Binu R

Others

4.2  

Binu R

Others

വെള്ളപ്പൊക്കം

വെള്ളപ്പൊക്കം

1 min
437



ദേവി കുളിരോടെ മുങ്ങിക്കിടന്നു. പുഴ മുകളിലൂടെ കുത്തിയൊലിച്ചു. അയൽ പറമ്പുകളിലെ കൃഷികളെല്ലാം തകർന്നു തരിപ്പണമായി. പുഴ സംഹാരതാണ്ഡവമാടി തിമിർത്തു. 


 ദേവി മുങ്ങിക്കിടന്നു. കുളിരോടെ... തണുത്തു വിറച്ച് . 

മുത്തശ്ശി പറഞ്ഞു. 


'ദേവിക്ക് മുങ്ങിക്കുളിക്കുന്നത് ഇഷ്ടാത്രെ.'


ജനം വിശ്വസിച്ചു.

ജനങ്ങളുടെ കണ്ണുകളിൽ ഭീതി. ഒരു ഉരുളുപൊട്ടിയാൽ പട്ടണം വെള്ളത്തിനടിയിലാകും. പലരിലും ഗദ്ഗദം അടിഞ്ഞുകൂടി. മുത്തശ്ശിയുടെ കണ്ണുകളിൽ മാത്രം നിർവികാരത. 

മുത്തശ്ശി പറഞ്ഞു. 


'ദേവി മുങ്ങിക്കിടക്കുന്ന പുഴയിൽ കുളിച്ചാൽ, സർവ്വ പാപങ്ങളും മാറും. '


കണ്ണുകളിൽ ഭീതിയോടെ ജനം അതങ്ങുവിശ്വസിച്ചു. ജനം മുങ്ങിക്കുളിച്ചു. സർവ്വ പാപങ്ങളും ഒഴുകിപ്പോട്ടേ. 


  മുത്തശ്ശി പറഞ്ഞു.


'ഞാനുമൊന്നുകുളിക്കട്ടെ. അടുത്ത വർഷം കുളിക്കാൻ പറ്റിയില്ലെങ്കിലോ.. !'


 മക്കൾ മുത്തശ്ശിയേയും കുളിപ്പിച്ചു. വീണ്ടും മുത്തശ്ശി പറഞ്ഞു. 


'എന്തു സുഖാ !. പിന്നെ ദേവിക്ക് കൊതി വന്നതിൽ അതിശയപ്പെടാനുണ്ടോ.. !.'


  മുത്തശ്ശിയുടെ ഇളകിയ പല്ലുകൾക്കിടയിൽ ചുവപ്പായി മുറുക്കാൻ ചവഞ്ഞു. 


 പടികടന്നുവന്ന കിളവൻ അന്തോണിയോടായി മുത്തശ്ശി മുറുക്കിച്ചുവന്ന തുപ്പലുകൾ തെറിപ്പിച്ചു. 

അന്തോണി പുശ്ചത്തോടെ പ്രതിവചിച്ചു.


 'ചെയ്തപാപങ്ങൾ കഴുകിക്കളഞ്ഞിട്ടുവേണം ഇനിയും പാപങ്ങൾ ചെയ്യാൻ അല്ലേ. ! വെള്ളത്തിനടിയിൽ കിടക്കുന്ന ദേവിക്കും സ്വൈര്യം കൊടുക്കില്ലെന്നാ.. '


 'പാപം ചെയ്ത ജനത്തിൽ നിന്ന് മുക്തി നേടാനാണ് ദേവി കലങ്ങി മറിഞ്ഞൊഴുകുന്ന പുഴക്കടിയിൽ ഒളിച്ചത്. അതിന്റെ കൂടെ ജനങ്ങളെ ഒന്നു ഭയപ്പെടുത്തിയാൽ പാപം ചെയ്യുന്നത് കുറയട്ടെ എന്നും കരുതിക്കാണും'. 


അന്തോണി നെടുവീർപ്പിട്ടു.


  മുത്തശ്ശി ദുഖത്തോടെ സങ്കടത്തോടെ ജനത്തിനോട് പറഞ്ഞു. ജാതി തീണ്ടിയ പുലയചെറുക്കൻ അന്തോണി ദേവിയെ അവഹേളിച്ചു. അവൻ ദേവിയെ കരിവാരിത്തേച്ചു. 


  അപ്പോഴേക്കും ജനം നന്നേ തണുത്തിരുന്നു. പുഴയിലെ വെള്ളവും അവരുടെ മേലേ ഒഴുകുന്നതായി തോന്നി. മുത്തശ്ശിയുടെ വാക്കുകൾ അവരുടെ ചെവിയിൽ തട്ടി തിരിച്ചു പോയി. ജനം തണുത്തുമരച്ചു ഉറച്ചിരുന്നു . 


ജനം പറഞ്ഞു.


' മരങ്ങൾ വെട്ടി നശിപ്പിച്ച നമ്മൾ പ്രകൃതി ദുരന്തങ്ങൾ അനുഭവിച്ചേ തീരൂ മുത്തശ്ശി. ദേവി ഗതിയില്ലാതെ മുങ്ങിക്കിടക്കുന്നതാണ്. '


  മുത്തശ്ശി അവരിൽ അനേകം അന്തോണിമാരെ കണ്ടു. മുത്തശ്ശി അവരുടെ നിഷ്ക്രിയത കണ്ട് വായിലുള്ള മുറുക്കാൻ നീട്ടി തുപ്പി എഴുന്നേറ്റു നടന്നു. 


 മുത്തശ്ശിയുടെ വചനത്തിൽ ജനം പകുതി വിശ്വസിച്ചു.


 മുങ്ങിത്താഴുന്ന ശ്രീകോവിലിനടുത്തുകൂടി ജനത്തിന്റെ വള്ളം. അവരുടെ ചുണ്ടുകളിൽ വള്ളംകളിയുടെ ആഹ്ലാദത്തിമിർപ്പ്. പങ്കായത്തിന്റെ പതിഞ്ഞ ശബ്ദം കുളുകുളുന്നനെ...


   ദേവി മുങ്ങിക്കിടന്നു, തണുത്തു മരവിച്ച്. 

       


Rate this content
Log in