Sunil Sankar

Drama Romance Tragedy

3.8  

Sunil Sankar

Drama Romance Tragedy

ടാറ്റൂ

ടാറ്റൂ

4 mins
472



വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴാണ് ഹരിയേട്ടന്റെ കാൾ വന്നത് . കുശലാന്വേഷണം കഴിഞ്ഞ് പുള്ളി വിളിച്ച കാര്യം പറഞ്ഞു . രാവിലെ അദ്ദേഹത്തിന്റെ ക്ലബ്ബിലെ ഒരു മെമ്പർ വിളിച്ചിരുന്നു . എന്റെ നമ്പർ ചോദിച്ചാണത്രെ വിളിച്ചത് . അദ്ദേഹത്തിന്റെ ഭാര്യയുടെ ഒരു സുഹൃത്ത് ഒരു ഫ്ലാറ്റ് നോക്കുന്നുണ്ട് . എന്നെ അവർക്ക് പരിചയമുണ്ട് . ഞാൻ പോയാൽ ഒരു പെന്റ് ഹൌസ് കച്ചവടമാക്കാം . ഒന്ന് അവരെ പോയി കാണണം . അതാണ് ആവശ്യം . 


" എന്നെ പരിചയമുള്ള ആളോ ? ആരാ അത് ?"  


" അതയാളും പറഞ്ഞില്ല. സസ്പെൻസ് ആയിക്കോട്ടെ എന്നാണ് പറഞ്ഞത്."


" ശരി , എവിടെയാ പോയി കാണേണ്ടത് ? "


" അഡ്രസ് ഞാൻ വാട്സാപ്പ് ചെയ്യാം . വൈകിട്ട് ഒരു അഞ്ചു മണിക്ക് എത്തണം .താനത് ക്ലോസ് ചെയ്തേ വരാവൂ "


" ശരി , ഞാൻ പോയി നോക്കട്ടെ "


' കണ്ടിട്ട് വിളിക്കണം "


" വിളിക്കാം "


" കമ്മീഷൻ ഷെയർ ചെയ്യണം . നിന്റ ഫ്രണ്ടായത് കൊണ്ട് തരാതിരിക്കരുത് "


"ശരി . തരാം . പോരേ ?"


"സന്തോഷം . കമ്മീഷൻ കിട്ടിയില്ലെങ്കിൽ അവനെന്നെ കൊല്ലും. അതാ "


അതും പറഞ്ഞ് പുള്ളി ഫോൺ വെച്ചു. ഞാനാലോചിക്കാൻ തുടങ്ങി . ആരായിരിക്കും അത് ? ഗൾഫിലുള്ളതും ഗൾഫുകാരെ കെട്ടിയതുമായ സകല എണ്ണത്തിനെയും ഞാൻ മനസ്സിൽ നിന്നും പുറത്തു കുടഞ്ഞിട്ടു . ഏയ് , ഒരു പെന്റ്ഹൗസ് ഇവരാരും വാങ്ങില്ല . ഉറപ്പ് . പിന്നെ ആരായിരിക്കും ? 


 ലോബിയിലെ ലിഫ്റ്റ് കയറി ഞാൻ ആ ബിൽഡിങ്ങിന്റെ പതിനേഴാം നിലയിലെത്തി . സമ്പത്തിന്റെ അതിപ്രസരമാണ് ആ ബിൽഡിങ് നിറയെ . ഇവിടെ ഒരു ഫ്ലാറ്റെടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ എപ്പോഴും കൊതിക്കാറുണ്ട്. ഇതിലൊരു ഫ്ലാറ്റ് , ഒരു ബെൻസ് കാർ പിന്നെ നിറയെ പണവും. പിന്നെ പണിക്കൊന്നും പോകാതെ ഇങ്ങനെ കഴിയണം .


മെല്ലെ കാളിങ് ബെല്ലമർത്തി . നേപ്പാളിയാണെന്നു തോന്നുന്നു , ഒരു പെൺകുട്ടി വന്ന് വാതിൽ തുറന്നു . 


"യെസ് ?"


" വരാൻ പറഞ്ഞിരുന്നു "


"നാം ക്യാ ഹേ ആപ്‍കാ ?"


"അർജുൻ "


" വൺ മിനിറ്റ് "


എന്റെ മുന്നിൽ ആ വാതിൽ വീണ്ടുമടഞ്ഞു . ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും തുറക്കുകയും ചെയ്തു . ഇപ്പോൾ അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു .


" അന്തർ ആയിയെ , മാം അഭി ആയേഗി "


ഉള്ളിൽ എ സി യുടെ നേർത്ത മുരൾച്ച . ചില്ലു വാതിലിനപ്പുറം അസ്തമയ സൂര്യന്റെ ഇളം ചുവപ്പ് നിറം ഒരു വാട്ടർ കളർ പെയിന്റിങ്ങിലെന്ന പോലെ പരന്നിരിക്കുന്നു . തുകൽ കൊണ്ടുള്ള പതുപതുത്ത സോഫകൾ . കൊള്ളാം . ഇതാരാണ് എന്റെ പരിചയത്തിൽ ഇങ്ങനെയൊരു സ്ത്രീ ? ഇനി പഴയ വല്ല കസ്റ്റമേഴ്‌സുമാവാൻ സാധ്യത ? പറയാൻ പറ്റില്ല . എന്നോട് താല്പര്യമുള്ള വല്ല തൈക്കിളവികളും ആവും . എന്നാൽ കച്ചവടം സിംപിളായിട്ട് നടക്കും . 


അഞ്ചു മിനിറ്റ് കഴിഞ്ഞു , പെൺകുട്ടി വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ കൈയിൽ ഒരു കപ്പ് കാപ്പിയുമായാണ് വരവ് . മെല്ലെ ഒരു സിപ്പെടുത്തു . ഡേവിഡോഫിന്റെ ആ ഗന്ധം . പണ്ട് ശീലിച്ച രുചി. അതിനോടൊപ്പം മറ്റു പലതും മനസ്സിലേക്ക് തികട്ടി വരുന്നു. 


കാപ്പി പകുതിയായപ്പോഴാണ് ആരുടെയോ കാലടിശബ്ദം കേട്ടത്. തലയുയർത്തി നോക്കിയ ഞാൻ ഒന്ന് ഞെട്ടി. ഇവളോ ? ഇരുന്നിടത്ത് നിന്ന് ഞാനൊന്ന് എണീറ്റു . പുറത്തേക്ക് പോകണോ ? ഞാനെന്തിനാണ് പേടിക്കുന്നത് ? ധൈര്യം സംഭരിച്ച് ഞാൻ അവിടെത്തന്നെ ഇരുന്നു.  


" എന്തൊക്കെയുണ്ട് അർജുൻ വിശേഷങ്ങൾ ? എല്ലാവർക്കും സുഖമല്ലേ ?" തരിണി മൃദുവായി ചിരിച്ചു കൊണ്ട് ചോദിച്ചു .


"സുഖം തന്നെ. നീയെപ്പോഴാ ഇങ്ങോട്ട് സെറ്റിലായത് ?" എന്റെ സ്വരത്തിൽ ഒരു ചെറിയ വിറയലുണ്ടായിരുന്നോ ? 


" ഒരു വർഷമാവുന്നു. അപ്പോഴാണ് സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങിയാലോന്ന് തോന്നിയത്. നീയിവിടെയുണ്ടെന്ന് അറിയാം , പക്ഷേ വിളിക്കാൻ നമ്പറില്ലായിരുന്നു " 


നിശ്ശബ്ദത . ഞാൻ വന്ന കാര്യം ഇനി പറയണോ എന്ന് വീണ്ടുമാലോചിച്ചു.


"നീയിപ്പോ എന്ത് ചെയ്യുന്നു ?"


സ്വന്തമായി ഒരു ഫാഷൻ ബ്രാൻഡുണ്ട് . കുഞ്ഞുങ്ങൾക്കായി . ഇത്ര ക്ലിക്കാവുംന്ന് ഞാൻ തന്നെ കരുതിയിരുന്നില്ല. പക്ഷെ ചിലപ്പോ നമ്മൾ വിചാരിക്കുന്നതിലും മുകളിലാണല്ലോ കാര്യങ്ങൾ സംഭവിക്കുന്നത് "


ഞാൻ യാന്ത്രികമായി തല കുലുക്കി . ആ ബ്രാൻഡിന്റെ അഭൂതപൂർവമായ വളർച്ചയെപ്പറ്റി എവിടെയോ വായിച്ചിരുന്നു. ഇവളാണ് അതിന്റെ പിന്നിലെന്ന് ഒരിക്കലും കരുതിയില്ല .


 "നീയെന്നെ ഓർക്കാറുണ്ടോ ?"


"ഉം"


"വെറുതെ "


"അല്ല, സത്യമായിട്ടും"


"നീയോ ?"


"എനിക്ക് മറക്കാൻ പറ്റുമോ ? " ഒന്നു നിർത്തി സ്വന്തം വയറിലൊന്ന് തടവി, അവൾ തുടർന്നു ; "ജനിക്കാതെ പോയ എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ നീ ?"


അതു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് പുച്ഛമാണോ ദുഖമാണോ നിറഞ്ഞതെന്ന് ഞാൻ നോക്കിയില്ല. ഞാനവളുടെ മുഖത്തേ നോക്കിയില്ല. എനിക്ക് എന്നോടു തന്നെ വെറുപ്പായിരുന്നു. അവളുടെ കണ്ണുകളിൽ നോക്കാൻ ഭയവും. 


"അന്നത് കളഞ്ഞില്ലായിരുന്നെങ്കിൽ നമ്മുടെ കുഞ്ഞിനിപ്പോൾ ഒമ്പത് വയസ്സാകുമായിരുന്നു . അല്ലേ ?"


"നമുക്ക് മറ്റെന്തെങ്കിലും സംസാരിച്ചു കൂടേ ?"


"Are you ashamed of it ?"


" ഞാൻ .. വിചാരിക്കാതെ സംഭവിച്ചതല്ലേ.  I was not prepared "


"നിനക്ക് താൽപര്യമില്ലായിരുന്നെങ്കിൽ വേണ്ട, എനിക്ക് കുഴപ്പമില്ലായിരുന്നല്ലോ"


"നീയെന്താ അച്ഛനില്ലാത്ത കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തുമായിരുന്നോ ?"


" എന്താ വളർത്തിയാല് ?"


ഞാൻ വീണ്ടും നിശ്ശബ്ദനായി. പുറത്ത്, ജനലിലൂടെ ഉള്ള കാഴ്ചയിൽ, കടൽ നിശബ്ദയായി നിന്നു. എന്നോടെന്തെങ്കിലും മിണ്ടാൻ പറയുന്ന പോലെ. 


"എന്റെ സാഹചര്യം അതായിരുന്നു തരിണി. നിനക്കെന്താ അത് മനസ്സിലാവാത്തത് ?"


" അല്ല , നിനക്ക് അപ്പോഴേക്കും നിയതിയുടെ പ്രൊപ്പോസൽ വന്നിരുന്നു. ഈ ഗർഭവുമായി ഞാൻ നിന്നെ ബ്ലാക്ക്മെയിൽ ചെയ്താലോ എന്ന് നീ പേടിച്ചു. അതിനുള്ള മരുന്നായിരുന്നു അബോർഷൻ "


അതേ അതു തന്നെയാണ് സത്യം. എനിക്കുറക്കെ വിളിച്ചു കൂവണം. അതേടീ , you were just an object of desire . നിന്നെ കല്യാണം കഴിക്കണമെന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല . Just go to hell. 


" പക്ഷേ, നിനക്കെന്നെ വേണ്ടായിരുന്നെങ്കിൽ അത് പറഞ്ഞാ മതിയായിരുന്നല്ലോ . ഒരു അബോർഷന്റെ മെന്റൽ ട്രോമ നിനക്കറിയ്വോ ? നിന്റെ ഒഴിഞ്ഞു മാറലിന് ഞാനെത്രവേദനിച്ചുന്ന് നീയെപ്പോഴെങ്കിലും ആലോചിച്ചോ ?"


ഞാൻ തലതാഴ്ത്തി. എനിക്കൊരിക്കലും ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം കൊടുക്കാനാവില്ലെന്ന് അവളെപ്പോലെ എനിക്കും അറിയാമായിരുന്നു. കുറച്ചുകൂടി പച്ചപ്പ് കണ്ടിടത്തേക്ക് ഞാൻ പോയി . അത് തന്നെയാണ് സത്യം . നീയൊരു ആണാണോ എന്നൊരു ചോദ്യം അവൾ ചോദിക്കും എന്ന് ഞാൻ കരുതി. അതുണ്ടായില്ല. 


"കള, നട്ടെല്ലില്ലാത്ത നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല " അവൾ സോഫയിലേക്ക് ചാഞ്ഞു.


"നീയെന്തിനാ കാണണമെന്ന് പറഞ്ഞത് ?" ഞാൻ ചോദിച്ചു .


" നിനക്ക് പോവാൻ ധൃതിയുണ്ടല്ലേ ?"


" നിയതിയെ കൂട്ടി ഒരു സ്ഥലം വരെ പോവാനുണ്ട് "


"ഓ , അവള് പ്രെഗ്നന്റാണോ ?'


ഞാനൊന്ന് ഞെട്ടി. എന്റെ മുഖം വിളറിയത് അവൾ ശ്രദ്ധിച്ചു കാണണം. 


"നീയെങ്ങിനെ അറിഞ്ഞു ?"


" ഊഹിച്ചു " അവളൊന്നു ചിരിച്ചു .


"ഞാനും പ്രെഗ്നന്റാ "


" Congrats, നീയെപ്പഴാ കല്യാണം കഴിച്ചത് ?" 


" അന്നും ഞാൻ മാരീഡ് അല്ലായിരുന്നല്ലോ " 


" ഛെ "


"കുഞ്ഞിന്റെ അച്ഛൻ ആരാന്ന് അറിയണ്ടേ ?"


" എന്തിന് ?"


അവളൊന്ന് ചിരിച്ചു . ഒരു മാതിരി ഭ്രാന്തിയെപ്പോലെ .


" അല്ല, നീയെന്തിനാ നിന്റെ സെമൻ ടെസ്റ്റ്‌ ചെയ്യാനൊക്കെ പോയത് ? നിനക്കവളോട് പറഞ്ഞൂടായിരുന്നോ നീ പ്രൂവൺ സ്റ്റഡ് ആണെന്ന് ? "


" നീയൊന്ന് നിർത്വോ?" എനിക്ക് ശരിക്കും പ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു. 


" ഇത് എന്തായാലും നിന്റേതല്ല" അവൾ വീണ്ടും ചിരിച്ചു.


"നിനക്ക് ഭ്രാന്താ " ഞാൻ എഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു. 


" അർജുൻ, നിൽക്ക്"


" എനിക്ക് നിന്റെ ഭ്രാന്ത് കേൾക്കാൻ നേരമില്ല, തരിണി "


"നിങ്ങളും IVF ചെയ്തതല്ലേ ? നിന്റെ ഭാര്യേടെ വയറ്റിലുള്ള കുഞ്ഞ് നിന്റേതാന്ന് എന്താ ഇത്ര ഉറപ്പ് ? ഒരു ലാബ് അസിസ്റ്റന്റ് വിചാരിച്ചാൽ മാറ്റാൻ പറ്റുന്നതേ ഉള്ളൂ അതൊക്കെ "


ഞാൻ ഡോർ ഹാൻഡിൽ പിടിച്ച് അനങ്ങാനാവാതെ നിന്നു. എന്റെ കാഴ്ച മങ്ങുന്നോ ? തരിണി എന്റെ മുന്നിൽ വന്നു. 

അവൾ ജീൻസിന്റെ സിബ് അഴിച്ചു. അവളുടെ അടിവയറ്റിൽ ഒരു ചിത്രം ടാറ്റൂ ചെയ്തിരുന്നു. ഒരു ചെറിയ കുഞ്ഞിന്റെ. 


" എനിക്ക് നമ്മുടെ കുഞ്ഞിനെ മറക്കാൻ പറ്റിയില്ലെടാ. അതാ ഈ ടാറ്റൂ. കളയുമ്പോ അവൾ ഇത്രയും വലുതായിരുന്നുവെന്നാ ഡോക്ടർ പറഞ്ഞത്"


ഞാനെത്ര തിരിച്ചിട്ടും ആ വാതിൽ തുറക്കാൻ പറ്റുന്നില്ല. തരിണിയും , അവളുടെ ടാറ്റൂവും എന്നെ നോക്കി ചിരിക്കുന്നു. നോക്കി നിൽക്കേ ആ ടാറ്റൂ വലുതാവാനും , അതിന്റെ ചിരി എനിക്ക് ചുറ്റും മുഴങ്ങാനും തുടങ്ങി...



Rate this content
Log in

Similar malayalam story from Drama