Hibon Chacko

Tragedy Inspirational Thriller

4.0  

Hibon Chacko

Tragedy Inspirational Thriller

കടലാസ്

കടലാസ്

6 mins
394


1

   ജമീത, ഇളംനീല നിറത്തിലുള്ള ഗേറ്റ് മെല്ലെ തുറന്ന് മുന്നോട്ട് നടന്നു. ഏതാണ്ട് ഗേറ്റിന്റെ അതേ നിറത്തിലുള്ള ചുരിദാറിൽ, ഇടതുകൈയ്യിൽ കുടനിവർത്തി വെയിലിനെ മറച്ച്, അതേ കൈയുടെ തോളിൽ ഹാൻഡ് ബാഗും തൂക്കി കണ്ണടയുംവെച്ച് വരുന്ന അവളെ വരവേറ്റത് പക്ഷെ ചെറുമരങ്ങളാലും ചെടികളാലും ചുറ്റപ്പെട്ട് വെളിച്ചത്തെ ഏതാണ്ട് ഒഴിവാക്കി നിൽക്കുന്ന വീടായിരുന്നു. അവൾ ചെന്ന് ബെൽ മുഴക്കി, അല്പസമയത്തിനകം പ്രായമുള്ളൊരു സ്ത്രീ വന്ന് ഡോർ തുറന്നു.

“ജമീത, എന്നോട് മാഡം വരാൻ പറഞ്ഞിരുന്നു.”

സ്ത്രീയോട്, അവളിങ്ങനെ മുഖമൊന്ന് വിടർത്തി പറഞ്ഞു.

   മറ്റൊന്നും സംഭവിക്കാതെ, മറുപടി കേട്ട് സ്ത്രീ അകത്തേക്കുവരുവാൻ അവളോട് ഭാവിച്ചു. കുട ചുരുക്കിപ്പിടിച്ച് ജമീത അകത്തേക്ക് കയറി, സ്ത്രീ ഡോർ അടച്ചശേഷം അവളുടെ മുന്നിലൂടെ, അവളെ നയിച്ചു. ഹാളിനരുകിലൂടെ നടന്ന് ഒരു റൂമിന്റെ ഡോർ തുറന്നശേഷം പ്രായമുള്ള സ്ത്രീ പറഞ്ഞു;

“മാഡം ഒന്ന്‌ ഫ്രഷ് ആവുകയാ.

ഇപ്പോൾ വരും, അകത്ത് ഇരുന്നോളൂ.”

   ഇത്തവണ മൗനം ജമീതയ്ക്ക് ആയിരുന്നു. അവൾ ‘ശരി’ എന്ന അർത്ഥത്തിൽ തലയാട്ടി ആ സ്ത്രീ തിരികെ പോയുടൻ റൂമിലേക്ക് കയറി. വളരെ വലിയ വീടൊന്നുമല്ലെങ്കിലും ഈ റൂം തെല്ലൊന്നവളെ അത്ഭുതപ്പെടുത്തി. ഈ വീടിന്റെ ഭാഗമാണ് ഈ റൂമെന്ന് പറയുവാൻ പ്രയാസം -അത്തരമൊരു വ്യത്യസ്ത ഭാവം പേറുന്ന റൂം. പേർസണൽ റൂം കഴിഞ്ഞാൽ മാഡത്തിന്റെ പ്രധാന വാസമുറി ഇതാണെന്ന് അവൾക്ക് ബോധ്യമായി. മറ്റൊരാളുടെ അഭിപ്രായപ്രകാരം മാഡത്തെ വിളിക്കുമ്പോൾ വളരെ മിതമായും ഒരു പ്രത്യേക ചാടുലത പുറപ്പെടുവിച്ചും ഇന്ന് ഈ സമയം എത്തുവാൻ ആവശ്യപ്പെട്ട കാര്യം ഒരിക്കൽക്കൂടി അവൾ ആ നിമിഷം ഓർത്തു.

   പ്രധാനടേബിളിൽ മാഡത്തിന്റെ ചെയറിനു പിന്നിലായി വിൻഡോയിലൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തെ ഒരു കർട്ടൻ മറച്ചിരിക്കുകയാണ്. റൂമിലെ ലൈറ്റിന്റെ കാര്യം പ്രായമുള്ള ആ സ്ത്രീ ശ്രദ്ധിച്ചതുമില്ല, ജമീതയ്ക്ക് അത് അത്ര അത്യാവശ്യമായി തോന്നിയതുമില്ല. ഒരു പക്ഷെ ഈ അവസ്ഥയിലാണ് തനിക്കേറ്റവും കൂടുതൽ കാഴ്ച സാധ്യമാവുക എന്നത്, മിക്കവാറും ചിന്തിച്ചിരുന്നതുപോലെ അവൾ ഇത്തവണയും ചിന്തിച്ചു.

   ആ റൂമിനോട് ഒപ്പം നിൽക്കുന്ന ആളാണ് താനെന്ന് അവൾ ചിന്തിച്ചപ്പോഴേക്കും നിയമപുസ്തകങ്ങൾ ഉൾപ്പെടെ അടുക്കി കൃത്യമായി വെച്ചിരിക്കുന്ന, തന്റെ വശത്തായുള്ള ഷെൽഫിലെ ഒരുഭാഗം തുറന്നുകിടക്കുന്നത് അവൾ ശ്രദ്ദിച്ചത്. ആ ഭാഗത്തിന് മുന്നിലായി രണ്ടുമൂന്നു പുസ്തകങ്ങൾ നിലത്ത് അലസതഭാവിച്ച് കിടക്കുകയാണ്. തന്റെ വീക്ഷണത്തിൽ നിന്നും, ആ പുസ്തകങ്ങൾ -ഷെൽഫിലെ ആ ഭാഗത്ത് ഫിൽ ചെയ്യാനുള്ളതാണെന്ന് അവൾക്ക് ബോധ്യമായി. ആ പഴയതെന്ന് തോന്നിക്കുന്ന പുസ്തകങ്ങൾ എടുത്ത് ഷെൽഫിലേക്ക് വെച്ച് ഭദ്രമാക്കുവാനാഞ്ഞവളവ കൈകളിലെടുത്തതും റൂമിലേക്ക് ആരോ കടന്നുവന്നു.

“ജമീത ഷരീഫ്…

അല്ലേ!?”

   തന്റെ മസ്‌തിഷ്കത്തിന് പരിചയം തോന്നിക്കുന്ന ഈ ശബ്ദങ്ങളോടൊപ്പം റൂമിലെ ലൈറ്റ് തെളിഞ്ഞതുകൂടി ശ്രദ്ധിച്ച് കൈയ്യിൽ പുസ്തകങ്ങളും കുടയും മറ്റുമായി ജമീത എഴുന്നേറ്റ് തിരിഞ്ഞുനിന്നു, ശബ്ദത്തിന്റെ ഉടമയിലേക്ക്. തന്നെപ്പോലെ കണ്ണട വെച്ച മധ്യവയസ്കയായ ഒരു സ്ത്രീ, തലമുടി അവിടിവിടായി നരച്ചിട്ടുണ്ടായിരുന്നു.

“ഇരിക്ക്.”

താൻ തേടിവന്ന ആളാണത് എന്ന് ജമീത മനസ്സിലാക്കിയതും അവർ ഇങ്ങനെകൂടി പറഞ്ഞു.

   തന്റെ കൈയ്യിലെ പുസ്തകങ്ങളെ അവളൊരുനിമിഷം നോക്കിയതും അത് ശ്രദ്ധിച്ചെന്നവിധം, തന്റെ ചെയറിൽ ഇരിക്കുന്നതിനിടയിൽ അവരിങ്ങനെ തുടർന്നുപറഞ്ഞു അവളോടായി;

“അതൊക്കെയൊന്ന് വായിച്ചിട്ട് കൊണ്ടുവന്നാൽ മതി.

അതവിടെ വെച്ചാലും എനിക്ക് പ്രത്യേകമിനി പ്രയോജനമൊന്നുമില്ല.”

 ജമീത അതേപടി മാഡത്തിന് മുന്നിലുള്ള ചെയറിൽ ഇരുന്നു. ഇരുവരും ഒരുനിമിഷം പ്രത്യേകം പരസ്പരം നോക്കി.

“ലക്ഷ്മി വാര്യർ.”

 ചിരി പ്രകടമാക്കി ഔദ്യോഗികമായി അവർ ജമീതയ്ക്ക് ഷേക്ക്‌-ഹാൻഡിനായി കൈനീട്ടി. ഒരുനിമിഷത്തെ നിശ്ചലതയ്ക്കുശേഷം ജമീത അത് പൂർണ്ണമാക്കി.

“എനിക്ക് കാര്യങ്ങളൊക്കെ അറിയാം.

എന്തായാലും അടുത്തയാഴ്ച ആദ്യമേ പോരേ.”

ഒന്നുനിർത്തി അവർ തുടർന്നു പറഞ്ഞുവെച്ചു;

“അന്നുതൊട്ട് നമുക്ക് സ്റ്റാർട്ട്‌ ചെയ്യാം.”

   ഒരുനിമിഷത്തെ നിശബ്ദതയ്ക്കുശേഷം, തന്നെ നോക്കിയിരിക്കുന്ന ലക്ഷ്മി വാര്യരോട് അവൾ പറഞ്ഞു;

“താങ്ക് യൂ മാം.

എനിക്ക് മാമിനോടൊപ്പം ഒരവസരം തന്നതിന്.”

   ‘ഓക്കെയ്’ എന്നായിരുന്നു പഴയഭാവത്തിൽത്തന്നെ ലക്ഷ്മിയുടെ മറുപടി. അങ്ങനെ തന്നെ അവർ തുടരുകയും ചെയ്തതോടെ ജമീത മെല്ലെ എഴുന്നേറ്റു. മെല്ലെയൊന്ന് തലയാട്ടി പുറത്തേക്ക് എന്ന് അവൾ ഭാവിച്ചപ്പോഴേക്കും മാഡം തുടർന്നുപറഞ്ഞു;

“ഈ ഷെൽഫ് മുഴുവൻ അടുക്കുവാനല്ല,

ഇത് മുഴുവൻ വായിക്കുവാനുണ്ട്.”

   പഴയഭാവത്തിൽ നിന്നും ഇത്തവണയും അവർ അണുവിട മാറിയിരുന്നില്ല. ‘ഓക്കെയ് മാം’ എന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞവൾ ഇറങ്ങി, റൂമിൽ നിന്നും. എന്തൊക്കെയോ ചെറു ജോലികളിലായിരുന്ന ആ പഴയ സ്ത്രീ മെയിൻ ഡോറിനടുത്തായി നിലകൊള്ളുന്നുണ്ടായിരുന്നു. ഡോർ തുറന്ന്, ജമീത പുറത്തിറങ്ങിയപ്പോഴേക്കും ആ സ്ത്രീ അതടച്ച് ഭദ്രമാക്കി. ഫോണിൽ സംസാരിച്ചപ്പോഴുള്ള അതേ ശൗര്യത, എന്നാൽ അതിനൊരു മധുരം വന്നിരിക്കുന്നതായി ജമീത ഓർത്തു തന്റെ മാഡത്തെക്കുറിച്ച്. അവൾ നടന്നുചെന്ന് ഗേറ്റ് തുറന്ന് വന്നവഴി, കുടവീണ്ടും നിവർത്തി വെയിലിനെ മറച്ച് പുസ്തകങ്ങളെ പ്രത്യേകം താങ്ങിപ്പിടിച്ച് നടന്നകന്നു.

2

   അന്ന് രാത്രി ഡിന്നറിന് മുൻപായി, ജമീതയുടെ ഉമ്മ രണ്ടാംനിലയിലെ അവളുടെ റൂമിലേക്ക് നടന്നുകയറിവന്നു. ഡോർ അടച്ചിരിക്കെ തന്റെ ബെഡ്‌ഡിലിരുന്ന്, കൊണ്ടുവന്ന പുസ്തകങ്ങൾ ഒന്നു മാനിക്കുവാനുള്ള തീരുമാനത്തിലായിരുന്നു ജമീത. ലോക്ക് ചെയ്തിട്ടില്ലായിരുന്ന ഡോർ തുറന്ന് ഉമ്മ റൂമിലേക്ക് കയറിനിന്നു. താഴത്തെ നിലയിൽനിന്നും ഉപ്പ ടി. വി. കാണുന്നതിന്റെ ലക്ഷണങ്ങൾ കേൾക്കാൻ തുടങ്ങി.

“ജമീ, വാ ഭക്ഷണം കാലായിട്ടുണ്ട്.”

ഉമ്മ, വന്നുനിന്നപാടെ ഒരുനിമിഷം കളഞ്ഞശേഷം പറഞ്ഞു.

   ഇതുകേട്ട് തന്റെ പ്രവർത്തനത്തിൽനിന്നും കണ്ണുകളെടുത്ത് അവളൊന്ന് ഉമ്മയെ നോക്കിയതേയുള്ളൂ മറുപടിയായി. പകരം ഉമ്മയും നിശ്ചലയായി തുടർന്നതോടെ അവൾ മറുപടി നൽകി;

“ഞാൻ താഴേക്ക് വന്നോളാം. അവിടെ വെച്ചേക്ക്...”

   മറുപടി പ്രതീക്ഷിക്കാത്തവിധം ഉമ്മ, താൻ നിന്നിടത്തുതന്നെ നിൽക്കുകയായിരുന്നു. ഒന്നുരണ്ടു നിമിഷങ്ങൾ കഴിഞ്ഞതോടെ തന്റെ മോളോട് അല്പം അടുത്തുവന്നശേഷം അവർ മെല്ലെ പറഞ്ഞു;

“ഉപ്പ ഒരു ആലോചന ശരിപ്പെടുത്തിവരുവാ...

 അതിന്റെ കാര്യങ്ങൾകൂടി സംസാരിക്കണം.”

   ഇതുകേട്ടയുടൻ ഒരിക്കൽക്കൂടി അവളുടെ നയനങ്ങൾ തന്റെ ഉമ്മയ്ക്ക് നേരെ ഉയർന്നു. പക്ഷെ ഇത്തവണ അവയല്പം ഗൗരവം നടിച്ചിരുന്നു. അവളുടെയീ നോട്ടം കണ്ട് ഉമ്മ തുടർന്നുപറഞ്ഞുവെച്ചു;

“പഠിക്കണം നിനക്ക് എന്നു പറഞ്ഞതുകൊണ്ടാ

ഇത്രയും നാളും ഉപ്പ അനങ്ങാതിരുന്നത്...”

പിന്നെയല്പം പോലും സമയമെടുക്കാതെ തുടർന്നു;

“ഇതിപ്പോ പഠിത്തവും കഴിഞ്ഞു...

പ്രാക്ടീസിന് നല്ലൊരു സ്ഥലത്ത് കിട്ടുകയും ചെയ്തു...”

അപ്പോഴേക്കും ഒന്ന്‌ മുഷിച്ചിൽ പ്രകടിപ്പിച്ച് ജമീത ഇടയ്ക്കുകയറി;

“ഉമ്മാ നിങ്ങൾക്കറിയില്ലാത്തോണ്ടാ,

ഇതുവരെ ഞാനൊരിടത്തും എത്തിയിട്ടില്ല...”

   ഇത്രയുംകൊണ്ട് അവൾ തപ്പിലായി, ബാക്കി കാര്യങ്ങൾ എങ്ങനെ പറഞ്ഞ് ധരിപ്പിക്കും എന്നോർത്ത്. അപ്പോഴേക്കും ഉമ്മ തുടർന്നു;

“നല്ല ബന്ധമാന്നാ പറഞ്ഞത്.

ഉപ്പയ്ക്ക് ഒത്തിരി ഇഷ്ടമായി.”

ഒന്നുനിർത്തി അവർ തുടർന്നുപറഞ്ഞു;

“എന്നോടിനി ന്യായങ്ങളൊന്നും പറയേണ്ട നീ.

താഴെവന്ന് നിന്റെ ഉപ്പയുമായിട്ട് സംസാരിച്ചോ.”

   മറുപടിയ്ക്ക് താല്പര്യം നഷ്ടപ്പെട്ടതുപോലെ ജമീത പഴയപടി ഇരിക്കുകയാണ്. അടുത്തനിമിഷം അവൾ ഉമ്മയെനോക്കി പറഞ്ഞു;

“ഇപ്പോൾ ഈ രാത്രിതന്നെ കെട്ടിച്ചുവിടേണ്ടല്ലോ.

ഞാൻ താഴെവന്ന് ഭക്ഷണം കഴിച്ചിട്ട് ബാക്കി പറയാം.”

ഇത്രയും പറഞ്ഞ് തന്റെ പുസ്തകങ്ങളെ പുണർന്ന് അവളങ്ങനെ ഉമ്മയെ നോക്കിയിരുന്നു.

“ഓരോന്നിനും ഓരോ സമയമുണ്ട്...”

   ഇങ്ങനെ പറഞ്ഞ് വാചകങ്ങൾ പൂർത്തിയാക്കാതെ ഉമ്മ വന്നവഴി താഴേക്ക് പോയി, ഡോർ തുറന്നുതന്നെ കിടന്നു. അതിലൂടെ താഴത്തെ നിലയിലെ ശബ്ദങ്ങൾ നിമിഷങ്ങൾക്കുള്ളിൽത്തന്നെ ജമീതയെ അലോസരപ്പെടുത്തിത്തുടങ്ങി. അവൾ ഒന്നു നിശ്വസിച്ചശേഷം ഭാരം തോന്നിപ്പിക്കുന്ന മനസ്സുമായി, പുസ്തകങ്ങളെ താനിരിക്കുന്ന ബെഡ്ഡിലേക്ക് മാറ്റിവെച്ച്, താഴത്തെ നിലയിലേക്ക് തന്റെ റൂം ക്ലോസ് ചെയ്തശേഷം മെല്ലെ ഇറങ്ങിപ്പോയി.

3

   സമയം അർദ്ധരാത്രിയോട് അടുത്തുവരികയാണ്. ജമീത തന്റെ ബെഡ്ഡിൽ മലർക്കെ നീളത്തിൽ ഇരുകൈകളും പരസ്പരം വയറിനുമുകളിൽ ചേർത്തുവെച്ച് മിഴികൾ തുറന്ന് കിടക്കുകയാണ്, റൂമിലെ വെളിച്ചത്തെ വകവെയ്ക്കാതെ. ‘ഇലയ്ക്കും മുള്ളിനും’ കേടില്ലാതെ എന്നുപറയുംപോലെ ഉപ്പയെ തല്ക്കാലം കൈകാര്യം ചെയ്തതിന്റെ ഹാങ്ങോവറിലാണ് അവളെന്നത് ആകെത്തുകയിൽനിന്നും മനസ്സിലാക്കിയെടുക്കാം.

   ഒരുനിമിഷം ഒരൊഴിവ് കിട്ടിയപ്പോൾ, ഒതുക്കിവെച്ചിരിക്കുന്നതിന്റെ ബലത്തിൽ അവൾ തന്റെ ബെഡ്ഡിൽ വെച്ചിരുന്ന പുസ്തകങ്ങളിൽ മുകളിലെ ഒന്നെടുത്തുപിടിച്ച് വെറുതെ അതിന്റെ താളുകൾ വേഗത്തിൽ തള്ളവിരൽകൂടി ഉപയോഗിച്ച് മറിച്ചുവിട്ടു. ആ പ്രവർത്തി തീർന്നതുമാണ് അവൾ ശ്രദ്ദിക്കുന്നത് ഒന്നിലധികം എന്ന് തോന്നിക്കുംവിധം കടലാസുകൾ അതിൽ മടക്കി ഭദ്രമാക്കിയതുപോലെ വെച്ചിരിക്കുന്നത്.

   അവളുടനെ തന്റെ അടുത്ത് അട്ടി ഇട്ടിരിക്കുന്ന മറ്റ് പുസ്തകങ്ങളെ കഴുത്തല്പം ഉയർത്തി നോക്കി. അവയ്ക്ക് പ്രത്യേകതകളൊന്നും കണ്ടില്ല ഇതുപോലെ എന്ന് മനസ്സിലാക്കി തന്റെ കൈയ്യിലെ പുസ്തകത്തിലെ കടലാസുകൾ മടക്കിയത് എടുത്തശേഷം, പുസ്തകം മാറ്റിവെച്ചു.

   നാലായി മടക്കിവെച്ചിരിക്കുന്ന, നീല വരകൾ വശങ്ങളിലേക്കും ചുവന്ന രണ്ടു വരകൾ അടുപ്പിച്ച് വലതുവശത്ത് താഴേക്കുമുള്ള പഴക്കം തോന്നിക്കുന്ന പേപ്പറുകൾ. അതിലാകട്ടെ നീലമഷികൊണ്ട് എഴുതിനിറച്ചിരിക്കുന്നവ അല്പം മങ്ങിയിരിക്കുന്നു. അവളാ മടക്കുകൾ നിവർത്തി, കിടന്നുകൊണ്ടുതന്നെ ആദ്യമിരിക്കുന്ന പേപ്പർ വായിച്ചുതുടങ്ങി—

   ‘അവൾ മിടുക്കിയായിരുന്നു. യുവതിയാകുമ്പോഴേക്കുമവളെ നിർബന്ധപൂർവ്വം മാതാപിതാക്കൾ വിവാഹം കഴിപ്പിച്ചയച്ചു. വിവാഹശേഷം, ഒരു യുവ ക്രിമിനൽ ലേഡീ വക്കീലായിത്തീരുവാൻ അവൾക്ക് പല സഹനങ്ങളോടും പോരാടേണ്ടിവന്നു. ഏറെ പോരാട്ടങ്ങളും അവൾക്ക് താരതമ്യേനെ ബുദ്ധിമുട്ടായിവന്നത് തന്റെതന്നെ മനസിനോടുള്ളതായിരുന്നു. അങ്ങനെയവൾ, തന്റെ ചെറുപ്പകാലം മുതൽക്കേ സ്വന്തമായ സ്വപ്നത്തെ യഥാർത്ഥ്യമാക്കി, ഒരു മിടുക്കിയായ യുവ വക്കീലായി.

   അവളുടെ ജീവിതം വർഷങ്ങൾകൊണ്ട് ഉയർന്നുയർന്ന് മുന്നോട്ടുപോകുന്നതിനിടയിൽ, ഒരിക്കൽ ഒരു യുവാവ്, ഒരു കേസിലകപ്പെട്ട്, മറ്റൊരാളുടെ ശുപാർശപ്രകാരം എത്തി. ഏതാണ്ട് അഞ്ചു വയസ്സിന് ഇളപ്പം ഉണ്ടായിരുന്നു അവളുമായി ആ യുവാവിന്. കാര്യങ്ങളെല്ലാം അറിഞ്ഞശേഷം, കേസിൽനിന്നും രക്ഷിക്കാമെന്നും ഇത്ര രൂപാ തരണമെന്നും അവൾ വക്കീലിന്റെ ഭാഷയിൽ അവനെ ധരിപ്പിച്ചു. എന്നാൽ പണം തരുവാൻ ഇല്ലാത്തതിനാൽ മറ്റെന്ത് പകരം തരുമെന്ന അവസ്ഥയിലേക്കായി കാര്യങ്ങൾ. തന്റെ അവസ്ഥയെ മാനിച്ച് പകരമായി എന്തും നൽകാമെന്നായി യുവാവ്.’

   ഇത്രയുമാണ് ആദ്യത്തെ പേപ്പറിൽ ഉള്ളത്. ജമീത ചെറുതായൊന്ന് നെറ്റിചുളിച്ച്, ചെറുതായിത്തന്നെയൊന്നനങ്ങിക്കിടന്നശേഷം അടുത്ത പേപ്പർ നോക്കി—

   ‘അവൾ തന്റെ പേരിലുള്ള ഫ്ലാറ്റിൽ അവനുമായി പോയി ലൈംഗികബന്ധത്തിലേർപ്പെടുന്നു. നിശ്ചലയായി ബെഡ്ഡിൽ കിടക്കുന്ന അവളുടെ ചുണ്ടുകൾ അവൻ, തന്റെ ചുണ്ടുകൾ ഉപയോഗിച്ച് ഐസ്ക്രീം പോലെ നുണഞ്ഞ് കോരിക്കുടിച്ചുകൊണ്ടിരുന്നു. ഇതിന്റെ ഫലമെന്നവണ്ണം അവൾ പ്രസവിച്ച് ഒരു കുഞ്ഞിന് ജന്മം നൽകുന്നു.’

   ഇത്രയുമായപ്പോഴേക്കും ആ കടലാസിന്റെ ഒരു വശമായി. ജമീത മറുവശം നോക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒന്നുമല്ലായിരുന്നു അവിടെ. അവളുടനെ എഴുന്നേറ്റ് ഈ പുസ്തകം ഒരിക്കൽക്കൂടിയും ഇതിനൊപ്പം മാഡം തന്നുവിട്ട മറ്റ് പുസ്തകങ്ങളും അരിച്ചുപെറുക്കിപ്പോയി. പക്ഷെ ഇതുപോലെ ഒന്നും കണ്ടെത്തുവാൻ സാധിച്ചില്ല. പുസ്തകങ്ങളെ ഉപേക്ഷിച്ച്, ലൈറ്റണക്കാത്ത തന്റെ റൂമിൽ ബെഡ്‌ഡിലായി മുട്ടുകൾ മടക്കി ആലോചിച്ചിരുന്നുപോയി അവൾ.

4

   പിന്നീടുള്ള സമയങ്ങളിൽ തന്നെ വേട്ടയാടുന്ന ഈ കടലാസുകളിലെ വരികളുടെ ആഘാതം കൂടിവരുന്നത് ജമീത അറിഞ്ഞു, മറ്റെല്ലാം മറന്ന്. ആ സ്ത്രീയുടെ കുടുംബത്തിനെക്കുറിച്ചോ ആ പറഞ്ഞിരിക്കുന്ന യുവാവിനെക്കുറിച്ചോ വ്യക്തമായി ഒന്നുംതന്നെയില്ല എന്നതാണവൾ ആദ്യം ആലോചിച്ചത്. എത്രതന്നെ ചിന്തിച്ചിട്ടും അവയൊന്നും ഒരുത്തരത്തിലേക്ക് എത്തിക്കുവാൻ അവൾക്ക് കഴിഞ്ഞില്ല.

   മണിക്കൂറുകൾ കൊഴിഞ്ഞുപോയെന്നേ പറയുവാനൊക്കൂ- ദിവസങ്ങൾ ഇങ്ങനെ ജമീതയെ വിഴുങ്ങിക്കളഞ്ഞു. ആ സ്ത്രീ എന്തിനിത് ചെയ്തു, എന്തു സംഭവിച്ചു പിന്നീട് എന്നതിലേക്ക് എത്തിച്ചേർന്നു അവൾ. പക്ഷെ അവയൊന്നും ഒരുത്തരത്തിലേക്കെത്തിക്കുവാൻ അവൾക്ക് കഴിഞ്ഞില്ല. വീണ്ടും ‘മണിക്കൂറുകൾ’ കൊഴിഞ്ഞുപോയതോടെ പക്ഷെ ജമീതയ്ക്ക് എന്തെന്നില്ലാത്ത ഒരാശ്വാസം കണ്ടെത്തുവാൻ സാധിച്ചു- ആ സ്ത്രീയെക്കുറിച്ച് കൂടുതൽ അറിയുവാൻ സാധിക്കുമെന്നും എന്തു സംഭവിച്ചുവെന്നുള്ളതിനുള്ള ഉത്തരം ലഭിക്കുമെന്നും ഉള്ള ഒരു വല്ലാത്ത വിശ്വാസമായിരുന്നു പിന്നീടവളെ ഭരിച്ചത്.

   അങ്ങനെ അഡ്വക്കേറ്റ് ലക്ഷ്മി വാര്യർ ജോയിൻ ചെയ്യാൻ പറഞ്ഞദിവസം വന്നെത്തി. രാവിലെ ജമീത നന്നായി സമയമെടുത്ത് കുളിച്ചു. ശേഷം ഡ്രെസ്സ് ചെയ്ത്, ആവശ്യമായ സാധനങ്ങളെല്ലാമെടുത്ത് തന്റെ റൂം പുറത്തുനിന്നും ലോക്ക് ചെയ്ത് ചാവി ഹാൻഡ്ബാഗിൽ ഭദ്രമാക്കി. മെല്ലെ താഴത്തെ നിലയിലേക്കിറങ്ങിച്ചെന്നു, സാവധാനമിരുന്ന് പ്രഭാതഭക്ഷണം കഴിച്ചു.

   അവൾ വീട്ടിൽ നിന്നും ഇറങ്ങുവാൻ നേരം ഉമ്മയും ഉപ്പയും അടുത്തായി നിലയുറപ്പിച്ചിരുന്നു. ആശീർവാദമൊക്കെ അവരുടെ കൈയ്യിൽ നിന്നും ‘വാങ്ങിച്ചുവെച്ചശേഷം’ വീടിന്റെ മെയിൻഡോർ കടന്ന് മുറ്റത്തേക്കിറങ്ങി, തന്നെ നോക്കിനിന്നിരുന്ന മാതാപിതാക്കളോടവൾ പറഞ്ഞു;

“ഉപ്പാ, എനിക്ക് ഇപ്പോൾ കല്യാണം വേണ്ടാ..

അങ്ങനെയൊരുദ്ദേശമേ തല്ക്കാലം എനിക്കില്ല.”

   ഇതുകേട്ട്, താത്കാലികമായി എല്ലാം നഷ്ടമായവിധം ഉപ്പ നിവർന്നുനിന്നു. ഉമ്മയാകട്ടെ ഒന്ന്‌ തളർന്നും നിന്നുപോയി. അവൾ ഇരുകൈകളുംകൊണ്ട് തന്റെ ടോപ്പ് താഴെനിന്നും വീണ്ടും വലിച്ചിട്ട് ഒരു ചെറുനിശ്വാസം പ്രകടമാക്കി തുടർന്നു;

“ഞാൻ, എനിക്ക് ഇഷ്ടം തോന്നുന്നൊരാളെ

എനിക്ക് വേണ്ടുന്ന സമയത്ത് തിരഞ്ഞെടുത്തുകൊള്ളാം.”

   ഉപ്പയും ഉമ്മയും പഴയപടി, മുൻപ് നടന്ന എന്തിന്റെയോ ആഘാതത്തിൽ അങ്ങനെതന്നെ നിന്നതേയുള്ളൂ. ജമീത ഒന്ന്‌ തലതാഴ്ത്തിയശേഷം പെട്ടെന്നുതന്നെ അതുയർത്തി പറഞ്ഞു;

“എങ്ങനെ ജീവിക്കണം മുന്നോട്ട് എന്ന് എനിക്ക് നന്നായറിയാം.

എന്റെ ജീവിതം... അത് ഞാൻ തീരുമാനിച്ചുകൊള്ളാം.”

   പഴക്കംചെന്ന കടലാസിൽ, മങ്ങിപ്പോയ വരികളിലായി, ജമീത -തന്നെ തിളങ്ങുന്ന പുതിയ അക്ഷരങ്ങളിൽ എഴുതിച്ചേർത്തുകൊണ്ട് സ്വന്തം വീടിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് നടന്നു. എന്തിനുവേണ്ടി എന്നതിനി ഒരു കടലാസും പറയേണ്ടതില്ല, എന്താണുള്ളത് എന്നതുമാത്രമൊഴിച്ച്.



Rate this content
Log in

Similar malayalam story from Tragedy