Syam Nair

Comedy Drama Inspirational

4.0  

Syam Nair

Comedy Drama Inspirational

ആ കല്ലാ ഇത്

ആ കല്ലാ ഇത്

3 mins
535


മാരി കോണ്ടോ (Marie Kondo) എന്ന ജാപ്പനീസ് യുവതിയെ പറ്റി കുറച്ചുപേരെങ്കിലും കേട്ടിട്ടുണ്ടാവും, എന്നാൽ കേട്ടിട്ടില്ലാത്തവർക്ക് വേണ്ടി, മാരി കോണ്ടോ വീട് വൃത്തിയാക്കി വയ്ക്കുന്നതിൽ അഗ്രഗണ്യയാണ്. The Life-Changing Magic of Tidying Up എന്ന ബുക്ക് പല ഭാഷകളിൽ കോടിക്കണക്കിനാണ് ലോകം മുഴുവൻ വിറ്റഴിഞ്ഞത്. കൂടാതെ Tidying Up with Marie Kondo, എന്ന ടിവി പ്രോഗ്രാം വൻ ഹിറ്റാണ്.


അവർ ഇത്ര പ്രശസ്തിയിൽ എങ്ങനെ എത്തി? കുട്ടിക്കാലം മുതലേ ഓർഗനൈസേഷനിൽ ആകൃഷ്ടനായ മാരി സ്കൂളിൽ എല്ലാ ടേബിളും വൃത്തിയും ചിട്ടയും ആയി അടുക്കി വയ്ക്കുമായിരുന്നു. 19 വയസ്സിൽ കൺസൾട്ടന്റ് ബിസിനസ്സ് ആരംഭിച്ചു. ഇന്ന്, ലോകമെമ്പാടുമുള്ള ആളുകളെ അവരുടെ അലങ്കോലപ്പെട്ട വീടുകളെ ശാന്തതയുടെയും പ്രചോദനത്തിന്റെയും ഇടങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന ഒരു പ്രശസ്ത ടൈഡിംഗ് വിദഗ്ദ്ധനാണ് മാരി. ഹൃദയത്തോട് സംസാരിക്കുന്ന വസ്തുക്കൾ മാത്രം സൂക്ഷിക്കുക, ഹൃദയത്തിന് സന്തോഷം പകരാത്ത ഇനങ്ങൾ ഉപേക്ഷിക്കുക. ഇതായിരുന്നു അവരുടെ പ്രമാണം; അതിലൂടെ നമ്മുടെ വീടിനും നമുക്കും ഒരു പുതിയ എനർജി ലഭിക്കുന്നു.


ഞാൻ ഇത് ഇവിടെ പറയാൻ കാര്യം, പത്തു വർഷമായി ദുബായിൽ ഞാൻ താമസിച്ചുവരുന്ന വീട് ഈയിടെ മാറാൻ തീരുമാനിച്ചു. പക്ഷേ മാറുമ്പോഴാണ് പ്രശ്നം മനസ്സിലായത്. നമുക്ക് ആവശ്യമില്ലാത്തതും, പത്തു വർഷത്തിനിടയിൽ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിച്ചതുമായ പല സാധനങ്ങളും മാളത്തിൽ നിന്നും പതുക്കെ പുറത്തുവന്നു തുടങ്ങി. ഉപയോഗശൂന്യമായ DVD പ്ലെയർ VCR എന്നിവ. അഞ്ചുവർഷം മുമ്പ്, മകൾ ചെറുതായിരുന്നപ്പോൾ കുളിപ്പിക്കുവാൻ മേടിച്ചിരുന്ന കുറെ സാധനങ്ങൾ, കൂടാതെ മൂത്തമകൻ കളിച്ചുകൊണ്ടിരുന്ന Playstation, മേടിച്ചിട്ട് തുറക്കാത്ത കുറച്ച് ബുക്കുകൾ അങ്ങനെ പലതും. 


വെറുതെ കളയുന്നതിനു പകരം, ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ കൊടുക്കാം എന്ന് ഭാര്യ പറഞ്ഞു, ഇതൊക്കെ ആരു മേടിക്കാൻ എന്നായിരുന്നു എൻറെ ചിന്ത. വീട് മാറുമ്പോൾ ഉണ്ടാകുന്ന waste, ദുബായിൽ എടുത്തുകൊണ്ടു പോണെങ്കിൽ തന്നെ ഏകദേശം 300 ദിർഹം കൊടുക്കണം. അതുകൊണ്ട് പഴയ സാധനങ്ങൾ വിറ്റ് കിട്ടുന്ന പണം, നമുക്ക് അതിനു ഉപയോഗിക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.


ഞാൻ ഓൺലൈനിൽ വിൽക്കാൻ ഇട്ടു. എൻറെ മകൻ കളിച്ചുകൊണ്ടിരുന്ന പഴയ playstation, അതിൻറെ കൂടെ ഇരുപത് DVD ഉണ്ട്; ഞാനിട്ട വില 200 ദിർഹം ആയിരുന്നു. അതിനുവേണ്ടി പലരും എന്നെ വിളിച്ചു, കുറേപേർ വിളിച്ചപ്പോൾ ഞാൻ ഇട്ട വില കുറഞ്ഞു പോയി എന്ന് മനസ്സിലായി. പക്ഷേ ഒരാൾ മാത്രം നിരന്തരം വിളിച്ചുവിളിച്ചുകൊണ്ടേയിരുന്നു. അയാളുടെ കയ്യിൽ 150 ദിർഹം മാത്രമേ ഉള്ളൂ, എനിക്ക് തരുമോ എന്ന് പലതവണ ചോദിച്ചു. ആദ്യം ഞാൻ വിചാരിച്ചു മേടിച്ചിട്ട് മറിച്ചുവിൽക്കുന്ന ആൾക്കാർ ആയിരിക്കുമെന്ന്. അതുകൊണ്ട് ഞാൻ അത്ര ശ്രദ്ധ കൊടുത്തില്ല.


രാവിലെ അയാളുടെ ഒരു മെസ്സേജ് വന്നു- “കൊറോണ ഒക്കെ ആയതുകൊണ്ട്, ശമ്പളം ഒക്കെ കുറവാണ്. കുട്ടികൾക്ക് മേടിച്ചു കൊടുക്കുവാൻ, ഇപ്പോഴത്തെ എൻറെ സാമ്പത്തികസ്ഥിതി അനുവദിക്കുന്നില്ല." മകൾ അത്ര പ്രതീക്ഷയിലാണെന്നും, കൂടാതെ മകളുടെ ഒരു voice മെസ്സേജും. എനിക്ക് ആകെ വിഷമമായി, പെട്ടെന്ന് വന്ന് എടുത്തോളാൻ ഞാൻ പറഞ്ഞു. അവർ 10 മിനിറ്റ് കൊണ്ട് എൻറെ വീട്ടിലെത്തി, കൂടെ കുട്ടിയും ഉണ്ടായിരുന്നു. മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും കുട്ടിയുടെ കണ്ണിൽ ആകാംക്ഷ ഞാൻ കണ്ടു.


Playstation കൊണ്ട് ഇറങ്ങുമ്പോൾ ഞാൻ ചോദിച്ചു, "ഇത് കളിക്കാൻ മോൾക്ക് TV ഉണ്ടോ ?" "ഒരു ചെറിയ ടിവി ഉണ്ട് പക്ഷേ അത് കേടാണ്, നന്നാക്കണം," അച്ഛൻ ഉത്തരം നൽകി. വീട്ടിലെ പഴയ ടീവിയും കൂടി free ആയിട്ട് എടുത്തോളൂ എന്ന് ഞാൻ പറഞ്ഞു. ആ കുട്ടിയുടെ കണ്ണിലെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. പിന്നീട് ആ കുട്ടി എനിക്ക് മെസ്സേജ് അയച്ചു. “കുറെ നാളായുള്ള ആഗ്രഹമായിരുന്നു, ഇന്നലെ ഞാൻ കുറെ നേരം കളിച്ചു. Thank you uncle.”


പിന്നെ ഫിലിപ്പൈൻസ് ഫാമിലി വന്ന് എൻറെ മകൾ ചെറുപ്പത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന എല്ലാ സാധനങ്ങളും വളരെ സന്തോഷത്തിൽ കൊണ്ടുപോയി. ആർക്കും വേണ്ടാത്ത ഞാൻ കളയാൻ വെച്ചിരുന്ന DVD പ്ലെയർ ഉം VCR ഒരു ഒരു ഈജിപ്ഷ്യൻ കൊണ്ടുപോയി. മകന് ചെറുപ്പത്തിൽ മേടിച്ചിരുന്ന ക്രിക്കറ്റ് ബാറ്റ്, വീട് മാറാൻ സഹായിക്കാൻ വന്നിരുന്ന പാകിസ്ഥാനിയും സ്വന്തം മകനുവേണ്ടി കൊണ്ടുപോയി.


നമ്മൾ ഉപയോഗിക്കാത്ത ചില സാധനങ്ങൾ, മറ്റുള്ളവരുടെ ജീവിതത്തിൽ എത്ര സന്തോഷം കൊടുക്കുന്നു എന്ന്  എനിക്ക് അപ്പോൾ തോന്നി. നാം എല്ലാവരും നമ്മുടെ വീട്ടിൽ കുറെ വസ്തുക്കൾ എടുത്തു സൂക്ഷിച്ചു വയ്ക്കാറുണ്ട് പക്ഷെ പിന്നീട് ഒരിക്കലും അത് ജീവിതത്തിൽ ഉപയോഗിക്കുന്നുണ്ടാവില്ല. പക്ഷേ സൂക്ഷിച്ച് വെക്കും, അലങ്കോലമാക്കി പൊടിപിടിച്ച് വീടുമുഴുവൻ കാലാകാലങ്ങളായി ഇരിക്കും.


മൂന്നുനാല് വർഷം പഴക്കമുള്ള കലണ്ടർ, ആരുടെയോ ബർത്ത്ഡേക്ക് പോയപ്പോൾ അവരുടെ കുട്ടിയുടെ പടം പതിച്ച ചായക്കപ്പ്, ടിവിയിൽ കണ്ടിട്ട് പച്ചക്കറി ഈസിയായി കട്ട് ചെയ്യാൻ പറ്റുന്ന കത്തി, തുണി തൂക്കാൻ ആയി മാത്രം മേടിക്കുന്ന exercise ഉപകരണങ്ങൾ. ആരെങ്കിലും ഗിഫ്റ്റ് തന്നിട്ട് അത് ഇഷ്ടപ്പെടാതെ, അവർക്ക് എന്തു തോന്നും എന്ന് വിചാരിച്ചിട്ട് നമ്മുടെ ചുമരിൽ വെച്ചിരിക്കുന്ന അലങ്കാര വസ്തുക്കൾ, വീട് കേറി താമസത്തിന് ബന്ധുക്കൾ തരുന്ന ഒരു ഉപയോഗവും ഇല്ലാത്ത സമ്മാനങ്ങൾ, ഒരിക്കലും കേറാത്ത ഡ്രസ്സുകൾ. അങ്ങനെ എന്തെല്ലാം…


ഇങ്ങനത്തെ വേണ്ട സാധനങ്ങൾ തന്നെ വീടുകൾക്ക് നെഗറ്റീവ് എനർജി നൽകുന്നു. അമേരിക്കയിൽ ഒരു പ്രത്യേക സമയത്ത് വീടുകളുടെ പുറത്ത് Garage sale നടക്കാറുണ്ട്. അവർക്ക് വേണ്ടാത്ത സാധനങ്ങൾ വീടിൻറെ മുന്നിൽ വിൽക്കാൻ വെക്കുന്നു, അത് ആവശ്യമുള്ളവർ മേടിക്കുന്നു. അതിലൂടെ മൂന്ന് കാര്യങ്ങളാണ് നടക്കുന്നത്: നമുക്ക് കാലാകാലങ്ങളായി ആവശ്യമില്ലാത്തതും ഉപയോഗിക്കാത്തതുമായവ വീട്ടിൽ നിന്നും പുറത്തു പോകുന്നു, അതിലൂടെ കുറച്ചു പണവും ലഭിക്കുന്നു, കൂടാതെ വില കുറഞ്ഞ് ലഭിക്കുമ്പോൾ അത് മറ്റൊരാളുടെ ജീവിതത്തിൽ സന്തോഷവും നൽകുന്നു.


പലരും വീട്ടിൽ എന്തെങ്കിലും മേടിച്ചിട്ടുണ്ടെങ്കിൽ എന്നെങ്കിലും ഒരു ദിവസം ഉപയോഗിക്കാമെന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഒന്നോ രണ്ടോ മാസം നമ്മൾ ഉപയോഗിച്ചിട്ടില്ല എങ്കിൽ, അത് നമുക്ക് ആവശ്യമില്ല എന്നാണ് അർത്ഥം. ഇന്ന് തന്നെ നിങ്ങൾ വീട്ടിലെ അലമാര ഒന്നു തുറന്നു നോക്കൂ, എന്നിട്ട് ഒന്നു ചിന്തിക്കൂ - “എന്തിനാണാവോ ഇതൊക്കെ ഞാൻ മേടിച്ചത്?” അപ്പോൾ പല സാധനങ്ങളും നമുക്ക് ആവശ്യമില്ലാത്തവയാവും, അത് ആവശ്യമുള്ളവർക്ക് നൽകുക അല്ലെങ്കിൽ ഉപേക്ഷിക്കുക.


കടിഞ്ഞൂൽ കല്യാണം എന്ന സിനിമയിൽ ഉർവശി പറയുന്നതുപോലെ “ജീവൻറെ ജീവനായി ഞാൻ കൊണ്ടുനടക്കുന്ന വിലപിടിപ്പുള്ള സാധനങ്ങളാ ഇതിൻറെ ഉള്ളിൽ. ചെറുപ്പത്തിൽ ഒരു മാവിനെ ഞാൻ കല്ലെറിഞ്ഞിട്ടുള്ളൂ  "ആ കല്ലാ ഇത്." അങ്ങനെ ഉപയോഗശൂന്യമായ പല "കല്ലുകളും" നമ്മുടെ വീട്ടിൽ ഉണ്ടാവും. ആ കല്ലുകടികൾ മാറ്റി ജീവിതത്തിൽ ഒരു പുതിയ എനർജി നൽകു. (എല്ലാം എടുത്തു എറിയണം എന്നല്ല ഞാൻ പറയുന്നത് ചിലതൊക്കെ പൊടിതട്ടി തിരിച്ചു വയ്ക്കാം, ഉപയോഗിച്ചു തുടങ്ങാം )


Rate this content
Log in

Similar malayalam story from Comedy