Sunil Sankar

Drama Romance Tragedy

4.5  

Sunil Sankar

Drama Romance Tragedy

അശോകവനിയിലെ പൂക്കൾ

അശോകവനിയിലെ പൂക്കൾ

8 mins
963സാമാന്യം വലിപ്പമുള്ള ഒരു ഇരുനില വീടിനു മുൻപിൽ ഡ്രൈവർ കാർ നിർത്തി.


"സർ, പറഞ്ഞ സ്ഥലം ഇതാണെന്നു തോന്നുന്നു".


പുറത്തെ വെയിലിന്റെ കടലിലേക്ക് ഞാൻ മെല്ലെ ഊളിയിട്ടു. ചെറിയ കറുത്ത പെയിന്റടിച്ച ഇരുമ്പ് ഗേറ്റിന് വശത്തായി ക്ലാവു പിടിച്ച ഒരു ചെറിയ പിച്ചള ബോർഡിൽ ഇംഗ്ലീഷിൽ എഴുതിയിരുന്നു. 'എൻ. രാമചന്ദ്രൻ മേനോൻ'.


മെല്ലെ ഗേറ്റ് തുറന്ന് ഞാൻ ഉള്ളിലേക്ക് കയറി. മുറ്റത്ത് അശോകമരത്തിന്റെ തണുപ്പ്. നിറയെ ചുവപ്പും മഞ്ഞയും ഇടകലർന്ന പൂക്കളും. അത് കണ്ടപ്പോൾ മമ്മ ഞങ്ങളുടെ ദ്വീപിലെ വീട്ടിൽ കൊണ്ടുവന്നു നട്ട അശോകമരം എനിക്കോർമ്മ വന്നു. മമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട മരമായിരുന്നു അത്. അതിന്റെ ചുവട്ടിൽ ദിവസം ഒരു അഞ്ചു പ്രാവശ്യമെങ്കിലും പോയി നിൽക്കാറുണ്ട് മമ്മ. അവിടെ നിന്ന്, മരത്തിന്റെ മുകളിൽ, ആരോടോ സംസാരിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരിക്കൽ ഞാൻ അത് മമ്മയോട് ചോദിക്കുകയും ചെയ്തു. മമ്മയുടെ ഉത്തരം കേട്ട് ഞാൻ ചിരിച്ചില്ലെന്നേയുള്ളൂ.


"ഹനുമാനോട്."


"അപ്പോൾ സീതയാരാ ?"


"ഞാൻ തന്നെ. ഈ വീടിന്റെ പേര് നീ ശ്രദ്ധിച്ചില്ലേ ? അശോകവനി. അശോകവനിയിലെ ശിംശപാവൃക്ഷത്തിന് താഴെ തടവിലാക്കപ്പെട്ട മനസ്സുമായി നിൽക്കുന്ന സീതയാണ് ഞാൻ."


രാമൻ ആരാണെന്ന് എനിക്കറിയാം. അപ്പോൾ രാവണൻ ആരാണെന്നേ ചോദിക്കാനുള്ളൂ. ചോദിച്ചില്ല. . ചില സമയത്ത് എനിക്ക് തന്നെ തോന്നിയിരുന്നു ഞാൻ തന്നെയാണ് മമ്മയുടെ ജീവിതത്തിലെ രാവണൻ എന്ന്. എനിക്ക് വേണ്ടിയാണല്ലോ മമ്മ ഈ ജീവിതം തന്നെ തിരഞ്ഞെടുത്തത്.


ബെല്ലടിക്കേണ്ടി വന്നില്ല, വാതിൽ തുറക്കാൻ. നല്ല ഉയരമുള്ള ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു. കോട്ടൺ ചുരിദാർ. എങ്ങോട്ടോ പോവാൻ വേണ്ടി ഇറങ്ങിയതാണെന്ന് തോന്നുന്നു. എന്നെ കണ്ട് സംശയത്തോടെ ഒന്നു നോക്കി.


"ആരാ ? എന്താ വേണ്ടത് ?"


"രാമചന്ദ്രൻ മേനോൻ ?"


"അച്ഛൻ സുഖമില്ലാതെ ആശുപത്രിയിലാണ്. രണ്ടാഴ്ചയായി. ഞാനങ്ങോട്ട് പോവാൻ ഇറങ്ങിയതാണ്. നിങ്ങളാരാ ?"


"അനുദീദീ ? ഞാൻ പ്രദ്യുഷ് ആണ്."


അവർ ഒരു നിമിഷം അവിടെതന്നെ നിന്നു. പറഞ്ഞത് വിശ്വസിക്കാൻ ആവാത്ത പോലെ. പിന്നീട് മെല്ലെ പറഞ്ഞു.


"എന്താ പുറത്ത് തന്നെ നിന്നത് ? വാ അകത്ത് കയറി ഇരിക്ക്."


ഞാൻ മെല്ലെ അകത്തേക്ക് കയറി.


"പപ്പയ്ക്ക് എന്തു പറ്റി ?"


"രണ്ടാഴ്ച മുമ്പ് ഒരു അറ്റാക്ക്. അതിനൊരാഴ്ച്ച മുമ്പ് ഞാൻ ചെക്ക് ചെയ്തതായിരുന്നു. ഒരു കുഴപ്പവുമില്ലായിരുന്നു. രാവിലെ ജോലിക്ക്‌ വന്ന ചേച്ചിയാണ് വിളിച്ച് പറഞ്ഞത്. അപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. ഇപ്പോഴും പക്ഷെ അതേ കണ്ടീഷൻ തന്നെ. രാത്രി എന്റെ ഹസ് അവിടെ നിൽക്കും , പകൽ ഞാനും. അങ്ങോട്ടിറങ്ങ്വായിരുന്നു ഞാൻ, അപ്പോഴാ നീ വന്നത്. അല്ല, അഡ്രസ്സ് എങ്ങിനെ കണ്ടുപിടിച്ചു ?"


"കുറച്ച് ബുദ്ധിമുട്ടി. മമ്മയുടെ ഡയറിയിൽ ഉണ്ടായിരുന്നത് പാലക്കാട് ഉള്ള വീടിന്റെയായിരുന്നു. അവിടെപ്പോയപ്പോഴാണ് നിങ്ങൾ കോയമ്പത്തൂർ ഷിഫ്റ്റ്‌ ചെയ്തു എന്നറിയുന്നത്. പിന്നെയും പലരോടും സംസാരിച്ച് ഏകദേശം ലൊക്കേഷൻ കിട്ടി. അതുവെച്ച് കണ്ടുപിടിച്ചു."


"മമ്മയ്ക്ക് ?"


"പോയി. രണ്ടാഴ്ചയായി."


അനു സോഫയിൽ തളർന്നിരുന്നു. നിശ്ശബ്ദമായി കുറച്ച് സമയം ഞങ്ങളിരുന്നു. അവരുടെ കണ്ണിലും നനവുണ്ടായിരുന്നു.


"അപ്പോൾ ഏകദേശം ആ സമയത്ത് തന്നെയാണ് അച്ഛനും. അവർക്ക് തമ്മിൽ ഇപ്പോഴും ആ കണക്ഷനുണ്ടല്ലേ. പുറം ലോകമറിയാതെ. മൊബൈലും, മെയിലും, കത്തും ഒന്നുമില്ലാതെ തന്നെ ?"


"ദീദീ, അവരെ ഒരിക്കലും ഒന്നിച്ചു ചേരാൻ സമ്മതിക്കാഞ്ഞത് ഞാനായിരുന്നു അല്ലേ ?"


നീയൊറ്റക്കല്ലല്ലോ. ഞാനും നീയും അവരുടെ രണ്ടു പേരുടേയും കുടുംബങ്ങളും എല്ലാവരും ഉത്തരവാദികളല്ലേ ?


"എനിക്കറിയില്ല ദീദീ. അന്നദ്ദേഹം ഫ്ലാറ്റിൽ നിന്നും ഇറങ്ങിപോയത് , ഞാൻ മാത്രമായിരുന്നു അതിനു കാരണം. അതോടെയാണ് എല്ലാം മാറിയത്. "


ഇത്രയും കാലം കഴിഞ്ഞിട്ടും കുറ്റബോധം എന്നെ വിട്ടൊഴിയുന്നില്ല. ഇനി എന്ത് ചെയ്താലും അതിന് ഫലവുമില്ല. ഒരു ടീനേജറുടെ വാശി, എന്റെ മമ്മ എന്റെ മാത്രമായാൽ മതി എന്ന പൊസസിവ്നെസ്. അതു മാത്രമേ അതിനു കാരണമായുള്ളൂ. പക്ഷേ എന്റെ വാക്കുകൾ അദ്ദേഹം ക്ഷമിച്ചപ്പോഴും മമ്മ ഒരിക്കലും ക്ഷമിച്ചില്ലായീരുന്നു. വാശിക്ക് മമ്മ ഒരിക്കലും പിറകിലായിരുന്നില്ല. ആ വാശിയാണല്ലോ മമ്മയെ, വിവാഹശേഷം വീണ്ടും അദ്ദേഹവുമായി അടുപ്പിച്ചത്.

◆◆◆◆◆◆

എഴുപതുകളിലെ ഒരു വെക്കേഷൻ സമയത്താണ്, പാലക്കാട്ടുകാരൻ എൻ. രാമചന്ദ്രൻ, ചെന്നൈയിലെ ആവഡിയിലെ ആർമി ക്വാർട്ടേഴ്സിൽ എത്തുന്നത്. ചെറിയച്ഛൻ ഭാസി എന്ന് വിളിക്കുന്ന ഭാസ്‌കരൻ നായർ അന്ന് കുടുംബമായി അവിടെയാണ്. ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന രാമചന്ദ്രന് ഒരു ജോലി ശരിയാക്കാൻ ഭാസിക്ക് സാധിക്കും എന്നായിരുന്നു അതിനു പിന്നിലെ വിചാരം. രണ്ടു മാസം അവിടെ നിന്നെങ്കിലും, ഇന്ത്യൻ ബാങ്കിൽ ഒരു ഓഫീസർ ജോലിയുമായാണ് രാമചന്ദ്രൻ തിരിച്ചു പോയത്. ഇതേ സമയത്ത് തന്നെയാണ് ജാഹ്നവി എന്ന പോർട്ട് ബ്ലെയർ വാസിയായ ബംഗാളി പെൺകുട്ടി രാമചന്ദ്രനുമായി ചങ്ങാത്തത്തിലാവുന്നതും.


ഒരേതരം ഇഷ്ടാനിഷ്ടങ്ങൾ ആയിരുന്നു രണ്ടു പേർക്കും. പുസ്തകങ്ങൾ, സിനിമ, ചെസ്സ് അങ്ങിനെയങ്ങിനെ. നല്ലൊരു ഗായിക കൂടിയായിരുന്നു ജാഹ്നവി. അതവരെ കൂടുതൽ അടുപ്പിച്ചു. പക്ഷെ അടുപ്പത്തിന് അധികം ആയുസ്സുണ്ടായില്ലെന്ന് മാത്രം. വെക്കേഷൻ കഴിഞ്ഞ് അവൾക്ക് തിരിച്ച് ദ്വീപിലേക്ക് തന്നെ പോകേണ്ടി വന്നു. ജോലിയിലെ ആദ്യത്തെ പോസ്റ്റിങ് കണ്ണൂരിലായതു കൊണ്ട് രാമചന്ദ്രനും പോകാതെ പറ്റാതായി. ജാഹ്നവിയുടെ മാമനും , ഭാസിയും നല്ല അടുപ്പത്തിലായതു കൊണ്ട്, ബന്ധം മുറിഞ്ഞു പോവില്ല എന്ന വിശ്വാസത്തിലാണ് അന്നവർ പിരിഞ്ഞത്. പരസ്പരം അഡ്രസ്സ് കൊടുത്ത് മറക്കാതെ കത്തയക്കണമെന്നും, പറ്റിയാൽ രണ്ടു ദിവസത്തിൽ ഒന്നെങ്കിലും അയക്കണമെന്നും പറഞ്ഞാണ് അന്നവർ പിരിഞ്ഞത്.


ആദ്യത്തെ കുറച്ചു കാലം അതങ്ങിനെ തന്നെ തുടർന്നു. അവളുടെ കത്തുകളിൽ അച്ഛൻ ഈ ബന്ധം അറിഞ്ഞ് ദേഷ്യപ്പെട്ടെന്നും, പല കത്തുകളും അവൾക്ക് കിട്ടാറില്ലെന്നും എഴുതിയിരുന്നു. എങ്കിലും അവളെ മറക്കരുതെന്നും എങ്ങിനെയെങ്കിലും അങ്ങോട്ട് വന്ന് അവളുടെ അച്ഛനുമായി സംസാരിച്ച് എല്ലാം ശരിയാക്കണമെന്നും അവളെഴുതി. കാത്തിരിക്കണമെന്നും , നീയില്ലാതെ ജീവിതമില്ലെന്നും അവനും; എന്നിട്ടും ഒന്നും അവരുടെ ഇഷ്ടത്തിനായിരുന്നില്ല നീങ്ങിയത്. കരുക്കൾ നീക്കുന്നത് മറ്റാരോ ആണല്ലോ.

◆◆◆◆◆◆◆

"നിനക്ക് അച്ഛനെ കാണണ്ടേ ?"


അനുദീദിയുടെ ചോദ്യമാണ് എന്നെ ആലോചനകളിൽ നിന്നുയർത്തിയത്. ഒരു ചുഴിയിൽ നിന്നുയർന്ന പോലെയായിരുന്നു എന്റെ മനസ്സ്.


"വേണം. പോവാം ?"


"നിന്റെ കാറ് വിട്ടോ. എന്റെ വണ്ടിയുണ്ടല്ലോ"


ടാക്സിയുടെ കണക്ക് തീർക്കുമ്പോഴേക്ക് , അവൾ കാറ് പുറത്തേക്കെടുത്തു. ഞാൻ വേഗം അതിൽ കയറി.


"അന്ന് ഞങ്ങൾ പോയതിന് ശേഷം , പിന്നെന്താ സംഭവിച്ചത് ?"


"ആ കൊല്ലത്തെ സ്കൂൾ കഴിഞ്ഞതും, മമ്മ ട്രാൻസ്ഫർ വാങ്ങിച്ചു. പപ്പ ഇല്ലാതെ മമ്മയ്ക്ക് അവിടെ നിൽക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ഞാൻ പറഞ്ഞ വാക്കുകൾക്ക് ഞാനെത്രയോ തവണ രണ്ടു പേരോടും മാപ്പു ചോദിച്ചെന്നറിയുമോ ? മമ്മ പക്ഷേ ഇത്രയും കാലം എന്നോട് 'സാരമില്ല' എന്നൊരു വാക്കു പോലും പറഞ്ഞിട്ടില്ല. മൂന്നു കൊല്ലം കഴിഞ്ഞ് ഞാൻ എഞ്ചിനീയറിംഗിന് ചേർന്നതിന് ശേഷം , എന്റെ ഹോസ്റ്റലിൽ മമ്മ വന്നു. വോളണ്ടറി റിട്ടയർമെന്റ് എടുത്ത് തിരികെ പോർട്ട് ബ്ലെയർ പോവുകയാണെന്ന് പറയാൻ. നിങ്ങളെ ആരെയും കാണാൻ എനിക്ക് ഒരു വഴിയും ഇല്ലായിരുന്നു."


"നീ വന്നു കണ്ടത് അച്ഛൻ എന്നോട് പറഞ്ഞിരുന്നു. നീ വല്ലാതെ കരഞ്ഞു എന്നും പറഞ്ഞു. അവന് ദേഷ്യം പിടിക്കാനും സങ്കടം പറയാനും നമ്മളല്ലാതെ വേറാരും ഇല്ലല്ലോ എന്ന് എപ്പോഴും പറയും. എല്ലാം ശരിയാക്കാം എന്ന് കരുതിയപ്പോഴേക്കും, മമ്മ ആരുടെയോ കൈവശം ഒരു കത്ത് കൊടുത്തയച്ചിരുന്നു. നിങ്ങളെ രണ്ടു പേരേയും കാണാൻ ശ്രമിക്കരുത്, അനുവിന്റെ ഭാവിയോർക്കണം എന്നൊക്കെ പറഞ്ഞ്. അച്ഛനെ നോക്കണം എന്നു പറഞ്ഞ് എനിക്കും ഒരെഴുത്തുണ്ടായിരുന്നു. അമ്മയില്ലാത്തതിന്റെ കുറവ് ഒരിക്കലും എന്നെയറിയിച്ചിരുന്നില്ല നിന്റെ മമ്മ."


ഒരു മണിക്കൂർ ഓട്ടമുണ്ടായിരുന്നു ആശുപത്രിയിലേക്ക്. അനുദീദിയുടെ ഭർത്താവ് ഗൾഫിൽ എഞ്ചിനീയറാണ്. ICU വിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. എന്നെ പരിചയപ്പെടുത്തി.


"നീ അകത്തു കയറി കണ്ടോ. ഒരു സമയം ഒരാളെയേ കേറാൻ അനുവദിക്കൂ."


ഞാൻ ഷൂ ഊരിയിട്ട് ഉള്ളിലേക്ക് കയറി. പുറത്ത് നിന്നിരുന്ന നഴ്സ് എന്റെ ദേഹത്ത് കൂടി വേറൊരു വസ്ത്രം ധരിപ്പിച്ചാണ് ഉള്ളിലേക്ക് വിട്ടത്. നിറയെ റ്റ്യൂബുകളും മോണിറ്ററുകളുമായി പപ്പ കിടക്കുന്നു.


ഒരു പത്തു വർഷം മുമ്പെങ്കിലും വാശി പിടിച്ചായാലും അവരെ ഒരുമിപ്പിക്കാമായിരുന്നു. എങ്കിൽ രണ്ടു പേരേയും ഇപ്പോഴും കാണാമായിരുന്നു.


ഞാൻ പപ്പയുടെ അടുത്തുള്ള കസേരയിലിരുന്നു. പതിയെ അദ്ദേഹത്തിന്റെ കൈയ്യ് എന്റെ കയ്യിനുള്ളിൽ വെച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ അടഞ്ഞ കൺപോളകൾക്കടിയിലൂടെ ചലിക്കുന്നത് ഞാൻ അറിഞ്ഞു. എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. ഞാനെന്റെ ചെവി അദ്ദേഹത്തിന്റെ മുഖത്തോട് അടുപ്പിച്ചു. വളരെ പതിയെ ഞാനദ്ദേഹം പറയുന്നത് ശ്രദ്ധിച്ചു കേട്ടു.


"ജാഹ്നവി."


എന്റെ കൈകൾ മമ്മയുടേത് പോലെയായിരിക്കാം ചിലപ്പോൾ. അതുകൊണ്ടാണോ പപ്പയ്ക്ക് അങ്ങിനെ തോന്നിയത് ? അതോ എന്റെ കൂടെ ആ അശോകപുഷ്പങ്ങളുടെ ഗന്ധവുമുണ്ടോ ?


അദ്ദേഹത്തിന്റെ നെഞ്ചിൽ തല വെച്ച് ഒന്ന് കരയണമായിരുന്നു എനിക്ക്. ഒരിക്കൽ കൂടി ഒന്ന് മാപ്പു പറയാൻ. വീണ്ടും എന്നെ പഴയ പോലെ സ്നേഹിക്കാൻ പറയണമായിരുന്നു.


കുറെനേരം ഞാനവിടെ തന്നെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു നഴ്സ് വന്ന് എന്നോട് പുറത്തിരിക്കാൻ പറഞ്ഞപ്പോൾ പൂർണ്ണമായും ഇഷ്ടമായിട്ടല്ലെങ്കിലും, ഞാനെന്റെ കൈ മെല്ലെ എടുത്തു.


പുറത്ത് അനുദീദീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാനവളുടെ അടുത്ത് പോയിരുന്നു. ദീദീ മെല്ലെ പഴയ ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.


"നീ ജനിക്കുമ്പോഴുള്ള കഥ ഒരിക്കൽ പറഞ്ഞിരുന്നു അച്ഛൻ. അച്ഛൻ രണ്ടാമത് മ്മയെ കാണുമ്പോൾ മമ്മ ഗർഭിണിയായിരുന്നു. അച്ഛൻ അന്ന് ബാങ്കിന്റെ ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റിലാണ്.ഇവിടെ നിന്ന് അമ്മയില്ലാത്ത മൂന്നു വയസ്സുകാരിയേയും കൂട്ടി ട്രാൻസ്ഫർ കിട്ടി വന്നതാണ്. ഒറ്റയ്ക്കായിരുന്ന മമ്മ. വാശിക്ക് പഠിച്ച്, എഴുതി, അതേ ബാങ്കിൽ ജോലി വാങ്ങിച്ച് ട്രെയിനിങ്ങിന് എത്തിയതായിരുന്നു. പതിവു പോലെ അയാൾ രണ്ടാം പ്രാവശ്യവും ഗർഭിണിയായ മമ്മയെ വിട്ട് മറ്റേതോ പെണ്ണിന്റെ കൂടെ പോയിരുന്നു. പൂർണ്ണഗർഭിണിയായ മമ്മയ്ക്ക് പെയ്ൻ വന്നപ്പോൾ, ആശുപത്രിയിൽ കൊണ്ടുപോയതും ഭർത്താവിന്റെ കോളത്തിൽ ഒപ്പ് വെച്ചതും അച്ഛനായിരുന്നു."

◆◆◆◆◆◆◆◆◆

ഇടയ്ക്ക് വെച്ച് കിട്ടാതായിപ്പോയ കത്തുകളാണ് അവരുടെ ജീവിതത്തെ തന്നെ മാറ്റിയത്. അവൾക്ക് വന്ന കത്തുകൾ എല്ലാംതന്നെ അവളുടെ അച്ഛന്റെ കസ്റ്റഡിയിൽ ആയപ്പോൾ, മറുപടി ഇല്ലാതെ തന്നെ അവൻ കുറെക്കാലം കത്തുകൾ അയച്ചു കൊണ്ടിരുന്നു. പിന്നെ ഉള്ളു നീറുന്ന വേദനയോടെയാണെങ്കിലും അവനാ സത്യവുമായി പൊരുത്തപ്പെട്ടു: അവൾ അവനെ മറന്നു കഴിഞ്ഞിരിക്കുന്നു...


പക്ഷെ അവളെ മറക്കാൻ അത്രയെളുപ്പം അവനാവുമായിരുന്നില്ല. അതുകൊണ്ട് വീട്ടിൽ നിന്നും വിവാഹത്തിനുള്ള എല്ലാ നിർദ്ദേശങ്ങളും അവൻ പലവിധത്തിൽ ഒഴിവാക്കി. എന്നിട്ടും ഒടുക്കം അമ്മയുടെ കണ്ണീരിനും , ആ ഗോസായിപെണ്ണിനെ നോക്കിയിരുന്നാൽ , ഞാൻ ചത്തു കളയും എന്നൊക്കെയുള്ള ഭീഷണിക്ക് മുൻപിൽ അവന് മുട്ടു മടക്കേണ്ടി വന്നു. അതിനിടയിലാണ്, ഭാസിയുടെ മകൾ ഹേമ അവന് രഹസ്യമായി ആ വിവരം കൊടുക്കുന്നത്; ജാഹ്നവിയുടെ വിവാഹം കഴിഞ്ഞ വിവരം.


അതോടെ കാത്തു നിൽക്കാനാരുമില്ല എന്നുറപ്പിച്ച ശേഷമാണ് അയാൾ സുചിത്രയുമായുള്ള വിവാഹത്തിന് സമ്മതം മൂളിയത്. പക്ഷേ ദൗർഭാഗ്യം എന്നേ പറയേണ്ടൂ,


വിവാഹത്തിന് കൃത്യം ഒരു വർഷത്തിന് ശേഷം പ്രസവത്തോടെ സുചിത്ര മരിക്കുകയും, കൈക്കുഞ്ഞായ അനുവുമൊത്ത് അയാൾ വീണ്ടും ഒറ്റയ്ക്കാവുകയൂം ചെയ്തു. മൂന്നു കൊല്ലങ്ങൾക്ക് ശേഷം ജാഹ്നവിയെ ആ ട്രെയിനിങ് റൂമിൽ വെച്ച് കാണുന്ന വരെ.

◆◆◆◆◆◆◆◆◆◆◆

വീണ്ടും കണ്ടുമുട്ടിയതിനു ശേഷം അകലാനുള്ള സാഹചര്യം രണ്ടു പേരും ഉണ്ടാക്കിയില്ല. പരസ്പരമുള്ള സാന്നിധ്യം ഇരുകൂട്ടർക്കും ആവശ്യമായിരുന്നു. വളർന്നു വരുന്ന ഒരു പെൺകുട്ടിയെ എങ്ങിനെ വളർത്തണം എന്നുള്ളത് രാമചന്ദ്രന് ചിന്താവിഷയം തന്നെയായിരുന്നു. അത് ജാഹ്നവി ഭംഗിയായി കൈകാര്യം ചെയ്തു. എന്നിട്ടും എന്തേ അവർ വിവാഹിതരായില്ല എന്നതിന് , അവരങ്ങനെ ഒരു ബന്ധനത്തിൽ വിശ്വസിച്ചില്ല എന്നേ എനിക്ക് പറയാൻ പറ്റൂ. മാത്രമല്ല, ജാഹ്നവിയ്ക്ക് ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം ലഭിച്ചിരുന്നതുമില്ല. അതുകൊണ്ട് തന്നെ അവർ രണ്ട് ക്വാർട്ടേഴ്സിൽ ആയാണ് താമസിച്ചിരുന്നത്. അനു മുഴുവൻ സമയവും ജാഹ്നവിയുടെ കൂടെ തന്നെയായിരുന്നു. മമ്മ അവൾക്ക് ജീവനായിരുന്നു. പ്രദ്യു അവളുടെ കുഞ്ഞനിയനും. പത്തു പതിമൂന്ന് വർഷം തടസ്സമില്ലാതെ ഒഴുകിയ അവരുടെ ജീവിതം പക്ഷെ, മനുഷ്യരുടെ അസൂയയും കുശുമ്പും കൊണ്ടുള്ള ആക്രമണവും കൈയ്യേറ്റവും കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

◆◆◆◆◆◆◆◆◆

ഞങ്ങളുടെ ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് അടുത്ത ഫ്ലാറ്റിലെ അവിനാഷുമായി ചെറിയൊരു അടിപിടിയുണ്ടായത്.അടിയിൽ ഞാൻ ജയിച്ചെങ്കിലും, ജീവിതത്തിൽ എന്നെ തോൽപിക്കാനുള്ള തീ കൊളുത്തിയാണ് അവൻ പോയത്.


അടികിട്ടി ചോരയൊലിപ്പിച്ച് അവൻ പോയി, കുറച്ചു കഴിഞ്ഞപ്പോൾ വന്നത് അവന്റെ അമ്മയായിരുന്നു. ആ കോളനിയിലെ എല്ലാവരുടെയും പേടിസ്വപ്‌നമായിരുന്നു അവന്റെ അമ്മ. നാക്കിന് നാലു മുഴമല്ല, എട്ടു മുഴം നീളം. ആരോടാണ് എന്താണ് പറയുന്നത് എന്നൊന്നും ഇല്ല. വലിയ ഒച്ചയിൽ സംസാരിക്കുന്ന നാട്ടിൻപുറത്തുകാരി.


വന്നപിടെ തുടങ്ങി. ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ല. കേട്ടു നിന്നു. പക്ഷേ പിന്നെയാണ് അവരെന്നെ വിളിച്ചത്,

"തന്തയില്ലാത്തവൻ."


ഞാനൊന്നു ഞെട്ടി. കൈ ചൂണ്ടി അവരുടെ അടുത്തേക്ക് ചെന്നപ്പോഴേക്കും , അടുത്ത പ്രഹരം.

"മേനോൻ സാറ് വെച്ചുകൊണ്ടിരിക്കുന്നതു കൊണ്ട് , എന്തുമാവാമെന്നായോ തള്ളയ്ക്കും മോനും ? ഭർത്താവുണ്ടായിട്ടും വേറൊരുത്തന്റെ കൂടെ. പ്ഫൂ..."


ഞാൻ തളർന്നു പോയി. ഒരു പതിനാല് വയസുകാരന് ഇതിന്റെ അർത്ഥം മനസ്സിലാകാതിരിക്കില്ലല്ലോ. പലതും സ്വരം താഴ്ത്തി പലരും പറയുന്നത് മുൻപ് കേട്ടിട്ടുണ്ടായിരുന്നു. പക്ഷെ അതെല്ലാം മനസ്സിലാവുന്നതിനുള്ള പ്രായം അന്നെനിക്കുണ്ടായിരുന്നില്ല. ഞാൻ പപ്പയുടേയും മ്മയുടേയും പോലെയല്ലല്ലോ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്, പക്ഷെ അതിന്റെ കാരണം ഇങ്ങനെയൊന്നാവുമെന്ന് ആലോചിച്ചു കൂടിയില്ല.


നിന്ന നിൽപിൽ അപ്രത്യക്ഷനാവാനുള്ള വല്ല വഴിയും ഉണ്ടെങ്കിൽ എന്ന് ആത്മാർത്ഥമായും ആഗ്രഹിച്ച നിമിഷങ്ങൾ.

ചുറ്റുമുയരുന്ന ആർപ്പുവിളികൾ, കളിയാക്കലുകൾ. ഒന്നും മിണ്ടാതെ ഞാൻ ഫ്ലാറ്റിലേക്ക് പോയി. എല്ലാവരും എന്നെ നോക്കി അർത്ഥം വെച്ച് ചിരിക്കുന്നു എന്നെനിക്ക് തോന്നി. എല്ലാ നോട്ടവും എന്നിലേക്കാണ്. ജനമധ്യത്തിൽ നഗ്നനാക്കപ്പെട്ട അവസ്ഥ. എല്ലാവരും ചേർന്ന് എന്നെ നഗരത്തിലെ വഴികളിലൂടെയെല്ലാം  നടത്തുന്നു. പിന്നിലാരോ വിളിച്ചു പറയുന്നുമുണ്ട്. അതാ അവന്റെ അമ്മ മറ്റേയാൾടെ കൂടെയാ. അവന്റെ അച്ഛനാരാണെന്ന് അവന് തന്നെ അറിയില്ല. അതു കേട്ട് ആർത്തു ചിരിക്കുന്ന ആൾക്കാർ.


എങ്ങിനെയോ ആടിയുലഞ്ഞ് ഞാൻ ഫ്ലാറ്റിലെത്തി എന്റെ മുറിയിൽ കയറി വാതിലടച്ചു. മമ്മ വന്ന് വിളിച്ചപ്പോഴും ഞാൻ സുഖമില്ല എന്നു പറഞ്ഞ് കതകടച്ച് ഇരുപ്പായിരുന്നു.


രാത്രി വൈകിയാണ് പപ്പ വരാറ് . വന്നാൽ എനിക്ക് ചോക്ലേറ്റും തന്ന് , ഭക്ഷണം കഴിഞ്ഞ് , അനുവിനെ കൂട്ടി തൊട്ടപ്പുറത്തെ ഫ്ലാറ്റിലേക്ക് പോകും. അന്നും പതിവ് പോലെ കയ്യിൽ ചോക്ലേറ്റുമായി അദ്ദേഹം വന്നു. സുഖമില്ലാതെ കിടക്കുകയാണെന്ന് കേട്ടപ്പോൾ മുറി തുറന്ന് എന്നെ കാണാൻ വന്നു.


മനസ്സുലഞ്ഞ് മുഴുവൻ ലോകത്തോടും പകയും, ദേഷ്യവുമായി നിൽക്കുന്ന ഒരു പതിനാലുകാരനെ നിങ്ങൾ ഉപദേശിക്കാൻ പോയിട്ടുണ്ടോ ? ഇല്ലെങ്കിൽ പോകരുത്. ജീവിതത്തിൽ നിങ്ങളത് മറക്കില്ല. ചെയ്യുന്നതോ പറയുന്നതോ എന്തെന്നോ, ആരോടെന്നോ അറിയാത്ത പ്രായം, അതുതന്നെയാണ് അന്നു സംഭവിച്ചത്. ഞാനെന്തൊക്കെയാണ് പറഞ്ഞതെന്ന് എനിക്കോർമ്മയില്ല. പക്ഷേ, ഇനി ഈ വീട്ടിൽ വരരുതെന്നും, നിങ്ങളെ എനിക്ക് കാണേണ്ടെന്നും , വളരെ മൂർച്ചയേറിയ വാക്കുകളാൽ തന്നെ ഞാൻ പറഞ്ഞു. ഓടി വന്ന മമ്മ എന്റെ മുഖത്തടിച്ചത് എനിക്കോർമ്മയുണ്ട്. ഞാൻ വാതിലടച്ചു. പുറത്ത് മമ്മയുടെ തേങ്ങിക്കരച്ചിൽ രാത്രി മുഴുവൻ കേട്ടു. പപ്പ ഒരുപക്ഷേ കൂടെ ഇരുന്നിട്ടുണ്ടാവും. എന്റെ വാക്കുകൾ അവരുടെ ഹൃദയത്തിനെ കീറി മുറിച്ചിട്ടുണ്ടാവണം. ഇനിയും തുന്നിചേർക്കാൻ കഴിയാത്തത്രയും ആഴത്തിൽ.


പിറ്റേന്ന് മുറിക്ക് പുറത്ത് വന്നപ്പോൾ മമ്മ ഉണ്ടായിരുന്നു. ജോലിക്ക് പോകാതെ വീട്ടിൽ തന്നെയായിരുന്നു അന്ന് മുഴുവൻ. വൈകിട്ടായപ്പോൾ എന്നെ വിളിച്ചിരുത്തി പറഞ്ഞു.


"ഇനി നിനക്ക് ഞാനും എനിക്ക് നീയും മാത്രമേ ഉള്ളൂ. മറ്റാരും നമ്മുടെ ജീവിതത്തിൽ ഇല്ല. മനസ്സിലാവുന്നുണ്ടോ ? ഇനി നിനക്ക് നിന്റെ യഥാർത്ഥത്തിലുള്ള അച്ഛന്റെ അടുത്ത് പോകണം എന്നുണ്ടെങ്കിൽ, അഡ്രസ്സ് ഞാൻ തരാം . പോയി കണ്ടു പിടിച്ചോളൂ. പക്ഷേ എന്റെ ജീവിതത്തിലേക്ക് കൊണ്ടു വരരുത്."


"എന്റെ ജീവിതത്തിൽ ഞാൻ വേണം എന്ന് വിചാരിച്ചത് ഒന്നേയുണ്ടായിരുന്നുള്ളൂ. രാമു, നിനക്ക് വേണ്ടി ഞാൻ അതും ഒഴിവാക്കുകയാണ്."

◆◆◆◆◆◆◆◆◆

ഞാൻ പിന്നെ ഗ്രൗണ്ടിൽ കളിക്കാൻ പോയിട്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് , ഞാൻ പഴയ കാര്യങ്ങൾ ഓർത്തു. ഒരിക്കലും അദ്ദേഹം എന്റെ അച്ഛനല്ലെന്ന് തോന്നാനുള്ള ഒരു കാരണവും ഉണ്ടായിട്ടില്ല. ആലോചിച്ച് എന്റെ മനസ്സൊന്നടങ്ങിയപ്പോൾ, ഞാൻ പപ്പയെ കാണാൻ പോയി. മാപ്പു പറഞ്ഞു. പക്ഷേ പപ്പ പറഞ്ഞത് മമ്മയുടെ തീരുമാനമാണ് ശരി എന്നാണ്. മൂന്നു വർഷം കൂടി മമ്മ ജോലി ചെയ്തു. പിന്നെ തിരികെ ദ്വീപിലേക്ക്, നാൽപത്തഞ്ചാം വയസ്സിൽ, ഒരു ഏകാന്തവാസത്തിന്.

ഞാൻ, എന്റെ പഠനം, ജോലി അതിലേക്ക് ശ്രദ്ധ മുഴുവൻ തിരിച്ചു. എന്നാലും ഇടയ്ക്കിടെ ഞാൻ എന്റെ വിവരക്കേട് വരുത്തിവെച്ച അനർത്ഥങ്ങളെ പറ്റിയോർത്ത് നെടുവീർപ്പിടാറുണ്ടായിരുന്നു. പലപ്പോഴും ഞാൻ മമ്മയെ കാണുമ്പോൾ ചോദിക്കാറുണ്ടായിരുന്നു, കുട്ടിക്കാലത്തെ ഒരു മണ്ടത്തരമല്ലേ , ക്ഷമിച്ചുകൂടേയെന്ന്. മമ്മ ഒന്നും മിണ്ടാറില്ല.


മമ്മ ദിവസവും ബീച്ചിൽ പോയി വൻകരയുടെ ഭാഗത്തേയ്ക്ക് നോക്കി നിൽക്കുമായിരുന്നു എന്നാണ് അയൽക്കാർ പറയാറ്. ആരോ വരുന്നതും കാത്ത് നിൽക്കുന്ന പോലെ.


പതിനഞ്ച് വർഷങ്ങൾക്കിപ്പുറം, ഞാൻ വീണ്ടും ഇതേ കാര്യം ചോദിച്ചിരുന്നു. അപ്പോൾ മമ്മ എന്നോട് രണ്ടു കാര്യങ്ങളാണ് ആവശ്യപ്പെട്ടത്,


"ഒന്ന്, കുറച്ച് ആഭരണങ്ങൾ ലോക്കറിലുണ്ട്, അനുവിന്റെ വിവാഹത്തിന് വേണ്ടി വെച്ചതാണ്, അത് അവളെ ഏൽപിക്കണം. രണ്ട്, മരിച്ചു കഴിഞ്ഞാൽ ചിതാഭസ്മം ഒരു കലശത്തിലാക്കി രാമുവിന് ഇഷ്ടപ്പെട്ട ഒരു അശോകമരമുണ്ട്, അവിടെ, അതിനു ചുവട്ടിൽ കുഴിച്ചിടണം."


"അമ്പത്തേഴു വയസ്സ് ഒരാൾക്ക് മരിക്കാനുള്ള പ്രായമാണോ ദീദീ ?"


പിന്നേയും നീണ്ട നിശ്ശബ്ദത. പറയാൻ ഞങ്ങൾക്കിടയിൽ വാക്കുകൾ ഇല്ലാത്ത പോലെ. പക്ഷെ ആ മൗനത്തിലൂടെ ഞങ്ങൾ മമ്മയെക്കുറിച്ചും , ഞങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ചും ഓർത്തു. അനു വീണ്ടും എന്റെ ചേച്ചിയും, ഞാൻ കുഞ്ഞനുജനുമായി.


അന്ന് സന്ധ്യയോടെ പപ്പയുടെ നിലയിൽ നല്ല പുരോഗതിയുണ്ടായി. കണ്ണ് തുറന്നു. രാത്രി ഞാനദ്ദേഹത്തെ ഉള്ളിൽ കയറി ഒന്നു കൂടി കണ്ടു.


'പ്രദ്യൂ , നീയെത്തിയോ' എന്നൊരു ചോദ്യം മാത്രം ചോദിച്ച് അദ്ദേഹം വീണ്ടും മരുന്നുകൾ നിർബന്ധിച്ച മയക്കത്തിലേക്കാണ്ടു.

ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് ജാഹ്നവിയ്ക്കെന്തു പറ്റി എന്നായിരുന്നു. എല്ലാവരും മടിച്ചെങ്കിലും പപ്പ തന്നെ അവസാനം ചോദിച്ചു.


"അവൾ പോയി അല്ലേ ? എന്നെ ഒറ്റയ്ക്കാക്കിയിട്ട് ?"


അദ്ദേഹം കരയുന്നത് ആദ്യമായിട്ടാണ് കാണുന്നത് എന്നാണ് അടുത്തൊരു ദിവസം അനു പറഞ്ഞത്. എന്നെ അടുത്തു പിടിച്ചിരുത്തി കുറെ നേരം എന്റെ മുടിയിലൂടെ തലോടി, പഴയ പോലെ.


അടുത്ത ദിവസം തന്നെ മമ്മയുടെ ആഗ്രഹം പോലെ, അശോകമരത്തിന്റെ ചുവട്ടിൽ ഒരു കുഴിയെടുത്ത് ഞാനാ കലശം സ്ഥാപിച്ചു.

◆◆◆◆◆◆◆

രാമചന്ദ്രൻ രാവിലത്തെ നേർത്ത വെയിലിൽ അശോകമരത്തിന്റെ ചുവട്ടിലിരുന്നു.


"ജാഹ്നവി", അയാൾ മെല്ലെ വിളിച്ചു.


"നീയെവിടെയും പോയില്ല, എന്റെ കൂടെതന്നെയുണ്ട്."


അയാളുടെ കൈകൾ ആ മണ്ണിനെയും വേരുകളെയും തലോടി നീങ്ങി.


അയാളുടെ വിളി കേട്ടെന്ന പോലെ, ഒരു കാറ്റ് മെല്ലെ വീശി, കുറച്ച് പൂക്കളെ പൊഴിച്ചു. അതേ സമയം , അങ്ങ് അശോകവനിയിലും പൂക്കൾ പൊഴിയുന്നുണ്ടായിരുന്നു. 


Rate this content
Log in

Similar malayalam story from Drama