Saleena Salaudeen

Tragedy

4.0  

Saleena Salaudeen

Tragedy

മത്തായിയുടെ ക്യാന്‍സർ

മത്തായിയുടെ ക്യാന്‍സർ

6 mins
369



ശ്രീരാമപുരം ചന്തയിലെ മത്സ്യവ്യാപാരിയായ മത്തായിയുടെ നെഞ്ചിനുള്ളില്‍ കിടക്കുകയായിരുന്ന ക്യാൻസർ കളവു പോയ വാർത്ത അറിഞ്ഞ് ഡോക്ടർമാർ ഞെട്ടീ.


അത് വെറും ക്യാന്‍സറല്ല, അന്നനാളത്തിന്‍റെ താഴ്ഭാഗത്ത് ഒരു കരിങ്കല്‍പ്പുറ്റു പോലെ പറ്റിപ്പിടിച്ചു നിന്നിരുന്ന നല്ല ഒന്നാംതരം ക്യാന്‍സര്‍ ആയിരുന്നു.


“അതെവിടെ പോയി?”


റെഡിയോ ഡയഗ്നോസിസ് ഡിപ്പാര്‍ട്ട്മെന്‍റ്റിലെ കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ക്ക് മുന്നില്‍ ഡോക്ടര്‍മാര്‍ മിഴിച്ചിരുന്നു.


മത്തായിയുടെ നെഞ്ചിന്‍റെ എക്സ്റേയുടെയും സി.റ്റി സ്കാനിന്‍റെയും ഡിജിറ്റല്‍ ചിത്രങ്ങള്‍ മോണിറ്ററില്‍ കാണാം.


ഒന്നരമാസം മുന്‍പെടുത്ത എക്സ്-റേയും സി.റ്റി സ്കാനും ഇടതുഭാഗത്തെ മോണിട്ടറിലും അതിനു ശേഷമുള്ള പുതിയ ചിത്രങ്ങള്‍ വലതുവശത്തെ മോണിട്ടറിലും തെളിഞ്ഞു നില്‍ക്കുന്നു.


ഡിജിറ്റല്‍ ചിത്രങ്ങളുടെ മുക്കും മൂലയും റേഡിയോളജി പ്രൊഫസറായ ശ്രീകുമാരനും സീനിയര്‍ കാര്‍ഡിയാക് സര്‍ജന്മാരായ ഡോ: ഭദ്രനും ഡോ: ആനന്ദും പരിശോധിക്കുകയാണ്.


പ്രൊഫസ്സര്‍ ഡോ: ഈശ്വരന്‍ പോറ്റി ഇപ്പോള്‍ സ്ഥലത്തില്ല. രണ്ടാഴ്ച മുന്‍പ് അദ്ദേഹം ദീര്‍ഘനാളത്തെ അവധിയില്‍ പോയി. അതുകൊണ്ട് പെട്ടെന്ന് ഒരു തീര്‍പ്പ് കല്‍പ്പിക്കാനാവാതെ ഡോക്ടര്‍മാര്‍ കുഴങ്ങുകയാണ്.


‘ഒട്ടും വിശ്വസിക്കാനാവുന്നില്ല.” അവര്‍ പരസ്പരം പറഞ്ഞു.


ഒരു ക്യാന്‍സര്‍ ഇങ്ങനെ പെരുമാറുന്നത് ശരിയാണോ? രണ്ടു ദിവസം കഴിയുമ്പോള്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റേണ്ട കക്ഷിയാണ് ആരോടും അനുവാദം ചോദിക്കാതെ കടന്നു കളഞ്ഞിരിക്കുന്നത്.


ശാസ്ത്രീയമായി നോക്കിയാല്‍ എക്സ്റേയില്‍ നിന്ന് ക്യാന്‍സര്‍ അപ്രത്യക്ഷമായിരിക്കുന്നു എന്നതിന് തെളിവില്ല.


സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഓരോ ക്യാന്‍സറും എങ്ങനെയൊക്കെ ആയിരിക്കണമെന്ന് വ്യക്തമായ മാര്‍ഗ്ഗരേഖകളുള്ളതാണ്.


ചിത്രം സൂം ചെയ്ത് ഡോക്ടര്‍മാര്‍ വീണ്ടും മോണിട്ടറില്‍ മുഖം ഉറപ്പിച്ചുവെച്ചു. എത്രയോ നേരമായി ഒരൊറ്റയിരുപ്പാണ്. ചര്‍ച്ചയും ചിന്തയും മാത്രം.


പ്രൊഫസര്‍ ഉണ്ടായിരുന്നെങ്കില്‍ എന്താവും ഇപ്പോള്‍ പറയുക എന്ന് ഒരു ഹൌസ് സര്‍ജന്‍ ആലോചിച്ചു.


“തെളിവില്ലാത്തതെല്ലാം അസത്യമായിരിക്കുമെന്ന് വാശിപിടിക്കരുത്.” എന്ന വാചകം ഡോക്ടർ ഓർമ്മിച്ചു.


ഒന്നര മാസം മുന്‍പാണ് മത്തായി ആദ്യമായി ഡോ:ഈശ്വരനെ കണ്‍സള്‍ട്ട്‌ ചെയ്യാനായി എത്തിയത്. അന്ന് ഡോക്ടറുടെ പരിശോധനകള്‍ കഴിഞ്ഞ് മത്തായിയെ എക്സ്റേ ഡിപ്പാര്‍ട്ട്മെന്‍റ്റില്‍ കൊണ്ടുപോയി എടുത്ത ചിത്രങ്ങള്‍ക്ക് മുന്നിലാണ് ഡോക്ടർ നില്‍ക്കുന്നത്.  


മോണിട്ടറുകളില്‍ നിരനിരയായി അവയോരോന്നും തൂക്കിയിട്ടിരിക്കുന്നു. വെറും എക്സ്-റേയല്ല, ‘ബേരിയം സ്വാളോ’ എക്സ്റേയാണ്.


അതായത്, ബേരിയം സല്‍ഫേറ്റ് എന്ന പൊടി കലക്കി രോഗിക്ക് കുടിക്കാന്‍ കൊടുത്തതിന് ശേഷം എടുക്കുന്ന നെഞ്ചിന്‍റെ എക്സ്റേ. ഭക്ഷണവും വെള്ളവും കടന്നുപോകുന്ന അന്നനാളം എക്സ്റേയില്‍ തെളിഞ്ഞു കിട്ടാന്‍ അതാണ്‌ മാര്‍ഗ്ഗം.


മത്തായിയുടെ ‘ബേരിയം സ്വാളോ’ എക്സ്റേ എടുക്കുമ്പോള്‍ തൊട്ടടുത്ത്‌ ഉണ്ടായിരുന്ന ഡോക്ടറിനോട്

ബേരിയം ദ്രാവകം ഒരു കവിള്‍ വിഴുങ്ങിയിട്ട് മത്തായി പറഞ്ഞു.

“ഡോക്ടര്‍, വെള്ളം കുടിച്ചാല്‍ കുഴപ്പമില്ല. കട്ടിയുള്ളത് കഴിക്കുമ്പോഴാണ് തടസ്സം.”


കാര്‍ഡിയാക് തൊറാസിക് ഓ.പിയില്‍ ഡോ: ഈശ്വരന്‍റെ മുന്നിലെത്തിയ മത്തായി ആദ്യം പറഞ്ഞതും അതുതന്നെയാണ്.


“ഡോക്ടറെ, തീറ്റയെടുക്കുന്നില്ല. കൊറേ നാളായി.”


രോഗിയുടെ മുഖം കാണാന്‍ ഡോ: ഈശ്വരന് ആശുപത്രിയുടെ മച്ചിലേക്ക് നോക്കി. ഉയര്‍ന്നു ചാഞ്ഞ കൊന്നത്തെങ്ങു പോലെയാണ് മത്തായി.


ഓ.പിയിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ വളര്‍ന്നു വളഞ്ഞു നില്‍ക്കുന്ന ഒരു അജാനുബാഹുവാണ് മത്തായി.

മുകളിലെവിടെയോ മുഖം കാണാം. ഇടിവെട്ടേറ്റ ഉച്ചിയില്‍ പാതി കൊഴിഞ്ഞ മുടി ചിതറി കിടക്കുന്നു. ആകെ തിരിച്ചറിയാനാവുന്നത് നീണ്ടു നിവര്‍ന്ന ഒരു മൂക്കാണ്. അത് താഴേക്ക്‌ ചാഞ്ഞു വന്നു സങ്കടംപറഞ്ഞു:


“ഡോക്ടര്‍, പഴയപോലെ രുചിയായിട്ടെന്തെങ്കിലും കഴിക്കണം.”


മൂന്നു നേരം മത്സ്യം പ്രധാനഭക്ഷണമാക്കിയ മീന്‍ മുതലാളിയാണ് മത്തായി. കുരുമുളകും വെളുത്തുള്ളിയും ചേര്‍ത്തു വറുത്തരച്ച നെയ്‌ച്ചൂരയും നെയ്മീനുമാണ് ഇഷ്ടവിഭവം. 


ചോറും പരിപ്പും തോരനുമൊക്കെ മീനിനോടൊപ്പം കഴിക്കുന്ന വെറും തൊട്ടുകറികള്‍ മാത്രം. അങ്ങനെയുള്ള മത്തായിക്ക് കുട്ടികള്‍ക്ക് കുറുക്കു കൊടുക്കും പോലെയാണ് ഭാര്യ ഏലിയാമ്മ ഇപ്പൊൾ ഭക്ഷണം നല്‍കുന്നത്.


 ഒന്നും കഴിക്കാന്‍ മേല. “ഡോക്ടര്‍ സഹായിക്കണം.” നീണ്ട കൈകള്‍ മടക്കി തൊഴുത് ഡോ: ഈശ്വരന്‍റെ മുന്നിലെ കസേരയിലേക്ക് മത്തായി ഒരു ഒട്ടകപ്പക്ഷിയെ പോലെ ചെന്നുവീണു.


പ്രൊഫസറെ ആദ്യം കാണുന്ന ആര്‍ക്കുമുണ്ടാവുന്ന സംശയം അപ്പോള്‍ മത്തായിക്കും തോന്നി. “ഇത് എന്തുതരം ഡോക്ടര്‍?”


പ്രൊഫസര്‍ കാഴ്ചയില്‍ ഒരു അന്യഗ്രഹജീവിയെപ്പോലെയാണ്. പൊക്കം കുറഞ്ഞ ശരീരം. മുഴച്ചു നില്‍ക്കുന്ന വലിയ തല. ഉണ്ടക്കണ്ണൻ. ഓപ്പറേഷന്‍ തീയേറ്ററില്‍ ശസ്ത്രക്രീയ ആരംഭിക്കും മുന്‍പ് പ്രൊഫസര്‍ക്ക് വേണ്ടി ഒരു പ്രത്യേക സ്റ്റൂള്‍ നേഴ്സുമാര്‍ കൊണ്ടു വെയ്ക്കും. അതിനു മുകളില്‍ കയറി നിന്ന് രോഗിയുടെ തുറന്ന നെഞ്ചിനുള്ളിലേക്ക് തലയും നീട്ടി മണിക്കൂറുകളോളം അദ്ദേഹം ശസ്ത്രക്രീയ ചെയ്യും.


ഹൃദയം, ശ്വാസകോശം, മഹാധമനി, അങ്ങനെ നെഞ്ചിനുള്ളില്‍ കാണുന്ന എന്തും അഴിച്ചെടുക്കാനും കൂട്ടിച്ചേര്‍ക്കാനും പ്രൊഫസര്‍ക്ക് കഴിയും. “രൂപം എന്തായാലെന്താ?” മത്തായി വിചാരിച്ചു.“ഈശ്വരന്‍ തന്നെ തുണ.”


“മത്തായിക്കെത്ര വയസ്സായി?” പ്രൊഫസര്‍ ചോദിച്ചു.


“അന്‍പത്തഞ്ച്”


“എനിക്കും അന്‍പത്തഞ്ച്” ഡോക്ടര്‍ ചിരിച്ചു


സന്തോഷം. സമപ്രായക്കാരനായ ഒരീശ്വരനെ കണ്ടുമുട്ടിയല്ലോ!


“മത്തായി, അന്‍പത്തഞ്ച് നല്ല പ്രായമല്ല. സൂക്ഷിക്കണം.”


അങ്ങനെയാണ് ബേരിയം എക്സ്-റേ എടുക്കാനായി മത്തായിക്കൊപ്പം കൂട്ടുപോയ ഡോക്ടറെ മത്തായിയുടെ രോഗത്തെ കുറിച്ച് പഠിച്ച് കേസ്ഷീറ്റ് തയ്യാറാക്കാന്‍ പ്രൊഫസര്‍ ചുമതലപ്പെടുത്തിയത്.


“ദാ.. ഇവിടെയാണ്‌ പിടുത്തം.”


ബേരിയം അന്നനാളത്തിലൂടെ താഴേക്ക് പോയപ്പോള്‍ നെഞ്ചിനു മുകളില്‍ കൈകള്‍ വെച്ച് മത്തായി പറഞ്ഞു.


നല്ല പൊക്കമുള്ളയാളായതു കൊണ്ട് മത്തായിയുടെ അന്നനാളത്തിന് 25 സെന്‍റ്റീമീറ്ററെങ്കിലും നീളമുണ്ടാവും. പിങ്ക് നിറമുള്ള മാംസക്കുഴല്‍ പോലെ നെഞ്ചിന്‍റെ പുറകിലാണ് അതിന്‍റെ കിടപ്പ്. തൊട്ടുമുന്നില്‍ ഞാന്നു കിടക്കുന്ന പൈപ്പ് ശ്വാസനാളമാണ്. അതിനുമുന്നില്‍ നെഞ്ചില്‍ നിന്ന് പുറത്തേക്ക് ചാടിക്കുതിച്ചിറങ്ങാന്‍ വെമ്പുന്ന ഒരു യന്ത്രത്തെ കണ്ടല്ലോ. അതാണ്‌ മത്തായിയുടെ ഹൃദയം.


അതിനിരുവശത്തും വിടര്‍ന്നു നില്‍ക്കുന്ന കുടകളാണ് ശ്വാസകോശങ്ങള്‍. ഈ ബഹളത്തില്‍ നിന്നെല്ലാമൊഴിഞ്ഞ് ആരുടേയും കണ്ണില്‍പ്പെടാതെ നെയ്ച്ചൂരയും നെയ്മീനും നെഞ്ചിന്‍റെ പുറകിലൂടെ താഴേക്ക് പോകും.


ബേരിയം, മത്തായിയുടെ അന്നനാളത്തിന്‍റെ അകംഭിത്തിയില്‍ കുഴമ്പ് രൂപത്തില്‍ അപ്പോഴേക്കും പറ്റിപ്പിടിച്ചു കഴിഞ്ഞു.


“മത്തായി നിങ്ങളുടെ അന്നനാളത്തെ ഞങ്ങള്‍ വെള്ളിപൂശിയിരിക്കുന്നു. നിലാവില്‍ പ്രകാശിക്കുന്ന ഫ്ലൂറസന്‍റ്റ് റോഡുപോലെ അത് എക്സ്റേയില്‍ തെളിഞ്ഞു കിടക്കും.”


റേഡിയോളജി പ്രൊഫസര്‍ ശ്രീകുമാരന്‍ മത്തായിയുടെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു.


“ശരിയാണ് സാര്‍. ഫ്ലൂറസന്‍റ്റ് റോഡ്‌ തന്നെ.”


കംപ്യൂട്ടറില്‍ തന്‍റെ എക്സ്റേ കണ്ടപ്പോള്‍ മത്തായിയും അറിയാതെ പറഞ്ഞുപോയി.


“പക്ഷെ നോക്കൂ, അന്നനാളത്തിന്‍റെ താഴ്ഭാഗം വ്യാസം കുറഞ്ഞു ചുരുങ്ങി പോയിരിക്കുന്നു.” ഡോ: ശ്രീകുമാരന്‍ മോണിറ്ററിന്‍റെ ക്ലിപ്പിലേക്ക് മത്തായിയുടെ എക്സ്റേ പിടിപ്പിച്ചു.


ശരിയാണല്ലോ. മഴയത്ത് ഇരുവശവും ഒലിച്ചുപോയ റോഡുപോലെ മത്തായിയുടെ അന്നനാളം മെലിഞ്ഞു കിടക്കുന്നു.


“കാറും ലോറീം പോകത്തില്ല. വേണേല്‍ നടന്ന് അപ്പുറം പോകാം.”


വാഹനങ്ങള്‍ കടന്നു പോകാത്ത നാട്ടുവഴികളിലൂടെ ചെറുപ്പകാലത്ത് തലച്ചുമടായി മീന്‍കുട്ടകള്‍ ചുമന്നു പോയത് മത്തായി അപ്പോള്‍ ഓര്‍ത്തു.


കട്ടിയാഹാരം കഴിക്കാനാവാത്തതും വെള്ളം കുടിക്കാനാവുന്നതും എന്തുകൊണ്ടാണെന്ന് മത്തായി സ്വയം മനസ്സിലാക്കിയതായി തോന്നി.


“ഇനിയിപ്പോള്‍ എന്തുചെയ്യും?” മത്തായി ഈശ്വരനോട് ചോദിച്ചു.


‘കാരണമറിയണം’ കൂടുതലൊന്നും പറയാനില്ലെന്ന മട്ടില്‍ പ്രൊഫസര്‍ അടുത്ത രോഗിയിലേക്ക് തിരിഞ്ഞു. മത്തായിക്ക് കാര്യം മനസ്സിലായി.


നെഞ്ചിന്‍റെ സി.റ്റി സ്കാന്‍ എടുക്കാന്‍ മത്തായിയെ കൊണ്ടു പോകുന്നതിനിടയില്‍ അയാള്‍ ഒന്നും സംസാരിച്ചില്ല. ഒരു സംശയവും ചോദിച്ചില്ല. വിധിയെഴുതപ്പെട്ട ഒരു ജയില്‍പ്പുള്ളിയെ പോലെ എല്ലാ ചികിത്സപരിശോധന നിയമങ്ങള്‍ക്കും മാര്‍ഗ്ഗരേഖകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും പൂര്‍ണ്ണമായും വിധേയനായി മത്തായി നിശബ്ദത പാലിച്ചു.


അന്നെടുത്ത സി.റ്റി സ്കാന്‍ ചിത്രങ്ങളാണ് കാര്‍ഡിയാക് സര്‍ജന്മാരായ ഡോ:ഭദ്രനും ഡോ:ആനന്ദും ഇപ്പോള്‍ നോക്കുന്നത്. അന്നനാളം ചുരുങ്ങിപോയതിന്‍റെ കാരണം അതില്‍ വ്യക്തമായി കാണാം. അന്നനാളത്തിന്‍റെ താഴ്ഭാഗം വെളുത്ത പുറ്റുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. മുഴകളാണ്. ട്യൂമര്‍ എന്ന് ഡോക്ടര്‍മാര്‍ പറയും.


“രോഗിയുടെ പ്രായം അന്‍പത്തിയഞ്ച്. അന്നനാളത്തിന്‍റെ താഴെയാണ് ട്യൂമര്‍ കാണുന്നത്. സ്ഥിതിവിവര കണക്കുപ്രകാരം 99 ശതമാനം ഇത് ക്യാന്‍സറാണ്. രോഗിയുടെ ലക്ഷണങ്ങളും സി.റ്റി സ്കാനിലെ സൂചനകളും കണക്കിലെടുക്കുമ്പോള്‍ ഇത് ക്യാന്‍സറല്ലാതെ മറ്റൊന്നുമല്ല.”


റെഡിയോളജിസ്റ്റിന്‍റെ നിഗമനം ഗാസ്ട്രോസര്‍ജന്‍ ശരിവെച്ചു.


“ദൈവനിശ്ചയം അതാണെങ്കില്‍ അങ്ങനെയാവട്ടെ ഡോക്ടര്‍”


രോഗം ക്യാന്‍സറാണെന്നും അന്നനാളത്തിന്‍റെ താഴ്ഭാഗം ട്യൂമറിനോപ്പം മുറിച്ചു മാറ്റണമെന്നും അറിഞ്ഞപ്പോള്‍ മത്തായി അതുമാത്രമാണ് പറഞ്ഞത്. തന്‍റെ ഭാവിയെ കുറിച്ച് അയാള്‍ മുന്‍കൂട്ടി തിരുമാനിച്ചുറപ്പിച്ചു കഴിഞ്ഞിരുന്നതായി ഞങ്ങള്‍ക്ക് തോന്നി.


“സാര്‍, രണ്ടു പെണ്‍കുട്ടികളാണ്. ആദ്യത്തേതിന്‍റെ കല്യാണമായി. രണ്ടാമത്തേതിനെ കെട്ടിച്ചയക്കും വരെ ഞാന്‍ ജീവിക്കുമോ?”


“ക്യാന്‍സര്‍ വ്യാപിച്ചിട്ടില്ല. ഓപ്പറേഷന് ശേഷം കീമോതെറാപ്പി കൂടി വേണ്ടിവരും. പിന്നീട് കൊച്ചു മക്കള്‍ക്കൊപ്പം മത്തായി ദീര്‍ഘനാള്‍ ജീവിക്കും.”


ഈശ്വരനാണ് പറയുന്നത്. വിശ്വസിക്കുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ല.


പക്ഷെ, ആദ്യ മകളുടെ വിവാഹം കഴിഞ്ഞിട്ട് ഓപ്പറേഷനുവേണ്ടി വേഗം എത്തിച്ചേരാം എന്ന് പ്രൊഫസര്‍ക്ക് വാക്കുകൊടുത്ത് വീട്ടിലേക്ക് പോയ മത്തായി തിരിച്ചുവരുന്നത് മൂന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടാണ്.


പ്രൊഫസര്‍ ഈശ്വരൻ പോറ്റി അപ്പോഴേക്കും ദീര്‍ഘകാല അവധിയില്‍ ആശുപത്രി വിട്ടുപൊയ്ക്കഴിഞ്ഞിരുന്നു. മത്തായിയുടെ ചികിത്സ ഇപ്പോള്‍ ഡോ:ഭദ്രന്‍റെ മേല്‍നോട്ടത്തിലാണ്. ഓപ്പറേഷന് മുന്‍പുള്ള മത്തായിയുടെ രക്തപരിശോധനയും അനസ്തീഷ്യ ചെക്കപ്പും കഴിഞ്ഞു. മേജര്‍ സര്‍ജറിയാണ്. എല്ലാം കൃത്യമായിരിക്കണം.


അങ്ങനെ മത്തായിയുടെ ഓപ്പറേഷന്‍റെ തീയതി തീരുമാനിച്ച ആ ദിവസം പേവാര്‍ഡിനരികിലൂടെ പോവുകയായിരുന്ന ഡോ: ഭദ്രന്‍റെ അരികിലേക്ക് ഗംഭീരമായ ഒരു മത്സ്യഗന്ധം കടന്നുവന്നു. എത്ര സുന്ദരമായ ഒന്നാംതരം പൊരിച്ച നെയ്മീനിന്‍റെ മണം! 


മത്തായിയുടെ മുറിയില്‍ നിന്നാണ് മണം വരുന്നത്. പക്ഷെ, അങ്ങനെ വരാന്‍ വഴിയില്ലല്ലോ. മുറി തുറന്നു ഡോക്ടര്‍ ആകാംഷയോടെ അകത്തേക്ക് കയറുമ്പോള്‍ വലിയ നെയ്മീന്‍ കഷണങ്ങള്‍ ഒന്നൊന്നായി അകത്താക്കുന്ന മത്തായിയെ കണ്ട് ഡോക്ടർ അന്തംവിട്ടു.


“മത്തായി, എന്താണ് ചെയ്യുന്നത്?  നിങ്ങള്‍ക്കതിന് കഴിയില്ല.” ഡോ: ഭദ്രൻ തന്‍റെ പരിഭ്രമം മറച്ചുവെയ്ക്കാന്‍ കഴിഞ്ഞില്ല.


“പക്ഷെ കഴിയുന്നുണ്ടല്ലോ സാര്‍.” വീണ്ടും ഒരു ചൂരക്കക്ഷണം കൂടി എടുത്തു കഴിച്ചു കൊണ്ട്‌ മത്തായി പറഞ്ഞു.


“മത്തായി, നിങ്ങളുടെ അന്നനാളത്തില്‍ ട്യൂമറുണ്ടെന്ന് അറിയില്ലേ?”


“അറിയാം. അതവിടെ ഇരുന്നോട്ടെ സാര്‍. ഇപ്പൊ നല്ല വായ്ക്കുരുചി. ഞാനെന്തിനത് വേണ്ടെന്നു വെയ്ക്കണം? ”


“അതെങ്ങനെ? സര്‍ജറിക്ക് ശേഷം മാത്രമേ നിങ്ങള്‍ക്കിങ്ങനെ കഴിക്കാനാവൂ”


“അതിനെന്താ സാര്‍. സര്‍ജറി നടന്നോട്ടെ. തീറ്റയും നടക്കട്ടെ.”


“ശാസ്ത്രീയമായി അതസാധ്യമാണ് മത്തായി”


“ഇപ്പൊ സാധ്യമാകുന്നുണ്ട് സാര്‍”


ഡോ: ഭദ്രന്‍ പറയുന്നത് ഒട്ടും മനസ്സിലാവാതെ വറുത്ത ചൂര കണ്ണും മിഴിച്ചിരുന്നു. അങ്ങനെയാണ് മത്തായിയെ വീണ്ടും ബേരിയം എക്സ്റേക്കും സി.റ്റി സ്കാനിനും ഡോക്ടർ കൊണ്ടുപോയത്.


ആശുപത്രിയില്‍ അതിഭയങ്കരമായ അത്യാഹിതം സംഭവിച്ച കാര്യം അപ്പോഴേക്കും അവിടെയെല്ലാം പരന്നു.


മത്തായിയുടെ ക്യാന്‍സര്‍ എക്സ്റേയില്‍ നിന്നും സി.റ്റി സ്കാന്‍ ചിത്രത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. സര്‍ജറിക്ക് വേണ്ടി മാറ്റി വെച്ചിരുന്ന ആ ക്യാന്‍സര്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നു.


മത്തായി, ഇതെങ്ങനെ സംഭവിച്ചു? നിങ്ങള്‍ അതിനെ എന്തുചെയ്തു? എപ്പോഴെങ്കിലും ചര്‍ദ്ദിച്ചപ്പോള്‍ നിങ്ങള്‍ അറിയാതെ അത് പുറത്തേക്ക് തെറിച്ചു പോയോ? അതോ, ടോയ്‌ലറ്റില്‍ പോയപ്പോള്‍…? ക്ലോസെറ്റില്‍ എപ്പോഴെങ്കിലും ഒരു കല്ല്‌ വന്നു വീഴുന്ന ശബ്ദം കേട്ടോ മത്തായി?


ശ്ശെ.. ഈ ഡോക്ടറായ എന്തൊക്കെയാണ് പറയുന്നത്? ശരീരശാസ്ത്രം ഇത്ര പെട്ടെന്ന് മറന്നുപോയോ? ഒരു ഡോക്ടര്‍ ഇങ്ങനെ യുക്തിഹീനമായി ചിന്തിക്കാമോ?


പക്ഷെ ഡോക്ടറെ കുറ്റം പറയാൻ പറ്റില്ല. ഒരു ക്യാന്‍സര്‍ എങ്ങനെ പെരുമാറണമെന്ന് കൃത്യമായി ശരീരശാസ്ത്രത്തിൽ എഴുതി വെച്ചിട്ടുള്ളതാണ്. അതെല്ലാം തെറ്റിച്ച് ഒരു ക്യാന്‍സറിന് തന്നിഷ്ടം പോലെ നടക്കാമെങ്കില്‍ ഡോക്ടര്‍ക്കും അങ്ങനെയാവാം. അല്ലപിന്നെ! ഡോക്ടര്‍മാര്‍ക്ക് മാത്രമായി പറഞ്ഞിട്ടുള്ളതല്ലല്ലോ യുക്തിചിന്ത.


വലതു വശത്തെ മോണിട്ടറില്‍ കാണുന്ന മത്തായിയുടെ പുതിയ സി.റ്റി സ്കാന്‍ ചിത്രങ്ങളില്‍ അന്നനാളവും ശ്വാസകോശങ്ങളും ഹൃദയവുമൊക്കെ പൂര്‍ണ്ണ ആരോഗ്യവാന്മാരായിരുന്നു ചിരിക്കുന്നു.


ഒടുവില്‍ തീരുമാനമായി. ഡോ: ഭദ്രന്‍റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരെല്ലാം ഒരുമിച്ചാണ് മത്തായിയെ കാണാനായി വാര്‍ഡിലേക്ക് പോയത്. ഡോ: ഭദ്രന്‍ ശബ്ദം താഴ്ത്തി കാര്യമാത്രപ്രസക്തമായി പറഞ്ഞു.


“മത്തായി, ക്ഷമിക്കണം. നിങ്ങളുടെ ക്യാന്‍സര്‍ കാണാനില്ല. അതുകൊണ്ട് സര്‍ജറി ഞങ്ങള്‍ റദ്ദാക്കി”


മത്തായിക്ക് വിശ്വസിക്കാനായില്ല.

ഡോ: ഭദ്രന്‍റെ മുന്നില്‍ നിന്നയാള്‍ വിറച്ചു. പിന്നീട് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി ആശുപത്രി മുഴുവന്‍ ഞെട്ടിത്തരിക്കും വിധം “എന്‍റെ ദൈവമേ, ദൈവമേ, നീ അത്ഭുതം പ്രവര്‍ത്തിച്ചു. അത്ഭുതം പ്രവര്‍ത്തിച്ചു.” എന്ന് മൂന്ന് പ്രാവശ്യം അലറിവിളിച്ചിട്ട് ഒരപസ്മാര ബാധിതനെപ്പോലെ മത്തായി മോഹാലസ്യപ്പെട്ടു വീണു.


മത്തായിയുടെ ‘ക്യാന്‍സര്‍’ അപ്രത്യക്ഷമാകാനുള്ള കാരണങ്ങളെ സംബന്ധിച്ച് ഡോക്ടർമാർ കൂലംകക്ഷമായി കൂടിയാലോചിച്ചെങ്കിലും നിര്‍ണ്ണായകമായ തെളിവുകള്‍ ഒന്നും ലഭിച്ചില്ല.


വർഷങ്ങൾക്ക് ശേഷം വലിയതുറക്കാരനായ ഫ്രെഡി എന്ന രോഗി മത്തായിയെ പോലെ ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ടുമായി ഡോക്ടറെ സമീപിച്ചു.


ഫ്രെഡിയുടെയും പ്രശ്നത്തിൽ എക്സ്റേയും സി.റ്റി സ്കാനും മത്തായിയുടേതിന് സമാനം. അന്നനാളത്തിന്‍റെ താഴ്ഭാഗം ചുരുങ്ങി ചുറ്റും വെള്ളപ്പുറ്റ് മൂടിക്കിടക്കുന്നു. ഒറ്റ നോട്ടത്തില്‍ ക്യാന്‍സര്‍ തന്നെ.


പക്ഷെ പിന്നീട് ഫ്രെഡിയുടെ അന്നനാളത്തില്‍ ഒരു മീന്‍മുള്ള് തറച്ചിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി. മുള്ളിന്‍റെ മുന അന്നനാളത്തെ തുളച്ചു നെഞ്ചിലേക്ക് കയറിയിരുന്നു. അന്നനാളത്തിന് ചുറ്റും അണുബാധയുണ്ടായി കട്ടിയായി കിടക്കുകയാണ്. കണ്ടാല്‍ ക്യാന്‍സറായി തോന്നും.


മത്തായിക്കും അന്ന് അതുതന്നെയായിരിക്കും സംഭവിച്ചിരിക്കുക എന്ന് ഡോക്ടർമാർ ഉറപ്പിച്ചു.


ഫ്രെഡിയുടെ മുള്ള് എന്‍ഡോസ്കോപ്പിലൂടെ പുറത്തെടുത്തു. ആന്‍റിബയോട്ടിക് നല്‍കിയപ്പോള്‍ വെള്ളപ്പുറ്റ് മാഞ്ഞുപോവുകയും ചെയ്തു.


അപ്പോള്‍ മത്തായിയുടെ മുള്ള് എവിടെപ്പോയി എന്ന ചോദ്യം ന്യായമാണ്. ഉത്തരം ഇതാണ്. ആശുപത്രിയിലെത്തും മുന്‍പ് മത്തായിയുടെ മുള്ള് സ്വയം ഇളകിപ്പോയിരിക്കും. അണുബാധ കട്ടിയായി കിടക്കുകയും ചെയ്തിട്ടുണ്ടാകാം എന്ന നിഗമനത്തിൽ ഡോക്ടർമാർ വിശ്വസിക്കുന്നു.


അതല്ല, മത്തായിയുടെ കാര്യത്തില്‍ ഒരത്ഭുതമാണ് സംഭവിച്ചതെന്ന് കരുതുന്നവര്‍ക്ക് അങ്ങനെ വിശ്വസിക്കാം. അതല്ല, വെറും ഒരു മീന്‍മുള്ളാണ് കാരണമെന്ന് കരുതുന്നവര്‍ക്ക് അങ്ങനെയുമാവാം.


എന്തായാലും രണ്ടു വര്‍ഷത്തിനു ശേഷം മത്തായിയെ വീണ്ടും കാണുമ്പോള്‍, നല്ല ലാഭം കിട്ടിയിരുന്ന മത്സ്യവ്യാപാരം അയാള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയം ദൈവത്തിനു സാക്ഷ്യം പറയുന്നു.


ദൈവമാണോ, ഈശ്വരനാണോ അത്ഭുതം കാട്ടിയത്? ഡോക്ടർ സ്വയം ചോദിച്ചു. മകളുടെ കല്യാണം നടത്താന്‍ വീട്ടിലേക്ക് പോയ മത്തായിക്ക് കഴിക്കാന്‍ ഒരു കോഴ്സ് ആന്‍റിബയോട്ടിക് പ്രൊഫസര്‍ എഴുതികൊടുത്തപ്പോള്‍ ഡോക്ടർമാർ ചോദിച്ചിരുന്നു.


“എന്തിന് സര്‍ ആന്‍റിബയോട്ടിക്?”


മറുപടിയെന്നോണം പ്രൊഫസര്‍ പറഞ്ഞു: “കഴിക്കട്ടെ, ചിലപ്പോള്‍ ഗുണമുണ്ടാവും.”


മത്തായിയുടെ രോഗം അണുബാധ ആയിരിക്കാമെന്ന് അദ്ദേഹം സംശയിച്ചിരുന്നോ എന്നറിയില്ല. അവധി കഴിഞ്ഞ് അദ്ദേഹം തിരിച്ചു വന്നില്ല. ജോലി രാജിവെച്ചു പോയ ഡോ: ഈശ്വരൻ പോറ്റിയും ഒരു സന്യാസിയായി എവിടെയോ കഴിയുന്നതായി പിന്നീട് അന്വേഷണത്തിൽ അറിഞ്ഞു.

പ്രൊഫസർ ഈശ്വരൻ പോറ്റിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

“സര്‍ജന്‍റെ ആയുധം, അറിവും വൈദഗ്ധ്യവും മാത്രമല്ല, കേള്‍ക്കാനുള്ള കഴിവുകൂടിയാണ്. സ്ഥിതിവിവരക്കണക്കുകളുടെ നിശ്ചലതയില്‍ നിന്ന് രോഗികളെ രക്ഷിക്കാൻ ചിലപ്പോഴൊക്കെ അത് സാധ്യമാക്കും."

അര്‍ത്ഥപൂര്‍ണ്ണമായ സംഭാഷണങ്ങളുടെ അഭാവത്തില്‍ യന്ത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുക ദിവ്യാത്ഭുതങ്ങളെയായിരിക്കും. ശാസ്ത്രത്തെ ആയിരിക്കില്ല.



Rate this content
Log in

Similar malayalam story from Tragedy