാർ ആണല്ലോ. ഞങ്ങൾ പേടിച്ച് പേടിച്ച് കൈ കഴുകുന്ന പൈപ്പുകൾക്കരികെ ചെന്നു. അവിടെ മാഷ് പാത്രം കഴുകുകയായിരുന്നു. ആദ്യം ചങ്ങാതിയോട് മുന്നിൽ പോകാൻ പറഞ്ഞെങ്കിലും, അവൻ എന്നെ വല്ലാതെ നിർബന്ധിച്ചതിനാൽ എനിക്ക് മുന്നിൽ പോകേണ്ടി വന്നു. എനിക്കാണേൽ ആ സമയത്ത് കൂടുതൽ കയർക്കാനൊന്നും തോന്നിയില്ല. വിട്ട് നിൽക്കാനും പറ്റില്ലല്ലോ... എന്തായാലും നേരിടുക , എന്ന മനസ്സോടെ മാഷിന്റെ മുമ്പിൽ ചെന്നു. മാഷ് ഞങ്ങളെ കണ്ടതും ആദ്യം വിഷയത്തെ സംബന്ധിച്ച് ഒന്ന് രണ്ട് ചോദ്യങ്ങൾ ചോദിച്ചു . സ്കൂളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ പ്രതിഭാഗത്തെ പിടിച്ചു വിചാരണ നടത്തുന്നത് അധ്യാപകരുടെ പതിവാണല്ലോ...അത് തന്നെ. ഞങ്ങൾ പേടിച്ച് എല്ലാത്തിനും ഒന്നൂല ഒന്നൂല എന്ന് പറഞ്ഞ് എല്ലാത്തിനും മൂളി കൊടുത്തു . കൂടെക്കൂടെ ഇനിയുണ്ടാകില്ല , ഇനി ചെയ്യില്ല എന്നും പറഞ്ഞു കൊണ്ടിരുന്നു. പിന്നെ കുറച്ച് ഉപദേശങ്ങൾ. മഴയത്ത് പുറത്തിറങ്ങി കളിക്കാൻ പാടുണ്ടോ , വെള്ളത്തിൽ കളിച്ചാൽ രോഗം വരില്ലേ എന്നൊക്കെ...എല്ലാത്തിനും മൂളി കൊടുത്തു. ആദ്യം പേടിച്ചു വിറച്ചാണേലും പിന്നെ ഒന്ന് ധൈര്യം വന്നു. അവസാനം , ഇനി ഇങ്ങനെയുണ്ടാകുമോ എന്ന താക്കീതിന് ഇല്ല എന്ന് ആവേശത്തോടെ പറഞ്ഞു. ശേഷം മാഷ് ഞങ്ങളോട് പോകാൻ പറഞ്ഞു. അങ്ങനെ പോകുന്ന പോക്കിൽ ഒന്ന് നെടുവീർപ്പിട്ട് ഞങ്ങൾ പരസ്പരം പറഞ്ഞു. ഇനി ഒരിക്കലും ഞാൻ മഴയത്ത് പുറത്തിറങ്ങില്ല , തോണിയുണ്ടാക്കി വെള്ളത്തിൽ കളിക്കാൻ ഞാനില്ല ... എന്നൊക്കെ... മഴയുടെ താളത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴും ഓർമകളിലൂടെ ആ തോണികളങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്നു ...
