Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Beegam Muhammed

Romance


3.4  

Beegam Muhammed

Romance


ഓർമ്മകളുടെ സംഗീതം...

ഓർമ്മകളുടെ സംഗീതം...

6 mins 280 6 mins 280

ഓർമ്മകൾ... സുന്ദരമായ ഏതോ നിമിഷത്തിന്റെ മരണമില്ലാത്ത അവശേഷിപ്പ്. മുഖമില്ല, ശബ്ദങ്ങളില്ല, നിറങ്ങളില്ല, രുചിയില്ല എങ്കിലും ഓർമ്മയ്ക്ക് എന്ത് മധുരമാണ്, ആഘോഷമാണ്, നിറവാണ്.


എന്താണ് നിങ്ങളുടെ ഓർമ്മ? എന്തൊക്കെ നിങ്ങൾ ഓർത്തുവക്കും? എങ്ങനെയാണ് ഓർമ്മയെ നിങ്ങൾ കോർത്തുപിടിക്കുന്നത്?


ഇപ്പോൾ എനിക്കോർമ്മ സാരംഗിയാണ്,

മധുരമായി പാടുന്ന തന്ത്രികൾ, 

അതിലേറെ ഇമ്പമോടെ സംസാരിക്കുന്നവൾ. 

അവളിലേക്കാണ് ഈ സംഗീതയാത്ര.


മഴമേഘങ്ങൾക്കിടയിൽ നിന്ന് നുഴഞ്ഞ് കയറുന്ന സൂര്യ കിരണങ്ങൾ പോലെയാണ് ചിലയോർമ്മകൾ. മൊത്തമായി ചൂട് പടർത്താനോ വെളിച്ചം പരത്താനോ കഴിയില്ലയെന്നാലും അന്തരീക്ഷത്തിന് അയഥാർത്ഥമായ നിറവും ഭംഗിയും നൽകാൻ അവയ്ക്ക് കഴിയും. അതുവരെ തോന്നാത്ത പൊള്ളയായ മാസ്മരികത കൊണ്ട് അല്പനേരം അവർ ആധിപത്യം സ്ഥാപിക്കും. 


ഇപ്പോൾ എന്റെ ഓർമ്മയുടെ കുന്നിന്മുകളിൽ കൊടിയേന്തിയ കൈകൾ സാരംഗിയുടെതാണ്. ഓർക്കുന്നുണ്ടോ അവളെ? 


"എടോ, ഒരുമാതിരിപെട്ട വട്ടന്മാരെ ഒക്കെ എനിക്ക് വലിയ ഇഷ്ടമാടോ... ഭ്രാന്ത് തോന്നുന്നതിനോട് ഭ്രാന്തമായി ജീവിക്കുന്ന വട്ടന്മാരെ. "


ആവർത്തിച്ചു പറയും, ഇഷ്ടം കൂടുമ്പോൾ ഒക്കെ പറയും, തന്നിലെ വട്ടിനോടുള്ള ഇഷ്ടം. ലയം പോലെയാകും ചിലനേര. കണ്ണ് പൂട്ടി, കൈകൾ നെഞ്ചോട് ചേർത്ത്, ആത്മാവിനെ തേടും പോലെ, ഹൃദയത്തെ ചെവിയോട് ചേർത്തു വച്ചു കേൾക്കുന്നത് പോലെ സമീർ ദായുടെ ശബ്ദത്തിന് ഒപ്പം ആ നൂൽ പാലത്തിൽ സഞ്ചരിക്കും... 


അവളെയോർക്കുമ്പോൾ ആദ്യം ഓർമ്മ വരിക ഈ വാക്കുകളാണ്, പിന്നെ മുഖം നിറയെ പുഞ്ചിരിയും. പിന്നെ പിന്നെ... എന്തൊക്കെയോ ഓർക്കും... 

എങ്ങനെയാണ് ഓർക്കാൻ തുടങ്ങിയത്? 


സമീർ ദായുടെ മനോഹരമായ സംഗീതം അവളെ ഓർമ്മിപ്പിച്ചു, അല്ലാതെ എന്തെങ്കിലുമൊന്ന് ഓർത്തിട്ട് നാളുകളായി. അങ്ങനെ ഓർക്കാൻ മാത്രം എന്തെങ്കിലുമുണ്ടായിട്ടാണോ? ഉണ്ടെങ്കിൽ തന്നെ ഓർമ്മയ്ക്കായി ഒന്നും സൂക്ഷിച്ചു വച്ചിട്ടില്ല. ഒന്ന് മറന്ന് വീണ്ടും മറന്ന് മറക്കാൻ വേണ്ടി മറവിയെ കൂട്ട് പിടിച്ചു വീണ്ടും മറന്നു പോയ ഒത്തിരി മറവികൾ ഓർമ്മയാകാതെ മരിച്ചു പോയിരിക്കുന്നു. 


"സാരംഗിക്ക് വേണ്ടി ഒരിക്കൽ കൂടി പ്രസാദ് വരണം..." 

സമീർ ദായുടെ മനോഹരമായ ബംഗാൾ കൈപ്പട വിരൽ കൊണ്ടോടിച്ചു നോക്കി. 


കാലങ്ങളായി മറന്ന് പോയൊരു പേര് കാലങ്ങൾ അത്രയും ഓർമ്മപ്പെടുത്തുകയെന്നാൽ അവർ അത്രത്തോളം പ്രിയമുള്ളവരാകണം.


സമീർ ദാ എന്തിനായിരിക്കും വീണ്ടും വിളിച്ചത്, അതും സാരംഗിക്ക് വേണ്ടി? തിരക്കുകൾ ഉണ്ടെന്ന് ഭാവിച്ചു തിരിഞ്ഞു നോക്കാൻ മറന്ന കുറെ ബന്ധങ്ങൾ. മാറ്റിവച്ചതും തഴഞ്ഞതുമായവ. 


ഹാ... പറയാൻ മറന്നു ഒരു സ്ത്രീയിൽ അസാധാരണമായ എന്തിനെയെങ്കിലും ശ്രദ്ധിക്കുകയോ സ്നേഹിക്കുകയോ ചെയ്യുക എന്നത് അത്ര എളുപ്പമല്ല, സ്നേഹിച്ചാൽ മറക്കുക എന്നതും... 


എനിക്ക് അത് രണ്ടും സാധ്യമായിരിക്കുന്നു. കാരണം ഒന്നേയുള്ളൂ, അവൾ ഒരു സാധാരണ സ്ത്രീ അല്ലാത്തത് കൊണ്ട് തന്നെ. കൊൽക്കത്തയുടെ ചരിത്രം പോലെ തന്നെ അവൾക്കുമുണ്ട് പറയാൻ ആ നഗരം പോലെ ആവേശമേറിയ ആഴത്തിലുള്ള പഴകിയ കഥകൾ...


സമീർ ദാ തുച്ഛമായ പണത്തിന് ബാങ്കുരായിൽ നിന്ന് വാങ്ങിയതാണ് അവളെ. നിർധനർ അല്ലായിരുന്നിട്ട് കൂടി പെൺകുഞ്ഞാണ്  പിറന്നതെന്ന പേരിൽ കൊല്ലാൻ കൊണ്ട് പോവുകയായിരുന്നു അവളെ അവർ. സമീർ ദായുടെ കീഴിൽ വായുവും ഭക്ഷണവുമായി സംഗീതം ഭുചിച്ചു വളരുകയായിരുന്നു സാരംഗി. 


സമീർ ദാ, സംഗീതത്തെ ഇത്രമേൽ സ്നേഹിച്ച മനുഷ്യൻ മറ്റൊന്നുണ്ടാകുമോ? അയാൾ സംസാരിക്കുന്നത് കേൾക്കാൻ തന്നെ ഇമ്പമുള്ള രാഗങ്ങളിൽ ആണെന്ന് തോന്നും. പലപ്പോഴും തന്നോട് സംസാരിക്കുന്നത് എന്തെന്ന് കേൾക്കുന്നതിനെക്കാൾ എന്താണ് കേൾക്കുന്നതെന്ന് ആശ്ചര്യം തോന്നിയിട്ടുണ്ട്. 


പെട്ടെന്ന് ഓർമ്മകളുടെ കെട്ട് എവിടെയോ പൊട്ടി വീഴും. വീണ്ടും താൻ ഓർത്തതൊക്കെ മറന്ന് പോകും... ആകെയുള്ള ഓർമ്മ സംഗീതമാണ്, സാരംഗിക്ക് വേണ്ടി. പോകണം സമീർ ദായുടെ അരികിലേക്ക് ഒരിക്കൽ കൂടി. 


ഇടുങ്ങിയ വഴികൾ കൊണ്ട് ചെന്നു നിർത്തുന്നത് പട്ടും പൂവും കൊണ്ട് ചുവര് മറച്ച അത്തറും കുന്തിരിക്കവും മണക്കുന്ന സമീർ ദായുടെ മുറിയിലാണ്. അവിടെ പഴകി പഴകി കറുത്തിരുണ്ട സമീർ ദായുടെ പീഠത്തിൽ സിതാറുമായി അവൾ കണ്ണുകൾ അടച്ചു വിരലുകൾ മെല്ലെ ചലിപ്പിച്ചു സ്വപ്നത്തിൽ എന്നപോലെ പാടുകയായിരിക്കും. 


.....................


ചിലയോർമ്മകൾ മുള്ളുള്ള ശരങ്ങൾ പോലെയാണ്; അവ ഇന്നിന്റെ കോട്ടയ്ക്ക് മുകളിൽ നിന്ന് ഓർമകളുടെ ചുഴിയിലേക്ക് തട്ടിയെറിയും, ജീവൻ തറഞ്ഞു വെക്കുന്ന വാക്കുകൾ കൊണ്ട് ബന്ധിക്കും, അനങ്ങാൻ വയ്യാതെയാകും, കാലങ്ങൾ പിന്നിലേക്കി വലിച്ചെറിയപ്പെടും. എവിടെയൊക്കെയോ തട്ടി തടഞ്ഞ് വീഴും കൈ മുട്ടിടിക്കുകയും നെറ്റി പൊട്ടി ചോര പൊടിയുകയും ചെയ്യും.


കൽക്കട്ടയ്ക്ക് ഉള്ള ട്രെയിനിൽ ജനലോരം ചേർന്നിരുന്നു ദൂരെ ദൂരങ്ങൾ താണ്ടി എത്തുന്നിടത്തേക്ക് വെറുതെ സഞ്ചരിക്കുമ്പോൾ അതുവരെ തോന്നാത്ത ആവേശമാണ്. അതുപോലെയുണ്ട് ആശങ്കയേറിയ ആധി. അവളെയോർത്തിട്ട് തന്നെയാണ്. അവൾ... 


പ്രതീക്ഷിക്കാതെ പെയ്തൊരു മഴയായിരുന്നു സാരംഗി, തയാറെടുപ്പുകളൊന്നുമില്ലാത്തത് കൊണ്ട് മുഴുവനായി നനഞ്ഞുതണുത്ത മഴ. ഭൂമിയൊന്ന് തണുത്തപ്പോൾ മഴമേഘങ്ങൾ ഒഴിഞ്ഞു ആകാശത്തെ സ്വതന്ത്രമാക്കി അവളങ്ങു പോയി. 


കൽക്കട്ടയുടെ ഇടുങ്ങിയ കുഞ്ഞു റോഡുകളിൽ ആ മഴയുടെ സംഗീതം കാതോർത്തുകൊണ്ടും അതിനെ വിവരിച്ചുകൊണ്ടും എങ്ങുമെത്താത്ത ദൂരം സഞ്ചരിച്ചിരുന്നു. 


പ്രണയമായിരുന്നില്ല ഞങ്ങൾക്കിടയിൽ; ആയിരുന്നുവോ? അതിനപ്പുറം മറ്റേതോ നിർവചിക്കാനാവാത്ത രാഗം. അകലെ ശാന്തവും ഭംഗിയേറിയതുമായ ഒരു അരുവിയെ പോലെയാണ് സാരംഗി. അടുത്താൽ പറഞ്ഞിരുന്നില്ലേ ഒരു മഴ, മൽഹാർ പോലെ താളത്തിൽ പെയ്യും. 


ആ നഗരം ഇനി ഞങ്ങളെ കേൾക്കാൻ ഒരിടം പോലും ബാക്കിയുണ്ടാകില്ല; ഓരോ മണ്ണും പൊടിയും കാറ്റും മഴയും എന്തിനേറെ ദേശാടനക്കിളികൾക്ക് പോലും ഞങ്ങളെ അറിയാം. ബന്ധം പറഞ്ഞു സ്വന്തം കൂടാൻ ആരുമില്ലെന്ന് കൂട്ട് കൂടുന്ന അവൾക്ക് നാട് നീളെ സ്വന്തങ്ങൾ ആയിരുന്നു. 


തെരുവുകളിൽ, ഗസൽ വഴികളിൽ, സമീർ ദായുടെ ഇടുങ്ങിയ മുറികളിൽ, രാവും പകലും സംഗീതത്തിന് പിന്നാലെ ഭ്രാന്തമായി ഒഴുകുന്നവർക്കിടയിൽ അവൾക്ക് എല്ലാം സ്വന്തമായിരുന്നു. 


അവൾ സംസാരിക്കാത്തതായി ആരുമില്ല. കിളികളോട്, മരങ്ങളോട്, മഴയോട്, പുഴയോട്. ചപ്പ് കൂനകളോട് പോലും കർക്കശ ഭാവേന ചോദിക്കും,

"നിങ്ങൾക്ക് മാധുരി ദീയുടെ സിനിമ പോസ്റ്ററിന് മുന്നിൽ തന്നെ ഇങ്ങനെ കുമിഞ്ഞു കൂടി കിടക്കണോ എന്ന്?"

തീർന്നോ നിന്റെ സംസാരം എന്ന് ചോദിച്ചാൽ പറയും,

"അവർക്ക് ദീദിയെ ഒത്തിരി ഇഷ്ടാണ് ത്രേ അതാ അവിടെ തന്നെ കിടക്കുന്നതെന്ന്..." 

പിന്നെയും നീണ്ട് നീണ്ട് പോകുന്ന ദൂരമത്രയും അവൾ സംസാരിക്കും... 


............


എങ്ങനെ മറന്നു അവളെ, ഏയ് അല്ല മറന്നതല്ല. മറന്നുവെന്ന് ഭാവിക്കുകയായിരുന്നു. അവളെ കുറിച്ചുള്ളതൊന്നും മറന്നതല്ല. മറക്കാൻ ആവുകയുമില്ല.


ഈ വിരലുകളും സംഗീതവും ഒക്കെ അവൾക്ക് വേണ്ടിയാണ്. അവൾ പാടുന്നത് കേട്ട് പാടിയതാണ്... 


ഒരിക്കൽ നോവിച്ചു പോയതാണ്; എവിടെ പോയി എന്തിന് പോയി ഒന്നും തിരഞ്ഞില്ല. ഒലിച്ചു പോയ മണ്ണിൽ ആ കാൽപ്പാടുകൾ പോലും താണ് പോയിരിന്നു. 


അന്നൊക്കെ വായിച്ചത് തന്നെ വീണ്ടും വീണ്ടും വായിച്ചു വായിച്ചു വായന മുഴുവിക്കാതെ മുറിയിലേക്കോടി കയറി വാതിൽ കുറ്റിയിട്ടു തറയിൽ കാല് നീട്ടി തളർന്നിരിക്കും. വയലിൻ ശബ്ദിക്കില്ല, പാട്ട് വരില്ല, സംഗീതം കേൾക്കില്ല. ഹൃദയാഘാതം സംഭവിച്ചത് പോലെ ശ്വാസഗതി അത്യുച്ചതിലാവും, വിയർപ്പ് അധികമായിയൊഴുകും, തലയിൽ കുടം കൊണ്ടടിച്ചത് പോലെ മൂളൽ കേൾക്കും, സങ്കടം വരും, കരച്ചിൽ വരും ഏങ്ങല് വരും, അപ്പോൾ പറഞ്ഞ് പഠിക്കും അവളെന്റെ ആരുമല്ലെന്ന്. 


സഹിക്കാൻ കഴിയാതെ യാഥാർഥ്യങ്ങൾ ഉൾകൊള്ളാതെ വരുമ്പോൾ കണ്ണടച്ചു ചാഞ്ഞിരിക്കും ബോധമനസ് ദയയോടെ വിടവാങ്ങും. ദൂരെ ദൂരെ ഒരു മറയിൽ നിന്നാ മനുഷ്യനെ നോക്കും. മുറിപ്പാടുകൾ തേടുന്ന അതിൽ ഉണങ്ങി പോയ ചോര മണത്തു നോക്കുന്ന മനുഷ്യനെ കരുണയോടെ നോക്കും. ഓർത്തെടുക്കാൻ ശ്രമിച്ചു മരവിച്ചു പോയ ഉറവകളിൽ എന്തെങ്കിലും ബാക്കിയുണ്ടോന്ന് നോക്കും. 


അത്രയുമാകുമ്പോൾ ബോധം ഉടലോടെ പുണരും. അപ്പോഴും സങ്കടം വരും, കണ്ണീർ ഒഴുകും.മരിച്ചാൽ മതിയെന്ന് തോന്നുന്ന ആവശ്യം ഉള്ളിൽ നിന്ന് എങ്ങോട്ടെങ്കിലും തെറിച്ചു വീഴാൻ കഴിഞ്ഞെങ്കിൽ എന്ന് പറയും പോലെ തോന്നും. എന്തിനാണ് താൻ ഓർത്തത്? എന്തിന് അവൾ എന്നിലേക്ക് വന്നു? 


ഉപേക്ഷിക്കപ്പെട്ട ജീവിതത്തിൽ കാത്തിരിക്കുന്നവർക്ക് എന്ത് പ്രസക്തി? എങ്കിലും ഓർത്തെടുക്കും, ഓർക്കാൻ വയ്യെങ്കിൽ പോലും ഓർത്തെടുക്കും, ഭംഗിയുള്ള ഒരു മുഖം. 


നീണ്ട മൂക്കിന്റെയറ്റം നീലകല്ലുള്ള മൂക്കുത്തി തിളങ്ങി നിൽക്കും സാഗരം പോലെ. അത് തന്റെ ഇഷ്ടത്തിന് കുത്തിയതാണ്. അന്നവൾക്ക് ഒത്തിരി വേദനിച്ചു. സ്വതവേ ചിരിക്കുമ്പോൾ കരയുമ്പോൾ ദേഷ്യപ്പെടുമ്പോൾ ചുവക്കുന്ന മൂക്കിന്റെയറ്റം മൂക്കുത്തി കുത്തി മൂന്ന് ദിവസം വരെ ചുവന്നിരുന്നു. അന്നവൾ ഒത്തിരി ചിരിച്ചു, മൂക്കിന്മേൽ തൊട്ടുതലോടി ഇക്കിളി കൂട്ടി ഉരുമിയുരസി ഒത്തിരി ചിരിപ്പിച്ചു. ഒത്തിരി കരഞ്ഞു മായാത്ത ചിരിക്കുള്ളിൽ നിന്ന് താൻ മറന്നു സ്വയം മറന്ന് ഒന്നായ നേരത്ത് അവൾ എന്തുകൊണ്ടോ ഒത്തിരി കരഞ്ഞു. ഒത്തിരി ദേഷ്യപ്പെട്ടു മൂർച്ചയേറിയ സന്തോഷത്തിന്റെയറ്റം അവൾ പൊട്ടി തെറിക്കുകയായിരുന്നു വന്യമായി തന്നെ ഉപദ്രവുക്കുകയായിരുന്നു. 


എന്തിനാണ്... ഇഷ്ടമാണെന്ന് പറഞ്ഞു കൂടെ കൂട്ടിയ ഭ്രാന്തിനോടയിരുന്നു അന്ന് വെറുപ്പും വാശിയും... പിന്നെ തിരിഞ്ഞൊഴുകിയില്ല, അവൾക്ക് സ്വാതന്ത്ര്യം വേണമായിരുന്നു. കടലോളം നീണ്ടു പരന്നു അനേകം ജീവികൾക്ക് വായുവും ഭക്ഷണവും ആകണമായിരുന്നു. അനാർഖമായ നിമിഷങ്ങളുടെ ഓർമ്മയിൽ ഓർത്തു വെക്കാൻ എന്തെങ്കിലും ആ വീണ കൊണ്ട് സമ്മാനിക്കണമായിരുന്നു. 


..........................


നേരം പുലരുമ്പോൾ ഹൗറ സ്റ്റേഷനിൽ എത്തിയിരുന്നു. ടാക്സിയിൽ അടുത്തെത്തിയ ദൂരത്തേക്ക് ഓടുമ്പോൾ സമയത്തിന് ദൈർഘ്യം ഏറെയുണ്ടെന്നു തോന്നി. 


ഉള്ളിന്റെയുള്ളിൽ പെരുമ്പറ, പഴക്കമുള്ള കാഴ്ചയ്ക്ക് പുതുമുഖം വന്നത് പോലെ. ഓർമയിൽ നിന്ന് നിഴലുകൾക്ക് പുതിയ ചായം തേച്ചു പിടിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. 


കേരളത്തിലെ മഞ്ഞിന്റെ താഴ്വരയിൽ നിന്ന് ഹൂഗ്ലിയുടെ ചോരയൊഴുകുന്ന ഉഷ്ണഭൂമിയിൽ എന്തിനാണ് ചേക്കേറിയതെന്ന് അവൾ ചോദിക്കാറുണ്ട്. അതും സ്പഷ്ടമായി ബംഗാളി ഭാഷയിൽ, ഉത്തരം പറയാൻ അന്നും ഇന്നും കാരണം സംഗീതമാണ്.


തെരുവുകൾക്ക് മാറ്റം വന്നിരിക്കുന്നു. തീരെ പരിചിതമല്ലാത്ത വഴികൾ കടന്ന് ഇരുനിലയുള്ള വീടിന് മുന്നിൽ എത്തി നിൽക്കുമ്പോൾ അതുവരെ തോന്നാത്ത വിറയൽ ശരീരം മുഴുവൻ വ്യാപിക്കുകയാണ്. എങ്ങനെയായിരിക്കും ഈ കൂടിക്കാഴ്ച്ച? മനസ്സിൽ ഒരിക്കലും മറക്കാതെയിരിക്കാൻ എന്താകും ഈ ഓർമ്മ സമ്മാനിക്കുക? അവൾ എങ്ങനെയായിരിക്കും ആ മൂക്കുത്തിയുടെ തിളക്കം ഇപ്പോഴുമുണ്ടാകുമോ? ചോദ്യങ്ങൾ അനുസരണയില്ലാതെ ധൈര്യത്തെ ചോർത്തിയെടുക്കുന്നു. 


അകത്തേക്ക് ക്ഷണിക്കപ്പെട്ടു. മുൻപും അങ്ങനെയാണ്, സമീർ ദാ പുറത്തേക്ക് വരാറില്ല. ഇരുപത്തുയഞ്ചു വർഷങ്ങൾക്ക് മുൻപേ ആ കാലുകൾ നഷ്ടമായതാണ്. കാണാൻ ഉള്ളവർ ആ മുറിയിൽ പറയുന്ന നേരം പോകണം, സമയം കഴിഞ്ഞു പോയാൽ പ്രവേശനമില്ല. 


ആദ്യനാളുകളിൽ കൃത്യനിഷ്ഠയില്ലാതെ കാത്തുനിന്നു തിരികെ മടങ്ങേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെയും അസൂയവഹമായി അവൾ മുന്നിൽ കൂടി അകത്തേക്കും പുറത്തേക്കും കാറ്റ് പോലെ സഞ്ചരിക്കുമായിരുന്നു. 


മാറ്റങ്ങൾക്ക് മാറ്റമില്ലെന്ന് തെളിയിക്കും പോലെ സമീർ ദായുടെ മുറിയിൽ അലങ്കാരങ്ങൾ ഏതുമില്ല. പട്ടില്ല, പൂക്കൾ കൊണ്ട് മറച്ച ജനാലകൾ ഇല്ല. സിതാർ ചാരി വച്ച പീഠവുമില്ല. പുതിയൊരു ടേബിൾ ഫാൻ തലയാട്ടി കാറ്റ് വീശുന്നുണ്ട്. അരികിൽ ശാന്തനായി കിടക്കുന്നു സമീർ ദാ.. 


എന്റെ സംഗീതലോകത്തെ ഗുരുവും ദൈവവും. കാണുന്ന നാൾ മുതൽ ഈ നിമിഷം വരെയും ആത്മീയ തേജസ്സ് വഹിക്കുന്ന മുഖം... ദുഃഖം കരിനിഴൽ വീഴ്ത്തി കറുപ്പ് പടർത്തിയ കൺകോണുകൾ പ്രയാസപ്പെട്ടു വലിച്ചു തുറന്ന് നോക്കി. മനസ്സിലായി കാണുമോ? 


അല്പം നേരം നോക്കിയിരുന്നു പിന്നെ മെല്ലെ ചുണ്ടുകൾ വിടർത്തി. അരികിലേക്ക് വിളിച്ചിരുത്തി. വിറയ്ക്കുന്ന കയ്യോടെ വലത് കരം പിടിച്ചെടുത്തു. മൗനമായിരുന്നു ഞങ്ങൾക്കിടയിലെ ഭാഷ. കണ്ണുകൾ ഈറൻ നനവിൽ കാഴ്ചയെ പലപ്പോഴും മറച്ചു. ഒരുപാട് ചോദ്യങ്ങൾ ഉത്തരങ്ങൾ തേടിയുള്ള യാത്രകൾ... എന്നും അവിരാമത്തിൽ ചെന്ന് നിൽക്കുന്ന സംഭാഷണശകലങ്ങൾ ഇന്നും എന്തോ ഒന്ന് പറയാതെ അവസാനിക്കുകയാണ്.


നിമിഷങ്ങൾ മണിക്കൂറുകൾ ആയും ദിവസമായും കടന്ന് പോയിട്ടും തേടി വന്ന കാഴ്ച്ച എവിടെയുമുണ്ടായിരുന്നില്ല. ഒന്ന് ഒരിക്കൽ മാത്രം കണ്ടാൽ മതിയെന്ന ആഗ്രഹം വളർന്ന് വളർന്ന് മേഘങ്ങളുടെ തട്ടിൽ എത്തി നോക്കും. എവിടെയാണ് എന്ന ചോദ്യം ഹൃദയമിടിപ്പിന്റെ താളം പോലെയാകും. കണ്ണും കാതും ഹൃദയയവും വിരലുകളും തേടിയത് കാണാതെ കാണുന്നതിൽ ഒക്കെ തിരഞ്ഞു തിരഞ്ഞു ഇനിയും കാത്തിരിക്കാൻ വയ്യാത്തത് പോലെ ഉള്ളം മടുക്കുകയായിരുന്നു. 


എല്ലാം മറന്ന് അതുവരെ കൂട്ടികൊണ്ട് വന്ന ഓർമകളെയും ഇഷ്ടങ്ങളെയും കാണാതെ പോയി മരുഭൂമിയിൽ കണ്ണെത്താ ദൂരം ശൂന്യതയിലേക്ക് മുങ്ങി താഴും പോലെ തോന്നിയ നിമിഷം തിരിച്ചറിയുകയാണ് കാലങ്ങൾ കൂടെ തന്നെയുണ്ടായിരുന്നു എന്നിൽ ആ സംഗീതമെന്ന്. 


ദേഹം വിട്ട് ആത്മാവ് തേടി അവൾ എന്നോ അരികിലെത്തിയെന്ന് അറിയാൻ കാലം ഇത്രയും നാൾ കാത്തിരുന്നുവോ? അവൾ ഇത്രയും കാലം എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. എന്റെ വയലിന്റെ ശബ്ദമായി അതിന്റെ ഈണമായി. 


ഒരിക്കൽ പോലും ഓർമ്മകൾ എന്നെ തേടിയെത്താതിരുന്നത് തിരഞ്ഞു പോകാതിരുന്നത് കൂടെയുള്ളത് അറിയാൻ കഴിഞ്ഞത് കൊണ്ടാകും... ഓർമകളിലേക്കുള്ള മടങ്ങി വരവ് ഒരിക്കലും മടങ്ങാത്ത ഓർമ്മ സമ്മാനിക്കാൻ കൂടിയായിരുന്നു. 


ഓർമകളുടെ സംഗീതം പാടി തുടങ്ങുന്നത് കേട്ടിട്ടുണ്ടോ? എനിക്കിപ്പോൾ കേൾക്കാം. അതെന്ത് പറയുന്നുവെന്നോ? 


ഇനിയുമൊരു ഓർമ്മ കൂടി എഴുതി ചേർക്കാതെ വരുമ്പോൾ, വരികൾക്ക് ഇനിയുമൊരു സംഗീതം നൽകേണ്ടതില്ലെന്ന് വരുമ്പോൾ, അവർ പുനർജീവിച്ചു തുടങ്ങുമ്പോൾ മുതലാണ് ഓർമ്മകൾ ആലപിച്ചു തുടങ്ങുന്നതും നിതാന്തമായ സംഗീതമാകുന്നതെന്നുമാണ്. 


അകലെ പ്രിയമുള്ളവരാരോ നിശബ്ദതയുടെ ഈണത്തിൽ പാടുന്നത് കേൾക്കാറുണ്ടോ? നമുക്ക് കേൾക്കാൻ മറ്റാരും കേൾക്കാത്തയത്ര ആർദ്രമായി അവർ പാടുന്നുണ്ടാകും. അത് മഴയുടെയാകാം, 

ഇലകളുടെതാവാം, തിരകൾ ഉയരുന്നത് പോലെയാകാം, മഞ്ഞുവീഴുന്നത് പോലെയാകാം, അരുവി ഒഴുകുന്നത് പോലെയാകാം, നടന്നു തീർത്ത വഴിയൊരങ്ങളുടെ ആവാം, തിരക്കുള്ള നഗരത്തിലെ ഒച്ച പോലും ആരും കേൾക്കാത്ത ഓർമ്മകളുടെ സംഗീതമാണ്. 


ഉള്ളിൽ നിന്ന് വളരെ ഉയരെ പറന്ന് ചെന്ന് മേഘങ്ങൾക്കിടയിൽ നിമിഷങ്ങളോളം താങ്ങി നിർത്തി അനിർവചനീയമായ അനുഭൂതിയിൽ ചേതന മയങ്ങി ഏറെനേരം, വളരെയേറെ നേരം മണിവീണയുടെ നേർത്ത തന്ത്രികളിൽ ശ്വാസത്തെ പിടിച്ചുവച്ചു ജീവിപ്പിക്കുന്ന ഓർമ്മകളുടെ സംഗീതം...


Rate this content
Log in

More malayalam story from Beegam Muhammed

Similar malayalam story from Romance