പടിയിറക്കം
പടിയിറക്കം
ചുളിഞ്ഞ കസവ് മുണ്ടും ഷർട്ടും ധരിച്ച ശങ്കരക്കുറുപ്പ് പട്ടണത്തിൽ നിന്നും തിരിച്ചെത്തി.തോർത്ത് ചാരുകസേരിയിൽ വിരിച്ചു കുറുപ്പ് കടന്നു.അയാളുടെ ഭാരവും അതിൽ ഇരിട്ടി ഭാരമുള്ളിലും ഉള്ളവനെ അമ്മയുടെ വാത്സല്യം പോലെ ചാരുകസേര അയാളെ മടിയിൽ കിടത്തി.
ജീവനാം എന്തോ നഷ്ടമായ ഒരുവളെ പോലെ തോന്നിച്ച അമ്മിണി ഉമ്മറത്തേക്ക് വന്നു.
"ചായ കുടിച്ചില്ലല്ലോ" അവൾ ചോദിച്ചു
"ഞാൻ ഉണ്ടാക്കിയതല്ലേ രുചിയില്ല നിറമില്ല കടുപ്പമില്ല".
ശങ്കരക്കുറുപ്പ് അവളെ നോക്കാതെ പറഞ്ഞു.
"ഒന്ന് എന്നിലേക്ക് നോക്കൂ ഓർമ്മകളിൽ ഉണ്ടാകും ഞാൻ ഉണ്ടാക്കുന്ന ചായയുടെ രുചി,
അത് പോലെ ഉണ്ടാക്കാനൊന്നു ശ്രമിച്ചുകൂടേ"
അവളെ പൂർത്തിയാക്കാൻ അയാൾ സമ്മതിച്ചില്ല.
തളർന്ന കൈകൾ പൊക്കി കുറുപ്പ് ദേഷ്യത്തോടെ പറഞ്ഞു, "വേണ്ട തെക്കേ പറമ്പിൽ നിന്റെ ചാരമുണ്ട് തൊട്ടടുത്ത് കത്തുന്ന മൺവിളക്കും, നിന്റെ ശരീരമോ ആത്മാവോ ഇല്ലാത്തിടത്ത് നിന്റെ ഓർമ്മകൾ മാത്രമായി എനിക്ക് വേണ്ട. നിനക്ക് ഇവിടുന്നു പോകാം"
തളർന്നുപോയവന്റെ കാലുകൾ ചൊല്ലി പഠിപ്പിച്ച എന്നവണ്ണം പതുക്കെ എഴുന്നേറ്റു , മകനെ പിരിഞ്ഞ വേദനയിൽ കസേര നിലവിളിച്ചു.നടന്നു നീങ്ങി അയാൾ തൂണിൽ ചാരി കൈകൾ പിന്നിലേക്ക് കെട്ടി.
സാരി തുമ്പത്ത് കണ്ണീർ തുടച്ചുകൊണ്ട് അവൾ യാത്ര പോകാൻ ഒരുങ്ങി."നിന്റെ മരിച്ചുപോയ ഒരുത്തിയുടെ ഓർമ്മകളാണ് ഞാൻ, പോവുകയാണ്" അവൾ അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് പറഞ്ഞു ഒപ്പിച്ചു.കുറുപ്പിന്റെ മറുപടിക്കായി അവൾ കാത്തിരുന്നു.
" പോകുമ്പോൾ ആ മയിൽപീലിയും മഞ്ചാടിക്കുരുവും കൊണ്ടുപോകണം നിന്നെ ഓർമ്മപ്പെടുത്തുന്നതൊന്നും ഇനി ഇവിടെ വേണ്ട". വീണ്ടും അവളെ നോക്കാതെ അയാൾ പറഞ്ഞു.
അമ്മിണി പടിയിറങ്ങി, ചിതലരിച്ച വീട്ടുപേര് അവൾ സാരി തുമ്പു കൊണ്ട് തുടച്ചു "ഹൃദയം" തിരിഞ്ഞു നോക്കാതെ അവൾ നടന്നു നീങ്ങി
കൂട്ടായ ഒരുത്തിയുടെ ഓർമ്മകൾ ഹൃദയത്തിന്റെ പടിയിറങ്ങുന്നത് അയാൾ നോക്കിക്കൊണ്ടിരുന്നു, മങ്ങുന്ന കാഴ്ച തുടച്ചുമാറ്റാൻ അയാൾക്ക് കഴിഞ്ഞില്ല.അയാൾ പുഞ്ചിരിച്ചു, അട്ടഹസിച്ചു, നഖം വളർന്നു, വസ്ത്രം കീറി,ഭ്രാന്തനായി .....
ചായ ചൂടാറി,
തണുത്തു ,
മരവിച്ചു,
ഉറുമ്പുകൾ വന്നു, പൊടി പാറി,
ചിതലരിച്ചു.
എന്നോ പെയ്ത മഴയിൽ ആ ചില്ലു ഗ്ലാസ് വീണുടഞ്ഞു ആത്മഹത്യ ആണെന്നാണ് കണ്ടുനിന്നവർ പറഞ്ഞത് .
"വേണ്ട അങ്ങോട്ടു പോകണ്ട കുറേ വർഷങ്ങളായി അടഞ്ഞു കിടക്കുന്ന വീടാണത് " കുറുപ്പിന്റെ വീട്ടിലേക്കു കയറാൻ ഒരുങ്ങിയ തന്റെ ചെറു മകനോട് വയസ്സായ ഒരാൾ വെപ്രാളത്തിൽ പറഞ്ഞു.
"കുറുപ്പിന്റെ കാര്യം കഷ്ടം തന്നെയായിരുന്നു. ഭാര്യ മരിച്ചതിന്റെ പിറ്റേന്ന് അയാൾ ഭ്രാന്തനായതല്ലേ,പോലീസുകാരും ആശുപത്രിക്കാരും കുറേ പരിശ്രമിച്ചതാ ചങ്ങലക്കിടാൻ, കയറ്റിയില്ല. ആ പടിക്കപ്പുറത്തേക്ക് ഒരു മനുഷ്യനെയും അയാൾ കയറ്റിയില്ല.അവസാനം പട്ടിണികിടന്നാണു അയാൾ മരിച്ചത്. സന്ധ്യക്ക് ഇപ്പോഴും ചാരുകസേരയിൽ അയാളെ പലരും കണ്ടിട്ടുണ്ടത്രേ , കൂടാതെ തുളസി തറയിലെ മൺവിളക്ക്തന്നെ കത്തുന്നതും!!
ഇങ്ങോട്ട് പോരുക വേഗം."
അയാൾ ഭയത്തോടെ ധൃതിയിൽ പറഞ്ഞു തീർത്തു.
ഇതെല്ലാം കണ്ടുകൊണ്ട് ശങ്കരക്കുറുപ്പ് ചാരുകസേരയിലോട്ടങ്ങ് ഇരുന്നു.ഇപ്രാവശ്യം ഒട്ടും ഭാരമില്ലാത്ത അയാളെ ശബ്ദം ഉണ്ടാക്കാതെ അമ്മ ചേർത്തുപിടിച്ചു.അയാൾ ചൂട് ചായ ഊതി ഊതി കുടിച്ചു.തിരിഞ്ഞ് ഉള്ളിലേക്ക് നോക്കിക്കൊണ്ട് അയാൾ പറഞ്ഞു "അമ്മിണിയെ വിളക്കു കൊളുത്താൻ ആയില്ലേ"......
മരണത്തിനിപ്പുറവും അപ്പുറവും അവർ ഒന്നിച്ചു
