ശവം തീനികൾ...
ശവം തീനികൾ...
സൂര്യൻ ഉദിച്ചതിന് പിന്നാലെ അയാൾ തലയിൽ തോർത്തു വലിച്ചു കെട്ടി ഓല മടക്കിൽ ചാരി വച്ച നീളൻ വടി തട്ടി എടുത്തു മൺവെട്ടി തോളിലും വെട്ടുകത്തി അരയിൽ ഉടുത്ത മുണ്ടിൽ തൊരുത്തുവച്ചു കൂനി കൂനി കാട്ടിലേക്ക് നടന്നു. പ്രായം കുറുക്കിയ ഉറപ്പുള്ള കാലടികൾ ചപ്പിലും കരിയിലകളിലും തട്ടി ശബ്ദമുണ്ടാക്കി. ഉൾക്കാട് അടുത്തപ്പോൾ ഉറുമ്പ് വഴിയൊരുക്കി ഒതുങ്ങി പോകുന്നത് കണ്ട് ഒന്ന് നിന്നു. നെഞ്ചും വയറും തടവി ദീർഘമായി നിശ്വസിച്ചു. പിന്നെ മുഖം മുറുക്കി നീട്ടി തുപ്പി ഉറുമ്പുകൾക്ക് മുന്നേ നടന്നു.
"പച്ചരത്തം മണത്തോടുകേണ്... ശവം തീനികൾ..."
നേരെ ചെന്ന് നിന്നത് കാലങ്ങൾക്ക് മുന്നേ ഒടിഞ്ഞു വീണ വന്മരത്തിന് പിന്നിലാണ്. പ്രതീക്ഷിച്ചത് എന്തോ കണ്ടത്തിയത് പോലെ അയാൾ നെറ്റിത്തടത്തിലെ വിയർപ്പ് വിരൽ കൊണ്ട് തുടച്ച് മാറ്റി. ആളൊപ്പം വളർന്ന് നിന്ന പുല്ല് വടികൊണ്ട് തട്ടിയൊടിച്ചു അയാൾ ഉറുമ്പരിച്ചു കിടന്ന ശരീരത്തിനെ നോക്കി.
പെണ്ണാണ്. ഉടുതുണിയില്ല, കൊത്തി വലിച്ചു ചോരയതിൽ ബാക്കിയുണ്ടാകില്ല. തലയിൽ കെട്ടിയിരുന്ന തോർത്ത് ഉടുത്തിട്ട് ഉടുമുണ്ട് കൊണ്ട് അതിനെ മറച്ചു.
വെളിച്ചം കടക്കാത്ത കാടാണ്, അകലെ മാറി പാരിജാതം വിരിഞ്ഞു മണക്കുന്നുണ്ട്. വെട്ടുകത്തിയും മൺവെട്ടിയുമൊക്കെ ഉയരത്തിൽ ഒരു കല്ലിന്മേൽ വച്ചു.
അയാൾ കാട് കയറുന്നത് പതിനഞ്ച് വയസ്സിലാണ്. അപ്പനറിയാതെ കാട്ടുതേനെടുക്കാൻ പൊഴ കടന്ന് വന്നപ്പോഴാണ് ആദ്യമായി അയാൾ ഇങ്ങനൊന്ന് കാണുന്നത്. അന്ന് ആദ്യത്തെ കാഴ്ച്ചയായത് കൊണ്ടോ, പ്രായം കൊണ്ടോ, അതോ കണ്ടത് വിശ്വസിക്കാൻ ആകാഞ്ഞിട്ടോ എന്തോ അവൻ ബോധം കെട്ട് വീഴുകയുണ്ടായി.
പിറ്റേന്ന് ഉണരുമ്പോഴും ഉറുമ്പും ഈച്ചയും മറ്റ് പ്രാണികളും മത്സരിച്ചു തിന്നുന്ന തലയില്ലാത്ത പുരുഷന്റെ ശരീരം നാറ്റം വച്ചു തുടങ്ങിയിരുന്നു. അടുത്തു വരുന്തോറും അയാൾക്ക് ഛർദി വന്നു. വെറും വയറിൽ ഒന്നുമേ പുറത്തേക്ക് വരാൻ ഇല്ലെങ്കിൽ കൂടി അയാൾ ഓക്കാനിച്ചു വായ കടഞ്ഞു.
പുഴയുടെ വക്കത്തോടി അക്കരെ തേനും ഇറച്ചിയും കൊണ്ടെത്തിച്ചു കൊടുക്കുന്ന പോലീസ് ഏമാന്മാരുടെ കോട്ടേഴ്സിൽ എത്തി വിവരം പറഞ്ഞു വരുമ്പോൾ അയാൾ കരുതിയത് അവരും കൂടി വരുമെന്നാണ്.
തിരികെ വന്ന് പുഴുവരിക്കാൻ തുടങ്ങിയ ശരീരത്തിന് അയാൾ വീണ്ടുമൊരു നാൾ കാവൽ നിന്നു, ആരും വന്നില്ല.
ഗതിയില്ലാത്ത മനുഷ്യൻ ജീവൻ ഉള്ളപ്പോ എങ്ങനെയൊക്കെ ജീവിച്ചതാകാം, അയാൾക്ക് ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല. കയ്യിൽ കിട്ടിയ വടിയും തടിയും കൊണ്ട് കുഴി കുത്തി മൂടി...<
/p>
പുഴയിറങ്ങി ആഴത്തിൽ മുങ്ങി കുളിച്ച് കയറി അന്ന് മൂന്ന് നാൾ അവന് ആഹാരം തിന്നാൻ തോന്നിയില്ല. പിന്നെയും കാട് കയറാൻ മനസ്സ് വന്നില്ല. പക്ഷെ വർഷങ്ങൾ കഴിഞ്ഞു തടി നോക്കാൻ ചെമ്പന്റെയൊപ്പം വന്നപ്പോഴും അയാളെ കാത്തിരുന്നത് ഇതുപോലൊരു കാഴ്ച്ചയാണ്.
തലയുണ്ട് എന്നാലും ചെമ്പൻ പേടിച്ചോടി, അതൊരു സ്ത്രീയായിരുന്നു. മനുഷ്യകുഞ്ഞുങ്ങളെ പെറ്റു പോറ്റിയോരമ്മ ചവച്ചു തുപ്പിയത് പോലെ .
ഒന്നേ നോക്കിയുള്ളൂ. പുഴവക്കത്ത് പോകണോ എന്നയാൾ സംശയിച്ചു. വേണ്ടെന്ന് മനസ്സ് പറഞ്ഞിട്ടും അയാളോടി ചെന്ന് കാര്യം പറഞ്ഞു.
"ഉൾക്കാടിൽ അങ്ങനെ പലതും കാണും, മണിയാ. നീയതൊന്നും കൊണ്ട് ഇങ്ങോട്ട് ഓടേണ്ട. പട്ടണത്തില് വേണ്ടാത്ത വകകളൊക്കെയാണത്, ഇതിനെ ചുമന്ന് കൊണ്ട് പോകാൻ ആരും വരുകേല. "
മണിയന് വിദ്യാഭ്യാസമില്ല, ലോകവിവരമില്ല. എങ്കിലും ആ പറഞ്ഞതിൽ നീതിയില്ലെന്ന് അയാൾക്ക് ബോധ്യമായിരുന്നു.
തിരിച്ചു നീന്തി വരുമ്പോഴേക്കും ഈച്ചയും പ്രാണികളും പൊതിഞ്ഞു പകുതി തിന്നു കഴിഞ്ഞിരുന്നു. കുഴി കുത്തി മൂടി തിരികെ മൂന്നാല് ചുവട് നടന്ന് അയാൾ വീണ്ടും ആ കുഴിമാടം നോക്കി. അയാൾക്ക് കിഴങ്ങ് ചുട്ട് ഉള്ളി കൂട്ടി വിളക്ക് വെട്ടത്തിൽ വിളമ്പി തന്ന് കൂടെയിരിക്കുന്ന അമ്മയെ ഓർമ്മ വന്നു.
"ഇത്രേ കൂടി തിന്ന് മണിയാ... "
ഇത്തിരി നൊന്ത് കുറച്ചു മാറി നിന്ന ചെമ്പരത്തി കമ്പൊടിച്ചു തല ഭാഗത്ത് കുത്തി നിർത്തി, പിന്നെ പുഴ ഇറങ്ങി മുങ്ങി കുളിച്ചു. അതിന് ശേഷം അയാൾ കാടിറങ്ങിയില്ല. മരണപ്പെട്ടവർക്ക് വീടൊരുക്കി കാട് കൂടാക്കി അവിടെ കഴിഞ്ഞു. പട്ടണത്തിലെ വണ്ടി കാട് ഇറങ്ങി കഴിഞ്ഞാൽ ഇതുപോലൊരു കാഴ്ച്ച പതിവായി. ജീവൻ പോയിട്ട് അംഗവൈകല്യം വരുത്തിയവയായിരിക്കും അധികം.
കയ്യോ കാലോ കണ്ണോ അതോ ഉള്ളോ എന്തെങ്കിലുമൊന്ന് ജീവന്റെ പിന്നാലെ അരിഞ്ഞെടുത്തു തിന്നതാകും.
'ശവം തീനികൾ...' അയാൾ ഉറക്കെ പുലമ്പും.
നേരം പുലരുന്നത് വരെ നോക്കും പിന്നെ അയാൾ അവർക്ക് മണ്ണിനടിയിൽ കിടക്കാനൊരിടം വൃത്തിയാക്കി കൊടുക്കും.
ഏമാന്മാർ കണ്ണടച്ചു കൊടുക്കുന്നിടത്തു അയാളുടെ വായടക്കപ്പെട്ടു. വായിൽ വന്നതൊക്കെ നീട്ടി തുപ്പി ആഴത്തിൽ കുഴി കുത്തി മണ്ണിട്ട് മൂടി. പാരിജാതത്തിന്റെ തയ്യോന്ന് തലയ്ക്കൽ കുത്തി നിർത്തി. പുഴ ഇറങ്ങി മുങ്ങി കുളിച്ചു കൂരയിൽ ചെന്ന് കൂടി. മൂന്നാല് ദിവസത്തേക്ക് ആഹാരമിറങ്ങില്ല, തേടി ഇറങ്ങുകയും വേണ്ട.
ശവം തീനികൾ...