Beegam Muhammed

Abstract

4  

Beegam Muhammed

Abstract

ഹൃദയപാപങ്ങളുടെ മൂന്നാംപറ്റുകാർ

ഹൃദയപാപങ്ങളുടെ മൂന്നാംപറ്റുകാർ

3 mins
337


വൈരുദ്ധ്യമുള്ളതിനെ തമ്മിൽ തമ്മിൽ ചേർത്തുവച്ച വലിയൊരു ലോകത്തിനോട്,


മുൾച്ചെടിയിലെ, തടിച്ച തണ്ടിലെ മുള്ള് പോലെ അവന്റെ നട്ടെല്ലിൽ കശേരുക്കൾ ഉറപ്പിക്കുകയും, അടുക്കുകളിൽ നീണ്ട് വളർന്ന ചെറുചെടികൾ പോലെ എല്ലുകൾ വളർത്തുകയും, പാറമടക്കുകൾ പോലെ മാംസം അടുക്കുകയും, ഇലകളുടെ നേർത്ത വേരുകൾ പോലെ നാഡികൾ ഒന്നിൽ നിന്ന് വ്യാപിപ്പിക്കുകയും, പിന്നൽപിണറുകളാൽ ഞരമ്പുകളെയും, 

കൺതടങ്ങളിലെയും തൊലിപ്പുറത്തേയും വിള്ളലുകളെ, വിരലുകളിലെ അടയാളങ്ങളെ മരത്തിന്റെ ഉള്ളുപോലെയും വരണ്ട തൊലി പോലെയും രൂപകൽപ്പന ചെയ്ത് മനുഷ്യനെ മരമായി ബന്ധിപ്പിക്കുകയും,


ആകാശവിസ്മയങ്ങളെ അണുവിടതെറ്റാതെ മുറിച്ചു നൽകുകയും ആഴിയിലെ രഹസ്യങ്ങൾ ചോരാതെ ഏൽപ്പിക്കുകയും മണ്ണിന്റെ അറകളിൽ അഴുകി ചേരുന്ന വിധം ശരീരത്തെ നിർമ്മിക്കുകയും ഒപ്പം വളരെ രസകരമായി മനുഷ്യൻ ഇതൊന്നിനെ പറ്റിയും ചിന്തിക്കാതെ സൂക്ഷിക്കുകയും ചെയ്തു പോകവേ ജീവിതത്തിന്റെ രഹസ്യവും പ്രപഞ്ചവും മഹാസമസ്യയിൽ ചെന്നവസാനിക്കുന്നു. 


മനുഷ്യൻ അവന്റെ കരളുടുക്കിലെ നോവും, ഹൃദയത്തിന്റെ നാലാം അറയിലെ സ്നേഹവും, മസ്തിഷ്കത്തിലെ ചോരനിറമുള്ള ചിന്തയും തമ്മിൽ തമ്മിൽ അറിയാതെ മനസ്സിലാക്കാതെ മൃഗങ്ങളെ പോലെ ഉണ്ടും ഉറങ്ങിയും കാലം മുന്നോട്ട് നീങ്ങുന്നു. ജീവിതങ്ങളുടെ വന്മരം, നനവുള്ള മണ്ണ് കാത്ത്‌ ആയുസ്സോളം വലിപ്പം ഊർവിയിലേക്ക് നിരങ്ങി പോവുകയും, നനഞ്ഞു പാകമായ മഴയിൽ മുള പൊട്ടിക്കുകയും, ഭൂമികയിൽ ഇടം നേടുകയും കൈകാലുകൾ നീട്ടി ആകാശത്തോളം ഉയരെ ഉയർന്ന് പൊങ്ങുകയും; 


ആയുസ്സിന്റെ വലിപ്പത്തോളം ഓരോ നിമിഷവും സഹജീവികളിൽ ജീവന്റെ അവശേഷിപ്പുകളും, തുടുപ്പും 

തണവും തെന്നലും നൽകി ഓർമ്മകളും ചിന്തകളും നിറച്ച ഫലങ്ങൾ നൽകിയും, ആടിയുലഞ്ഞും മെല്ലെ ചിരിച്ചും 

ചുറ്റും ഉണക്കി ഉറക്കി അവൻ കാലം സൃഷ്ടിക്കുകയും ചെയ്തു പോന്നു. 


നഷ്ടത്തിന്റെ ഒടുക്കമായിരുന്നു ആദ്യത്തെ തെറ്റിന്റെ തുടക്കം, പിന്നെ തുടർന്നതൊക്കെയും തെറ്റുകൾ. നഷ്ടത്തിന്റെ പ്രഹരം വിഷമായി കറുത്തുകട്ടപിടിച്ചു, ശേഷം അത് വ്യാപിക്കാൻ തുടങ്ങി. ഹൃദയത്തിന്റെ നാലാം അറയിൽ ഒളിപ്പിച്ച സ്നേഹത്തിൽ നിന്ന് ആത്മാവോളം ആഴത്തിൽ സൂക്ഷിച്ച ബന്ധങ്ങളോട്, പിന്നെ കയ്യെത്തും ദൂരത്തേക്ക് മസ്തിഷ്കത്തിലെ ചിന്തകളിൽ മുറിവേറ്റ ഓർമ്മകളുടെ വൃത്തിഹീനമായ പരീക്ഷണശാലയിൽ അങ്ങനെ അങ്ങനെ തെറ്റുകൾ വ്യാപിച്ചു. 


ഉയർന്നുയർന്നു പാപങ്ങളുടെ നിലയില്ലാകയത്തിന്റെ ഒടുവിൽ ചുറ്റും ഇരുണ്ട് കൂടിയ ദുഷിച്ചു നാറിയ ചളിയിൽ അവൻ തിരിച്ചറിയുകയായിരുന്നു. 

എന്താണ് ജീവിതം? 

എന്തായിരുന്നു തന്റെ ജീവിതം! 

സമർഥമായി അവൻ ഒളിപ്പിച്ച വാക്കിൽ നോക്കിൽ ചിരിയിൽ വരിയിൽ ഒക്കെയും അവന്റെ പാപത്തിന്റെ കറകൾ അവശേഷിച്ചിരുന്നു. 

ചിന്തിച്ചു നോക്കൂ...!

തെറ്റുകളുടെ തുടക്കം മുതൽ ഇന്നോളം അവന്റെ വലിയ പാപത്തിന്റെ സമ്പാദ്യത്തിൽ നിങ്ങൾക്കും പങ്ക് തന്നിരുന്നു. 


മിനുസമുള്ള ചിരിയുടെ പിന്നിൽ ചീഞ്ഞളിഞ്ഞ ചുവന്ന് പഴുത്ത വിഷത്തിന്റെ മധുരം ഉണ്ടായിരുന്നു. അവന്റെ ഭോഗരസങ്ങളുടെ കിതപ്പും വിയർപ്പും നിങ്ങളെയും കളങ്കപ്പെടുത്തിയിരുന്നു. അവന്റെ വിശപ്പിനും ദാഹത്തിനും നിങ്ങളുടെ മജ്ജയും മാംസവും ചോരയും നൽകിപ്പോരുകയായിരുന്നു...


തെറ്റിന്റെ മൂർദ്ധ്യന്യതയിൽ, നിർവൃതിയുടെ ആനന്ദമൂർച്ചയുടെ ആലസ്യത്തിൽ നിന്നാണ് അവനും ആ ചിരിയുടെ ധ്വനി തിരിച്ചറിഞ്ഞത്. അത് ഉള്ളിൽ നിന്നുമായിരുന്നു. ഇരുട്ടിലേക്ക് വഴിദൂരം സഞ്ചരിച്ചു നേടിയ തഴക്കത്തിൽ നിന്നും നേടിയ ഉൾക്കാഴ്ച. ശേഷം തിരിച്ചറിവിന്റെ മാർഗ്ഗത്തിൽ നിന്നും അഴുക്ക് പുരണ്ട ശരീരത്തെ അല്പാല്പമായി നിർമാർജനം ചെയ്യേണ്ടിയിരുന്നു. മരത്തിന്റെ ഉള്ള് ചിതല് കാർന്നു തിന്നും പോലെയോ, ശരീരം പുഴുക്കൾ ഭക്ഷണമാക്കുന്നത് പോലെയോ അതും വേണ്ടിയിരുന്നു. 


തുറന്നിട്ട വിശാലമായ ലോകത്തിലെ ഇടുങ്ങിയ നെഞ്ചും കൂർപ്പിച്ച ചെവിയും കുറുകിയ കണ്ണും അതിനുള്ള ശരിയായ വഴിയായിരുന്നു.  നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുക,  സൂക്ഷിച്ചു നോക്കുക ചിന്തിച്ചു സ്വീകരിക്കുക. അവൻ നിങ്ങൾക്ക് തന്നതെല്ലാം അവന്റെ പാപത്തിന്റെ പങ്കായിരുന്നു. നിങ്ങൾ ഒപ്പം പോയതും പാതിയിൽ അവൻ മറഞ്ഞതും ചിലപ്പോഴൊക്കെയും അവൻ നിങ്ങളെ കബളിപ്പിച്ചതും അവന്റെ വഴിയും നിങ്ങളുടെ വഴിയും എഴുതപ്പെട്ടത് വെവ്വേറെയായതുകൊണ്ടാണ്. അവൻ നിങ്ങളെ മനോഹരമായി വഞ്ചിക്കുകയായിരുന്നു. 


അവന്റെ മടക്കവും; തെറ്റിന്റെ ഒടുക്കവും നഷ്ടത്തിന്റെ ഒടുക്കവും നിങ്ങളുടെ തെറ്റിന്റെ തുടക്കമാണ്. ലോകമേ, 

ഇതിങ്ങനെ തുടരും. നിങ്ങൾ അന്യോന്യം തെറ്റുകൾ ഏറ്റുവാങ്ങുകയും എന്നെന്നും അവനവന്റെ പാപങ്ങളുടെ പങ്കുകാർ ആയിരിക്കുന്നതുമാണ്. നിങ്ങൾക്കുള്ളിലെ ആകാശവും ആഴിയും മഴയും വെയിലും നിലാവും ഒക്കെയും ഒക്കെയും ആരും കാണാത്ത തുരുത്തുകളിൽ കന്യകയായി തുടരുന്നതുമാണ്. 


മനുഷ്യന്റെ ആവസവും വേരുകളും നീണ്ട കേശങ്ങൾ പോലെ ശിഖരങ്ങളും ഉള്ളതാകുന്നു അതിന്റെ അറ്റം പൂക്കാതെ പോയ രക്തപുഷ്പങ്ങൾ ചോര വാർക്കും. അവനിൽ നിന്ന് കണ്ണും മനസ്സും ചെവിയും പറിച്ചു മാറ്റുകയും നിങ്ങളിലെ പങ്കിനെ ബുദ്ധിപൂർവ്വം വളമാക്കുകയും ചെയ്യാത്ത പക്ഷം അവന്റെ നഷ്ടത്തിൽ നിങ്ങളും മരിക്കും. അതുമല്ലെങ്കിൽ അവന്റെ ഹൃദയപാപങ്ങളുടെ പങ്കുപറ്റി എന്നെന്നേക്കുമായി നിങ്ങൾ അന്തരായി മാറിയേക്കാം, അവനിൽ നിന്ന് അവന്റെ മൂന്നാമനായി നിങ്ങൾ പങ്കുകൊണ്ട പാപങ്ങളുടെ ഭാരം പേറി ആയുഷ്കാലം നിങ്ങൾ അവനെ കാത്തിരിക്കുകയുമാവാം.

അപ്പോഴേക്കും ഒരിക്കലും തിരികെ മടങ്ങാത്ത ദൂരത്തേക്ക്; അവന്റെ പാപങ്ങളെ കഴുകി, വെളുത്ത ആത്മാവിന്റെ ചിറകിൽ അവൻ സഞ്ചരിക്കുകയാവും. 


വേദനയോടെ പറയട്ടെ പാപങ്ങളുടെ പങ്കിൽ നിങ്ങൾ എപ്പോഴും അവന്റെ മൂന്നാം കേള്വിക്കാരാണ്. ഉറവയില്ലാത്ത മണ്ണിൽ നിങ്ങൾ എത്രയാഴത്തിൽ വേരുകൾ വളർത്തിയാലും ഇലകൾ തളിർത്ത മൊട്ടുകൾ വിരിഞ്ഞ വസന്തം കാണാൻ ആവുകയില്ല. മരിച്ച മരങ്ങളുടെ പറുദീസയിൽ നിങ്ങളും വന്ന് ചേരും. ഒരിക്കലും ചേരാത്ത ഹൃദയങ്ങൾ ഒന്നായി വിങ്ങുന്നത് അവിടെയാണ്, നഷ്ടങ്ങളുടെ കടം പറ്റിയവർ ഒന്നായി വിലപിക്കുന്നതും അവിടെയാണ്...


Rate this content
Log in

Similar malayalam story from Abstract