പാചകം ഒരു വാചകം
പാചകം ഒരു വാചകം


ലോക്ക് ഡൗൺ കാരണം വീട്ടിൽ ഇരിക്കുന്നതു കൊണ്ട് ഞാൻ പഴയ ഒരു സുഹൃത്തിനെ വിളിച്ചു.
കുറച്ചുനേരം സംസാരിച്ചതിനുശേഷം, സുഹൃത്ത് പറഞ്ഞു, "ഒരു ടെൻഷൻ മാത്രമേയുള്ളൂ, 21 വയസ്സുള്ള തന്റെ മകൾ യൂറോപ്പിലാണ് പഠിക്കുന്നത്. കൊറോണ കാരണം കോളേജ് അടച്ചുപൂട്ടി. മകളും രണ്ടു സുഹൃത്തുക്കളും കൂടി വീട് വാടകയ്ക്ക് എടുത്താണ് താമസിക്കുന്നത്. വെളിയിലിറങ്ങാൻ പറ്റില്ല. പക്ഷേ സുരക്ഷിതരാണ്."
ഞാൻ ചോദിച്ചു, "അപ്പോൾ പിന്നെ എന്തിനാടോ ടെൻഷൻ?"
സുഹൃത്ത് പറഞ്ഞു, "ടെൻഷൻ അതല്ല. മകൾക്ക് ഒരു ചായ ഉണ്ടാക്കാൻ, വെള്ളം തിളപ്പിക്കാൻ പോലും അറിയില്ല. പിന്നെ അടുത്തെങ്ങും ഓർഡർ ചെയ്താൽ വരുന്ന റസ്റ്റോറൻറ്കളും കുറവ്."
ഞാൻ ചോദിച്ചു “മകൾ ഒരു ബുൾസൈ പോലും ഉണ്ടാക്കില്ലെ?" മറുവശത്തുനിന്ന് സുഹൃത്ത് സങ്കട സ്വരത്തിൽ, "ഓ എന്നാ പറയാനാ, അങ്ങനെ വളർത്തി പോയി ഒരു മൊട്ട പൊട്ടിക്കാൻ പോലും അറിയില്ലഡോ."
ഞാൻ ചോദിച്ചു, “പിന്നെ എങ്ങനെ അവിടെ ജീവിക്കുന്നു?”
"ചൂടുവെള്ളം ഒഴിച്ചാൽ ഒരു മിനിറ്റിൽ ഉണ്ടാകുന്ന ന്യൂഡിൽസ് കഴിച്ചു ജീവിക്കുന്നു."
ഞാൻ ആലോചിച്ചു, കുട്ടികളെ വലിയ ഉന്നതനിലയിൽ പഠിപ്പിക്കുവാൻ, ഇല്ലാത്ത പൈസ ഉണ്ടാക്കി പലരാജ്യങ്ങളിൽ വലിയ യൂണിവേഴ്സിറ്റികളിൽ അയക്കുന്നു. പക്ഷേ ആവശ്യമായി പഠിച്ചിരിക്കേണ്ട പാചകം, അല്ലെങ്കിൽ സ്വന്തം ബെഡ് മടക്കി വയ്ക്കുക, സ്വന്തം ടോയിലറ്റ് ഒന്ന് കഴുകുക, എന്നിവയൊന്നും നാം പഠിപ്പിക്കുന്നില്ല. അതും അതിജീവന മാർഗ്ഗം അല്ലേ?
കുറച്ചുകാലം മുമ്പ് വളരെ പണക്കാരായ ഭാര്യാഭർത്താക്കന്മാർ പറയുന്നത് എനിക്ക് ഓർമ്മ വന്നു, അവർ വലിയ പൊങ്ങച്ചം ആയിട്ടാണ് പറഞ്ഞത് അവരുടെ മകൾക്ക് "വെള്ളം കുടിച്ച ഗ്ലാസ് കഴുകാൻ പോലും അറിയില്ല എന്ന് "(നടി ഷീല പറയുന്നതുപോലെ). ആ കുട്ടി കല്യാണം കഴിച്ചു, പക്ഷേ കല്യാണം കഴിച്ച ചെറുക്കനും ഒരു ചായ കപ്പ് എടുക്കാൻ പോലും അറിയില്ല (എൻറെ ഇടുക്കി ഭാഷയിൽ പറയുകയാണെങ്കിൽ ഒരു "മരങ്ങോടൻ"). ഇത് പറയുമ്പോൾ ഞാൻ മനസ്സിൽ ആലോചിച്ചു, “ഇനി ഇവർക്ക് ചായ കുടിക്കാൻ അറിയാമോ? അതോ അതും വായിൽ ഒഴിച്ച് കൊടുക്കണോ?" ആ ന്യൂജനറേഷൻ ദമ്പതികൾ കുറച്ചുകാലം അവരൊരു കുക്കിനെ വച്ചു. കുറേക്കാലം മൂന്നുനേരം ഭക്ഷണം ഹോട്ടലിൽ നിന്നും കഴിച്ചു. അതു മടുത്തപ്പോൾ അവർ പിരിഞ്ഞു. എങ്ങനെ പിരിയായതെയിരിക്കും?
ഇനി എൻറെ വീട്ടിലേക്ക് പോകാം. എൻറെ വീട്ടിൽ എല്ലാവർക്കും തന്നെ, പ്രത്യേകിച്ച് ആണുങ്ങൾ, നല്ല പാചകക്കാരനാണ് പണ്ട് മുതൽ. വീട്ടിലെ എല്ലാ ചടങ്ങുകൾക്കും പുറമേനിന്ന് സദ്യ ഉണ്ടാക്കുന്നവരെ വിളിക്കുന്ന പതിവ് ഇല്ലായിരുന്നു. എല്ലാ പണിയും വീട്ടുകാർ തന്നെ. തേങ്ങ ചുരണ്ടാനും, പാലു പിഴിയാനും കുറച്ച് ശക്തന്മാരായ ചേട്ടൻമാർ. പച്ചക്കറി കഴുകാൻ കുറച്ചു കുട്ടികൾ. പരദൂഷണം പറഞ്ഞ് പച്ചക്കറി മുറിക്കുന്ന ചേച്ചിമാർ, ചെറിയ "സ്മാൾ വിട്ട് " പപ്പടം കാച്ചുന്ന ചേട്ടൻമാർ. വാചകമടിച്ച് ഭക്ഷണമുണ്ടാക്കാൻ കുറച്ച് അമ്മാവന്മാർ. ഇതിന് എല്ലാം പറഞ്ഞു കൊടുക്കാൻ അപ്പൂപ്പൻന്മാർ. പിന്നെ എല്ലാവരും ചേർന്ന് സദ്യ വിളമ്പൽ. പലപ്പോഴും അത് കണ്ടുനിന്നും, ഭാഗമായുംകുറച്ചു പാചകം ഞാനും പഠിച്ചിട്ടുണ്ട്.
എൻറെ അമ്മ, വീട്ടിൽ ആരായാലും, അത് ആണായാലും പെണ്ണായാലും, പ്രായഭേദമന്യേ ഭക്ഷണം ഉണ്ടാക്കാനും വീട് വൃത്തി ആക്കാനും പഠിക്കണമെന്ന് നിർബന്ധിച്ചിരുന്നു. പക്ഷേ ഞാൻ പാചകം പഠിച്ചത് കൂടുതലും അമ്മ മരിച്ചതിനു ശേഷം ആണ്. അമ്മ മരിച്ചതിനു ശേഷം ഞാനും അച്ഛനും തന്നെയായി. കുറച്ചു ദിവസത്തിനുശേഷം ജോലിക്ക് നിന്നിരുന്ന വയസ്സായ സ്ത്രീ "രണ്ട് ആണുങ്ങൾ മാത്രം ഉള്ള വീടുകളിൽ
നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞു വീടുവിട്ടിറങ്ങി."
പിന്നെ പാചകം അച്ഛൻ ഏറ്റെടുത്തു, അച്ഛന് എല്ലാത്തിനും കുറച്ചു തിടുക്കം കൂടുതലാണ്, അച്ഛൻറെ ഏറ്റവും വലിയ തമാശ രാത്രി കിടക്കുമ്പോൾ തന്നെ ചോദിക്കും: "രാവിലെ നീ എത്ര ദോശ കഴിക്കും?" ഞാൻ പറയും, "അഞ്ചെണ്ണം." പിറ്റേദിവസം രാവിലെ അച്ഛൻ കുറച്ചു ദോശ ഉണ്ടാക്കി വയ്ക്കും. ഞങ്ങൾ കഴിച്ചു കഴിഞ്ഞു അതിലൊരെണ്ണം മിച്ചം വന്നാൽ അതിനെപ്പറ്റി ഒരു മണിക്കൂർ ചർച്ചയാണ്. നീയാണോ? ഞാനാണോ? ആ ഒരു ദോശ കഴിക്കാത്തത്?ചിലപ്പോൾ ആ ദോശ പോലും എന്നെ ഒരു സംശയത്തിൽ നോക്കാറുണ്ട്.
ഒരു ദിവസം ഞാൻ അച്ഛനോട് പുറത്തു പോയി പൊറോട്ടയും സാമ്പാറും കഴിക്കാൻ തോന്നുന്നുവെന്ന് പറഞ്ഞു(നല്ല ചൂട് പൊറോട്ടയും, ചൂട് ഇടുക്കി സ്റ്റൈൽ സാമ്പാറും; എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുന്നത് നല്ലതായിരിക്കും). ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് അച്ഛന് വലിയ താല്പര്യമില്ല. അതുകൊണ്ടുതന്നെ എന്നോടുള്ള വാശിക്ക് പുട്ട് ഉണ്ടാക്കി. എത്ര പുട്ടുപൊടി ഇട്ടിട്ടും പുട്ടുകുറ്റി നിറയുന്നില്ല. അക്ഷയപാത്രം പോലെ, അച്ഛൻ പുട്ടുകുറ്റി യുടെ അടിയിലുള്ള ചില്ല് വെച്ചിരുന്നില്ല. പിന്നീട് ഒരു പകുതി ചിരിയുമായി ഒരു പത്തു രൂപ എനിക്ക് തന്നു. എന്നിട്ട് പറഞ്ഞു, "പൊറോട്ട എങ്കിൽ പൊറോട്ട". ഞാൻ പൊറോട്ടയും സാമ്പാറും കഴിച്ചു തിരിച്ചു വരുമ്പോൾ കാണുന്നത് വെള്ളത്തിൽ കുതിർന്ന പുട്ട് വാശിയോടെ കഴിക്കുന്ന അച്ഛനെയാണ്.
അന്ന് അച്ഛന് തൻറെ പാചകം പൂർണ പരാജയമാണ് എന്ന് സമ്മതിച്ചു തരാൻ വിഷമമായിരുന്നു. പിന്നീടങ്ങോട്ട് വീട്ടിൽ പലതരം പുട്ടുകളുടെ ഉത്സവം തന്നെയായിരുന്നു ( ഇപ്പോഴും മനസ്സിൽ ഓർമ്മ വരുന്നുണ്ട് "ഈന്തക്കായ" പുട്ട്). പിന്നീട് അച്ഛൻ തനിയെ താമസിച്ചപ്പോൾ ഭക്ഷണം ഒരു പ്രശ്നമായിരുന്നില്ല. ഞാൻ ഹോസ്റ്റലിലേക്ക് മാറിയപ്പോൾ മെസ്സിലെ ഫുഡ് സഹിക്കാൻ പറ്റാതെ ഞാൻ ഭക്ഷണത്തിൽ പല പരീക്ഷണങ്ങളും നടത്തി വിജയിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് ദുബായിൽ ജോലി കിട്ടുമ്പോൾ, പാചകം തനിയെ ആയിരുന്നു.
ചില അമ്മമാർ അഭിമാനത്തോടെ പറയാറുണ്ട്, എൻറെ കുട്ടിക്ക് "പ്ലാവില കമിഴ്ത്തി വയ്ക്കാൻ പോലും അറിയില്ല എന്ന്." ഞാനത് പരമ വിഡ്ഢിത്തരം ആയിട്ടാണ് കാണാറുള്ളത്കു. ട്ടികൾ, അത് ആണായാലും പെണ്ണായാലും അത്യാവശ്യത്തിനു പാചകം, വീട് വൃത്തിയാക്കൽ, പലചരക്ക് കടയിൽ നിന്ന് സാധനം വാങ്ങൽ എന്നിവയൊക്കെ പഠിപ്പിച്ചാൽ, ഏതുകാലത്തും ഉപകരിക്കും.
ഈ കൊറോണാ കാലത്ത് വീട്ടിൽ ഇരിക്കുമ്പോൾ കുട്ടികളെ ചെറുതായിട്ടെങ്കിലും ഒരു പാചകം പഠിപ്പിക്കുക. തെറ്റുകൾ വരുമ്പോൾ പറഞ്ഞു കൊടുത്ത് അവരെ കൊണ്ട് നന്നായി ചെയ്യിപ്പിക്കുക. വലിയ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിപ്പിക്കണ്ട. ഓംലെറ്റ്, ചായ അല്ലെങ്കിൽ പോട്ടെ ഒരു ബ്രെഡിൽ എങ്ങനെ ജാം തേക്കണം എന്തെങ്കിലും പറഞ്ഞു കൊടുക്കുക. ഇതുപോലുള്ള അവസരങ്ങളിൽ എന്തെങ്കിലും വായിക്ക് രുചി ഉള്ളതു തന്നെ ഉണ്ടാക്കി കഴിക്കാം. ജീവിതത്തിൽ പാചകം വെറും വാചകത്തിൽ മാത്രം ഒതുക്കരുത്. ഇങ്ങനത്തെ അവസരങ്ങളിൽ അത് നന്നായി ഉപകരിച്ചേക്കാം.
-------------------------------------------------------
ഇന്ന് എൻറെ രണ്ടു കുട്ടികളും, ഓരോ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിച്ചു, ഇനി ഓരോ ദിവസവും പുതിയത് പഠിപ്പിക്കണം. NB: എൻറെ ഭാര്യ ഒരു "ഭയങ്കര" പാചകക്കാരി ആണ്. പുതുതായി ഭക്ഷണത്തിൽ പരീക്ഷണങ്ങൾ കാണിക്കാനുള്ള അപാര കഴിവുണ്ട്. അത് ഇവിടെ പ്രത്യേകിച്ച് പറയാൻ കാരണം, അടച്ച് വീട്ടിൽ ഇരിക്കുന്ന സമയമാണല്ലോ, സമാധാനമായി പോകണ്ടേ, പിന്നെ നല്ല ഭക്ഷവും വേണ്ടേ...?