Beegam Muhammed

Drama Fantasy

4.0  

Beegam Muhammed

Drama Fantasy

ഹൃദയം...

ഹൃദയം...

4 mins
400


പുഴയുടെ ഒഴുക്കിൽപ്പെട്ട് പാറയിടുക്കിൽ ചെന്നിടിച്ചത് പോലെയൊരു ആഘാതത്തിൽ ഞാൻ ഒന്നുലഞ്ഞെഴുന്നേറ്റു. എഴുന്നേറ്റു എന്നതിനേക്കാൾ കണ്ണുകൾ തുറന്നു എന്നതാണ് സത്യം. ഉയർന്നും താഴ്ന്നും സഞ്ചരിക്കുന്ന ഏതോ ഒന്നിനൊപ്പം ഞാനും സഞ്ചരിക്കുകയാണ്. ഉള്ളിൽ നിന്ന് എന്തോ പുറത്തേക്ക് വരും പോലെ, ഞാൻ ഓക്കാനിച്ചു പോയി. 


മുന്നോട്ടോ പിന്നോട്ടോ അതിങ്ങനെ കാലുകൾ വേഗനേ തറയിൽ മുട്ടിക്കുന്ന ശബ്ദം കേൾക്കാം. അതേതെങ്കിലും മൃഗമാണ് എന്ന ധാരണയിൽ എത്തിയപ്പോഴേക്കും നിമിഷങ്ങൾ കുറച്ചധികം കടന്ന് പോയിരുന്നു. 


കണ്ണുകൾ തുറന്നിട്ടും എനിക്ക് മുന്നിലെ ഇരുട്ടിനെ കടന്ന് ചെല്ലാൻ സാധിച്ചിരുന്നില്ല. തലയൊന്ന് ഉയർത്തി കൈകൾ അമർത്തി ഞാൻ എഴുന്നേറ്റ് ഇരുന്നു. ചുറ്റും ഞാൻ ഇരിക്കുന്ന പ്രതലം ഉൾപ്പടെ പരുപരുത്ത എന്തോ വസ്തുവാണ്. 


ഒറ്റമാത്രയിൽ ഞാൻ ഒരു വീപ്പയിൽ അടച്ചു വെക്കപ്പെട്ടത് പോലെ തോന്നിച്ചു. ഇരുട്ടിൽ കൈകൾ കൊണ്ട് തപ്പി തടഞ്ഞു നോക്കി, ആ പരുക്കമായ വസ്തുവിനപ്പുറം ഒന്നും കണ്ടെത്താൻ ആയില്ല. ഇരുന്ന ഇരിപ്പിൽ നിവർന്നൊന്നു കിടക്കാൻ പോലും കഴിയില്ല...


കുളമ്പടി പോലെ ശബ്ദം മാത്രം, കുതിരയാകുമോ? 


ഞാൻ കുതിരപ്പുറത്ത് സഞ്ചരിച്ചിട്ടില്ല. അതിന് ഇത്ര വേഗതയെ ഉള്ളുവോ? കുതിരയ്ക്ക് എത്ര വേഗത ഉണ്ടെന്ന് തനിക്കറിയില്ല.


വീണ്ടും അസ്വസ്ഥത തോന്നി, എനിക്ക് എന്താണ് സംഭവിക്കുന്നത്. ഞാൻ എവിടെയാണ്. അല്പം മുന്നേ ഞാൻ കൂട്ടുകാർക്കൊപ്പം ഫുട്‌ബോൾ കളിക്കാൻ പോയതാണ്, കുറെ മണിക്കൂറുകൾ അവിടെ അവരോടൊപ്പം ഞങ്ങളുടെ ഗ്രൗണ്ടിൽ ചിലവഴിച്ചതാണ്. 


കളി കഴിഞ്ഞ് പതിവ് സൊറ പറച്ചിൽ അവസാനിപ്പിച്ച് താൻ തന്റെ പുതിയ ബൈക്കിൽ വീട്ടിലേക്ക് തിരിച്ചതുമാണ്... 


പിന്നെ എന്തുണ്ടായി...


ഒന്നും ഓർമ്മ വരുന്നില്ലല്ലോ? 


തലചാരി ഞാൻ ആ വീപ്പയിൽ ഇരുട്ടിനെ നോക്കി കുറെ ചിന്തിച്ചു. എന്താണ് എനിക്ക് സംഭവിച്ചത്???


പൊടുന്നനെ ആ വലിയ വീപ്പയ്ക്ക് ഇളക്കം തട്ടി, അത് എന്നെയും കൊണ്ട് ശക്തിയായി ഉലഞ്ഞു. 


എനിക്ക് നേരെ മുകളിലായി ഒരു സുഷിരം വീണ് അതിൽ നിന്ന് കൂർത്ത മുനപോലെ വെളിച്ചം എന്റെ വലത് കയ്യിലേക്ക് കുത്തിയിറങ്ങുന്നത് അത്ഭുതത്തോടെ ഞാൻ കണ്ടു. 


തിളങ്ങുന്ന വാൾത്തലം പോലെ അതിന് ചുറ്റും മഞ്ഞ വെളിച്ചം തീഷ്ണമായി പ്രവഹിക്കുന്നത് കാണാം. 


എനിക്കും എനിക്ക് ചുറ്റിനും ഉള്ള വസ്തുക്കൾക്ക് നിറം വന്നു. ഞാൻ ഓർത്തത് പോലെ പരുക്കമായ മരത്തടിയിൽ ഒരു വീപ്പ തന്നെയാണ് ഇത്, ആകെ ഞാൻ എന്ന മനുഷ്യൻ മാത്രം.


എന്നെ ഞെട്ടിച്ചത് മറ്റൊന്നാണ്, ഞാൻ അവസാനമായി ഈ വേഷം ആയിരുന്നില്ല ഇട്ടിരുന്നത്. എന്റെ ജേഴ്സിക്ക് പകരം വളരെ നേർത്ത എന്റെ ശരീരം വെളിവാകുന്ന തരം വെള്ളതുണിയാണ് ഞാൻ ധരിച്ചിരിക്കുന്നത്, അതും എവിടെയോ ഒക്കെ വെള്ള നൂലിൽ തുന്നിക്കെട്ടിയ പോലെ. 


എന്തിനാകും എന്നെ ഇങ്ങനെ അടച്ചു വെച്ചിട്ടുണ്ടാവുക? ആരായിരിക്കും ചെയ്തത്? എപ്പോഴാണ് സംഭവിച്ചത്? ഞാൻ എവിടേക്കാണ് പോകുന്നത്? 


ഇളകിയാടി ഞാൻ അതിന് മുകളിൽ യാത്ര തുടരുകയാണ്. 


വെളിച്ചവുമായി കണ്ണുകൾ പൊരുത്തപ്പെട്ടു എന്നു ബോധ്യമായപ്പോൾ സുഷിരം വീണ ഭാഗം കൈകൾ കൊണ്ട് കുത്തി നോക്കി, മിനുസമുള്ള എന്തോ ആണ് അത്, അനേകം ചെറിയ മുത്തുകൾ കോർത്ത പോലെ... 


വീണ്ടും വീണ്ടും ശക്തിയായി അതിനെ ഇടിച്ചു നോക്കി, കുത്തി നോക്കി, ചുരണ്ടി നോക്കി ഫലമൊന്നും കണ്ടില്ല.


ഏറെ നേരം വാക്കില്ലാതെ കൈ കൊണ്ടിടിച്ചതിന്റെ ക്ഷയം കൈകൾക്ക് തോന്നി, വീണ്ടും ആ വീപ്പയിൽ ഞാൻ ചുരുണ്ടു കൂടി... 


സമയം കുറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോഴാണ് അത് പുറത്തേക്ക് തള്ളി നോക്കാൻ തോന്നിയത്. 


സാവധാനം ഭാരമുള്ള ഒന്നിനെ എടുത്ത് ഉയർത്തുമ്പോലെ ഞാൻ അതിനെ തള്ളി നീക്കി... അത് പതിയെ നീങ്ങി.


വായുവും വെളിച്ചവും ശൂന്യത്തിലേക്ക് തിരയടിച്ചു കയറും പോലെ എനിക്ക് മുകളിൽ വന്നു വീണു. 


ഇളം നീലയാകാശം ചെറിയ മേഘക്കെട്ടുകൾ വെള്ളതുണി പോലെ അതിനെ അർദ്ധമായി മറച്ചിട്ടുണ്ട്.


അല്പനേരത്തെ അമ്പരപ്പിന് ശേഷം ഞാൻ മുട്ടുകൾ ഊന്നി മുകളിലേക്ക് തലയെത്തി നോക്കി, ഒരുവേള ഞാൻ സ്തംഭിച്ചു പോവുകയും വേഗം തന്നെ വീപ്പയ്ക്ക് ഉള്ളിലേക്ക് തിരികെ ചുരുണ്ട് കൂടുകയും ചെയ്തു. 


ദൈവമേ എന്താണീ കാണുന്നത്, എനിക്കെന്താണ് സംഭവിക്കുന്നത്?


കഠിനമായി ഞാൻ വിയർക്കുകയും ശ്വാസഗതി ക്രമാതീതമായി ഉയരുകയും ചെയ്തു. 


എന്നെ എനിക്ക് നിയന്ത്രിക്കാൻ കഴിയും എന്നായപ്പോൾ വീണ്ടും മുകളിലേക്ക് തലയെടുത്തിട്ടു. 


പണ്ടെങ്ങോ ഞാൻ വായിച്ചു തീർത്ത പുസ്തകത്തിലെ നഗരങ്ങളിലേക്കാണ് ഞാൻ സഞ്ചരിക്കുന്നത്, കുതിരപ്പുറത്ത് തന്നെ. 


അതൊരു കമ്പോളമായിരുന്നു, അടുക്കുകളായി പലതരം കച്ചവടക്കാർ ടെന്റ് കെട്ടി അതിൽ വിചിത്രമായ രീതിയിൽ വസ്ത്രം ധരിച്ച സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. 


പഴങ്ങൾ വിലപേശി കച്ചവടം ചെയ്യുന്ന തടിച്ചു കുറുകിയ സ്ത്രീയിലേക്കാണ്‌ ഞാൻ ആദ്യം നോക്കിപ്പോയത്, അവർ എന്നെ തിരിച്ചും നോക്കുകയും തീഷ്ണമായ നോട്ടം സമ്മാനിക്കുകയും ഉണ്ടായി. 


ഞാൻ കണ്ണുകൾ പിൻവലിച്ചു, അപ്പോഴേക്കും എന്റെ വാഹനം കുറെ ദൂരം മുന്നോട്ട് വന്നിരുന്നു.


തുടരെ തുടരെ എന്നെ കടന്ന് പോയവർ ഒക്കെയും വളരെ നിസ്സരമായി എന്നെ കാണുകയും പ്രത്യേകിച്ചും ഭാവമാറ്റങ്ങൾ ഇല്ലാതെ തന്നെ അവരുടെ ജോലിയിൽ വ്യാപൃതർ ആവുകയും ചെയ്തു. 


തീർത്തും അപരിചിതമായ നിരത്തിൽ എങ്ങോട്ടേക്കാണ്‌ യാത്ര എന്നറിയാതെ അമ്പരപ്പോടെ ഞാൻ ഓരോ കാഴ്ചയും കണ്ടു, ഇടയ്ക്ക് വളരെ വേഗം ഒരു പെൺകുട്ടി ഓടി വരികയും എനിക്ക് നേരെ ആപ്പിൾ പോലെ ഒരു വസ്തു നീട്ടുകയും ചെയ്തു, ഓടി കിതയ്ക്കുന്നുണ്ടെങ്കിലും അവൾ എന്നെ നോക്കി ചിരിക്കുകയായിരുന്നു. 


കുതിരയ്ക്ക് ഒപ്പം അവൾക്കും നീങ്ങാൻ ആകുമോ എന്ന് ഞാൻ സംശയിച്ചിരുന്നു. എന്നാൽ അവൾ ഓടി അടുക്കുകയും എനിക്ക് നേരെ നീട്ടിയ ആപ്പിൾ ഞാൻ സ്വയം മറന്ന് കയ്യെത്തി സ്വീകരിക്കുകയും ചെയ്തു. 


ഒരു പുഞ്ചിരിയോടെ അവൾ നിൽക്കുകയും അകന്ന് പോകുന്ന എനിക്ക് കൈവീശി കാണിക്കുകയും ചെയ്തു. എന്റെ പ്രവർത്തിയിൽ ഞാൻ വീണ്ടും അത്ഭുതപ്പെട്ടുപോയി...


വീപ്പയിലേക്ക് തിരികെ കയറി ഇരിക്കുകയും ആ കടും ചുവപ്പ് നിറത്തിലെ ആപ്പിൾ കയ്യിൽ വച്ച് നോക്കുകയും മണപ്പിക്കുകയും ചെയ്തു. കഴിക്കാനോ അത് രുചിച്ചു നോക്കാനോ തോന്നിയില്ല. മനസ്സിൽ അപ്പോഴും അപരിചിതയായ തലയിൽ തൂവൽ തൊപ്പി വെച്ച, പെൺകുട്ടി ആയിരുന്നു.


സമയം ഏറെ കടന്ന് പോയി, നെഞ്ചിനുള്ളിൽ ഒരു നോവ് പടരുന്നത് പോലെ, തണുത്തു കൂർത്ത എന്തോ ഒന്ന് വേദനിപ്പിക്കും പോലെ. 


വീണ്ടും മുട്ട് താങ്ങി ഉയർന്ന് നിന്നു. 


 പ്രജ്ഞ നഷ്ടപ്പെട്ടവനെ പോലെ ഞാൻ ആ നഗരവും കണ്ടു, ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ അങ്ങിങ്ങ് മാത്രം ഈത്തപ്പനകൾക്ക് കീഴിൽ കട്ടിയുള്ള തുണികൾ കൊണ്ട് കെട്ടിയ കൂടാരത്തിൽ കുറച്ചു മനുഷ്യർ, 

തലപ്പാവും മേൽകുപ്പായവും അണിഞ്ഞവർ ഏതോ ഗഹനമായ ചിന്തയിലാണ്. അങ്ങനെ ഒരു ലോകത്തു ഇതുപോലെ ഒരു ജീവി കടന്ന് പോകുന്നത് അവർ അറിഞ്ഞതേയില്ല...


അവരെയും കടന്ന് ഞാൻ വീണ്ടും സഞ്ചരിച്ചു, അതൊരു കടൽക്കരയായിരുന്നു. അവിടെയും പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. അവരും എന്നെ കണ്ടതേയില്ല, കണ്ടവർ ശ്രദ്ധിച്ചതേയില്ല... 


ഒരു ചെറിയ ആൺകുട്ടി അവന്റെ കയ്യിലെ നീളൻ വടി എനിക്ക് നേരെ ചൂണ്ടി കരയുന്നത് വേദനയോടെ ഞാൻ നോക്കി. വാസ്തവത്തിൽ എനിക്ക് കരയാൻ തോന്നി, ഉറക്കെ ഉറക്കെ അലറി നിലവിളിക്കാൻ തോന്നി.


എന്താണെനിക്കു സംഭവിക്കുന്നത്, ഞാൻ എവിടേക്കാണ് പോകുന്നത്? 


മനസ്സിലേക്ക് വീട്ടുകാരുടെ ചിത്രം മിന്നിമാഞ്ഞു, അമ്മ എനിക്ക് ഭക്ഷണം വിളമ്പി കാത്തിരിക്കുന്നുണ്ടാകും, ഏട്ടനും അച്ഛനും എന്നെ തിരഞ്ഞു നടക്കുകയാവും.


ഞാൻ... ഞാൻ മറ്റേതോ ലോകത്ത് എവിടെക്കോ പോവുകയാണെന്ന് എങ്ങനെ അറിയാനാണ്?


പക്ഷെ അവരുടെ തേങ്ങൽ ഞാൻ കേട്ടതാണ്, അമ്മയെ അച്ഛൻ ആശ്വാസിപ്പിക്കുന്നതും കേട്ടതാണ്...


ശരീരം മുഴുവൻ മനസ്സിന്റെ വേദന വ്യാപിക്കുന്നത് ഞാൻ മനസ്സിലാക്കി, ഇളം തണുപ്പ് ആകെ പടരുന്നത് പോലെ... എന്റെ വണ്ടിയിൽ നിന്നും ശക്തിയായി ഞാൻ തെറിച്ചു വീഴുകയായിരുന്നു ...


ചൂട് ചോര എന്നിൽ നിന്നും പുറത്തേക്ക് ഒഴുകുന്നത് ഞാൻ കണ്ടിരുന്നു... ഞാൻ മരിച്ചു പോയതാണോ? 


ഒരു മയക്കത്തിലേക്ക് വീണ്ടും വീണ് പോയി. ശൂന്യമാണ് ബോധം, ഓർമ്മകൾ നീലക്കടലിൽ വീണ് അലകൾക്ക് അടിയിലേക്ക് മറഞ്ഞു പോയി...


ഒറ്റപ്പെട്ട ഒരു ദ്വീപ് അതിൽ ഞാൻ മുകളിലെ സൂര്യനെ മാത്രം കണ്ടു. മറ്റൊന്നും ഇല്ല...


അബോധാവസ്ഥയിൽ ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടു, അവൾ എനിക്കരികിൽ വന്ന് നിൽക്കുകയാണോ?


തീരെ ഭാരമില്ലാതെ ഒരപ്പൂപ്പൻ താടി പോലെ ഞാൻ അവളെ പുൽകി. 


അവളുടെ കുഞ്ഞു ശരീരത്തിൽ ആ ഇടത് നെഞ്ചിൽ എന്നെ സസൂക്ഷ്മം അവർ നിക്ഷേപിച്ചു... ഞാൻ അവിടെ ചുരുണ്ട് കൂടി , വല്ലാത്ത ക്ഷീണം...


പതിയെ പതിയെ ചൂടുള്ള അവളുടെ ശരീരത്തിൽ എനിക്ക് ശ്വാസം കിട്ടുന്നുണ്ട്... ഞാൻ അവൾക്കായി മിടിക്കാൻ തുടങ്ങിയിരിക്കുന്നു...


അവൾ കാണുന്ന സ്വപ്നം എന്നിൽ നിന്നും അതിദൂരമാണ്. കുഞ്ഞു ശലഭങ്ങൾ, അനേകം പൂക്കൾ, കടൽ, മഴ. 


അങ്ങനെ അവൾ എനിക്കുമപ്പുറം ചെറിയ ലോകത്തെ കണ്ടുറങ്ങുകയാണ്... ഇപ്പോൾ ഞാനും... ആ സ്വപ്നങ്ങൾക്കും കാഴ്ചകൾക്കും സുഗന്ധമുണ്ടായിരുന്നു... 


അവനിൽ നിന്ന് അടർത്തി മാറ്റിയ ഹൃദയം അവളിൽ തുടിച്ചു തുടങ്ങി, അസ്തമിച്ചു എന്ന് കണ്ട ജീവിതത്തിൽ പുതിയ സൂര്യൻ ഉദിച്ചുയർന്നു. 


പുതിയ ജീവൻ തുന്നിച്ചേർക്കപ്പെട്ടു... 


അവളിൽ ഞാൻ വീണ്ടും ജനിക്കുകയും ജീവിക്കാൻ തുടങ്ങുകയുമാണ്...


ഹൃദയം.


Rate this content
Log in

Similar malayalam story from Drama