സ്വർഗ്ഗം
സ്വർഗ്ഗം
മാനത്തു നിലാവ് ഒറ്റക്കായിരുന്നു. സഹോദരങ്ങളായ നക്ഷത്രങ്ങളെ ഒന്നും തന്നെ കാണാനില്ലായിരുന്നു. അതിന്റെ പരിഭവം മാനത്തെ മാമന് എഴുത്തുകാരിയോട് ഉണ്ടായിരുന്നിരിക്കണം. കഥ നിലാവിനെ പറ്റി അല്ല, മറിച്ചു സ്വർഗ്ഗത്തെ പറ്റിയാണ്. ഭൂമിയിലെ സ്വർഗ്ഗത്തെ പറ്റി......
"അതേ, നിങ്ങള് നാളെയും നടക്കാൻ പോകുന്നുണ്ടോ?" വിദ്യ കിടക്കാൻ ഒരുങ്ങുന്നതിനിടെ അലാറം വയ്ക്കുന്ന അനിയെ നോക്കി ചോദിച്ചു.
"പിന്നെ അല്ലാതെ, ചുള്ളൻ ആവണ്ടേ..?" അനി അവളെ കളിയാക്കയെന്നോണം പറഞ്ഞു.
"പിന്നെ 55 കഴിഞ്ഞു, ഇനിയാ നിങ്ങള് ചുള്ളൻ ആകാൻ നടക്കണേ." അവൾ പുതപ്പു മൂടി കൊണ്ട് പറഞ്ഞു.
"എന്താ മോളേ ." അനി അവളോട് ചേർന്ന് കടന്നു
"നിങ്ങളും നിങ്ങളുടെ ഒരു മോളെ വിളിയും."ചെറുപുഞ്ചിരിയോടെ അവൾ പറഞ്ഞു. ലൈറ്റ് അണച്ചതിനു ശേഷം വിദ്യയെ നോക്കി അനി കിടന്നു.
നിലാവിന്റെ വെളിച്ചത്തിൽ, അവളുടെ മുഖം കൂടുതൽ ഭംഗിയുള്ളതായി അയാൾക്കു തോന്നി. അവളുടെ മുഖത്തെ രണ്ടിഴ മുടികൾ പതുക്കെ മാറ്റിക്കൊണ്ട് അയാൾ എന്തോ പറയാൻ തുടങ്ങി.
"എന്റെ ഉള്ളിലെ കാമുകൻ നിന്നെ മാളൂ... എന്ന് വിളിക്കും,
എന്റെ ഉള്ളിലെ സഹോദരൻ നിന്നെ മാളൂട്ടി… എന്ന് വിളിക്കും,
എന്റെ ഉള്ളിലെ ഭർത്താവ് നിന്നെ വിദ്യേ... എന്ന് വിളിക്കും,
എന്റെ ഉള്ളിലെ അച്ഛൻ നിന്നെ മോളെ… എന്ന് വിളിക്കും,
എന്റെ ഉള്ളിലെ മകൻ നിന്നെ അമ്മേ, എന്നും വിളിക്കും." അയാൾ പ്രണയത്തോടെ അവളുടെ മുഖം തലോടിക്കൊണ്ട് പറഞ്ഞു.
"കേട്ടിരിക്കാൻ നല്ല രസം ഇണ്ട്."
"ഇനി നീ പറ, കേക്കട്ടെ."
"മ് ശരി " അനിയുടെ കൈകൾ മുറുക്കെ പിടിച്ചു അവൾ തുടർന്നു.
"എന്റെ ഉള്ളിലെ കാമുകി നിന്നെ അനി എന്ന് വിളിക്കും,
എന്റെ ഉള്ളിലെ സഹോദരി നിന്നെ ഉണ്ണിയേട്ടാ എന്ന് വിളിക്കും,
എന്റെ ഉള്ളിലെ ഭാര്യ നിന്നെ അനിയേട്ടാ എന്ന് വിളിക്കും,
എന്റെ ഉള്ളിലെ 'അമ്മ നിന്നെ മോനെ എന്ന് വിളിക്കും,
എന്റെ ഉള്ളിലെ മകൾ നിന്നെ അനിയച്ഛ എന്ന് വിളിക്കും." അവളുടെ കവിൾ ചുവന്നു തുടുത്തു.
"മതി മതി, സംസാരം ഒക്കെ ഇനി നാളെ." അവൾ പുതപ്പു കൊണ്ട് അവളുടെ മുഖം മറച്ചു.
5 മണിക്ക് അലാറം കേട്ട് അനി എഴുന്നേറ്റു. മുണ്ടു മാറ്റി, പാന്റിട്ടു ഒരു ടി ഷർട്ടും ധരിച്ചു.
പുലർച്ചയുടെ തണുപ്പ് അയാളെ ചുംബിച്ചു. പതിവുള്ള ചില പരിചിത മുഖങ്ങളോട് കൈപൊക്കി. പ്രഭാതം നേരം അയാൾ മറന്നില്ല. ഇളം കാറ്റ് അവനോട് ഇഷ്ടം പറഞ്ഞു. നാണക്കാരൻ പമ്മി പമ്മി വന്ന് അവനെ ചെറു ചൂടോടെ തലോടി. നടത്തം കഴിഞ്ഞു അനി വീട്ടിലേക്കു തിരിച്ചെത്തി. ഗേറ്റിൽ വച്ചിരുന്ന പേപ്പർ ഉം പാലും എടുത്തു അയാൾ വീടിനകത്തേക്ക് കയറി.
"വിദ്യേ, ഇതാ പാല് വച്ചിരിക്കുന്നു." അയാൾ ഉമ്മറത്ത് തന്നെ ഇരുന്നു പത്രം വായിക്കാൻ തുടങ്ങി. ജോലി ഒഴിവുകൾ അയാൾ ശ്രദ്ധയോടെ വായിച്ചു.
"എടാ നീ എങ്ങോട്ടാ" അരുണിനെ കണ്ടതും അയാൾ ചോദിച്ചു
"എനിക്ക് അത്യാവശ്യം ആയിട്ടു ഒരു സ്ഥലം വരെ പോകണം അച്ഛാ."
"അമ്മയോട് പറഞ്ഞോ നീ."
"അമ്മേനെ അവിടെ ഒന്നും കാണാനില്ല, അച്ഛൻ പറഞ്ഞാ മതി. എനിക്ക് കൊറച്ചു തിരക്ക് ഇണ്ട്." അരുൺ വേഗത്തിൽ ബൈക്ക് എടുത്തു പോയി.
"ഇപ്പത്തെ പിള്ളേരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല, അവർ അവർക്ക് തോന്നുന്നത് ചെയ്യും. ഒരു പ്രായം കഴിഞ്ഞ ഒന്നും മിണ്ടാതെ ഇരിക്ക അത്രന്നെ." അയാൾ പത്രം അവിടെ വച്ച് വീടിനകത്തേക്ക് കയറി. തിണ്ണയിൽ വച്ച പാലും എടുത്തു.
തന്റെ ഫോൺ അടിക്കുന്നത് കേട്ടുകൊണ്ട് അയാൾ അത് എടുത്തു ചെവിയിൽ വച്ചു.
"എന്താ ചേട്ടാ രാവിലെ തന്നെ."
"ഇങ്ങനെ ഉള്ള കാര്യം ഒന്നും അങ്ങനെ വൈകിക്കാൻ പാടില്ലല്ലോ? . നമ്മടെ അരുണിന് ഒരു കല്യാണ ആലോചന. നമ്മുക്ക് ഒന്ന് നോക്കിയാലോ?"
"ഇങ്ങനെ പെട്ടെന്നൊക്കെ പറഞ്ഞാലോ!, ഞാൻ അവളുമായി ഒന്ന് ആലോചിക്കട്ടെ, എന്നിട്ടു പറയാം."
അനി ഫോൺ കട്ട് ചെയ്തു
" വിദ്യേ....."
"നീ ഇനിയും എഴുന്നേറ്റില്ലേ?" അയാൾ തൂക്കിയിട്ട മുണ്ടു എടുത്തിട്ടു കൊണ്ട് പറഞ്ഞു.
"നമ്മടെ അരുണിന് ഒരു ആലോചന. അവന് ഇപ്പൊ കല്യാണ പ്രായം ഒക്കെ ആയി, എന്നാലും… നോക്കാം അവൻ വരട്ടെ, അവനോടു ചോയിക്കണ്ടേ? . പിന്നെ കുട്ടുവിന് പറ്റിയ ഒരു ജോലി പത്രത്തിൽ ഉണ്ട്. അവനായി പോയി, ജോലി കണ്ടുപിടിച്ചു ചേട്ടനെ പോലെ ആകും, എന്നൊന്നും എനിക്ക് തോന്നുന്നില്ല. തന്റെ അഭിപ്രായം പറയൂ...
എടോ താൻ എന്താ ഒന്നും മിണ്ടാത്തെ, എന്താ ഇങ്ങനെ, പതിവില്ലാത്തൊരു ഉറക്കം, പനി ഇണ്ടോ നിനക്ക്??"
അയാൾ അവളുടെ അരികിൽ ചെന്ന് ഇരിന്നു. നെറ്റിയിൽ കൈവച്ചു. അവളുടെ തണുത്ത ശരീരം അവന്റെ ശരീരത്തിൽ വല്ലാത്ത പ്രഹരം ഏൽപ്പിച്ചു. അനി തന്റെ കൈകൾ കൊണ്ട് അവളുടെ കൈകളെ ചൂടുവെപ്പിച്ചു.പക്ഷേ, അവളുടെ കൈകൾ അവന്റെ കൈകളിൽ നിന്ന് വഴുതി വീണു. അവളുടെ ശരീരത്തിന് തീരെ ഭാരമില്ലാത്ത പോലെ തോന്നിച്ചു. അയാൾ പല വട്ടം അവളെ കുലുക്കി വിളിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"മാളു.., ഒന്ന് എണീക്കൂ.." അയാൾ നിർത്താതെ കരഞ്ഞു.
"മാളൂട്ടി..." അയാൾ വീണ്ടും ഇടർച്ചയോടെ വിളിച്ചു.
"വിദ്യെ…, മതി, നിർത്തു നിന്റെ തമാശ. വേഗം എണീച്ചേ." അയാൾ ചെറിയ അരിശത്തിൽ ഉച്ചയോടെ പറഞ്ഞു.
അവൾ എഴുന്നേറ്റില്ല. അയാൾ നിലത്തു വീണു അവളുടെ കൈകൾ മുറുക്കെ പിടിച്ചു കൊണ്ട് തന്നെ ഇരുന്നു.
"മോളെ, എന്റെ പൊന്നു മോളെ, നീ ഇല്ലാതെ ഞാൻ എങ്ങനെയടി ജീവിക്കാ..!!
"അമ്മേ......." അയാൾ അലമുറയിട്ടു കരഞ്ഞു.
മക്കൾ വന്നു. ആളുകൾ കൂടി. അവളെ അനിയുടെ മുന്നിൽ നിന്നും എടുത്തു കൊണ്ട് പോയി. സമയം അയാൾക്കുമുന്നിൽ പതിയെ നീങ്ങി, ആർക്കോ കാത്തിരിക്കുന്ന പോലെ.
അവളുടെ വെള്ള പുതച്ച ശരീരത്തിനടുത്ത് അയാൾ ഇരുന്നു. അടർന്നു വീണ ഓരോ കണ്ണുനീർത്തുള്ളികളും, അയാളെ സ്പർശിച്ചതും വെന്തുരുകി. മക്കളെ നോക്കാൻ ഉള്ള ശക്തി അയാൾക്കു ഉണ്ടായില്ല. ഓരോ നിമിഷവും അയാൾ പൊട്ടി പൊട്ടി കരഞ്ഞു.
ഓരോരുത്തരായി വന്നു, അവളെ തൊട്ടു വണങ്ങി. പലരും വന്നു അയാളെ സമാധാനിപ്പിച്ചു.
അവളെ കൊണ്ടുപോകാൻ നേരം അയാൾ വെപ്രാളത്തിൽ അവളുടെ കൈകൾ പിടിച്ചു.
"മാളൂ…, എ..നിക്ക് ഞാൻ...." അയാൾ പൂർത്തിയാകാനാവാതെ തല കുമ്പിട്ടു.
മൂത്ത മകൻ ചിത കൊളുത്തി,.പാതി ജീവൻ നഷ്ടമായ അയാളെ ആളുകൾ താങ്ങി പിടിച്ചു.
നേരം ഇരുട്ടി. തിരക്കൊഴിഞ്ഞു. ഉമ്മറത്ത് വിദ്യയെ കിടത്തിയിരുന്നിടത്ത് അയാൾ പതുക്കെ കിടന്നു.
"അച്ഛാ, എന്താ ഇവിടെ കിടക്കുന്നേ, മുറിയിൽ കിടക്കാം വരൂ..." കുട്ടു പറഞ്ഞു.
"ഇല്ല, ഇല്ല. ഞാൻ ഇവിടെ കിടന്നോളാം നിങ്ങള് പൊക്കോ."
"ഇല്ല, അത് പറ്റില്ല. അച്ഛൻ എണീക്ക്, ഇവിടെ കിടക്കണ്ട." അരുൺ തറപ്പിച്ചു പറഞ്ഞു.
"ഞാൻ എങ്ങനെയാ അവിടെ പോയി കിടക്കണത്??. എന്തും പറഞ്ഞാ ഞാൻ കേറി പോകേണ്ടത്?, ഒന്ന് പോയി നോക്ക് കണ്ണാടിയിൽ, ഇപ്പോഴും ഇണ്ട് അവളുടെ കറുത്ത പൊട്ടുകൾ, അലമാര നിറയെ അവളുടെ സാരി ആണ്. രാത്രിൽ കിടക്കാൻ നേരത്തു അവൾ ഊരിവച്ച സ്വർണ്ണ മാല ഇപ്പോഴും ഉണ്ട്, ആ മേശപ്പുറത്ത്. ഞാൻ കുളി കഴിഞ്ഞു വരുമ്പോ, എന്റെ തലയിൽ അവൾ രാസനാദിപ്പൊടി തേച്ചു തരും. അതിന്റെ കുപ്പി ഇപ്പോഴും ആ ജനലഴിക്കരികിൽ ഇരിപ്പുണ്ട്. 25 വർഷമായി ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നു. എങ്ങനെയാ അവൾ ഇല്ലാതെ... ഒറ്റയ്ക്ക്... അവളുടെ ഓർമകൾ ജീവിച്ചു ഇരിക്കുന്ന മുറിയിൽ, ഞാൻ.....എങ്ങനെയാ....??
നിങ്ങൾക്ക് അറിയോ, ഇത്രേ കാലത്തിനിടയിൽ ഒരിക്കൽ മാത്രേ ഞാൻ അവളോട് ദേഷ്യപ്പെട്ടിട്ടുള്ളു, അന്ന് കൊച്ചു കുട്ടിയെ പോലെ അവള് മുഖം പൊത്തി കരഞ്ഞു,
എനിക്ക് സഹിച്ചില്ലടാ മക്കളേ.... അവളുടെ തുടുത്ത കവിള് എന്റെ കയ്യിലങ്ങ് കോരിയെടുത്തു...എന്നിട്ടു അവളെ നെഞ്ചോടു ചേർത്തി കിടത്തി. അതെ പിന്നെ ഒരു നോട്ടം കൊണ്ട് പോലും ഞാൻ അവളെ നോവിച്ചിട്ടില്ല.....എന്റെ രാജകുമാരി അല്ലേടാ അവള്."
അയാൾ നെഞ്ചിൽ കൈ അമർത്തി കരഞ്ഞു. തനിക്കെതിരെ നിന്നിരുന്ന കൃഷ്ണന്റെ വിഗ്രഹത്തോടു, അയാൾ അവളുടെ ജീവനായി വിലപേശി. പക്ഷേ, അവൾക്ക് ജീവൻ കൊടുത്തവർക്കോ, അവരുടെ പ്രണയത്തിനോ, അവളുടെ ജീവൻ എടുത്തവർക്കോ, അത് തിരിച്ചു കൊടുക്കാനായില്ല.ഓർമ്മകൾ കുത്തി നോവിക്കുന്നതിന്റെ ഇടയിൽ കരഞ്ഞു, കരഞ്ഞു അയാൾ ഉറങ്ങി...
പിറ്റേന്ന് രാവിലെ അയാൾ നടക്കാൻ പോയില്ല. പത്രം എടുത്തു തിണ്ണയിൽ വച്ചു. വായിച്ചില്ല. എന്തോ വലിയ അപരാധമായി ഒരുപക്ഷെ അയാൾക്കു തോന്നിയിട്ടുണ്ടാകും. പാലുമെടുത്തു അടുക്കളയിൽ പോയി. കുറച്ചു നേരം കഴിഞ്ഞു മക്കളും എത്തി.
"നിങ്ങൾക്ക് വിശക്കുന്നുണ്ടോ??....കുട്ടു, ഇതാ ആദ്യം ചായ കുടിക്കു, എന്താ ഇപ്പൊ രാവിലെ ഇണ്ടാക്ക?.... മാവ് ഇണ്ടോ ന്തോ?? .....അല്ലേൽ വേണ്ട ഞാൻ പുറത്തിന്നു പോയി വാങ്ങീട്ട് വരാം " അയാൾ ആൾക്കൂട്ടത്തിൽ അമ്മ നഷ്ടപെട്ട ഒരു 6 വയസ്സുകാരനെ പോലെ തോന്നിച്ചു..
" വേണ്ട അച്ഛാ, ഞാൻ പോയി വാങ്ങി വരാം." അരുൺ അച്ഛനെ തടഞ്ഞു നിർത്തി കൊണ്ട് പറഞ്ഞു.
" ഏയ് അതൊന്നും വേണ്ട, ഒന്ന് പുറത്തു ഇറങ്ങണം എനിക്ക്... ഞാൻ പോയി വാങ്ങാം. ഒന്ന് ഷർട്ട് മാറ്റട്ടെ."
അയാൾ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളിച്ച് റൂമിലേക്ക് പോയി.
"നിനക്ക് എന്താടാ വേണ്ടത്?, ദോശ മതിയോ? L, " അയാൾ ഇറങ്ങുന്നതിനിടെ ചോദിച്ചു.
"എന്തായാലും മതി അച്ഛാ" അവർ മറുപടി കൊടുത്തു. അയാൾ ഉമ്മറത്ത് എത്തിയപ്പോഴേക്കും തിരിഞ്ഞു നിന്ന് നീട്ടി വിളിച്ചു.
"വിദ്യേ...ആ വണ്ടിയുടെ താക്കോലൊന്നു എടുത്തേ...."
അയാൾ മറുപടിക്കായി കാത്ത് നിന്നു,
വീണ്ടും ചോദിച്ചില്ല, ഇനി തന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി തരാൻ അവൾ ഇല്ലെന്നു പതിയെ തിരിച്ചറിഞ്ഞു. അയാൾ തന്നെ പോയി താക്കോലെടുത്ത്, കടയിലേക്ക് പോയി .
"നിങ്ങടെ അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടേന്നു വാങ്ങിച്ച, അവളുടെ ഫേവ്രൈറ്റ് മസാല ദോശ....
മൊത്തം കഴിക്കണം ട്ടോ അല്ലെങ്കിൽ അവൾക്കു സങ്കടം ആകും". ഭക്ഷണം കഴിച്ചതിനു ശേഷം അവർ മൂന്നുപേരും ഹാളിലെ സോഫയിൽ ഇരുന്നു. ടീവി ഓൺ ആക്കി.
"-നമ്മൾ- അവൾക്കു ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ്. ഒരു പടം പോലും അവൾ വിടാതെ കാണും. എല്ലാം പടത്തിനും ഞാൻ കൊണ്ട് പോയിട്ടുണ്ട് അവളെ. അവൾ ചോദിക്കുന്നതൊക്കെ ഞാൻ കൊടുത്തിട്ടുണ്ട്."
തൊട്ടടുത്തിരിക്കുന്ന മകന്റെ തോളിൽ കയ്യും വച്ച് അയാൾ ചോദിച്ചു.
" പൊന്നു പോലെ തന്നെ അല്ലേടാ ഞാൻ അവളെ നോക്കിയത്, എന്റെ രാജകുമാരി അല്ലേടാ അവള്?! " കണ്ണീരൊഴിഞ്ഞൊരു നേരം അയാൾക്കുണ്ടായില്ല...കണ്ണ് നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു.
അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു , സമയം നോക്കി ഒരു മണി. തൊട്ടടുത്ത് വിദ്യ കിടക്കുന്നുണ്ട്. അവളുടെ നെഞ്ചിൽ അയാൾ കാതോർത്തു. ഉണ്ട് ജീവനുണ്ട്. അയാൾ നെടുവീർപ്പിട്ടു. അത്രമേൽ ജീവനുള്ള പോലെ തോന്നിച്ച ആ സ്വപ്നം അയാളെ ഇല്ലാതാക്കി. എങ്കിലും തന്റെ പ്രിയതമയെ തിരിച്ചു കിട്ടിയെന്നോണം, അയാൾ അവളുടെ നെറുകയിൽ ഉമ്മ വച്ചു. ഒരു ചെറു പുഞ്ചിരിയോടെ കിടന്നു ഉറങ്ങി.
5 മണിയുടെ അലാറം അടിച്ചു.
"അനിയേട്ടാ..,അലാറം അടിക്കുന്നു. എണീറ്റ് നടക്കാൻ പോകൂ... ഇല്ലെങ്കിൽ അതൊന്നു ഓഫ് ചെയ്യൂ." വിദ്യ ഉറക്കത്തിന്റെ ലഹരിയിൽ പറഞ്ഞു.
അലാറം തുടർന്ന് അടിച്ചു കൊണ്ടേ ഇരുന്നു. അവൾ അനിയെ കുലുക്കി വിളിച്ചു. ഇല്ല അയാൾ വിളി കേൾക്കുന്നില്ല. ഇന്നലത്തെ ആ ചിരി അയാളുടെ മുഖത്ത് അപ്പോഴും ഉണ്ടായിരുന്നു. ആരെയോ പന്തയത്തിൽ തോല്പിച്ചെന്നൊരു ഒരു പ്രൗഢിയും.
"അനി എഴുന്നേൽക്കൂ ...." അവൾ വെപ്രാളത്തിൽ വിളിച്ചു.
"ഉണ്ണിയേട്ടാ.., പ്ളീസ് ഒന്ന് എഴുന്നേൽക്കു.
അനിയേട്ടാ....." അവൾ ഇപ്പ്രാവശ്യം ഉറക്കെ വിളിച്ചു.
മറുപടി തരാതെയു lള്ള അയാളുടെ അനങ്ങാത്ത ശരീരം അവളെ കൂടുതൽ തളർത്തി.
"പിള്ളേരുടെ അച്ഛാ...എന്താ ഇങ്ങനെ കിടക്കണേ....??
എന്റെ മോനെ......" അവൾ കണ്ണീരിൽ മുങ്ങി. നിലവിളി കേട്ട് ആൾക്കാര് ഓടിക്കൂടി.
തന്നെ വെട്ടിച്ച്, ആദ്യം സ്വർഗത്തിൽ പോയ ഒരുത്തനോട് അവൾക്കു വല്ലാത്ത ദേഷ്യം തോന്നി. ദൈവം ക്രൂരനാണെന്നു അവൾ മുദ്രകുത്തി.
അയാളുടെ ചേതനയറ്റ ശരീരത്തിനടുത്ത് അവൾ ഇരുന്നു.അയാളെ അത്രമാത്രം പ്രണയിച്ചതിൽ അവൾക്കു കുറ്റബോധം തോന്നി.
"അവളുടെ ഭാരമേറിയ കൈകൾ, അയാളുടെ നെറ്റിയിൽ തഴുകിക്കൊണ്ടിരുന്നു. ഏറ്റവും പ്രിയപ്പെട്ടതെന്നു കരുതിയ ഒരുത്തന്റെ ജഡം അവളെ കൊന്നു തിന്നു. അവർക്കിരുവർക്കും ജീവനില്ലാത്ത പോലെ തോന്നിച്ചു.
ചിതയിൽ അവളുടെ പ്രാണൻ ചാരമാകുന്നത് അവൾ നോക്കി നിന്നു.
ചടങ്ങുകൾക്കു ശേഷം,
അവൾ അവരുടെ മുറിയിൽ ഒറ്റക്കിരുന്നു. കൊറച്ചു കഴിഞ്ഞപ്പോൾ മക്കൾ വന്നു.
"നിങ്ങടെ അച്ഛൻ എഴുതിയ കവിതകൾ ആണ് ഇതൊക്കെ, കോളേജ് പഠിക്കുമ്പോ ഇത് എഴുതി തന്നാ, ആ മനുഷ്യൻ എന്നെ വീഴ്ത്തിയത്." അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു.
"ഇത് കണ്ടോ? ഇപ്പോഴാ ഈ കവിത ഞാൻ കാണുന്നേ,
എന്റെ മരണശേഷം എന്റെ കവിതകൾ
നിന്നെ വേദനിപ്പിക്കാതിരിക്കട്ടെ,
അവൾ ഉറക്കെ വായിക്കവേ വരികൾ മഴത്തുള്ളിയിൽ അലിഞ്ഞു ചേർന്നു.
"വേദനിക്കുന്നുണ്ടെടാ,എല്ലാം എന്നെ നോവിക്കുന്നുണ്ട്. ആ മേശപ്പുറത്തേക്കു നോക്ക്, നിങ്ങടെ അച്ഛന്റെ പേഴ്സും വാച്ചും ഇരിക്കുന്നു. എല്ലാവിടെയും അങ്ങേരുടെ വസ്ത്രങ്ങളാണ്, അലക്ഷ്യമായി ഇട്ടിരിക്കുന്നു." അവളുടെ സാരിത്തുമ്പ് അവരുടെ പ്രണയത്തിൽ കുതർന്നു.
അയാ മരണശേഷം ഉള്ള ആദ്യത്തെ രാവിലെ..
അവൾ എഴുന്നേറ്റു വാതിൽ തുറന്നു. പുറത്തിറങ്ങി, പക്ഷേ പത്രമോ പാലോ അവൾ എടുത്തില്ല. അവിടെ തന്നെ വച്ചു. ഒരുപക്ഷേ അവയെ തൊട്ടാൽ പോലും തനിക്ക് പൊള്ളും എന്ന് അവൾ ഭയന്നിട്ടുണ്ടാകാം.
"അമ്മേ, ഞാൻ പോയി എന്തെങ്കിലും വാങ്ങീട്ട് വരാം." അരുൺ പറഞ്ഞു
"ഏയ് അതൊന്നും വേണ്ട, മാവ് ഇരിപ്പുണ്ട്. ഞാൻ ഇണ്ടാക്കി തരാം. നീ കുട്ടുവിനെ വിളിക്ക് ."
ഊണുമേശയിൽ ഇരുന്നു അവർ ഒരുമിച്ചു കഴിച്ചു.
"നിങ്ങടെ അച്ഛന് ഞാൻ ഉണ്ടാക്കുന്ന ദോശ തന്നെയാ കൂടുതൽ ഇഷ്ടം. മുഴുവൻ കഴിക്കണം കേട്ടോ, അല്ലേൽ അച്ഛൻ ചീത്ത പറയും." അവൾ അറിയാതെ വിതുമ്പി.
തൊട്ടടുത്തിരിക്കുന്ന മകന്റെ തോളിൽ അവൾ ചാരി ഇരുന്നു.
"എന്നെ പൊന്നു പോലെയാടാ നോക്കിയേ....ആ മനുഷ്യന്റെ രാജകുമാരിയല്ലേടാ ഞാൻ..."
പിന്നീടുള്ള ദിവസങ്ങൾ എങ്ങനെ ആയിരിക്കും കടന്നു പോയിരിക്ക. അയാളുടെ വസ്ത്രങ്ങൾ അവളെ നോവിക്കാതെ, അവൾക്ക് അവനെന്നോളം കൂട്ടാവാൻ കഴിഞ്ഞിരിക്കുമോ?
അയാൾക്കു പകരം അവൾ എന്നും രാവിലെ നടക്കാൻ പോയിട്ടുണ്ടാകുമോ?? അയാൾക്കു പരിചിതമായ മുഖങ്ങൾ അവൾക്കും പ്രിയപ്പെട്ടതാകുമോ??.....അറിയില്ല!!,
എനിക്കും അറിയില്ല.
ജീവനായി കരുതിയ അയാളുടെ മരണം ഒരുപക്ഷേ അവളെയും ഇല്ലാതാക്കിയേക്കാം, അവളെ ഭ്രാന്തിയാക്കിയേക്കാം, വിരഹപ്രണയിത്തിന്റെ ഭാരത്തിൽ നിന്നും പുറത്തു വരാനാകാതെ അവൾ ഒരു എഴുത്തുകാരിയായി മാറിയേക്കാം. അവനില്ലാത്ത ശൂന്യതയിൽ, അവളുടെ തൂലിക അവനായ് ചലിച്ചിരിക്കാം…ഇങ്ങനെ,
"നിന്നോളം മനോഹരമായതൊന്നും,
ഞാൻ ഇന്നുവരെ സ്വന്തമാക്കിട്ടില്ല.
പക്ഷേ, മഴ തോരും മുന്നേ
നഷ്ടമാകുമെന്ന് ,നീ എന്നെ
അറിയിച്ചതുമില്ല..!"
അവനെന്ന ശൂന്യത അവളെ വേട്ടയാടുമെങ്കിലും, അവനെന്ന ഓർമ്മകളിൽ അവൾ സ്വർഗം തീർക്കുകയായിരിക്കാം…
അല്ലെങ്കിൽ, മരണശേഷമുള്ള സ്വർഗത്തിൽ ഇരുവരും വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയിൽ, തന്റെ പ്രിയതമന്റെ വിളിക്കായി, അവൾ കാതോർക്കുകയായിരുന്നിരിക്കണം...
ഇതിൽ ആരാണ് കൂടുതൾ നിർഭാഗ്യവാൻ??!!, സ്വർഗത്തിൽ നിന്നും ആദ്യം പടിയിറങ്ങിയവനോ, അതോ സ്വർഗ്ഗത്തിൽ തനിച്ചായവളോ....
ഈ കഥ സ്വർഗ്ഗതുല്യമായത് അവരുടെ പ്രണയത്താലാണ്.ആരെയും കൊതിപ്പിക്കുന്ന പരിശുദ്ധ പ്രണയത്താൽ….
