തിരികെ ഞാൻ വരുമെന്ന വാർത്ത
തിരികെ ഞാൻ വരുമെന്ന വാർത്ത


എനിക്ക് ഒരിക്കലും കേരളം വിട്ടു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. ഞാൻ പഠിച്ചത് അഡ്വർടൈസിങ് ആയതുകൊണ്ടും, അന്ന് കേരളത്തിൽ അത്ര ജോലിസാധ്യതകൾ ഇല്ലാത്തതുകൊണ്ടും, പിന്നെ ബന്ധുക്കൾ ഗൾഫിൽ ഉള്ളതുകൊണ്ടും... ഞാനും പ്രവാസിയായി... എല്ലാ ഗൾഫുകാരനെ പോലെ ഞാനും മൂന്നുനാലു വർഷം കഴിഞ്ഞു തിരിച്ചു പോകും എന്ന ഉറപ്പിലാണ് ഇവിടെ എത്തിയത്, എന്നാൽ എല്ലാ പ്രവാസികളെ പോലെ ഇപ്പോൾ 20 വർഷം കഴിഞ്ഞിരിക്കുന്നു.
പറഞ്ഞു വന്നത് അതല്ല, ഗൾഫിൽ ജോലി കിട്ടി, ഒരിക്കൽ നാട്ടിൽ വന്നപ്പോൾ അടുത്ത സുഹൃത്ത് എന്നോട് കുറച്ച് പണം, കടമായി ചോദിച്ചു, സുഹൃത്തിൻറെ കുടുംബത്തിൽ, അത്ര സാമ്പത്തിക ബുദ്ധിമുട്ട് ഇല്ല എന്ന് നന്നായി അറിയാം, കല്യാണം കഴിഞ്ഞ് സ്വന്തമായി വീട് മേടിക്കാൻ ആയിരുന്നു പണം, ചിലപ്പോൾ സ്വന്തം വീട്ടുകാരോട് ചോദിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരിക്കും എന്ന് വിചാരിച്ച് ഞാൻ കൊടുത്തു. ചെറിയ തുക ആയിട്ടുപോലും കുറച്ചു വർഷങ്ങൾക്ക് ശേഷവും സുഹൃത്ത് തിരികെ നൽകിയില്ല. വർഷങ്ങൾക്കു ശേഷം ഞാനൊരു സ്വന്തം വീട് കൊച്ചിയിൽ മേടിക്കാൻ തീരുമാനിച്ചു, ആ സമയം ഞാൻ കൊടുത്ത പണം എൻറെ സുഹൃത്തിനോട് തിരികെ ചോദിച്ചു. അന്ന് കുറച്ചു ദേഷ്യത്തോടെയാണ് സുഹൃത്ത് എന്നോട് സാരിച്ചത് "ഉണ്ടെങ്കിൽ തരില്ലേ?" (ഞാൻ പറഞ്ഞിട്ടാണ് അവൻ വീട് വെച്ചത്, എന്നുള്ള രീതിയിൽ.) ദേഷ്യത്തിൽ ആയിരുന്നെങ്കിലും അന്ന് കുറച്ചു പണം മനസ്സില്ലാമനസ്സോടെ തിരിച്ചു നൽകി. പിന്നീട് ഞാൻ ബാക്കി പണം ചോദിക്കാൻ പോയില്ല, കഴിഞ്ഞവർഷം സുഹൃത്തിനെ അവിചാരിതമായി കാണാനിടയായി, സുഹൃത്ത് എന്നെ ആളൊഴിഞ്ഞ ഒരു കോണിൽ കൂട്ടിക്കൊണ്ടുപോയി. എന്നിട്ട് പറഞ്ഞു, "എനിക്കറിയാം, നിനക്ക് കുറച്ചു കൂടി പണം തരാൻ ബാക്കിയുണ്ടെന്ന് എന്ന്, തരാം കേട്ടോ, എൻറെ വീടിൻറെ അടുത്ത് തന്നെ ഒരു ഓഫീസ് കെട്ടിടം നല്ല വിലയ്ക്ക് കിട്ടി, അതുകൂടി ഞാനങ്ങ് മേടിച്ചു അതുകൊണ്ട് കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ വീണ്ടും ഉണ്ടായി, നീ കുറച്ചു കൂടി ക്ഷമി" എന്നുപറഞ്ഞ് എൻറെ തോളിൽ തട്ടി നടന്നുപോയി.
ഞാൻ കുറച്ചു നേരം ആലോചിച്ചു സുഹൃത്ത് പണം മേടിച്ചിട്ട് ഏകദേശം 20 കൊല്ലമായി; വീട് മേടിച്ചു, കൂടാതെ ഓഫീസും മേടിച്ചു, കടം കൊടുത്ത ഞാൻ ഇതുവരെ ഒരു വീട് പോലും മേടിച്ചില്ല. സുഹൃത്ത്, എനിക്ക് പണം തിരിച്ച
ു നൽകിയില്ല എന്നതിനേക്കാൾ വിഷമം, ഞാൻ കടം കൊടുത്ത പണം കൊണ്ട് ഉണ്ടാക്കിയ വീട്ടിലേക്ക് എന്നെ ഒരിക്കൽ പോലും ക്ഷണിച്ചിട്ടില്ല എന്നുള്ളതിലാണ്. ഞാൻ ഇത് ഇവിടെ പറയാൻ കാര്യം, ഇപ്പോൾ നാട്ടിൽ തിരിച്ചു വരുന്ന പ്രവാസികളെ സ്വന്തം വീട്ടിൽ പോലും കേറ്റുന്നില്ല എന്ന് ഒരു വാർത്ത കേട്ടപ്പോൾ, മനസ്സ് വല്ലാതെ വിഷമിച്ചു(എല്ലാ നാട്ടുകാരും, വീട്ടുകാരും അങ്ങനെ ആണ് എന്ന് അല്ല ഞാൻ പറയുന്നത്). ജീവിതം മുഴുവനും ചൂടത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ട് നാട്ടിൽ ഒരു സ്വന്തമായി വീട് ഉണ്ടാക്കിയിട്ട്, ഈ വിഷമഘട്ടത്തിൽ തിരിച്ച് നാട്ടിലെത്തിയപ്പോൾ, സ്വന്തം വീട്ടിൽ കയറാൻ പറ്റാത്ത ആ പാവം പ്രവാസിക്ക്, എനിക്കുണ്ടായ വിഷമതിനേക്കാൾ എത്രയോ പതിന്മടങ്ങ് വിഷമം ഉണ്ടാകും?
അമേരിക്ക ഓസ്ട്രേലിയ എന്നിങ്ങനെ മറ്റുള്ള രാജ്യങ്ങളിൽ പ്രവാസികൾക്ക് ആ രാജ്യങ്ങളിൽ പൗരൻമാരാകാൻ ഉള്ള അവകാശമുണ്ട്, അതുകൊണ്ടുതന്നെ അവർ ദീർഘകാലം അവിടെ സ്ഥിരതാമസമാക്കാൻ ശ്രമിക്കുന്നു. പക്ഷേ അങ്ങനെയല്ല ഗൾഫ് പ്രവാസികൾ. അവരുടെ മനസ്സിൽ എപ്പോഴും നാടുണ്ട്. കാരണം മറ്റൊന്നുമല്ല അവർക്കറിയാം ഒരുദിവസം ജോലിയിൽ നിന്നും വിരമിച്ചാൽ ഇവിടെ നിൽക്കാൻ പറ്റില്ല തിരിച്ചു നാട്ടിൽ തന്നെ എത്തണം. അതു കൊണ്ടു തന്നെയാകാം ഗൾഫിൽ ജോലി കിട്ടുമ്പോൾ തന്നെ കടം എടുത്തായാലും, എല്ലാ പ്രവാസികളും സ്വന്തക്കാർക്ക് ആയി വീടും, സ്ഥലവും നാട്ടിൽ മേടിക്കുന്നത്. എല്ലാ പ്രവാസികളുടെയും മനസ്സിലുള്ള ഒരു പാട്ടാണ്. "അറബിക്കഥ"എന്ന സിനിമയിലെ "തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കുവാൻ ഗ്രാമം കൊതിക്കാറുണ്ടെന്നും"... എന്നാൽ അത് സിനിമകളിൽ മാത്രമുള്ള ഒരു വരികളായി എടുക്കുക, ഗ്രാമവും, വീടും ഒക്കെ നിങ്ങൾക്കുവേണ്ടി ചിലപ്പോൾ കാത്തിരിക്കുന്നു ഉണ്ടാവില്ല. വിമാനത്തിൽ സഞ്ചരിച്ചിട്ടുള്ള എല്ലാ പ്രവാസികളും ഉയരുന്നതിന് മുമ്പ് എയർഹോസ്റ്റസ് പറയുന്ന ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവും, എന്തെങ്കിലും അപകടം സംഭവിച്ചാൽ ഓക്സിജൻ മാസ്ക് ആദ്യം സ്വന്തം സുരക്ഷയ്ക്കായി നിങ്ങൾ ധരിക്കുകയും പിന്നീട് മറ്റുള്ളവരെ സഹായിക്കുക എന്ന്. അതുപോലെ തന്നെയാണ് ജീവിതവും. ജീവിതം മുഴുവൻ, വേണ്ടപ്പെട്ടവർക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ ഒരു കാര്യം മനസ്സിൽ വയ്ക്കുക. നമുക്കുവേണ്ടി കൂടി കുറച്ചു സമയം മാറ്റിവയ്ക്കുക. ചിലപ്പോൾ ജീവിതത്തിൽ നമുക്കായി നാം മാത്രമേ ഉണ്ടാവൂ.