sajeevkumarpb

Drama Inspirational

4.3  

sajeevkumarpb

Drama Inspirational

സ്നേഹതീരത്തേക്കെത്തുമ്പോൾ...

സ്നേഹതീരത്തേക്കെത്തുമ്പോൾ...

15 mins
393


രാവിലത്തെ തിരക്കിനിടയിൽ തൻറെ സ്റ്റെത് എടുക്കാൻ മറന്നു പോയത് മേരി അറിഞ്ഞില്ല. ഫ്ലാറ്റിൽ നിന്നും താഴെ എത്തി കാറിൽ കയറി ഇരുന്നതിനു ശേഷം സ്റ്റെത് എടുത്തു സൈഡിൽ വയ്ക്കാൻ നോക്കുമ്പോളാണ്, അത് എടുത്തില്ല എന്നറിഞ്ഞത്. ഓടി തിരിച്ചു ലിഫ്റ്റിൽ കയറി ഫ്ലാറ്റ് തുറന്നു കയറുമ്പോൾ ജോസ് ബ്രേക്‌ഫാസ്‌റ്റ് കഴിക്കാൻ തയ്യാറെടുക്കുകയായിരുന്നു.


"എന്ത് പറ്റി മേരി?" പ്ലേറ്റ് മേശമേൽ വച്ച് കൊണ്ട് ജോസ് ചോദിച്ചു.


"സ്റ്റെത് എടുക്കാൻ മറന്നു." പറയുമ്പോൾ മേരി കിതയ്ക്കുന്നുണ്ടായിരുന്നു.

.

"എന്നെ ഒന്ന് മൊബൈലിൽ വിളിക്കാമായിരുന്നില്ലേ, ഞാൻ കൊണ്ട് വരായിരുന്നല്ലോ." ജോസ് സ്റ്റെത് എടുത്തു കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു, "നീ വല്ലാതെ കിതയ്ക്കുന്നുണ്ടല്ലോ, എന്താ സ്റ്റെപ് കയറി ആണോ വന്നത്?"

"അല്ല, ലിഫ്റ്റിലാ വന്നത്, എന്താണാവോ, വയസ്സൊക്കെ കൂടുകയല്ലേ അതിൻറെ ആയിരിക്കും", ചിരിച്ചു കൊണ്ട് മേരി പുറത്തിറങ്ങി.

കാറിൽ കയറി ഓഫീസിലേക്ക് പോകുന്നതിനിടയിൽ മേരി ആലോചിച്ചു, ഈയിടെയായി തനിക്കു ക്ഷീണമുണ്ട്, താൻ കിതയ്ക്കുന്നുമുണ്ട്. എല്ലാരുടെയും ആരോഗ്യത്തെ പറ്റി തോന്നാറുള്ളത് തനിക്കു തന്നോട് തോന്നാറില്ല. ഹോസ്പിറ്റലിലെ കൊളീഗ്സ് പറയും, തൻറെ സ്വന്തം കാര്യത്തിലുള്ള ശ്രദ്ധക്കുറവിനെ പറ്റി. കുവൈറ്റിൽ വന്നിട്ട് വർഷം 14 ആയി, ഇവിടെ വരുമ്പോൾ റോഷന് നാലു വയസും, തനിക്കു ഇരുപത്തെട്ടു വയസ്സുമായിരുന്നു. തൻറെ കയ്യിൽ തൂങ്ങി നടന്നിരുന്ന റോഷൻ ഇപ്പോൾ പ്രൊഫഷണൽ കോളേജിൽ. ഫോൺ ചെയ്യുമ്പോൾ ഹോസ്റ്റലിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല അവനു. ചിലപ്പോളൊക്കെ ദേഷ്യത്തിൽ താൻ ചോദിക്കാറുണ്ട്, നിനക്ക് വേറെ ഒന്നും ഇല്ലേ പറയാൻ എന്ന്.


കാർ പാർക്ക് ചെയ്തു, ഹോസ്പിറ്റലിൻറെ അകത്തേക്കു കയറി, വാർഡിലേക്ക് നടക്കുമ്പോൾ, ദൂരെ നിന്ന് തന്നെ തൻറെ മുറിയുടെ മുൻപിലെ ആളുകളുടെ നിര കാണാമായിരുന്നു. കുഞ്ഞുങ്ങളുമായി അമ്മമാർ കാത്തിരിക്കുകയാണ്. കൂടുതൽ പേർക്കും ചുമയും പനിയുമാണ്‌. കൂട്ടത്തിൽ ഒരു സുന്ദരിക്കോത അവളുടെ മോണ കാട്ടി ചിരിച്ചു. തിരിച്ചു കൈ കാണിച്ചു, കവിളത്തു ഒരു തലോടലും നൽകി മേരി അകത്തേക്കു കയറി. കമ്പ്യൂട്ടർ ഓൺ ചെയ്‌തതിന്‌ ശേഷം, അകത്തുള്ള വാഷ് ബേസിനിൽ കൈ ഹാൻഡ്‌വാഷ് കൊണ്ട് കഴുകി തിരിച്ചു സീറ്റിൽ വന്നിരുന്ന്, ടോക്കൺ സ്റ്റാർട്ട് ചെയ്യാനുള്ള ബട്ടണിൽ പ്രസ് ചെയ്തു. നമ്പർ തെളിയാൻ കാത്തിരുന്ന പോലെ ഒരമ്മ തൻറെ മകനുമായി അകത്തേക്കു കയറിവന്നു. മലയാളി ആണ്, കണ്ടാലറിയാം.

"ഇരിക്കൂ, എന്ത് പറ്റി മോന്?”

“ഡോക്ടർ, മോന് തീരെ വയ്യ, എപ്പോഴും ക്ഷീണമാണ്, ഒന്ന് രണ്ടു ഡോക്ടർമാരെ കാണിച്ചു, ആരും കൃത്യമായി ഒന്നും പറയുന്നില്ല, പെയ്ൻ കില്ലേഴ്സ് തന്ന് വിടുകയാണ് എല്ലാരും. കുഞ്ഞാണെങ്കിൽ ഒന്നിനും വയ്യ എന്ന് പറഞ്ഞിരിപ്പാണ് ഡോക്ടർ, സ്കൂളിൽ പോകാനൊക്കെ മടിയാണ്, ഞാൻ ഒരു വിധത്തിൽ തള്ളി വിടുകയാണ് ഇവനെ. ഒന്ന് നല്ലോണം നോക്കണേ ഡോക്ടർ.”പറയുമ്പോൾ അവരുടെ ശബ്ദം ഇടറുന്നുണ്ട്, ഉള്ളിലെ വേവലാതി അവരുടെ വാക്കുകളിൽ പ്രകടമാണ്.


ഞാനൊന്നു നോക്കട്ടെ എന്ന് പറഞ്ഞു അവരെ കസേരയിൽ ഇരുത്തിയിട്ടു കുട്ടിയെ ബെഡിൽ കിടത്തി. ഒരു ആറോ ഏഴോ വയസു കാണും അവനു. കണ്ണുകളിൽ ക്ഷീണം ഉണ്ടെങ്കിലും അവൻ തന്നെ നോക്കി ഒന്ന് ചിരിച്ചു. സ്റ്റെത് വച്ച് നെഞ്ചിലും പുറത്തും നോക്കി, വയറിൽ കൈ കൊണ്ട് തട്ടി നോക്കി, കുഴപ്പം ഒന്നും കാണുന്നില്ല. കൈത്തണ്ടയിൽ പിടിച്ചു പൾസ്‌ നോക്കാൻ തുടങ്ങിയപ്പോൾ, തൻറെ കൈവിരലിലേക്കു രക്തത്തിലെ ചില കോശങ്ങളുടെ അട്ടഹാസം അരിച്ചു കയറുന്നതു മേരി വേദനയോടെ മനസിലാക്കി.


എങ്ങനെ ഈ അമ്മയോട് താനിത് പറയും, മുഖത്തു തൻറെ സ്വതസിദ്ധമായ ചിരി വരുത്തി കൊണ്ട്, മേരി സീറ്റിൽ വന്നിരുന്നു.

"കുഴപ്പം ഒന്നും ഇല്ല, നമുക്കു ബ്ലഡ് ഒന്ന് ചെക്ക് ചെയ്തു നോക്കാം, ചിലപ്പോൾ ബ്ലഡിൻറെ കുറവ് വല്ലതും വന്നു കാണും."

ബ്ലഡ്ടെസ്റ്റ് ഷീറ്റിൽ കമ്പ്ലീറ്റ് ബ്ലഡ് കൌണ്ട് മാർക്ക് ചെയ്ത ശേഷം അവരോടു കുഴപ്പം ഒന്നുമില്ലെന്നും, ഉച്ച കഴിഞ്ഞു ഒന്ന് കൂടി വരണം എന്നും പറഞ്ഞു, അവരെ മടക്കി അയച്ചു. അവർ പുറത്തു കടന്നപ്പോൾ തനിക്കു ഒരു വീർപ്പുമുട്ടൽ തോന്നി, എന്തോ വല്ലാത്ത അസ്വസ്ഥത. കുഞ്ഞികൈകളിലെ ഞരമ്പുകളിൽ ഭ്രാന്തെടുത്ത രക്തകോശങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്, അവ തൻറെ കൈകളെ സ്പർശിച്ചപോലെ തോന്നി മേരിക്ക്‌. അവ തന്നെ വെല്ലുവിളിക്കുന്നതു പോലെയും.

ഉച്ചക്ക് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ വല്ലാത്ത ക്ഷീണം തോന്നി. ക്ഷീണവും തളർച്ചയും തനിക്കു കുറച്ചു നാളായുണ്ട്, ജോയിൻറ്റുകളിലും വേദന തോന്നാറുണ്ട്. പക്ഷെ ഇന്ന് എന്തോ വല്ലാത്ത ക്ഷീണം, ശരീരം തളർന്നു പോകുന്നു. അടുത്തിരുന്ന സീനിയർ ഡോകട്ർ സുനിതയോടു പറഞ്ഞപ്പോൾ, ഡോക്ടർ ക്യാബിനിലേക്കു വരാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു ഡോക്ടർ സുനിതയുടെ ക്യാബിനിൽ ചെന്നു.


"ഒന്നുമുണ്ടാകില്ല, എന്നാലും ഞാനൊന്നു നോക്കട്ടെ." കേട്ടപ്പോൾ മേരിക്കു ചിരി വന്നു.

"ഡോക്ടർ ഞാനൊരു രോഗി അല്ല, ഡോക്ടർ ആണ്, എന്നോട് ഈ ആശ്വാസ വാക്കൊന്നും വേണ്ട". എന്ന് പറഞ്ഞു മേരി ബെഡിൽ കിടന്നു.

ഡോക്ടർ സുനിത നോക്കിയിട്ടു, "ഒന്നുമില്ലല്ലോടോ, ഒരു ജനറൽ ബ്ലഡ് ചെക്കപ്പ് ചെയ്തേക്കു, എത്ര നാളായി ബ്ലഡ് ടെസ്റ്റ് ചെയ്തിട്ട്?"

"ഒരു വർഷത്തിൽ കൂടുതൽ ആയി കാണും".

"ഹും, നല്ല ഡോക്ടർ, ആ ലാബിൽ ബ്ലഡ് കൊടുത്തിട്ടു അവരോടു എന്നെ ഫോണിൽ വിളിക്കാൻ പറ. ഞാൻ വിളിക്കാം തന്നെ".

ക്യാബിനിൽ നിന്നിറങ്ങി ലാബിൽ പോയി ബ്ലഡ് കൊടുത്തിട്ടു മേരി തൻറെ ക്യാബിനിലേക്കു നടന്നു. ആരും വന്നിട്ടില്ല, കുറച്ചു റസ്റ്റ് എടുക്കാം.

ആരോ വാതിലിൽ മുട്ടിയപ്പോളാണ് താൻ കുറച്ചു മയങ്ങിയ കാര്യം മേരി അറിഞ്ഞത്, സമയം രണ്ടു കഴിഞ്ഞിരിക്കുന്നു, താൻ ഒരു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയിരിക്കുന്നു. ആദ്യം കരുതി വാതിലിൽ മുട്ടിയത് പേഷ്യൻറ് ആയിരിക്കും എന്ന്, അകത്തേക്കു വരാൻ പറഞ്ഞപ്പോളാണ് അത് ബെച്ചു ചായയുമായി വന്നതാണെന്ന് മനസിലായത്, തൻറെ പതിവ് ചിരിയും ചിരിച്ചു, ചായ മേശമേൽ വച്ച് ഒരു സലാമും പറഞ്ഞു അയാൾ പോയി. ചായ എടുത്തു കുടിക്കുന്നതിനിടക്ക് ഫോൺ ബെല്ലടിച്ചു. അപ്പുറത്തു ഡോക്ടർ സുനിത ആണ്.

"മേരി, പേഷ്യൻറ്റ്സ് കഴിയുമ്പോൾ ഇങ്ങോട്ടൊന്നു വരണം."

"എനിക്ക് പേഷ്യൻറ്റ്സ് ആരും ഇല്ല ഡോകട്ർ, ഞാൻ ഇപ്പോൾ വരാം."

ഡോക്ടർ സുനിതയുടെ ക്യാബിനിൽ കയറിയപ്പോൾ, ഡോക്ടർ ജമാലും അകത്തുണ്ടായിരുന്നു.

"മേരി ഇരിക്ക്". ഡോക്ടർ സുനിത ചിരിച്ചു കൊണ്ട് പറഞ്ഞു.

പതുക്കെ ഇരുന്നു കൊണ്ട് മേരി കാര്യം തിരക്കി. ഡോകട്ർ ജമാലാണ് മറുപടി പറഞ്ഞത്.

"മേരി ഒരു ഡോകട്ർ ആയതു കൊണ്ട് കാര്യങ്ങൾ കോൺഫിഡൻസോടെ കാണണം, നമ്മൾ എത്ര പേരുടെ കോംപ്ലിക്കേഷൻസ് ട്രീറ്റ് ചെയ്തിരിക്കുന്നു, ഇതും അതുപോലെ ഒക്കെ ഉള്ളൂ, യു ഷുഡ് ബി ബ്രേവ് ഇനഫ് ടു ഫേസ് ഇറ്റ്. പേടിക്കണ്ട, നമുക്കു മാറ്റാവുന്നതേ ഉള്ളു, ബട്ട് ദ തിങ് ഈസ് യു ഷുഡ് ബി ഏബിൾ ടു കോൺക്കർ ഇറ്റ് വിത്ത് യുവർ വിൽ പവർ, ആൻഡ് ..എനിക്കുറപ്പുണ്ട് മേരിക്കു അതിനു കഴിയും എന്ന്."

മേരി തനിക്കു ഒന്നും മനസിലാവാതെ ഡോക്ടർ സുനിതയെ നോക്കി, "ഡോകട്ർ, എന്താ പറയുന്നതെന്ന് …."

"മേരി, ഞങ്ങൾ തൻറെ ബ്ലഡ് റിസൾട്ട് വെരിഫൈ ചെയ്യുകയായിരുന്നു. ഇറ്റ് ഹാസ് ഗോൺ ടു തേർഡ് സ്റ്റേജ്."


തൻറെ ചുറ്റും ഉള്ളതെല്ലാം കറങ്ങുന്നതു പോലെ തോന്നി മേരിക്കു, ശരീരം ഇപ്പോൾ താഴേക്കു വീണുപോകും എന്ന അവസ്ഥ, കൈകൾ വിറകൊണ്ടു, കാലുകളിലൂടെ ഒരു തരിപ്പ് മുകളിലേക്കു കയറുന്നു, തൻറെ ശരീരത്തെ കീറിമുറിച്ചു കൊണ്ട് അത് ശിരസിലേക്കു പ്രവേശിച്ചു, അവിടെ എല്ലാം പൊട്ടിച്ചിതറുകയാണ്, എല്ലാം.

"മേരി, പേടിക്കാതെ ഇരിക്കൂ, ഇപ്പോൾ വീട്ടിൽ പോയി നാളെ അഡ്മിറ്റ് ആകാൻ റെഡി ആയി വരൂ. ബി ബ്രേവ് ഡിയർ, വീ വിൽ ടാക്കിൾ ഇറ്റ്." തോളിൽ തട്ടി ആശ്വസിപ്പിച്ചിട്ടു ഡോക്ടർ ജമാൽ പുറത്തേക്കു നടന്നു.

"ഇപ്പോൾ ആരോടും പറയണ്ട, തൻറെ പേഷ്യൻറ്റ്സ്സിനെ ഞാൻ ഡോക്ടർ സ്‌കറിയയുടെ അടുത്തേക്ക് വിടാൻ പറഞ്ഞു. വാ ഞാൻ ക്യാബിൻ വരെ വരാം." എന്ന് പറഞ്ഞു കൊണ്ട് ഡോക്ടർ സുനിത തന്നെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് പുറത്തേക്കു നടന്നു. ക്യാബിനിൽ എത്തിയതും താൻ സീറ്റിൽ ഇരുന്നതും എല്ലാം യന്ത്രികമായിട്ടായിരുന്നു.

"ടേക്ക് റസ്റ്റ്, എൻറെ ഡ്യൂട്ടി ക്ലോസ് ചെയ്തു ഞാൻ ഇപ്പോൾ വരാം, ഐ വിൽ ഡ്രോപ്പ് യൂ ഹോം ടുഡേ, തനിച്ചു പോകണ്ട." ഡോക്ടർ സുനിത പുറത്തേക്കു നടന്നു.

എന്ത് ചെയ്യണമെന്ന് അറിയാതെ തരിച്ചിരുന്ന മേരി തൻറെ കൈകൾ എടുത്തു മേശമേൽ വച്ചു. കൈകളിലെ വിറ മാറുന്നില്ല. അത് ശരീരം മുഴുവനും പടരുന്നു.

മരണം ശരീരത്തിൽ പ്രവേശിച്ചു പ്രവർത്തനം തുടങ്ങിയിരിക്കുന്നു. ജീവിതം ഇനി എത്ര നാൾ ബാക്കി എന്ന് നിശ്ചയമില്ല. ഏതു നിമിഷവും ഒരു ഇരയെ മൃഗം കീഴടക്കുന്നത് പോലെ, മരണം തന്നെ ഏതു നിമിഷവും കീഴടക്കാം. തനിക്കിനി ലോകത്തിൽ കുറച്ചു നാൾ മാത്രം. എല്ലാവരെയും വിട്ടുപിരിയാനുള്ള സമയം ആയിക്കഴിഞ്ഞു. മനസിലൂടെ കഴിഞ്ഞ കാലങ്ങൾ തെളിയാൻ തുടങ്ങി, കഴിഞ്ഞു പോയ സംഭവങ്ങൾ ഒരു ചലച്ചിത്രം കണക്കെ മുന്നിലൂടെ ഓടി മറയുന്നു. ഒരുപാടു പേർ, ഒരുപാടു കാര്യങ്ങൾ ഒരു മൊണ്ടാഷ് പോലെ, ആരുടെയും മുഖം വ്യക്തമല്ല, കുറെ മുഖമില്ലാത്തവർ എന്തൊക്കെയോ ചെയ്യുന്നു.പതുക്കെ മുന്നിൽ പല മുഖങ്ങൾ തെളിഞ്ഞു വന്നു, അമ്മ , ജോസ് , റോഷൻ, പിന്നെ ഒത്തിരി ഒത്തിരി മുഖങ്ങൾ, തന്നെ സ്നേഹിക്കുന്ന എല്ലാവരും, താൻ സ്നേഹിക്കുന്ന എല്ലാവരും, തൻറെ മുന്നിൽ നിരന്നു നിൽക്കുന്നു, അവർ തന്നോട് യാത്ര പറയുകയാണോ? മേരി സൂക്ഷിച്ചു നോക്കി.


അല്ല, അവരെല്ലാം തന്നെ ചേർത്ത് പിടിച്ചിരിക്കുന്നു, ഒരു കുഞ്ഞിനെ അമ്മ ചേർത്ത് പിടിച്ചിരിക്കുന്ന പോലെ തന്നെ അവർ, അവരുടെ ഹൃദയത്തോട് ചേർത്ത് പിടിച്ചിരിക്കുന്നു. അവരുടെ കൈകളിലൂടെ ലോകത്തിലെ മുഴുവൻ സ്നേഹവും തന്നിലേക്കൊഴുകുന്നു. ഏതു കൊടിയ വിപത്തിനെയും തകർക്കാൻ കഴിയുന്ന ശക്തിയുള്ള സ്നേഹം, ഏതു മഹാരോഗത്തെയും കഴുകിക്കളയാൻ തക്ക ശേഷിയുള്ള സ്നേഹം, അത് അവരിലൂടെ തന്നിലേക്കു പ്രവേശിക്കുന്നു. അത് തനിക്കു കരുത്തു പകർന്നു തരുന്നത് മേരി അറിഞ്ഞു. തൻറെ കൂടെ ഒരുപാടു പേരുണ്ട്, തനിക്കായി പ്രാർത്ഥിക്കുന്ന ഒരുപാടു ഒരുപാടു പേർ, അത് പോലെ തൻറെ ആതുര സേവനം കാത്തിരിക്കുന്ന മറ്റൊരു കൂട്ടം പേർ, കുഞ്ഞുങ്ങളെ കൈയിൽ അടക്കി വരുന്ന അമ്മമാരുടെ മുഖം മുന്നിൽ തെളിഞ്ഞുവന്നു, എത്ര കുഞ്ഞുങ്ങൾ തൻറെ ഈ കൈകളിലൂടെ ചികിത്സ ഏറ്റുവാങ്ങി സാന്ത്വനം ലഭിച്ചിരിക്കുന്നു.തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി, തന്നെ കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്കു വേണ്ടി ഈ ഭ്രാന്തെടുത്ത രക്തകോശങ്ങൾക്കെതിരെ തനിക്കു പൊരുതണം.മനസ് തെളിഞ്ഞു വന്നപ്പോളാണ് തൻറെ കൈകൾക്കടിയിലെ ടെസ്റ്റ് റിപ്പോർട്ട് മേരി കണ്ടത്, അത് രാവിലെ വന്ന സുനോജ് എന്ന മോൻറെ ബ്ലഡ് റിസൾട്ട് ആണ്. എടുത്തു വായിച്ചപ്പോൾ കണ്ണുകളിലൂടെ ഒരുറവ ചാലു കീറി ഒഴുകി, അവനും സിരകളിൽ രക്തത്തിൻറെ തന്മാത്രകൾ ഭ്രാന്തെടുത്തിരിക്കുന്നു. പക്ഷെ അവനു അത് തുടങ്ങുന്നതേയുള്ളൂ.

വാതിലിൽ മുട്ട് കേട്ട് നോക്കുമ്പോൾ ആ അമ്മ മുന്നിൽ, തൻറെ മുഖം പഴയ ആ ചിരി കൊണ്ട് നിറച്ചു മേരി അവരോടു ഇരിക്കാൻ പറഞ്ഞു.


"പേടിക്കണ്ട അമ്മാ, ഒന്നുമില്ല മോന്, ബ്ലഡിൽ കൌണ്ട് കുറവാണു, നമുക്കു കുറച്ചു ട്രീറ്റ്മെൻറ് ചെയ്യണം, കുറച്ചു ബ്ലഡ് കയറ്റണം, പിന്നെ കുറച്ചു മരുന്ന് കൊടുക്കണം, അവനെ നാളെ നമുക്കു അഡ്മിറ്റ് ചെയ്യാം ഇവിടെ, ഞാൻ ഡോകട്ർ സുനിതയോടു പറഞ്ഞേക്കാം, നാളെ മോനേം കൂട്ടി രാവിലെ വരണം, കുറച്ചു ദിവസം കിടക്കേണ്ടി വരും, അത് കഴിയുമ്പോൾ ശരിയായി കൊള്ളും, കേട്ടോ".ആ അമ്മ ഇടറാൻ തുടങ്ങുന്നത് കണ്ടു മേരി സീറ്റിൽ നിന്നും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്നു.

"അവനു കുഴപ്പമൊന്നും വരില്ല, അമ്മ പേടിക്കണ്ട, ഞാൻ ഉറപ്പു തരുന്നു, എന്നെ വിശ്വാസമില്ലേ നിങ്ങൾക്കു" എവിടെന്നോ വന്ന ഒരപരാമായ ധൈര്യം വാക്കുകളിൽ ചേർത്ത് കൊണ്ട് മേരി ചോദിച്ചു. അവർ എന്തോ വിശ്വാസം വന്നപോലെ തലയാട്ടി. മേരി അവരെ ചേർത്ത് പിടിച്ചു.അവരെ പറഞ്ഞു സമാധാനിപ്പിച്ചു, രാവിലെ അഡ്മിറ്റ് ചെയ്യാനുള്ള തയാറെടുപ്പുമായി വരാൻ പറഞ്ഞുകൊണ്ട് മേരി അവരെ തിരിച്ചയച്ചു. വാതിൽ ചാരിയപ്പോൾ തന്നെ, തൻറെ വിതുമ്പലുകൾ അനിയന്ത്രിതമായി മാറി. അടച്ച വാതിലിൽ ചാരി നിന്ന് അതിൽ മുഖം ചേർത്ത് വച്ചു, കണ്ണുകൾ ഇറുക്കിയടയ്ക്കുമ്പോൾ ഉള്ളിൽ അടക്കി പിടിക്കാൻ ശ്രമിക്കുന്ന നൊമ്പരങ്ങൾ മുഴുവനും ധാരയായി താഴോട്ട് ഒഴുകി. താൻ തളരാൻ പാടില്ല, ഈ യുദ്ധം താൻ നേരിട്ടേ പറ്റൂ, അതിനു തനിക്കു ഒരുപാടു കാരണങ്ങൾ ഉണ്ട്. കണ്ണുകൾ തുടച്ചു മേരി സീറ്റിൽ ചാരിയിരുന്നു.


സിരകളിലിൽ ഒഴുകുന്ന രക്തത്തിലെ സെല്ലുകളിൽ ചിലതിനു ഭ്രാന്തെടുത്തത് എപ്പോളാണെന്നു മനസിലാക്കാൻ ഒരു ഡോക്ടറായ തനിക്കു കഴിഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ മേരിക്കു തെല്ലു നിരാശ തോന്നി. എത്രയോ കുഞ്ഞുങ്ങളുടെ ഉള്ളിൽ നിന്നും അവരുടെ ശാരീരിക അസ്വസ്ഥകളെ സ്പർശനത്തിലൂടെ താൻ കണ്ടെത്തിയിരിക്കുന്നു. സ്പെഷ്യലിസ്റ്റിൻറെ അടുത്തേക്ക് റെഫർ ചെയ്‌തെപ്പോളൊക്കെ പലരും തന്നോട് ചോദിച്ചിട്ടുണ്ട്, എങ്ങനെ തനിക്കിതു മനസിലാകുന്നു എന്ന്. മറുപടിയായി മുകളിലേക്കു കൈ കാണിച്ചു മൗനം അവലംബിക്കറേയുള്ളു. ഇപ്പോഴും കാരണം തനിക്കറിയില്ല എന്നതാണ് യാഥാർഥ്യം. പക്ഷെ സ്വന്തം ശരീരത്തിലെ താളപ്പിഴകൾ തൻറെ കൈകൾ അറിയാതെ പോയി.

വാതിൽ തുറന്നു ഡോക്ടർ സുനിത അകത്തേക്ക് വന്നു. പിന്നാലെ ജോസ് അകത്തേക്കു കയറിയത് തന്നെ അമ്പരപ്പിച്ചു, ജോസിൻറെ മുഖത്തെ വാട്ടം തനിക്കു വായിച്ചെടുക്കാം.

"ഞാൻ ജോസിനെ വിളിച്ചുവരുത്തിയതാണ്, കാര്യങ്ങൾ എല്ലാം ഡീറ്റയിൽ ആയിട്ട് പറഞ്ഞിട്ടുണ്ട്. സോ, നാളെ നമ്മൾ അഡ്മിറ്റ് ആകുന്നു. മേരി വിഷമിക്കണ്ട, ജോസ് ഈസ് ഏ സ്ട്രോങ്ങ് മാൻ. ഹീ വിൽ സപ്പോർട്ട് യൂ ലൈക് എനിതിങ്. ഓക്കേ നിങ്ങൾ വീട്ടിൽ പൊയ്ക്കോളൂ, എനിക്ക് രണ്ടു പേർ കൂടി ഉണ്ട്. സീ യൂ ടുമോറോ".


പറഞ്ഞു കൊണ്ട് ഡോക്ടർ സുനിത പുറത്തേക്കിറങ്ങി. എന്ത് പറയണം എന്നറിയാതെ നിൽക്കുമ്പോൾ ജോസ് തന്നെ ചേർത്ത് പിടിച്ചു. കൈകളിൽ അമർത്തികൊണ്ട്, "സാരമില്ല മാറിക്കൊള്ളും, കുറച്ചു സമയം എടുക്കും എന്നല്ലേ ഉള്ളു, വിഷമിക്കണ്ടടൊ, ഞാനില്ലേ കൂടെ", ഒരു പനി വരുമ്പോൾ പറയാറുള്ള ലാഘവത്തോടെ അത് പറയുമ്പോൾ ജോസ് വാക്കുകളിൽ ധൈര്യം വരുത്താൻ ശ്രമിക്കുന്നത് മേരി അറിഞ്ഞു.

"വാ, നമുക്ക് വീട്ടിൽ പോകാം".

ഡ്രൈവ് ചെയുമ്പോൾ മുഴുവൻ ജോസ് സംസാരിച്ചത് റോഷൻറെ ക്ലാസ് വിശേഷങ്ങളും, ഓഫീസിൽ നടന്ന പാർട്ടിയെ കുറിച്ചും ആയിരുന്നു. തൻറെ ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് മാറ്റിനിർത്താൻ ജോസ് മനഃപൂർവം ശ്രമിക്കുകയായിരുന്നു.

ഫ്ലാറ്റിനു താഴെ കാർ പാർക്ക് ചെയ്തു ഇറങ്ങാൻ തുടങ്ങുമ്പോൾ, മേരി ജോസിൻറെ കൈ തൻറെ കൈയോടു ചേർത്ത് പിടിച്ചു.

"എൻറെ അസുഖത്തോടു പൊരുതാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞു ജോസ്, ഇതെൻറെ ഒരു ടെസ്റ്റ് ആണ്, എൻറെ കോൺഫിഡൻസ് അളക്കുന്ന ടെസ്റ്റ്. എൻറെ വിൽപവർ അളക്കുന്ന ടെസ്റ്റ്. ഉള്ളിൽ നീറികൊണ്ട് എൻറെ ജോസ് ഇനി എന്നെ ആശ്വസിപ്പിക്കണ്ട. എനിക്ക് ചെയ്യാൻ ഒരുപാടു കാര്യങ്ങൾ ഉണ്ടല്ലോ ഇനിയും, അപ്പോൾ എനിക്കങ്ങനെ പോകാൻ പറ്റുമോ".


ഒരു ദീർഘനിശ്വാസം ജോസിൽ നിന്നും ഉയർന്നത് മേരിക്കു ആശ്വാസമേകി. ഫ്ലാറ്റിലേക്ക് കയറുമ്പോൾ ജോസ് ചോദിച്ചു, "റോഷനോടും അമ്മയോടും പറയണ്ടേ?"

"ഹും, പറയണം, ഞാൻ വിളിക്കാം".

അകത്തു കയറി ഡ്രസ്സ് എല്ലാം മാറി, മുഖം കഴുകി വന്നു മേരി മൊബൈൽ എടുത്തു. ജോസ് ചോദിച്ചു, "നീ എന്താ പറയാൻ പോകുന്നെ അവരോടു".

"എനിക്കറിയില്ല, എന്തായാലും പറഞ്ഞല്ലേ പറ്റൂ". മേരി നിസ്സംഗതയോടെ പറഞ്ഞു.

"റോഷനോട് ഞാൻ പറഞ്ഞോളാം, പക്ഷെ നിൻറെ അമ്മയോട് എങ്ങനെ ...., അതും എത്ര നാൾ കഴിഞ്ഞാണ് ഇനി നാട്ടിലേക്കു തിരിച്ചെന്നു നമുക്കറിയില്ലല്ലോ".

അമ്മയോട് എങ്ങിനെ പറയും എന്ന ജോസിൻറെ വേവലാതി കണ്ടു മേരി പറഞ്ഞു.

"അമ്മയോട് ഞാൻ പറഞ്ഞോളാം".

മേരി മൊബൈലിൽ അമ്മയെ വിളിച്ചു, "അമ്മാ എന്തൊക്കെ വിശേഷം?"

പതിവ് പോലെ തുടങ്ങിയെങ്കിലും, അതികം തുടർന്ന് പോകാൻ മേരിക്കായില്ല. വാക്കുകൾ ഇടറാൻ തുടങ്ങി, ഉള്ളിൽ നിന്നും വരുന്ന വിതുമ്പലുകൾ നിയന്ത്രിക്കാൻ മേരി വളരെ പാടുപെട്ടു.

"അതേയ്, ഞാൻ വിളിച്ചത് ഈ വർഷം ലീവിന് എനിക്ക് വരാൻ പറ്റും എന്ന് തോന്നുന്നില്ല അമ്മാ, ഇവിടെ എൻറെ ഒരു ക്ലോസ് ഫ്രണ്ട് ഉണ്ട്, ഡോകട്ർ ഷാനി, അവൾക്കു കുറച്ചു ലീവ് കൂടുതൽ വേണം, അവളുടെ അമ്മയ്ക്കു ഒരു ട്രീറ്റ്മെൻറ് ഉണ്ട്, അപ്പോ അവൾക്കു കൂടുതൽ ദിവസം നാട്ടിൽ നിൽക്കേണ്ടി വരും, ഞാൻ ഇവിടെ നിന്നാലേ അവൾക്കു ലീവ് കിട്ടൂ, ഞാൻ ഓക്കേ എന്ന് പറഞ്ഞു. അതുകൊണ്ടു എൻറെ പോന്നമ്മൂനെ കാണാൻ ഞങ്ങൾ കുറച്ചു കഴിഞ്ഞേ വരൂ കേട്ടോ".

അമ്മയ്ക്ക് പരിഭവമായി, "അതെന്താ മോളെ കാത്തിരുന്ന് എനിക്ക് മടുത്തു, റോഷൻ ആണെങ്കിൽ ഇപ്പോ ഇടയ്ക്കു മാത്രമേ വരാറുള്ളൂ, അവനു പഠിക്കാൻ ഒരുപാടുണ്ടെന്നാ പറയുന്നേ, അവനു ഫ്രണ്ട്‌സ് ഒക്കെ ഇല്ലേ, ഇവിടെ വന്നാലും അവനു ബോറടിയായിരിക്കും. ശരി, അപ്പോ നിങ്ങൾ എപ്പോളാ ഇനി വരിക"?

"ഈ ക്രിസ്മസ് അമ്മയുടെ കൂടെ, നമുക്ക് അടിച്ചു പൊളിക്കണം, ഡിസംമ്പറിൽ ഞാൻ അവിടെ ഉണ്ടാകും, ഉറപ്പു." ഒരു വിധത്തിൽ മേരി പറഞ്ഞൊപ്പിച്ചു.

"ആ അത് നല്ലതാ, നിൻറെ കൂടെ ക്രിസ്മസ് കൂടിയിട്ട് കുറച്ചായി. എനിക്കപ്പോൾ പുൽക്കൂടൊക്കെ ഒരുക്കാൻ ഒരുത്സാഹം കാണും. അല്ലെങ്കിൽ വെറുതെ ഞാൻ എന്തെങ്കിലും ചെയ്തു കൂട്ടുകയേ ഉള്ളു".

"ശരി അമ്മാ, വയ്ക്കട്ടെ, ഞാൻ രണ്ടു ദിവസം കഴിഞ്ഞു വിളിക്കാം". ഫോൺ കട്ട് ചെയ്തതും സോഫയിലേക്ക് ചാരിയിരുന്നു മേരി കരഞ്ഞതും ഒരുമിച്ചായിരുന്നു. ജോസിൻറെ സാന്ത്വനം മേരിക്കു ഒട്ടും ആശ്വാസമേകിയില്ല. അമ്മയോട് തനിക്കു ഇത് പറയാൻ കഴിയില്ലെന്നും, അമ്മക്ക് അത് താങ്ങാൻ കഴിയില്ലെന്നും തനിക്കു അറിയാമായിരുന്നു.

"റോഷനോട് ....." ജോസ് തപ്പിത്തടഞ്ഞു.

"റോഷനെ ഇപ്പോൾ അറിയിക്കണ്ട ജോസ്, അവനു ടെൻഷൻ ആകും, ഒരാഴ്ച കൂടി അല്ലേ അവനു എക്സാം കഴിയാൻ, അത് കഴിഞ്ഞിട്ട് പറയാം".

പിറ്റേന്ന് അഡ്മിറ്റ് ആയി, ഒബ്സർവേഷൻ റൂമിലേക്ക് വീൽ ചെയറിൽ കൊണ്ട് പോകുമ്പോൾ, സുനോജിനെയും അമ്മയെയും കണ്ടു. തന്നെ ആ അമ്മ അത്ഭുതത്തോടെ നോക്കുന്നത് മേരി കണ്ടു.

ഒബ്സർവേഷൻ റൂമിൽ തൻറെ അടുത്ത ബെഡിൽ തന്നെ ആണ് അവനെയും കിടത്തിയത്. ഗ്രേ കളർ കുപ്പായത്തിൽ താനും, തൻറെ രോഗത്തെ കണ്ടുപിടിച്ച ഡോക്ടറും അടുത്തടുത്ത കിടക്കയിൽ കണ്ടതിൽ അവനു അങ്കലാപ്പുണ്ടായി കാണും.

ഇടയ്ക്കു അവൻ തല ചെരിച്ചു തന്നെ നോക്കിയപ്പോൾ, മേരി അവനെ കൈ വീശി കാണിച്ചു, മറുപടി ആയി അവൻ ഒരു ചിരി സമ്മാനിച്ചു. അപ്പോൾ ആ അമ്മയും തന്നെ നോക്കി, അവരെ നോക്കി മേരി തൻറെ വലതു കൈനീട്ടി പെരുവിരൽ ഉയർത്തി കാണിച്ചു. അവർ വാടിയ മുഖവുമായി തലകുലുക്കി.


ട്രീറ്റ്മെൻറ് തുടങ്ങി കുറച്ചു നാൾ അഡ്മിറ്റ് ആയിരുന്നു. റേഡിയേഷനും മറ്റു മരുന്നുകളുമായി ട്രീറ്റ്മെൻറ് നടക്കുമ്പോൾ, ഒരു രോഗിയായി കിടക്കുന്നതിൻറെ ബുദ്ധിമുട്ടുകൾ ആദ്യമായി താനറിഞ്ഞു. ഡോക്ടർമാർ പറയുന്നതു പോലെ അത്ര എളുപ്പമല്ല, രോഗത്തോട് മാനസികമായി മല്ലിടാൻ.

"ഇനി നമുക്കു കീമോ തുടങ്ങണം", ഡോക്ടർ ജമാൽ പറയുമ്പോൾ, മനസ്സിൽ തൻറെ മുടി തീരെ ഇല്ലാത്ത രൂപമാണ് ഓടി വന്നത്. തൻറെ മുഖം വാടിയതു കണ്ടിട്ടാണെന്ന് തോന്നുന്നു, ഡോക്ടർ ജമാൽ പറഞ്ഞു, "വിഷമിക്കണ്ടടൊ, ട്രീറ്റ്മെൻറ് കഴിഞ്ഞു കുറച്ചു നാൾ കഴിയുമ്പോൾ തന്നെ തൻറെ മുടിയെല്ലാം പഴയ പോലെ വളരും, ഒരു ചെറിയ ബ്രേക്ക് അത്രേ ഉള്ളു". ഡോക്ടർമാരുടെ സംസാരം എത്ര പേരെ ആശ്വാസത്തിന്റെ മറുകരയിലേക്കു എത്തിക്കാറുണ്ടെന്നു ആലോചിച്ചുപോയി, പക്ഷെ ഡോകട്ർ ജമാലിന്റെ വാക്കുകൾ തന്നിൽ ഒരു ചലനവും ഉണ്ടാക്കിയില്ല.രണ്ടാഴ്ച ആയപ്പോൾ ഇനി വീട്ടിൽ പോകാം എന്ന് പറഞ്ഞു ഡോക്ടർ ജമാൽ, ആവശ്യമുള്ളപ്പോൾ വന്നു ട്രീറ്റ്മെൻറ് എടുത്താൽ മതിയാകും.

പരീക്ഷ കഴിഞ്ഞിട്ടും റോഷനോട് കാര്യം പറഞ്ഞില്ല. ഡിസ്ചാർജ് ആയി, ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു പോകും വഴി ജോസ് അവനെ വിളിക്കുകയായിരുന്നു, തന്നോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ജോസ് മൊബൈൽ കൈയിലേക്ക് തന്നു. അവൻ കരച്ചിലാണ്,


"അമ്മാ എന്ത് പറ്റി അമ്മാ, എനിക്കിപ്പോ കാണണം അമ്മയെ, എന്തിനാ അവിടെ നിൽക്കുന്നേ ഇങ്ങോട്ടു വാ, നമുക്കു ഇവിടെ ട്രീറ്റ് ചെയ്യാം."

"റോഷൻ ഇപ്പോ അമ്മയ്ക്ക് വരാൻ പറ്റില്ല കുട്ടാ, ട്രീറ്റ്മെൻറ് നടക്കുക അല്ലേ. മോൻ വിഷമിക്കണ്ടടാ ഇത് കുറഞ്ഞു തുടങ്ങി, കുറച്ചു നാൾ കൂടി കൂടി ട്രീറ്റ്മെൻറ് ചെയ്യണം, അത്രേ ഉള്ളൂ”.

"ഇല്ലമ്മ എനിക്ക് ഇപ്പോ അമ്മയെ കാണണം, ഞാൻ അങ്ങോടു വരാം, നാളെ തന്നെ, ടിക്കറ്റ് ഞാൻ എടുക്കുകയാ, അപ്പയോടു എന്നെ പിക്ക് ചെയ്യാൻ വരാൻ പറയണം. എനിക്ക് വയ്യ ഇവിടെ നിൽക്കാൻ." റോഷൻ ഉറപ്പിച്ചു പറഞ്ഞു.

"ശരി നീ എന്നാൽ ഇങ്ങോട് വാ, ക്ലാസ് തുറക്കണ വരെ ഇവിടെ നിൽക്കാം. അമ്മമ്മയോടു പറഞ്ഞിട്ടില്ല കേട്ടോ, മോൻ പറയണ്ട, വേറെ എന്തെങ്കിലും ആവശ്യത്തിന് വരുന്നു എന്ന് പറഞ്ഞാൽ മതി".

തന്നെ കണ്ടതും റോഷൻറെ നിയന്ത്രണം വിട്ടു, തൻറെ കോലം അവനെ വല്ലാതെ അസ്വസ്ഥനാക്കി. അടുത്ത് വന്നു തന്നെ കെട്ടിപിടിച്ചു അവൻ കരഞ്ഞു കൊണ്ട് പരാതി പറഞ്ഞു,

"എന്താ അമ്മാ എന്നെ അറിയിക്കാതിരുന്നത്, അമ്മ വല്ലാണ്ടായി, ക്ഷീണിച്ചു, എന്നാലും എന്നോട് പറയാമായിരുന്നു."

"പോട്ടെടാ, അമ്മയ്ക്കു കുഴപ്പമൊന്നും ഇല്ലല്ലോ, കണ്ടില്ലേ എന്നെ, പിന്നെ വെറുതെ എന്തിനാ നിന്നെ ടെൻഷൻ അടിപ്പിക്കുന്നെ എന്ന് കരുതി, അത്രേ ഉള്ളു".

"അതൊന്നുമല്ല അമ്മയെ കണ്ടാലറിയാം നല്ല പ്രോബ്ലം ഉണ്ടെന്നു, ഞാൻ സുനിത ആന്റിയോട്‌ സംസാരിച്ചു, എന്നോട് നുണ പറയണ്ട". കൈകളിൽ കിടക്കുന്ന അവൻറെ കണ്ണുകൾ നിറഞ്ഞൊഴികിയതു മേരി അറിഞ്ഞു.

"ഒന്നുമില്ലടാ കുട്ടാ, അമ്മയ്ക്ക് വേഗം സുഖമാകും".

"ഹും, ഞാൻ മലയാറ്റൂരിൽ കുരിശെടുത്തു ചെല്ലാമെന്നു നേർന്നിട്ടുണ്ട്, എൻറെ അമ്മയ്ക്കു വേണ്ടീട്ടു. അമ്മയ്ക്കു സുഖമാകും വേഗം, എനിക്കുറപ്പാ".

മേരി അവനെ ചേർത്ത് പിടിച്ചു, നെഞ്ച് പിടഞ്ഞു, തൊണ്ട ഇടറി, കണ്ണുകൾ നീർത്തടങ്ങളായി മാറി, അവ അണ മുറിഞ്ഞൊഴുകി.

കീമോ തുടങ്ങി നാലാഴ്‌ച കഴിഞ്ഞപ്പോളേക്കും മുടി മുഴുവനും പോയി. കണ്ണാടികൾ കാണുന്നതേ തനിക്കു ഭയമായി തുടങ്ങി. തൻറെ പഴയ ഫോട്ടോകൾ കാണുമ്പോൾ അത് തന്നെ അസ്വസ്ഥതപ്പെടുത്തുന്നത് കുറച്ചൊന്നുമല്ല എന്ന് മനസിലായി.

അസുഖമാണെങ്കിലും പ്രാക്ടീസ് നിർത്തരുത് എന്ന് പറഞ്ഞതും, ലീവ് കുറച്ചു മാത്രം എടുത്തു ഹോസ്പിറ്റലിൽ വന്നു ജോലി നോക്കണം എന്ന് ഉപദേശിച്ചതും ഡോക്ടർ സുനിത ആണ്. അത് തനിക്കു കൂടുതൽ കരുത്തു പകർന്നേക്കും എന്നും ഡോക്ടർ സുനിത സൂചിപ്പിച്ചു.


തലയിൽ തൊപ്പിയുമായി ഹോസ്പിറ്റലിൽ വന്ന തന്നെ ചിലർ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അത് തന്നെ അലട്ടുന്നതും, തൻറെ മുഖത്തെ ചിരിയെ മുറിപ്പെടുത്തുന്നതും മേരിയെ തെല്ലു അസ്വസ്ഥയാക്കി.

ചിലർ തൻറെ അടുത്ത് ട്രീറ്റ് ചെയ്യരുത് എന്നും പറഞ്ഞത് തൻറെ ചെവിയിലെത്തിയിരുന്നു. മേരി അത് വലിയ കാര്യമാക്കിയില്ല. തന്നെ തേടി വരുന്ന ഒരുപാടു അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മുഖങ്ങൾ ആ വാക്കുകളെ തള്ളിക്കളഞ്ഞു.

ഇല്ല, തൻറെ മുഖത്തെ ചിരി മായാൻ പാടില്ല, കാരണം ഈ ചിരി പല കുഞ്ഞുങ്ങൾക്കും അവരുടെ അമ്മമാർക്കും ആശ്വാസം പകരുന്നുണ്ട്. അവരുടെ വേദനകളെ മറക്കാൻ സഹായിക്കുന്നുണ്ട്. ഇത് മറയാൻ താൻ അനുവദിച്ചുകൂടാ.

ദിവസങ്ങൾ പോയ്‌ക്കൊണ്ടിരുന്നു, പ്രാക്റ്റീസും തൻറെ ട്രീറ്റ്മെൻറും കുറച്ചു നാളായി ദൈനംദിന ജീവിതത്തിൻറെ ഭാഗമായിമാറി.ഡോക്ടർ സുനിതയുടെയും ഡോക്ടർ ജമാലിൻറെയും സംസാരത്തിൽ നിന്നും ഇത്രയും നാളത്തെ തന്റെ ട്രീറ്റ്മെൻറ് കൊണ്ട് തനിക്കു കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് മനസിലായി. മാത്രമല്ല തൻറെ ക്ഷീണത്തിനും വേദനകൾക്കൊന്നും ഒരു കുറവുമില്ല. ഈ യുദ്ധത്തിൽ താൻ പരാജയപെടുകയാന്നെന്നു മേരിക്കു തോന്നി.

തൻറെ മുഖത്തെ ചിരി മാഞ്ഞു പോകുന്നതും, ശരീരം തൻറെ ഇഷ്ടത്തിനൊത്തു പ്രവർത്തിക്കാത്തതും ഒരു സത്യമാണെന്നു തിരിച്ചറിഞ്ഞപ്പോൾ നിരാശ തന്നെ ബാധിച്ചിരിക്കുന്നു എന്ന് മേരിക്കു മനസിലായി.

മുന്നിൽ വന്നിരിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണിലേക്കു നോക്കുമ്പോൾ ജീവൻറെ തുടിപ്പുകൾ തനിക്കു കാണാൻ കഴിയാതെ പോകുന്നതും, എവിടെയോ ശക്തികൾ മുഴുവനും ചോർന്നു പോകുന്നതും, കൈകൾക്ക് കുഞ്ഞുങ്ങളുടെ സ്പന്ദനങ്ങൾ അറിയാനുള്ള കഴിവ് തിരിച്ചെടുക്കപെട്ടതും മേരി തിരിച്ചറിഞ്ഞു. സ്റ്റെത്തിലൂടെ കേൾക്കുന്ന ഹൃദയ സ്പന്ദനങ്ങൾ തൻറെ മരണത്തിൻറെ കാലൊച്ച പോലെ തോന്നി മേരിക്ക്. കഴുത്തിലെ മാലയിൽ തൂങ്ങുന്ന ക്രിസ്തുവിന്റെ രൂപം കയ്യിൽ ചേർത്ത് പിടിച്ചു കണ്ണുകൾ ഇറുക്കിയടച്ചു, തങ്ങിനിൽക്കാൻ കഴിയാത്ത വേദനയുടെ വീർപ്പുമുട്ടലുകൾ കൺപീലികൾക്കിടയിലൂടെ ചുടുധാരയായി താഴോട്ടോഴുകി, കവിളുകളിലൂടെ കൈകളിലേക്ക് ഇറ്റു വീണു.

വാതിൽ തുറന്നു കൊണ്ട് സുനോജ് മോനും അമ്മയും അകത്തേക്ക് വന്നു. മേരി പതുക്കെ അവർ കാണാതെ കണ്ണുകൾ തുടച്ചു. അവർ അകത്തു വന്നു കസേരയിൽ ഇരുന്നു.

“മോന് സുഖമായി ഡോക്ടർ, അടുത്ത മാസം ഒരു ചെക്കപ്പിന് വന്നാൽ മതി എന്ന് പറഞ്ഞു ഡോക്ടർ സുനിത”, പറഞ്ഞുകൊണ്ട് അവർ മേരിയുടെ കൈകളിൽ പിടിച്ചു.

"ഡോക്ടർ ആണെൻറെ മോനെ കാത്തത്, അന്ന് ഡോക്ടർ അത് തിരിച്ചറിഞ്ഞില്ലയെങ്കിൽ ഒരുപക്ഷെ എൻറെ മോനെ...." മുഴുമിപ്പിയ്ക്കാൻ അവർക്കായില്ല. അവരതു പറയുമ്പോൾ സുനോജ് തൻറെ അടുത്തേക്ക് വന്നു, കൈയിൽ കൊണ്ട് വന്ന പൂക്കൾ മേശപ്പുറത്തു വച്ചിട്ട് അവൻ മേരിയെ കെട്ടിപിടിച്ചു.


"....ഡോക്ടർക്കു നല്ലതേ വരൂ, ഞങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹങ്ങളും ഡോക്ടറെ വേഗം സുഖമാക്കും". തൻറെ മനസിൻറെ വ്യാകുലതകൾ ദൈവം അറിയുകയും പ്രവർത്തിക്കയും ചെയ്യുന്നു. അവർ വന്നു പോയത് മേരിക്ക് മനസിന് തെല്ലു ആശ്വാസം പകർന്നു, പക്ഷെ അത് വേദനകൾക്ക് ഒരു ശമനവും നൽകിയില്ല.

ഡ്യൂട്ടി തുടരാൻ വേദന അനുവദിക്കാത്തത് പോലെ, സ്റ്റാൻഡ്ബൈ ഡോക്ടറെ വിളിച്ചു ഡ്യൂട്ടി ഹാൻഡ് ഓവർ ചെയ്തു മേരി വീട്ടിലേക്കു തിരിച്ചു. ഒരു വിധത്തിൽ വീട്ടിൽ എത്തി കിടക്കയിലേക്ക് വീഴുകയായിരുന്നു.

വേദനകൾ ശരീരം മുഴുവനും ഓടിനടക്കുന്നു, പേശികളിലും ഞരമ്പുകളിലും ആണികൾ തറച്ചു കയറുന്ന പോലെ. തളർച്ച എല്ലായിടത്തേക്കും പടരുന്നു, വേദനകൾ ശരീരത്തെ മാത്രമല്ല, മനസിനെയും കീഴടക്കുന്നു. ഭയം തൻറെ ധൈര്യത്തെ മുഴുവൻ കെടുത്തുന്നു.

മരണം തന്നിലേക്കു കറുത്ത രൂപം പൂണ്ടു കടന്നു വരുന്നതും, അത് തന്നെ അതിൻറെ കറുത്ത അങ്കിയ്ക്കകത്തേയ്‌ക്ക്‌ വലിച്ചു കൊണ്ടുപോകുന്നതും മേരി കണ്ടു. താൻ റോഷനിൽ നിന്നും ജോസിൽ നിന്നും പിരിയ്ക്കപ്പെട്ടിരിക്കുന്നു. വരിഞ്ഞുമുറുകിയ വേദന താങ്ങാൻ കഴിയാതെ ഹൃദയം നുറുങ്ങി.

തനിക്കിതു താങ്ങാൻ വയ്യ, മേരി പതുക്കെ എഴുന്നേറ്റു ഹാളിലേക്കു വന്നു, ക്രിസ്‌തുവിൻറെ രൂപത്തിന് മുന്നിൽ വന്നു മുട്ടിൽ നിന്ന് കൊണ്ട് ഒരു മെഴുകുതിരി കത്തിച്ചു, കണ്ണടച്ച് നിന്നു. എൻറെ വേദനകളെ അറിയുന്നവനേ, എൻറെ സ്നേഹത്തെ പിരിച്ചെടുക്കരുതേ.

ഞാനനുഭവിക്കുന്നതിനു സമാനമായ വേദനകളിലൂടെ കടന്നു പോയവനല്ലേ നീയും, ഇതിൻറെ മറുകരയെത്താൻ എന്നെ കൈപിടിച്ചു നടത്തേണമേ.

കൈകൾ ചേർത്തുവച്ചു, കുരിശിൽ കിടക്കുന്ന ക്രിസ്‌തുവിൻറെ കാൽപാദങ്ങളിൽ കൈകൾ വച്ചുള്ള പ്രാർത്ഥനയിൽ മനസുരുകിയിറങ്ങി.

കണ്ണുകൾ നിറഞ്ഞൊഴുകി, കണ്ണുനീരിൽ കാഴ്ച പതുക്കെ മറഞ്ഞു പോകുന്നു. മുന്നിലെ രൂപവും പതുക്കെ മെഴുകുരുകും കണക്കെ പരന്ന് തുടങ്ങി, രൂപം തന്നിലേക്കും താൻ രൂപത്തിലേക്കും വിലയം പ്രാപിച്ചുകൊണ്ടിരുന്നു.

തലയിൽ വച്ചിരുന്ന മുള്ളുകൾ തറഞ്ഞു കയറിയ ഇടങ്ങളിൽ ചോര പൊടിഞ്ഞു, നെറ്റിയിലൂടെ ചോരയുടെ ഒരു ചെറിയ ചാൽ ഒഴുകി താഴേക്കു വീഴാനായി മൂക്കിൻ തുമ്പിൽ തങ്ങിനിന്നു. ചാട്ടവാറടികൾ പുറത്തു വീഴുമ്പോൾ വേദനകൾ കനലുകളെ പോലെ എരിഞ്ഞു.


അടിവാരത്തു നിന്ന് തുടങ്ങിയ യാത്ര പാതി വഴിയെത്തിയപ്പോൾ തന്നെ ശരീരത്തിൽ മരവിപ്പ് ബാധിച്ചു തുടങ്ങിയിരുന്നു. പുറത്തും കൈകളിലുമായി വീഴുന്ന ചാട്ട വാറിൻറെ അടികൾ ഇപ്പോൾ ഒട്ടും വേദന ഉണ്ടാക്കുന്നില്ല. മരവിപ്പ് ശരീരത്തെ ബാധിച്ചത് കൊണ്ടോ, മലമുകളിലെ, നടക്കാൻ പോകുന്ന തീർപ്പുകൽപ്പിക്കലിൻറെ ആണികൾ ശരീരമാകെ തറഞ്ഞു കയറിയത് കൊണ്ടോ എന്നറിയില്ല, വേദനകൾ ഇപ്പോൾ ഒരു മരവിപ്പ് പോലെയായി.

ചുമലിലെ ഭാരം കൂടി കൂടി വന്നു, മുകളിലേക്കു അവർ വലിച്ചു കയറ്റുമ്പോൾ കുരിശു തോളിൽ നിന്ന് താഴെ പോയത് എടുത്തു തന്നത് ആരാണെന്നു കണ്ടില്ല. മുകളിൽ എത്തിയെന്നു മനസിലായത്, ചാട്ട വാറടി നിന്നപ്പോളായിരുന്നു.

കുരിശിലേക്കു കിടത്തുമ്പോൾ, പച്ചിരുമ്പ് കൊണ്ടുണ്ടാക്കിയ ആണികൾ കിലുങ്ങുന്ന ശബ്ദം കേൾക്കാമായിരുന്നു. വലതു കൈ ചേർത്ത് വച്ച് ആദ്യത്തെ ആണിയിൽ ആഞ്ഞടിച്ചപ്പോൾ വലതു വശത്തു നിന്ന ആളുടെ മുഖത്തേക്കു പെട്ടെന്ന് നോക്കി. അവിടെ ചിരിയുടെ പൈശാചികത തളം കെട്ടി നിന്നു. ഉള്ളം കൈയിലുടെ പച്ചിരുമ്പ് തറച്ചു കയറുമ്പോൾ വേദനകൾ പൂക്കളുടെ രൂപം പൂണ്ടു, അവയിൽ നിന്നും തേൻ കണക്കെ രക്തം വഴിഞ്ഞൊഴുകി, അതിൻറെ ഗന്ധം മൂക്കിൽ തുളച്ചുക്കയറി.

ഇടത്തെ കയ്യിലും കാലിലും ആണികൾ തറയുമ്പോൾ, വേദനകളെ ആനന്ദത്താൽ ആശ്ലേഷണം ചെയ്യാൻ ശരീരത്തെ ശീലിപ്പിക്കാൻ പഠിപ്പിച്ച ജീവൻറെ കാത്തുസൂക്ഷിപ്പുകാരൻ മുന്നിൽ വന്നു. സ്‌നേഹത്തിൻറെ അമൂർത്താവതാരമായ പിതാവ് തൻറെ കൈത്തലം കൊണ്ട് നെറുകയിൽ സ്പർശിക്കുകയും, ചുണ്ടുകളാൽ നെറ്റിയിൽ ചുംബിക്കുകയും, കൈകളാൽ ഗാഢമായി ആലിംഗനം ചെയ്യുകയും ചെയ്തു. അപ്പോൾ വേദനകളായ പൂക്കൾ സുഗന്ധം പരത്തി. ആ സുഗന്ധം പ്രപഞ്ചം മുഴുവൻ വ്യാപിച്ചു, അത് ഭൂമിയെ പൊതിഞ്ഞു നിന്നു. ഭൂമിയിലെ മുഴുവൻ വേദനകളും അതിലേക്കു ആവാഹിയ്ക്കപ്പെട്ടു. സകലരുടെയും വേദനകളും യാതനകളും കഷ്ടപ്പാടുകളും അതിലേക്കു വലിച്ചെടുക്കപെട്ടു.

തൻറെ രക്തം എല്ലാവരുടെയും യാതനകളെ ഇല്ലായ്മ ചെയ്യട്ടെ. രോഗത്തിനടിപ്പെട്ടവർക്കും, ദുഖങ്ങൾക്കും ദുരിതങ്ങൾക്കും ഇടയിൽപെട്ടു വലയുന്നവർക്കും ആശ്വാസമേകട്ടെ.

കണ്ണ് തുറക്കുമ്പോൾ ഏരിഞ്ഞിരുന്ന തിരികൾ അണഞ്ഞു പോയിരുന്നു. ഒരു വല്ലാത്ത ഭാരമില്ലായ്മ തനിക്കു അനുഭവപ്പെടുന്നു, പ്രാർത്ഥനകൾ വേദനകളുടെ കുത്തൊഴുക്കിനെ തുഴഞ്ഞു ജയിച്ചപോലെ. ഒരു വലിയ മലവെള്ള പാച്ചിലിൽ നിന്നും കരയ്‌ക്ക്‌ പിടിച്ചു കയറിയ പോലെ.


ടെസ്റ്റ് റിസൾട്സ് നോക്കി കൊണ്ട് ഡോക്ടർ സുനിതയും ഡോക്ടർ ജമാലും, തന്നെ തിരിഞ്ഞു നോക്കി.

"യു ആർ ഗെറ്റിങ് ബെറ്റർ ഡിയർ", ഡോക്ടർ ജമാലിൻറെ മുഖത്തെ ചിരി ഒരു ആശ്വാസം പകർന്നു.

"കുറച്ചു നാൾ കൂടി ട്രീറ്റ് ചെയ്യേണ്ടി വരും, ബട്ട് ദീസ്‌ റിസൾട്സ് ആർ എമേസിങ്"

നാളുകളായുള്ള ആകുലതകൾ പറന്നകലുന്നു, ജീവിതം തന്നിലേക്കു തിരിച്ചു വന്നിരിക്കുന്നു. ഡോക്ടർ സുനിതയുടെ ക്യാബിനിൽ ആണെന്ന് മേരി ഓർത്തില്ല, പെട്ടന്ന് എഴുന്നേറ്റു മേരി ജോസിനെയും റോഷനെയും കെട്ടിപിടിച്ചു.

ചിരിച്ചു കൊണ്ട് ഡോക്ടർ സുനിത പറഞ്ഞു, "മേരി യൂ ആർ സോ ലക്കി, തുടങ്ങുമ്പോൾ ഞങ്ങൾക്ക് കുറച്ചു ഡൌട്ട് ഉണ്ടായിരുന്നു, ബട്ട് യുവർ വിൽപവർ ഹാസ് മെയ്ഡ് ഇറ്റ്."

"ഇത് വിൽപവർ അല്ല ഡോക്ടർ, മലമുകളിലെ കുരിശിൽ കിടന്നയാൾ എൻറെ രക്തത്തെ ശുദ്ധം ചെയ്യുകയായിരുന്നു"

"ഓഫ്‌കോഴ്സ്, വിതൗട്ട് ഹിസ് ഗ്രേസ് നതിങ് ഈസ് പോസ്സിബിൾ, ബട്ട് യുവർ ബ്രേവെറി നീഡ്‌സ് ഏ സ്പെഷ്യൽ അപ്പ്രീസിയേഷൻ, ഓക്കേ റസ്റ്റ് എടുക്കൂ, ഒരു മാസം കൂടി വേണ്ടി വന്നേക്കും ട്രീറ്റ്മെൻറ്".

പുറത്തിറങ്ങിയതും മേരി ഉടനെ അമ്മയെ വിളിച്ചു, "അമ്മാ ഞാൻ ഡിസംമ്പറിൽ വരും, ഈ ക്രിസ്മസ് നമ്മളൊരുമിച്ച്".


*    *    *    *    *    *    *    *    

കാർ വരുന്നതും കാത്തു അമ്മ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു. വാതിൽ തുറന്നു പുറത്തിറങ്ങിയതും, അമ്മയുടെ ഞെട്ടൽ മേരി അറിഞ്ഞു. എന്താ മോളെ മുടിയെല്ലാം എവിടെ പോയി, എന്ന ചോദ്യത്തോടെ അമ്മ ഓടി വന്നു മേരിയുടെ കൈ പിടിച്ചു കൊണ്ട് അടിമുടി നോക്കിക്കൊണ്ടിരുന്നു.

"ഓ, ഒന്നുമില്ലമ്മേ തലയിലൊക്കെ വല്ലാതെ താരൻ വന്നു, അപ്പോൾ മുടി മുഴുവൻ വടിച്ചു കളയാൻ സ്കിൻ സ്പെഷ്യലിസ്റ് പറഞ്ഞു. അത്രേ ഉള്ളു."

ജോസും റോഷനും തന്നെ നോക്കുന്നത് കണ്ടില്ലെന്നു നടിച്ചു കൊണ്ട്, ബാഗും തോളിലിട്ട്, ഒരു ചീറിയ ഹാൻഡ് ലഗേജും കയ്യിൽ എടുത്തു അമ്മയോട് ചേർന്ന് കൊണ്ട് മേരി അകത്തേക്കു കയറാൻ തുടങ്ങി.

മുറ്റത്തു തയാറാക്കി വച്ചിരിക്കുന്ന പുൽക്കൂട് മേരി കണ്ടു, അമ്മ തന്നെയാണ് ഒരുക്കിയത്, കണ്ടാലറിയാം. പുൽക്കൂട്ടിൽ ഉണ്ണീശോ കിടക്കുന്നു, ഒരുവേള ഇനി ക്രിസ്തുമസ്സുകൾ എന്നെന്നേക്കുമായി തനിക്കു നഷ്ടപ്പെട്ടേക്കുമെന്നു ഭയപ്പെട്ടിരുന്ന കാര്യം താൻ ഓർത്തു.അനുഗ്രഹങ്ങൾ ചൊരിഞ്ഞ നസ്രത്തുകാരന് മനസ്സിൽ നന്ദി പറഞ്ഞു കൊണ്ട് അകത്തേക്കു കയറുമ്പോൾ മനസ് പിടയുന്നുണ്ടായിരുന്നു. അമ്മയോട് പറയാതെ എങ്ങനെ പിടിച്ചുനിൽകും എന്നോർത്ത്.

അകത്തു കയറിയതും, "എൻറെ മോളാകെ ക്ഷീണിച്ചു വല്ലാണ്ടായി. വാ ഞാനൊന്നു നോക്കട്ടെ" എന്ന് പറഞ്ഞുകൊണ്ട് അമ്മ സോഫയിൽ പിടിച്ചിരുത്തി. അമ്മയോട് ചേർന്നിരിക്കുമ്പോൾ താൻ വീണ്ടും കുട്ടിയായതു പോലെ.

അമ്മ തലയിലാകെ പരതുകയാണ്, "താരനൊന്നും കാണുന്നില്ലല്ലോ, എന്നാലും ഇത്രക്ക് താരൻ വരുമോ, മുടി മുഴുവൻ കളയാൻ മാത്രം?"


"വല്ലാത്ത താരനായിരുന്നു അമ്മേ, തല നിറച്ചും." പറഞ്ഞു കൊണ്ട് പതുക്കെ അമ്മയുടെ മടിയിലേക്കു ചാഞ്ഞതും അറിയാതെ ആയിരുന്നു.

മടിയിൽ തലവച്ചപ്പോൾ വളർന്നു വന്നു കട്ടിയായി നിൽക്കുന്ന മുടിയിലൂടെ അമ്മ കയ്യോടിക്കാൻ തുടങ്ങി. അമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ട്, ഒന്നും വ്യക്തമാകുന്നില്ല.

തനിക്കു അറിയാൻ കഴിയുന്നത് ആ തലോടൽ മാത്രം, ആ തലോടലിലൂടെ ഉള്ളിലെ സ്നേഹം മുഴുവൻ വഴിഞ്ഞൊഴുകുകയാണ്. ഉപാധികളില്ലാത്ത സ്നേഹം, സമാനതകളില്ലാത്ത സ്നേഹം.

പെട്ടികൾ എടുത്തു കൊണ്ട് ജോസും റോഷനും അകത്തേക്കു കയറി പോകുന്നു. ഇടയ്ക്കു റോഷൻ തന്നെ നോക്കി ചിരിച്ചത് താൻ ശ്രദ്ധിച്ചു. അത് വകവെക്കാതെ, മേരി അമ്മയുടെ മടിയിലേക്കു കുറച്ചു കൂടി ചേർന്ന് കിടന്നു.

"എത്ര ദിവസം കാണും മോളെ നീ ഇവിടെ?" അമ്മയുടെ ചോദ്യം കേൾക്കാതിരുന്നിട്ടാണെന്നു തോന്നുന്നു അമ്മ കുറച്ചു ഉച്ചത്തിൽ ചോദിച്ചത്.

പെട്ടെന്ന് ഞെട്ടിയെണീറ്റ പോലെ മേരി അമ്മയുടെ മടിയിൽ നിന്നും എഴുന്നേറ്റു സോഫയിൽ ചാരിയിരുന്നു. "എന്താ അമ്മയ്ക്ക് എന്നെ പറഞ്ഞു വിടാൻ തിരക്കായോ?" കളിയായിട്ടാണ് ചോദിച്ചതെങ്കിലും അമ്മയ്ക്കു മുഖത്ത് ഒരു വാട്ടം വന്നത് മേരി ശ്രദ്ധിച്ചു.


"അതല്ല മോളെ സാധാരണ വരുമ്പോൾ തന്നെ ഇന്ന ദിവസം തിരിച്ചു പോണം എന്ന് നേരത്തെ തന്നെ നീ പറയാറുണ്ട്, ഇത്തവണ അത് പറഞ്ഞില്ല..."

"എന്നാലേ ഇത്തവണ ഈ മേരി തിരിച്ചു പോണില്ല. ഇനി ഇവിടെ അമ്മയുടേം നമ്മുടെ ആൾക്കാരുടേം ഒക്കെ കൂടെ നമ്മുടെ നാട്ടിൽ തന്നെ."

"പോടി ചുമ്മാ കളി പറയാതെ." അമ്മയ്ക്ക് വിശ്വാസം വന്നില്ല.

"സത്യം, അവിടമൊക്കെ മടുത്തു അമ്മാ, ഇനി ഇവിടെ തന്നെ, എങ്ങും പോണില്ല."

"അപ്പൊ നിൻറെ ജോലിയൊക്കെ, പിന്നെ ജോസ്‌മോനോ?"

"ജോലിയൊക്കെ ഞാൻ റിസൈന്‍ ചെയ്തു. ജോസും വരും കുറച്ചു കൂടി കഴിഞ്ഞു, പിന്നെ റോഷനും ഇപ്പോ ഇവിടെ അല്ലെ."

"നീ എന്തൊക്കെയാ ഈ പറയുന്നേ മോളെ, ഇത്രേം നല്ല ജോലി ഒക്കെ കളഞ്ഞു ഇവിടെ വന്നു എന്തെടുക്കാനാ?"

"ഞങ്ങൾ ഇവിടെ ഒരു പാലിയേറ്റീവ് കെയർ സെൻറർ തുടങ്ങാം എന്ന് തീരുമാനിച്ചു, കാൻസർ രോഗികൾക്കു വേണ്ടി, ചാച്ചൻറെ പേരിൽ. മരണം വേരറുത്തു കൊണ്ട് പോകും എന്ന് കരുതുന്നയിടത്തു നിന്നും കുറച്ചു പേരെ എങ്കിലും തിരിച്ചു കൊണ്ടുവരാൻ പറ്റിയാൽ നല്ലതല്ലേ അമ്മാ? പിന്നെ പോയെ തീരൂ എന്നുള്ളവർക്കു ഒരാശ്വാസവും ആകട്ടെ.

അതൊക്കെ വിശദമായിട്ടു പറയാം, എന്താ ഇന്ന് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി വച്ചിരിക്കുന്നേ എൻറെ പോന്നമ്മൂ."

"നിനക്കിഷ്ടപെട്ട അപ്പവും സ്റ്റൂവും, അല്ലാതെന്താ." സംശയം മുഴുവനും മാറാത്ത മനസുമായി അമ്മ മറുപടി പറഞ്ഞു.

"എന്നാ വേഗം ഒരു ചായ കൂടി ഇട്ടോ, ഞാനോടി ചെന്ന് ഒന്ന് കുളിച്ചു ഫ്രഷ് ആയി വരാം." പറഞ്ഞു കൊണ്ട് അകത്തേക്കു കയറി പോകുമ്പോൾ മേരി അമ്മയെ ഒന്ന് തിരിഞ്ഞു നോക്കി. താൻ പറഞ്ഞതിൻറെ അർത്ഥം അമ്മയ്ക്ക് മുഴുവനും മനസ്സിലായോ എന്നറിയില്ല, പക്ഷെ താൻ ഇനി അമ്മയുടെ കൂടെ തന്നെ കാണും എന്ന് പറഞ്ഞത് അമ്മയിൽ വലിയ സന്തോഷം പകർന്നത് മേരി കണ്ടു.

അമ്മയുടെ സന്തോഷം മാത്രമല്ല, ഇനിയുള്ള കാലം ഒരുപാടാളുകൾക്കു ആശ്വാസവും സ്നേഹവും പകരാൻ വേണ്ടി ആയിരിക്കണം തൻറെ ജീവിതം. അല്ലെങ്കിൽ തന്നിൽ നിന്നകന്നു പൊയ്‌ക്കൊണ്ടിരുന്ന ജീവനെ തന്നിലേക്കു ചേർത്ത് വയ്ക്കില്ല ആ നസ്രത്ത്‌കാരൻ.

തങ്ങൾ തുടങ്ങാൻ പോകുന്ന സെൻററിനെ കുറിച്ചുള്ള ചിന്തകളിൽ മുഴുകി കൊണ്ട് മേരി അകത്തേയ്ക്കു നടന്നു.

പുറത്തു പുൽക്കൂട്ടിനുള്ളിൽ നസ്രത്ത്‌കാരൻ കണ്ണുകളടച്ചു കിടന്നു. ഇനിയും ആരെയൊക്കെയാണ് സ്നേഹതീരത്തേക്ക് വഴികാട്ടേണ്ടതെന്ന ചിന്തയും, അതിനായുള്ള പദ്ധതികൾക്കുള്ള ആലോചനകളുമായി...


Rate this content
Log in

Similar malayalam story from Drama