ചേച്ചി
ചേച്ചി
ആകാശം കറുത്തിരുണ്ട് ഈ പെയ്ത്ത് തുടങ്ങിട്ടു ഇന്നേക്ക് മൂന്നുദിവസം. ഭൂമിയും ആകാശവും ഒരുപോലെ വിഷമിക്കുന്നതായി അവൾക്ക്
തോന്നി. ബന്ധുക്കളും സുഹൃത്തുക്കളും വന്നും പോയും ഇരിക്കുന്നു.ആരോടും സംസാരിക്കാൻ ആർക്കും പറ്റുന്നില്ല .
“മോള് , വല്ലതും കഴിച്ചാർന്നോ ഇങ്ങനെ പറമ്പിലേക്ക് നോക്കിയിരുന്നിട്ട് എന്താ കാര്യം , പോയാള് വരോ കുട്ട്യേ”
നളിനി ഏടത്തിയോട് ഒന്നും മറുപടി പറയാൻ തോന്നിയില്ല. എന്തിന്
പറയണം .
എന്റെ ചേച്ചി എത്രെ പറഞ്ഞതാ എല്ലാരോടും. അവിടെത്തെപ്രശ്നങ്ങൾ. എന്നിട്ട് ഇപ്പോ ന്യായം പറയാൻ വന്നിരിക്കുന്നു.
പറമ്പിലെ കരിനൊച്ചി ഇലകൾ കാറ്റത്ത് ആടിഉലഞ്ഞു. ആകെ ഉള്ള രണ്ടു കവുങ്ങുകൾ പരസ്പരം താങ്ങിനിറത്തുന്നതായി അവൾക്ക് തോന്നി. രാത്രിയിലെ മഴ പേടിപ്പെടുത്തുന്നതാണ്.ചിലപ്പോഴൊക്കെ രാത്രി മഴയെ വിഴുങ്ങി കളയും.
“ രാധേ , രാധേ നീ എന്താ ഉറങ്ങാതെ ഇരിക്കുന്നെ
പോയി കിടന്നുറങ്ങ് പെണ്ണേ” അവൾ തിരിഞ്ഞു നോക്കി
“ചേച്ചി”
രണ്ടു ഭാഗത്തും മുടി വകഞ്ഞു , ഗോതമ്പിന്റെ നിറമുള്ള തുടുത്ത കവിൾവലിയ കണ്ണിനെ കുറച്ചു ചെറുതാക്കി നിർത്താതെ ഉറക്കെ ചിരിച്ചു
നിൽക്കുന്നു.
“എന്തേ മോള് ഉറങ്ങാത്തെ, എല്ലാരും ഉറങ്ങിലോ എന്തിനാ ഇങ്ങനെ നോക്കണെ, ചേച്ചി എങ്ങും പോയിട്ടില്ല , ഈടേ തന്നെ
ഉണ്ടെന്നെ”
അവൾക്കു തമോഗർത്തത്തിൽപ്പെട്ട പോലെ തോന്നി . ചേച്ചിയുടെ മുഖംഅതുപോലെ തന്നെ.ഒരു കാതിൽ രണ്ടു കമ്മൽ. ഒരു ജിമ്മിക്കി ചെറിയ
രണ്ടാമത്തെ കമ്മലുമായി ബന്ധിപ്പിച്ച ചെയിൻ . എല്ലാം വ്യക്തമായികാണാം.
“ ചേച്ചി , ഭക്ഷണം കഴിച്ചോ?”
“എനിക്കു വിശപ്പും , ദാഹോം ഇല്ല മോളെ , എന്താന്നു അറിയില്ല”
“കാല് വല്ലാത്തൊരു തണുപ്പ് , നിന്റെ പൊതപ്പോന്നു തരോ”
അകത്ത് നിഴൽ പായയിൽ ഇരുന്ന ചെറിയമ്മമാർ വെറുംകാപ്പി കുടിക്കാൻ അടുക്കളയിലേക്ക് പോയി. വിളക്കിൽ എണ്ണ ഒഴിച്ച്
നളിനി ഏടത്തി പായയിൽ പോയി കിടന്നു. ചേച്ചിയുടെ ഫോട്ടോ വച്ച മേശക്കടുത്ത് അമ്മ ഇരുന്നുറങ്ങുന്നുണ്ടായിയുന്നു.
“ഹാർട്ട് അറ്റാക്കാ ന്നാ പറയണേ, ന്നാലും മുപ്പത്തെട്ട് വയസ്സല്ലേ ആയുള്ളൂ , കഷ്ടം”
“ മായയ്ക്ക് കല്യാണം കഴിഞ്ഞത് മുതൽ പ്രശനങ്ങള് അല്ലായിരുന്നോ അവന്റെ അമ്മ അവൾക്ക് സമാധാനം കൊടുത്തിട്ടുണ്ടോ
കുറെ കാര്യങ്ങൾ ഇവർക്കും അറിയായിരുന്നു. എന്നിട്ടും ആ കൊച്ചിനെ രക്ഷിക്കാൻ ആരും ഉണ്ടായില്ല”
“ഹമമ്, അവൻ അവളെ
അടിക്കാറുണ്ട് ത്രെ , കല്യാണം കഴിഞ്ഞു പിറ്റേ ദിവസം തന്നെ കഴുത്തിന് പിടിച്ചുന്നു അവള് ആരോടൊക്കെയോ
പറഞ്ഞിട്ടുണ്ട് , പാവം കുറെ സഹിച്ചു”
അടുക്കളയിലെ ചെറിയമ്മമാരുടെ സംസാരം അങ്ങനെ ഇരുട്ടിൽ തളക്കപ്പെട്ടു.
ചേച്ചി എന്റെ അടുത്തു, പച്ച കരിമ്പടം പുതച്ചുറങ്ങുന്നുണ്ടായിരുന്നു. ആരും അറിയാതെ .ഞങ്ങൾ അറിയാത്ത ഒരു വീട് . അല്ലെങ്കിൽ ഞങ്ങൾക്കു മുമ്പിൽ നന്നായ്ചമഞ്ഞ ആളുകൾ. എല്ലാം . എല്ലാം. എന്റെ ചേച്ചിയുടെ ഈ അവസ്ഥക്ക്ഉത്തരവാദികളാണ്.
എല്ലാവരും നല്ല കപ്പിൽ ചായ കുടിക്കുമ്പോൾ ചേച്ചിക്ക് മാത്രം പൊട്ടിയവക്കുള്ള കപ്പ്. വീട്ടിൽ ഉള്ളവർ കഴിച്ചിട്ട് മാത്രേ അവൾക്ക് കഴിക്കാൻ
അനുവാദം ഉണ്ടായിരുന്നുള്ളൂ, ഗർഭിണി ആയിരുന്നപ്പോൾ പോലും.പലപ്പോഴും വിശന്നു കിടന്നു ഉറങ്ങിയിരുന്നു. ചെറിയ മീനുകൾ
വൃത്തിയാക്കി കറി വച്ചു , വറുത്ത് മേശപ്പുറത്ത് വയ്ക്കുക, പപ്പടം ,പഴം ഇവയെല്ലാം മറ്റുള്ളവർക്ക് കൊടുക്കുക എന്നീ ജോലികൾ അലിഖിത
നിയമങ്ങൾ ആണ് . എന്നാൽ അതിൽ നിന്നും ഒന്നുപോലും രുചിക്കരുത്എന്ന്കൂടി ഉണ്ടെന്ന് ചേച്ചി കരഞ്ഞു പറഞ്ഞിരുന്നു .
ചേച്ചി ഉറങ്ങട്ടെ , ശാന്തമായി ..
കാറ്റ് പടിഞ്ഞാറ് നിന്നു കിഴക്ക് ലക്ഷ്യമായി വീശി.സൂര്യോദയത്തിന് കാത്തിരുന്നു എല്ലാരും , ബലിയിടാൻ .ജീവിച്ചിരുന്നപ്പോൾ അവൾക്കു ഒരു ഉരുള കൊടുക്കാത്തവർ ..
“ അമ്മേ , എനിക്കു ഇവിടെ മടുത്തമ്മേ , എന്നെ കൊണ്ട് പോകൂ .ഞാൻ നിങ്ങൾക്ക് ശല്യമാകാതെ എന്തെങ്കിലും ജോലി ചെയ്തു
ജീവിച്ചോളാം,കുറ്റപ്പെടുത്തലുകൾ സഹിക്കുന്നില്ല , എനിക്കു ജോലിഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം , അല്ലെങ്കിലും അവർ എന്തെങ്കിലും
പ്രശ്നം കണ്ടെത്തുമല്ലോ .. എന്നെ കൊണ്ട് പോകൂ .. അവർടെ മകന്യോജിച്ച പെണ്ണല്ല ത്രെ ഞാൻ . സൌന്ദര്യം കുറവാണ് ന്നു ..”
ചേച്ചി പറഞ്ഞത് രാധ ഓർത്തു . പക്ഷേ ജീവിതം അങ്ങനെയൊക്കെയാ“അഡ്ജസ്റ്റ്” ചെയ്യണം എന്ന മറുപടി അവളെ ഒരുപാട്
തളർത്തിയിരിക്കാം.
“ഇനി അടിയന്തിരത്തിന് കാണാം” പലരും പിരിഞ്ഞു പോയ വഴി മറഞ്ഞുപോയി.
“രാധേ , ഞാൻ ഈ വീട്ടിൽ വരാൻ എത്രെ ആഗ്രഹിച്ചതാ,ഇങ്ങനെ വരാനാ യോഗം” ചേച്ചി നെടുവീർപ്പിട്ടു.
“ചേച്ചിക്കു വേണ്ടി ഞങ്ങൾക്ക് ഒന്നും ചെയ്യാൻ ആയില്ലലോ”
മായ, രാധയുടെ കണ്ണിലൂടെ അവൾ നട്ട കരിനൊച്ചിയെ നോക്കി ചിരിച്ചു .
നളിനി ഏടത്തി അപ്പോഴും മായയുടെ ഫോട്ടോയുടെ മുൻപിലെ ചന്ദനത്തിരിമാറ്റി വയ്ക്കുകയായിരുന്നു.