Sunil Sankar

Drama Romance Inspirational

3.3  

Sunil Sankar

Drama Romance Inspirational

ഇരുൾ മാറി വെയിൽ വന്ന കാലം

ഇരുൾ മാറി വെയിൽ വന്ന കാലം

11 mins
1.5K


" ഡാ മോനേ നീ എവിട്യാടാ ?"


"ഞാൻ വണ്ടൂരാ കുട്ട്യച്ഛാ"


"നീയേ അത്യാവശ്യായി ഒന്ന്ങ്ങട്ട് വരണംട്ടോ. വൈന്നേരായാലും മതി. മറക്കരുത്."


"ശരി. രാത്ര്യാവും ന്നാലും വരാ."


ഇനി അടുത്ത കുരിശ് എന്താണാവോ എന്ന് വിചാരിച്ചാണ് സുധി ഫോൺ വെച്ചത്. ദിവസവും ഒന്നല്ലെങ്കിൽ വേറൊന്ന് എന്ന് പറഞ്ഞ രീതിയിൽ ഓരോന്ന് വന്ന് തലയിൽ വീഴുന്നുണ്ട്. അതിനിടയിൽ ഇനിയിപ്പോ ടെൻഷനാവാൻ ഇത്. ആ നോക്കാം.

രണ്ടു ദിവസം മുമ്പ് ഒരു മരണം. ജീപ്പ് വിളിച്ച വകയിൽ ഉറുപ്പ്യ രണ്ടായിരം. ഞായറാഴ്ച ഒരു കല്യാണം. ബൈക്കിന് പോയെങ്കിലും പയറ്റിന് പോയി ആയിരം. ഇനിയിപ്പോ അടിയന്തിരം എന്നും പറഞ്ഞ് ഒരു സംഖ്യ പൊട്ടും. ഇവരൊക്കെ കെട്ട്ണേനും ചാവ്ണേനും ഒക്കെ പണി നമക്കാ.


വൈകുന്നേരം പണിയൊക്കെ കഴിഞ്ഞെത്തിയപ്പോൾ നേരം എട്ടു മണി കഴിഞ്ഞിരുന്നു. വീട്ടിലെത്തിയപ്പോൾ തന്നെ അമ്മ ചോദിച്ചു


"നെന്നെ കുട്ട്യച്ഛൻ ചോയ്ച്ചിരുന്നൂലോ. കണ്ടിര്ന്നോ ?"


"മറന്നു പോയമ്മേ . ഞാന്ന്നാ ഒന്ന് അവിടെപോയിട്ട് വരാം."


ടോർച്ചുമെടുത്ത് അവനപ്പോൾ തന്നെ ഇറങ്ങി. അപ്പുറത്തെ വീടാണ് കുട്ട്യച്ഛൻ എന്ന് അവൻ വിളിക്കുന്ന അച്ഛന്റെ അനിയൻ ശിവരാമന്റെ വീട്. അച്ഛൻ ഇല്ലാത്ത നിലക്ക് അച്ഛന്റെ സ്ഥാനമാണ്. അച്ഛൻ മരിച്ചതിന് ശേഷം അവൻ ജോലിക്ക് പോയി തുടങ്ങുന്നത് വരെയുള്ള ഒരു മൂന്നു നാലു വർഷം, കുട്ട്യച്ഛനാണ് അവന്റെ വീടും നോക്കി നടത്തിയത്. അതിന്റെ സ്നേഹവും ബഹുമാനവും അവൻ കാണിക്കാറുമുണ്ട്. പക്ഷേ ആളൊരു മടിയനാണ്, പകുതി ദിവസവും പണിക്കെറങ്ങില്ല.


"മാളേ. അച്ഛനെവ്ടേടീ ?" പത്താംക്ലാസ് ആയത് കൊണ്ട് അശ്വതി എന്ന ഞങ്ങളുടെ മാള് ഇപ്പോൾ മുഴുവൻ സമയ പഠനത്തിൽ ആണ്.


"അച്ഛൻ കെടക്ക്ണ്ട്. വല്ല്യേട്ടൻ കേറ്." സംസാരം കേട്ട് കുട്ട്യച്ഛൻ പുറത്തേക്ക് ഇറങ്ങി വന്നു.


"എന്താ കുട്ട്യച്ഛാ കാണണംന്ന് പറഞ്ഞത് ?"


"ഇരിക്കെടാ."


"ഇരുന്നു. ഇനി പറയി."


"ടാ മോനേ, ന്റെ കൂടെ പണിക്ക് വന്ന്ര്ന്ന ഭാസ്‌കരൻ ല്ലേ ?"


"ഏത് ? ആ പാരപെറ്റ്മ്മ്ന് വീണ് മരിച്ച..."


"അതന്നെ. അവന് ഒരു മോള്ണ്ട്. നല്ല കുട്ട്യാ. ഇപ്പോ നഴ്‌സിങ് കഴിഞ്ഞ് നിക്ക്വാണ്. മ്മക്ക് ഓള്യൊന്ന് ആലോചിച്ചാലോ ?"


"ആര്ക്ക്? ഇങ്ങക്കോ ?"


"ഞാനൊന്നങ്ങാട്ട് വെച്ച് തരും. നെണക്കന്നെ. അല്ലാണ്ടാർക്കാ?"


"കുട്ട്യച്ഛാ, ങ്ങക്ക് വല്ല കമ്മീഷനും തടയ്വോ ?"


"യ്യ് ഒരു മാതിരി വർത്താനം പറയര്ത്ട്ടോ. നെന്റെ കണ്ണടച്ച് പൊട്ടിക്ക്യാ വേണ്ടത്."


"തമാശ പറഞ്ഞതല്ലേന്ന്. വിടീ. പക്ഷേ ഞാനിപ്പൊ പെണ്ണൊന്നും കെട്ട്ണില്ല."


"ന്നാലും ഒന്ന് പോയിക്കാണെടാ. ഞാനോരോട് യ്യ് ചെല്ലുംന്ന് പറഞ്ഞ്വോയി."


"ങ്ങള് ഏറ്റതല്ലേ ? പോയി കണ്ടാളി. ഞാൻ വര്ണില്ല."


"യ്യങ്ങനെങ്ങട്ട് പറയല്ലെടാ. ന്റെ മാനം പോവൂലേ."


"പൂവട്ടെ. ന്നോട് ചോയ്ക്കാണ്ടെ പറയാൻ ങ്ങളോട് ആരേ പറഞ്ഞത് ?"


[ഇതൊക്കെ പറഞ്ഞെങ്കിലും സുധി ചെല്ലുമെന്ന് ശിവരാമന് അറിയാം. അതവര് തമ്മിലുള്ള ഒരു പരസ്പരധാരണയാണ്. പിന്നെ എന്ത് കച്ചവടത്തിനും കമ്മീഷൻ വേടിക്കുന്നത് ശിവരാമന് ശീലമായിപ്പോയി. അതറിഞ്ഞു കൊണ്ട് തന്നെയാണ് സുധി ഒന്ന് കുത്തി നോക്കിയത്. എന്തായാലും മൂത്തോര് പറയുന്നത് തട്ടിക്കളയുന്നത് അവന് ശീലമില്ലാത്തതു കൊണ്ടും, അമ്മയറിഞ്ഞാലുള്ള പുകിലോർത്തും, ഞായറാഴ്ച രാവിലെ കൃത്യം ഒമ്പതരയ്ക്ക് അവൻ ശിവരാമന്റെ വീട്ടിലെത്തി.]


"ന്നാ പൂവ്വാല്ലേ കുട്ട്യച്ഛാ?"


"വല്ല്യേട്ടാ ഞാനും വരട്ടേ? "


"മാളേ യ്യവിടെ ഇരിക്കാൻ നോക്ക്. ഞങ്ങളേയ് സിലിമയ്ക്ക് പോവ്വൊന്ന്വല്ല."കുട്ട്യച്ഛൻ ഒച്ചയിട്ടു.


"തിരിച്ചു വരുമ്പം ഏട്ടന്റെ കുട്ടിക്ക് മിട്ടായി കൊണ്ടരാട്ടോ. പോയിട്ട് വല്ല്യമ്മേന്റെ കൂടെയിരുന്നോ." അതിലവള് വീണു. മുഖം തെളിഞ്ഞു. ഒരു റ്റാറ്റയും കൊടുത്ത് അവരിറങ്ങി.


അങ്ങാടിയിലെ ചെറിയ പുഴ നിറഞ്ഞൊഴുകുന്നുണ്ട്. എല്ലാ മഴയത്തും ഇങ്ങനെ തന്നെയാണ്. ആ സമയം ചിലപ്പോൾ ഞങ്ങൾ ഒറ്റപ്പെട്ടു പോവും. പുഴ കടക്കാൻ പറ്റാത്ത വിധത്തിൽ കുത്തിയൊഴുകും, പാലത്തിന്റെ മുകളിൽ കൂടി. കുമാരൻ മാഷിന്റെ പെങ്ങൾ അമ്മിണിയെപ്പോലെയാവും പുഴയപ്പോൾ. കണ്ണിൽ കണ്ടതൊക്കെ തല്ലിപ്പൊട്ടിച്ച്, വലിച്ചെറിഞ്ഞ്, കൂക്കി വിളിച്ച്, തോന്നിയടുത്തു കൂടിയൊക്കെ ഓടി നടന്ന്. പേടിയാവും. പക്ഷെ അത് കഴിഞ്ഞാലോ, പാവം, ഈ സ്ത്രീയാണ് ഇക്കണ്ട അക്രമം മുഴുവൻ കാട്ടിയതെന്ന് പറഞ്ഞാ വിശ്വസിക്കില്ല. പുഴയും അതുപോലൊക്കെ തന്നെ. വേനൽക്കാലത്ത് ഞങ്ങൾ ഇറങ്ങി കളിക്കുന്ന അതേ പുഴയാണ് ഇതെന്ന് പറഞ്ഞാൽ തോന്നില്ല.


"ചെറിയൊരു കലക്ക്ണ്ടല്ലോ കുട്ട്യേ പൊഴയ്ക്ക്."


"മോളിൽ വല്ലടത്തുന്നും മണ്ണൊലിച്ചിട്ടുണ്ടാവും."


"ചെറിയൊരു മഴ പൊടിച്ചില്ണ്ട്. നല്ല ലക്ഷണാ."


സുധി ഒന്നും പറഞ്ഞില്ല. കുട്ട്യച്ഛന് ലക്ഷണത്തിലൊക്കെ വലിയ വിശ്വാസമാണ്. അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തിന്, എന്നോടിതൊന്നും പറയണ്ട എന്നാണ് സുധിയുടെ ഒരു ലൈൻ. വിപ്ലവ പാർട്ടിയുടെ പ്രവർത്തകനാണ്.


[ഏകദേശം ഒരു മണിക്കൂർ കൊണ്ടാണ് അവർ ഉദ്ദേശ സ്ഥലത്തെത്തിയത്. ശിവരാമനെ അവിടെ എല്ലാവർക്കും നല്ല പരിചയമാണ്. ഭാസ്‌കരൻ ഉള്ള സമയത്ത് അയാൾ അവിടെ സ്ഥിരം സന്ദർശകനായിരുന്നു. ഭാസ്കരന്റെ മരണശേഷവും ആ കുട്ടികളെ അയാൾക്ക് വലിയ കാര്യമായിരുന്നു. സ്വന്തം മോളെ പോലെ തന്നെ അവരെയും അയാൾ കണ്ടിരുന്നു. എന്തെങ്കിലും ആവശ്യം വന്നാൽ ഓടിയെത്തിയും, തന്നാൽ ആവുന്ന വിധത്തിൽ അവരെ സഹായിച്ചും, അയാൾ അവർക്കൊരു താങ്ങായി. നഴ്‌സിംഗ് കഴിഞ്ഞ മൂത്ത മോൾക്ക്‌ കല്യാണം ആലോചിച്ചു തുടങ്ങിയപ്പോൾ, സുധിയെകൊണ്ട് കെട്ടിക്കാം എന്ന ആലോചനയും , അവളുടെ ജീവിതം നന്നായിക്കാണാനുള്ള ആഗ്രഹം കൊണ്ടുണ്ടായതാണ്.]


പത്തര മണിയ്ക്ക് ഞങ്ങൾ പെണ്ണ് വീട്ടിലെത്തി. ചെറിയൊരു വീട്. മണ്ണ് തേച്ച ചുമര്. ആങ്ങളമാര് ഉണ്ടാക്കി കൊടുത്തതാണെന്ന് വരുന്ന വഴി കുട്ട്യച്ഛൻ പറഞ്ഞതോർത്തു. മുന്നേക്കൂട്ടി പറഞ്ഞതു കൊണ്ട്, പെണ്ണിന്റെ അമ്മാവൻമാര് മൊത്തം അവിടെ ഹാജരുണ്ട്. സുധിയ്ക്ക് ചെറിയൊരു ചമ്മലുണ്ടായിരുന്നു. ഇത് വല്ല ഉറപ്പിക്കൽ പരിപാടി ആണോ എന്നൊരു സംശയം ഇല്ലാതില്ല. പിന്നെ തന്റെ ഇഷ്ടമില്ലാതെ ഒന്നും നടക്കില്ല എന്നുറപ്പുള്ളതു കൊണ്ട് അവൻ ഉളളിൽ കയറി ഇരുന്നു...


"സരളേ , മോളെ വിളിച്ചാള." കൂട്ടത്തിൽ മൂത്തയാളാണെന്ന് തോന്നുന്നു, വിളിച്ചു പറഞ്ഞു.


അഞ്ചു മിനിട്ട് കഴിഞ്ഞു, പെൺകുട്ടി ഒരു പ്ലേറ്റിൽ ചായഗ്ലാസുകളുമായി പ്രത്യക്ഷപ്പെട്ടു. കൂടെ കുട്ടിയുടെ അമ്മയും പതിവ് പോലെ ചിപ്സും, മിക്സ്ചറും ആയി അകമ്പടി വന്നു. എല്ലാവരും കൂടി എന്നെയാണ് നോക്കുന്നത്. ഞാനെന്താ സർക്കസിലെ സിംഹമോ ?


"ടാ നിനക്ക് പെണ്ണിനോട് വല്ലതും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ ആയിക്കോ." മനുഷ്യൻ പെണ്ണിനെ മര്യാദയ്ക്ക് കണ്ടിട്ടില്ല. അപ്പഴാ ഈ കുട്ട്യച്ഛന്റെ ഒരു ചോദ്യം. ഞാൻ മെല്ലെ തല കുലുക്കി.


"ന്നാ ഓര് രണ്ടാളും എന്തെങ്കിലൊക്കെ ഒന്ന് മിണ്ടിം പറഞ്ഞും ഇരിക്കട്ടെ . മ്മക്ക് അപ്രത്തേക്ക് പൂവാം." മൂപ്പര് എല്ലാവരോടുമായി പറഞ്ഞു .


എല്ലവരേയും ആട്ടിത്തെളിച്ച് കുട്ട്യച്ഛൻ അപ്പുറത്തേക്ക് പോയി. ആ ചെറിയ മുറിയിൽ ഞാനും അവളും മാത്രമായി .

ഞാനവളെ മെല്ലെയൊന്ന് തലയുയർത്തി നോക്കി. അവൾ താഴേക്കും നോക്കി നിക്കുന്നു. ഞാനൊന്ന് മുരടനക്കി.


"എന്താ പേര്?" ഞാൻ ചെറുതായൊന്ന് വിക്കിയോ എന്നൊരു സംശയം. അല്ലെങ്കിലും പുറത്തു കാണിക്കുന്ന ധൈര്യം, ഒരു പെണ്ണിനെ അടുത്ത് കണ്ടാൽ ഏതു വഴിക്കാണ് പോണതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല.


"സ്വപ്ന."


അപ്പോഴാണ് ഞാനവളെ ശരിക്കും ശ്രദ്ധിച്ചത്. വളരെ ലളിതമായ ഒരു കറുപ്പ് കര വേഷ്ടിയും മുണ്ടും അതിനു ചേരുന്ന കറുത്ത ബ്ലൗസും ആയിരുന്നു വേഷം. ആദ്യം ശ്രദ്ധയിൽപെട്ടത് നീണ്ടിടതൂർന്ന മുടിയായിരുന്നു. കറുപ്പിന് കുറഞ്ഞൊരു മുൻതൂക്കമുള്ള നിറം, നല്ല ചേലുള്ള ചിരി. ആഭരണങ്ങൾ പറയത്തക്ക ഒന്നുമില്ലെങ്കിലും കാണാൻ നല്ല ഐശ്വര്യമുള്ള മുഖം. പക്ഷെ വേറിട്ട് നിൽക്കുന്നത് അവളുടെ ഇളം പച്ച നിറത്തിലുള്ള കണ്ണുകളായിരുന്നു. പൂച്ചക്കണ്ണുകൾ. ഒറ്റ നോട്ടത്തിൽ തന്നെ കൗതുകവും വാത്സല്യവും തോന്നിക്കുന്ന ഒരു പെണ്ണ്.


"എവിട്യാ പഠിച്ചതൊക്കെ?"


"പ്ലസ് 2 വരെ തിരുവാലി സ്കൂളില്. പിന്നെ നഴ്സിംഗ് കോഴിക്കോട്."


"എന്തെ നഴ്സിംഗ് എടുക്കാൻ ?"


"ഒന്നൂല്ല. പെട്ടെന്ന് ജോലി കിട്ടും, ഇവിടെ ഒരു സഹായായി. പിന്നെ,മെഡിസിനൊക്കെ പഠിക്കാൻ ഒരു പാട് പൈസ ചെലവല്ലേ. ഇവിടെ ആരടുത്താ അതിനുള്ള കാശൊക്കെ?"


"തിരുവാലി സ്കൂളിൽ ഞാൻ വരാറുണ്ട്."


"ഇനിക്കറിയാ . ക്രിക്കറ്റ് കളിക്കാനല്ലേ ? ഞാൻ കണ്ടിട്ടുണ്ട്."


ഞാൻ ചെറിയൊരു സച്ചിൻ ടെണ്ടുൽക്കർ ആണല്ലേ? ഞാനെപ്പഴേ ഇത്രക്ക് ഫേമസ് ആയത്? ചിന്തിച്ചെങ്കിലും ഞാൻ പുറത്തു കാണിച്ചില്ല, ഉത്തരം അവൾ തന്നെ പറഞ്ഞു:

"കളിയ്ക്കാൻ വരുംന്ന് ങ്ങളെ കുട്ട്യച്ഛൻ പറഞ്ഞീര്ന്നു. മൂപ്പര് പറഞ്ഞ് ഇങ്ങളെ എല്ലാരേം ഞങ്ങക്കറിയാ."


"നിനക്ക് ഈ കല്യാണത്തിന് സമ്മതാണോ? ഞാൻ അമ്മേനെ വിടട്ടേ?"


അവളാകെ നാണം കൊണ്ട് ഉലഞ്ഞു പോയി. എന്റെ മുഖത്ത് നോക്കാതെ "ഉം" എന്നൊന്നു തല കുലുക്കി മൂളിയിട്ട്, ചിരിച്ചു കൊണ്ട് അവൾ അടുക്കളയിലേക്ക് ഓടി . ഞാൻ മെല്ലെ പുറത്തേക്കും,എല്ലാവരും പുറത്ത് എന്നെ നോക്കി നിൽക്കുന്നുണ്ട്. കുട്ട്യച്ഛൻ മെല്ലെ എഴുന്നേറ്റു, എല്ലാരോടുമായി പറഞ്ഞു:


"ന്നാ ഞാൻ വിളിക്കാ . ഓന്റെ അമ്മെനോടും ഓരേ വീട്ടുകാരോടും ഒക്കെ ഒന്ന് സംസാരിക്കണല്ലോ."


മൂത്ത അമ്മാവൻ തല കുലുക്കി.


"ന്നാപിന്നെ അങ്ങനെയാവട്ടെ ശിവരാമാ. പെട്ടെന്ന് തന്നെ അറിയിക്ക്. നീട്ടി വെക്കേണ്ട കാര്യോന്നുല്ല്യല്ലോ. എല്ലാർക്കും പറ്റീച്ചാൽ അടുത്ത ധനൂലേക്ക് നോക്കാം."


യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.


കുട്ട്യച്ഛൻ വലിയ സന്തോഷത്തിലായിരുന്നു. ചെങ്ങാതീന്റെ മോളെ സ്വന്തം വീട്ടിലേക്ക് കൊണ്ട് വരുന്നതിന്റെ സന്തോഷം. ഞാൻ പറഞ്ഞതിനപ്പുറം അമ്മയ്ക്കൊന്നുണ്ടാവില്ലാന്ന് മൂപ്പർക്ക് നന്നായറിയാം. പെണ്ണ് കാണാൻ വരുന്നില്ലാന്ന് പറഞ്ഞ ഞാനാണ് ഇപ്പോൾ മൂപ്പരെ ചൂണ്ടേല് കെടന്നു പെടക്കണത്.


"അല്ല കുട്ട്യച്ഛ, ഓരേ നമ്പർ വേടിച്ചില്ലല്ലോ?"


"മോനേ യ്യ് ആ നമ്പറ് അങ്ങട് ഒഴിവാക്കിക്കള, ഒരു തീരുമാനായിട്ട് നമ്പറ് ഞാൻ തന്നെ തരാട്ടോ . യ്യ് വേഗം വണ്ടി വിടാൻ നോക്ക്. മഴയ്ക്ക് മുമ്പ് പൊരേക്കേറാം."


ഞാൻ പിന്നെ കൂടുതലൊന്നും പറഞ്ഞില്ല. വേഗം വിട്ടു. നേരത്തെ എത്തിയാൽ ചോറുണ്ട്, ഒരുറക്കം കഴിഞ്ഞാൽ കളിയ്ക്കാൻ ഇറങ്ങാം. വഴിയിൽ ബീവറേജ് കണ്ടപ്പോൾ പിന്നിൽ നിന്ന് ഒരു തോണ്ടൽ.


"നല്ലോരു ദിവസായിട്ട് ഒന്നൂല്യാണ്ട് എങ്ങെനയാടാ. നീ പോയി ഒന്ന് വേടിച്ചു താ."


കമ്മിഷൻ മൂപ്പര് ഇങ്ങനെ മൊതലാക്കിക്കോളും എന്ന് ഞാൻ മനസ്സിൽ കരുതി. എന്തായാലും പാവല്ലേ, ഒരു ഓൾഡ് മോങ്ക് ക്യൂ നിന്ന് കഷ്ടപ്പെട്ട് വേടിച്ചു. മൂപ്പർക്ക് ഇന്നത്തേക്കും നാളത്തേക്കും ഉള്ളതായി. അവിടന്ന് ഇറങ്ങിയപ്പോ മഴ തുടങ്ങി. അതും വല്ലാത്ത ഒരു മഴ. കുറച്ചു നേരം കടത്തിണ്ണയില് കയറി നിന്ന്. മഴ കുറയാനുള്ള മട്ടും മാതിരിയൊന്നും കാണാത്തൊണ്ട് ഞങ്ങൾ രണ്ടാളും ഓരോ പ്ലാസ്റ്റിക് കവറും വാങ്ങി തലേക്കെട്ടി നാട് പിടിച്ചു. മഴയത്ത് മുന്നിലേക്ക് ശരിക്കും കാണുന്നുണ്ടായിരുന്നില്ല. എങ്ങിനെയോ ഒരു വിധം ഞങ്ങളുടെ അങ്ങാടിയിൽ എത്തിയപ്പോൾ മഴ അതിന്റെ വഴിക്കുപോയി. പുഴ കുത്തിയൊഴുകുന്നു. അതില് മീനിനെ പിടിക്കാനും മുകളിലെ കാട്ടിൽ നിന്നും ഒഴുകി വരുന്ന മരം പിടിക്കാനും ചിലര്, അത് കണ്ടു നിൽക്കാനും, മീനിനെ വാങ്ങാനും വേറെ ചിലര്, ആകെ മൊത്തം രസം തന്നെ. ആകെ നനഞ്ഞു കുതിർന്നതു കൊണ്ട് എനിക്കെങ്ങനെയെങ്കിലും വീടെത്തിയാൽ മതിന്നായിരുന്നു. ഇല്ലെങ്കിൽ ഞാനും ഇറങ്ങിയേനെ ചൂണ്ടയിടാൻ.


വീട്ടിൽ അമ്മയും ചെറിയമ്മയും മാളും വിശേഷമറിയാൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. തോർത്തെടുത്തു തുവർത്തി, നനഞ്ഞ തുണിയൊക്കെ ഒന്ന് മാറ്റി, ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. അമ്മ ചോറെടുത്തു വെച്ചിരുന്നു. ഞങ്ങൾ രണ്ടാളും ഊണ് കഴിച്ചു കഴിയാൻ ക്ഷമയില്ലാതെ കൂടെ മാളും, ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. ഞാൻ എല്ലാത്തിനും ഓരോ മൂളലിലൊതുക്കി. പറയാൻ ഒരു നാണം. കുട്ട്യച്ഛൻ വിശദമായി പറഞ്ഞു കൊടുത്തു. അതും പോരാത്തതിന് ഞാനിപ്പോൾ തന്നെ അവളുടെ നമ്പർ ചോദിച്ചു എന്ന ചൂടൻ വാർത്തയും കൊടുത്തു, ഞാൻ മൂപ്പരെ ഒന്ന് തറപ്പിച്ചു നോക്കി, ഇനി കുപ്പി ചോദിച്ചു വാ, വാങ്ങിത്തരാം എന്ന വിവരം ആ നോട്ടത്തിലൂടെ പകർന്നു കൊടുത്തു.


"അപ്പൊ ഞാനൊന്നു ആങ്ങളമാരോട് പറയട്ടെ ശിവാ, നമക്ക് അടുത്താഴ്ച്ചന്നെ പോയി വളയിടൽ അങ്ങട് നടത്താം. മ്മക്ക് അറിയാത്ത കൂട്ടരൊന്നും അല്ലല്ലോ. ന്നാ പിന്നെ ഓൻ വിളിക്ക്യേ പറയേ എന്താന്ന് വെച്ച ആയിക്കോട്ടെ. എന്തേ, പോരെടാ?"

അമ്മയുടെ ആ അവസാനത്തെ ചോദ്യം എന്നോടാണ്. ഞാനൊന്ന് ഉദാരമനസ്‌കനായി.


" നിങ്ങളെന്താണ് വെച്ചാതീരുമാനിക്ക്. എനിക്കെന്തായാലും കുഴപ്പല്ല്യ."


" ഉം ഉം, ഒന്റയൊരു നാണം. ഒന്ന് പോടാ."


ഇപ്പ്രാവശ്യം ചെറിയമ്മയാണ്. ഇനി മെല്ലെ ഇവിടന്നു മുങ്ങുന്നതാണ് നല്ലത്. അല്ലെങ്കി എല്ലാരും കൂടെ എന്നെ നാറ്റിച്ചു കൊല്ലും. ഞാൻ മെല്ലെ അവിടെ നിന്നു വലിഞ്ഞു, അങ്ങാടിയിലെ ക്ലബ്ബിലേക്ക് നടന്നു. മഴ കഴിഞ്ഞാൽ ഫുട്ബോൾ കളിക്കാം. ഇവിടെയിരുന്നാൽ ഇവരെന്നെ പന്തു തട്ടും.


കളിയും കലുങ്കിലെ വട്ടവും കഴിഞ്ഞ് രാത്രിയായി ഞാൻ വീടെത്താൻ. കുട്ട്യച്ഛനൂം കുടുംബവും അവിടെ തന്നെയുണ്ട്.


"മോനേ, നെന്റെ മാമൻമാരോടൊക്കെ ഞാൻ സംസാരിച്ചു. നിനക്ക് ഇഷ്ടപ്പെട്ട സ്ഥിതിക്ക്, ജാതകം ചേര്ണ്ടെങ്കിൽ, നമക്ക് അടുത്ത ഞായറാഴ്ച വളയിടീൽ നടത്താംന്നാ പറഞ്ഞത്."


"ഇനീപ്പോ ജാതകം നോക്കണോ ? ഇനിക്കതിലൊന്നും വിശ്വാസല്ല്യാന്ന് ങ്ങക്കൊക്കെ അറീണതല്ലേ?"


"അതൊക്കെ നിക്കറീല്ലേടാ? അതോണ്ട്, അതൊക്കെ ഞാൻ നേരത്തെ നോക്കിച്ചു. നല്ല ചേർച്ചയാ. അതിന് ശേഷല്ലേ ഇന്നത്തെ പെണ്ണ് കാണല്. "


അതും പറഞ്ഞ് മൂപ്പരൊരു ചിരി ചിരിച്ചു. കുട്ട്യച്ഛൻ ഇമ്മാതിരി പ്ലാനിംഗ് ഒക്കെ നടത്തീന്ന് എനിക്കും ഒരത്ഭുതമായിരുന്നു. എന്തായാലും കാര്യങ്ങൾ പെട്ടെന്ന് തന്നെ നടന്നു. ലോൺ എടുത്ത് മൂന്നു പവന്റെ വള അമ്മയൂം, അമ്മായിമാരും ഞായറാഴ്ച തന്നെ പോയി ഇട്ടു കൊടുത്തു. ഇനിയിപ്പോ ഫോൺ വിളീക്കാനും, അത്യാവശ്യം ഒന്ന് പോയിക്കാണാനുമൊന്നും തടസ്സമില്ല. പിറ്റേന്ന് തന്നെ പെരിന്തൽമണ്ണയിലെ അവള് ജോലി ചെയ്യുന്ന ആശുപത്രിയിൽ ഞാനെത്തി.


◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆


"ഏതു ഡോക്ടറെയാ കാണേണ്ടത് ?"


വിസിറ്റർസ് ബെഞ്ചിലിരുന്ന എന്നോട് പിന്നിൽ നിന്നും ഒരു ചോദ്യമെത്തി. തിരിഞ്ഞു നോക്കിയപ്പോ സ്വപ്നയും വേറെ രണ്ടു പേരും. എല്ലാരുടേം മുഖത്തു ഒരു കള്ളചിരിയുണ്ട്. ചമ്മിയാലും വിട്ടു കൊടുക്കരുതല്ലോ.


"തല്ക്കാലം നഴ്സിനെ കണ്ടാ മതി. "


അവര് വീണ്ടും ചിരിച്ചു. " ഇപ്പൊ ഡ്യൂട്ടി ടൈമാ. മൂന്നു മണിക്കേ കഴിയൂ. അപ്പൊ കണ്ട മത്യോ?"


"ശരി. ആവട്ടെ. ഞാനെന്ന പോയിട്ട് വരാം. അതേയ്, വന്നത് ഇപ്പൊ തന്നെ വീട്ടിൽ വിളിച്ചു പറയണ്ട. "


അതും പറഞ്ഞു ഞാനിറങ്ങി. 12 മണിയുടെ സിനിമയ്ക്ക് കയറിയാൽ കറക്റ്റ് ആവും. ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞത് കൊണ്ട് ഇന്ന് സമാധാനമുണ്ട്. നേരെ തീയേറ്ററിലേക്ക് വിട്ടു.


സിനിമ കാണുമ്പോഴും മനസ്സിൽ മുഴുവൻ അവളായിരുന്നു. അതുകൊണ്ട് സിനിമ കണ്ടു കഴിഞ്ഞപ്പോൾ എന്തായിരുന്നു കഥ എന്ന് എനിക്ക് ഓർമ്മ കിട്ടിയില്ല. നേരെ ബൈക്കെടുത്ത് ഞാൻ ആശുപത്രിയിലേക്ക് വിട്ടു. പുറത്ത് പാർക്കിങ്ങിലെ ഒരു തണൽ മരത്തിന്റെ ചുവട്ടില് വണ്ടി നിർത്തി അവളെ കാത്തിരുന്നു. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ കണ്ടു, യൂണിഫോം മാറി, ഒരു കോട്ടൺ ചുരിദാറിൽ അവൾ വരുന്നു. ഇളം നിറത്തിലുള്ള ആ ചുരിദാറിൽ അവൾ ഒന്നുകൂടി സുന്ദരിയായിരുന്നു. ഇത്രയും കാലം ഞാനെന്തേ ഇവളെ കാണാതിരുന്നൂ എന്ന് മാത്രം എനിക്ക് തോന്നി.


"നീ വീട്ടിലൊക്കെ അറിയിച്ചിട്ടുണ്ടാവും ല്ലേ?"


"അയ്യോ, സത്യായിട്ടും ഇല്ല്യാട്ടോ. മാമൻമാരറിഞ്ഞാലേ, നല്ല കോലാവും."


"എന്നാ നന്നായി. അന്ന് കണ്ടതിന് ശേഷം, ഒന്നും സംസാരിച്ചില്ല. അതേ ഞാൻ വന്നത്. നിനക്ക് എന്നെ കെട്ടാൻ പൂർണ്ണ സമ്മതാണോന്ന് അറിയില്ലല്ലോ. അതൊന്ന് നേരിട്ട് കണ്ട് ചോദിക്കാംന്ന് കരുതിയാ വന്നത്."


"ഏട്ടന് ഇനീം സംശയംണ്ടോ?" ഒരു ചെറിയ ചിരിയോടെ അവൾ ചോദിച്ചു.


"ഏയ് ഇപ്പോ മാറി." ഞങ്ങൾ രണ്ടാളും ചിരിച്ചു.


"ന്നാ വാ. ഓരോ ജ്യൂസ് കുടിക്കാം." ഞാൻ ക്ഷണിച്ചു.


"അതു വേണോ? ആരെങ്കിലും കണ്ടാപിന്നെ അതുമതി."


"ഓ. സാരല്ല്യാന്ന്. എന്തായാലും ഒറപ്പിക്കല് കഴിഞ്ഞില്ല്യേ . പിന്നെന്താ?"


"ന്നാലും...."


"ഒര്ന്നാലുംല്യ. നീയിങ്ങട് വന്നേ.."


ഞാനവളെ കുറച്ച് നീർബന്ധമായിതന്നെ വിളിച്ചു. കുറച്ചു മടിയോടെയാണെങ്കിലും അവൾ കൂടെ വന്നു. ജ്യൂസ് കുടിച്ച്, സംസാരിച്ച് നേരം പോയതറിഞ്ഞില്ല. പോട്ടേന്നും പറഞ്ഞ് അവളിറങ്ങി, പിന്നാലെ ഞാനും.ഒരു പത്തടി പോയില്ല , ഒരു വശത്തെ ഇടവഴിയിൽ നിന്ന് ഒരു വിളി വന്നു:


"എടീ സ്വപ്നേ, അവിടൊന്നു നിക്ക്." അവളോടൊപ്പം  ഞാന് തിരിഞ്ഞു നോക്കി. കറുത്ത് തടിച്ച പനങ്കുറ്റി പോലൊരുത്തൻ.


"കൃഷ്ണാ , രാജീവേട്ടൻ." അവളുടെ  പതിഞ്ഞ ശബ്ദം  ഞാൻ  കേട്ടു.


അയാൾ ഞങ്ങളുടെ നേർക്ക് വന്നു. ഡ്രൈവർമാരുടെ  കാക്കി ഷർട്ടും മുണ്ടുമാണ് വേഷം. എന്നെ ഒന്ന്  രൂക്ഷമായി നോക്കിയതിനു ശേഷം അവളോട് ചോദിച്ചു :


"ആരാടീ ഇത് ?"


"രാജീവേട്ടാ  ഇതാണ് സുധിയേട്ടൻ . എന്നെ കല്യാണ കഴിക്കാൻ പോണ..."


"കല്യാണം  കഴിക്കാൻ പോണല്ലേ ഉള്ളൂ കഴിഞ്ഞിട്ടൊന്നും  ഇല്ലല്ലോ അല്ലേ? അതിനു മുമ്പേ തുടങ്യോ?"


"അതിനു മാത്രം ഇപ്പൊ എന്താണ്ടായത്?" ഞാൻ  ചോദിച്ചു.

 

എൻ്റെ ചോദ്യം കേൾക്കാത്ത പോലെ അയാൾ പറഞ്ഞത് സ്വപ്നയോടായിരുന്നു.

 

"കല്യാണത്തിന് മുമ്പ് തെണ്ടി നടന്ന് വല്ലതും  പറ്റീട്ടു പിന്ന കെടന്ന്  നെലോളിച്ചിട്ട് കാര്യൊന്നുണ്ടാവില്ല .പള്ളേലാക്കി ഓനങ്ങോട്ടു പോവും. പിന്ന കരഞ്ഞ് വിളിച്ച്  ഇന്റടുത്തു വരണ്ട. "


എനിക്ക് മുഖമടച്ച് ഒരടി കിട്ടിയ പോലായി. അവനെ കുത്തിപിടിക്കാൻ മുന്നോട്ടാഞ്ഞ എന്നെ സ്വപ്ന തടഞ്ഞു. എന്നിട്ടവനോട് പറഞ്ഞു:

 

"ഇനി അങ്ങനെ  സംഭവിച്ചാലും, ഇങ്ങളടെ അടുത്തേക്ക് ഞാൻ  വരില്ല. എന്നാ പോരേ?" അതും പറഞ്ഞ് എൻ്റെ കയ്യും പിടിച്ച് അവൾ നടന്നു. 


"ആരാത്?" ഞാൻ  ചോദിച്ചു.

 

"അതാ രാജീവൻ. അച്ഛന്റ്റെ  പെങ്ങളെ മോനാ. പള്ളിപ്പുറത്തുള്ള... ഒരു വൃത്തികെട്ട സ്വഭാവാ.  എന്നെ കല്യാണം കഴിക്കണംന്നും പറഞ്ഞ് കുറെ പിന്നാലെ  നടന്നതാ . അമ്മേം മാമന്മാരുംസമ്മതിക്കാത്തോണ്ട് ഞാൻ രക്ഷപെട്ടതാ. അതിൻ്റെ ദേഷ്യാരിക്കും ഇപ്പൊ കാണിച്ചത്."  


പറയുമ്പോൾ അവൾടെ കണ്ണുകൾ നനഞ്ഞിരുന്നു. ഞാൻ പിന്നൊന്നും മിണ്ടിയില്ല. അവളെ ബസ് സ്റ്റാൻറ്റിലാക്കി ഞാൻ തിരിച്ചു നടന്നു . ബസ്  പോവുമ്പോ അവളെന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു.

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆


മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ മൂന്നുമാസം കഴിഞ്ഞു  പോയി. ഞങ്ങളുടെ നിശ്ചയം കഴിഞ്ഞു. വലിയ ആർഭാടങ്ങളൊന്നുമില്ലാതെ അതിനോട് കൂടെ മോതിരം മാറലും കഴിച്ചു .അടുത്ത ധനുമാസം പത്താം തീയതി മുഹൂർത്തമുണ്ട് .ഇനീം ആറു മാസംണ്ട്.  അന്നേക്ക് നിശ്ചയിച്ചു.


നിശ്ചയം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് അവളുടെ വല്യമ്മാമ വിളിച്ചത്. അവരുടെ തറവാട്ടിനടുത്ത കാവിൽ ഉത്സവമുണ്ട്. അമ്മയേം കുട്ട്യച്ഛനേം കുടുംബത്തേയും കൂട്ടി നേരത്തെ കാലത്തെ എത്തണം. രാത്രിയാണ് പരിപാടി. എന്നാലും ഉച്ചയ്ക്ക് ഊണിന് എത്തണം. ശരി, ആവട്ടെ എന്ന് പറഞ്ഞു. നിശ്ചയം കഴിഞ്ഞതു കൊണ്ട് ഇപ്പൊ ആർക്കും പഴയ കടുംപിടുത്തം ഒന്നുമില്ല. അതുകൊണ്ട് അവളെ കാണലും, ഫോണിലൂടെയുള്ള പ്രണയസല്ലാപവും ഒക്കെ തടസ്സമില്ലാതെ നടക്കുന്നുണ്ട്. എന്നാലുമുണ്ടല്ലോ, കട്ടു തിന്നാൻ ഒരു രസം, അത് പോലെ, എല്ലാരും  ഉള്ളപ്പോൾ അവളോട് സംസാരിക്കാനും, അവിടെയൊക്ക മുട്ടിയുരുമ്മി അങ്ങനെ  നടക്കാനും, ഒരു കൊതി.  


 പാലത്തിന്റെ അക്കരെയുള്ള ഷിഹാബിന്റെ കാറും എടുത്താണ് ഞങ്ങൾ പോയത്. നല്ലൊരു ഊണും കഴിഞ്ഞ്, മൂന്നരയോടെ ഞങ്ങൾ കാവിലേക്കിറങ്ങി. അതിലേം ഇതിലേം ഒക്കെ കറങ്ങി നടന്ന്, അങ്ങിനെ നേരം പോയതറിഞ്ഞില്ല. പക്ഷേ അവിടേം കട്ടുറുമ്പുകളാവാൻ, മാളും സ്വപ്നേടെ അനിയത്തീം മത്സരമായിരുന്നു. മുടിപ്പിക്കാൻ എറങ്ങിതിരിച്ച പോലെയാണ് രണ്ടും. രണ്ടാളും കൂടി എന്നെ കൊന്നില്ലാന്നേള്ളൂ. ആ പൂരപറമ്പിൽ കണ്ട, സോപ്പ് ചീപ്പ് കണ്ണാടി തൊട്ട്, എലിവിഷം വരെ അവരെന്നെ കൊണ്ട് വാങ്ങിപ്പിച്ചു.


എന്തായാലും, ആ ഒരു ദിവസം ഞങ്ങൾ ശരിക്കും ആസ്വദിച്ചു. സന്ധ്യക്ക് അമ്മയും ബാക്കിയെല്ലാരും കാവിൽ തൊഴാൻ പോയി. പുറത്തായതു കൊണ്ട് അവൾ പോയില്ല. കൂട്ടിന് ഞാന്ണ്ടല്ലോ. മനസ്സമാധാനമായി കുറച്ചു നേരം സംസാരിക്കാൻ ഞങ്ങൾ കാവിനടുത്ത കുന്നിൻ മുകളിലേക്ക് നടന്നു. സംസാരിച്ചിരിക്കുമ്പോൾ ആരോ ഞങ്ങളെ ശ്രദ്ധിക്കുന്ന പോലെ തോന്നി. തിരിഞ്ഞ് നോക്കിയപ്പോൾ കുറച്ച് മാറി, രാജീവനെ പോലെ ഒരാൾ. അതോ എനിക്ക് തോന്നിയതാണോ?ഒന്ന് കൂടി നോക്കിയപ്പോൾ  അങ്ങിനെ ഒരാൾ  അവിടെ ഉണ്ടായിരുന്നതുമില്ല.


ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ താഴേക്ക് തിരിച്ചിറങ്ങി .  ഇനി കുടിയൻ സംഘങ്ങൾ മലയിൽ താവളമാക്കും. എല്ലാ പൂരങ്ങളുടേയു അവസാനം ഇങ്ങനെയൊക്കെത്തന്നെ. കറക്കിക്കുത്ത്, ചീട്ടുകളി, കള്ളുകുടി, ഒരു ചെറിയ അടിപിടി, അവസാനം പോലീസ് ജീപ്പിന്റെ സൈറൺ. ഇതൊക്കെയല്ലേ ഉത്സവങ്ങളുടെയും പൂരങ്ങളുടേയും ഒഴിച്ചു കൂടാനാവാത്ത ഭാഗങ്ങൾ.


കനലാട്ടത്തിനുള്ള ആഴി കൂട്ടുന്നുണ്ട്. കുറച്ചുനേരം അത് കണ്ടു നിന്നു. അപ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി വന്നത്. അവൾടെ മാമന്റെ മക്കളാണ്. നാലു മാമൻമാർക്കും കൂടി ആറ് ആൺമക്കളാണ്. പല പ്രായത്തിൽ. എല്ലാവരും ഇവൾടെ താഴെയാണ്. അതിന്റെ ഒരു ബഹുമാനം എല്ലാവരും കാണിക്കും. മൂത്ത അളിയനല്ലേ.


"വീട്ടിലേക്ക് വിളിക്ക്ണ്ട്. ഇനി ഭക്ഷണം കഴിഞ്ഞിട്ട് വരാന്ന് അച്ഛൻ പറഞ്ഞു."


"ശരി. വാ. പോവ്വാം."


ഞങ്ങൾ അവരുടെ കൂടെ നടന്നു. പിള്ളേര് നല്ല മിടുക്കൻമാരാണ്. മൂന്നാള് ഡിഗ്രിക്ക് പഠിക്കുന്നു. രണ്ടാള് പ്ലസ്ടു, ഏറ്റവും ഇളയവൻ എട്ടാം ക്ലാസ്. പക്ഷേ പ്രായത്തീലുള്ള വ്യത്യാസം ബന്ധത്തിൽ കണ്ടില്ല. എല്ലാം ഒരു കെട്ടാണ്. എവിടേയും ഒരുമിച്ചു കാണാം.


വീട്ടിലെത്തിയപ്പോൾ, എല്ലാവരും അവിടെയുണ്ട്. ഞങ്ങളെ കാത്തിരിക്ക്യായിരുന്നു എന്നു തോന്നുന്നു. കണ്ട പാടെ അമ്മ തുടങ്ങി.


"എവിടെപോയിരിക്ക്യാരുന്നെടാ ? എല്ലാരും നിങ്ങളെ നോക്കിരിക്ക്യാ. വന്ന് കഴിക്കാനിരിക്ക്."


ഞാനൊന്ന് ചിരിച്ച് കാണിച്ച് കൈ കഴുകാൻ പോയി. അവൾ മെല്ലെ ഉള്ളിലേക്കും. ഭക്ഷണം കഴിഞ്ഞ് പുറത്തെ വെടിവട്ടത്തിനുള്ളിലേക്ക് തലയിട്ടിരിക്കുമ്പോഴാണ്, അവളെ വീണ്ടും കണ്ടത്. പുറത്തേക്ക് ഇറങ്ങുന്നു. മെല്ലെ കണ്ണുകൾ കൊണ്ട് ചോദിച്ചു : എങ്ങോട്ടാ?


"ഒന്ന് വീട്ട്പ്പോയിട്ട് വരാ. ഒരു സാധനം എട്ക്കാന്ണ്ട്."


"ഓ ശരി. ഞാൻ വരണോ കൂട്ടിന് ?"


"ഇവടെ താഴേക്കല്ലേ. ഞാനോടിപ്പോയി വരാം."


അവളൊന്ന് കണ്ണിറുക്കി ചിരിച്ചു. ആ കണ്ണിലെ കുസൃതി. എന്നെ അവളിലേക്ക് അടുപ്പിച്ചത് അതായിരുന്നല്ലോ. ഞാൻ തലയാട്ടി. അവൾ ഓടി പടികളിറങ്ങി. ഒന്ന് നീട്ടി വിളിച്ചാൽ കേൾക്കുന്ന ദൂരം. അത്രേയുള്ളൂ. അവൾടെ വീട്ടിലേക്ക്. ഞാനവൾ പോയ വഴിയേ ഒന്നു കൂടി നോക്കി വീണ്ടും സംസാരത്തിലേക്ക് തിരിഞ്ഞു.


ഒരു പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കാണും, അവൾടെ അമ്മ പുറത്തേക്ക് വന്നു നോക്കി.


"എന്താമ്മേ ?" ഞാൻ ചോദിച്ചു.


"മോള് പോയിട്ട് കുറേ നേരായി. വേഗം വരാന്ന് പറഞ്ഞ് പോയതാ. ഒന്നാ കൂട്ടനോട് പോയി നോക്കാൻ പറ മോനേ."


"ഞാൻ നോക്കി വരാ അമ്മായ്യേ" എന്നും പറഞ്ഞ് കുട്ടനും കൂടെ അവന്റെ വാനരപ്പടയും പോയി. ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ താഴെ നിന്ന് ഉറക്കെ ഒരു വിളി കേട്ടു, "അച്ഛാ ഓടിവായോ" എന്ന്. ആ വിളി ,ഒരു കരച്ചിലായിട്ടാണ് എല്ലാവർക്കും തോന്നിയത്. ഞങ്ങളെല്ലാവരും അങ്ങോട്ടോടി. എത്തിയപ്പോ ഞാൻ കണ്ടു, അവളെ, എന്റെ പെണ്ണിനെ, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും, മുറിഞ്ഞ ചുണ്ടുകളും , മാന്തിപ്പറിച്ച ശരീരവുമായി ബോധമില്ലാതെ...


◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆


ഞാൻ തന്നെയാണ് അവളെ എടുത്ത് കാറിൽ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയത്. അമ്മയും അവൾടെ അമ്മയും ചെറിയ മാമനും കൂടെ വന്നു. ബാക്കിയെല്ലാവരും മോട്ടോർസൈക്കിളിലും സ്‌കൂട്ടറിലുമായി പിന്നാലെയും. പോവുന്ന വഴി കാവിൽ മേളം പെരുത്ത് കയറുന്നത് കേൾക്കുന്നുണ്ടായിരുന്നു. എന്റെ ഉള്ളിൽ അതിലുമുച്ചത്തിൽ വികാരങ്ങൾ കത്തിക്കയറുന്നത് ഞാനറിഞ്ഞു. സങ്കടവും, ദേഷ്യവും , മറ്റെന്തെല്ലാമോ വിചാരങ്ങളും. എല്ലാം കൂടെ തല്ലിത്തകർക്കാൻ, ഉള്ളിലെ വിങ്ങൽ , ഒന്നലറി വിളിച്ച് പുറത്തു കളയാൻ, ഒക്കെ തോന്നുന്നു. എന്റെ തെറ്റ്. അവളെ ഇരുട്ടിൽ  ഒറ്റയ്ക്ക് വിടാൻ 

പാടില്ലായിരുന്നു. അവിടെ വെറുതെ സംസാരിച്ചിരിക്കുമ്പോൾ, ഒന്നവളുടെ കൂടെ പോയാൽ മതിയായിരുന്നു. ഇതൊന്നും സംഭവിക്കില്ലായിരുന്നു. 


ആശുപത്രിയിൽ എങ്ങിനെ എത്തി എന്ന് എനിക്ക് തന്നെ അറിയില്ല. എത്തിയതും അവളെ വാരിയെടുത്ത് ഉള്ളിൽ ഓടിക്കയറി, കാഷ്വാൽറ്റിയിലെ ഒഴിഞ്ഞ ഒരു കിടക്കയിൽ കിടത്തി ഞാനവിടെ തളർന്നിരുന്നു പോയി. എനിക്ക് ചുറ്റും എന്തൊക്കെയോ നടക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ ഓടുന്നൂ, എന്തൊക്കെയോ പറയുന്നു. എന്റെ തലയ്ക്കുള്ളിൽ വണ്ട് മൂളുന്ന പോലെ തോന്നി. ആരൊക്കെയോ എന്തൊക്കെയോ ചോദിച്ചു. ഞാൻ എന്തൊക്കെയോ ഉത്തരം കൊടുത്തു.


◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆


കുട്ട്യച്ഛൻ വന്ന് വിളിച്ചപ്പോഴാണ് എനിക്ക് ശരിക്കുള്ള ബോധം വന്നത്. കുട്ട്യച്ഛൻ എന്നെ പതുക്കെ ചേർത്തു പിടിച്ചു.


"നെനക്കോളെ കാണണ്ടേ?"


"അവക്കെങ്ങനെണ്ട് ?"


"ഷോക്കിലായതാന്നാ ഡോക്ടർ പറഞ്ഞത്. പൊറത്ത് കാണൂന്ന ആ മുറിയേള്ളു. വേറൊന്നും പറ്റീട്ട്ല്ല. എന്തെങ്കിലും പറ്റ്ന്നേന് മുമ്പ് ആ കുട്ട്യോളെ ഒച്ച കേട്ട് അവൻ ഓട്യേതാവും. എന്തായാലും രക്ഷപ്പെട്ടൂന്ന് കൂട്ട്യാ മതി."


ഞാൻ കുട്ട്യച്ഛന്റെ കൂടെ അവളെ കിടത്തിയ മുറിയിലേക്ക് നടന്നു. രണ്ട് അമ്മമാരും ഉള്ളിലുണ്ട്. എന്നെ കണ്ടതും അവൾടെ അമ്മ കരച്ചിൽ തുടങ്ങി. ഞാനവരെ പിടിച്ചു സമാധാനിപ്പിച്ചു. അവിടെ കണ്ട കസേരയിലിരുത്തി. അമ്മയോട് അവരെ നോക്കാൻ പറഞ്ഞു ഞാൻ കട്ടിലിലിരുന്നു, മെല്ലെ അവളൂടെ നെറ്റിയിൽ തലോടി.


"സ്വപ്നേ..." ഞാൻ മെല്ലെ വിളിച്ചു. അവൾ പണിപ്പെട്ട് കണ്ണ് തുറന്നു.


"സുധ്യേട്ടാ.ഇവിടെയിരിക്ക്വോ ? എനിക്ക് പേട്യാവുണു."


"ഞാന്ണ്ടല്ലോ. പിന്നെന്തിനാ പേടി?"


"അയാളായിര്ന്നു. രാജീവൻ. എന്നെ ഒറ്റയ്ക്ക് കിട്ടാൻ നോക്കിയിരിക്ക്യാരുന്നൂ."


ഞാൻ വിചാരിച്ച പോലെ തന്നെ. എന്റെ കൈ പിടിച്ചു അവളുറങ്ങി. മെല്ലെ കൈ വിടുവിച്ച് ഞാൻ പുറത്തിറങ്ങി. കുട്ട്യച്ഛനും അമ്മാവൻമാരും ചർച്ചയിലാണ്. അടുത്ത് ചെന്നപ്പോൾ അവർ സംസാരം നിർത്തി എന്നെ നോക്കി.


"കേസാക്കണംന്നാ ഡോക്ടർമാര് പറേണത്. എന്താ അന്റെ അഭിപ്രായം ?" വല്ല്യമ്മാമൻ ചോദിച്ചു.


"എന്താ ങ്ങക്കൊക്കെ പറയാൻള്ളത്?"


"കേസാക്കണ്ട. നാണക്കെടല്ലേ?"


"എനിക്കില്ല. നിങ്ങൾക്കുണ്ടെങ്കിലേള്ളൂ. എന്തായാലും അവളോട് ചോദിച്ചിട്ട് ചെയ്യാം."


"ന്നാ ങ്ങള് പൊയ്ക്കോ. ഞങ്ങളൊക്കെ ഇവ്ടെണ്ടല്ലോ. അമ്മയ്ക്കൊക്കെ കെടക്കണ്ടേ?"


"ശരി. ഞാനോരെ കൊണ്ടാക്കീട്ട് തിരിച്ചു വരാം."


അവൾ വീണ്ടും മരുന്നിന്റെ മയക്കത്തിലേക്ക് പോയിരുന്നു. ഞാൻ അമ്മയേയും കുട്ട്യച്ഛനേം കൂട്ടി വീണ്ടും അവരുടെ വീട്ടിൽ പോയി. ചെറിയമ്മയേയും ,മാളേയും വണ്ടിയിൽ കയറ്റി, തിരിച്ച് വീട്ടിലേക്ക് വിട്ടു. പോവുന്ന വഴിയാണ് പതിഞ്ഞ ശബ്ദത്തിൽ ചെറിയമ്മ അമ്മയോട് ചോദിച്ചത്:


"അല്ലേടത്ത്യേ, മ്മക്ക് നി ഇങ്ങന്യൊരു ബന്ധം വേണോ?"


"അതെന്താ പുഷ്പേ അങ്ങന്യൊരു ചോദ്യം?" അമ്മ തിരിച്ചു ചോദിച്ചത് കേട്ടു. ഞാൻ വണ്ടി മെല്ലെയാക്കി.


"പുഷ്പേ, പണ്ട് ശിവരാമനെ പേപ്പട്ടി കടിച്ചത് ഓർക്ക്ണ്ടോ നീയ്? എന്നിട്ട് എല്ലാരും കൂടി ശിവരാമനെയല്ല തല്ലിക്കൊന്നത്, ആ പേപ്പട്ടീന്യാ. ഇതും അങ്ങനെതന്നെ കണ്ടാ മതി."


ചെറിയമ്മ ഒന്നും മിണ്ടിയില്ല. എന്റെ കണ്ണിൽ നിന്നും കണ്ണീര് പൊടിഞ്ഞു. സന്തോഷം കൊണ്ട്. അമ്മ ഇതിനെയൊക്കെ എങ്ങിനെ കാണും എന്നെനിക്ക് നല്ല ആശങ്കയുണ്ടായിരുന്നു. അതിന്റെ പേരിൽ എനിക്കവളെ നഷ്ടപ്പെട്വോ എന്ന് വരെ.


"മോനേ ഞങ്ങളെ കൊണ്ടാക്കീട്ട് നീ തിരിച്ച് അവളട്ത്തേക്ക് ചെല്ല്. അവൾക്ക് നെന്നെ കണ്ടാത്തന്നെ പകുതി സമാധാനാവും. പിന്നെ, നീയവിടെപ്പോയി, അവനെ തല്ലാനും, കൊല്ലാനുമൊന്നും പോണ്ട. അവളോട് പോലീസിൽ പരാതി കൊടുക്കാൻ പറയ്. നമ്മളൊക്കെ അവൾടെ കൂടെണ്ട്ന്നും പറയ്. മനസ്സിലായോ ?"


"മനസ്സിലായമ്മേ."


മനസ്സ് കൊണ്ട്, അമ്മയുടെ കാലിൽ ഞാനൊരായിരം പ്രാവശ്യം വീണു. ഇത്രയും കരുത്തുള്ളൊരു മനസ്സ് എന്റമ്മയ്ക്കുണ്ടായിരുന്നെന്ന് , ഞാനൊരിക്കലും അറിഞ്ഞിരുന്നില്ല.അവരെ വീട്ടിലിറക്കി, അമ്മ കുട്ട്യച്ഛന്റെ വീട്ടില് കിടക്കാന്ന്പറഞ്ഞ് അങ്ങോട്ട്‌ പോയി.


"എന്നാ നീയിനി വേഗം പൊയ്ക്കോ. നേരം കളയണ്ട. ഞാൻ രാവിലെ അങ്ങട്ട് എത്താ."


അതും പറഞ്ഞ് കുട്ട്യച്ഛനും കയറിപ്പോയി. തിരിച്ച് ഒറ്റയ്ക്ക് വണ്ടിയോടിക്കുമ്പോൾ മുഴുവൻ ഞാനാലോചിച്ചത്, രാജീവൻ എവിടെപ്പോയി ഒളിച്ചിട്ടുണ്ടാവും എന്നാണ്.


കണ്ണ് തുറന്ന് എന്നെ കണ്ടപ്പോൾ സ്വപ്നയുടെ മുഖത്ത് ദു:ഖവും, ആശ്വാസവും, സന്തോഷവും മാറിമാറി നിഴലിച്ചു. പക്ഷേ, അവൾ ആ ഷോക്കിൽ നിന്നും പുറത്തു വന്നിരുന്നു. അത് മാത്രം മതിയായിരുന്നു എനിക്ക്. കുറച്ചു നേരം എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ, അവളുടെ ദു:ഖം, ദേഷ്യത്തിലേക്ക് വഴിമാറി.


"സുധ്യേട്ടാ, എനിക്കയാളെ ഒന്ന് കാണണം."


"എന്തിനാടീ ?"


"എനിക്കയാളോട് ചെലത് ചോദിക്കാന്ണ്ട്."


"ആദ്യം അവനെ കിട്ടട്ടെ. നിനക്ക് വേറെ പ്രശ്നമൊന്നുമില്ലെങ്കിൽ നമുക്ക് ഡിസ്ചാർജ് വാങ്ങി വീട്ടിൽ പോവാം."


"ഏട്ടാ, ഞാനൊരു കാര്യം ചോയ്ക്കട്ടെ?"


"ഒന്നല്ല, എത്ര വേണെങ്കിലും ചോയ്ച്ചോ."


"എനിക്ക് വല്ലതും പറ്റീര്ന്നെങ്കിലോ?"


"പറ്റീര്ന്നെങ്കിൽ?"


"ഇങ്ങളെന്നെ കെട്ടൂലേ?"


"അറിയൂല. അതപ്പഴല്ലേ?"


"അല്ല, എനിക്കിപ്പൊ അറിയണം."


"എടി പെണ്ണേ, നിനക്ക് കണ്ണും, കയ്യും, കാലും ഒന്നൂല്ലെങ്കിലും ഞാൻ നിന്നെ കെട്ടും. നിന്നെ മാത്രേ കെട്ടൂ. ഞാനല്ലാതെ വേറൊരുത്തൻ നിന്നെ കെട്ടാൻ ഞാൻ സമ്മതിക്ക്വോടീ ?" അവൾ മെല്ലെ ചിരിച്ചു.


"എന്താടീ ?"


"ഒന്നൂല്ല. കല്യാണത്തിന് മുമ്പ് പെണ്ണ് കന്യകയാവണം, നീയല്ലേ ശ്രദ്ധിക്കണ്ടത്, രാത്രി ഒറ്റയ്ക്ക് എറങ്ങി നടന്നിട്ടല്ലേ, അങ്ങിനെള്ള ഡയലോഗൊന്നും വന്നില്ലല്ലോന്ന് സമാധാനിച്ചതാ."


"വന്നിരുന്നെങ്കിലോ?"


"എറങ്ങിപ്പോവാൻ പറയും ഞാൻ. എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ അറിയാം. ആര്ടേം ഔദാര്യം വേണ്ടാന്ന് വെയ്കും."

എന്റെ മുഖം മങ്ങിയത് കണ്ടാവും, അവളെന്റെ കൈയ്യിൽ പിടിച്ചു.


"ഏട്ടനങ്ങനെയാവല്ലേന്ന് പ്രാർത്ഥിച്ചതാ. അല്ലാന്ന് എനിക്കുറപ്പാ. എന്നാലും."


രാവിലെ തന്നെ, പോലീസിന്റെ മൊഴിയെടുപ്പ് കഴിഞ്ഞ്, ഞങ്ങൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു, അവൾ പഴയ പോലെയാവാൻ. എന്നാലും, ഒരു ദു:സ്വപ്നം പോലെ , എല്ലാം മറന്ന്, ഞങ്ങൾ മുന്നോട്ടുള്ള ജീവിതത്തിനെ പറ്റി ആലോചിക്കാനും, സ്വപ്നങ്ങൾ നെയ്യാനും തുടങ്ങി. നല്ല നിറമുള്ള, വർണ്ണ സ്വപ്നങ്ങൾ. പ്രളയത്തിന് ശേഷം വന്ന വെയില് പോലെ വീണ്ടും മനസ്സിലേക്ക് വീണ്ടും വെളിച്ചം വീശിത്തുടങ്ങി.


◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆


(രാജീവനെ അന്ന് രാത്രി തന്നെ നാട്ടുകാർ വളഞ്ഞ് പിടിച്ചു. മലയിൽ ഒളിച്ചിരുന്ന രാജീവനെ, നാട്ടുകാര്  നന്നായൊന്ന് കൈകാര്യം ചെയ്താണ് രാവിലെ വീടിനടുത്തു കൂടി കൊണ്ട് വന്നത്. ആഘോഷാരവം കേട്ട് പുറത്തിറങ്ങിയ ഞാൻ കാഴ്ച കണ്ട്, സ്വപ്നയെ വിളിച്ചു. നാട്ടുകാർ അവനെ മുറ്റത്തേയ്ക്ക് കയറ്റി. വേറെ ചോദ്യം ചോദിക്കാനൊന്നും അവള് നിന്നില്ല. പടിയിൽ വെച്ചിരുന്ന കിണ്ടിയെടുത്ത് അവന്റെ മുഖത്തിന് ആഞ്ഞൊരടി.


ദേഹമാസകലം പരുക്കുകളോടെയാണ് അയാളെ പോലീസിന് കിട്ടിയത്. ഓടിയപ്പോൾ വീണതാണെന്നാണ് അയാൾ കോടതിയിൽ മൊഴി നൽകിയത്. സാക്ഷിമൊഴികൾ കരുത്തുള്ളത് കൊണ്ട്, മൂന്ന് മാസം കഴിഞ്ഞാണ് അയാൾക്ക് ജാമ്യം അനുവദിച്ചത്. ഇപ്പോഴും കേസ് നടന്നു കൊണ്ടിരിക്കുന്നു. ഏഴ് വർഷം കിട്ടുമെന്നാണ് വക്കീൽ പറയുന്നത്. )



Rate this content
Log in

Similar malayalam story from Drama