Binu R

Abstract

4.0  

Binu R

Abstract

കാട്ടുതീ

കാട്ടുതീ

3 mins
382



വെള്ളാരം കൊല്ലിയുടെ പടിഞ്ഞാറേയറ്റത്ത് പുകപടലം കണ്ട് തൊമ്മിച്ചൻ എത്തിനോക്കി. ഉച്ചയൂണും കഴിഞ്ഞു പതിവ് മയക്കത്തിലായിരുന്നു അയാൾ. അയാൾ കിടക്കുന്ന മുറിയിൽ നിന്നും നോക്കിയാൽ പന്തീരായിരത്തിന്റെ പകുതിയും വെള്ളാരം കൊല്ലിയുടെ അങ്ങേയറ്റവും കാണാം.


തൊമ്മിച്ചൻ അവിടെ കുടിയേറിയിട്ട് ഇപ്പോൾ പത്തു മുപ്പത് കൊല്ലമെങ്കിലും ആയിക്കാണും. സ്റ്റേറ്റിലെ പത്തനാപുരത്തുനിന്ന് ഉള്ളതെല്ലാം വിറ്റുപെറുക്കി ജോലിയും തേടി മലബാറിലെ മായമ്പള്ളിയിലെത്തുമ്പോൾ ഒരു ചുള്ളൻ ചെറുക്കനായിരുന്നു. മായമ്പള്ളിയിലെ റബ്ബർ ടാപ്പിംഗ് പണിക്കാരുടെ രണ്ടാം പാൽ എടുക്കാൻ സഹായിക്കലായിരുന്നു പണിയുടെ തുടക്കം. നാട്ടിൽ നിന്ന് പെങ്ങളെ പീഡിപ്പിച്ചുകൊന്ന അപ്പന്റെ പെടലിക്ക് വെട്ടിയിട്ട് ജയിലിൽ കിടന്നിട്ട്, പരോളും വാങ്ങി മുങ്ങിയെത്തിയതെന്ന്, വല്യച്ഛൻ സ്വകാര്യമായി പലരോടും പറഞ്ഞിട്ടുണ്ട്. ഈ വല്യച്ഛൻ നാട്ടിലെല്ലാരുടെയും വല്യച്ഛനാണ്,സ്റ്റേറ്റ്കാരനുമാണ്.


കാലം പോകേ തൊമ്മിച്ചൻ പ്രമോഷൻ നേടി ടാപ്പിംഗ്കാരനായി. തണ്ടും തടിയും വച്ചു. മായമ്പള്ളിയുടെ നോട്ടക്കാരനുമായി. അവിടെപ്പോയി പെണ്ണുകെട്ടിയെന്നും ഇവിടെപ്പോയി പെണ്ണുകെട്ടിയെന്നും ഇവിടെ വന്നപ്പോൾ വേറെകെട്ടിയെന്നും പരക്കെ പറച്ചിലുകൾ ഉണ്ട്. എല്ലാടത്തുമായി പന്ത്രണ്ടു മക്കളൊക്കെയുണ്ടെന്നും സാരമായ ഭാഷ്യമുണ്ട്. ഇടയ്ക്കിടെ അവിടെന്നും ഇവിടുന്നും ഓരോ ആൺപിറന്നോർമാർ വന്ന് കിന്നാരവും പറഞ്ഞ് അയാളോടൊപ്പം രണ്ടു ദിവസവും നിന്ന് ഒടുവിൽ അയാളെ തെറിയും പറഞ്ഞിറങ്ങിപ്പോകുമ്പോൾ അവനും ഇവനും പറയും, 'മകനാണ്,പിരിവിനു വന്നതാണ്, ചോദിച്ചത് കിട്ടിക്കാണില്ല.'എന്നൊക്കെ.


അയാളുടെ മായമ്പള്ളിയിലെ ജീവിതം ആകെ കുഴഞ്ഞുമറിഞ്ഞതുപോലെയായിരുന്നെന്ന് കാണുന്നവർക്കൊക്കെ അറിയാം. ആ കുന്നും മലയുമൊക്കെ കേറി നടക്കുമ്പോൾ ഒപ്പം ഓരോ പിണിയാളും കാണും. കാട്ടിലെ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഏതെങ്കിലും മൊഞ്ചുള്ള പണിയക്കിടാത്തിയായിരിക്കും. അയാൾക്ക് വെറ്റ ചുരുട്ടിക്കൊടുക്കലാകും അവറ്റയുടെ പ്രധാന പണി. പിന്നെ അരിവച്ചുകൊടുക്കലും. പിന്നെ അയാൾക്ക് മടുക്കുന്നതുവരെ കൊച്ചുകിന്നാരം പറയലും.


മായമ്പള്ളിയുടെ പടിഞ്ഞാറേ ചെരുവിൽ വളരേ സ്വകാര്യമായ ഒരു കേന്ദ്രമുണ്ട്. മങ്കുണ്ടാക്കുന്ന കേന്ദ്രം. അവിടെ പണിയെടുക്കുന്നവരൊക്കെ മനുഷ്യന്മാരെ കണ്ടാൽ ഓടിയൊളിക്കുന്ന കാട്ടുവർഗ്ഗക്കാരായ പണിയർ. മുകളിൽ നിന്ന് നോക്കിയാൽ ഒരു പാറയുടെ മുനമ്പെന്നേ തോന്നുകയുള്ളു. അതിന്റെ അടിയിൽ പാറയുടെ ഉള്ളിലേക്ക് ഒരു ഗുഹയുടെ കവാടം പോലെ ഒരു സ്ഥലമുണ്ട്. അവിടെയാണ് ഈ വിക്രിയകളെല്ലാം.പെട്ടെന്നാർക്കാനും കണ്ടുപിടിക്കാനും കഴിയില്ല.ഉപഭോക്താക്കൾ കാട്ടുവർഗക്കാരാണ്. അവർ നായാടിപിടിക്കുന്ന മുയൽ ആദിയായ ചെറു മൃഗങ്ങളെല്ലാം തൊമ്മിച്ചന്റെ അടുക്കൽ കൊടുക്കും. അതിന്റെ ആന്തരാവയവങ്ങളെല്ലാം ചുട്ട് അവർക്ക് തന്നെ കൊടുക്കും. മാംസമടക്കമുള്ള നല്ലവയവങ്ങളെല്ലാം തൊമ്മിച്ചൻ ഉണക്കി സൂക്ഷിക്കുകയും ചെയ്യും.


കാട്ടുവർഗക്കാർക്ക് മങ്കു കൊടുക്കുന്നതിലും തൊമ്മിച്ചനൊരു മാനദണ്ഡമുണ്ട്.അത് രഹസ്യമായ പരസ്യമാണ്. പഴയ ആപ്പ്ഗ്ലാസിൽ മുക്കാൽ ഗ്ലാസ് മങ്കു ആദ്യം കൊടുക്കും. പിന്നെ മങ്കുന്റെ വാട്ടവെള്ളം കൊടുക്കും. പിന്നെ മൂന്നാമത്തെ ഗ്ലാസിൽ മങ്കുന്റെ മണം മാത്രമേ ഉണ്ടാവുള്ളു. കാട്ടുവർഗക്കാർ കാര്യമറിയാതെ അതിൽ വളരേ സന്തുഷ്ടരുമാണ്. പുറമേ പറയുമ്പോൾ,

'

 ഓൻ മൂന്നു ഗ്ലാസ്സ് മങ്കു തരും. വേറെയാരെങ്കിലും അത് തര്വോ..?'


 അവർക്കെല്ലാം തൊമ്മിച്ചൻ പുന്നാരമൊയ്ലാളി ആണ്.


മായമ്പള്ളിയുടെ ഉടമസ്ഥൻ വർഷത്തിലൊരിക്കലോ മറ്റോ വന്ന് ഒന്നുരണ്ടു ദിവസം കഴിഞ്ഞു തിരിച്ചുപോകും. അതുവരേക്കും തൊമ്മിച്ചൻ ആളു മിടുക്കനായിരിക്കും. എന്നുപറഞ്ഞാൽ, പിറകിൽ പിണിയാളുണ്ടാവില്ല. പാചകമെല്ലാം നേരിട്ടായിരിക്കും. ആ രണ്ടുദിവസവും മങ്കും കുടിക്കില്ല. വെറ്റയും ചവയ്ക്കില്ല. അന്നൊക്കെ പുറകേ നടന്നവരെ ഇതിനുമുമ്പേ കണ്ടിട്ടുപോലുമുണ്ടാവില്ല.അയാൾ മലയിറങ്ങിപ്പോകുമ്പോൾ പിറകേ തൊമ്മിച്ചനുമുണ്ടാകും, ഉടമസ്ഥന്റെ നാട്ടിലെ വിശേഷങ്ങളെല്ലാമടങ്ങിയ കഥപറച്ചിലുകൾക്ക് ഓരോ മൂളലും കൊടുത്തുകൊണ്ട്. കക്ഷത്തിൽ ഉടമസ്ഥന്റെ കുടയും തൊമ്മിച്ചന്റെ വടിയും ഇരിപ്പുണ്ടാകും.


അയാളെ ബസ്സ് കയറ്റിവിട്ടിട്ട്, തിരിച്ചുള്ള വരവ്, വളരേ ആഘോഷപൂർവമാണ്. ആരെയും കാണാതെ ഏതിലെയൊക്കെ വന്നെത്തിയ,മങ്കു കേന്ദ്രത്തിലെ കാട്ടുവർഗക്കാരൻ, തൊമ്മിച്ചൻ മലനടന്നു കയറുന്നതിനിടയിൽ നീട്ടിയ കയ്യിലേയ്ക്ക് ഒരു നിറകുപ്പി മങ്കു കൊടുക്കും. അയാൾ ഓറഞ്ചു ജ്യൂസ് കുടിക്കുന്നതുപോലെ വളരേ സമാധാനത്തിൽ,സാവധാനത്തിൽ,ഓരോ കവിൾ കുടിച്ചിറക്കും. കാട്ടുവർഗക്കാരൻ ഇടയ്ക്കിടെ തന്റെ പാത്രത്തിൽ കൊണ്ടുവന്ന നല്ല പൊരിച്ച ഉണക്കയിറച്ചി പാത്രം തുറന്ന് അയാൾക്ക് നേരെ നീട്ടും. അയാൾ ഒരു കുത്ത് ഇറച്ചിയെടുത്ത് വായിലേയ്ക്ക് തള്ളും..പിന്നെ കരുമുരാ ചവച്ചിറക്കും.


അങ്ങിനെ രാജാവിനെപോലെ ജീവിക്കുന്ന തൊമ്മിച്ചനാണ് കാട്ടുതീയുടെ പുകപടലം കണ്ടപ്പോൾ അറിയാതെ ഉള്ളിലൊരാന്തലുണ്ടായത്. കാരണം,വളരെ നിസ്സാരമെന്നു പറയാനാവില്ല. ആ പ്രദേശത്തൊന്നും ഇന്ന് ഒരാളനക്കം പോലുമുണ്ടാവില്ല. എല്ലാവരും, കുഞ്ഞുകുട്ടിപ്പരാധീനങ്ങളടക്കം എല്ലാവരും, പാട്ടുത്സവത്തിന് പോയിരിക്കുകയാണ്.


 കാട്ടുവർഗക്കാരുടെ സമഗ്ര ഉത്സവമാണ് പാട്ടുത്സവം. എല്ലാക്കാടുകളിലെയും മൂപ്പന്മാരടക്കം നാട്ടിലെ പാട്ടുത്സവത്തിൽ പങ്കെടുക്കും അതൊരു വലിയ ആചാരമാണ്. പഴയ,കോവിലകത്തെ തമ്പുരാൻ എല്ലാ കാട്ടുവർഗ്ഗ മൂപ്പന്മാർക്കും പട്ടും വളയും കൊടുക്കുന്ന ദിവസമാണ്. എല്ലാ കാട്ടുവർഗ്ഗക്കാർക്കും അന്നവും മുണ്ടും കൊടുക്കുന്ന ദിവസമാണ്. അതുകാണാൻ കാട്ടിലെ ആദിവാസികളെല്ലാം പോകും, ഒപ്പം ആ പ്രദേശവാസികളായ നാട്ടുകാരും.


തൊമ്മിച്ചൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. വീടിനു പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാട്ടുതീയുടെ ഗൗരവം മനസ്സിലായത്. കാടെല്ലാം ഉണങ്ങി വരണ്ടിരിക്കുകയാണ്. മുള കത്തി പൊട്ടുന്നതിന്റെയൊച്ച കേട്ടുതുടങ്ങിയിരിക്കുന്നു. അയാൾ തിരിഞ്ഞ് നിറയെ റബ്ബർ മരങ്ങൾ നിൽക്കുന്ന മല നോക്കി നിന്നു. മരത്തിനു ചുവട്ടിലെല്ലാം മെത്തപോലെ ഉണങ്ങിയ റബ്ബർ ഇലകൾ പറ്റിക്കിടക്കുന്നു.


അയാൾ വീണ്ടും വെള്ളാരം കൊല്ലിയുടെ പടിഞ്ഞാറയറ്റത്തേയ്ക്ക് വിഹഗമായി നോക്കി. പുകച്ചുരുളുകൾ ഉയരുന്നതിനൊപ്പം ഇലകൾ ജ്വലിച്ചു പാറുന്നതും അയാൾ കണ്ടു നിന്നു.


കാറ്റുവന്നാൽ, ഈ ഉച്ചസമയങ്ങളിൽ സാധാരണ കാറ്റുവീശാറുണ്ട്, ഞൊടിയിട നേരം കൊണ്ട് കാട്ടുതീ വന്നെത്തും.എന്തു ചെയ്യുമെന്നറിയാതെ അയാളുടെ ഉള്ളൊന്നു പിടഞ്ഞുണർന്നു. വെള്ളാരംകൊല്ലി ഒരു പറമ്പാണ്. എങ്കിലും അവിടെ നോട്ടക്കാരില്ല കൃഷിയുമില്ല.പിന്നെ കൂടുതലും ചെറുതരം മുളങ്കൂട്ടങ്ങളാണ്. വർഷാവർഷം മുറിച്ചുപോകുന്നതുകൊണ്ട് അവയ്ക്ക് വലിയ തിക്കുംതിരക്കുമില്ല. പക്ഷേ...


ആരെങ്കിലും ഒന്നോ രണ്ടോ പേർ ഉണ്ടായിരുന്നെങ്കിൽ, ഇവിടുന്നങ്ങോട്ടേക്ക് വെട്ടിമറിക്കാമായിരുന്നു. റബ്ബർ ഇലകൾ ഇങ്ങോട്ടേക്ക് അടിച്ചു മാറ്റിയിടീക്കാമായിരുന്നു.ചിന്തകളെല്ലാം വഴി പിഴയ്ക്കുന്നു. താഴെക്കൂടി പുഴ ചിരിച്ചുല്ലസിച്ചോഴുകിപോകുന്നു. ഉച്ചയ്ക്കുമുമ്പ് പുഴയ്‌ക്കരികിലൂടെ നടന്നു കയറിപ്പോയ ആരോ ഒരാളുടെ കൈപ്പിഴവാകാം പുഴയുടെ ഇക്കരെയുള്ള കാട്ടുതീയുടെ പുളച്ചിൽ .ഒരു സിഗററ്റ് കുറ്റിയോ, അണയ്ക്കാതെ അലക്ഷ്യമായെറിഞ്ഞ ഒരു തീപ്പെട്ടിക്കൊള്ളിയോ....


ഏതായാലും, തൊമ്മിച്ചൻ വീട്ടിനുള്ളിൽ കടന്ന് അരിപ്പെട്ടിയുടെ അടിയിൽ നിന്ന് കൊടുവാൾ വലിച്ചെടുത്തു. അയാളുടെ പറമ്പിന്റെ അരികിലേക്ക് വെള്ളാരംകൊല്ലിയുടെ അടുത്തേയ്ക്ക്, ഒറ്റയ്ക്ക് നടന്നു.രണ്ടിരട്ടാവാലൻമാർ മുമ്പേ പറന്നു. ഒരു ഓലേഞ്ഞാലി ഷൂളമടിച്ചുകൊണ്ട് അടുത്തമരത്തിലേക്ക് ചിറകുവിരിച്ചുപിടിച്ചുകൊണ്ട് വായുവിലൂടെ ഒഴുകി പാറി പോയി.



Rate this content
Log in

Similar malayalam story from Abstract