അവൾക്കു പകരം
അവൾക്കു പകരം


പതിവുപോലെ സച്ചി അവൾക്കുവേണ്ടി ആൽത്തറയിൽ കാത്തിരുന്നു. കൈയിൽ എം. ടി യുടെ മഞ്ഞും ഉണ്ട്. രാധിക വരുന്നത് കണ്ടുകൊണ്ടു സച്ചി പുസ്തകം മടക്കി വച്ചു.
" ഒരേ നരച്ച ഷർട്ടും മുണ്ടും മാത്രേ നിനക്ക് ഇടാനുള്ളൂ?" വന്നപാടെ രാധിക ചോദിച്ചു.
"ഈ ഷർട്ടിന് എന്താ ഒരു കുഴപ്പം" അവനും വിട്ടുകൊടുത്തില്ല.
"ഒരു കുഴപ്പോം ഇല്ല. ഇടക്കൊക്കെ ഞാൻ വാങ്ങിത്തന്നതും ഇടാം ട്ടോ."
"ഓ ആയിക്കോട്ടെ" സച്ചി ഒരു കള്ള ചിരിയോടെ പറഞ്ഞു.
"നീ എന്താ പറയാനുണ്ടെന്ന് പറഞ്ഞത് "
" സച്ചി എനിക്ക് ഒരു ജോലി ശരിയായിട്ടുണ്ട്. ബാംഗ്ലൂർ ആണ്"
"ബാംഗ്ലൂരോ..?, വീട്ടുകാര് സമ്മതിച്ചോ?"
"അവര് സമ്മതിക്കാൻ എന്തിരിക്കുന്നു, ഞാൻ കഷ്ടപ്പെട്ട് വാങ്ങിയ ജോലി അല്ലേ..."
"അതൊക്കെ ശരിയാണ് പക്ഷെ ബാംഗ്ലൂർ എന്നൊക്കെ പറയുമ്പോൾ...."
"കവികൾ ഒക്കെ പഴഞ്ചന്മാരെന്നു കേട്ടിട്ടുണ്ട് ഇപ്പൊ ബോധ്യായി"
" മ് നിന്റെ ഇഷ്ടം പോലെ"
അവളുടെ മറുപടി കേൾക്കാൻ താല്പര്യം ഇല്ലെന്ന വണ്ണം അവൻ മടക്കി വച്ച പുസ്തകം വീണ്ടും തുറന്നു വായിക്കാൻ തുടങ്ങി. രാധിക പതുക്കെ അവന്റെ കൈകൾ പിടിച്ചു എന്തോ പറയാൻ തുടങ്ങി.
" സച്ചി നീ എത്ര നാൾ ഇങ്ങനെ കവിതയും കഥയും ഒക്കെ എഴുതി ഇരിക്കും, കൊറേ കാലമായില്ലേ ഒന്നും എഴുതി പൂർത്തിയാക്കിയിട്ടുമില്ല. നീയും ഒരു ജോലി നോക്ക് ബാംഗ്ലൂരിൽ, നമ്മക്കു ഒരുമിച്ചു താമസിക്കാം."
"എനിക്ക് ജോലി ഇല്ലെങ്കിൽ നിനക്ക് എന്നെ വേണ്ടേ രാധു?"
"അതാണോ ഞാൻ പറഞ്ഞതിന്റെ അർഥം?" അവളുടെ കണ്ണുകൾ അനുവാദമില്ലാതെ നിറഞ്ഞു.
"ഞാൻ ചുമ്മാ പറഞ്ഞതാ രാധു, നീ അത് വിട്. ഞാനും എത്രയും വേഗം ജോലി നോക്കാം"
"മ് ശരി.അടുത്ത ആഴ്ച തന്നെ ഞാൻ പോകും"
"രാധൂ ... ഞാൻ വിളിക്കാം നീ പോയി വാ"
" സച്ചി നിന്റെ പറച്ചിൽ കേട്ടാൽ കൊച്ചു കുട്ടിയാ തോന്നും ലോ ഞാൻ"
"നിനക്ക് 23 വയസ്സല്ലേ ആയിട്ടുള്ളു എനിക്ക് നീ കൊച്ചു കുട്ടി തന്നെ ആണ്" സച്ചി അവളെ കളിയാക്കി.
"ഞാൻ നിന്റെ കാമുകി ആണ് ആറുവയസിന്റെ മുപ്പല്ലേ നിനക്ക് ഉള്ളൂ ." പോകുന്ന വഴിയിൽ അവൾ ഉറക്കെ അവനെ നോക്കി പറഞ്ഞു.
സച്ചിയും തിരിച്ചു വീട്ടിലേക്കു നടന്നു.
രാധിക പോയിട്ടു ഒരു മാസം പിന്നിട്ടു...
"രാധു, ഞാൻ നിന്നെ വിളിക്കാം ട്ടോ, ഞാൻ വീടെത്താറായി"
" ആ സച്ചി, രാത്രി വിളിക്കാം"
സച്ചി ഫോൺ കട്ട് ചെയ്തു വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.
"എടോ കവി, ഓർമ്മയുണ്ടോ?"
പരിചയമുള്ള ആ ശബ്ദം കേട്ടതും അവന്റെ ഉള്ളു ഒന്ന് പിടഞ്ഞു, ഒരു ആളലോടെ അവൻ തിരിഞ്ഞു നോക്കി.
"അതേ അവൾ തന്നെ, ഒരിക്കൽ തന്റേതു മാത്രമെന്നു വിശ്വസിച്ച്, പ്രാണന് തുല്യം സ്നേച്ചവൾ,ദേവി.." അവൻ മനസ്സിൽ ഉറപ്പിച്ചു. അവളെ കാണാത്ത ഭാവത്തിൽ അവൻ തിരിഞ്ഞു നടന്നു. ഉണങ്ങിയെന്നു കരുതിയ മുറിവുകളിൽ നിന്ന് ചോരയൊലിച്ചിറങ്ങുന്നതായി അവനു തോന്നി.
"സച്ചി ഒന്ന് നിക്കൂ.." അവൾ അവനെ തടഞ്ഞു നിർത്തിക്കൊണ്ട് പറഞ്ഞു.
"ദേവി, എന്നോടിത് ചെയ്യരുത്. എല്ലാം ഞാൻ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്, വീണ്ടും വന്നു എന്നെ ഇല്ലാതാക്കരുത്. എന്റെ ദേവി, ഞാൻ എന്നൊരാളെ അറിയില്ലെന്ന മട്ടിൽ നീ തിരിച്ചു പോകു എന്റെ അപേക്ഷയാണ്." സച്ചി കൈകൂപ്പി പറഞ്ഞു.
"സച്ചി നിന്നെ വേദനിപ്പിക്കാൻ വന്നതല്ല, പണ്ടത്രമേൽ പ്രണയിച്ച സുഹൃത്തിനെ ഒന്ന് കാണാൻ വന്നതാണ്, നീയല്ലാതെ എനിക്ക് ആരാണുള്ളത്?!. കവി, നിന്റെ ദേവി നിന്നെ ഇനി വേദനിപ്പിക്കില്ല. ഒരു കൂട്ടുകാരിയായി കണ്ടാൽ മതി. ഞാൻ ഉണ്ടാക്കിയ മുറിവുകളിൽ ഞാൻ തന്നെ മരുന്ന് വെക്കാം. ദയവു ചെയ്തു എന്നെ അതിനനുവദിക്കൂ."
"എന്റെ ദേവി, നീ എന്നെ ഉപേക്ഷിച്ചു പോയിട്ടു ഇന്നേക്ക് 3 വർഷം 6 മാസം 11 ദിവസം.
ഇല്ല, കഴിഞ്ഞില്ല. നിന്നെ മറക്കാൻ ഇനിയും സാധിച്ചിട്ടില്ല. പക്ഷേ ആ മുറിവിന്റെ ആഴം ഇന്ന് പെണ്ണൊരുത്തിയുടെ സ്നേഹം കൊണ്ട് അടച്ചു പോരുകയാണ്. അതിന്റെ ആഴം നീ വീണ്ടും കൂട്ടുമെന്നത് എനിക്കുറപ്പാണ്......" അവനു പറഞ്ഞു പൂർത്തിയാക്കാൻ കഴിന്നതിനു മുന്നേ തന്നെ അവന്റെ തൊണ്ടയിടറി!."
"കവി, നിന്റെ ദേവിയെ നീ അത്രമേൽ വെറുക്കുന്നുവോ? പറ്റില്ല നിനക്കതിനു സാധിക്കില്ലെന്ന് എനിക്ക് അറിയാം. ചെയ്തു പോയത് പൊറുക്കാനാവാത്തതാണെന്ന് അറിയാം, രാധുവാണ് ഇപ്പൊ നിന്റെ പെണ്ണെന്നുമെനിക്ക് അറിയാം. ഒന്നും തട്ടിയെടുക്കാൻ വന്നതല്ല. നിന്നെ ഒരിക്കൽ കൂടി സ്നേഹിക്കാൻ വന്നതാണ്." അവളും കരഞ്ഞു കൊണ്ട് പറഞ്ഞു.
"നമ്മുക്ക് പിന്നീട് സംസാരിക്കാം ദേവി, ഞാൻ പോകുന്നു കുറച്ചു തിരക്കുണ്ട്." അവൻ കണ്ണ് തുടച്ചു കൊണ്ട് വേഗത്തിൽ വീട്ടിലേക്ക് നടന്നു.
സച്ചി അന്ന് രാത്രി ചിന്തയിലാണ്ടു. ദേവിയുടെ തിരിച്ചുവരവ് എന്തിനാണെന്ന് സച്ചി സ്വയം ചോദിച്ചു കൊണ്ടിരുന്നു. അലമാരയിൽ താഴെ പൊടിപ്പിടിച്ചിരുന്ന കുറെ കടലാസുകൾ എടുത്തു ഉമ്മറപ്പടിയിൽ ഇരുന്നു.
"എന്റെ ദേവി, നിന്നെ നായികയാക്കി ഞാൻ എഴുതിയ ആദ്യത്തെ കഥയാണ് പൂർത്തിയാക്കാൻ സാധിക്കുന്നതിനു മുന്നേ നീ പോയില്ലേ?" അവൻ ഓരോ ഏടുകളായി മറിച്ചു നോക്കി.
അവനുറക്കം വന്നില്ല തിണ്ണയിൽ ചാഞ്ഞിരുന്നു. മാനത്ത് അഹംഭാവത്തോടെ നെഞ്ചുവിരിച്ചിരിക്കുന്ന ചന്ദ്രനോടായവൻ ചോദിച്ചു.
"നീ ഓർക്കുന്നുണ്ടോ എന്റെ ദേവിയെ? എങ്ങനെ മറക്കും അല്ലേ. എത്ര കഥകൾ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. നിന്റെ കുഞ്ഞു മക്കളായ നക്ഷത്രങ്ങൾക്കു അവയെല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ടാകും, തീർച്ച. അവൾ വീണ്ടും വന്നിരിക്കുന്നു. വേദനിപ്പിക്കാൻ അല്ലത്രേ, മറിച്ചു സ്നേഹിക്കാൻ. ചിരിയാണ് വരുന്നത്. പണ്ട്, ഒരിക്കലും ഈ ഉള്ളവനെ വെറുത്തു, മറന്നു മടങ്ങില്ലെന്നു പറഞ്ഞു വന്നവളാ. ഇപ്പൊ കണ്ടില്ലേ അഞ്ചു വർഷം ഉള്ളിലൊരു റോസാപ്പൂപോലെ കൊണ്ട് നടന്നവൾ, ഈ കവിയെ, ഒരു പാവം വണ്ടിനെ, സ്നേഹിക്കുന്നില്ലെന്നും പറഞ്ഞു ഒരു പോക്ക് പോയി. നീ പറ എന്തിനാ അവൾ വീണ്ടും വന്നത്?? പ്രണയിച്ചു പറ്റിക്കാനാണോ? ഇല്ല ഞാനതിനു എന്നെ വിട്ടുകൊടുക്കില്ല.."
പെട്ടന്ന് അവന്റെ ഫോൺ റിങ് ചെയ്തപ്പോൾ മാനത്തൊരുത്തനുമായുള്ള സംവാദം അവൻ നിർത്തി.
"രാധു, നീ ഇപ്പോഴാണോ എത്തുന്നത്?" അവൻ പരിഭ്രമത്തിൽ ചോദിച്ചു.
"അതെ സച്ചി, ഇന്നിത്തിരി അധികം ജോലി ഇണ്ടായിരുന്നു. അതുമല്ല ഇവിടെ ഇതൊന്നും ഒരു നേരമേ അല്ല. അവൾ അവനെ സമാധാനിപ്പിച്ചു.
"ഉം ശരി. സൂക്ഷിച്ചു വേണം. അധികം ആരോടും ചങ്ങാത്തം വേണ്ട, ആരൊക്കെ ഇങ്ങനത്തെ ആൾകാരാണെന്നു നമുക്കറിയില്ല."
"അതൊക്കെ ഞാൻ നോക്കിക്കോളാം സച്ചി."
"എന്നാ ശരി, പോയി കിടന്നു ഉറങ്ങൂ . ഗുഡ് നൈറ്റ്."
അവളെ പറഞ്ഞയച്ചു കൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു.
ദേവി വന്നത് അവളോട് പറയാത്തതിൽ അവനു കുറ്റബോധം തോന്നി . രണ്ടും ദിവസം കഴിഞ്ഞാൽ അവൾ തിരിച്ചു പോകും എന്ന ചിന്തയിൽ അവൻ സ്വയം സമാധാനിപ്പിച്ചു.
(കുറച്ചു ദിവസങ്ങൾക്കു ശേഷം)
ശനിയാഴ്ചയാണ്, സച്ചി പതിവുപോലെ അമ്പലത്തിൽ പോയി, കൈയിൽ എം ടി യുടെ പുസ്തകവും. ആൽത്തറയിൽ ഇരുന്ന് അവൻ വായന തുടങ്ങി.
"കവി.." ദേവി സച്ചിയേ നീട്ടി വിളിച്ചു.
സച്ചി അവളെ ഒഴിവാക്കാനെന്നവണ്ണം അവിടെ നിന്നും പോകാനൊരുങ്ങി.
"സച്ചി, ഒന്ന് പഴയതു പോലെ സംസാരിക്കണം; അത്രെയുള്ളൂ പ്ളീസ്." അവൾ അപേക്ഷയെന്നോണം പറഞ്ഞു.
പണ്ടത്തെ സ്നേഹം ഇപ്പോഴും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നിരിക്കണം. അവൻ പുസ്തകം മടക്കി വച്ച് അവിടെ തന്നെ ഇരുന്നു.
"സച്ചി എനിക്ക് ഇങ്ങോട്ടു ട്രാൻഫർ കിട്ടി."
അവൾ പറഞ്ഞത് കേട്ടപ്പോൾ ഇനിയും പലപ്പോഴായി അവളെ കാണേണ്ടിവരുമെന്ന ഭയം അവന്റെ ഉള്ളിൽ പൊട്ടിമുളച്ചു.
"ഏതു കോളേജിലേക്കാണ് മാറ്റം കിട്ടിയത്."
"നമ്മുടെ കോളേജ് തന്നെ."
"ജോയിൻ
ചെയ്തോ?"
"ഇല്ല,തിങ്കളാഴ്ച്ച മുതൽ കേറണം."
"ഉം"
ഇനിയെന്ത് സംസാരിക്കണം എന്ന് അറിയാതെ അവർ പരസ്പ്പരം നോക്കിയിരുന്നു.
ഇനിയും അവളെ നോക്കിയിരുന്നാൽ അവന്റെ കണ്ണുകൾ അറിയാതെ പ്രണയം തുറന്നു പറയുമെന്ന ഭയത്താൽ അവൻ നോട്ടം മാറ്റി അവളോടായി ചോദിച്ചു.
"പെട്ടെന്ന് എന്നെ കാണണം എന്ന് തോന്നാൻ എന്താ കാരണം."
"അങ്ങനെ തോന്നി." കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്ന് ഒന്ന് പരുങ്ങി ദേവി ആ ചോദ്യം ചോദിച്ചു!
"സച്ചി, നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ട് അല്ലേ?"
ദേവിയുടെ ചോദ്യം കേട്ട് സച്ചി ഒന്ന് അമ്പരുന്നുവെങ്കിലും അവൻ ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു.
"ഇല്ല!"
"സച്ചി ഞാൻ സമ്മാനിച്ച പുസ്തകമാണ് നിന്റെ കൈകളിൽ ഇരിക്കുന്നത്." അവന്റെ കയ്യിൽ നിന്നും പുസ്തകം തട്ടിപ്പറിച്ച് അവൾ ആദ്യത്തെ പേജ് അവനു കാണിച്ചു കൊടുത്തു.
"കണ്ടോ എന്റെ പ്രിയ എഴുത്തുകാരന്, ഇത് ഞാൻ എഴുതിയതാണ്. എത്ര കൊല്ലം മുമ്പ് സമ്മാനിച്ചതാണ് ഈ പുസ്തകം. ഇനിയും വായിച്ചു തീർന്നിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഷ്ടമാണ്."
"ശരിയാണ്, ഈ ലോകത്തിൽ മറ്റെന്തിനേക്കാളും ഞാൻ നിന്നെ പ്രണയിക്കുന്നു. ഈ പുസ്തകം അല്ലാതെ മറ്റെന്താണ് നിന്നെ ഓർമ്മിക്കാൻ എനിക്കുള്ളത്. പെട്ടെന്നൊരുന്നാൾ നീ പോയപ്പോൾ ഇതാ ഈ പുസ്തകം കയ്യിലങ്ങനെ മുറുക്കി പിടിച്ചു. നിന്റെ കൈകളാണവ എന്ന് പലതിനേയും, പലരേയും വിശ്വസിപ്പിക്കേണ്ടി വന്നു. നീ പോയതിനു ശേഷം എത്ര കഥകളിൽ ഞാൻ നിന്നെ എന്റെ നായികയാക്കിയെന്നു നിനക്ക് അറിയുമോ?. അവരെല്ലാം ഈ കവിയുമായി ഒന്നിച്ചു. HAPPILY EVER AFTER. " സച്ചി പറഞ്ഞു തീർത്തപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി."
"സച്ചി, എന്തിനാ നീ കരയുന്നത്, എന്തെങ്കിലും ഓർത്തുവോ നീ." അവന്റെ കണ്ണുകൾ അവൾ സാരി തുമ്പു കൊണ്ട് തുടച്ചു, അവന്റെ മുഖം അവൾ വാരിപ്പുണർന്നു കൊണ്ട് ചോദിച്ചു.
"ദേവി, ഒന്നിങ്ങോട്ടു വരൂ…." സച്ചിയും അവളും ഇരിക്കുന്ന മുറിയിലേക്ക് ഒരാൾ കടന്നു വന്നു.
"സച്ചി ഞാൻ ഇപ്പോൾ വാരാം ട്ടോ." അവൾ അയാളോടൊപ്പം പുറത്തേക്കു ഇറങ്ങി.
"ഡോക്ടർ, അവനു ഇനിയും ഓർമ്മകൾ ഒന്നും തിരിച്ചു കിട്ടിയിട്ടില്ല. ഞാൻ ദേവിയാണെന്നാ അവന്റെ വിചാരം!"
"രാധിക അത് അങ്ങനെ തന്നെ ഇരിക്കട്ടെ. നീ എത്രപ്രാവശ്യം അത് മാറ്റി പറഞ്ഞാലും അവനു അതൊന്നും ഓർമയുണ്ടാകില്ല." ഡോക്ടർ അവളോടായി പറഞ്ഞു.
"എന്റെ കെട്ടിയോനാണ് അവിടെ കിടക്കുന്നത്, എന്നെ വേറൊരു പെണ്ണായി കാണുന്നത്, അതും അദ്ദേഹത്തിന്റെ പണ്ടത്തെ പെണ്ണായി. എനിക്ക് ഇത് സഹിക്കാനാകുന്നില്ല."
"സാരമില്ല രാധു, ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് നമ്മൾ ആരും കരുതിയില്ലല്ലോ?. അവന്റെ ഓർമകൾ തിരിച്ചു വരും എന്ന് തന്നെ നമ്മുക്ക് വിശ്വസിക്കാം."
"എത്ര നാൾ, എത്ര നാൾ ഞാൻ ദേവിയുടെ വേഷം കെട്ടണം. സച്ചിയേ ഒരുകാലത്തു പ്രണയിച്ചതിന്റെ പാപമാണോ ഞാൻ അനുഭവിക്കുന്നത്?, അതോ ദേവിയേക്കാൾ ഞാൻ അവനെ പ്രണയിച്ചില്ലേ? ഈ രോഗം വന്നപ്പോഴും എന്നെ മറന്നു അവളെ മാത്രം ഓർത്തിരിക്കാൻ എങ്ങനെ അവനു സാധിക്കുന്നു?!."
"രാധു,നിന്നെ അവൻ മറന്നിട്ടില്ല.അവന്റെ കഥയിൽ നിനക്കും സ്ഥാനമുണ്ട്. അവൻ പറഞ്ഞത് നീയും കേട്ടതല്ലേ.. അവൻ്റെ കാമുകിയാണ് നീ, അവനെ ഉപേക്ഷിച്ചു പോയ നഷ്ടപ്രണയം മാത്രമാണ് ദേവി.."
അവളെ ആശ്വസിപ്പിക്കാനെന്നവണ്ണം ഡോക്ടർ പറഞ്ഞു.
"ദേവി" സച്ചി രാധുവിനെ വിളിച്ചു.
"എനിക്കിനി വയ്യ ഡോക്ടർ മടുത്തു. ഞാൻ ഇനി ഒരു വേഷം കെട്ടാനും ഇല്ല!." പലതും മനസ്സിൽ ഉറപ്പിച്ചെന്നവണ്ണം അവൾ സച്ചിയുടെ മുറിയിലേക്ക് നടന്നു.
"ദേവി നീ എങ്ങോട്ടാ പോയേ ? ആരാണയാൾ?" രാധുവിനെ കണ്ടതും സച്ചിക്കു ഒരുപാടു ചോദ്യം ഉണ്ടായിരുന്നു ചോദിക്കാൻ.
"സച്ചി ഞാൻ നിന്റെ ദേവി അല്ല രാധു ആണ് എനിക്കിനി നിന്റെ മുമ്പിൽ ദേവിയെന്ന വേഷം കെട്ടിയാടാനാവില്ല . സച്ചി ദയവു ചെയ്തു എന്നെ നീ തിരിച്ചറിയൂ. നിന്നെ അത്രത്തോളം ഞാൻ സ്നേഹിക്കുന്നു. എന്നെ ഒന്ന് ഓർത്തെടുക്കൂ..." അവൾ അവന്റെ കാല്കീഴിൽ വീണു പറഞ്ഞു.
സച്ചി ഒന്നും മനസിലാവാതെ അവളോടൊപ്പം നിലത്തിരുന്നു.
"ദേവി നീ എന്തൊക്കെയാ ഈ പറയണേ..? രാധു ബാംഗ്ലൂർ അല്ലേ... പറഞ്ഞപോലെ അവൾ ഇന്ന് എന്നെ വിളിച്ചില്ലല്ലോ..? ചിലപ്പോൾ ജോലി തിരക്കായിരിക്കും.."
"സച്ചി ഞാൻ ബാംഗ്ലൂരിൽ നിന്ന് എപ്പോഴോ വന്നൂ, നിനക്ക് വയ്യെന്ന് അറിഞ്ഞപ്പോഴേ വന്നു. നിന്നെ തേടി ദേവി ഒരിക്കലും തിരിച്ചു വന്നിട്ടില്ല. അവൾ പോയി. നീ അത് ഒന്ന് മനസ്സിലാക്കൂ.. M"
"ദേവി നീ അല്ലേ ഇത്രനേരം എന്നോട് സംസാരിച്ചത്. നമ്മൾ ആൽമരച്ചോട്ടിൽ അല്ലേ ഉണ്ടായിരുന്നേ...? ഇപ്പൊ ഇത് ഏതു വീടാണ്…?!"
"ശരി, ദേവിയാണ് ഞാൻ എന്ന് നീ ഇനിയും കരുതുന്നെങ്കിൽ ഈ പറയുന്നത് കൂടെ കേൾക്കൂ.. ഞാൻ നിന്നെ പണ്ടേ ഉപേക്ഷിച്ചു. നിന്റെ ദേവി നിന്നെ പണ്ടേക്കു പണ്ടേ വലിച്ചെറിഞ്ഞതാ.. നിന്നെ ഞാൻ ഒരിക്കലും പ്രണയിച്ചിട്ടില്ല...നിന്റെ കവിതകളോട് തോന്നിയ കൗതുകം അത്രയേ ഉണ്ടായിരുന്നുള്ളു. അല്ലാതെ ഒന്നും ഇല്ല!."
അവൾ ദേഷ്യത്തോടെ മുറിയിൽ നിന്നും പുറത്തിറങ്ങി , ഉമ്മറത്തെ കസേരയിൽ ഇരുന്നു പൊട്ടി കരഞ്ഞു.
"രാധു നിന്റെ അടുത്ത സുഹൃത്തെന്ന നിലയിൽ പറയുകയാണ്, ഒരു ഡോക്ടർ ഇങ്ങനെ പറയാൻ പാടുണ്ടോ എന്നെനിക്കറിയില്ല, പക്ഷേ എന്നാലും പറയുകയാണ്, സച്ചിയേ ഞാൻ നോക്കിക്കോളാം നീ എവിടെയെങ്കിലും പോയി ജീവിക്കൂ.. ഇനിയും നിന്റെ ജീവിതം നിന്നെ മറ്റൊരാളായി കണ്ടു പ്രണയിക്കുന്ന ആളുടെ കൂടെ ജീവിച്ചു തീർക്കരുത്.
നീ പഠിച്ച കുട്ടിയാണ്, നിനക്കു നല്ലൊരു ജോലിയുമുണ്ട്. അതൊക്കെ നോക്കി നിനക്ക് സമാധാനമായി ജീവിച്ചൂടെ..." ഡോക്ടർ അവളോട് പറഞ്ഞു
"എങ്ങനെ എനിക്ക് സാധിക്കും..?, ഒരു കവിയാൽ നീ പ്രണയിക്കപ്പെട്ടിട്ടുണ്ടോ? അതിന്റെ ഒരു സുഖം വേറെ തന്നെയാണ്. അവന്റെ കവിതളിൽ ഇടം പിടിക്ക എന്നു പറഞ്ഞാൽ അതിലും വലുതായി എനിക്ക് ഒന്നും ഇണ്ടായിട്ടില്ല. അവന്റെ പ്രണയത്തോളം മനോഹരമായി ഞാൻ വേറെ ഒന്നും തന്നെ അനുഭവിച്ചിട്ടില്ല."
"ഞാൻ പറയാനുള്ളത് പറഞ്ഞു നീ ഒന്ന് കൂടെ ആലോചിക്കൂ. ഞാൻ പോവുകയാണ്. നാളെ വരാം. അവന്റെ മരുന്നുകൾ ഒക്കെ കൃത്യമായി കൊടുക്കൂ..
"ഉം ശരി" രാധു ഡോക്ടറിനെ യാത്രയാക്കി.
"ദേവീ…." സച്ചി ഉറക്കെ വിളിച്ചു.
കുറച്ചു മുന്നേ ഉണ്ടായതെല്ലാം അവൻ മറന്നു പോയിരിക്കുന്നു എന്നവൾക്ക് മനസിലായി. അവൾ അവനുള്ള മുറിയിലേക്ക് നടന്നു.
"എന്താ സച്ചി, എന്തെങ്കിലും വേണോ?" സാരി തുമ്പുകൊണ്ടു മുഖം തുടച്ചു കൊണ്ടു അവൾ ചോദിച്ചു.
"എന്റെ ദേവി തന്നെ അല്ലെ നീ? " നിറഞ്ഞ കണ്ണുകളോടെ അവൻ ചോദിച്ചു.
രാധുവിനു അവന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടു സഹിക്കാൻ ആയില്ല..!
സച്ചിയുടെ അടുത്ത് വന്നിരുന്ന് അവന്റെ രണ്ടും കൈകളും പിടിച്ചു അവൾ പറഞ്ഞു.
"അതേ നിന്റെ ദേവിതന്നെ ആണ്." അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"നിനക്ക് വേണ്ടുവോളും കാലം ഞാൻ നിന്റെ ദേവിയായി ഇരിക്കാം. അത്രമേൽ ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്. നിന്റെ പ്രാണനെ നീ ദേവിയെന്നു വിളിച്ചോളൂ സാരമില്ല നീ വാരിപുണരുന്നത് എന്നെയാണ്, നീ ചേർത്ത് പിടിക്കുന്നത് ഈ കൈകളാണ്, നീ ചുംബിക്കുന്നത് എന്റെ ഈ നെറ്റിയിലാണ് അത് മതി. ഈ ജന്മം ഇത്രയേ വിധിച്ചിട്ടുള്ളു എന്ന് കരുതാം..!" അവൻ കേൾക്കാതെ അവൾ പറഞ്ഞു.
രാധു അവന്റെ നെറ്റിയിൽ ഉമ്മവച്ച ശേഷം അവൾ അവളുടെ കൈകളിൽ അവന്റെ മുഖം വാരിയെടുത്തു. അവന്റെ കണ്ണുകളിൽ നോക്കിയ ശേഷം അവൾ പറഞ്ഞു.
" ഐ ലവ് യു സച്ചി."
"ഐ ടൂ ലവ് യു ദേവി." അവന്റെ നെഞ്ചിൽ മുഖം പൊത്തിയവൾ പൊട്ടിക്കരഞ്ഞു. ഒന്നും മനസിലാവാതെ സച്ചി അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു.
അവനുവേണ്ടി അവൾ എന്നും ദേവിയായി തന്നെ ഇരുന്നു.