sajeev menon

Drama Tragedy

4  

sajeev menon

Drama Tragedy

തീക്കനലുകൾ

തീക്കനലുകൾ

13 mins
427


ഓടിയോടി പോകുന്ന മരങ്ങളെയും നോക്കി കൊണ്ട് സീത കാറിൻറെ സീറ്റിൽ ചാരിയിരുന്നു. കാർ വീടിനു അടുത്തെത്താറായപ്പോൾ സീതയുടെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു. വർഷം അഞ്ചു കഴിഞ്ഞിരിക്കുന്നു ഈ മണ്ണിൻറെ മണമറിഞ്ഞിട്ടു. രണ്ടു വർഷത്തേക്കെന്നു പറഞ്ഞു പോയതാണ് ചുട്ടു പൊള്ളുന്ന മണലാരണ്യത്തിലേക്കു. പുറത്തേക്കു നോക്കിയിരിക്കുമ്പോൾ പിന്നിലേയ്ക്ക് ഓടി പോകുന്ന മരങ്ങളോടൊപ്പം ഓർമകളും പിന്നിലേക്ക് ഓടിയോടി പോയി.

വീട് വിട്ടു പോരുമ്പോൾ മനസിലുണ്ടായിരുന്നത് കരഞ്ഞു കലങ്ങിയ അമ്മയുടെയും വാവിട്ടു കരയുന്ന മീനുവിൻറെയും മുഖങ്ങളായിരുന്നു. മനു മാത്രം അന്ന് കരയാതെ തൻറെ കൈ പിടിച്ചു നടന്നു വന്നു. അന്നവന് പത്തു വയസിനെക്കാൾ പക്വത തോന്നി. താൻ കാറിൽ കയറിയിരിക്കുന്നത് വരെ മനു തൻറെ കൈ വിട്ടിരുന്നില്ല. കാർ നീങ്ങാൻ തുടങ്ങുമ്പോൾ അവൻ പതുക്കെ ഒന്ന് ചിരിച്ചത് താൻ ഇന്നുമോർക്കുന്നു, അവൻറെ മുഖത്തെ ചിരിയെല്ലാം എന്നേ മാഞ്ഞു പോയതായിരുന്നു.

                ******************************************************************

അച്ഛനെയും അമ്മയെയും ഊർമ്മിളയെയും കളികൂട്ടുകാരെയും തൻറെ വീടിനെയും ഒക്കെ വിട്ടു ചന്ദ്രേട്ടൻറെ വീട്ടിലേക്കു മണവാട്ടിയായി പോരുമ്പോൾ തികച്ചും ഒരു അങ്കലാപ്പായിരുന്നു മനസ്സിൽ. ഒരുപക്ഷേ അങ്കലാപ്പിനേക്കാളേറെ, അവിടെ തന്നെ എന്തായിരിക്കും കാത്തിരിക്കുക എന്ന ആകാംക്ഷയായിരുന്നു കൂടുതലും.

ചെന്ന് കയറിയത് ഒരു ചെറിയ വീട്ടിലേക്കായിരുന്നു. ചന്ദ്രേട്ടനും അമ്മയും മാത്രം. മുൻപിലെ ഒരു കോലായും രണ്ടു മുറിയും പിന്നെ അടുക്കളയും. കൂടുതലൊന്നും പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് വലിയ നിരാശയൊന്നും തോന്നിയില്ല. നാട്ടിലെ ഒരു ചെറിയ സ്കൂളിലെ പ്യൂണിൻറെ മോൾക്ക് തൻറെ മണവാളന് മണിമാളിക വേണമെന്ന് ആഗ്രഹിക്കാൻ പറ്റില്ലല്ലോ.

പക്ഷെ പോരുമ്പോൾ മനസ്സിൽ ഒന്ന് തീരുമാനിച്ചിരുന്നു, എവിടെയായാലും സന്തോഷത്തോടെ, സംതൃപ്തിയോടെ ജീവിക്കും.

ചന്ദ്രേട്ടന് ചെറിയ ഒരു ജോലിയും ഉണ്ട്, തന്നെ കാണാൻ വന്നപ്പോൾ പറഞ്ഞ കൂട്ടത്തിൽ താൻ ഇടക്കൊക്കെ മദ്യപിക്കും എന്ന് പറഞ്ഞത്, കുറച്ചു ഒരു വിഷമം ഉണ്ടാക്കിയെങ്കിലും, അതിനെ എന്തും തുറന്നു പറയുന്ന ഒരു സ്വഭാവമായി കണ്ടു മറന്നു.

ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയപ്പോളാണ് ചന്ദ്രേട്ടനല്ല മദ്യത്തെ കുടിക്കുന്നത്, മറിച്ചു മദ്യം ചന്ദ്രേട്ടനെയാണ് കുടിക്കുന്നത് എന്ന് മനസിലായത്. ജോലി കഴിഞ്ഞു വരുമ്പോൾ വീട്ടിലാകെ ചാരായത്തിൻറെ മണം നിറയും.

വന്നു കയറിയാൽ പിന്നെ രാത്രിയാകാനും കിടക്കാനുമുള്ള തിരക്കാണ്. ചാരായത്തിൻറെ മണവുമായി തൻറെ ശരീരത്തിൽ സുഖം തേടി വരുന്ന അയാളോട് തനിക്കു എന്ത് വികാരമാണ് തോന്നിയിരുന്നതെന്നു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയ്ക്ക് അയാൾക്ക് തന്നോട് കുറച്ചെങ്കിലും സ്നേഹമുണ്ടോ എന്ന ഒരു ചോദ്യം പോലും ചോദിക്കാനായിട്ടില്ല.

രാത്രികളിൽ തൻറെ പേക്കൂത്തു കഴിഞ്ഞാൽ ഉടനെ കൂർക്കം വലിച്ചുറങ്ങുന്ന അയാളോട് തനിക്കു സ്നേഹമുണ്ടോ എന്നും ചിന്തിച്ചിട്ടില്ല, ജനാലയുടെ തുറന്ന പാളിയിലൂടെ കടന്നു വന്ന നിലാവെളിച്ചം മാത്രം തനിക്കു കൂട്ടായുള്ളു എന്ന് അന്നൊക്കെ തോന്നിയിരുന്നു. ഒന്നും ആരോടും പറഞ്ഞില്ല, അച്ഛനും അമ്മയും ഉർമിളയുമൊക്കെ കാണുമ്പോൾ സന്തോഷം അഭിനയിച്ചു.

അതിനിടയ്ക്ക് മനുവിൻറെ ജനനം, അയാളിൽ ചില മാറ്റങ്ങൾ ഒക്കെ ഉണ്ടാക്കി. അവനോടൊത്തുള്ള കളിയും ചിരിയും അയാളെ മറ്റൊരാളാക്കി. ആദ്യമായി ഒന്നിച്ചു പുറത്തു പോയതും, സിനിമ കണ്ടതും, പുറത്തുന്നു ഭക്ഷണം കഴിച്ചതുമെല്ലാം അപ്പോളാണ്. അതങ്ങനെ ചിരകാലം നിലനിൽക്കുന്നത് താൻ സ്വപ്നം കണ്ടു. തൻറെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസങ്ങളാണ് അത്. ആദ്യമായി സന്തോഷം തോന്നിയ നിമിഷങ്ങൾ. ഇതാണ് ദാമ്പത്യം എന്ന് തോന്നിയ ദിവസങ്ങൾ. അതിനിടയിൽ വീണ്ടും ഒരു ഗർഭം, പ്രസവം, മീനു ഈ ലോകത്തിലേക്ക് വന്നത് ഭാഗ്യവും കൊണ്ടാണ്. ചന്ദ്രേട്ടന് കുറച്ചു കൂടി നല്ല ഒരു ജോലി ആയി, ചന്ദ്രേട്ടൻ മദ്യം കഴിയ്ക്കുന്നത് വല്ലപ്പോഴുമൊക്കെയായി.

മീനുവിന് മൂന്ന് വയസായപ്പോളാണ് അടുത്ത അങ്കനവാടിയിൽ ഒരു ജോലി ആകുന്നതു. രാവിലെ ഏഴര മുതൽ പന്ത്രണ്ടര വരെയാണ് ജോലി. കുറച്ചു സമയമല്ലേ ഉള്ളൂ, മീനുവിൻറെ കാര്യം ഞാൻ നോക്കിക്കൊള്ളാം എന്ന അമ്മയുടെ ഉറപ്പിൽ ജോലി തുടങ്ങി. മനു അപ്പോൾ സ്കൂളിൽ പോയി തുടങ്ങിയിരുന്നു. അടുത്ത വർഷം മുതൽ മീനുവിനേം കൂട്ടിയായി പോക്ക്. രണ്ടു വർഷങ്ങൾ അങ്ങനെ, തൻറെ ജീവിതം സ്വച്ഛമായി ഒഴുകിക്കൊണ്ടിരുന്നു.

ഒരു തുലാവർഷം, മഴ തകർത്തു പെയ്യുകയാണ്, തുള്ളിക്കൊരു കുടം കണക്കെ. വൈകിട്ട് സുഹൃത്തിനെ കാണാൻ കുടയും ചൂടി പോയതാണ് ചന്ദ്രേട്ടൻ. പുറത്തു ശബ്ദം കേട്ട് നോക്കുമ്പോൾ കുറെ ആളുകൾ മഴ നനഞ്ഞു വീട്ടിലേക്കു ഓടി വരുന്നു. എന്താണെന്നു മനസിലാകും മുന്നേ ചന്ദ്രേട്ടനെ കുറച്ചുപേർ താങ്ങിയെടുത്ത്‌ കൊണ്ട് വന്നു. അവർ ചന്ദ്രേട്ടനെ മുന്നിലെ തിണ്ണയിൽ കിടത്തി. എന്തുപറ്റി എന്ന് വിളിച്ചു വാവിട്ടു കരഞ്ഞു കൊണ്ട് താൻ ചന്ദ്രേട്ടൻറെ ശരീരത്തിൽ പിടിച്ചു കുലുക്കി. കയ്യിൽ എന്തോ പറ്റിയത് എന്താണെന്നു നോക്കാൻ ഉയർത്തിയപ്പോൾ ഉള്ളം കയ്യ് നിറച്ചും രക്തം, അത് ഉള്ളം കയ്യിൽ നിന്നും തൻറെ കൈത്തണ്ടയിലേക്കു ഒഴുകിയിറങ്ങി. ചന്ദ്രേട്ടൻറെ ശരീരത്തിൽ നിന്നും ചോരയുടെ ഒരു ചാലു കീറി തിണ്ണയിലൂടെ ഒഴുകി. അലറി വിളിച്ച തനിക്കു എല്ലാം കറങ്ങുന്നതു പോലെ തോന്നി. ആരൊക്കെയോ തന്നെ താങ്ങുന്നു, അത് കൂട്ടാക്കാതെ താഴേക്കു, താഴേക്ക്....

മുഖത്ത് വെള്ളം ശക്തിയായി വീണപ്പോളാണ് എഴുന്നേറ്റത്, മനുവും മീനുവും തൻറെ ഇരുവശവും ഇരുന്നു കരയുന്നു. എഴുന്നേറ്റു ഉമ്മറത്തേക്ക് ഓടി. അവിടെ ചന്ദ്രേട്ടൻ കിടപ്പുണ്ട്. പോലീസ്‌കാർ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. തന്നെ ചൂണ്ടി ആരോ ഭാര്യയാണെന്ന് പറഞ്ഞു. അവർ എന്തൊക്കെയോ ചോദിച്ചു. ആകെ മരവിപ്പ് ബാധിച്ചതിനാൽ തനിക്കു ഒന്നും തിരിഞ്ഞില്ല. ചന്ദ്രേട്ടനെ ചാരായ ഷാപ്പിൽ വച്ചുണ്ടായ വാക്കേറ്റത്തിനിടയിൽ ആരോ കുത്തിയത്രെ. പിന്നെ കേസിൻറെ കാര്യങ്ങൾ വേറെ. അതിനിടയിൽ എപ്പോഴോ ചന്ദ്രേട്ടൻറെ ചിതയൊരുക്കി, മനുവിനെ കുളിപ്പിച്ചു അവനെ കൊണ്ട് കർമങ്ങൾ ചെയ്യിപ്പിച്ചു തുടങ്ങി. അഗ്നി ആ ശരീരത്തെ വിഴുങ്ങാൻ തുടങ്ങിയപ്പോൾ എല്ലാവരേം തള്ളി നീക്കി താനും വരുന്നു എന്ന് വിളിച്ചു പറഞ്ഞു ചിതയിലേക്കോടി, ആരൊക്കെയോ തന്നെ തടഞ്ഞു. എല്ലാം കഴിഞ്ഞപ്പോഴും മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു. തൻറെ ജീവിതത്തിലേക്ക് ദുരിതത്തിൻറെ പെരുമഴ പെയ്യിച്ച ആ തുലാവർഷത്തെ വെറുപ്പോടെ നോക്കിയിരുന്നു. പിന്നെയുണ്ടായിരുന്നത് മനുവിനെയും മീനുവിനെയും ചേർത്ത് പിടിച്ചു ഉറങ്ങാതെയുള്ള രാത്രികളായിരുന്നു. മുന്നോട്ടുള്ള വഴികൾ താൻ എങ്ങനെ നടന്നു തീർക്കും എന്നോർത്തപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാൽ പിടഞ്ഞു.

മനുവിനായിരുന്നു വിഷമം കൂടുതൽ, അവൻ കുറെ ദിവസങ്ങൾ കരഞ്ഞു തന്നെ തള്ളിനീക്കി. മീനുവിന് അച്ഛൻ എവിടെയോ പോയിരിക്കും എന്നാണ് തോന്നിയത്. പത്തിരുപതു ദിവസം കഴിഞ്ഞാണ് ജീവിതത്തിൻറെ മുള്ളുകൾ കൂടുതൽ കുത്താൻ തുടങ്ങിയത്, വീട്ടുസാധനങ്ങൾ ഒന്നൊന്നായി തീർന്നു തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ നിൽകുമ്പോൾ അങ്കനവാടിയിലെ ജോലിക്കു വീണ്ടും പോയി തുടങ്ങി. വഴിയിലൊക്കെ ആളുകളുടെ ചോദ്യശരങ്ങൾ, സ്കൂളിലെ ആളുകളുടെ അന്വേഷണങ്ങൾ വേറെ.

മനു ഒരു ദിവസം സ്കൂളിൽ നിന്നും കരഞ്ഞു കലങ്ങിയ കണ്ണുകളുമായിട്ടാണ് വന്നത്, അവൻ ഇനി സ്കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞു, കള്ളുകുടിച്ചു തല്ലുകൂടി മരിച്ചയാളുടെ മോനെന്നുള്ള കളിയാക്കൽ അവനു താങ്ങാവുന്നതിലേറെയായിരുന്നു. വിതുമ്പി കരയുന്ന അവനെ തന്നിലേക്ക് ചേർത്തുപിടിച്ചു. എന്ത് പറഞ്ഞു ആശ്വസിപ്പിക്കും താൻ ഈ കുഞ്ഞിനെ.

വേദനകൾ താങ്ങാനാകാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പി, ഒഴുകിയിറങ്ങിയ ചാലുകൾ അവൻറെ മേൽ പതിച്ചപ്പോൾ, അവൻ തലയുയർത്തി നോക്കി. സാരമില്ല, ഞാൻ സഹിച്ചോളാം, ഞാൻ സ്കൂളിൽ പൊയ്ക്കൊള്ളാം. വിതുമ്പലോടെ അവനെ വീണ്ടും തന്നിലേക്ക് ചേർത്ത് പിടിച്ചു. തൻറെ കുഞ്ഞു ഈ ചെറുപ്രായത്തിൽ എന്തെല്ലാം സഹിക്കുന്നു എന്നോർത്തപ്പോൾ വിതുമ്പലുകൾ അലമുറകളായി മാറി.

അങ്കനവാടിയിലെ ചെറിയ വരുമാനം വീട്ടിൽ തീ പുകച്ചെങ്കിലും പലപ്പോഴും ഞെങ്ങി ഞെരങ്ങിത്തന്നെയാണ് ദിവസങ്ങൾ പോയത്. മനുവും മീനുവും പലപ്പോഴും മുഷിഞ്ഞതും കീറിയതുമായ വേഷങ്ങൾ ധരിച്ചു. പൊടിഞ്ഞു പോകാറായ തൻറെ സാരികൾ പിന്നെയും കഴുകി തേച്ചു ഉപയോഗിച്ചു. അമ്മക്ക് മാത്രം ഇടയ്ക്കു വില കുറഞ്ഞ രണ്ടു മുണ്ടു വാങ്ങി.

പോയയാൾ ഇത് വല്ലതും അറിയുന്നോ, കുഞ്ഞുങ്ങൾക്കു എന്നാണ് നല്ല ഒരു വസ്ത്രം ഇടാൻ കഴിയുക, എന്നാണ് നല്ല കുറച്ചു ഭക്ഷണം കൊടുക്കാൻ കഴിയുക, അറിയില്ല, തീരെ ഭാഗ്യമില്ലാതെ കുഞ്ഞുങ്ങളായി പോയല്ലോ തൻറെ മനുവും,മീനുവും, ദൈവത്തിനു പോലും വേണ്ടാത്ത ജന്മങ്ങൾ. രണ്ടിനെയും കൂട്ടി അവസാനിപ്പിച്ചു കളഞ്ഞാലോ ഈ യാത്ര എന്ന് തോന്നി.

മലനിരകളിലൂടെയുള്ള യാത്ര പോലെയാണീ ജീവിതം, കയറ്റങ്ങളും ഇറക്കങ്ങളും സുലഭം, എല്ലാം കൈവിട്ടു പോയി എന്ന് തോന്നുന്നിടത്തു നിന്ന്, അദൃശ്യമായ ഒരു കരം പതുക്കെ ഒരു കയറ്റം കയറ്റി തരുന്നു. അതായിരുന്നു തനിക്കു സ്കൂളിലെ റോസിചേച്ചിയുടെ ഒരു ചോദ്യം, നിനക്ക് ഗൾഫിൽ പോകാമോ? വീട്ടുജോലിക്കാണ്, പക്ഷെ നല്ല പൈസ കിട്ടും, നോക്കുന്നോ? നോക്കാം, എവിടെ വേണമെങ്കിലും പോകാം, വീട്ടിലെ ദാരിദ്യം ഇല്ലാതാകാൻ എന്ത് വേണമെങ്കിലും ചെയ്യാം.

പാസ്പ്പോർട്ട് എടുത്തതും വിസയും ടിക്കറ്റും എല്ലാം ശരിയാക്കിയതും റോസി ചേച്ചിയുടെ ഭർത്താവായിരുന്നു. താൻ കുവൈറ്റിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ മീനു കരച്ചിൽ തുടങ്ങി, മനു ഒന്നും പറഞ്ഞില്ല. അവനു ചിരി നന്നേ കുറഞ്ഞു, കുറെ കൂടി പക്വത വന്നിരിക്കുന്നു. അവൻ ചെറിയ ജോലിയൊക്കെ എടുക്കുന്നുണ്ട്, കവലയിലെ ചായക്കടയിൽ വൈകുന്നേരം പലഹാരം ഉണ്ടാക്കും, കട വൃത്തിയാക്കും, എന്നിട്ടു പത്തോ ഇരുപതോ രൂപ തൻറെ കയ്യിൽ കൊണ്ട് വയ്ക്കും, അതവനിൽ വലിയ അഭിമാനം ഉണ്ടാക്കുന്നുണ്ട്. അത് കൊണ്ട് താൻ തടഞ്ഞില്ല, പഠിത്തം ശ്രദ്ധിക്കണം എന്ന് മാത്രം പറഞ്ഞു. ‘അമ്മ പോയി വാ ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം', മനു അത് പറഞ്ഞപ്പോൾ അവൻ വീണ്ടും പ്രായം കൂടിയ പോലെ തോന്നി.

മീനുമോളെ വിട്ടു പോകുന്നത് വലിയ ഒരു കടമ്പ തന്നെയായിരുന്നു, അവളുടെ കരച്ചിലുകൾ എന്നും കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവളെ അമ്മയുടെയും മനുവിൻറെയും സർവോപരി ദൈവത്തിൻറെ കയ്യിലും ഏല്പിച്ചായിരുന്നു കുവൈറ്റിലേക്ക് പോന്നത്.

'ഞാൻ നോക്കിക്കോളാം, മോള് പേടിക്കാതെ പോ', തളർന്ന ശബ്ദത്തിൽ അമ്മ പറയുന്നുണ്ടായിരുന്നു. 'അവളുടെ കാര്യം അമ്മുമ്മ നോക്കും, വീട്ടിലെ കാര്യങ്ങളെല്ലാം ഞാൻ നോക്കിക്കോളാം', മനു തനിക്കു കൂടുതൽ ധൈര്യം തന്നു. ഒടുവിൽ എല്ലാരേയും വിട്ടു വീണ്ടും ഒരു യാത്ര. മുൻപ് കല്യാണം കഴിഞ്ഞു ചന്ദ്രേട്ടൻറെ വീട്ടിലേക്കു വന്നത് ഓർമ്മ വന്നു, അച്ഛനെയും അമ്മയെയും ഊർമ്മിളയെയും നാടിനെയും വീടിനെയും വിട്ടു. ഇതാ വീണ്ടും ഒരു യാത്ര, മക്കളെയും അമ്മയെയും വീടിനെയും നാടിനെയും ഒക്കെ വിട്ടു. ഇനി എത്ര യാത്രകൾ ബാക്കി, അറിയില്ല.

കുവൈറ്റിൽ എത്തിയപ്പോൾ ആകെ അന്ധാളിപ്പായിരുന്നു, കീറിയ വസ്ത്രങ്ങളുടെയും, എണ്ണിയെടുത്തിരുന്ന ഭക്ഷണത്തിൻറെയും, രണ്ടറ്റം കൂട്ടാൻ കിടന്നിരുന്ന പട്ടിണിയുടെയും ഇടയിൽ നിന്നും വന്നവൾക്കു കഫീലിൻറെ വലിയ വീട്ടിലെ അടുക്കളത്തറ തന്നെ ധാരാളമായിരുന്നു. പക്ഷെ തനിക്കു കിട്ടിയ വൃത്തിയുള്ള മുറിയും നല്ല വസ്ത്രങ്ങളും അമ്പരപ്പോടെ കുറച്ചു നേരം നോക്കി നിന്നുപോയി. മെലിഞ്ഞുണങ്ങിയ താൻ ഈ ഉടുപ്പ് താങ്ങുമോ ആവോ.

ഉറങ്ങാൻ കിടക്കുമ്പോൾ ഒരു പിടപ്പാണ്, മീനുമോൾ ഉറങ്ങി കാണുമോ എന്നോർത്ത്. മനു എന്തെടുക്കുന്നുണ്ടാകും എന്നാലോചിച്ചു. തൻറെ പതുപതുത്ത കിടക്കമേൽ കിടക്കുമ്പോൾ, ചിലപ്പോൾ താഴെ പായിൽ ഉറങ്ങുന്ന അമ്മയെയും മക്കളെയും ഓർക്കും, അപ്പോൾ പതുക്കെ താഴെ ഇറങ്ങി കിടക്കും, മേലോട്ട് നോക്കി കിടക്കുമ്പോൾ, ചെറിയ ജനലിലൂടെ ലോകം ആ മുറിയിലേക്ക് ഇറങ്ങിവരും, വീടും മീനുവും മനുവുമൊക്കെ ആയി. മക്കൾ ചുറ്റും ഓടുകയാണ്, അമ്മ കോലായിൽ കാലു നീട്ടിയിരിക്കുന്നു. മീനുവിനെ കൈകളിൽ കിടത്തി കളിപ്പിച്ചു കളിപ്പിച്ചു, അങ്ങനെ പതുക്കെ പതുക്കെ ഉറക്കത്തിൻറെ കയങ്ങളിലേക്കു വഴുതി വീഴും.

ദിവസങ്ങൾ ഓടി പൊയ്ക്കൊണ്ടിരുന്നു, തനിക്കു കിട്ടുന്ന ശമ്പളം ഒന്നും എടുക്കാതെ നാട്ടിലേക്കയച്ചു, ഇടയ്ക്കു ഒരു മൊബൈൽ വാങ്ങി, ഒന്ന് വാങ്ങി നാട്ടിലേക്കും കൊടുത്തു വിട്ടു. ഇപ്പോൾ ഇടയ്ക്കു വിളിക്കും. തൻറെ ശബ്ദം ഇടയ്ക്കു കേൾക്കാൻ തുടങ്ങിയതോടെ മീനുവിൻറെ സങ്കടം കുറഞ്ഞു വന്നു, പക്ഷെ 'അമ്മ എന്ന് വരും എന്ന ചോദ്യം മാത്രം അവൾ നിർത്തിയില്ല, അതിനു കൃത്യമായൊരു ഉത്തരമില്ലാത്തതിനാൽ താനും മറുപടി പറഞ്ഞില്ല.

മനു പഠിക്കുന്നുണ്ട്, അത്യാവശ്യം നല്ല മാർക്കും ഉണ്ട്, മീനുവിന് പക്ഷെ മടിയാണ്. അമ്മയ്ക്കും വയ്യാതായി, അപ്പുറത്തെ വീട്ടിലെ ചേച്ചി ഇടയ്ക്കു വന്നു സഹായിക്കും, 'അമ്മ അവർക്കു കുറച്ചു പൈസയും കൊടുക്കും.

രണ്ടു വർഷം അങ്ങനെ കടന്നു പോയി. വീട്ടിലെ അറബികൾ നല്ലവരുമാണ്, ഇടയ്ക്കു ദേഷ്യപെടുമെങ്കിലും ശമ്പളം ഒക്കെ ശരിക്കും തരും. വീട്ടിൽ ഒരുപാടു ജോലിയുണ്ട്, രാവിലെ നാലു മണിക്ക് തുടങ്ങിയാൽ രാത്രി പതിനൊന്നു മണിയാകും തീരാൻ. പക്ഷെ ഈ ജോലിയെല്ലാം തനിക്കു എത്രയോ ചെറുതാണ്, ദൂരെ നാട്ടിൽ തൻറെ മക്കൾ നല്ല വേഷവും ഇട്ടു, നല്ല ഭക്ഷണവും കഴിച്ചു ജീവിക്കുന്നു എന്ന തോന്നൽ മതി, ഇവിടത്തെ ജോലിയെ സ്നേഹിക്കാൻ. ജീവിതം വീണ്ടും സ്വച്ഛമായൊഴുകാൻ തുടങ്ങിയിരിക്കുന്നു. നാട്ടിൽ പോകാനുള്ള ആഗ്രഹമൊഴിച്ചാൽ വേറെ വലിയ അലട്ടൽ ഒന്നുമില്ല.

ചുട്ടുപഴുത്ത ഒരു ജൂൺ മാസത്തിലാണ് കഫീൽ വന്നിട്ട് നാളെ മുതൽ അയാളുടെ മകൻറെ വീട്ടിലാണ് ജോലി എന്ന് പറഞ്ഞത്, സാധനങ്ങൾ എല്ലാം എടുത്തു വൈകിട്ട് തയാറായിരിക്കാൻ പറഞ്ഞു അയാൾ. എല്ലാം പെറുക്കി കെട്ടി അന്ന് തന്നെ വേറെ വീട്ടിലേക്കു ചെന്നു, അവിടെയും ഒരു ചെറിയ മുറിയും കട്ടിലും കിടക്കയും തന്നു, എവിടെയായാലെന്താ തൻറെ വീട്ടിലെയും മക്കളുടെയും കാര്യങ്ങൾ നടക്കണം. കൂടെ ഒരു ഫിലിപ്പീന കുട്ടി കൂടെ ഉണ്ടായിരുന്നു, അവൾ കുറച്ചു ഇംഗ്ലീഷ് ഒക്കെ പറഞ്ഞു തന്നു.

കൂടുതൽ അടുത്തപ്പോൾ അവൾ, ഇവിടെ ശ്രദ്ധിക്കണം എന്ന് പറഞ്ഞു, ഇടയ്ക്കു ആരുമില്ലാത്തപ്പോൾ കുവൈത്തി റൂമിൽ വരും, എന്നിട്ടു തൻറെ കൂടെ ഇരുന്നു തന്നെ വട്ടം പിടിച്ചു വർത്തമാനം ഒക്കെ പറയുമത്രെ. അതവൾക്കിഷ്ടമല്ലെങ്കിലും നിവൃത്തിയില്ലാതെ ഇരുന്നു കൊടുക്കും. കേട്ടപ്പോൾ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. കാലിലൂടെ ഒരു വിറ കയറി, അറപ്പു തോന്നുന്ന എന്തോ ഒന്ന് തൻറെ ശരീരത്തിലൂടെ ഇഴയുന്ന പോലെ.

പേടിക്കണ്ട ഒന്നോ രണ്ടോ തവണ മാത്രമേ അങ്ങിനെ ഉണ്ടായുള്ളൂ, മിക്കവാറും മാമ വീട്ടിലുണ്ടാകും, അതുകൊണ്ടു പേടിക്കണ്ട. ആശ്വസിപ്പിക്കാനാണ് അവളതു പറഞ്ഞതെങ്കിലും ഉള്ളിലെ പിടപ്പ് മാറിയില്ല.

ദിവസങ്ങൾ കടന്നു പോയി, മുൻപത്തെ വീട്ടിലെ പോലെ ഒരു ശാന്തത ഇവിടെയില്ല, ജോലി കൂടുതലാണ്, ശമ്പളം കൃത്യ ദിവസമൊന്നുമല്ല തരുന്നത്, അങ്ങിനെ ചെറിയ പ്രശ്നങ്ങൾ, പക്ഷെ തൻറെ പ്രശ്നങ്ങൾക്ക് മുന്നിൽ ഇതൊന്നും ഒരു പ്രശ്നമേയല്ല.

ഇടിത്തീ പോലെയാണ് പ്രശ്നങ്ങൾ വന്നു വീഴുന്നത്, ഒരു ദിവസം ഉച്ചക്ക് മുറിയിലേക്ക് വീട്ടുകാരൻ കയറി വന്നു, വിശേഷങ്ങൾ ചോദിച്ചു, അയാളുടെ ഭാവം കണ്ടപ്പോൾ തന്നെ ഒരു പിശക് തോന്നി, അയാൾ പതുക്കെ അടുത്ത് വന്നു തൻറെ തോളിൽ കൈ വച്ചു, തൻറെ ശരീരമാകെ വിറ കയറി, തലയിൽ തീ കണക്കെ ചൂട് കയറി, അയാൾ എന്തോ പറയുന്നുണ്ട്. അയാൾ കുറച്ചു കൂടെ അടുത്ത് വന്നു മറ്റേ കൈ കൊണ്ട് തന്നെ ചുറ്റിപിടിക്കാൻ തുനിഞ്ഞതും, ഉറക്കെ അലറി കൊണ്ട് അയാളെ കൈകൊണ്ടു സർവ്വശക്തിയുമെടുത്തു തള്ളിയതും ഒരുമിച്ചായിരുന്നു. താഴെ വീണ അയാൾ പിടഞ്ഞെണീറ്റു തൻറെ നേർക്ക് വീണ്ടും വന്നു, പരിസരം നോക്കാതെ താൻ വീണ്ടും അത്യുച്ചത്തിൽ അലറിയതു അയാളെ ഭയപ്പെടുത്തി. എന്തൊക്കെയോ പുലമ്പി കൊണ്ട് അയാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ഭയം ഉള്ളിലെ ചങ്കിനെ കശക്കിയെറിഞ്ഞു, കൈകളിലെ വിറയൽ നിൽക്കുന്നില്ല, തലയ്ക്കകത്തു എന്തൊക്കെയോ പൊട്ടി ചിതറി, ശ്വാസം മഴക്കാലത്തെ കടൽത്തിര കണക്കെ ആഞ്ഞടിച്ചുകൊണ്ടിരുന്നു.

എന്തുചെയ്യണം, അയാൾ വീണ്ടും വന്നാലോ, പെട്ടെന്ന് കയ്യിൽ കിട്ടുന്ന ആയുധം എന്താണെന്നു അന്വേഷിച്ചു കണ്ണുകൾ താഴെയെല്ലാം പരതി. മൂലയിൽ കണ്ട ചൂലിൻറെ വടി ഊരിയെടുത്തു കയ്യിൽ പിടിച്ചു. അത് കയ്യിലിരുന്ന് വിറച്ചു. അടുത്ത് വരുന്ന കാലടി ശബ്ദം തൻറെ കാതിൽ പെരുമ്പറ കണക്കെ മുഴങ്ങി. അത് അടുത്ത് വന്നപ്പോൾ , വാതിലിൻറെ പിന്നിൽ വാടി ഓങ്ങി കാത്തു നിന്നു. അകത്തു കയറിയതും അടിക്കാനായി തുനിഞ്ഞതും ഒരുമിച്ചായിരുന്നു. പെട്ടെന്നാണ് അത് തൻറെ കൂടെ ജോലി ചെയ്യുന്ന ഫിലിപ്പീനയാണെന്ന് മനസിലായത്. തൻറെ ഭാവം കണ്ടു അവൾ പകച്ചു പോയി. കിതപ്പോടു കൂടി അവളോട് നടന്നതെല്ലാം പറഞ്ഞു. കട്ടിലിൽ ഇരുന്നു അവൾ പതുക്കെ ആശ്വസിപ്പിച്ചു. അവളുടെ വാക്കുകളിലൊന്നും മനസിന് ശാന്തത നൽകിയില്ല. കരയിൽ പിടിച്ചിട്ട മീനിനെ പോലെ അത് പിടച്ചു കൊണ്ടേയിരുന്നു.

പിന്നീടുള്ള ദിവസങ്ങൾ നരക തുല്യമായിരുന്നു, ഭയവും നാണക്കേടും തൻറെ ബോധത്തെ ഇല്ലാതാക്കിയ പോലെയായി. ഏതു സമയത്തും തൻറെ മേൽ ചാടിവീഴാൻ നിൽക്കുന്ന ഒരു ചെന്നായുടെ മുന്നിലെത്തിയ പോലെയായി ദിവസങ്ങൾ. അതിനിടക്ക് ഒരു ദിവസം ഭക്ഷണം വിളമ്പുന്നതിനിടയ്ക്കു ഒറ്റക്കായപ്പോൾ അയാൾ തൻറെ അടുത്ത് വന്നു, ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയും എന്ന് പറഞ്ഞു. ജയിലിനകത്തായ പോലെയായി ജീവിതം, ഒന്ന് പറഞ്ഞു കരയാൻ കൂടി തനിക്കു ആരുമില്ലല്ലോ ദൈവമേ.

ഒരു ദിവസം രാത്രി കിടന്നപ്പോൾ ഫിലിപ്പീന തൻറെ കട്ടിലിൽ വന്നിരുന്നിട്ടു, അവൾ അവിടന്ന് രക്ഷപെടാൻ പോകുന്നു എന്ന് പറഞ്ഞു, മാത്രമല്ല കൂടെ വരുന്നോ എന്നും ചോദിച്ചു, താൻ ഒന്നുമാലോചിക്കാതെ വരാം എന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു വൈകുന്നേരം എല്ലാവരും പുറത്തു പോയ സമയത്തു അവളുടെ പരിചയക്കാരൻ ഒരു കാറുമായി വന്നു, ഞങ്ങൾ സാധനങ്ങൾ എല്ലാം ബാഗിലാക്കി പുറത്തു കടന്നു, അയാളുടെ കാറിൽ കയറി, എവിടേക്കാണ് എന്നറിയില്ല, തത്കാലം തൻറെ കൂടെ നിൽക്കാമെന്ന് പറഞ്ഞു അവൾ.

എന്ത് ചെയ്യണമെന്നറിയാതെ കുറെ ദിവസം അവളുടെ റൂമിൽ തന്നെ കഴിഞ്ഞു. അവൾക്കു കുറച്ചു മലയാളികളെ അറിയാം, അവരോടു കാര്യം പറഞ്ഞു. ഒരു ദിവസം രണ്ടു മൂന്നു പേര് കാണാൻ വന്നിരുന്നു, എല്ലാവരും തൻറെ പോലെ തന്നെ ഓരോ വീടുകളിൽ നിന്നും രക്ഷപെട്ടു പോന്നവർ, ഒരു താമസ രേഖയുമില്ലാതെ ഒളിവു ജീവിതം നയിക്കുന്നവർ, സർക്കാരിൻറെ രേഖകളിൽ അനധികൃത കുടിയേറ്റക്കാർ. തൻറെ കഥ കേൾക്കാൻ അവർക്കു വലിയ താത്‌പര്യമൊന്നുമില്ലായിരുന്നു, അവരുടെ കഥയ്ക്ക് ചെവി തരാൻ ആരും ഒരുപക്ഷെ ആരും നിന്ന്ക്കാണില്ലായിരിക്കും. അകാലങ്ങളിൽ അനാഥത്വത്തിലേക്കു വലിച്ചെറിയപെട്ടവരുടെ കഥകൾ ആർക്കു വേണം. ലോകത്തിൻറെ പിന്നാമ്പുറങ്ങളിൽ ആരുമറിയാതെ നരകജീവിതം നയിക്കുന്നർക്കു ചെവി കൊടുക്കാൻ ആർക്കു സമയം. ഉറ്റവരെയും എല്ലാവരെയും വിട്ടു, എന്ന് വീണ്ടും തമ്മിൽ കാണാനാകുമെന്നറിയാതെ, എന്ന് തൻറെ സ്വന്തം നാട്ടിലേക്കു കാലുകുത്താനാകുമെന്നറിയാതെ കഴിയുന്നവർ. അവരുടെ കഥയ്ക്ക് ഒരു പഴകിയ കീറാറായ തുണിയുടെ വിലയേയുള്ളു.

എല്ലാവരും പല വീടുകളിൽ വീട് ജോലി ചെയ്യുന്നു, ചിലർ മുഴുവൻ സമയം, ചിലർ പല വീടുകളിലാണ് ജോലി ചെയ്യുന്നു. തനിക്കെന്തു പറ്റിയെന്നു അവരാരും ചോദിച്ചില്ലെങ്കിലും തനിക്കു ഒരു വീട്ടിൽ ജോലിയൊഴിവുണ്ടെന്നും, ഉടനെ തന്നെ അവിടെ പോയി തുടങ്ങാനുള്ള ഏർപ്പാട് ചെയ്യാമെന്നും പറഞ്ഞു അവർ പോയി. അടുത്ത ദിവസം തന്നെ ഒരു വീട്ടിൽ ജോലി തുടങ്ങുകയും ചെയ്തു. മലയാളികൾ തന്നെ, ഒരു ചെറിയ കുട്ടിയുണ്ട് അവർക്കു, വീട്ടുകാർ രണ്ടു പേരും ജോലിക്കാരാണ്, തൻറെ ജോലി രാവിലെ അഞ്ചുമണിക്ക് തുടങ്ങും, വൈകിട്ട് നാലു മണിക്ക് തീരും. കുഞ്ഞിനെ നോക്കുക എന്നതാണ് പ്രധാന ജോലി, അവളുടെ കുരുന്നു മുഖത്തേക്ക് നോക്കുമ്പോൾ മീനുവിൻറെ കുഞ്ഞുനാളുകൾ ഓർമ്മവരും, മക്കളെ വിട്ടു അന്യദേശത്തു നിൽക്കുന്ന തനിക്കു ദൈവം കൊണ്ട് തന്ന കൊച്ചുമോൾ, അവളെ മീനുമോളെ പോലെ തന്നെ നോക്കിക്കണ്ടു.

അവരുടെ വീടിൻറെ അടുത്ത് തന്നെ ഒരു ഫ്ലാറ്റിൽ മറ്റു ആറു പേരോടൊപ്പം താമസവും തുടങ്ങി. ജീവിതം പുതിയ വഴിക്കു തിരിഞ്ഞിരിക്കുന്നു. ഇവിടെ നടന്നതൊന്നും അമ്മയെയോ മക്കളെയോ അറിയിച്ചിരുന്നില്ല. തൻറെ വേദനകൾ തന്റേതായി തന്നെ ഇരിക്കട്ടെ, അല്ലെങ്കിൽ തന്നെ വേണ്ടുവോളം വേദനകൾ തൻറെ മക്കൾക്കുണ്ട്.

അച്ഛന് വയ്യെന്ന് മനു വിളിച്ചു പറഞ്ഞപ്പോൾ പനിയോ മറ്റോ ആണെന്നാണ് വിചാരിച്ചതു. പെട്ടെന്നാണ് അച്ഛൻറെ അസുഖം വഷളായതും അച്ഛൻ ഈ ലോകം വിട്ടു പോയതും, ഒന്ന് കാണാൻ പോലും നിന്ന് തരാതെ, യാത്ര പോലും പറയാതെ അച്ഛൻ പോയി. അവസാനമായി ഒരു നോക്ക് കാണുവാൻ തനിക്കു പോകാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ നെഞ്ച് പിടഞ്ഞു, കണ്ണുകളടച്ചാൽ അച്ഛൻറെ മുഖം മനസ്സിൽ വരും, ആരുമറിയാതെ മുഖം പൊത്തി കരയാനല്ലാതെ എന്ത് ചെയ്യാൻ. ഭാഗ്യദോഷങ്ങളുടെ ഒരു പരമ്പരയാണല്ലോ തൻറെ ജീവിതം. അച്ഛൻറെ മരണം ഒരു തീരാദുഖമായി മനസ്സിൽ മാറാല കണക്കെ തങ്ങിനിന്നു.

കുറച്ചു നാൾ കഴിഞ്ഞു ജോലിക്കു പോകുന്ന ബിൽഡിങ്ങിൽ തന്നെ മറ്റൊരു ഫ്ലാറ്റിൽ വൈകുന്നേരം ജോലിക്കു പോയിതുടങ്ങി, പിന്നെ അത് കൂടാതെ മറ്റൊരു വീട് കൂടി. എല്ലാം കഴിഞ്ഞു വരുമ്പോൾ രാത്രി ഒൻപതു മണിയാകും, എന്നിട്ടു വേണം എന്തെങ്കിലും ഉണ്ടാക്കി കഴിച്ചു കിടന്നുറങ്ങാൻ, രാവിലെ നാലുമണിക്ക് ഉണരണം. ദിവസങ്ങൾ കടന്നു പോകുന്നത് അറിയുന്നതേയില്ല, ദിവസങ്ങൾ മാസങ്ങൾക്കും അത് വര്ഷങ്ങൾക്കും വഴിമാറി കൊടുത്തുക്കൊണ്ടിരിന്നു. ഇതിനിടയ്ക്ക് പല രീതിയിലും കുവൈത്തിയുടെ കയ്യിൽ നിന്നും പാസ്പോർട്ട് വാങ്ങാനും ഏതെങ്കിലും വഴിയിലൂടെ വിസ വേറെ എടുക്കാനും ഒക്കെ ശ്രമിച്ചെങ്കിലും അതൊന്നും നടക്കാതെ പോയി. നാട്ടിൽ പോകാമെന്ന സ്വപ്നം ഒരു മരീചിക പോലെ മുന്നിൽ പരന്നു കിടന്നു. അതിരു കാണാത്ത ഒരു മരുഭൂമിയിൽ തൻറെ മക്കളെ തേടി നടക്കുന്ന ഒരു സ്ത്രീ തൻറെ സ്വപ്നങ്ങളിലെ നിത്യ സന്ദർശകയായി.

നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ട് കുട്ടികളും അമ്മയും സുഖമായി കഴിയുന്നു. അച്ഛൻ മരിച്ചപ്പോൾ മുതൽ തൻറെ വീട്ടിലേക്കും കുറച്ചു പൈസ അയക്കാറുണ്ട്. അതുകൊണ്ടു അവിടെയും ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നടക്കുന്നു. താൻ മാത്രം ഇവിടെ ഒരു കാരാഗൃഹത്തിൽ കിടക്കുന്നതിനു തുല്യം. ഇത് ഒരു തുറന്ന കാരാഗ്രഹം തന്നെയാണ്. രേഖകളില്ലാത്തതിനാൽ എങ്ങും പോകാൻ കഴിയില്ല. കുവൈത്തി തന്നെ കാണാനില്ലെന്ന് ഗവൺമെന്റിൽ പരാതിപ്പെട്ടിട്ടുണ്ട്, പോലീസിൻറെ കയ്യിൽ പെട്ടാൽ ജയിലിലായത് തന്നെ. പിന്നെ ഇറങ്ങാൻ ലക്ഷങ്ങൾ കെട്ടിവയ്ക്കണം. ഒളിച്ചാണ് എവിടെയും പോകുന്നത്, പോലീസ് കാറിൻറെ സൈറൺ കേട്ടാൽ എവിടെയെങ്കിലും ഓടിയൊളിക്കും, കൂടാതെ ഇടയ്ക്കിടയ്ക്ക് റോഡിലും ഫ്‌ളാറ്റുകളുടെ മുന്നിലുമൊക്കെ വന്നു പരിശോധിക്കും. എത്രയോ തവണ കെട്ടിടങ്ങൾക്കിടയിലേക്കും കടകൾക്കു പിന്നിലേക്കുമൊക്കെ പിടികൊടുക്കാതിരിക്കാൻ ഓടിയൊളിച്ചിരിക്കുന്നു. തൻറെയീ ഒളിവു ജീവിതത്തിൻറെ കഷ്ടതകൾ ആരെങ്കിലും അറിയുന്നുണ്ടോ. ഈ അവസ്ഥയ്ക്ക് എന്നാണൊരു അറുതിയുണ്ടാകുക.

കുവൈറ്റ് ഗവൺമെൻറ് പൊതുമാപ്പ് പ്രഖ്യാപിച്ചെന്നു കേട്ടപ്പോൾ ഉണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു. അഞ്ചു വർഷമായുള്ള കാത്തിരിപ്പിന് അന്ത്യമായിരിക്കുന്നു. കേട്ടയുടനെ കുറച്ചു പേരുടെ കൂടെ ഇന്ത്യൻ എംബസിയിൽ പോയി, അവിടെ ഒരു പൂരപ്പറമ്പ് പോലെയായിരുന്നു, നിറയെ ആളുകൾ, തന്നെ പോലെ വർഷങ്ങളായി നാട്ടിൽ പോകാൻ കാത്തിരിക്കുന്നവർ, പ്രിയപെട്ടവരെ വിട്ടു വർഷങ്ങളായി ഒളിവു ജീവിതം നയിക്കുന്നവർ.

മൂന്നാം ദിവസം അപേക്ഷ കൊടുത്തു, ഒരാഴ്ച കഴിയുമ്പോൾ നാട്ടിൽ പോകാനുള്ള പേപ്പർ തരാം എന്ന് അവർ പറഞ്ഞു. കയ്യിലുണ്ടായിരുന്നതെല്ലാം തടുത്തു കൂട്ടി ടിക്കറ്റ് എടുത്തു, നാല് ദിവസം കഴിഞ്ഞപ്പോൾ പേപ്പർ കിട്ടി.

അങ്ങനെ താൻ നാട്ടിലേക്ക് തിരിച്ചു പോകുന്നു. ഇനി ഇവിടേയ്ക്കില്ല, ഇനി തനിക്കു ഒളിവു ജീവിതങ്ങളില്ല, തൻറെ മക്കളുടെ കൂടെ, തൻറെ അമ്മയുടെയും ഊർമിളയുടേം കൂടെ, ബന്ധുക്കാരുടെ കൂടെ, ചന്ദ്രേട്ടൻറെ അമ്മയേം നോക്കി നാട്ടിൽ തന്നെ കഴിയണം. അഞ്ചു വർഷങ്ങൾ തൻറെ മുടിയിഴകളിൽ നര വീഴ്ത്തിയിരിക്കുന്നു, മുഖത്ത് വാർദ്ധക്യത്തിൻറെ സൂചനകൾ കോറിവരച്ചിരിക്കുന്നു. എത്ര കഷ്ടപെട്ടാലും ശരി, ഇനി ഇവിടേയ്ക്ക് തിരിച്ചില്ല, മുന്നോട്ടുപോകാൻ ദൈവം വഴികൾ തുറന്നിടുക തന്നെ ചെയ്യും, തീർച്ച.

മൂന്നാം നാൾ നാട്ടിലേക്ക് തിരിച്ചു. എയർപോർട്ടിൽ ഇറങ്ങിയപ്പോൾ തന്നെ നാടിൻറെയും സ്വാതന്ത്ര്യത്തിൻറെയും ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി, അത് ആഞ്ഞുവലിച്ചു ആസ്വദിച്ചുകൊണ്ട് പുറത്തേക്കു. അവിടെ നിന്നും ഒരു ടാക്സി എടുത്തു, ഒരു മണിക്കൂർ കൂടി കഴിഞ്ഞാൽ വീട്ടിലെത്താം.

വീട്ടിലേക്കുള്ള വഴിയിൽ തന്നെ മനു കാത്തുനിൽപ്പുണ്ടായിരുന്നു. ടാക്സിക്കാരൻ പൈസ കൊടുത്തപ്പോളെക്കും മനു തൻറെ പെട്ടിയും ബാഗും കയ്യിലെടുത്തു. അവനു പതിനഞ്ചു വയസായിരിക്കുന്നു, ഈ വർഷം സ്കൂൾ കഴിയും, അവൻ തന്നെക്കാൾ ഉയരം വച്ചിരിക്കുന്നു, ഛായയെല്ലാം മാറി, അവൻ വലിയ ആളായ പോലെ, അവനെ ചേർന്ന് നടക്കുമ്പോൾ ഉള്ളിൽ ആഹ്ലാദത്തിൻറെ സമുദ്രം തിരയടിച്ചു കൊണ്ടിരുന്നു. മീനു ദൂരെ നിന്നും ഓടി വന്നു കുഞ്ഞിലേ പോലെ തൻറെ ശരീരത്തിലേക്ക് വലിഞ്ഞു കയറി. അവളും തൻറെ ചെവിയോളം വളർന്നിരിക്കുന്നു. താൻ പോകുമ്പോൾ കണ്ട കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിറയെ സന്തോഷത്തിൻറെ പൂത്തിരികൾ കത്തുന്നു. വീട്ടിൽ കയറിയതും അമ്മ കരഞ്ഞുകൊണ്ട് ഓടിവന്നു കെട്ടിപിടിച്ചു.

ഉച്ചക്കുള്ള ചോറും കറികളുമൊക്കെ മീനു തയ്യാറാക്കുന്നത് താൻ അത്ഭുതത്തോടെ നോക്കിനിന്നു, തൻറെ ഒക്കത്തിരുന്നിരുന്ന കുട്ടി വളർന്നു ഒരു വീട്ടുകാരിയായതു പോലെ, അച്ഛമ്മയെ അവൾ ബുദ്ധിമുട്ടിച്ചില്ലല്ലോ എന്നോർത്തപ്പോൾ തനിക്കു അഭിമാനം തോന്നി. മനു പുറത്തുപോയി കുറച്ചു മീൻ വാങ്ങി വന്നു, വൃത്തിയാക്കാനായി താൻ അതെടുക്കാൻ തുടങ്ങിയപ്പോൾ മീനു തടഞ്ഞു, കുറെ നാൾ കഷ്ടപെട്ടതല്ലേ, ഇന്ന് അമ്മയ്ക്ക് വിശ്രമം എന്ന് പറഞ്ഞു അവൾ അതെടുത്തു കൊണ്ട് പോയത് തൻറെ കണ്ണിൽ ചെറിയ നനവ് പടർത്തിയെങ്കിലും, മനസ് സന്തോഷം കൊണ്ട്‌ വിടർന്നു.

രണ്ടു ദിവസം കഴിഞ്ഞു വീട്ടിലേക്കു പോകാം എന്ന് കരുതിയാണ്, പക്ഷെ അടുത്ത ദിവസം തന്നെ അമ്മയും ഊർമിളയും കൂടി ഇങ്ങോട്ടു വന്നു. അമ്മയോട് തൻറെ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല, ഊർമിളയോട് പക്ഷെ എല്ലാം പറഞ്ഞു. എല്ലാം അവൾ ഒരത്ഭുതത്തോടെ കേട്ടിരുന്നു.

ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു, കുട്ടികൾ തൻറെ സാന്നിധ്യം വേണ്ടുവോളം ആസ്വദിച്ചു. ഇനി ഒരു ജോലി കണ്ടുപിടിക്കണം, പഴയ അങ്കണവാടിയിൽ വേറെ ആളായി പോയി, മാത്രമല്ല അവിടന്ന് കിട്ടുന്നത് ഒന്നിനും തികയില്ല. കുറച്ചു ദൂരെ ഒരു സ്കൂൾ ഉണ്ട്, അവിടെ പോയി തുടങ്ങി, ശമ്പളം കൂടുതലുണ്ട്, സമയവും ദൂരവും പക്ഷെ കൂടുതലാണ്, എങ്കിലും പോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവിടത്തെ ഒരു ടീച്ചറുടെ വീട്ടിൽ വൈകിട്ട് സഹായത്തിനു പോയി തുടങ്ങി, തിരിച്ചു വരുമ്പോൾ നേരം വൈകും, എങ്കിലും വീട്ടിലെ ആവശ്യങ്ങൾ നടന്നു പോയി.

പക്ഷെ അമ്മയ്ക്ക് ഒരു സഹായം ചെയ്യാൻ കഴുയുന്നില്ല, ഊർമിള നോക്കുന്നുണ്ട് അമ്മയുടെ കാര്യങ്ങൾ, എന്നാലും...

മീനുവിന് പുതിയ ഉടുപ്പുകൾ വാങ്ങണം എന്നവൾ പറഞ്ഞപ്പോൾ അമ്മയും പറഞ്ഞു, എനിക്ക് കൂടി ഒരു പുതിയ മുണ്ടും ജാക്കറ്റും വേണം. ഒന്നും മിണ്ടാതെ തല കുലുക്കി. മനു മാത്രം ഒന്നും വേണമെന്ന് പറഞ്ഞില്ല. അവൻ ക്ലാസ് കഴിഞ്ഞു വരുന്ന വഴി ഒരു വക്കീൽ ഓഫീസിൽ രണ്ടു മണിക്കൂർ ജോലിയെടുത്തു. കിട്ടുന്നത് തൻറെ കയ്യിൽ കൊണ്ട് തന്നു.

ആവശ്യങ്ങൾ കൂടി വന്നു, മനുവിൻറെ സ്കൂൾ കഴിഞ്ഞു, അവനു പിന്നെയും പഠിക്കണമെന്നുണ്ട്, പക്ഷെ അവൻ ഇനി പഠിക്കുന്നില്ല എന്ന് പറഞ്ഞു, ഉള്ളിലെ അവൻറെ ആഗ്രഹം തനിക്കറിയാം, തൻറെ ഭാരം കുറയട്ടെയെന്നു കരുതി പറഞ്ഞതാണ്. പക്ഷെ അവനെ പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചു. ഒരു വിധത്തിലാണ് അവനെ പറഞ്ഞു സമ്മതിച്ചത്. വിലകുറഞ്ഞ ഷർട്ടും പാൻറും കിട്ടുന്ന ഒരു കട സ്കൂളിന് അടുത്തുണ്ട്, അവിടന്ന് കോളേജിൽ പോകാനായി അവനു കുറച്ചു വസ്ത്രങ്ങൾ വാങ്ങി. ഇതിനിടെ മീനു വലുതായെന്നുള്ള അറിയിപ്പും വന്നു, അവൾക്കു പുതിയ ഉടുപ്പെല്ലാം വാങ്ങി കൊടുത്തു.

തൻറെ ഉത്തരവാദിത്വങ്ങൾ കൂടികൂടിവരുകയാണ്. മനുവിന് ഇനിയും മൂന്നോ നാലോ വർഷം കൂടി കഴിയണം എന്തെങ്കിലും തൊഴിലാകാൻ, മീനു വളർന്നു വരുന്നു, നാളെ അവൾക്കൊരു കല്യാണം വേണം, അമ്മയെ നോക്കണം, തൻറെ വീട്ടിലും ഇടയ്ക്കു അമ്മയ്ക്ക് എന്തെങ്കിലും സഹായം ചെയ്യണം. എല്ലാം കൂടി തന്നെ കൊണ്ട് താങ്ങുമോ എന്ന് സംശയമായിത്തുടങ്ങി. ഒരു വലിയ ചുമടെടുത്തു തലയിൽ വച്ച പോലെ, താങ്ങാനും വയ്യ, ഇറക്കാനും വയ്യാത്ത അവസ്ഥ.

തുലാവർഷം വീണ്ടും തനിക്കു മേലെ ഒരു ഇടിത്തീയായി വന്നു വീണു, രാത്രി ഉറക്കത്തിൽ വലിയ ശബ്ദവും അമ്മയുടെ നിലവിളിയും കേട്ടാണ് ഓടി ചെന്നത്, മുറ്റത്തു നിന്നിരുന്ന തെങ്ങു കാറ്റിലിളക്കി വീടിനു മേലേക്ക് വീണു, അമ്മ കിടന്നിരുന്നിടത്താണ് വീണത്, കാലിനു ചെറിയ പരിക്കും പറ്റി. നേരം പുലർന്നു നോക്കുമ്പോളാണ് വീടിനു പറ്റിയ ക്ഷതം മനസിലായത്. ഓട് മുഴുവൻ പൊളിഞ്ഞു, കൂടെ കൂടും പൊളിഞ്ഞിരിക്കുന്നു. നന്നാക്കാൻ നിന്നാൽ താൻ കൂട്ടിയാൽ കൂടില്ല, തത്കാലം ഒരു ടാർപോളിൻ ഷീറ്റ് വാങ്ങി മേലെയിട്ടു മൂടി. അത് കീറിത്തുടങ്ങാൻ അധികം നാൾ വേണ്ടി വന്നില്ല, മീനു അമ്മ എന്നാണ് വീട് ശരിയാക്കുക എന്ന് ചോദിക്കും, മറുപടിയില്ലാത്തതു കൊണ്ട് നിശബ്ദദത പാലിക്കും. രാത്രി നല്ല മഴ പെയ്യുമ്പോളെല്ലാം വീടിനകം വെള്ളം നിറഞ്ഞു.

ആവശ്യങ്ങൾ കൂടി വന്നു, മനുവിൻറെയും മീനുവിൻറെയും പഠിത്തചെലവുകൾ, വീട്ടുചെലവുകൾ , വീടിൻറെ അവസ്ഥ എല്ലാം കൂടി വീണ്ടും തന്നെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു, ഒരു താങ്ങായി ആരുമില്ലല്ലോ തനിക്കു.

മീനു ഒരുദിവസം കുറച്ചു പൈസ വേണം എന്ന് പറഞ്ഞു, അവളുടെ സ്കൂളിൽ നിന്നും ടൂർ പോകുന്നത്രേ, മുന്നൂറ്റിയമ്പത് രൂപ വേണം പിന്നെ കുറച്ചു അവളുടെ കയ്യിൽ വയ്ക്കാനും. ഇല്ലെന്നു പറഞ്ഞപ്പോൾ അവൾ പിറുപിറുത്തു, ''അമ്മ ഗൾഫിലായിരുന്നപ്പോൾ എല്ലാം നടക്കുമായിരുന്നു, ഇപ്പോൾ മനുഷ്യന് ഇടാൻ ഒരു നല്ല ഉടുപ്പ് കൂടി ഇല്ലാതായി...." കേട്ടപ്പോൾ തളർച്ച തോന്നി, തൻറെ സാമീപ്യത്തെക്കാൾ അവൾക്കു വേണ്ടത് തന്നിൽ നിന്നുള്ള വരുമാനമാണ്.

ജോലി കഴിഞ്ഞു താൻ വരാൻ വൈകുന്നത് കണ്ടു മനു തന്നെ തിരക്കി ജംഗ്ഷനിൽ വന്നു, കണ്ടപാടെ അവൻ എന്താ വൈകിയത് എന്ന് ചോദിച്ചു, ഒന്നും പറഞ്ഞില്ല. വീട് വരെ അവൻറെ തോളിൽ കയ്യിട്ടു നടന്നു, അവൻ വലിയ ചെക്കനായി എന്നൊന്നും ഓർത്തില്ല.

അമ്മയും മീനുവും പുറത്തു കാത്തു നിൽക്കുന്നു. എന്താ വൈകിയേ? ചോദ്യത്തിന് മറുപടി ഒന്നും പറഞ്ഞില്ല, നേരെ അകത്തു കയറി, കുളിച്ചു സാരിയെല്ലാം മാറ്റിയുടുത്തു, വിളിക്കിന് മുന്നിൽ തൊഴുതു. മീനുവിനേം മനുവിനേം വരാൻ പറഞ്ഞു വിളിച്ചു, അമ്മ തൻറെ നേരെ നോക്കി എന്താ എന്ന് ആംഗ്യം കാണിച്ചു.

രണ്ടുപേരും വന്നപ്പോൾ അവരോടു കാര്യം പറഞ്ഞു, "എനിക്ക് കുവൈറ്റിലെക്കു വിസയും ടിക്കറ്റും ശരിയായി, ഉടനെ പോണം". മനു ഞെട്ടലോടെ തന്നെ നോക്കി, മീനുവിന് കണ്ണു നിറഞ്ഞു വന്നു, അമ്മ എഴുന്നേറ്റു വന്നു തോളിൽ കൈവച്ചു, "ഇനി വേണ്ട മോളെ, ഉള്ളത് കൊണ്ട് നമുക്ക് കഴിയാം".

"ഞാൻ പോണതാ നല്ലതു, ഇല്ലെങ്കിൽ ഉരുകിയുരുകി എല്ലാവരും വെറുതെ..." പറഞ്ഞു തീരും മുൻപേ തൊണ്ടയിടറി.

വീണ്ടും ഒരു യാത്ര, വീണ്ടും ഒരു പ്രവാസം, അവിടെ തന്നെ കാത്തിരിക്കുന്നത് എന്താണെന്നറിയില്ല. ഒരുപക്ഷെ മറ്റൊരു ചെന്നായ് തൻറെ മാംസം കാത്തിരിപ്പുണ്ടാകാം, വീണ്ടും ഒരു ഒളിച്ചോട്ടവും, ഒളിച്ചുള്ള ജീവിതവും, പേടിപ്പിക്കുന്ന പോലീസ് കാറിൻറെ സൈറനുകളും തന്നെ കാത്തിരിപ്പുണ്ടാവാം. പക്ഷെ പോയെ പറ്റൂ, എല്ലാവരുടേം നന്മക്കും അഭിവൃദ്ധിയ്ക്കും വേണ്ടി തൻറെ ഈ യാത്ര കൂടിയേ തീരൂ, തൻറെ ഈ പ്രവാസം ഈ വീടിൻറെ അനിവാര്യതയായിരിക്കുന്നു. ചിന്തിച്ചപ്പോൾ ഇത് തൻറെ മാത്രം അവസ്ഥയല്ലെന്നു തോന്നി, ഒരുപാടു വീടുകളിലുണ്ട് ഇങ്ങനെ പ്രവാസം അനിവാര്യതയാകുന്ന ചിലർ, അവരുടെ കൂട്ടത്തിലേക്കു താനും, നാടിൻറെ സൗരഭ്യം സ്വപ്നങ്ങളിൽ മാത്രം അനുഭവിക്കുന്നവരുടെ കൂട്ടത്തിലേക്കു താനും.

അകന്ന് പോകുന്ന വീടും വഴികളും മറച്ചു കൊണ്ട് കണ്ണിലെ നീർത്തടങ്ങൾ വഴിഞ്ഞൊഴുകി, ദൂരെ കൈവീശുന്ന മനുവും മീനവും തിരിച്ചറിയാൻ പറ്റാത്ത രൂപങ്ങളായി മാറി. വശത്തേക്ക് നോക്കി ഇരിക്കുമ്പോൾ മരങ്ങൾ പുറകിലേക്ക് ഓടിയോടി പോയിക്കൊണ്ടിരുന്നു, പതുക്കെ തെങ്ങുകളും, മാവും, പ്ലാവും, തേക്കുമെല്ലാം ഈന്തപ്പനകളായി മാറി. പച്ചപ്പ്‌ നിറഞ്ഞ സ്ഥലങ്ങളലെല്ലാം മരുഭൂമികളായി മാറി, നിറങ്ങളില്ലാത്ത വിരസമായ പ്രവാസം ഉറഞ്ഞുകൂടിയ മരുഭൂമി, സ്വപ്നങ്ങളില്ലാത്ത ആഗ്രഹങ്ങളിലാത്ത മനസുകളുടെ മരുഭൂമി. അതിലേക്ക് താനും കൂടി ഉരുകി ചേരുന്നത് ഒരു വേദനയോടെ സീത അറിഞ്ഞു, വീണ്ടും തീരാത്ത പ്രവാസം, തിരിച്ചു വരവില്ലാത്ത പ്രവാസം...


Rate this content
Log in

Similar malayalam story from Drama